ഇസ്‌ലാമിക ജീവിതം സുസാധ്യം

ഇസ്‌ലാമിക ജീവിതം സുസാധ്യം

ആണ്‍, പെണ്‍ എന്ന രണ്ട് ലിംഗവര്‍ഗങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്ലാം മതവിധി പറയുന്നത്. എന്നാല്‍ ലിംഗന്യൂനപക്ഷമായ ഹിജഡകളെ അവഗണിക്കുന്നുമില്ല. സൂറതുശൂറായിലെ ‘അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും നല്‍കുന്നു’ എന്ന ആശയം നല്‍കുന്ന വിശുദ്ധ ഖുര്‍ആനിക വചനം ഇസ്‌ലാമിക ലിംഗസങ്കല്‍പം വ്യക്തമാക്കുന്നു. ഭിന്നലിംഗ ചിന്തകള്‍ തീര്‍ത്തും ശൂന്യമാണ്. ഭിന്നലിംഗക്കാര്‍ പിശാചിന്റെ പ്രതിപുരുഷനും ക്ഷുദ്രജന്മങ്ങളുമായി കരുതപ്പെട്ടിരുന്ന കാലത്ത്, അവരും സ്ത്രീ പുരുഷലിംഗ വൃത്തത്തിന് പരിധിയില്‍ വരുന്നവരാണെന്നാണ് ഇസ്‌ലാം പറഞ്ഞത്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും ഹിജഡകള്‍ക്കുള്ള നിയമരേഖകളുണ്ട്. അവരുടെ ശരീരശാസ്ത്രത്തെ നിരീക്ഷണം നടത്തി സ്ത്രീ പുരുഷന്‍ എന്ന മുഖ്യധാര ലിംഗവിഭാഗത്തിലേക്ക് ചേര്‍ക്കുകയാണിവിടെ. ജൈവികവും സാമൂഹികവുമായ പരിമിതികളെയും പരിണതികളെയും പരിഗണിച്ച് അവര്‍ക്ക് പ്രത്യേകമായ നിയമങ്ങളവതരിപ്പിക്കാനും ഇസ്‌ലാമിക മീമാംസകര്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം നിരീക്ഷണങ്ങളെയും വിധി തീര്‍പ്പുകളെയും പരിശോധിക്കുകയാണ് ഈ ലേഖനം.

നപുംസകങ്ങള്‍ രണ്ടിനമാണ്
1. പുരുഷന്റെയും സ്ത്രീയുടെയും ലിംഗമുള്ളവര്‍
2. എതിര്‍ലിംഗങ്ങളില്‍ ഒന്നിനോടും സാമ്യതയില്ലാത്ത വിസര്‍ജ്യം പുറത്തുവരാന്‍ ഒരു ദ്വാരം മാത്രമുള്ളവര്‍. ഇവര്‍ക്കാണ് ഗുപ്ത നപുംസകങ്ങള്‍ എന്ന് പറയുന്നത്.
ഗുപ്ത നപുംസകമെന്നാല്‍ പുരുഷനാണോ സ്ത്രീയാണോ എന്ന് വ്യക്തമാവാത്ത വിഭാഗമാണ്. ഇവര്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് തീര്‍പ്പാവണമെങ്കില്‍ പ്രായപൂര്‍ത്തിയാവണം. പ്രായപൂര്‍ത്തിയായി സഹജമായ അഭിനിവേശം ആണിനോടാണെങ്കില്‍ പെണ്ണാണെന്നും പെണ്ണിനോടാണെങ്കില്‍ ആണാണെന്നും മനസിലാക്കാം. ഇമാം ബഗ്‌വി (റ) ഇത് രേഖപ്പെടുത്തുന്നുണ്ട്.

ഒന്നാം വിഭാഗം
പ്രബലമായ അടയാളങ്ങള്‍ വഴി ഹിജഡയെ സ്ത്രീയോ പുരുഷയോ എന്ന് മനസിലാവുന്ന പക്ഷം അവരെ പ്രകട നപുംസകം എന്നു പറയുന്നു. ഒന്നാം വിഭാഗത്തില്‍പെട്ടവര്‍ തന്നെ ഈ രണ്ടിനത്തിലും വരാവുന്നതാണ്.
ലിംഗ വൈവിധ്യമുള്ള വിഭാഗമാണ് ഒന്നാമത്തെ ഇനം. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയങ്ങളുള്ളവര്‍. ഇവര്‍ സ്ത്രീയോ പുരുഷനോ എന്ന് മനസിലാക്കാന്‍ പല മാര്‍ഗങ്ങളുണ്ട്. ചിലത് ചുവടെ ചേര്‍ക്കുന്നു.

