ലോകയുദ്ധം ജയിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയോട് തോല്‍ക്കുകയാണ്

ലോകയുദ്ധം ജയിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഇന്ത്യയോട് തോല്‍ക്കുകയാണ്

I am against this surrender to Gandhi. I am against these conversations and agreements between Lord Irwin and Mr. Gandhi. Gandhi stands for the expulsion of Britain from India. Gandhi stands for the permanent exclusion of Britisht r-a-de from India. Gandhi stands for the substitution of Brahmin domination for British rule in India…..
But that is not all. To abandon India to the rule of the Brahmins would be an act of cruel and wicked negligence.
ഇന്ത്യ മറക്കരുതാത്ത വാക്കുകളാണ്. പറഞ്ഞത് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മുടിചൂടിയ മന്നന്‍. ലോകയുദ്ധം വാക്കിന്റെ ബലത്തില്‍ ജയിച്ചവന്‍. പറഞ്ഞ തീയതിയും മറക്കരുത്; 1931 മാര്‍ച്ച് പതിനെട്ട്. ലോകം കലങ്ങിയും ഇളകിയും മറിയുന്ന കാലം. കോളനിവാഴ്ച അന്ത്യത്തെ സ്പര്‍ശിക്കാന്‍ ഒരുങ്ങുന്നു. വിശാല ഇന്ത്യ സമര തീക്ഷ്ണം. ഇന്ത്യാ ചരിത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ പിളര്‍ത്തിയ മഹാത്മാഗാന്ധി എന്ന അസാധാരണ നേതാവിന്റെ കാല്‍ക്കരുത്തില്‍ ഇന്ത്യന്‍ ജനത അതിന്റെ ആയിരക്കണക്കിന് തീവ്ര വൈജാത്യങ്ങളെയും നൂറ് കണക്കിന് ഭാഷാഭേദങ്ങളെയും മറന്ന് സ്വാതന്ത്ര്യം എന്ന ഒറ്റലക്ഷ്യത്തിലേക്ക് കുതിച്ചോടുന്ന കാലം. ലണ്ടനിലെ ആല്‍ബര്‍ട്ട് ഹാളില്‍ ബ്രിട്ടീഷ് ഭരണപ്രമുഖരെ അഭിസംബോധന ചെയ്യുകയായിരുന്നു ചര്‍ച്ചില്‍.

ഇന്ത്യന്‍ സമരത്തിന്റെ ഉഗ്രശക്തി ബ്രിട്ടന്‍ തിരിച്ചറിഞ്ഞിരുന്നു. ഗാന്ധിയോട് അവര്‍ സന്ധിചെയ്യാന്‍ തുടങ്ങുന്നു. ലോകം അതേവരെ ദര്‍ശിച്ചിട്ടില്ലാത്ത അഹിംസ എന്ന മാരകായുധത്തിന് മുന്നില്‍ ഹിംസയുടെ കൊടും സാമ്രാജ്യം പകച്ചു തുടങ്ങുന്ന കാലം. അപ്പോഴാണ് ചര്‍ച്ചിലിന്റെ ഔര്‍ ഡ്യൂട്ടി റ്റു ഇന്ത്യ എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്ന ആ പ്രഭാഷണം സംഭവിക്കുന്നത്.

