ബാബരി: മുസ്‌ലിംകള്‍ക്കെന്തിനാണ് പള്ളി? സുപ്രീം കോടതിയില്‍ സുബ്രഹ്മണ്യസ്വാമിയുടെ പുതിയ വാദം

ബാബരി: മുസ്‌ലിംകള്‍ക്കെന്തിനാണ് പള്ളി? സുപ്രീം കോടതിയില്‍ സുബ്രഹ്മണ്യസ്വാമിയുടെ പുതിയ വാദം

ത്രേതായുഗത്തില്‍ ജീവിച്ച ശ്രീരാമന്റെ പേരില്‍ അയോധ്യയില്‍ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്ന് വാദിച്ചായിരുന്നു തുടക്കം. ആ ക്ഷേത്രം പൊളിച്ചുമാറ്റിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബര്‍ ചക്രവര്‍ത്തി തല്‍സ്ഥാനത്ത് ബാബരി മസ്ജിദ് കെട്ടിപ്പടുത്തത് എന്ന വ്യാജവാദത്തില്‍നിന്നാണ് തര്‍ക്കം ഉടലെടുക്കുന്നതും രാമജന്മഭൂമി പ്രക്ഷോഭത്തിന് 1980 കളുടെ മധ്യത്തോടെ തുടക്കം കുറിക്കുന്നതും. പള്ളി ധ്വംസനത്തോടെ, അത് സ്ഥിതി ചെയ്ത ഭൂമി സംബന്ധിച്ച തര്‍ക്കമാണ് ബാക്കിയായത്. ആരാണ് ആ ഭൂമിയുടെ യഥാര്‍ത്ഥ അവകാശികള്‍? പള്ളി തകര്‍ത്തെറിഞ്ഞ ഉടന്‍ തല്‍സ്ഥാനത്ത് അന്നത്തെ നരസിംഹറാവു സര്‍ക്കാരിന്റെ അനുഗ്രാഹശിസ്സുകളോടെ രാമവിഗ്രഹം സ്ഥാപിക്കപ്പെട്ടു. അതോടെ ‘തര്‍ക്കഭൂമി’യുടെ അവകാശം തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹിന്ദുത്വവാദികള്‍ നടത്തിയ ശ്രമം പൂര്‍ണമായി ഫലം കണ്ടില്ല. എന്നാല്‍ അലഹബാദ് ഹൈകോടതി വിവാദവിധിയിലൂടെ ആ ഭൂമിയുടെ മുന്നില്‍ രണ്ടുഭാഗം ക്ഷേത്രത്തിന്റെ ഈരാളന്മാരായ നിര്‍മോഹി അഖാരക്കും മൂന്നിലൊന്ന് സുന്നി വഖഫ് ബോര്‍ഡിനും വീതം വെച്ചുകൊടുത്തത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. ആ കേസ് എത്രയും പെട്ടെന്ന് (അതായത് 2019ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ്) തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യസ്വാമി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ പ്രശ്‌നത്തിന്റെ മര്‍മം മാറി. ഇസ്‌ലാമിന്റെ നിലവില്‍പിന് പള്ളി അനിവാര്യമാണോ എന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്ന മര്‍മപ്രധാന വിഷയം. ഇസ്‌ലാം വിശ്വാസികള്‍ക്ക് ഭൂമിയില്‍ എവിടെയും നിസ്‌കരിക്കാം; പള്ളിയുടെ ആവശ്യമൊന്നുമില്ല എന്ന തരത്തിലുള്ള വാദങ്ങളാണ് പതിനെട്ടാമത്തെ അടവെന്ന നിലയില്‍ സ്വാമിയടക്കമുള്ളവര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ കേള്‍ക്കുന്ന ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഉള്‍ക്കൊള്ളുന്ന മൂന്നംഗ ബെഞ്ചില്‍നിന്ന് കേസ് അഞ്ചോ ഏഴോ അടങ്ങുന്ന ബെഞ്ചിലേക്ക് മാറ്റണമെന്ന് മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആവശ്യപ്പെടുന്നത്.