1. മൂത്ര വിസര്‍ജന നിദാനം
പുരുഷലിംഗത്തിലൂടെയാണ് മൂത്രം വരുന്നതെങ്കില്‍ അയാള്‍ പുരുഷനും യോനിയിലൂടെയാണ് മൂത്രം വരുന്നതെങ്കില്‍ സ്ത്രീയുമായിരിക്കും. ഈ മാനദണ്ഡം അലിയില്‍(റ)നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതേസമയം രണ്ട് ലൈംഗികാവയവങ്ങളും പ്രവര്‍ത്തനക്ഷമമാവുകയും രണ്ടിലൂടെയും മൂത്രം വരുന്നുമുണ്ടെങ്കില്‍ കൂടുതല്‍ നിരീക്ഷണങ്ങളാവശ്യമാണ്.
ഇരുനാളങ്ങളിലൂടെയുമുള്ള മൂത്രപ്രവാഹത്തിന്റെ ആരംഭ സമയവും വിരാമസമയവും ഒന്നായാല്‍ ഈ മാര്‍ഗം അപ്രയോഗികമാണ്. എന്നാല്‍ ആരംഭവിരാമ സമയങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടെങ്കില്‍ വേര്‍തിരിച്ചറിയാവുന്നതാണ്.
മൂത്രപ്രവാഹങ്ങളുടെ വിരാമം ഒരുമിച്ചാവുകയും ഒന്നിന്റെ ആരംഭം നേരത്തെയാവുകയും ചെയ്യുന്നുണ്ടെങ്കില്‍ ആദ്യം മൂത്രം പുറപ്പെടുന്ന ലൈംഗികാവയവത്തിനനുസരിച്ചാണ് പ്രകൃതം കല്‍പിക്കുന്നത്. ആരംഭം ഒരുമിച്ചാവുകയും ഒന്നിന്റെ വിരാമത്തിന് കാലതാമസം വരികയും ചെയ്യുന്നുവെങ്കില്‍ വിരാമത്തില്‍ പിന്നിലായ അവയവത്തിനനുസരിച്ച് വിധി തീര്‍പ്പ് നടത്താവുന്നതാണ്.
വിസര്‍ജനാരംഭത്തില്‍ ഒരവയവം മുന്നിട്ട് നില്‍ക്കുകയും വിരാമത്തിന് മറ്റേതിന് കാലതാമസം വരികയും ചെയ്താല്‍ ആരംഭ സമയത്ത് മുന്നിലുള്ള അവയവത്തിനനുസരിച്ച് തീരുമാനിക്കാവുന്നതാണ്.

2. ശുക്ല, ആര്‍ത്തവ നിദാനങ്ങള്‍
മൂത്ര വിസര്‍ജന നിദാനം സാധ്യമാകാത്തിടത്ത് പ്രയോഗിക്കാവുന്ന മാര്‍ഗമാണ് ശുക്ല, ആര്‍ത്തവ നിദാനങ്ങള്‍. പുരുഷലിംഗത്തിലൂടെയാണ് ശുക്ല സ്ഖലനമെങ്കില്‍ പുരുഷനായിട്ടും യോനിയിലൂടെ മാത്രം ശുക്ല സ്ഖലനമുണ്ടാവുകയോ ആര്‍ത്തവരക്തം വരികയോ ചെയ്താല്‍ സ്ത്രീയായിട്ടും ഗണിക്കുന്നതാണ്. ശുക്ല സ്ഖലനവും ആര്‍ത്തവവും നിദാനമാവാന്‍ ചില നിബന്ധനകളുണ്ട്. ഒന്ന്, ആര്‍ത്തവവും ശുക്ല സ്ഖലനവും ഉണ്ടാവാനുള്ള പ്രായപരിധിയിലെത്തിയിരിക്കണം. രണ്ട്, ഒന്നിലധികം തവണ പുറപ്പെടണം. അതേസമയം രണ്ട് അവയവത്തിലൂടെയും പുറപ്പെടുന്നത് പുരുഷ ശുക്ലമാണെങ്കില്‍ (വെളുത്തതും കട്ടിയുള്ളതും) പുരുഷനും രണ്ടും സ്ത്രീ ശുക്ലമാണെങ്കില്‍ (മഞ്ഞയും കട്ടിയില്ലാത്തതും) സ്ത്രീയുമാണ്.
പുരുഷലിംഗത്തിലൂടെ സ്ത്രീ ശുക്ലം വരിക, സ്‌ത്രൈണാവയവത്തിലൂടെ പുരുഷ ശുക്ലം പുറപ്പെടുക, ഒരേ വ്യക്തിയുടെ പുരുഷാവയവത്തിലൂടെ പുരുഷ ശുക്ലവും സ്‌ത്രൈണാവയത്തിലൂടെ സ്ത്രീ ശുക്ലം പുറത്ത് വരിക തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ മാനദണ്ഡം അവലംബിക്കാന്‍ കഴിയില്ല.

