ലൈംഗിക ന്യൂനപക്ഷങ്ങള്‍:അവര്‍ മറ്റേ കൂട്ടരല്ല

ലൈംഗിക ന്യൂനപക്ഷങ്ങള്‍:അവര്‍ മറ്റേ കൂട്ടരല്ല

പുരുഷനിലോ, സ്ത്രീയിലോ കേന്ദ്രീകരിക്കുന്ന സാമൂഹ്യചുറ്റുപാടില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ വിസിബിലിറ്റി വലിയൊരു പ്രശ്‌നമാണ്. പുരുഷനാണെന്നോ സ്ത്രീയാണെന്നോ തിരിച്ചറിയപ്പെടാനാവാത്തവിധം സ്വത്വ പ്രതിസന്ധി നേരിടുന്ന ഇവര്‍ സമൂഹമണ്ഡലത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. കുടുംബത്തില്‍ നിന്ന് ഏല്‍ക്കേണ്ടി വരുന്ന അവഹേളനങ്ങള്‍, ഒറ്റപ്പെടുത്തല്‍, മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഇവയെല്ലാം ഇവരെ നിരന്തരം അസ്വസ്ഥപ്പെടുത്തി കൊണ്ടിരിക്കുന്നു. പലരും അടച്ചിട്ട മുറികളില്‍ ജീവിതം ഹോമിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ശുദ്ധ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ എണ്ണം തുലോം കുറവാണ്. മൂന്ന് കോടി ജനങ്ങള്‍ താമസിക്കുന്ന കേരളത്തില്‍ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ മുഴുവന്‍ വിശേഷണങ്ങളുമുള്ള രണ്ടു പേര്‍ മാത്രമേ നിര്‍ണയിക്കപ്പെട്ടിട്ടുള്ളൂ. മാനസികമായും ശാരീരികമായും അനവധി പ്രശ്‌നങ്ങള്‍ ഈ വിഭാഗം നേരിടുന്നുണ്ട്. അവര്‍ അനുഭവിക്കുന്ന പ്രതിസന്ധികളെ സമൂഹം കാര്യഗൗരവത്തോടു കൂടി ഉള്‍കൊള്ളുകയും അനിവാര്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യേണ്ടതുണ്ട്.

സ്വന്തം അസ്തിത്വം പ്രകടിപ്പിക്കാനാവാതെ ജീവിതം വഴിമുട്ടിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഒരു വശത്ത്. ഇവരുടെ പേരില്‍ ചൂഷണം ചെയ്യുന്ന വലിയൊരു വിഭാഗം മറുവശത്ത്. സ്വവര്‍ഗാനുരാഗികളായ പുരുഷനും സ്ത്രീയും എതിര്‍ലിംഗത്തിന്റെ വേഷം കെട്ടി മുഖ്യധാരയില്‍ തങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളാണെന്ന് വാദിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വലിയൊരു വിഭാഗം ലൈംഗിക തൊഴില്‍ തങ്ങളുടെ ഉപജീവനമാര്‍ഗമായി സ്വീകരിച്ചു കൊണ്ടിരിക്കുന്നു. അമിതമായ ലൈംഗികാസക്തിയും കയ്യിലെത്തുന്ന പണത്തിന്റെ ധാരാളിത്തവുമാണ് ഇവരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്ന ഘടകം.

ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം അഥവാ ക്രോസ് ഡ്രസ്സിംഗ്
ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസത്തിന് അടിമപ്പെട്ടവരെ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. തങ്ങളും ട്രാന്‍സ്‌ജെന്‍ഡറുകളാണ്, അവരുടെ അവകാശങ്ങള്‍ തങ്ങള്‍ക്കും വകവെച്ച് തരണമെന്ന് ഇവര്‍ വാദിക്കുന്നു. എതിര്‍ലിംഗത്തില്‍ പെട്ടയാളുടെ വസ്ത്രം ധരിക്കാനുള്ള ഒരാളുടെ ത്വരയാണ് ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം അഥവാ ക്രോസ് ഡ്രസ്സിംഗ് എന്നറിയപ്പെടുന്നത്. പുരുഷന്‍ സ്ത്രീകളുടെ വസ്ത്രം ധരിക്കുമ്പോഴാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. സ്ത്രീകളുടെ വസ്ത്രധാരണ രീതിയില്‍ വന്ന മാറ്റം അവരെ തിരിച്ചറിയുന്നതില്‍ നിന്ന് നമ്മെ തടയുന്നു. ക്രമാനുഗതമായാണ് ഒരോരുത്തരും ഇത്തരമൊരു മാനസിക വൈകല്യത്തിലേക്ക് എത്തിപ്പെടുന്നത്. എതിര്‍ലിംഗത്തിന്റെ ചേഷ്ടകള്‍, വസ്ത്രധാരണ രീതി, സ്വഭാവ സവിശേഷതകള്‍ എന്നിവ തന്റെ വ്യക്തിത്വത്തില്‍ പ്രകടമാക്കാനുള്ള ത്വര സ്വവര്‍ഗരതിയുടെ ഭാഗമായും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെ സ്വവര്‍ഗരതിയുടെ ഭാഗമായി മാത്രം ചുരുക്കിക്കെട്ടാന്‍ സാധ്യമല്ല. ചുരുക്കത്തില്‍ ട്രാന്‍സ് വെസ്റ്റിക് ഫെറ്റിഷിസത്തിനെ മറ്റൊരു തരത്തിലുള്ള സൈക്കോ സെക്ഷ്വല്‍ ഡീവിയേഷന്‍/ഡിസോര്‍ഡര്‍ ആയി കാണം. പശ്ചാത്യനാടുകളില്‍ ഇതൊരു വലിയ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. കേരളത്തിലും എല്‍ ജി ബി ടി പ്രസ്ഥാനത്തിന്റെ ഭാഗമായി ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്നു വരുന്നു.

പ്രധാനമായും രണ്ട് കാരണങ്ങളാണ് ട്രാന്‍സ് വെസ്റ്റിക് ഫെറ്റിഷിസത്തിലേക്ക് ഒരാളെ നയിക്കുന്നത്.
1- Genetic Memory Causes (ജനിതക സ്മരണാപരമായ കാരണങ്ങള്‍).
2- life event Oriented Causes (ജീവിതാനുഭവ സംബന്ധിയായ കാരണങ്ങള്‍).
(ജീന്‍) എന്ന തരത്തിലല്ല ഇതിനെ ചര്‍ച്ച ചെയ്യേണ്ടത്. ഒന്നുകൂടി വിശാലമായ തലത്തില്‍ ഇതിനെ സമീപിക്കണം.

ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം അനുഭവപ്പെടുന്ന ഒരു വ്യക്തിയുടെ ജനനത്തിന് കാരണമായ മാതാപിതാക്കളുടെ ലൈംഗികവേഴ്ച സമയത്ത് അവര്‍ പുലര്‍ത്തിയ മനോഭാവം, മനോഘടന, അവരുടെ വ്യക്തിത്വം എല്ലാം കുട്ടിയുടെ സ്വഭാവ വളര്‍ച്ചയില്‍ വലിയ സ്വാധീനം ചെലുത്തുന്നു.
സ്ത്രീ പങ്കാളിക്ക് തന്റെ സ്ത്രീത്വത്തില്‍ സ്വയം ബഹുമാനം ഇല്ലാതിരിക്കുക, ഇണകള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ലിംഗം യോനിയില്‍ പ്രവേശിപ്പിക്കുന്നതില്‍ മാത്രം ചുരുങ്ങുക, വേണ്ടത്ര രതിമൂര്‍ച്ച ലഭിക്കാതെ ഇരുപങ്കാളികളും ബന്ധപ്പെടുക എന്നിവയെല്ലാം കുട്ടിയുടെ സ്വഭാവ സവിശേഷതകളെ കാര്യമായി സ്വാധീനിക്കുന്നു. ഇങ്ങനെ ജനിക്കുന്ന കുട്ടികളിലാണ് ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം കണ്ടു വരുന്നത്.