വിഷയം സങ്കീര്‍ണമാക്കുന്നതില്‍ സുബ്രഹ്മണ്യസ്വാമിയെ പോലുള്ളവര്‍ കളിക്കുന്ന വൃത്തികെട്ട കളി ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി ഏതെങ്കിലും ‘മതേതര ലക്ഷ്യത്തിനായി’ ഉപയോഗപ്പെടുത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകരായ ശ്യാം ബെനഗല്‍, ടീസ്റ്റ സെത്തില്‍വാദ്, അപര്‍ണ സെന്‍, അനില്‍ ധര്‍ക്കര്‍ എന്നിവരുടെ ഹരജി സ്വീകരിക്കാന്‍ പോലും പരമോന്നത നീതിപീഠം തയാറായില്ല. കേസിലെ യഥാര്‍ത്ഥ കക്ഷികളെ മാത്രമേ കേള്‍ക്കുകയുള്ളൂവെന്നും പുറമെയുള്ള ആരെയും അടുപ്പിക്കില്ലെന്നും ന്യായാസനം തീര്‍പ്പ് കല്‍പിച്ചെങ്കിലും ശ്രീരാമന്‍ ജനിച്ച സ്ഥലത്ത് ആരാധന നടത്തുക എന്ന തന്റെ മൗലികാവകാശം വകവെച്ചുതരണമെന്ന അഭ്യര്‍ഥിച്ചുകൊണ്ട് സ്വാമി സമര്‍പ്പിച്ച ഹരജി സ്വീകരിക്കുകയായിരുന്നു. ആ ഹര്‍ജി പരിഗണനക്ക് വന്നപ്പോഴാണ് വിചിത്രമായ ചില വാദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്. ശ്രീരാമന്‍ ജനിച്ച അതേ സ്ഥലത്ത് പ്രാര്‍ഥിക്കുക എന്നത് സുബ്രഹ്ണ്യസ്വാമിയെ പോലുള്ള ഹിന്ദുക്കളുടെ മൗലികാവകാശമാണത്രെ. അതേസമയം, ഇസ്‌ലാമില്‍ പള്ളി അനിവാര്യമില്ലെന്നും അവര്‍ക്ക് എവിടെയും പ്രാര്‍ഥിക്കാമെന്നത് കൊണ്ട് തര്‍ക്കസ്ഥലം രാമക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുക്കണമെന്നുമാണ് ഹിന്ദുത്വവാദികള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നത്. ഈ ദിശയില്‍ സ്വാമി ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസസ്വാതന്ത്ര്യത്തെ പരമോന്നത തലത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധം അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇവ്വിഷയകമായി കഴിഞ്ഞദിവസം അദ്ദേഹം ‘ദി ഹിന്ദു ‘പത്രത്തില്‍ എഴുതിയ കുറിപ്പിലൂടെ (”Questions of faith in Ayodhya”Zn ഹിന്ദു ആഗസ്റ്റ് 10 , 2018 ) കണ്ണോടിച്ചാല്‍ ഇത് ബോധ്യപ്പെടും.

പള്ളിയെ നിരാകരിക്കുന്ന കോടതി വിധി
ബാബരി കേസ് ഭരണഘടനാബെഞ്ചിന് വിടണമെന്ന് മുസ്‌ലിംകള്‍ക്ക് വേണ്ടി ഹാജരാവുന്ന രാജീവ് ധവാന്‍ ആവശ്യപ്പെടുന്നത് 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിന്റെ വിധി ഈ കേസിലേക്ക് വലിച്ചിഴക്കപ്പെടുമെന്ന ഭയം മൂലമാണ്. 2.77ഏക്കര്‍ തര്‍ക്കഭൂമി അടക്കം 67.7 ഏക്കര്‍ ഭൂമി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച കേസില്‍ ഭൂരിപക്ഷ വിധിയിലൂടെ സുപ്രീംകോടതി തീര്‍പ്പ് കല്‍പിച്ചത്, ഇസ്‌ലാമില്‍ പള്ളി അനിവാര്യത ഇല്ല എന്നാണ്. പി.വി നരസിംഹറാവു സര്‍ക്കാര്‍ Acquisition of Certain Area at Ayodhya (ACAA) Act, 1993 എന്ന നിയമം നിര്‍മിച്ചാണ് അന്ന് ഭൂമി പിടിച്ചെടുത്തത്. ആ നടപടിയുടെ ഗൗരവം അന്ന് ആരും വേണ്ടവിധം മനസിലാക്കിയിരുന്നില്ല. ജസ്റ്റിസുമാരായ എ.