‘ഗാന്ധിക്ക് മുന്നില്‍ കീഴടങ്ങുന്നതിനോട് ഞാന്‍ എതിരാണ്. ഗാന്ധി ഇര്‍വിന്‍ സംഭാഷണത്തോടും സന്ധിയോടും ഞാന്‍ എതിരാണ്. ഇന്ത്യയില്‍ നിന്ന് ബ്രിട്ടനെ തൂത്തെറിയുകയാണ് ഗാന്ധിയുടെ ലക്ഷ്യം. ഇന്ത്യയില്‍ നിന്ന് ബ്രിട്ടന്റെ വ്യാപാരങ്ങളെ നിഷ്‌കാസനം ചെയ്യലാണ് ഗാന്ധിയുടെ ലക്ഷ്യം. ബ്രിട്ടീഷ് ഭരണത്തിന് പകരം ബ്രാഹ്മണ ഭരണത്തെ സംസ്ഥാപിക്കാനാണ് ഗാന്ധി നിലകൊള്ളുന്നത്. അത് മാത്രമല്ല, ബ്രാഹ്മണ ഭരണത്തിന് ഇന്ത്യയെ വിട്ടുകൊടുക്കുകയെന്നത്, ഇന്ത്യയെ ഉപേക്ഷിക്കുക എന്നത് ക്രൂരമാണ് കുറ്റകരമായ അവഗണനയാണ്…’
തീര്‍ന്നില്ല, ബ്രിട്ടന്‍ ഇന്ത്യ വിട്ടാല്‍ ഇന്ത്യ മധ്യകാല യുഗത്തിലെ പ്രാകൃതത്തിലേക്ക് അതിവേഗം കൂപ്പുകുത്തുമെന്ന് പ്രവചിക്കുന്നുമുണ്ട് ചര്‍ച്ചില്‍ (India will fall back quite rapidly through the centuries into the barbarism and privations of the Middle Ages.) അതേ പ്രസംഗത്തില്‍.

കൊളോണിയല്‍ വെറിയനല്ല ചര്‍ച്ചില്‍. വൈറ്റ് മെന്‍ ബര്‍ഡന്‍ എന്ന് വിളിക്കപ്പെട്ട വെള്ളക്കാര്‍ ഭരിക്കാന്‍ പിറന്നവര്‍, അവര്‍ ഭരിച്ചാലേ ലോകം ഭരൂ എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു എങ്കിലും ലോകക്രമത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ലോകത്തിന്റെ ഭാവിയെക്കുറിച്ചും അഗാധമായ ധാരണകളുണ്ടായിരുന്നു ചര്‍ച്ചിലിന്.

സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ എഴുപത്തിയൊന്നാം പിറന്നാളിലാണ് നമ്മള്‍ ചര്‍ച്ചിലിന്റെ വാക്കുകളെ പുനരാനയിക്കുന്നത്. ചര്‍ച്ചിലിന് തെറ്റിയോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ സഞ്ചരിച്ച വഴിദൂരങ്ങളെ അളന്നെടുക്കുന്നതിന്റെ ഫലപ്രാപ്തി. ദേശീയ പ്രസ്ഥാനത്തിന്റെ സമരതീക്ഷ്ണ നാളുകളില്‍ നിന്ന് ഭൂരിപക്ഷ മതത്തിന്റെ അധികാരാരോഹണം വരെയുള്ള നൂറാണ്ടിനെ മുന്‍നിര്‍ത്തിയാണ് ആ ദൂരങ്ങളെ നമ്മള്‍ സമീപിക്കുന്നത്. ചരിത്രത്തെ, അതിന്റെ അതിനിര്‍ണായകമായ ഘട്ടങ്ങളെ, ഈ രാജ്യം തരണം ചെയ്തതിന്റെ കൃത്യമായ റിപ്പോര്‍ട്ടിംഗിന് മാത്രമേ ഇന്ത്യയുടെ വരും കാല അതിജീവനത്തിന്റെ ഗതിയെ മനസിലാക്കാനാവൂ. വരും കാല അതിജീവനത്തിന്റെ ഗതിയെ സൂക്ഷ്മമായി മനസിലാക്കിയുള്ള, സൂക്ഷ്മതലത്തിലുള്ള രാഷ്ട്രീയത്തിന് മാത്രമേ ഈ രാജ്യത്ത് ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവൂ.

