ഇസ്‌ലാമിക മതരാഷ്ട്രവാദത്തിന്റെ ഭീഷണി മുസ്‌ലിംകള്‍ക്ക്

ഇസ്‌ലാമിക മതരാഷ്ട്രവാദത്തിന്റെ ഭീഷണി മുസ്‌ലിംകള്‍ക്ക്

മതമുള്ളവര്‍ മതേതരത്വവും ജനാധിപത്യവും പറയാനേ പാടില്ലെന്നും, മതേതരത്വവും ജനാധിപത്യവും മത നിരാസവുമായി മാത്രം ബന്ധപ്പെട്ടതുമാണെന്ന ഒരു ധാരണ ഒരിടത്ത് സജീവമായി നിലനില്‍ക്കുമ്പോള്‍ തന്നെ മതേതരത്വം പറയേണ്ടത് മത പണ്ഡിതന്മാരാണെന്ന വാദവും അത്രതന്നെ സജീവമാണ്. മതങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളില്ലാതെ നിലനില്‍ക്കുന്നതിനെക്കൂടിയാണ് മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കേണ്ടത്. മതമില്ലാത്തവര്‍ മാത്രം പറഞ്ഞാല്‍ അത് പൂര്‍ണമാവുകയില്ല, മാത്രവുമല്ല അവര്‍ പറയേണ്ടത് മതരഹിതേതരത്വമാണ്.

മതരാഷ്ട്രം/മതരാഷ്ട്രവാദം എന്നിവയൊക്കെയായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അതില്‍ മുഖ്യഘടകം മതം തന്നെയാണല്ലോ. ഏതെങ്കിലും ഒരു മതാധിപത്യത്തില്‍ ഒരു രാജ്യം രൂപീകൃതമാകുമ്പോള്‍ ഇതര മതക്കാരുടെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്ന ആശങ്കകള്‍ സ്വാഭാവികമായത് പോലെ, മതരഹിതരുടെ ‘രാഷ്ട്രവാദം’ സജീവമാകുമ്പോള്‍ മത വിശ്വാസികള്‍ക്കും ഇത്തരം ആശങ്കകള്‍ അസ്വാഭാവികമല്ല. മതരാഷ്ട്രം എന്നു പറയുമ്പോള്‍ അത് വേഗം ‘ഇസ്‌ലാമിക രാഷ്ട്രം’ എന്ന രൂപത്തിലേക്ക് മാത്രം ചുരുക്കി വായിക്കുന്ന രീതി പൊതുവേയുണ്ട്.അതിനു കാരണം പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളായിരിക്കാം. ഇതര മതങ്ങളും അവരുടേതായ രാജ്യങ്ങള്‍ക്ക് വേണ്ടിയുള്ള കോപ്പുകൂട്ടലുകളോ അതിനു വേണ്ടിയുള്ള അക്രമങ്ങളോ നടത്തുന്നുണ്ട്.

ഇസ്‌ലാമികാധിപത്യമുള്ള രാഷ്ട്രം സ്ഥാപിച്ചാല്‍ മാത്രമേ ഇസ്‌ലാം നില നില്‍ക്കുകയുള്ളൂ എന്ന് പ്രചരിപ്പിച്ചതും അതുവഴി ലോകത്തിന്റെ പൊതുവായ വിരോധം മുസ്‌ലിംകള്‍ക്ക് നേരെ തിരിച്ചതും മുസ്‌ലിം പുരോഗമനവാദികളായ സലഫി, മൗദൂദി, ഇഖ്‌വാനി വിഭാഗങ്ങളാണ്. ഇഖ്‌വാനികളും മൗദൂദികളും സ്വന്തമായി രാഷ്ട്രം സ്ഥാപിക്കാന്‍ വേണ്ടി തന്നെ പ്രവര്‍ത്തിക്കുന്നു. അതേസമയം സലഫിസം ചിന്തിക്കുന്നത്, നിലവില്‍ വന്ന ഭരണകൂടത്തില്‍ സലഫി സ്വാധീനം ശക്തമാക്കി ക്രമേണ ആ ഭരണകൂടത്തെ ഫലത്തില്‍ സലഫി മതാധികാരമാക്കുക എന്നതാണ്.

