ഒന്നുമില്ലാതെ ഓടിയെത്തിയവരോടൊപ്പം

ഒന്നുമില്ലാതെ ഓടിയെത്തിയവരോടൊപ്പം

ഡാം തുറക്കുമെന്നും വൈകീട്ടോടുകൂടി ആലുവ മുഴുവനും വെള്ളത്തിലാവുമെന്നുള്ള വാര്‍ത്ത കേട്ട് പലരുടെയും വീടുകളില്‍നിന്നും വിളിയും കരച്ചിലുമെല്ലാം ഉയര്‍ന്നപ്പോഴാണ് ഞങ്ങള്‍ കുസാറ്റ് അതുല്യ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ആളുകളെല്ലാം കൂടി ഹോസ്റ്റലില്‍ താമസിക്കേണ്ടിവന്നാല്‍ കരുതിവെക്കേണ്ടുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിച്ചുതുടങ്ങിയത്. പലര്‍ക്കും വീടുകളിലേക്കു പോകാനുള്ള വഴി അടഞ്ഞയിടത്ത് ഒരാഴ്ചക്കാലത്തേക്കുള്ളത് കരുതിവെക്കുക എന്നതില്‍പരം ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാനുമുണ്ടായിരുന്നില്ല. ഒന്നിച്ചുനില്‍ക്കുക, കൂട്ടായിരിക്കുക എന്നതുള്‍ക്കൊണ്ട് പറ്റാവുന്നയത്രയും വെള്ളം ശേഖരിച്ചുവെക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മൊബൈല്‍ഫോണ്‍ അടക്കം ഉപകരണങ്ങളും ചാര്‍ജ്‌ചെയ്തുവെക്കണം. രാവിലെ ഹോസ്റ്റല്‍ സെക്രട്ടറിയും, മെസ് സെക്രട്ടറിയും ശേഖരിച്ചുവെക്കേണ്ട ഭക്ഷ്യസാധനങ്ങളുടെയും, അവശ്യമരുന്നുകളുടെയും ഒരു ലിസ്റ്റ് തയാറാക്കുകയും അതെല്ലാം മേടിച്ചുവെക്കാന്‍ ഹോസ്റ്റലിലെത്തന്നെ മറ്റു കുട്ടികളെ ഏര്‍പ്പാടാക്കുകയും ചെയ്തു. തുടര്‍ന്നൊരു ചെറിയ മീറ്റിംഗ് വിളിച്ച് ഹോസ്റ്റലില്‍ താമസിക്കാനിടയുള്ള എല്ലാവരുടെയും ലിസ്റ്റ് തയാറാക്കുകയും ഏറ്റവും പ്രാധാന്യം നല്‍കി ചെയ്യേണ്ടുന്നതും, ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെപ്പറ്റി വിവരിച്ചുനല്‍കുകയും ചെയ്തു. തുടര്‍ന്ന് അതുല്യക്കുചുറ്റുമുള്ള മറ്റു ഹോസ്റ്റലുകളില്‍ ചെന്ന് അവിടെയുള്ള കുട്ടികളോടും കാര്യത്തിന്റെ ഗൗരവത്തെയും നേരിടാന്‍ പോകുന്ന അവസ്ഥ കൈകാര്യം ചെയ്യേണ്ടുന്ന വിധത്തെയുംപറ്റി ചെറുവിവരണം നല്‍കി. അന്ന്, പതിനാറാംതീയതി ഏകദേശം ഉച്ചയോടുകൂടിയാണ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ് കാമ്പസ് അഭയാര്‍ത്ഥികാമ്പ് ആക്കുവാന്‍ തീരുമാനമായെന്നും, അതിനായുള്ള സജ്ജീകരണങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചെന്നും അറിയുന്നത്.