രണ്ടാമത്തെ കാരണം ഓരോരുത്തരുടെയും ജീവിതാനുഭവങ്ങളാണ്. ഒരു കുട്ടിയുടെ ജനനം മുതല്‍ 3 വയസുവരെയുള്ള കാലത്ത് അബോധമനസാണ് (Unconcious mind) ഡൊമിനേഷന്‍ ചെയ്യുന്നത്. 3 -7 വയസുവരെ ബോധാതീത മനസ്(Subliminal Mind) ന്റെ വളര്‍ച്ച ഘട്ടമാണ്. 7-14 വയസ്സുവരെ ഉപബോധമനസിന്റെയും(Subconscious Mind), 14-21വരെ ബോധ മനസിന്റെയും (Concious Mind) വളര്‍ച്ചാഘട്ടമാണ്. 7-14 വയസ്സുവരെയുള്ള കാലഘട്ടമാണ് ഇതില്‍ ഏറ്റവും പ്രധാനം.
ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസത്തിന്റെ വേരുകളുമായി ജനിക്കുന്ന ഒരു കുട്ടി സ്വാഭാവികമായും ചില ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകും. ജീവിത ചുറ്റുപാടില്‍ നിന്ന് ഒരു കുട്ടി നേരിടുന്ന മൂര്‍ച്ചയുള്ള നോട്ടങ്ങളും ചില പദങ്ങളും ‘എന്നെ കണ്ടാല്‍ ഒരു പെണ്ണിനെ പോലെയുണ്ടെന്ന’ തോന്നല്‍ ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം ഉള്ള വ്യക്തിക്ക് പല തവണ ഉണ്ടാകുന്നതിലൂടെ ക്രമാനുഗതമായി ഉള്‍വലിയല്‍ സ്വഭാവം കൂടുന്നു. ഇത്തരം കുട്ടികള്‍ അമ്മയോട് കൂടുതല്‍ അടുക്കുന്നു. അമ്മയുടെ യീറ്യ ഘമിഴൗമഴല, റൃല ൈരീറല, മറ്റുചലനങ്ങള്‍ എന്നിവ അനുകരിച്ച് തുടങ്ങുന്നു.

ലൈംഗിക തൊഴിലിന്റെ സാധ്യതകള്‍
‘സമൂഹം ഞങ്ങളെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിടുന്നു. ഞങ്ങള്‍ക്ക് മറ്റൊരു തൊഴില്‍ ചെയ്യാനുള്ള അവസരം നിലവില്‍ ലഭ്യമല്ല.’

ആധുനിക ട്രാന്‍സ്‌ജെന്‍ഡര്‍ വാദികളായി ജീവിക്കുന്ന ചിലര്‍ ചാനല്‍ ചര്‍ച്ചകളിലും ഇന്റര്‍വ്യൂകളിലും വൈകാരികമായി ഉന്നയിക്കുന്ന കാര്യമാണിത്. കേള്‍ക്കുന്നവര്‍ ഇത് അങ്ങനെ തന്നെ വിഴുങ്ങുകയും ചെയ്യും. അവര്‍ നിരത്തുന്ന വാദത്തിന്റെ വിവിധ വശങ്ങള്‍ പരിശോധനാവിധേയമാക്കുമ്പോഴാണ് ഈ വാദത്തിലെ പൊള്ളത്തരങ്ങള്‍ ബോധ്യപ്പെടുക. കോഴിക്കോട് ടൗണില്‍ ജീവിക്കുന്ന സമര്‍ത്ഥനായ ഒരു സ്വവര്‍ഗാനുരാഗിക്ക് തന്റെ ശരീരവില്‍പനയിലൂടെ ഒരു രാത്രി മാത്രം ചുരുങ്ങിയത് 100 കസ്റ്റമേഴ്‌സിനെ ലഭിക്കുന്നു. ഉന്നത ഉദ്യോഗസ്ഥര്‍, വന്‍കിട -ചെറുകിട കച്ചവടക്കാര്‍, സാംസ്‌കാരിക നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ രാത്രിയുടെ മറവില്‍ ഇവരെ തേടിയെത്തുന്നു എന്നാണു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. സ്വവര്‍ഗാനുരാഗി ഒരു കസ്റ്റമര്‍ക്കനുവദിക്കുന്ന സമയം കേവലം 10 മിനുട്ടാണ്. ലഭിക്കുന്നത് 200-300 രൂപ. ഒരു ദിവസം സൂര്യന്‍ ഉദിക്കുമ്പോഴേക്ക് സമര്‍ത്ഥനായ സ്വവര്‍ഗാനുരാഗി തന്റെ ശരീര വില്‍പനയിലൂടെ നേടുന്നത് 10000 രൂപയിലധികം. തങ്ങളെ സമീപിക്കുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വേറെയും. ഇത്തരം സൗകര്യങ്ങള്‍ ആസ്വദിക്കുന്ന ഒരാള്‍ ഗവണ്‍മെന്റും സന്നദ്ധ സംഘടനകളും മുന്നോട്ടുവയ്ക്കുന്ന പദ്ധതികളോട് മുഖം തിരിക്കുന്നത് സ്വാഭാവികം മാത്രം.