നിശ്ചയമായും ദേശീയ പ്രസ്ഥാനത്തില്‍ നിന്നേ രാഷ്ട്രീയ ഇന്ത്യയുടെ ആധുനിക ചരിത്രത്തെ കൃത്യമായി കണ്ടെടുക്കാനാവൂ. അവിടെ നിന്നേ തുടങ്ങാവൂ എന്നല്ല. ശിഥിലീകൃതവും കേട്ടുകേള്‍വികളുടെയും വാഴ്ത്തു പാട്ടുകളുടെയും ആധിക്യത്താല്‍ മങ്ങിയതുമായ ഒന്നാണ് അതിന് മുന്‍പുള്ള രാഷ്ട്ര സങ്കല്‍പം. അതിനര്‍ത്ഥം ആ ചരിത്രത്തെ അവഗണിക്കുന്നു എന്നുമല്ല. മറിച്ച് ഒരു രാഷ്ട്രീയ ഏകീകൃത ഇന്ത്യയുടെ സഞ്ചാരഗതിയെ വസ്തുനിഷ്ഠമായി മനസിലാക്കാന്‍ ദേശീയപ്രസ്ഥാനം മുതലുള്ള ചരിത്രത്തെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല എന്ന് മാത്രം.
പതിനേഴാം നൂറ്റാണ്ടുമുതലുള്ള കോളനീകരണത്തിന്റെ തുടര്‍ച്ചയാണ് ബ്രിട്ടീഷ് ഇന്ത്യ എന്ന യാഥാര്‍ത്ഥ്യത്തെയും മറക്കുന്നില്ല. 1600 ന്റെ ആദ്യ പാദം മുതലുള്ള ഡച്ച്, പോര്‍ച്ചുഗീസ് വാഴ്ചയുടെ പൊട്ടും പൊടിയും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ദീര്‍ഘഭരണത്തില്‍ കണ്ടെടുക്കാന്‍ കഴിയും എന്നതും വസ്തുതയാണ്. അതിന്റെ തുടര്‍ച്ച തന്നെയായിരുന്നു 1857ലെ വിപ്ലവത്തിന്റെ പിറ്റേ വര്‍ഷം, 1858ല്‍ സ്ഥാപിതമായ ബ്രിട്ടീഷ് സാമ്രാജ്യത്വം. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കച്ചവടം രാഷ്ട്രാധികാരത്തിന്റെ ബലത്തില്‍ ശക്തമായി തുടരുക എന്നതായിരുന്നല്ലോ നയം.
ഏഴ് പതിറ്റാണ്ടിനിപ്പുറത്തെ വര്‍ത്തമാനത്തെ അവതരിപ്പിച്ച് ചരിത്രത്തിലേക്ക് പോവുക എന്ന ഒരു രീതിയാണ് നമ്മുടെ ഈ സംവാദത്തിന്റെ ഒരു സ്വഭാവം. ചരിത്രത്തിന്റെ ഏതേത് ബലതന്ത്രങ്ങളാണ് വര്‍ത്തമാനത്തെ നിര്‍ണയിക്കുന്നത് എന്ന് മനസിലാക്കലാണ് ലക്ഷ്യം. ആ ചരിത്ര സന്ദര്‍ഭം അമ്മട്ടില്‍ രൂപപ്പെട്ട ബലങ്ങളെയും നമ്മള്‍ പരിശോധിക്കും. ആ ബലങ്ങളെ രൂപപ്പെടുത്തിയതെന്ത് എന്ന് തിരിച്ചറിയാനായാല്‍ വര്‍ത്തമാന സന്ദര്‍ഭത്തിന്റെ കാര്യകാരണങ്ങള്‍ തെളിഞ്ഞ് കിട്ടും. പ്രതിരോധമൂല്യമുള്ള രാഷ്ട്രീയം ഇത്തരം തെളിഞ്ഞുകിട്ടലില്‍ നിന്നേ ബലപ്പെടൂ.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ അതിനിര്‍ണായക ഗതിമാറ്റമായി നമ്മള്‍ പരിഗണിക്കുന്നത് 2014നെയാണ്. പതിനാറാം ലോക്‌സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ്. 1989 മുതല്‍ പാര്‍ലമെന്റില്‍ ശക്തി കുതിച്ചും കിതച്ചും പ്രദര്‍ശിപ്പിച്ചുപോന്ന ബി.ജെ.പി 282 സീറ്റുമായി കേന്ദ്രത്തില്‍ അധികാരം പിടിച്ച വര്‍ഷമാണത്. ഇന്ത്യാ ചരിത്രത്തിലെ ആദ്യ ബി.ജെ.പി വിജയമൊന്നുമല്ല അത്. ആദ്യ വിജയമല്ല എന്നതാണ് പ്രധാനം. 1984ല്‍, രൂപം കൊണ്ടതിന്റെ നാലാം വര്‍ഷം രണ്ട് സീറ്റ്, 1989ല്‍ 85 സീറ്റ് എന്ന കുതിപ്പ്, 1991ല്‍ 120, 96ല്‍ 161, 1998ല്‍ 182ഉം അധികാരവും, 1999ല്‍ പതിമൂന്നാം ലോക്‌സഭയില്‍ വീണ്ടും സര്‍ക്കാര്‍, 2004ല്‍ 44 സീറ്റ് കുറഞ്ഞ് 138, 2009ല്‍ വീണ്ടും പതനം 116, 2014 ല്‍ കുതിപ്പ് 282 എന്ന സ്വപ്‌ന സംഖ്യ. ഇത്തരത്തില്‍ ക്രമാനുഗതമായി കുതിച്ചും കിതച്ചും വന്ന ഒരു പാര്‍ലമെന്ററി പാര്‍ട്ടിയുടെ 2014ലെ വിജയം മാത്രം ചരിത്രത്തില്‍ നിന്ന് എടുത്ത് പറഞ്ഞത് എന്തിന് എന്ന ചോദ്യം ഉയരാം. കാരണമുണ്ട്. ആ കാരണത്തിന്റെ വേരുകള്‍ ചരിത്രത്തിലാണ്.

