ഐ.ഐ.എമ്മില്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഐ.ഐ.എമ്മില്‍ പഠനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

മാനേജ്‌മെന്റ് പഠനരംഗത്തെ മുന്‍നിര സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (പി.ജി.പി.), ഡോക്ടറേറ്റിനു തുല്യമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (എഫ്.പി.എം.) എന്നിവയിലെ പ്രവേശനത്തിനായുള്ള, കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (ക്യാറ്റ്), നവംബര്‍ 25 ന് നടത്തും.
അഹമ്മദബാദ്, അമൃത്‌സര്‍, ബാംഗളൂര്‍, ബോധ് ഗയ, കല്‍ക്കത്ത, ഇന്‍ഡോര്‍, ജമ്മു, കാശിപ്പൂര്‍, കോഴിക്കോട്, ലക്‌നൗ, നാഗ്പൂര്‍, റായ്പൂര്‍, റാഞ്ചി, റോത്തക്, സാംബല്‍പൂര്‍, ഷില്ലോംഗ്, സിര്‍മൗര്‍, തിരുച്ചിറപ്പിളളി, ഉദയ്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലെ ഐ.ഐ.എമ്മുകളില്‍ പി.ജി.പി. ഉണ്ട്. അഹമ്മദബാദ്, ബാംഗളൂര്‍, കൊല്‍ക്കത്ത, ഇന്‍ഡോര്‍, കാശിപ്പൂര്‍, കോഴിക്കോട്, ലക്‌നൗ, റായ്പൂര്‍, റോത്തക്, ഷില്ലോംഗ്, തിരുച്ചിറപ്പിളളി, വിശാഖപട്ടണം എന്നിവിടങ്ങിലാണ് എഫ്.പി.എം. ഉള്ളത്.

അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡോടെയുള്ള (പട്ടികവിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 45 ശതമാനം) ബിരുദം/തത്തുല്യ യോഗ്യത വേണം. യോഗ്യത കോഴ്‌സിന്റെ അന്തിമ പരീക്ഷ എഴുതാന്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പരീക്ഷ അഭിമുഖീകരിക്കാന്‍ ഉയര്‍ന്ന പ്രായ പരിധിയില്ല.

ക്യാറ്റ് പരീക്ഷയ്ക്ക് വെര്‍ബല്‍ എബിലിറ്റി ആന്‍ഡ് റീഡിംഗ് കോമ്പ്രിഹെന്‍ഷന്‍, ഡാറ്റ ഇന്റര്‍പ്രെറ്റേഷന്‍ ആന്‍ഡ് ലോജിക്കല്‍ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി എന്നീ ഭാഗങ്ങളില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് പ്രത്യേക സിലബസ് ഇല്ല. ഒക്ടോബര്‍ ഒടുവിലോടെ പരീക്ഷാരീതി പരിചയപ്പെടാനും, ചോദ്യഘടന മനസിലാക്കാനും, പരിശീലന ടെസ്റ്റ്,www.iimcat.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാക്കും. കേരളത്തില്‍, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്,തൃശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷ കേന്ദ്രങ്ങളാണ്.
പട്ടിക വിഭാഗക്കാര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 900 രൂപയാണ്. മറ്റ് എല്ലാ വിഭാഗക്കാര്‍ക്കും ഫീസ് 1900 രൂപയാണ്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണ വേളയില്‍, നെറ്റ് ബാങ്കിംഗ് വഴിയോ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വഴിയോ ഫീസ് അടയ്ക്കാം.

പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ്, ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 25 വരെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഫല പ്രഖ്യാപനം, 2019 ജനുവരി രണ്ടാം വാരത്തില്‍ പ്രതീക്ഷിക്കാം.

ക്യാറ്റ് സ്‌കോര്‍ പരിഗണിച്ച് മാനേജ്മന്റ് പ്രോഗ്രാം പ്രവേശനം നല്‍കുന്ന മറ്റു സ്ഥാപങ്ങളുടെ പട്ടികയും, ക്യാറ്റ് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് https://iimcat.ac.in/ കാണണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: സെപ്റ്റംബര്‍ 19.

രാജാ രവിവര്‍മ സെന്ററില്‍ വിഷ്വല്‍ ആര്‍ട്‌സ് മാസ്റ്റര്‍ പ്രോഗ്രാം
കേരള സര്‍വകലാശാലയുടെ കീഴില്‍ മാവേലിക്കരയിലുള്ള രാജാ രവിവര്‍മ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സില്‍ നടത്തുന്ന, വിഷ്വല്‍ ആര്‍ട്‌സിലെ രണ്ടു മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ആര്‍ട് ഹിസ്റ്ററിയിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാം (രണ്ടു വര്‍ഷം) പ്രവേശനത്തിന്, അപേക്ഷകര്‍ക്ക്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും, ഫൈന്‍ ആര്‍ട്‌സിലുള്ള രണ്ടാം ക്ലാസ് ബാച്ചിലര്‍ ബിരുദം വേണം. ഹ്യുമാനിറ്റീസില്‍ രണ്ടാം ക്ലാസ് ബാച്ചിലര്‍ ബിരുദമുള്ള, ഫൈന്‍ ആര്‍ട്‌സിലും അതിന്റെ സിദ്ധാന്ത പഠനങ്ങളിലും തെളിയിക്കപ്പെട്ട അഭിരുചിയും ഉള്ളവര്‍ക്കും അപേക്ഷിക്കാം.

രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള, പെയിന്റിംഗ് പ്രോഗ്രാം പ്രവേശനത്തിന്, അപേക്ഷാര്‍ത്ഥിക്ക്, കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെയുള്ള, രണ്ടാം ക്ലാസ് ബാച്ചിലര്‍ ബിരുദം, പെയിന്റിംഗില്‍ ഉണ്ടായിരിക്കണം. പട്ടിക വിഭാഗക്കാര്‍, യോഗ്യതാ പരീക്ഷ, ജയിച്ചിരുന്നാല്‍ മതി.
പ്രവേശനത്തിന്റെ ഭാഗമായി പരീക്ഷയുണ്ടാകും. യോഗ്യതാ പരീക്ഷാ മാര്‍ക്ക്, പ്രവേശന പരീക്ഷയിലെ മാര്‍ക്ക്, ഇന്റര്‍വ്യൂ എന്നിവ പരിഗണിച്ചായിരിക്കും റാങ്ക് പട്ടിക തയാറാക്കുക.
https://exams.keralauniverstiy.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രുപയാണ്. പ്രവേശന പരീക്ഷ സെപ്തംബര്‍ 3ന്. മുഖാമുഖം , സെപ്തംബര്‍ 10 ന്. ക്ലാസ്സുകള്‍ സെപ്തംബര്‍ 20ന് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://exams.keralauniverstiy.ac.in എന്ന വെബ്‌സൈറ്റ് കാണുക.

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്‌ലിം/ക്രിസ്ത്യന്‍/സിഖ്/ ബുദ്ധ/പാര്‍സി/ ജൈന സമുദായങ്ങളില്‍പ്പെട്ട പ്ലസ് വണ്‍ മുതല്‍ പിഎച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 2018-19 വര്‍ഷത്തില്‍ നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.

ന്യൂനപക്ഷ സമുദായങ്ങളില്‍പ്പെട്ട കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്ത തൊട്ട് മുന്‍വര്‍ഷത്തെ ബോര്‍ഡ്/യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോ, തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഗവണ്‍മെന്റ്/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ഹയര്‍സെക്കന്‍ഡറി/ഡിപ്ലോമ/ബിരുദം/ബിരുദാനന്തര ബിരുദം എം.ഫില്‍/പി.എച്ച്.ഡി. കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും എന്‍.സി.വി.ടിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ഐ.ടി.സികളില്‍ തലത്തിലുള്ള ടെക്‌നിക്കല്‍/വൊക്കേഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ മെരിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പിന്റെ പരിധിയില്‍ വരാത്ത കോഴ്‌സുകളില്‍ പഠിക്കുന്നവരാകണം. കോഴ്‌സിന്റെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഫ്രഷായി അപേക്ഷിക്കാന്‍ സാധിക്കൂ. കോഴ്‌സിന്റെ മുന്‍വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മുന്‍വര്‍ഷത്തെ രജിസ്‌ഷ്രേടന്‍ ഐ.ഡി. ഉപയോഗിച്ച് പുതുക്കലിന് അപേക്ഷിക്കണം. റിന്യൂവല്‍ അപേക്ഷകള്‍ www.scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെ സെപ്റ്റംബര്‍ 30നകം ഓണ്‍ലൈനായി സമര്‍പ്പിക്കണം. വെബ്‌സൈറ്റ്: www.dcescholarship.kerala.gov.in, www.colleegiateedu.kerala.gov.in C-þ-sa-bnÂ: postmtaricscholarship@gmail.com ഫോണ്‍: 0471 2306580, 9446096580, 9446780308