പെണ്‍സ്വഭാവം പ്രകടിപ്പിക്കുന്ന പുരുഷന്നും പുരുഷസ്വഭാവം പ്രകടിപ്പിക്കുന്ന സ്ത്രീക്കും നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു. ഹൈസ്‌കൂള്‍തലം വരെയൊക്കെ തന്റെ മക്കളെ ലാളിച്ച് വളര്‍ത്തുന്ന രക്ഷിതാക്കള്‍ പക്വതയെത്തിയതിനു ശേഷവും മക്കളുടെ സ്വഭാവത്തില്‍ മാറ്റം കാണാതാവുമ്പോള്‍ പ്രതികരിച്ചു തുടങ്ങുന്നു. എതിര്‍ലിംഗത്തിന്റെ സ്വഭാവ വിശേഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടിയുടെ മാതാപിതാക്കളോട് ബന്ധുക്കളും സമൂഹവും കാട്ടുന്ന അവഹേളനത്തോളമെത്തുന്ന സമീപനങ്ങള്‍ അവരുടെ മനസില്‍ മുറിവേല്‍പിക്കുന്നു. ശാരീരിക വൈകല്യത്തോടുകൂടെ ജനിച്ച കുട്ടി തങ്ങള്‍ക്ക് ഭാരമാകുന്നതോട് കൂടെ കടുത്ത പീഡനങ്ങളാവും ഈ കുട്ടിക്ക് നേരിടേണ്ടി വരിക. ഗത്യന്തരമില്ലാതെ വീടുവിട്ടിറങ്ങുന്ന ഇവര്‍ ആദ്യമന്വേഷിക്കുക തങ്ങളുടെ സമാനസ്വഭാവക്കാരെയായിരിക്കും. വളരെ യാദൃച്ഛികമായി ലൈംഗിക തൊഴിലില്‍ ചെന്നുചാടുന്ന ഇവര്‍ പരിധിയില്ലാത്ത സുഖാസ്വാദനങ്ങളുടെ ലോകത്തെ കുറിച്ച് തിരിച്ചറിയുന്നതോടെ അതിലൈംഗികതയുടെ/ പ്രകൃതി വിരുദ്ധ ലൈംഗികതയുടെ അടിമകളായി മാറുന്നു. ലൈംഗികാസ്വാദനത്തിന്റെ ലോകത്തേക്ക് പ്രവേശിച്ച ഒരാള്‍ക്ക് അതില്‍ നിന്ന് മുക്തനാകാന്‍ അല്‍പം പ്രയാസമായിരിക്കും.

ഏറ്റെടുക്കാനില്ലാത്ത നിരവധി പദ്ധതികള്‍
മനുഷ്യജീവിതത്തില്‍ വൈകല്യങ്ങള്‍ സ്വാഭാവികമാണ്. ബുദ്ധിമാന്ദ്യതയുള്ളവര്‍, വിവിധ അവയവങ്ങള്‍ക്ക് ബലഹീനത സംഭവിച്ചവര്‍ തുടങ്ങി നിരവധിയാളുകള്‍ നമുക്കിടയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. എതിര്‍ലിംഗസ്വഭാവത്തിന്റെ ഏറ്റക്കുറച്ചില്‍ പുരുഷന് സ്‌ത്രൈണസ്വഭാവവും സ്ത്രീക്ക് പുരുഷസ്വഭാവവും നല്‍കുന്നു. ജൈവികമായി തനിക്ക് വന്നുപെട്ട കുറവിനെ തിരച്ചറിയുകയും അതിനെ ഉള്‍കൊള്ളുകയും ആവശ്യമായ ചികിത്സകളും അനുയോജ്യമായ കൗണ്‍സലിംഗുകളും തേടി പ്രതിസന്ധികളെ അതിജീവിക്കുകയുമാണ് ഇവര്‍ ചെയ്യേണ്ടത്.