പതിനഞ്ചാം ലോക്‌സഭ വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ നിന്ന് പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകം ആ തിരഞ്ഞെടുപ്പില്‍ ജയിക്കാനുറച്ച് ബി.ജെ.പി ആവിഷ്‌കരിച്ച ദീര്‍ഘകാല പദ്ധതി സംബന്ധിച്ച് പുറത്ത് വന്നിട്ടുള്ള വിവരങ്ങളാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് രംഗത്ത് അത്രയൊന്നും പരിചിതമല്ലാത്ത മന:ശാസ്ത്ര യുദ്ധത്തിന്റെയും ആസൂത്രിത ധ്രുവീകരണത്തിന്റെയും പദ്ധതിയായിരുന്നു അത്. ഘട്ടം ഘട്ടമായി അത് നടപ്പാക്കി. അതിനോടകം ഇന്ത്യയില്‍ കളം പിടിച്ചിരുന്ന സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. വ്യവസായ മൂലധനത്തിന്റെ പിടിയില്‍ അമര്‍ന്നുപോയ കുത്തക മാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിച്ചു. അക്കാലമാകുമ്പോഴേക്കും മുങ്ങുന്ന കപ്പലായി മാറിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ചാടിയിറങ്ങിയ ഇന്ത്യന്‍ വന്‍കിട കുത്തകകളെ മൊത്തമായി ഒപ്പം കൂട്ടി. അവരുടെ വമ്പന്‍ പദ്ധതികള്‍ക്ക് ഏറ്റവുമിണങ്ങുന്ന സംവിധാനമാണ് തങ്ങളെന്ന് ഗുജറാത്ത് മോഡലിലൂടെ കാണിച്ചുകൊടുത്തിരുന്നു. അതിനായവര്‍ അടിവേരുകളുള്ള ഇന്ത്യന്‍ സൈക്കിയിലേക്ക് നരേന്ദ്രമോഡി എന്ന പുതിയ ബിംബത്തെ പ്രതിഷ്ഠിച്ചു. ഇതെല്ലാം നമ്മള്‍ പലവട്ടം പലവേദികളില്‍ പല പഠനങ്ങളില്‍ ചര്‍ച്ച ചെയ്ത് യോജിച്ച കാര്യങ്ങളാണ്.