തുടര്‍ന്ന് ക്യാമ്പുകളിലേക്ക് വെള്ളം നിറച്ചുവെക്കാനാവശ്യമായ ടാങ്കുകള്‍ ഹോസ്റ്റലുകളില്‍നിന്നും എത്തിച്ചുകൊടുക്കണമെന്ന ആവശ്യം അറിയിച്ചപ്പോള്‍ ഒഴിഞ്ഞ ടാങ്കുകള്‍ ശേഖരിച്ച്, വൃത്തിയാക്കി അതാത് ഹോസ്റ്റലുകളുടെ പേരെഴുതി കൊടുത്തുവിടുമ്പോഴാണ് ക്യാമ്പില്‍ വൃത്തിയാക്കാനും മറ്റുമായി ഒരുപാട് ആളുകളെ ആവശ്യമുണ്ടെന്ന് അവരറിയിച്ചത്. തുടര്‍ന്ന് അതുല്യഹോസ്റ്റലില്‍ ഉണ്ടായിരുന്ന മിക്കവാറും കുട്ടികള്‍ നേരെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലേക്ക് തിരിച്ചു. അവിടെയെത്തുമ്പോള്‍ അപ്പോള്‍ത്തന്നെ കുസാറ്റില്‍ വീടുകളിലേക്കുപോകാതെ നിന്നിരുന്ന ഒട്ടുമിക്ക കുട്ടികളും, പുറമെനിന്നുള്ള സന്നദ്ധ പ്രവര്‍ത്തകരും പലവിധ ജോലികളുമായി ഉണ്ടായിരുന്നു. വൈകീട്ടോടുകൂടി ഏകദേശം പതിനഞ്ചോളം ആളുകളെ ക്യാമ്പിലേക്കെത്തിക്കുകയും തുടര്‍ന്ന് അവരെ തിരിച്ചുകൊണ്ടുപോകുകയും ചെയ്തു. മിക്കവാറും പതിനേഴിനായിരിക്കും ക്യാമ്പുതുടങ്ങുക എന്ന വിവരംലഭിച്ചതിനുപിന്നാലെ ആയിരത്തിനടുത്ത് ആളുകളെയും കൊണ്ട് പല ക്യാമ്പുകളില്‍നിന്നുമായി വണ്ടികള്‍ എത്തിത്തുടങ്ങി. അഞ്ഞൂറുപേരെങ്കിലും എന്നുപറഞ്ഞിടത്താണ് ആയിരം. വന്നുകയറിയ ആളുകള്‍ക്കെല്ലാം എങ്ങനെ ഭക്ഷണമെത്തിക്കാം എന്നായിരുന്നു അപ്പോഴത്തെ ചിന്ത. അതിനായി കുട്ടികളോടൊപ്പം നാട്ടുകാരും ചേര്‍ന്നപ്പോള്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ സജ്ജീകരിച്ച നാലു ബ്ലോക്കുകളിലെയും ആളുകള്‍ക്ക് ആ നേരത്തെ ഭക്ഷണമൊരുക്കുകയും അന്നത്തെദിവസത്തെ മറികടക്കുകയും ചെയ്തു.

പ്രതീക്ഷകളുടെ ഒരുതരിമ്പുപോലുമില്ലാതെ എത്തിയ ഒരുകൂട്ടമാളുകള്‍, പരാതികള്‍, പരിഭവങ്ങള്‍. രാവിലെ ഭക്ഷണമെത്തിക്കാമെന്നു പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല, മറ്റു സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നില്ല. അതുവരെ പലരില്‍നിന്നുമായി ശേഖരിച്ചു വച്ചിരുന്ന ബ്രെഡും ജാമും പഴവുമെല്ലാമായി പ്രഭാതഭക്ഷണം ഒരുക്കുകയും ഏകദേശം പതിനൊന്നുമണിയോടുകൂടി കഞ്ഞിയും മറ്റുമായി ഉച്ചഭക്ഷണം തയാറാക്കാം എന്നവ്യവസ്ഥയില്‍ ക്യാമ്പിലെത്തന്നെ അന്തേവാസികള്‍ തയാറാവുകയും ചെയ്തപ്പോഴാണ് ഇന്ത്യന്‍ നേവി കുസാറ്റ് കാമ്പസ് ഏറ്റെടുക്കുകയാണെന്ന സന്ദേശം ലഭിച്ചത്. അതിലും ആശ്വാസം പകരുമായിരുന്ന ഒരു അറിയിപ്പ് ലഭിക്കുമായിരുന്നില്ല ആ സമയത്ത്. നേവി വന്നിറങ്ങിയെങ്കിലും ഒരുപാട് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. പ്രധാനമായും ആലുവ യുസി കോളജിലേക്കായിരുന്നു