ഇത്തരത്തില്‍ നമുക്കിടയില്‍ ജീവിക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്നത്. ടൈലറിംഗ്, തുന്നല്‍, ഫാഷന്‍ ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനങ്ങള്‍ സംഘടിപ്പിച്ചെങ്കിലും വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഈ പദ്ധതിയോട് പ്രതികരിച്ചത്. അവര്‍ തന്നെ ആരുടെയെക്കെയോ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പങ്കെടുക്കുന്നുവെന്ന് മാത്രം. സമൂഹത്തില്‍ അര്‍ഹിക്കുന്ന ഇട ആഗ്രഹിക്കുന്നവര്‍ ഇത്തരംപദ്ധതികളോട് പ്രതികരിക്കേണ്ടതില്ലേ?.

ലിംഗ മാറ്റ ശസ്ത്രക്രിയ:പ്രതിസന്ധികള്‍
ഹോമോ സെക്ഷ്വാലിറ്റിയുടെ മൂര്‍ധന്യാവസ്ഥയാണ് ഇന്ന് നാം കാണുന്ന ട്രാന്‍സ്‌ജെന്‍ഡര്‍. ട്രാന്‍സ്‌ജെന്‍ഡറിനെക്കാളും ഉയര്‍ന്ന മാനസികതലമാണ് ലിംഗമാറ്റ ശസ്ത്രക്രിയയിലേക്ക് ചിലരെ നയിക്കുന്നത്. എന്നാല്‍ സങ്കീര്‍ണവും ചെലവേറിയതും പ്രകൃതി വിരുദ്ധവുമാണ് ലിംഗമാറ്റ ശസ്ത്രക്രിയ. തന്റെ ലിംഗമാറ്റം തെറ്റായി എന്ന് കരുതുന്ന വാള്‍ട്ട് ഹെയര്‍ എന്ന എഴുത്തുകാരന്റെ വീക്ഷണം പ്രസക്തമാണ്: ‘ഇരുപത് ശതമാനം ട്രാന്‍സ് ആളുകളും ലിംഗമാറ്റം വേണ്ടിയിരുന്നില്ല എന്ന് കരുതുന്നു. നാല്‍പത്തിയൊന്ന് ശതമാനം ഇത് മൂലം ആത്മഹത്യക്ക് ശ്രമിക്കുന്നു. അറുപത് ശതമാനം ആളുകളും എന്തെങ്കിലും തരത്തില്‍ മാനസികരോഗം അനുഭവിക്കുന്നവരുമാണ് ‘.