മദീനയില്‍ തിരുനബി ഭരണകൂടം സ്ഥാപിച്ചത് ഉയര്‍ത്തിക്കാട്ടിയാണ് പൊതുവെ മൗദൂദികളും ഇഖ്‌വാനികളുമൊക്കെ മതരാഷ്ട്രവാദത്തെ ന്യായീകരിക്കാറുള്ളത്. മദീനയില്‍ ഇസ്‌ലാമിക രാജ്യം സ്ഥാപിച്ചെടുക്കുക എന്ന മത രാഷ്ട്രീയ അജണ്ട മുഹമ്മദ് നബിക്കു(സ)ണ്ടായിരുന്നില്ല. പിന്നെങ്ങനെ ഇസ്‌ലാമിക രാഷ്ട്രമുണ്ടായി? അതിന് കാരണമുണ്ട്. ഒരു സമൂഹം ഇസ്‌ലാമിനെ, അതിന്റെ നിയമ, നീതി വ്യവസ്ഥിതിയെ അംഗീകരിക്കാന്‍ തയാറായപ്പോള്‍ സ്വാഭാവികമായി ഒരു മുസ്‌ലിം രാജ്യം ഉണ്ടാവുക മാത്രമാണ് ചെയ്തത്. അതല്ലാതെ അത് ലക്ഷ്യം വച്ച് തിരുനബി പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. അതാണ് ഇസ്‌ലാമിക രാജ്യം. പക്ഷേ മൗലികവാദികളുടെ ഇസ്‌ലാമിക രാജ്യമെന്നാല്‍ ഇതിനു നേരെ വിപരീതമാണ്.

അറബ്, അറബ് – ആഫ്രിക്കന്‍ മേഖലകളില്‍ ഇന്നും നടക്കുന്ന സംഘട്ടനങ്ങളുടെ വിവിധ വശങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവുക അതൊക്കെ വ്യത്യസ്തങ്ങളായ മത രാഷ്ട്രങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നതാണ്. ലക്ഷക്കണക്കിന് മരണങ്ങളും, ദശ ലക്ഷക്കണക്കിന് പലായനങ്ങളും, അംഗ വൈകല്യങ്ങളും, ബലാത്സംഗങ്ങളും വിതച്ച് കൊണ്ട് അരങ്ങു തകര്‍ക്കുന്ന ഈ മതരാഷ്ട്ര സമരങ്ങളില്‍ ഏത് ദൈവമാണ് സംതൃപ്തിയടയുക എന്നറിയില്ല. മുല്ലപ്പൂ വിപ്ലവമെന്നോ, ജനാധിപത്യ സമരമെന്നോ പേര് വിളിക്കുന്നുവെങ്കിലും ലിബിയ, സിറിയ ഉള്‍പ്പെടെയുള്ള മുഴുവന്‍ രാജ്യങ്ങളിലും നടക്കുന്നത് ഓരോരുത്തര്‍ക്കും ആധിപത്യമുള്ള മത രാഷ്ട്രങ്ങള്‍ സ്ഥാപിക്കാന്‍ തന്നെയുള്ള ചോരച്ചാല്‍ വിപ്ലവങ്ങളാണ്. സലഫികള്‍ക്ക് സലഫി രാഷ്ട്രം വേണം, ബ്രദര്‍ഹുഡിന് ഇഖ്‌വാനി രാഷ്ട്രം വേണം, ഷിയാക്കള്‍ക്കാണെങ്കില്‍ അവരുടേത് തന്നെ വരണം. പക്ഷേ ഈ സമരങ്ങളും സംഘട്ടനങ്ങളുമെല്ലാം വരവ് ചേര്‍ക്കുന്നത് ഇസ്‌ലാമിന്റെ പേരിലാണ്. ഒരു കാര്യം ഉറപ്പിച്ച് പറയാനാകും, ഈ രാഷ്ട്രങ്ങളിലൊന്നും ഈ സംഘട്ടനത്തിന്റെ ഭാഗമാകാതെ തന്നെ പാരമ്പര്യ മുസ്‌ലിംകള്‍ ജീവിക്കുന്നുണ്ട്. അവരാരും ഈ മത രാഷ്ട്ര വാദികള്‍ക്കൊപ്പമില്ലതാനും. അതുകൊണ്ടായിരിക്കാം ഈ സമരക്കാര്‍ക്കും ആഗോള തലത്തിലുള്ള അതിന്റെ അനുകൂലികള്‍ക്കും പാരമ്പര്യ മുസ്‌ലിംകളോട് വെറുപ്പാണ്.