ഇന്ത്യന്‍ നേവിയുടെ സഹായം കളക്ടര്‍ ആവശ്യപ്പെട്ടിരുന്നത്. അവിടെ വെള്ളം നിറഞ്ഞതുകൊണ്ടും എത്തിപ്പെടുവാനുള്ള സാധ്യത വളരെ കുറവായതുകൊണ്ടും രണ്ടാമതൊരു സ്ഥലമായാണ് അവര്‍ കുസാറ്റിനെ കരുതിയിരുന്നത്. രണ്ടാമതായി അയ്യായിരം പേര്‍ക്കെങ്കിലും ഭക്ഷണം തയാറാക്കണമെന്ന കരുതലുകളുമായി വന്ന നേവി ഓഫീസര്‍മാരെ സംബന്ധിച്ചു ആയിരത്തിനടുത്താളുകളെന്ന് പറയുമ്പോള്‍ റിസോഴ്‌സസ് ഉപയോഗിക്കാന്‍ സാധിക്കാതെ പോകലുമാകും. തുടര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവില്‍ കുസാറ്റിനോടൊപ്പംതന്നെ തൊട്ടടുത്തുള്ള ക്യാമ്പുകളായ ഭാരത്മാതാ, കരുണാലയം, കാര്‍ഡിനല്‍ ഹൈസ്‌കൂള്‍, യുസി കോളജ്, നിപുണ്യ തുടങ്ങിയ ഇടങ്ങളിലേക്കും ഭക്ഷണം തയാറാക്കാം എന്ന വ്യവസ്ഥയോടെ ഇന്ത്യന്‍ നേവി തങ്ങളുടെ കമ്മ്യൂണിറ്റി കിച്ചണ്‍ കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ സ്ഥാപിച്ചു. പതിനേഴാംതിയ്യതി ഉച്ചയോടുകൂടി ഭക്ഷണം വിളമ്പുക എന്ന ദൗത്യം പൂര്‍ണമായും ഇന്ത്യന്‍ നേവിയില്‍ നിക്ഷിപ്തമായപ്പോള്‍ രാവിലെ അഞ്ചുമണിക്ക് ചായ, ഏഴരയോടുകൂടി പ്രാതല്‍, പത്തുമണിക്കുശേഷം മറ്റൊരുചായ, പന്ത്രണ്ടരയോടുകൂടി ഉച്ചയൂണ്‍, മൂന്നുമണിക്ക് വീണ്ടും ചായ, തുടര്‍ന്ന് ഏഴരയോടുകൂടി അത്താഴം എന്ന കണക്കില്‍ ക്യാമ്പിനെ മാറ്റി പ്പണിയുക കൂടിയായിരുന്നു നേവി.

അതുവരെ കുട്ടികളുടെയും തദ്ദേശവാസികളുടെയും, മറ്റുസുമനസുകളുടെയും പ്രവര്‍ത്തനത്തില്‍ നടന്നുകൊണ്ടിരുന്ന ക്യാമ്പിനെ വളരെ ഓര്‍ഗനൈസ് ചെയ്ത് സിസ്റ്റമാറ്റിക്കായി മാറ്റിയെടുത്തത് നേവിയുടെ വരവോടുകൂടിയാണ്. പതിനേഴിന് ഏകദേശം ഉച്ചയോടുകൂടി ഒരു മീറ്റിംഗ് വിളിക്കുകയും ഒരു ഓര്‍ഗനൈസേഷന്‍ ചരട് തയാറാക്കി ഓരോകുട്ടികള്‍ക്കും തങ്ങളുടെ ജോലി വ്യക്തമായി മനസിലാകുന്ന രീതിയില്‍ ക്യാമ്പിനെ ക്രമീകരിക്കുകയുമാണ് നേവിയിലെ ഉദ്യോഗസ്ഥര്‍ ആദ്യം ചെയ്തത്. ഓരോ ബ്ലോക്കിനും ഒരു കോര്‍ഡിനേറ്ററെ നിയോഗിച്ചു. അവര്‍ക്കുകീഴില്‍ വോളന്റിയര്‍മാരെ സജ്ജമാക്കി. ക്യാമ്പിനും, ബ്ലോക്കുകള്‍ക്കെല്ലാമായി ഒരു മെയിന്‍ കോര്‍ഡിനേറ്ററെയും നിശ്ചയിച്ചു. ഭക്ഷണം നേവി ഏറ്റെടുത്തു എങ്കിലും ക്യാമ്പുകളില്‍ എത്തിയ ആളുകള്‍ക്കായി ശേഖരിച്ചുവെച്ചിരുന്ന വസ്ത്രവും, മറ്റു പ്രധാന സാധനങ്ങളുടെ സ്റ്റോറും, അവശ്യ ഭക്ഷ്യ സാധനങ്ങളുടെ സ്റ്റോറും പ്രത്യേകമായി നിലനിര്‍ത്തുകയും അതിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനും, ആവശ്യമുള്ളയാളുകള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനുമായും രണ്ടു