പ്രോജക്ടുകള്‍ ക്ഷണിച്ചു
സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് നടപ്പിലാക്കുന്ന പരിസ്ഥിതി ഗവേഷണവും വികസനവും പദ്ധതിയുടെ ഭാഗമായി ഗവേഷണ പ്രോജക്ടുകള്‍ ക്ഷണിച്ചു. അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍, കോളജുകള്‍, അംഗീകൃത സന്നദ്ധ സംഘടനകള്‍, വ്യവസായ സംരംഭങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ഏജന്‍സികള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും അധ്യാപകര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ (അഞ്ച് കോപ്പികളും കൂടെ ഇലക്‌ട്രോണിക് കോപ്പിയും) ഓഗസ്റ്റ് 21ന് മുമ്പ് ഡയറക്ടര്‍, ഡയറക്ടറേറ്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്റ് ക്ലൈമറ്റ് ചേഞ്ച്, പളളിമുക്ക്, പേട്ട പി.ഒ തിരുവനന്തപുരം 695024 വിലാസത്തില്‍ ലഭിക്കണം. ഈ വര്‍ഷത്തെ പ്രമേയങ്ങള്‍, അപേക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍, മാതൃകാ അപേക്ഷാഫോറം എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ www.envt.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: envt.dir@kerala.gov.in ഫോണ്‍: 0471 2742264.

അറബിമലയാളം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി 2018 ജനുവരിയില്‍ ആരംഭിച്ച അറബിമലയാളം കോഴ്‌സിന്റെ രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഞായറാഴ്ചകളില്‍ ഉച്ചതിരിഞ്ഞ് മൂന്നു മുതല്‍ അഞ്ചുവരെയാണ് പരിശീലനം. പ്രായപരിധിയോ വിദ്യാഭ്യാസയോഗ്യതയോ പരിഗണിക്കാതെ താല്‍പര്യമുള്ളവര്‍ക്കെല്ലാം അറബിമലയാളം കോഴ്‌സില്‍ പ്രവേശനം ലഭിക്കും ആറു മാസത്തെ പരിശീലനത്തിനുശേഷം എഴുത്തുപരീക്ഷ, വായനാപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ഗ്രേഡ് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും.

പുതിയ ബാച്ച് സെപ്റ്റംബറില്‍ ആരംഭിക്കും. അറബി അക്ഷരമാല അറിയാത്തവര്‍ക്കുപോലും ലളിതമായ പാഠ്യക്രമമാണ് തയാറാക്കിയിരിക്കുന്നത്. പരമ്പരാഗത മാപ്പിളപ്പാട്ട് കൃതികള്‍ അറബിമലയാളത്തിലാണ് രചിക്കപ്പെട്ടത്. മാപ്പിളപ്പാട്ട് ആലാപന രംഗത്തും ഗവേഷണ മേഖലയിലും മികവ് തെളിയിക്കാന്‍ അറബിമലയാളം അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അക്കാദമിയില്‍ ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി അറബി മലയാളം റിസര്‍ച്ച് ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. വിവരങ്ങള്‍ക്കും അപേക്ഷാ പത്രത്തിനും അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0483-2711432

വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യു.ജി.സിയുടെ അനുമതി
വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള 651 വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യു.ജി.സിയുടെ അനുമതി. ഡല്‍ഹി, അണ്ണാ, മദ്രാസ്,കാശ്മീര്‍ സര്‍വകലാശാലകളുടെ കോഴ്‌സുകളും അനുമതി ലഭിച്ചവയില്‍ പെടുന്നു

വ്യാഴാഴ്ച നടന്ന യു.ജി.സി ഉന്നതാധികാര സമിതിയാണ് കോഴ്‌സുകളുടെ അനുമതി പ്രഖ്യാപിച്ചത്. 2018-19 അക്കാദമിക് വര്‍ഷത്തെ പുതുക്കിയ യു.ജി.സി ചട്ടങ്ങള്‍ അനുസരിച്ച് അനുമതി ലഭിച്ച കോഴ്‌സുകളെല്ലാം സാധുവായിരിക്കും.

എന്‍ജിനീയറിംഗ്, മെഡിസിന്‍, ഡെന്റല്‍, ഫാര്‍മസി, നഴ്‌സിംഗ്, ആര്‍കിടെക്ചര്‍, ഫിസിയോതെറാപ്പി കോഴ്‌സുകള്‍ക്ക് അനുമതി ബാധകമല്ലെന്നും ഇത്തരം വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അംഗീകാരം ഉണ്ടായിരിക്കില്ലെന്നും യു.ജി.സി വ്യകതമാക്കി.
കേന്ദ്ര സര്‍വകലാശാലകള്‍ക്കും കല്‍പിത സര്‍വകലാശാലകള്‍ക്കും വിദൂര വിദ്യാഭ്യാസത്തിനായി തങ്ങളുടെ അധികാര പരിധിയില്‍ സെന്ററുകള്‍ സ്ഥാപിക്കാനും യു.ജി.സി. അനുമതി നല്‍കി. കൂടാതെ ആകെ കോഴ്‌സിന്റെ 20% മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ (മൂക്) വഴി തിരെഞ്ഞെടുക്കാനും യുജിസി കോളജുകള്‍ക്ക് അനുമതി നല്‍കി.

റസല്‍

You must be logged in to post a comment Login