തിരുനബിയുടെ രാഷ്ട്രം മതേതരമായിരുന്നു, സഹിഷ്ണുതയായിരുന്നു. മതരാഷ്ട്ര വാദികള്‍ മുന്നോട്ട് വെക്കുന്ന മതരാഷ്ട്രം വര്‍ഗീയവും, ഹിംസാത്മകവും, നശീകരണ സ്വഭാവമുള്ളതുമായിരുന്നു. തിമ്പുക്തുവിലും, പാല്‍മിറയിലും മൊസൂളിലും സലഫി മതരാഷ്ട്രവാദികള്‍ നിരവധി ഗ്രന്ഥങ്ങളും, ലൈബ്രറികളും ചുട്ടെരിച്ചത് ഇതുകൊണ്ടാണ്. പൈതൃകങ്ങളുടെ കല്‍നിര്‍മിതികളോട് മാത്രമല്ല, പുണ്യമനുഷ്യരുടെ ഖബറിടങ്ങളോടുപോലും അവര്‍ വെറുപ്പ് തീര്‍ത്തതും വെറുതെയല്ല.സലഫി ആദര്‍ശ ധാരയുടെ ആലയില്‍ ചുട്ടെടുത്ത ആയുധം തന്നെയാണ് ഇസ്‌ലാമിക മതരാഷ്ട്ര വാദികളെല്ലാവരും ഉപയോഗിക്കുന്നത്. ഇന്ന് നാം ചര്‍ച്ച ചെയ്യപ്പെടുന്ന രണ്ട് മത രാഷ്ട്രവാദികളുടെ ആധിപത്യത്തില്‍ പുതിയ രാജ്യങ്ങളുണ്ടായാല്‍ അതിന്റെ ദൂഷ്യഫലം ഏറ്റവും അനുഭവിക്കേണ്ടി വരിക പാരമ്പര്യ മുസ്‌ലിംകളാണ് . നീസ് മുതല്‍ ജക്കാര്‍ത്ത വരെയും, ട്രിപ്പോളി മുതല്‍ കാണ്ഡഹാര്‍ വരെയും മൊഗാദിഷു മുതല്‍ മെദ്ഗുരി വരെയുമുള്ള ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ മാത്രമെടുത്താല്‍ തന്നെ ഇരകളില്‍ എണ്‍പത് ശതമാനത്തില്‍ കൂടുതലും മുസ്‌ലിംകളാണ്. ജൂത മതരാഷ്ട്ര നിര്‍മിതിക്ക് ഇസ്രയേല്‍ നടത്തുന്ന നരഹത്യകളെ അപലപിക്കുന്ന കേരളത്തിലെ മുസ്‌ലിം സംഘടനകളെയൊന്നും 2017 നവംബര്‍ 24 ന് ഇസ്‌ലാമിക മതരാഷ്ട്രവാദികള്‍ ഈജിപ്തിലെ സിനായിലെ റൗള പള്ളിയില്‍ ജുമുഅ നിസ്‌കാരത്തിനെത്തിയ 311 മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തിയതിനെ അപലപിക്കാന്‍ കാണാത്തത് ആ അക്രമികളും നമ്മുടെ നാട്ടിലെ ചില മുസ്‌ലിം സംഘടനകളും തമ്മില്‍ ആശയപരമായ അവിഭാജ്യ ബന്ധങ്ങളുള്ളതുകൊണ്ടായിരിക്കണം. ഇതേ വര്‍ഷം തന്നെ പാകിസ്താനിലെ ലാല്‍ ഷഹബാസ് ഖലന്തര്‍ ദര്‍ഗയില്‍ ഇസ്‌ലാമിക സ്റ്റേറ്റിന്റെ ഖുറാസാന്‍ ഘടകം മതരാഷ്ട്ര വാദികള്‍ ബോംബ് വച്ച് 88 മുസ്‌ലിംകളെ കൊന്നു കളഞ്ഞതും ഓര്‍ക്കുക. അപ്പോഴും കേരളത്തിലെ മേല്‍പറഞ്ഞ പുരോഗമന മുസ്‌ലിം മതരാഷ്ട്ര വാദികള്‍ അപലപിച്ചില്ല. മതരാഷ്ട്ര വാദികളുടെ വലിയ ലക്ഷ്യം പാരമ്പര്യ മുസ്‌ലിംകള്‍ തന്നെയാണെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്. സിറിയയിലോ വടക്കന്‍-അറബ് ആഫ്രിക്കയിലോ ഒക്കെ ആധിപത്യം നേടിയ സലഫീ മതരാഷ്ട്ര വാദികള്‍ സലഫി ലിഖിത ‘കിതാബുത്തൗഹീദ്’ ഉപയോഗിച്ചും അതിലെ ശാസനകളനുസരിച്ചുമാണ് കര്‍ത്തവ്യ നിര്‍വഹണം നടത്തിയത്. ഇത്തരം ഗ്രന്ഥങ്ങളാകട്ടെ മുസ്‌ലിംകളെക്കൂടി അമുസ്‌ലിംകളാക്കിയാണ് ഉള്ളടക്കം ക്രമപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഒരു കാര്യം ഓര്‍മ വരുന്നു: കുറച്ച് വര്‍ഷം മുന്‍പ് കേരളത്തിലെ ഒരു സര്‍വകലാശാലയില്‍ അതിന്റെ അറബിക് സിലബസില്‍ ഒരു വഹാബി സലഫി പക്ഷ ‘കിതാബുത്തൗഹീദ്’ തിരുകിക്കയറ്റാനുള്ള ശ്രമങ്ങളുണ്ടായി. ഒരു പക്ഷേ ഏതെങ്കിലും സലഫി വിധേയത്വമുള്ള രാഷ്ട്രീയപാര്‍ടികളെ സ്വാധീനിച്ചുകൊണ്ട് നടത്തിയതാകാം ഈ ശ്രമമെങ്കിലും എസ് എസ് എഫ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ ഇടപെടലും സമരങ്ങളും മൂലം പ്രസ്തുത ശ്രമത്തില്‍ നിന്ന് അധികൃതര്‍ക്ക് പിന്മാറേണ്ടി വന്നു. വിദ്യാര്‍ത്ഥി സംഘടനകളുടെ ഇത്തരം ജാഗ്രതകള്‍ ഇനിയും നിലനില്‍ക്കേണ്ടതുണ്ട് .
മദ്ഹബീ വിശ്വാസികളായ പാരമ്പര്യ മുസ്‌ലിംകള്‍ക്ക് (അവരെ നിങ്ങള്‍ക്ക് സൂഫി സുന്നികളെന്നോ, മുഖ്യധാരാ മുസ്‌ലിംകളെന്നോ വിളിക്കാം) വളരെ കൃത്യമായ ഒരു സന്ദേശം ലോകത്തിന് കൊടുക്കാന്‍ കഴിയും. അത് മുസ്‌ലിംകളെ സംബന്ധിച്ചുള്ള നിര്‍ഭയത്വത്തിന്റേതാണ്. ഒരു ഭരണകൂടത്തെയും അട്ടിമറിക്കാന്‍ സായുധ സമരത്തിലേര്‍പ്പെടാന്‍ നാല് മദ്ഹബുകളും അനുമതി നല്കുന്നില്ലെന്നാണ് ശഹീദുല്‍ മിഹ്‌റാബ്, ഷെയ്ഖ് ഓഫ് ലെവന്ത് സഈദ് റമളാന്‍ ബൂത്വി സിറിയന്‍ വിപ്ലവം കൊടുമ്പിരികൊണ്ട സമയത്തും സിറിയക്കാരെ ഉല്‌ബോധിപ്പിച്ചു കൊണ്ടിരുന്നത്. അത് കൊണ്ടുതന്നെയാവണം പാരമ്പര്യ മുസ്‌ലിംകളില്‍ മഹാ ഭൂരിപക്ഷവും സര്‍ക്കാര്‍ വിരുദ്ധ കലാപത്തില്‍ പങ്ക് ചേരാതിരുന്നതും. പക്ഷേ തീവ്രവാദികളുടെ അരുംകൊലക്ക് വയോധികനായ ആ മഹാ പണ്ഡിതനും വിധേയനായി. ഇസ്‌ലാമിക ചരിത്രം കണ്ട എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു ധീര രക്തസാക്ഷി തന്നെയാണ് ഷെയ്ഖ് സഈദ് റമളാന്‍ ബൂത്വി. ങൗൃറലൃ ീള സിീംഹലറഴല എന്ന തലക്കെട്ടിലാണ് ബ്രിട്ടനില്‍ ശൈഖ് ബൂത്തിയുടെ അനുസ്മരണ ചടങ്ങ് നടന്നത്. ജനരോഷം വിമതര്‍ക്കെതിരെയാക്കാന്‍ സര്‍ക്കാര്‍ തന്നെ ആസൂത്രണം ചെയ്തതാണ് ശൈഖ് ബൂത്തിയുടെ വധമെന്ന ഒരാരോപണം നിലവിലുണ്ടെങ്കിലും ബൂത്തിയുടെ മക്കള്‍ തന്നെ ഈ ആരോപണത്തെ തള്ളിക്കളയുന്നുണ്ട്.