എം അഹ്മദിയും എസ്.പി ബറൂചയും വിധിന്യായത്തോട് യോജിച്ചിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ ചില വ്യവസ്ഥകള്‍ നിലനില്‍ക്കുന്നതല്ല എന്ന് അവര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ബാബരിധ്വംസനത്തിന് തൊട്ടുടനെ നടന്ന നിയമനിര്‍മാണവും ഏറ്റെടുക്കലും കോടതിവിധിയുമെല്ലാം ആ ഘനാന്ധകാരത്തില്‍ അനിവാര്യമായ നടപടിയായി പൊതുവെ വിലയിരുത്തപ്പെട്ടു. വിധിയിലെ ചില നിരീക്ഷണങ്ങളോട് ഒരു തരത്തിലും വിശ്വാസികള്‍ക്ക് യോജിച്ചുപോകാന്‍ പറ്റുന്നതല്ല.”A mosque is not an essential part of the practice of… Islam and Namaz (prayer) by Muslims can be offered anywhere, even in open. under the Mahomedan Law applicable in India, title to a mosque can be lost by adverse possession’. . ഇസ്‌ലാമിക അനുഷ്ഠാനങ്ങളുടെ അനിവാര്യഘടകങ്ങളിലൊന്നല്ല പള്ളി. മുസ്‌ലിംകള്‍ക്ക് എവിടെയും , തുറന്ന സ്ഥലത്ത് പോലും നിസ്‌കാരം നിര്‍വഹിക്കാം. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് ബാധകമായ മുഹമ്മദന്‍ ലോ അനുസരിച്ച് മറ്റൊരാളുടെ കൈവശം വരുന്നതോടെ പള്ളിയുടെമേലുള്ള ഉടമസ്ഥാവകാശം ഇല്ലാതാവും’. ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്ന അല്ലെങ്കില്‍ ഇസ്‌ലാമിക നാഗരികജീവിതത്തിന്റെ അന്തസത്തയെ തന്നെ ഹനിക്കുന്ന തീര്‍പ്പാണിത്. പക്ഷേ, സമുദായത്തിലെ ഏതെങ്കിലും നേതാവോ നിയമജ്ഞരോ ഈ ‘കണ്ടുപിടിത്തത്തിനെതിരെ’ രംഗത്തുവരുകയോ കോടതിയുടെ തെറ്റായ നിഗമനങ്ങളെ തിരുത്തുന്നതിനുള്ള നീക്കങ്ങള്‍ നടത്താന്‍ ആര്‍ജവം കാണിക്കുകയോ ചെയ്തില്ല.
ഭൂമി ഏറ്റെടുക്കല്‍ നിയമം തന്നെ ഭരണഘടനാവിരുദ്ധമാണെന്നാണ് ജസ്റ്റിസ് ബറൂചയും അഹ്മദിയും ന്യൂനപക്ഷവിധിയില്‍ തറപ്പിച്ചുപറഞ്ഞത്. ‘Section 7 (2) perpetuates the performance of puja on the disputed site. No account is taken of the fact that the structure thereon had been destroyed in a most reprehensible act. The perpetrators of this deed struck not only against a place of worship but at the principles of secularism, democracy and the rule of law…’ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ 7 (2) വകുപ്പ് തര്‍ക്കസ്ഥലത്ത് പൂജ തുടര്‍ന്നും നടത്താന്‍ അനുമതി നല്‍കുകയാണ്. തല്‍സ്ഥാനത്തുണ്ടായിരുന്ന ദേവാലയം അത്യന്തം നികൃഷ്ടമായ രീതിയിലാണ് നശിപ്പിച്ചതെന്ന വസ്തുത അശേഷം പരിഗണിച്ചില്ല. ഈ നിഷഠൂരതകള്‍ നടപ്പാക്കിയവര്‍ ആരാധനാലയത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചില്ല എന്ന് മാത്രമല്ല, മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെ അടിസ്ഥാന തത്ത്വങ്ങളെയാണ് കാറ്റില്‍ പറത്തിയത്.’ എന്നിട്ടും, അവര്‍ക്ക് ആരാധന നടത്താന്‍ അനുമതി നല്‍കുകയും നൂറ്റാണ്ടുകളായി അവിടെ ആരാധന നടത്തിയ മുസ്‌ലിംകളെ പുറത്തുനിറുത്തുകയും ചെയ്ത ജസ്റ്റിസ് ജെ.എസ് ശര്‍മ, എം.എന്‍ വെങ്കിടചെല്ലയ, ജി.എന്‍ റാവു എന്നിവരുടെ തീര്‍പ്പിനോട് രണ്ടു മുതിര്‍ന്ന ന്യായാധിപന്മാര്‍ വിയോജിച്ചത് പോലും വേണ്ടവിധം വിലയിരുത്തപ്പെട്ടില്ല. മുല്ലയുടെ ‘പ്രിന്‍സിപ്പ്ള്‍സ് ഓഫ് മുഹമ്മദന്‍സ് ലോ’യിലെ 217ാം വകുപ്പ് ഉദ്ധരിച്ചാണ് പള്ളിക്ക് ഇസ്‌ലാമില്‍ വലിയ പ്രാധാന്യമൊന്നുമില്ലെന്ന് വിധിന്യായത്തില്‍ കുറിച്ചിട്ടത്. ആരൊക്കെയോ എഴുതിവെച്ച വിവരക്കേടുകള്‍ ചൈതന്യവത്തായ ഒരു നാഗരികതയുടെ പ്രതിനിധാനങ്ങളെ നിഷേധിക്കാനായി അവതരിപ്പിക്കുന്നത് എത്ര ലാഘവത്തോടെയാണെന്ന് ഒന്നാലോചിച്ചുനോക്കൂ! അതുകൊണ്ട് തന്നെ ഇസ്മാഈല്‍ ഫാറൂഖി കേസ് തിരുത്തിയെഴുതാന്‍ അടിയന്തര നടപടികള്‍ ന്യായാസനത്തെ പ്രേരിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ബാബരി മസ്ജിദ് കേസിനെ പോലും അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

സ്വാമിയുടെ പൊള്ളവാദങ്ങള്‍
ബാബരി മസ്ജിദ് അക്രമികളാല്‍ നിര്‍മിക്കപ്പെട്ട ഒരു ദേവാലയമായത് കൊണ്ട് അത് തകര്‍ത്തതില്‍ ദുഃഖിക്കാനൊന്നുമില്ല എന്ന വൃത്തികെട്ട വാദമാണ് സുബ്രഹ്മണ്യസ്വാമിയെ പോലെ വിവരമുണ്ടെന്ന് നമ്മള്‍ ധരിക്കുന്ന ഹിന്ദുത്വവാദികള്‍ മുന്നോട്ടുവെക്കുന്നത്. പള്ളി പണിയുന്നതിന് മുമ്പ് തല്‍സഥാനത്ത് ക്ഷേത്രം ഉണ്ടായിരുന്നുവോ എന്നത് തീരുമാനിക്കാന്‍ ശാസ്ത്രീയപഠനം നടത്താന്‍ അലഹബാദ് ഹൈകോടതി നിര്‍ദേശിച്ച പ്രകാരം രാജ്യത്തെ പ്രശസ്തരായ പുരാവസ്തുഗവേഷകരായ ബി.ബി ലാലും കെ. കെ മുഹമ്മദും 2002ല്‍ നടത്തിയ പര്യവേക്ഷണത്തില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്വാമി തട്ടിവിടുന്നുണ്ട്. 2002ല്‍ മേല്‍പറഞ്ഞവരുടെ നേതൃത്വത്തില്‍ ഉത്ഖനനമോ ഗവേഷണമോ നടന്നിട്ടില്ല. 197677ല്‍ അയോധ്യയില്‍ പ്രഫ. ലാല്‍ നടത്തിയ പര്യവേക്ഷണത്തില്‍ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു തെളിവും കിട്ടിയിരുന്നില്ല. അദ്ദേഹം അന്ന് സമ്മതിച്ച സത്യമാണത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മാറ്റിപറഞ്ഞുവോ എന്നേ അറിയാനുള്ളൂ. മലയാളിയായ കെ.കെ മുഹമ്മദ് അന്ന് അലീഗര്‍ മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി എന്ന നിലയില്‍ അത് നിരീക്ഷിക്കാന്‍ പോയിട്ടുണ്ടാവാം. അല്ലാതെ, പഠനസംഘത്തില്‍ അംഗമാവാന്‍ സാധ്യതയില്ല. എന്നിട്ടും ഒരുദ്യോഗസ്ഥന്‍ എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി പോലും വാങ്ങാതെ, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതെന്നതിന് ‘തെളിവുകളുമായി’ കെ. കെ മുഹമ്മദ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ വായനക്കാരുടെ കത്തിലൂടെ കടന്നുവന്നത് അക്കാലത്ത് വന്‍വിവാദം സൃഷ്ടിച്ചിരുന്നു. എന്തുകൊണ്ട് അദ്ദേഹം ഇത്തരമൊരു നിലപാടെടുത്തു എന്നതിന് ‘ഞാനെന്ന ഭാരതീയന്‍’ എന്ന ആത്കഥയിലെ ഏതാനും വരികള്‍ വായിച്ചാല്‍ മനസ്സിലാവും. സലാലയില്‍ മലയാളികള്‍ നല്‍കിയ ഒരു സ്വീകരണത്തില്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചെത്ര: ”ഒരു മുസ്‌ലിമിന് മക്കയും മദീനയും എത്ര പ്രാധാന്യമേറിയതാണോ അത്രത്തോളം വിലപ്പെട്ടതാണ് ഒരു ഹിന്ദുവിന് അയോധ്യ. മക്കയും മദീനയും മറ്റൊരു മതസ്ഥരുടെ കൈയിലാവുന്നത് ഒരു മുസ്‌ലിമിന് ആലോചിക്കുക കൂടി വയ്യ. ഹിന്ദുബഹുഭൂരിപക്ഷപ്രദേശമായിട്ടും തങ്ങളുടെ ആരാധനാലയങ്ങള്‍ മറ്റു മതക്കാരുടെ കൈപ്പിടിയിലായ ഒരു സാധാരണ ഹിന്ദുവിന്റെ ആത്മവിലാപം കേള്‍ക്കാന്‍ മുസ്‌ലിംകള്‍ തയാറാവണം. ബാബരി മസ്ജിദ് രാമജന്മസ്ഥാനമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുമ്പോള്‍ മുഹമ്മദ് നബിയുമായി ഈ സ്ഥലത്തിന് ബന്ധമില്ല, സഹാബികളുമായും ഖുലഫാഉറാഷിദീങ്ങളുമായും ബന്ധമില്ല. താബിഉകളും ഔലിയാക്കളും സലഫുസ്സാലിഹീങ്ങളുമായി ബന്ധമില്ല. മുഗള്‍ സ്ഥാപനായ ബാബറുമായി മാത്രമേ ഇതിന് ബന്ധമുള്ളൂ. അങ്ങനെയുള്ള ഒരു പള്ളിക്കുവേണ്ടി എന്തിനിത്ര വാശിപിടിക്കണം”. എത്ര ബാലിശവും യുക്തിഹീനവുമായ വാദം. ഒരാധുനിക മതനിരപേക്ഷ സങ്കല്‍പത്തില്‍ ഭൂരിപക്ഷത്തിന്റെ വാദത്തിന് ന്യൂനപക്ഷം കീഴ്‌പ്പെടണമെന്ന് വാദിക്കുന്നത് എത്ര ജനായത്തവിരുദ്ധം? രാമക്ഷേത്രം ഇവിടുത്തെ യഥാര്‍ത്ഥ ഹൈന്ദവവിശ്വാസിയുടെ അജണ്ടയിലേ ഇല്ലാത്ത ഒന്നാണെന്നും രാഷ്ട്രീയ ഹിന്ദുത്വയുടെ ഗൂഢപദ്ധതിയില്‍ തെളിഞ്ഞുവന്ന അധികാര മേല്‍ക്കോയ്മയുമായി ബന്ധപ്പെട്ട വികലചിന്തയാണെന്നും മനസ്സിലാക്കാന്‍ വലിയ ബുദ്ധിവൈഭവമൊന്നും ആവശ്യമില്ല. ഏതായാലും സുബ്രഹ്മണ്യസ്വാമിയും സമാന ചിന്തയിലൂടെയാണ് സഞ്ചരിക്കുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന മതസ്വാതന്ത്ര്യത്തില്‍ പള്ളികള്‍ സ്ഥാപിക്കാനും അവിടെ ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ഉള്‍പ്പെടില്ല. അതേസമയം, രാമന്‍ ജനിച്ചതായി താന്‍ വാദിക്കുന്ന സ്ഥാനത്തു തന്നെ പ്രാര്‍ത്ഥന നടത്താനുള്ള തന്റെ മൗലികാവകാശം പരമോന്നത നീതിപീഠം വകവെച്ചുകൊടുക്കുകയും വേണം. ഇതാണ് സ്വാമിയുടെ മുഖ്യവാദം. ഇത്തരം അര്‍ത്ഥശൂന്യമായ വാദങ്ങള്‍ക്ക് ശേഷം അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍ ശ്രീരാമനെ, ‘ഇമാമുല്‍ ഹിന്ദ്’ എന്ന് വിശേഷിപ്പിച്ചത് കൊണ്ട് തര്‍ക്കസ്ഥലത്തിന്മേലുള്ള അവകാശവാദം കൈവെടിയാന്‍ അവര്‍ക്ക് ബാധ്യതയുണ്ട് എന്ന് കൂടി തട്ടിവിടുകയാണ്.