പിളര്‍പ്പിന്റെ സൃഷ്ടിയെന്ന് നമ്മള്‍ ഈ ഭരണകൂടത്തെ മനസിലാക്കിയിട്ടുണ്ട്. ആ പിളര്‍പ്പിനെ വളര്‍ത്തി എന്നതാണ് നാല് വര്‍ഷത്തെ കേന്ദ്രഭരണത്തിന്റെ നീക്കി ബാക്കി. ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ സാമൂഹിക ബഹുസ്വരതയെ അപ്രസക്തമാക്കുന്ന പിളര്‍പ്പാണ് പോയ നാല് വര്‍ഷം സംഭവിച്ചത്. അത് മതപരമായിരുന്നു. കേന്ദ്രത്തില്‍ ഹിന്ദു സര്‍ക്കാര്‍ ഭരിക്കുന്നു എന്ന ഒരന്തരീക്ഷം ശക്തമായി. സ്വാഭാവികമായും ഹിന്ദു ഇതരര്‍ അന്യവല്‍കരിക്കപ്പെട്ടു. ഈ അന്യവല്‍കരണം പിളര്‍പ്പിനെ ദൃഢീകരിച്ചു. ആ ദൃഢീകരണമാണ് എഴുപത് വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം നേരിടാന്‍ പോകുന്ന ആദ്യത്തെ ദേശരാഷ്ട്രപരമായ വെല്ലുവിളി. വിശദീകരണം ചരിത്രത്തിലുണ്ട്.

ബ്രിട്ടീഷ് രാജിന്റെ കാലം. വിശാലവും വിഭവ സമൃദ്ധവും ശിഥിലവുമായ ഒരു ഭൂഭാഗത്തെ അവര്‍ ഊറ്റിയെടുത്തു. വിഭവത്തിനായുള്ള അസംസ്‌കൃത വസ്തുവായി അവര്‍ ഇന്ത്യയെ മാറ്റി. ശിഥില ദേശീയതയുടെ പൂരപ്പറമ്പായിരുന്നല്ലോ ഇന്ത്യ?. അധികാരം എന്ന വിഭവത്തിന്റെ അനിയന്ത്രിതമായ ആസ്വാദനത്തിന് വേണ്ടി ബ്രിട്ടന്‍ ഈ ദേശത്തിന് ഒരു ഏകഭാവം കൊണ്ടുവരുന്നത് ചരിത്രത്തില്‍ പല രൂപത്തില്‍ കാണാം. ഒന്ന് തീവണ്ടിയാണ്. രണ്ട് തോട്ടങ്ങളാണ്. മൂന്ന് ഇംഗ്ലീഷാണ്. ഇത് മൂന്നും മുതലാളിത്ത ആധുനികത എന്ന് ഇന്ന് വിളിക്കുന്ന ഉപകരണങ്ങളാണല്ലോ? ഇത്തരം ഉപകരണങ്ങളായിരുന്നു ഇന്ത്യന്‍ ദേശീയതയുടെ ആധുനിക പ്രാഗ്‌രൂപം. ശ്രദ്ധിക്കണം; തീവണ്ടിയും തോട്ടങ്ങളും ഭാഷയുമാണ്. മതവും ജാതിയും വിശ്വാസവുമല്ല. എന്നാല്‍ ബ്രിട്ടന്‍ ഒരു മത വിരുദ്ധ ദേശീയതയുടെ സംസ്ഥാപനത്തിന് ശ്രമിച്ചു എന്ന് പറയാന്‍ കഴിയുമോ? ഇല്ല. ഭക്തി പ്രസ്ഥാനം ഉള്‍പ്പെടെ ഉഴുതുമറിച്ച ഒരു ഹൈന്ദവ മൂല്യധാരയും ജനസംഖ്യയില്‍ അന്ന് പ്രബലമായിരുന്ന ഇസ്‌ലാമിക ആത്മീയ ധാരയും ബ്രിട്ടീഷ് ഇന്ത്യയില്‍ തട്ടുകേടില്ലാതെ സജീവമായിരുന്നു. മത വിഭജനം എന്നത് മുതലാളിത്ത ആധുനികതയുടെ സബ്ജക്ട് അല്ലായിരുന്നു എന്ന് അന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നിന്ന് ഏറെക്കുറെ മനസിലാക്കാം.