സിറിയന്‍ വിമതരെ പിന്തുണച്ച ഏക സൂഫി പണ്ഡിതന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ യാഖൂബിയും ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ജനങ്ങള്‍ നടത്തുന്ന സായുധ സമരങ്ങള്‍ വിലക്കപ്പെട്ടതാണെന്ന മദ്ഹബീ പണ്ഡിതന്മാരുടെ ഏകോപനത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റെന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് ഷെയ്ഖ് യാഖൂബി വിമത ചേരിയെ പിന്തുണച്ചിരുന്നു. പക്ഷേ ഇടക്കാലത്ത് അദ്ദേഹവും വിമതരോട് അകല്‍ച്ചയിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഒരു വേളയില്‍ വന്‍ മുന്നേറ്റം നടത്തിയ വിമതര്‍ പിന്നീട് പരാജയപ്പെടാനുള്ള കാരണമായി നിരീക്ഷിക്കപ്പെടുന്ന ഒന്ന് ബശ്ശാറിന് ശേഷം സിറിയയില്‍ വരുന്ന ‘ജനാധിപത്യ സര്‍ക്കാര്‍’ ഏത് മതരാഷ്ട്ര വാദികളുടേതായിരിക്കണമെന്ന അഭിപ്രായ വ്യത്യാസത്തിലാണത്രെ. അല്‍ നുസ്‌റയുടെയും, ഐഎസിന്റെയും ആ ധിപത്യത്തിലുള്ള സലഫി മതരാഷ്ട്രമാണ് അല്‍ നുസ്ര ഫ്രണ്ട് ഉള്‍പ്പെടെയുള്ള വിമത പക്ഷം സിറിയയില്‍ വിപ്ലവാനന്തരം സ്വപ്‌നം കണ്ടത്. എന്നാല്‍ ഫ്രീ സിറിയന്‍ ആര്‍മിയുടെ കീഴില്‍ ഇഖ് വാനി രാഷ്ട്രം സ്ഥാപിക്കലായിരുന്നു ചിലരുടെ ലക്ഷ്യമെന്നും നിരീക്ഷണങ്ങളുണ്ട്.