ഇസ്‌ലാമും മസ്ജിദും
ഇസ്‌ലാമില്‍ മസ്ജിദിനുള്ള സ്ഥാനം എന്താണെന്ന് മുസ്‌ലിം നാഗരികതയെ കുറിച്ച് പ്രാഥമിക ജ്ഞാനമുള്ളവര്‍ക്ക് നന്നായി അറിയാം. മുഹമ്മദ് നബി(സ) മദീനയിലേക്ക് ഹിജ്‌റ പോയപ്പോള്‍ ആദ്യമായി ചെയ്തത് പള്ളിക്ക് ശിലാസ്ഥാപനം നടത്തുകയായിരുന്നു. പള്ളി നബിയുടെ കാലത്തും പിന്നിട്ട കാലഘട്ടങ്ങളിലും ഇസ്‌ലാമിക ഭരണകൂടത്തിന്റെ ആസ്ഥാനവും സാംസ്‌കാരിക കേന്ദ്രവുമായിരുന്നു. ഇസ്‌ലാമിന്റെ സമത്വജീവിത വീക്ഷണം പ്രയോഗവത്കരിക്കപ്പെട്ടത് പള്ളിയുടെ അകത്തളങ്ങളിലാണ്. അത് വിജ്ഞാനകേന്ദ്രവും ഉല്‍ബോധന പ്രഭവസ്ഥാനവും ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ആസ്ഥാനമന്ദിരവുമായിരുന്നു. ഇസ്‌ലാമിന്റെ ദിശ നിര്‍ണയിക്കുന്നത് ഒരു പള്ളിയാണ്. മസ്ജിദുല്‍ ഹറാമിനും മസ്ജിദുന്നബവിക്കും ബൈത്തുല്‍ മുഖദ്ദിസിനും ഇസ്‌ലാം കല്‍പിച്ച പാവനത ആ പള്ളിയുടെ ചരിത്രവും സ്ഥാനവും പൈതൃകവും കണക്കിലെടുത്താണ്. പള്ളി ഏത് നാട്ടിലായാലും കാട്ടിലായാലും ദൈവത്തിന്റെ ആലയവും പാവനമായ നിര്‍മിതിയുമാണ്. അത് പൊളിക്കാനുള്ളതല്ല, കൂടുതല്‍ ഉയരത്തില്‍ കെട്ടിപ്പടുക്കാനുള്ളതാണ്. പള്ളികളിലെ പ്രാര്‍ത്ഥനക്ക് മതം കല്‍പ്പിച്ച പ്രാധാന്യം ഇസ്‌ലാമിനെ കുറിച്ച് പഠിക്കാത്തവര്‍ക്ക് അറിയണമെന്നില്ല. വീട്ടില്‍ വെച്ച് നിസ്‌കരിക്കുന്നതിനെക്കാള്‍ 27 ഇരട്ടി പുണ്യം പള്ളിയില്‍വെച്ചാകുമ്പോള്‍ ലഭിക്കുമെന്ന് മുഹമ്മദ് നബിയുടെ അധ്യാപനമുണ്ട്.