ഈ ആധുനികതയിലേക്കാണ് ദേശീയ പ്രസ്ഥാനം വരുന്നത്. അതിന്റെ പൂര്‍വമാതൃകയായ ഞായറാഴ്ച കോണ്‍ഗ്രസിനെയോ എ.ഓ.ഹ്യൂം സ്ഥാപിച്ച കോണ്‍ഗ്രസിനെയോ അല്ല പരാമര്‍ശിക്കുന്നത്. മറിച്ച് ഗാന്ധിജിയുടെ വരവോടെ രാഷ്ട്രീയത്തില്‍ വേരാഴ്ത്തിയ കോണ്‍ഗ്രസിനെയാണ്, ദേശീയ പ്രസ്ഥാനത്തെയാണ്. ഗാന്ധി വാസ്തവത്തില്‍ ഇന്ത്യയെ കണ്ടെത്തുകയായിരുന്നു. ആധുനികമായി സംഘടിക്കപ്പെട്ട ഇന്ത്യന്‍ ദേശീയതയുടെ അടിവേരുകളിലുള്ള ഗുണാത്മക മതാത്മകതയെ ഗാന്ധി കണ്ടെടുത്തു. ആ മതാത്മകതയെ തന്റെ അണ്‍ ടു ദ ലാസ്റ്റ് എന്ന ദര്‍ശനത്തോട് വിളക്കിച്ചേര്‍ത്തു. നിശ്ചയമായും അത് ഗാന്ധി ജന്മം കൊണ്ട് പരിചയിച്ച ഹിന്ദു മതാത്മകതയായിരുന്നു. അക്രമോല്‍സുകമെന്ന് വായിക്കാവുന്ന ഭഗവദ്ഗീതയെ കര്‍മോല്‍സുകമെന്ന് ഗാന്ധി വായിച്ചു. ഇന്ത്യയിലെ അന്നത്തെ പ്രബലമതം എന്ന് വിശേഷിപ്പിക്കാവുന്ന ഇസ്‌ലാമിനെ അപരമായി കണ്ടു എന്നത് വസ്തുതയാണ്. അത് പക്ഷേ, അക്രാമക അപരമല്ലായിരുന്നു. സഹോദരമതം എന്ന ഇന്ന് സങ്കല്‍പിക്കാനാവാത്ത അത്ര ആഴമുള്ള ദര്‍ശനമായി ഗാന്ധി അപരത്വത്തെ മാറ്റി. വ്യക്തമായോ? ദേശീയ പ്രസ്ഥാനത്തിന്റെ അടിവേരില്‍ അക്രാമകമല്ലാത്ത ഹിന്ദുത്വ ഉണ്ടായിരുന്നു എന്ന്. ഹിന്ദുത്വയെ ഗാന്ധി സമരപരമായി ഉണര്‍ത്തി എന്ന്.

നിര്‍ഭാഗ്യവശാല്‍, ഉണര്‍ന്ന ഹിന്ദുത്വക്ക് വഴിതിരിയാന്‍ ഒരുപാടിടങ്ങള്‍ ഗാന്ധി ബാക്കി വെച്ചിരുന്നു. മനുഷ്യരിലുള്ള നിഷ്‌കളങ്കമായ വിശ്വാസത്താല്‍ നയിക്കപ്പെട്ടിരുന്ന ആ മഹാമനുഷ്യന്‍ കൊല്ലപ്പെട്ടത് അദ്ദേഹത്താല്‍ ഉണര്‍ത്തപ്പെട്ട ഹിന്ദുത്വയുടെ അക്രാമകതയില്‍ നിന്ന് ഉതിര്‍ന്ന വെടിയുണ്ടയാലാണ്. അത്തരം അക്രാമകതക്ക് എളുപ്പത്തില്‍ ചേക്കേറാന്‍ കഴിയുന്ന ഒരു വഴി ഹിന്ദുത്വയില്‍ ഉണ്ടായിരുന്നു. ആ വഴി ഗാന്ധി വേണ്ടത്ര തിരിച്ചറിഞ്ഞതുമില്ലായിരുന്നു.