എന്തായാലും ചരിത്രം കണ്ട ഏറ്റവും രക്തരൂക്ഷിതമായ ഭരണമാറ്റത്തിന്ന് വേണ്ട സമരമാണ് ആ രാജ്യത്ത് നടക്കുന്നത്. ലക്ഷക്കണക്കിന് മരണങ്ങള്‍, അതിലേറെ അംഗവൈകല്യങ്ങള്‍, ദശ ലക്ഷക്കണക്കിന് കൂട്ടപലായനങ്ങള്‍ ഇതൊക്കെയാണ് ആ സമരം സിറിയക്കും ലോകത്തിനും പകരമായി തന്നത്.

ഏതെങ്കിലും ഒരു ഭരണകൂടത്തെ സമരങ്ങളിലൂടെ അട്ടിമറിക്കലോ, മതത്തിന്റെയോ, ജാതിയുടെയോ മറ്റോ പേരില്‍ വിപ്ലവത്തിലൂടെ ഒരു ഭരണം സ്ഥാപിച്ചെടുക്കലോ മുസ്‌ലിംകളുടെ കടമകളില്‍ പെട്ടതാണെന്ന പ്രചാരണം പൗരോഹിത്യത്തിന്റേതാണ്. മതരാഷ്ട്ര പൗരോഹിത്യം എപ്പോഴും കോലാഹലങ്ങളും സംഘട്ടനങ്ങളുമാണാഗ്രഹിക്കുന്നത്.

അതേ സമയം മുസ്‌ലിം രാജ്യം ഒരിക്കലും ഉണ്ടായിക്കൂടാ എന്ന നിലപാടും നിരര്‍ത്ഥകമാണ്. ഒരു പ്രദേശത്തെ ആളുകള്‍ സ്വമേധയാ ഇസ്‌ലാമിനെ ഉള്‍ക്കൊള്ളുകയോ, സ്വരാജ്യത്തിന്റെയോ ദേശവാസികളുടെയോ സുരക്ഷക്ക് ഏറ്റവും അഭികാമ്യം ഇസ്‌ലാമിക വിധികളാണെന്നും മനസിലാക്കുന്ന പക്ഷം അത്തരമൊരു സമൂഹത്തെ നിരാശപ്പെടുത്താന്‍ ഇസ്‌ലാമിനാകില്ല.അപ്പോള്‍ മഹത്തയ ഇസ്‌ലാമിക ഭരണഘടന അതിന്റെ ദൗത്യം പൗര ക്ഷേമത്തിലൂടെയും പക്ഷം പിടിക്കാതെയും നിര്‍വഹിക്കാന്‍ ഏറ്റവും കെല്‍പുള്ളതായിരിക്കുമെന്ന് മാത്രമല്ല അങ്ങനെയുണ്ടാകുന്ന സ്വാഭാവിക ഇസ്‌ലാമിക രാഷ്ട്രങ്ങളെ മതരാഷ്ട്രമെന്ന പേരിലറിയപ്പെട്ടാലും അത് നയ നിലപാടുകളുടെ കാര്യത്തില്‍ ബഹുസ്വരവും സര്‍വാംഗീകൃതവു മായിരിക്കും.

മന്‍സൂര്‍ കൊളപ്പുറം

You must be logged in to post a comment Login