നിദാനങ്ങള്‍ സംഘര്‍ഷത്തിലാവുമ്പോള്‍
വിസര്‍ജന നിദാനവും ആര്‍ത്തവ നിദാനവും തമ്മിലോ ശുക്ലനിദാനവും ആര്‍ത്തവ നിദാനവും തമ്മിലോ എതിരായാല്‍ ഇരു നിദാനവും അവലംബയോഗ്യമല്ല. ഉദാ:- പുരുഷലിംഗത്തിലൂടെ മാത്രം മൂത്രമൊഴിക്കുന്നു. യോനിയിലൂടെ ആര്‍ത്തവവും വരുന്നു.
പുരുഷലിംഗത്തിലൂടെ ശുക്ലം സ്രവിക്കുന്നു. അതേ സമയം സ്‌ത്രൈണാവയവത്തിലൂടെ ആര്‍ത്തവ രക്തം വരുന്നു.

പ്രസവ നിദാനം
ഹിജഡ പ്രസവിച്ചാല്‍ അവള്‍ സ്ത്രീയാണെന്ന് വ്യക്തമായി. കാരണം സ്‌ത്രൈണതയുടെ വ്യക്തമായ മാനദണ്ഡമാണ് പ്രസവം. മറ്റു പുരുഷ സാദൃശ്യങ്ങളുണ്ടെങ്കിലും അവ പരിഗണനീയമല്ല.

താടിരോമങ്ങള്‍
താടിരോമങ്ങള്‍, സ്തനവളര്‍ച്ച, സ്തനങ്ങളില്‍ പാല്‍ നിറയുക തുടങ്ങിയവ ലിംഗനിര്‍ണയത്തിന്റെ മാനദണ്ഡങ്ങളായി കാണാന്‍ കഴിയില്ല. അതില്‍ അപവാദങ്ങള്‍ ഉണ്ടാവുന്നതാണ് കാരണം.

വാരിയെല്ലുകള്‍
വാരിയെല്ലുകള്‍ ഇരുവശത്തും സമമാണെങ്കില്‍ സ്ത്രീയും ഇടത് വശത്ത് ഒന്ന് കുറവാണെങ്കില്‍ ആണുമാണെന്ന അഭിപ്രായങ്ങള്‍ കാണാം. ഇത് അടിസ്ഥാനരഹിതമാണ്. ഇമാം മാവര്‍ദി ഇക്കാര്യം പറയുന്നുണ്ട്.

കാമ നിദാനം
മുകളിലെ നിദാനങ്ങളൊന്നും പ്രായോഗികമാവാത്തിടത്ത് കാമ നിദാനം സ്വീകരിക്കാവുന്നതാണ്. ആണിനോടാണ് താല്‍പര്യമെങ്കില്‍ പെണ്ണായും പെണ്ണിനോടാണ് അഭിനിവേശമെങ്കില്‍ ആണായും വിധിയെഴുതാം. ഇതിന് അവരുടെ വാക്കുകള്‍ തന്നെ പരിഗണിക്കാവുന്നതാണ്.

തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളൊന്നും പ്രായോഗികമാവാത്തിടത്ത് പ്രായപൂര്‍ത്തിയായതിനുശേഷം ഹിജഡക്ക് ആണിനോടോ പെണ്ണിനോടോ അഭിനിവേശം തോന്നുന്നുവെങ്കില്‍ ഉത്തരവാദപ്പെട്ടവരോട് പറയല്‍ നിര്‍ബന്ധമാണ്. തീര്‍പ്പ് കല്‍പ്പിക്കാനും തുടര്‍ജീവിതം സുസാധ്യമാക്കാനുമാണത്. അറിയിക്കാത്ത പക്ഷം അവര്‍ കുറ്റക്കാരാവും.
ഏതെങ്കിലുമൊരു നിദാനമനുസരിച്ച് തീരുമാനമെടുത്താല്‍ പിന്നീട് ഖണ്ഡിതമായ മറ്റു തെളിവ് പ്രത്യക്ഷപ്പെട്ടാല്‍ തീരുമാനം തിരുത്തപ്പെടേണ്ടതാണ്. ഉദാ: പ്രത്യക്ഷ നിദാനങ്ങളുടെ അടിസ്ഥാനത്തില്‍ പുരുഷനാണെന്ന് വിധിയെഴുതുകയും പിന്നീട് പ്രസവിക്കുകയും ചെയ്താല്‍ പെണ്ണാണെന്ന് വിധിയെഴുതേണ്ടിവരും.

ഹിജഡകളുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രവിധികളിലെല്ലാം പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. ചില നിയമങ്ങളില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. സൂക്ഷ്മത, ഗുണപരം, കൂടുതല്‍ അനുകൂലമാവുക തുടങ്ങിയ കാര്യങ്ങളാണ് ഹിജഡകളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പൊതു മാനദണ്ഡങ്ങള്‍. ഹിജഡകളെ പ്രത്യേകം പരിഗണിച്ചും സ്ത്രീ-പുരുഷന്‍ എന്ന അടിസ്ഥാന ലിംഗവിഭാഗങ്ങളില്‍ പെടുത്തിയുമാണ് കര്‍മശാസ്ത്രം നിയമനിര്‍മാണം നടത്തുന്നത്.
ഹിജഡകള്‍ക്ക് പ്രത്യേകമായ കര്‍മശാസ്ത്രവിധികളും ഇസ്‌ലാമിലുണ്ട്.

1. പുരുഷന്മാര്‍ക്ക് ഇമാമത് നില്‍ക്കാന്‍ പാടില്ല
2. ജുമുഅ ഖുതുബ നിര്‍വഹിക്കരുത് (ശറഹുല്‍ മുഹദ്ദബ്).
3. നിസ്‌കാരത്തില്‍ ഉറക്കെ ഖുര്‍ആന്‍ ഓതേണ്ടതില്ല (മുഗ്‌നി).
4. ബാങ്ക്, ഇഖാമത്ത് എന്നിവ ഉച്ചത്തില്‍ വേണ്ട (ശറഹുല്‍ മുഹദ്ദബ്).
ഇതെല്ലാം സ്ത്രീയാകാനുള്ള സാധ്യത പരിഗണിച്ചാണ്.
5. താടി വടിച്ചുകളയരുത്. കാരണം പുരുഷനാവാനിടയുണ്ട്. സ്ത്രീയാവാനിടയുള്ളത് കൊണ്ട് ശുദ്ധീകരണം നടത്തുമ്പോള്‍ താടിയുടെ ഉള്ള് കഴുകല്‍ നിര്‍ബന്ധവുമാണ് (ശറഹുല്‍ മുഹദ്ദബ്)
6. വുളൂഅ് മുറിയുന്ന രൂപത്തില്‍ നേരിയ മാറ്റം.
രണ്ടാലൊരു അവയവത്തിലൂടെ വല്ലതും പുറപ്പെടല്‍, ലിംഗാവയവങ്ങളിലേതെങ്കിലുമൊന്ന് സ്പര്‍ശിക്കുക, ഒരേ സമയം സ്ത്രീയും പുരുഷനും സ്പര്‍ശിക്കുക തുടങ്ങിയ കാര്യങ്ങളുണ്ടായാലാണ് ഹിജഡയുടെ വുളൂഅ് മുറിയുന്നത് (കയശറ)
7. ഏതെങ്കിലും അവയവത്തിലൂടെ ആര്‍ത്തവമുണ്ടായാല്‍ സ്ത്രീയായി പരിഗണിക്കപ്പെടും. പുരുഷനാവാനുളള സാധ്യത പരിഗണിച്ച് ആര്‍ത്തവം കൊണ്ട് നിഷിദ്ധമായ കാര്യങ്ങള്‍ നിഷിദ്ധവുമല്ല. സ്ത്രീയാവാമെന്ന നിലക്ക് ശരീരം മുഴുവന്‍ മറക്കണം. പുരുഷനാവാനുള്ള സാധ്യത പരിഗണിച്ച് പുരുഷന്റെ ഔറത്ത് മറച്ചുള്ള നിസ്‌കാരം സാധുവാകുന്നതാണ് (കയശറ)
ഇഹ്‌റാം ചെയ്താല്‍ തലയും മുഖവും ഒരേ സമയം മറച്ചാല്‍ മാത്രമാണ് ഫിദ്‌യ നിര്‍ബന്ധമാവുന്നത്. ഇവിടെയും രണ്ട് സാധ്യത പരിഗണിക്കുന്നു. (കയശറ)
ഹിജഡകളുടെ ശാരീരിക പ്രകൃതിയും സാമൂഹിക സാഹചര്യങ്ങളും പരിഗണിച്ച് അവര്‍ക്ക് പ്രത്യേകമായ നിയമങ്ങള്‍ ഇസ്‌ലാം മുന്നോട്ടു വെക്കുന്നുണ്ട്. ഗുപ്ത നപുംസകങ്ങളുടെ വിവാഹം സാധുവാകില്ല. അവരോടൊപ്പമുള്ള സഞ്ചാരം, അനാവശ്യ സ്പര്‍ശനം തുടങ്ങിയ സമ്പര്‍ക്കങ്ങള്‍ നിഷിദ്ധമാണ്. മരണാനന്തര ക്രിയകളില്‍ പ്രായപൂര്‍ത്തിയാവാത്ത ഹിജഡയാണെങ്കില്‍ കുളിപ്പിക്കേണ്ടതില്ല. തയമ്മും (മണ്ണ് കൊണ്ടുള്ള ശുദ്ധി) മതിയാകുമെന്നാണ് കര്‍മശാസ്ത്രവീക്ഷണം.

