പുരകത്തുമ്പോള്‍ അവര്‍ വാഴവെട്ടുകയാണ്

പുരകത്തുമ്പോള്‍ അവര്‍ വാഴവെട്ടുകയാണ്

കൃത്യം ഒരു കൊല്ലം മുമ്പാണ് ബിഹാറില്‍ വെള്ളപ്പൊക്കമുണ്ടായത്. 14 ജില്ലകളില്‍ വെള്ളംപൊങ്ങിയപ്പോള്‍ ദുരിതമനുഭവിച്ചത് ഒരു കോടിയോളം പേര്‍. വ്യോമനിരീക്ഷണം നടത്തി, കെടുതികള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി 500 കോടിയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. വെള്ളമിറങ്ങിയ ശേഷം കെടുതികള്‍ വിലയിരുത്തി ബിഹാര്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാറില്‍ നിന്ന് ആവശ്യപ്പെട്ടത് 7,636.5 കോടി രൂപ. 2018 ഫെബ്രുവരിയില്‍ 1,711.66 കോടി രൂപ കേന്ദ്രം അനുവദിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്തി, പുനര്‍നിര്‍മാണത്തിന് വേണ്ട തുക നിശ്ചയിച്ച് ബിഹാര്‍ സര്‍ക്കാര്‍ കൈമാറുകയും അത് വിലയിരുത്തി, നിര്‍ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് നല്‍കേണ്ട തുക കേന്ദ്രം തീരുമാനിക്കുകയും ചെയ്യുന്നതിന് വേണ്ടിവന്നത് ആറ് മാസം.

ബിഹാറിലേതിനോട് താരതമ്യം ചെയ്യാവുന്നതല്ല കേരളം ഇപ്പോള്‍ അനുഭവിക്കുന്ന പ്രളയദുരിതം. ഭൂഘടനയുടെ പ്രത്യേകതകളും ജനസാന്ദ്രതയും കേരളത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. അതിന്റെ കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ. അത് പൂര്‍ത്തിയാക്കി, കേന്ദ്രസര്‍ക്കാറിന് പുതിയ നിവേദനം സമര്‍പ്പിക്കണം. അത് വിശദമായി പരിശോധിച്ച്, നിര്‍ദിഷ്ട മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോഴേക്കും ചുരുങ്ങിയത് ആറ് മാസമെടുക്കും. ബി ജെ പി ഭരണത്തില്‍ പങ്കാളിയായ സംസ്ഥാനമാണ് ബിഹാര്‍. ഭരണത്തിന് നേതൃത്വം നല്‍കുന്ന നിതീഷ് കുമാറിനെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അപ്രസക്തമാക്കി വളരാന്‍ കഴിയുമെന്ന് ആ പാര്‍ട്ടി പ്രതീക്ഷവെക്കുന്ന സംസ്ഥാനവും. അവിടെപ്പോലും സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ ഏതാണ്ട് മൂന്നിലൊന്നാണ് ആറു മാസത്തെ സമയമെടുത്ത് നരേന്ദ്രമോഡി സര്‍ക്കാര്‍ അനുവദിച്ചത്. അപ്പോള്‍ ബി ജെ പിയ്ക്ക് വലിയ പ്രതീക്ഷയ്‌ക്കൊന്നും വകയില്ലാത്ത കേരളത്തിന്റെ കാര്യത്തില്‍ സഹായം ചുരുങ്ങാനും അനുവദിക്കാനുള്ള സമയം കൂടുതലാകാനുമാണ് സാധ്യത.