കോര്‍ഡിനേറ്റേഴ്‌സിനെ പ്രത്യേകം നിശ്ചയിക്കുകയും ചെയ്തിരുന്നു. അതില്‍ തന്നെ ഭക്ഷണ സാധനകളടങ്ങുന്ന സ്റ്റോര്‍ നേവിയുടെ കീഴിലായിരുന്നു പ്രവര്‍ത്തനസജ്ജമാക്കിയത്. ഇതുകൂടാതെ നേവിയുടെ ഡോക്ടര്‍മാരടക്കം പതിനഞ്ചോളം സ്ഥിര ഡോക്ടര്‍മാരടങ്ങുന്ന അലോപ്പതി, ആയുര്‍വേദ, ഹോമിയോ ഡോക്ടര്‍മാരുടെ മെഡിക്കല്‍ ടീം കൂടി രൂപപ്പെടുത്തിയിരുന്നു. വോളന്റിയര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള കേന്ദ്രവും, ഹെല്‍പ് ഡെസ്‌കും, ഡാറ്റാ എന്‍ട്രി ഡെസ്‌കുമെല്ലാമായി അത്രമേല്‍ കാര്യക്ഷമമായാണ് ഇന്ത്യന്‍ നേവിയുടെ കീഴില്‍ തുടര്‍ദിവസങ്ങളില്‍ കുസാറ്റ് ക്യാമ്പ് പ്രവര്‍ത്തിച്ചത്. അത്രയും നേരത്തില്‍നിന്നും വിഭിന്നമായി പിന്നീടങ്ങോട്ട് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമവും, ക്യാമ്പുകളില്‍ വന്ന ആളുകളെയെല്ലാം അത്ഭുതപ്പെടുത്തുന്നതുമായിരുന്നു.

തുടര്‍ന്നും പല ക്യാമ്പുകളില്‍നിന്നുമായി നിരവധിയാളുകളെ കുസാറ്റിലേക്ക് എത്തിച്ചുകൊണ്ടിരുന്നു. അവരെയെല്ലാം മെയിന്‍ കാമ്പസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ്, ഇന്‍സ്ട്രുമെന്റേഷന്‍, ഓള്‍ഡ് എസ്. ഓ. ഇ, ഷിപ് ടെക്‌നോളജി, സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയ ഇടങ്ങളില്‍ ആണ് പാര്‍പ്പിച്ചിരുന്നത്. കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗും, മെയിന്‍ കാമ്പസിലുമടക്കം ഏകദേശം മൂവായിരത്തോളമാളുകളും, പുറത്തുനിന്നുള്ള ക്യാമ്പുകളിലേതുകൂടിയായാല്‍ അയ്യായിരത്തിനുമുകളിലുമായി അംഗസംഖ്യ. പിരിച്ചുവിടുമ്പോഴേക്കും ഏകദേശം ഒരു ലക്ഷത്തില്‍പരം ആളുകള്‍ക്കായി ഇന്ത്യന്‍ നേവി ഭക്ഷണം തയാറാക്കുകയുണ്ടായി. ക്യാമ്പില്‍ വന്ന ഓരോ അംഗങ്ങളും വയറും മനസും നിറച്ചാണ് അവിടെനിന്നും യാത്രയായത്. ക്യാമ്പിലുണ്ടായിരുന്ന കുട്ടികളുടെ പെരുമാറ്റവും, സൗകര്യങ്ങളും സാധങ്ങളുമെല്ലാം ആളുകളെ എത്രമേല്‍ സന്തോഷിപ്പിച്ചിരുന്നു എന്നത് അവരുടെ വാക്കുകളില്‍നിന്നറിയാം. തലയില്‍ കൈവെച്ചനുഗ്രഹിച്ചും, പ്രാര്‍ത്ഥനയില്‍ നിങ്ങളേവരും എന്നുമുണ്ടാവുമെന്നെല്ലാം പറഞ്ഞിറങ്ങിയ ഓരോ ആളുകളും അത്രമേല്‍ മനസില്‍ തട്ടിത്തന്നെയായിരുന്നു പറഞ്ഞിരുന്നതെന്നും ഓരോ കുട്ടികളുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളില്‍നിന്നും മനസിലാക്കുവാന്‍ സാധിക്കുമായിരുന്നു. നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ക്യാമ്പിലെയും, പുറത്തുനിന്നു വന്നവരുടെയും, അധ്യാപകരുടെയുമെല്ലാം അഭിനന്ദനവും എല്ലാവര്‍ക്കും കിട്ടി.