അവരുടെ ശാരീരിക പരിമിതികള്‍ പരിഗണിച്ച് കൊണ്ടും ഇസ്‌ലാം ചില സാഹചര്യങ്ങളില്‍ നിയമനിര്‍മാണം നടത്തുന്നുണ്ട്. ചേലാകര്‍മം നടത്തേണ്ടതില്ല. കല്ല് കൊണ്ടുള്ള ശുചീകരണം അനുവദനീയമല്ല(തുഹ്ഫ) എന്നിവ അതില്‍ പെട്ടതാണ്. സ്വര്‍ണ്ണം വെള്ളി ഉപയോഗത്തില്‍ ആണിനെപ്പോലെയാണ് ഹിജഡയുടെ വിധി.
ചുരുക്കത്തില്‍ ഹിജഡകളെ കര്‍മശാസ്ത്രം ആണ്‍, പെണ്‍ എന്നീ മുഖ്യധാരാ ലിംഗവിഭാഗത്തിലേക്ക് ചേര്‍ത്തിയാണ് നിയമങ്ങളവതരിപ്പിക്കുന്നത്. അവരുടെ നിയമങ്ങളെ സങ്കുചിതമായി കാണുന്നില്ല. അവര്‍ക്ക് മാത്രമായി തന്നെ കര്‍മശാസ്ത്രം നിയമനിര്‍മാണം നടത്തുന്നുണ്ട്.