ബാബരി മസ്ജിദിന്റെ സ്വാതന്ത്ര്യപൂര്‍വ ചരിത്രം പരിശോധിച്ചാല്‍ അറിയാം ബ്രിട്ടീഷ് ഭരണകൂടവും കോടതിയും അതിന്റെ വിശുദ്ധി കളങ്കപ്പെടുത്താനോ മസ്ജിദിനകത്തെ പ്രാര്‍ഥന തടസ്സപ്പെടുത്താനോ ഒരാളെയും അനുവദിച്ചിട്ടില്ലെന്ന്. 1587ലെ ഒന്നാം സ്വാതന്ത്ര്യസമരം തുറന്നുവിട്ട ബ്രിട്ടീഷ് വിരുദ്ധവികാരത്തെ തുടര്‍ന്ന് ഭരണകൂടം കൈകൊണ്ട ഭിന്നിപ്പിച്ചുഭരിക്കല്‍ നയത്തിന്റെ ഭാഗമായാണ് അയോധ്യയില്‍ സംഘര്‍ഷം വളരുന്നത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത ഹിന്ദുമുസ്‌ലിം നേതാക്കളെയും പരോഹിതന്മാരെയും മരത്തില്‍ കെട്ടിത്തൂക്കി കൊന്ന ശേഷം ചെയ്ത മുഖ്യപ്രവൃത്തി ഇരുസമുദായങ്ങളെയും വിഘടിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയായിരുന്നു. 1961ന് ശേഷം മതസംഘര്‍ഷം ഉടലെടുത്തപ്പോള്‍ പള്ളിക്കു ചുറ്റും മതില്‍ കെട്ടുകയും പുറത്ത് ഛബുത്രയില്‍ ആരാധനക്കെത്തുന്നവരെ പള്ളിയങ്കണത്തിലേക്ക് കടത്തുന്നത് വിലക്കുകയും ചെയ്തു. ബാബരിപ്പള്ളിക്ക് അരികിലുള്ള ഛബുത്ര ഉപയോഗിക്കുന്നതിനെ കുറിച്ച് മാത്രമാണ് ആദ്യകാലത്ത് തര്‍ക്കമുണ്ടായിരുന്നത്. അല്ലാതെ, ബാബരി മസ്ജിദിന്റെ കാര്യത്തില്‍ സ്ഥലത്തെ ഹിന്ദുക്കളാരും അവകാശവാദം ഉന്നയിച്ചിരുന്നില്ല. എന്നാല്‍, 1861ല്‍ ഫൈസാബാദിലെ കമീഷണര്‍ ആന്റ് സെറ്റില്‍മെന്റ് ഓഫീസര്‍ ഒരു പുസ്തകം തയാറാക്കുന്നതോടെയാണ് പ്രശ്‌നത്തിന് നാന്ദികുറിക്കുന്നത്. ആ പുസ്തകത്തില്‍ അദ്ദേഹം എഴുതിയത് ഇങ്ങനെ: ‘It seems that in 1528 Babar visited Ayodhya and under his orders this ancient temple was destroyed’.1528ല്‍ ബാബര്‍ അയോധ്യ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം ജന്മസ്ഥാനിലുണ്ടായിരുന്ന ക്ഷേത്രം തകര്‍ത്തതായും തോന്നുന്നുവെന്ന്. ആ തോന്നലാണ് കള്ളതെളിവുകള്‍ പടച്ചുണ്ടാക്കാനും ഒരു രാജ്യത്തിന്റെ മുന്നേറ്റത്തെ തടയിടാനും ഒരു നൂറ്റാണ്ടിനു ശേഷം വിദ്വേഷപ്രചാരകര്‍ക്ക് അവസരമൊരുക്കിക്കൊടുത്തത്.
മതത്തെ വ്യാഖ്യാനിക്കാനും ശരീഅത്ത് നിയമത്തില്‍ കൈകടത്താനുമുള്ള കോടതിയുടെ ശ്രമങ്ങളെ എല്ലാകാലത്തും മുസ്‌ലിം സമൂഹം എതിര്‍ത്തിട്ടുണ്ട്. മുസ്‌ലിം വ്യക്തിനിയമബോര്‍ഡിന്റെ പിറവി പോലും അത്തരമൊരു സാഹചര്യത്തിലാണ്. പള്ളി എന്ന ഇസ്‌ലാമിക സ്ഥാപനത്തെ മതത്തിന്റെ ആത്മീയചൈതന്യം ചോരുംവിധം വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാല്‍ അത് തിരുത്തിക്കാനുള്ള ബാധ്യത വിശ്വാസികള്‍ക്കുണ്ടെന്ന് ഓര്‍മപ്പെടുത്താതെ വയ്യ.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login