ക്യാമ്പിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടത്തിപ്പോന്ന നിരവധി പരിപാടികളിലൂടെ പ്രതീക്ഷയറ്റ നിരവധിയാളുകളെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താനായി എന്നതും മഹത്തരമായ കാര്യമായി. ക്യാമ്പ് തുടങ്ങി രണ്ടുദിവസം പിന്നിട്ടപ്പോഴേക്കും നന്നായി മാനേജ് ചെയ്തുതുടങ്ങിയതിനാല്‍ പിന്നീട് വലിയ ഒരു പ്രൊജക്ടര്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ന്യൂസ് വച്ചുനല്‍കുകയും, നാടന്‍പാട്ടടക്കമുള്ള പരിപാടികള്‍ ക്യാമ്പിലെ ആളുകള്‍ക്കായി സജ്ജീകരിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ ബക്രീദിന് മൈലാഞ്ചി അണിയിക്കുന്ന മത്സരവും, കുട്ടികള്‍ക്കായി ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിക്കുന്നതിലും ക്യാമ്പിലെ അംഗങ്ങള്‍ ശ്രദ്ധപുലര്‍ത്തി. സ്‌നേഹവും കരുതലുമുള്ള ഇടപെടലുകളും സേവനങ്ങളും ഉത്തരവാദിത്വമായിക്കണ്ട യുവജനതയുടെയും, ചുറ്റിലുമുള്ള ആളുകളുടെയും, ഇന്ത്യന്‍ നേവിയുടെയും പ്രവര്‍ത്തനങ്ങള്‍ അത്രമേല്‍ ശ്ലാഘനീയമായിരുന്നു. ക്യാമ്പിലെ ആളുകള്‍ ഭാഷണകാര്യത്തില്‍പോലും ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ആരംഭിച്ചത് അവരുടെ സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ ആദ്യപടിയായിക്കാണുവാനായി. ക്യാമ്പില്‍നിന്ന് റെസ്‌ക്യൂ ഓപറേഷനുപോയ ഉദ്യോഗസ്ഥര്‍ പങ്കുവെച്ച വിവരങ്ങളില്‍ മലയാളിയുടെ മാറിയ രീതികളില്‍ വീടുനിര്‍മാണം ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളെ എത്രമേല്‍ ബാധിച്ചു എന്നത് മനസിലാക്കാനും, ഒപ്പം ഭക്ഷണകാര്യങ്ങളില്‍ മലയാളി പുലര്‍ത്തിയിരുന്ന പല ശാഠ്യങ്ങളും അലിഞ്ഞില്ലാതാകുന്നതുകാണാനുമായി. ജീവന്‍ കയ്യില്‍പിടിച്ചോടുമ്പോള്‍ അതുവരെ നേടിയതെല്ലാം വിട്ടുകളയേണ്ടിവന്ന വേദനയെ ലഘൂകരിക്കുവാനല്ലാതെ ഇനിയെന്തെന്ന ചോദ്യത്തിന് മറുപടിയില്ലായിരുന്നു പലപ്പോഴും. ക്യാമ്പംഗങ്ങളെയെല്ലാം ആവുംവിധം സന്തോഷിപ്പിക്കാനായിരുന്നു ഓരോ സന്നദ്ധ പ്രവര്‍ത്തകനും ശ്രമിച്ചുകൊണ്ടിരുന്നത്.
സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ആളുകള്‍ക്ക് ക്യാമ്പിനകത്തും ബാക്കി ക്യാമ്പുകളിലേക്ക് വണ്ടികളില്‍ ഭക്ഷണമെത്തിക്കുന്ന രീതിയിലുമായിരുന്നു ക്രമീകരിച്ചിരുന്നത്. സെന്‍ട്രലൈസ്ഡ് ആയി രൂപീകരിച്ച സ്റ്റോര്‍ മാനേജ്‌മെന്റില്‍ പ്രധാന സ്റ്റോറുകള്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗില്‍ ക്രമപ്പെടുത്തുകയും തുടര്‍ന്ന് ആവശ്യ സാധനങ്ങള്‍ അതാതു ക്യാമ്പുകളിലെ ആളുകള്‍ വന്നു വാങ്ങിക്കൊണ്ടുപോകുകയുമായിരുന്നു ചെയ്തത്. ക്യാമ്പ് പിരിച്ചു വിടുന്ന സമയത്തു സ്റ്റോറുകളില്‍ അവശേഷിച്ചിരുന്ന സാധനങ്ങള്‍ അവിടെയുണ്ടായിരുന്ന കുടുംബങ്ങള്‍ക്ക് നല്‍കുകയും ഒപ്പം അംഗീകൃത നിര്‍ദേശങ്ങളുമായി വന്നിരുന്ന മറ്റുക്യാമ്പുകള്‍ക്കും നല്കിപ്പോന്നിരുന്ന രീതിയും പ്രശംസനീയമായി. അതിനിടക്കും പലതരത്തിലുള്ള കള്ളങ്ങള്‍ പടച്ചുവിടുകയും, സന്നദ്ധ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കും വിധം കുപ്രചാരണങ്ങള്‍ അഴിച്ചുവിടുകയും ചെയ്ത മറ്റൊരു വിഭാഗവും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിക്കാനും ഏറ്റ ദൗത്യം ഭംഗിയായി നിര്‍വഹിക്കാനും കുട്ടികള്‍ക്ക് കഴിഞ്ഞു എന്നതാണ് മറ്റൊരുവശം.

രാവിലെത്തൊട്ട് രാത്രിവരെ നീളുന്ന പ്രവര്‍ത്തനങ്ങളില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സഹകരിച്ച, ഊണും ഉറക്കവും ഉപേക്ഷിച്ച് അക്ഷീണം പ്രവര്‍ത്തിച്ച ക്യാമ്പ് അംഗങ്ങളെ എത്രതന്നെ അഭിനന്ദിച്ചാലും മതിയാവുകയില്ല. ഓണവും ബക്രീദുമെല്ലാം ക്യാമ്പില്‍ ആഘോഷിച്ച, ഒരിക്കല്‍പോലും തങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളെ ഒരുതരത്തിലും പ്രശസ്തിക്കായി ആഘോഷമാക്കാതിരുന്ന കുട്ടികള്‍തന്നെയാണ് യഥാര്‍ത്ഥ ഹീറോസ്. പലരും ക്യാമ്പിന് ശേഷവും തങ്ങളാല്‍ കഴിയുന്ന സഹായങ്ങളുമായി മുന്‍നിരയില്‍ തന്നെ തുടര്‍ന്ന് പോരുന്നു എന്നതും അത്രമേല്‍ അഭിമാനം ജനിപ്പിക്കുന്ന കാര്യങ്ങളാണ് പത്തു ദിവസത്തോളം നീണ്ട സന്നദ്ധ സേവന ജീവിതം സമ്മാനിച്ചത്. പലര്‍ക്കും ക്യാമ്പ് പിരിഞ്ഞുപോകുന്നതില്‍ വിഷമം തോന്നുകയുണ്ടായി എന്നതും, വിലപ്പെട്ട സൗഹൃദങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചു എന്നതും പുതുതലമുറയുടെ വിജയം തന്നെയാണ്. ജീവിതബോധമില്ലാത്ത, ലക്ഷ്യബോധമില്ലാത്ത തലമുറയെന്ന് പഴികേട്ടവരോട് അവസരത്തിനൊത്തുയര്‍ന്നു പ്രവര്‍ത്തിച്ചു മാതൃകയായ ഒരുകൂട്ടം ചെറുപ്പക്കാരാണ് ഇന്നത്തേതെന്ന് ഉറപ്പിച്ചുപറയാനാകും. അവ്വിധം പ്രവര്‍ത്തിച്ചവരോട് ഉറങ്ങുന്നതിനു മുന്‍പ് ഒരുപാടുകാതം ഇനിയും നടക്കാനുണ്ട് എന്നുമാത്രം ഓര്‍മപ്പെടുത്തട്ടെ.

ജയശ്രീ കുനിയത്ത്

You must be logged in to post a comment Login