സര്‍ജറിയാനന്തരം കടന്നുപോകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകളെ പരിചയപ്പെടുത്തുന്ന കൗണ്‍സലിംഗ്, അന്‍പതിനായിരം രൂപ വരെ ചിലവ് വരുന്ന ലേസര്‍ ചികിത്സ, ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്, ശേഷം നാലോ അഞ്ചോ ലക്ഷം ചിലവ് വരുന്ന ശസ്ത്രക്രിയ- ഇതാണ് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഏകദേശ ചിത്രം. സര്‍ജറിയിലൂടെ സ്ത്രീ ആയി മാറിയ പുരുഷന്‍ തന്റെ ശരീരത്തില്‍ സ്‌ത്രൈണ ഭാവങ്ങള്‍ നിലനിര്‍ത്താന്‍ ജീവിതാവസാനം വരെ ഹോര്‍മോണ്‍ കുത്തിവെക്കേണ്ടി വരുന്നു. ഇത് കടുത്ത മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ ക്ഷണിച്ചുവരുത്തുന്നു. നിരന്തരമായ ഹോര്‍മോണ്‍ ചികിത്സ മരണത്തിന് വരെ കാരണമായേക്കാമെന്ന് ഡോക്ടര്‍മാരുടെ ഭാഷ്യം. ഇവരെ ഇത്തരമൊരവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കുടുംബത്തിന്നും സമൂഹത്തിനുമാണ്. എതിര്‍ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നതോടെ ഇവര്‍ നേരിടുന്ന അവഗണനയും അവഹേളനവും ഇവരില്‍ രൂപപ്പെടുത്തുന്ന വാശിയാണ് നിലവിലെ സങ്കീര്‍ണമായ അവസ്ഥയിലേക്ക് ഇവരെ നയിക്കുന്നത്. ഒരു നിമിഷത്തിലെ വാശി ലിംഗശസ്ത്രക്രിയയിലേക്ക് നയിക്കുകയും പിന്നീട് ജീവിതകാലം മുഴുവന്‍ നരകിച്ച് ജീവിക്കേണ്ടി വരുകയും ചെയ്യേണ്ട അവസ്ഥ വളരെ പരിതാപകരമാണ്.

പേപ്പറിലൊതുങ്ങുന്ന പ്രസ്ഥാനങ്ങള്‍
ഭിന്നലിംഗക്കാരുടെ പ്രതിസന്ധികളെ പ്രശ്‌നവല്‍കരിക്കാനും ആവശ്യമായ പരിഹാരമാര്‍ഗങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനുമായി നിരവധി കൂട്ടായ്മകളും എന്‍. ജി. ഒകളും ഇന്ന് നിലവിലുണ്ട്. എന്നാല്‍, ഇവയില്‍ മിക്കതും പേപ്പറിലൊതുങ്ങുകയാണ് പതിവ്. ഈ മേഖലയില്‍ എന്‍. ജി. ഒകളുടെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാണ്. സുരക്ഷിത ലൈംഗിക വേഴ്ചക്കു വേണ്ടിയുള്ള ഗര്‍ഭനിരോധന ഉറകളുടെ വിതരണം, എച്ച്. ഐ. വി പരിശോധന, ലൈംഗികരോഗങ്ങള്‍ക്ക് പരിഹാരമായുള്ള താല്കാലിക മെഡിസിന്‍ വിതരണം തുടങ്ങിയവയാണ് എന്‍. ജി. ഒകളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. എല്‍. ജി. ബി. ടി വിഭാഗങ്ങളുടെ മാന്യമായ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നു മാത്രമല്ല ഇവര്‍ക്കു വേണ്ടി ഓരോ വര്‍ഷവും സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ടുകള്‍ കൃത്രിമ കണക്കുകളില്‍ വകമാറ്റപ്പെടുന്നുവെന്നതാണ് ഏറെ പരിതാപകരം. എല്‍ ജി ബി ടി വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടാനും അവരെ സംഘടിത ശക്തിയായി നിലനിര്‍ത്താനുമായി നിരവധി സ്വതന്ത്ര പ്രസ്ഥാനങ്ങള്‍ ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സംഗമ, പുനര്‍ജനി എന്നിവ ഉദാഹരണം. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പുരോഗതിയാണ് ലക്ഷ്യമെന്ന് പറഞ്ഞ് പ്രവര്‍ത്തിക്കുന്ന 90% പ്രസ്ഥാനങ്ങളും സാമ്പത്തികമായ കാര്യലാഭത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് വിസ്മരിക്കാവതല്ല. മുന്‍കാലങ്ങളില്‍ സാമ്പത്തികവിശുദ്ധി കാത്തുസൂക്ഷിക്കാത്തതിന് പല പദവികളില്‍നിന്ന് പുറത്താക്കപ്പെട്ടവരും ഇത്തരം ടി. ജി ആക്ടിവിസ്റ്റുകളില്‍ ഉണ്ടെന്നതാണ് ഇത്തരമൊരു നിരീക്ഷണത്തിന്റെ ഹേതു. ബഹുരാഷ്ട്ര കമ്പനികളും ബിസിനസ് പ്രമുഖരും ഇവരുടെ പുരോഗതിക്ക് വേണ്ടി ചെയ്യുന്ന സംഭാവനകള്‍ എണ്ണപ്പെട്ട ചിലരുടെ കൈകളില്‍ മാത്രമൊതുങ്ങുന്നുവെന്നതും ക്വീര്‍ പ്രൈഡുകളും സ്വാഭിമാന ഘോഷയാത്രകളും സംഘടിപ്പിക്കലാണ് തങ്ങളുടെ പ്രധാന ഉത്തരവാദിത്തമെന്ന് കരുതുന്നതും ഏറെ അപകടകരമാണ്. സംസാരിക്കാന്‍ കഴിവുള്ളവര്‍ സെലിബ്രിറ്റികളായി മാറുന്നുവെന്നതൊഴിച്ചാല്‍ കേരളത്തിലെ സാധാരണക്കാരായ ട്രാന്‍സ്‌ജെന്‍ഡറുകളുടെ വിദ്യഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കും ആത്മാഭിമാനത്തോടെയുള്ള അതിജീവനത്തിന്നും വേണ്ടി ആരുമൊന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സാധാരണക്കാരായ ട്രാന്‍സ്‌ജെന്‍ഡറുകളെ കരുവാക്കി നേതൃത്വം സാമ്പത്തികമായും സാമൂഹ്യപരമായും തടിച്ചുകൊഴുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ കേരള സര്‍ക്കാറിന്റെ സാമ്പത്തിക ബജറ്റില്‍ ട്രാന്‍ജെന്‍ഡേഴ്‌സിന്റെ പുരോഗതിക്കുവേണ്ടി 10 കോടി വകയിരുത്തിയെങ്കിലും അടിത്തട്ടിലേക്ക് ഇതെത്തിയിട്ടില്ല.