ദേശീയ പ്രസ്ഥാനത്തിലെ ആ ഗാന്ധിവഴിയുടെ സൃഷ്ടിയാണ് മുഹമ്മദലി ജിന്ന എന്ന് ഇപ്പോള്‍ മനസിലാക്കപ്പെടുന്നുണ്ട്. ദേശീയ പ്രസ്ഥാനം ഉണര്‍ത്തിയ ഹിന്ദുധാര മുസ്‌ലിമിനെ അപരമാക്കിയും തെഴുത്തിരുന്നു ചിലയിടങ്ങളില്‍. ഒരു പക്ഷേ, ഗാന്ധിയില്ലാതിരുന്ന എല്ലായിടങ്ങളിലും. സുഭാഷ് ചന്ദ്രബോസില്‍ അതിനായകനെ ദര്‍ശിച്ച ധാര എന്ന് എളുപ്പത്തില്‍ ഓര്‍ക്കാം. ആ അപരത്വമാണ് വിഭജനത്തിന്റെ ഒരു കാരണം. ഒരു പക്ഷേ, ഇന്ത്യന്‍ മുസല്‍മാന്‍ അവരുടെ ചരിത്രത്തില്‍ നല്‍കിയ ഏറ്റവും വലിയ വില ആയിരുന്നു വിഭജനം. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ സ്വാതന്ത്ര്യ ഗീതങ്ങളുമായി ചോര ചിന്തിയ മുസല്‍മാന്‍, ദേശീയ പ്രസ്ഥാനത്തിന്റെ അമരത്തുണ്ടായിരുന്ന ഐതിഹാസികരായ മുസല്‍മാന്‍മാര്‍ ഒറ്റ രാത്രികൊണ്ട് ചരിത്രത്തില്‍ ഇല്ലാതായി. മറ്റൊരു രാജ്യത്തായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തില്‍ നിന്ന് മുസ്‌ലിം ധാര ഇല്ലാതായി.

1947 വരെ സംഭവിച്ചത് അതാണ്. അത് ശരി, ഗാന്ധിയെ പ്രതിക്കൂട്ടിലാക്കുന്നോ എന്ന ആ നെറ്റി ചുളിയല്‍ മനസിലാവുന്നുണ്ട്. അങ്ങനെയല്ല. പക്ഷേ, കാലം പക്ഷഭേദങ്ങളില്ലാത്ത ചരിത്രകാരനാണ്. ചില നിഷ്‌കളങ്കതകള്‍ പ്രതിക്കൂട്ടിലാവുന്നത് കാലത്തിന്റെ പക്ഷരാഹിത്യം കൊണ്ടാണ്.

അപ്പോള്‍ ചര്‍ച്ചില്‍ ശരിയായോ? ഇല്ല. അംബേദ്കര്‍ ആയിരുന്നു മറുപടി. 1947ല്‍ ബ്രിട്ടന്‍ ഇന്ത്യ വിട്ടു. മുപ്പതുകള്‍ക്ക് ശേഷമുള്ള, അതായത് സ്വാതന്ത്ര്യം കയ്യെത്തും ദൂരത്തായതിന് ശേഷമുള്ള സമരകാലത്തെ സുപ്രധാന ആവശ്യമായിരുന്നു ഭരണഘടന അസംബ്ലി. എം.എന്‍ റോയിയും രാജേന്ദ്ര പ്രസാദും ഉള്‍പ്പെടെയുള്ളവര്‍ ആ ആശയത്തിന്റെ പ്രയോക്താക്കള്‍ ആയിരുന്നു. സ്വാത്രന്ത്യാനന്തരം സ്വാഭാവികമായും അത് സംഭവിച്ചു. ഗാന്ധിയുടെ വിഖ്യാത എതിരാളി അംബേദ്കര്‍ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷനായി. ഇന്ത്യന്‍ ബുദ്ധിജീവിതത്തിന്റെ അഗ്രിമ സ്ഥാനത്തുണ്ട് അന്നും അംബേദ്കര്‍. ഗാന്ധിയാല്‍ പ്രചോദിതനായിരുന്നില്ല എന്നതിനാല്‍ തന്നെ ഗാന്ധി കാണാത്ത ഇന്ത്യയെ അംബേദ്കര്‍ കണ്ടെത്തി. ആ കാഴ്ചയെ ആണ് നമ്മള്‍ ഇന്ന് ഭരണഘടന എന്ന് വിളിക്കുന്നത്. ധാര്‍മികത എന്ന മുതലാളിത്തം സൃഷ്ടിച്ച കാല്‍പനികതയില്‍ അംബേദ്കര്‍ വിശ്വസിച്ചില്ല. Constitutional moraltiy is not a natural sentiment. It has to be cultivated. We must realise that our people have yet to learn it. Democracy in India is only top dressing on an Indian soil, which is essentially undemocratic എന്ന് തുറന്ന് പറഞ്ഞു.