ഹിജഡകളെ ഇസ്‌ലാം അവഗണിക്കുന്നുവോ?
ഇസ്‌ലാമിക ദൃഷ്ട്യാ, മനുഷ്യ സമൂഹമായ നാം താല്‍ക്കാലിക ഇടമായ ഭൗതിക ലോകത്തെ അല്ലാഹുവിന്റെ പ്രതിനിധികളാണ്. ഈ ലോകത്ത് മനുഷ്യരനുഭവിക്കുന്ന സാമ്പത്തിക, ശാരീരിക, മാനസിക നേട്ട കോട്ടങ്ങള്‍ പരിഗണനയുടെയോ അവഗണനയുടെയോ മാനദണ്ഡങ്ങളായി സ്വീകരിക്കുന്നത് മൗഢ്യമാണ്. ഭൗതികലോകത്തിന് ശേഷമുള്ള പരലോകജീവിതത്തിലെ വിജയമാണ് പരിഗണനയുടെ മാപിനിയാവേണ്ടത്. ഈ വിജയത്തിന് വിഘാതം സ്യഷ്ടിക്കുന്ന ഇടപെടലുകളെ അവഗണനയായും കണക്കാക്കാം. ഈ ഒരു മാപിനി സ്വതന്ത്രാധികാരമുള്ള രണ്ട് പേര്‍ക്കിടയിലാണ്. അടിമയും ഉടമയും തമ്മില്‍ ഈ ഒരു മാനദണ്ഡം സ്വീകാര്യമല്ലെങ്കില്‍ പോലും നപുംസക വര്‍ഗത്തോടുള്ള അല്ലാഹുവിന്റെ സമീപനത്തില്‍ അവഗണന കാണാന്‍ സാധ്യമല്ല. ‘നിങ്ങളില്‍ ഉത്തമര്‍ ഭയഭക്തിയോടെ ജീവിതം നയിക്കുന്നവരാണ്’ എന്ന ഖുര്‍ആനിക വചനം സര്‍വവിധ അവഗണനയെയും ഇല്ലായ്മ ചെയ്യുന്നതാണ്. ‘നിങ്ങളുടെ ശരീരത്തിലേക്കോ ആകാരവൈശിഷ്ട്യത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നത്, മറിച്ച് നിങ്ങളുടെ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന വിശ്വാസത്തിലേക്കാണ്’ എന്ന തിരുവചനം ഇസ്‌ലാമിക സമീപനത്തെ വ്യക്തമായി അടയാളപ്പെടുത്തുകയാണ്. അതിനാല്‍ നപുംസകര്‍ അനുഭവിക്കുന്ന ശാരീരിക മാനസിക പ്രശ്‌നങ്ങളും കര്‍മശാസ്ത്രം നിര്‍ദേശിക്കുന്ന ചില നിയമവശങ്ങളും പ്രഥമദൃഷ്ട്യാ, അവഗണനയായി തോന്നാമെങ്കിലും, അത് അവഗണനയല്ലെന്നും പരലോകജീവിതത്തിലെ വിജയത്തിന് നിദാനമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും ബോധ്യപ്പെടും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമ കൈകൊള്ളുന്ന വിശ്വാസിക്ക് പ്രതിഫലം വര്‍ധിക്കാന്‍ നിമിത്തമാവുന്നു. നപുംസകര്‍ നേരിടുന്ന മുഴുവന്‍ പ്രയാസങ്ങളും ഈ ഒരു വീക്ഷണകോണിലൂടെ സമീപിക്കാന്‍ വിശ്വാസിക്ക് സാധ്യമാണ്. അതിനു പുറമെ വിശുദ്ധ ഇസ്‌ലാം ഇവരുടെ ശാരീരിക മാനസികനില പരിഗണിച്ചു കൊണ്ടാണ് നിയമങ്ങള്‍ നിര്‍മിക്കുന്നത്. ഇത്തരം നിയമങ്ങളെ അവഗണനായി കാണുന്നത് നിരര്‍ത്ഥകമാണ്. യഥാര്‍ത്ഥത്തില്‍ അവരുടെ വിവാഹം സാധുവാകില്ല എന്നത് അവഗണനയായി കാണിക്കാറുണ്ട്. സമൂഹത്തിന്റെ സ്വത്വനിലനില്‍പ്പിന് വേണ്ടിയാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്.
വിവാഹത്തിനവസരമില്ലെന്നത് അവഗണനയായി കാണേണ്ടതില്ല. ശാരീരികമോ സാമ്പത്തികമോ ആയ കാരണത്താല്‍ ഒരാള്‍ക്ക് വിവാഹം ചെയ്യാന്‍ സാധ്യമാവാതെ വന്നാല്‍ അവന്‍ തന്റെ വികാരങ്ങളെ തടഞ്ഞു നിര്‍ത്താനും നോമ്പനുഷ്ഠിക്കാനുമാണ് ഇസ്‌ലാം നിര്‍ദേശം നല്‍കുന്നത്. ഇത് ഹിജഡകള്‍ക്ക് മാത്രമുള്ള നിയമവുമല്ല.
ലൈംഗിക ഇടപാടുകളിലും ദാമ്പത്യ ജീവിതത്തിലും വന്നേക്കാവുന്ന പരിമിതികള്‍ പരിഗണിച്ച് കൊണ്ടാണ് ഇസ്‌ലാം ഈ നിയമം മുന്നോട്ടു വെക്കുന്നത്. ശാരീരിക വൈകല്യമോ സാമ്പത്തിക ദൗര്‍ബല്യമോ ഉള്ളവര്‍ക്കും ഇസ്‌ലാമില്‍ സമാനമായ നിയമങ്ങളാണുള്ളത്. സാമൂഹിക അസന്തുലിതത്വവും അരാജകത്വവും സ്യഷ്ടിക്കപ്പെടാതിരിക്കാനുള്ള പോംവഴിയാണിത്.

ഉവൈസ് നടുവട്ടം

You must be logged in to post a comment Login