അതിജീവനം സാധ്യമാണ്
ചില മാനസിക വൈകല്യങ്ങള്‍ കാരണം എതിര്‍ലിംഗത്തിന്റെ സ്വഭാവ സവിശേഷതകള്‍ തങ്ങളെ അസ്വസ്ഥപ്പെടുത്തുമ്പോഴും അതിനെയെല്ലാം അതിജീവിച്ച് മാന്യമായി ജോലി ചെയ്യുന്നവര്‍, ഗവണ്‍മെന്റ് സര്‍വീസിലുള്ളവര്‍, ഐ ടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇവരുണ്ട്.

ഒരാളെയും അവഹേളിക്കാനോ അയാളുടെ അഭിമാനം കളങ്കപ്പെടുത്താനോ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. ശാരീരികമായും മാനസികമായും ഒരാള്‍ നേരിടുന്ന വെല്ലുവിളികള്‍ അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്. ജൈവികമായി ഒരാള്‍ക്ക് വന്നുപെട്ട അവസ്ഥയെ മോശമായി ചിത്രീകരിക്കുന്നതും അതുകാരണം അയാളെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതും കടുത്ത പാപമായാണ് ഇസ്‌ലാം കാണുന്നത്. ഇവരുടെ പുരോഗതിക്കായി പ്രായോഗികമായ ചില നിര്‍ദേശങ്ങള്‍;

അവലംബിക്കാവുന്ന ചികിത്സാരീതികള്‍
നേരെത്തേ സൂചിപ്പിച്ച പോലെ സൈക്കോ സെക്ഷ്വല്‍ ഡീവിയേഷന്‍ എന്ന കാറ്റഗറിയില്‍പെടുന്ന പ്രശ്‌നമാണ് ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം. ആധുനിക സൈക്കോ സെക്‌സോളജിയുടെ ഭാഗമായി ചെറുപ്പത്തിലെ കാഴ്ച, കേള്‍വി തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങളെ ഡീകോഡ് ചെയ്യുന്നതിലൂടെ സ്വാഭാവിക ജീവിത ചുറ്റുപാടിലേക്ക് ഇവരെ എത്തിക്കാന്‍ നമുക്കാകും. റിട്രീവല്‍ ഫ്രീക്വന്‍സി തെറാപ്പി, പ്രോബ്‌ളം ഡെഫ്യൂസിംഗ് തെറാപ്പി, എന്‍കോഡിംഗ് ഡീകോഡിംഗ് തെറാപ്പി, എച്ച് ആര്‍ ഡി ബ്രെയിന്‍ തെറാപ്പി എന്നിവയെല്ലാം സ്വാഭാവിക മാനസിക നിലയിലേക്ക് ഇവരെ എത്തിക്കുന്നതിന് സഹായകരമാണ്.