ചരിത്രത്തില്‍ നിന്ന് മടങ്ങാം. എഴുപത് വര്‍ഷത്തെ ഇന്ത്യാ ചരിത്രം ഗാന്ധിയുടെ ഇന്ത്യയെ കണ്ടെത്തലും അംബേദ്കറുടെ ഇന്ത്യയെ കണ്ടെത്തലും തമ്മിലെ സംഘര്‍ഷത്തിന്റെതാണ്. ഒറ്റ നായകത്വത്തിലുള്ള ആദരത്തിന് ഗാന്ധിയിലാണ് വേര്. അതിനെ റദ്ദാക്കുന്ന പ്രാദേശിക ബഹുസ്വരതക്ക് അംബേദ്കറിലും. ഇത് രണ്ടിനെയും വ്യാജമായ ഒന്നുകൊണ്ട് റദ്ദാക്കി എന്നതാണ് 2014ലെ അധികാരാരോഹണത്തിന്റെ പിന്നണിക്കഥ. വ്യക്തമായോ? ദേശീയ പ്രസ്ഥാനം മുന്നോട്ട് വെച്ച അഗാധമായ മൂല്യങ്ങളെ മറിച്ചിടുകയായിരുന്നു സംഘപരിവാറെന്ന്. ചര്‍ച്ചില്‍ പ്രവചിച്ച ബ്രാഹ്മണിസവും ബാര്‍ബേറിയനിസവും വന്ന വരവ് ഓര്‍ക്കുക. തല്ലിയും തീ വെച്ചും ക്ഷേത്രത്തിലിട്ട് ബാലാത്സംഗം ചെയ്തും കൊന്ന ജീവനുകളെ ഓര്‍ക്കുക. അതുവരെ ചര്‍ച്ചിലിന്റെ വാക്കുകള്‍ തോറ്റുകൊണ്ടിരിക്കുകയായിരുന്നു. അനേകശതം വൈജാത്യങ്ങളെയും മറികടക്കാന്‍ പോന്ന ബഹുസ്വരതകള്‍ സജീവമായിരുന്നു. അതാണ് അവസാനിക്കാന്‍ പോയത്.
അങ്ങനെ ഒരു കാറ്റില്‍ കടപുഴകാന്‍ മാത്രം വേരുറപ്പില്ലാത്തതാണോ ഈ ധാരകള്‍. അല്ല എന്ന് വിളിച്ച് പറയുന്നു രാജ്യമാകെ ഉയരുന്ന പുതിയ ശബ്ദങ്ങള്‍. പ്രതിരോധത്തിനുള്ളത് ഗാന്ധിയും അംബേദ്കറും അവരുടെ സമരജീവിതത്തില്‍ സൂക്ഷിച്ചിരുന്നു. ആ വിത്തുകള്‍ മുളപൊട്ടുന്ന ശബ്ദമാണ് നമ്മള്‍ ഡല്‍ഹിയെ വിറപ്പിക്കുന്ന മുദ്രാവാക്യങ്ങളായി കേള്‍ക്കുന്നത്.

കെ കെ ജോഷി

You must be logged in to post a comment Login