ജീവജാലങ്ങളുടെ ജീവനേക്കാള്‍ വലുത് ഹിന്ദുത്വ പ്രത്യയശാസ്ത്രമാണെന്ന വിശ്വാസമാണ് രാഷ്ട്രീയ സ്വയം സേവക് സംഘിനും പരിവാര സംഘടനകള്‍ക്കുമുള്ളത്. അതിന്റെ ദൃഷ്ടാന്തങ്ങള്‍ രാജ്യമാകെ പല വിധത്തില്‍ കണ്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ദുരിതം വേഗത്തില്‍ പരിഹരിക്കാന്‍ പാകത്തില്‍ തീരുമാനങ്ങളെടുക്കുക എന്നതിനപ്പുറത്ത്, ഹിന്ദുത്വരാഷ്ട്രീയത്തെ സ്വാഗതം ചെയ്യാന്‍ മടിക്കുന്ന ദേശത്തെ ദുരിതക്കയത്തില്‍ തുടരാന്‍ വിടുക എന്നതാകും സംഘ പരിവാര അജണ്ട. അതിന്റെ ലക്ഷണങ്ങള്‍ കേന്ദ്ര ഭരണാധികാരികളുടെയും സംഘ പരിവാര പ്രവര്‍ത്തകരുടെയും പ്രതികരണങ്ങളില്‍ ഉണ്ടുതാനും. 700 കോടി രൂപയുടെ സഹായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഭരണാധികാരി പ്രഖ്യാപിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെ, സഹായത്തുക എത്രയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യു എ ഇയുടെ അംബാസഡര്‍ പറഞ്ഞതോടെ അര്‍ണാബ് ഗോസ്വാമി ഉള്‍പ്പെടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹര്‍ഷോന്മാദം പ്രകടിപ്പിച്ചത് ദുരിതകാലം അത്രയെളുപ്പത്തില്‍ അവസാനിക്കരുതെന്ന തോന്നലില്‍ നിന്നാകണം.
കേരളത്തിന് അടിയന്തര സഹായമായി 600 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. വലിയ പ്രളയത്തിന് മുമ്പുണ്ടായ മഴക്കെടുതികള്‍ വിലയിരുത്തി അനുവദിച്ച 100 കോടി രൂപയ്ക്ക് പുറമെ, പ്രളയം നേരിട്ട് വിലയിരുത്തി പ്രധാനമന്ത്രി പ്രഖ്യാപിച്ച 500 കോടി രൂപ ഉള്‍പ്പെടെ. കെടുതിയുടെ വ്യാപ്തി മനസിലാക്കി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട ഗവര്‍ണറോട് ഇതിനകം ചെയ്ത സഹായങ്ങളുടെ പട്ടിക അദ്ദേഹം നിരത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 600 കോടിയ്ക്ക് പുറമെ ചെയ്ത സഹായങ്ങള്‍ ഇവ്വിധമാണ്. രക്ഷാപ്രവര്‍ത്തനം പ്രധാനമന്ത്രി നേരിട്ട് നിരീക്ഷിച്ചിരുന്നു. കാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ ദേശീയ ക്രൈസിസ് മാനേജുമെന്റ് കമ്മിറ്റി നിത്യേന യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തിയിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 40 ഹെലികോപ്റ്ററുകളും 31 വിമാനങ്ങളും നല്‍കിയിരുന്നു. 182 രക്ഷാ ടീമുകള്‍, 18 സൈനിക മെഡിക്കല്‍ സംഘങ്ങള്‍, 58 ദേശീയ ദുരന്ത നിവാരണ സേനാ ടീമുകള്‍, ഏഴ് കമ്പനി കേന്ദ്ര സായുധ സേന, നേവി, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍, രക്ഷാ സന്നാഹങ്ങളുള്ള 500 ബോട്ടുകള്‍ എന്നിവയെയും വിന്യസിച്ചിരുന്നു.