വിദ്യാഭ്യാസ സ്ഥാപനം
ശാരീരികമായ വെല്ലുവിളികളെ തരണം ചെയ്യാന്‍ ചിലപ്പോള്‍ ചില മന:ശാസ്ത്ര സമീപനങ്ങള്‍ക്ക് സാധിക്കും. ഇത്തരം കൗണ്‍സിലിംഗുകള്‍ ലഭ്യമാകുന്നതരത്തിലുള്ള സ്‌പെഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനം ഇവര്‍ക്കു വേണ്ടി തുടങ്ങുകയാണങ്കില്‍ പ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ ധൈര്യം ഇവര്‍ക്ക് ലഭിക്കും.
ഇത്തരം സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭ്യമാക്കുകയും ശേഷം ഗവണ്‍മെന്റ് സെക്ടറില്‍ ഉയര്‍ന്ന തൊഴില്‍ സാധ്യതകള്‍ തുറന്ന് കൊടുക്കുകയും ചെയ്താല്‍ സ്വയം പ്രതിരോധത്തിന് ഇവര്‍ക്ക് അതുമതിയാകും.

ബോധവല്‍കരണം
‘ട്രാന്‍സ്‌ജെന്‍ഡറുകളെ’ ക്കുറിച്ചും അവരനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ അനിവാര്യതയെക്കുറിച്ചും അതില്‍ സമൂഹം നിര്‍വഹിക്കേണ്ട പങ്കിനെക്കുറിച്ചുമെല്ലാം അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, കളിതമാശകളില്‍ ഇടപെട്ട് തങ്ങളിലൊരാളായി ജീവിക്കേണ്ടവരാണിവര്‍ എന്ന നമ്മുടെ ബോധം ഇവരുടെ അതിജീവനത്തിന് വലിയൊരളവില്‍ സഹായകമാകും.

ഉപസംഹാരം
അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് യഥാര്‍ത്ഥ ട്രാന്‍സ്‌ജെന്‍ഡറുകള്‍ നമുക്കിടയില്‍ ജനിക്കുന്നതെങ്കിലും അവര്‍ നേരിടുന്ന വൈകല്യങ്ങളെ നാം ഉള്‍ക്കൊള്ളുകയും അവരുടെ അവകാശങ്ങള്‍ അനുവദിച്ച് കൊടുക്കുകയും ചെയ്യേണ്ടത് അനിവാര്യതയാണ്. ഇവര്‍ക്കാവശ്യമായ ചികിത്സാ രീതികളും കൗണ്‍സിലിംഗ് സംവിധാനങ്ങളും തയാറാക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്നിടത്താണ് സാമൂഹിക നീതി സാധ്യമാകുന്നത്. മുകളില്‍ വിശദീകരിച്ചത് പോലെ ഭ്രൂണാവസ്ഥയിലും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലുമായി നേരിട്ട ദുരനുഭവങ്ങളിലൂടെ രൂപപ്പെട്ട സ്വഭാവ വൈകല്യങ്ങളെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനുള്ള സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. ട്രാന്‍സ്‌വെസ്റ്റിക് ഫെറ്റിഷിസം പോലുള്ള വൈകല്യങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കേണ്ടതുണ്ട്. അതോടൊപ്പം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പേരില്‍ ഇന്ന് നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍, സ്വവര്‍ഗാനുരാഗമടക്കമുള്ള ലൈംഗിക വൈകൃതങ്ങള്‍ എന്നിവ നാം തിരിച്ചറിയുകയും വിവേകത്തോടെയുള്ള പ്രതികരണങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയും ചെയ്യണം.

സ്വാദിഖ് അരീക്കോട്,
ഹക്കീം പൂക്കോട്ടുമണ്ണ

You must be logged in to post a comment Login