ഇതൊക്കെയുണ്ടായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഈ സംവിധാനങ്ങള്‍ വഹിച്ച പങ്കിനെ ചെറുതായി കാണുന്നുമില്ല. പക്ഷേ ഇതൊക്കെ കേരളത്തിനുള്ള സഹായമായിരുന്നുവെന്ന് പ്രധാനമന്ത്രി പറയുന്നുണ്ടെങ്കില്‍, അത് അല്‍പത്തമാണ്. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ കേരള സംസ്ഥാനം പ്രളയത്തില്‍ വലയുമ്പോള്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കേണ്ടത് ഇപ്പറഞ്ഞ വിഭാഗങ്ങളുടെയൊക്കെ ഉത്തരവാദിത്തമാണ്. ഈ വിഭാഗങ്ങളെയൊക്കെ വേണ്ടവിധം വിനിയോഗിക്കേണ്ട ഉത്തരവാദിത്തമുണ്ട് പ്രധാനമന്ത്രിക്കും പ്രധാനമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ഭരണസംവിധാനത്തിനും. അത് ഏതെങ്കിലും വിധത്തിലുള്ള സഹായമായോ ഔദാര്യമായോ കണക്കാക്കേണ്ട ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കില്ല. മൂന്നു കോടിയിലധികം വരുന്ന മലയാളികളൊടുക്കുന്ന നികുതിപ്പണം കൂടി ഉപയോഗിച്ചാണ് ഈ സംവിധാനങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ വിവിധ വിഭാഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് നിയോഗിച്ചുവെന്നത് വലിയൊരു സഹായമായി പ്രധാനമന്ത്രിയോ സംഘപരിവാര സംഘടനകളോ കരുതുന്നുവെങ്കില്‍ അതില്‍ അപകടകരമായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം തുടരാനാണ് കേന്ദ്ര ഭരണകൂടത്തിന്റെ, അവരെ നിയന്ത്രിക്കുന്ന സംഘപരിവാരത്തിന്റെ തീരുമാനമെന്ന് ന്യായമായും സംശയിക്കണം.
യു എ ഇ ഉള്‍പ്പെടെ വിദേശ രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കേണ്ടെന്ന തീരുമാനത്തിന് പിറകിലും മറ്റൊന്നാകാന്‍ ഇടയില്ല. ഇതിനും ന്യായങ്ങളുണ്ട്. സാമ്പത്തികശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യം, വിദേശത്തു നിന്ന് സഹായം സ്വീകരിക്കുന്നത് നാണക്കേടാണെന്നതാണ് പ്രധാനന്യായം. സഹായം സ്വീകരിക്കുന്നത് നാണക്കേടാകുന്നത് എങ്ങനെ എന്ന ചോദ്യം തത്ക്കാലം ഒഴിവാക്കാം. സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന വാദത്തിന്റെ അടിസ്ഥാനമെന്ത് എന്ന് പരിശോധിക്കാം. നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇതുവരെ, രാജ്യത്തിന്റെ ധനക്കമ്മി നിയന്ത്രിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. ബജറ്റില്‍ നിഷ്‌കര്‍ഷിക്കുന്ന ധനക്കമ്മിയുടെ പരിധിയുടെ 95 ശതമാനത്തോളം സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ മറികടക്കുന്ന സ്ഥിതി. വികസന പദ്ധതികള്‍ക്ക് അനുവദിക്കേണ്ട തുക, പിടിച്ചുവെച്ച് ധനക്കമ്മി കുറയ്ക്കാനാണ് ഈ വര്‍ഷങ്ങളിലൊക്കെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. ജനസംഖ്യയില്‍ 30 ശതമാനത്തിലധികം ദാരിദ്ര്യ രേഖയ്ക്ക് താഴെ തുടരുന്ന, അതില്‍ തന്നെ ഭൂരിഭാഗത്തിന് പ്രാഥമികകൃത്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാത്ത, ആ സൗകര്യമൊരുക്കാനുള്ള പദ്ധതിപോലും വൃത്തിയായി നടപ്പാക്കാന്‍ സാധിക്കാത്ത രാജ്യം സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ട്, ആരുടെയും സഹായം വേണ്ടെന്ന് പ്രഖ്യാപിച്ചാല്‍, ജനം ദീര്‍ഘകാലത്തേക്ക് അനുഭവിക്കുന്ന ദുരിതത്തെക്കാള്‍ വലുത് രാജ്യത്തിന്റെ അന്തസ്സാണെന്ന പ്രഖ്യാപനമാമായി അത് മാറും. ഈ ദുര്‍വാശി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ കാലത്തുമുണ്ടായിട്ടുണ്ട്. ദേശീയതയുടെ തീവ്രവക്താക്കളും രാജ്യസ്‌നേഹത്തിന്റെ കപടവക്താക്കളും അധികാരം കൈയാളുമ്പോള്‍ ദുരഭിമാനചിന്ത വര്‍ധിക്കും. കുളിച്ചില്ലെങ്കിലും കൗപീനം പുരപ്പുറത്തുവേണമല്ലോ!
ഈ സഹായമൊക്കെ വേണ്ടെന്ന് വെക്കുന്ന കേന്ദ്രസര്‍ക്കാര്‍, കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിലേക്ക് എത്ര രൂപ നല്‍കും? 7636.5 കോടി രൂപ ആവശ്യപ്പെട്ട ബിഹാറിന് അടിയന്തര സഹായമുള്‍പ്പെടെ ലഭിച്ചത് 2,400 കോടി രൂപയാണ്. പ്രാഥമിക കണക്കെടുപ്പില്‍ തന്നെ പത്തൊമ്പതിനായിരത്തിലേറെ കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയത്. അപ്പോഴാണ് നേരത്തെ മഴക്കെടുതിക്ക് അനുവദിച്ച 100 കോടിക്കൊപ്പം 500 കോടി കൂടി അടിയന്തര സഹായമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കുറഞ്ഞത് 2000 കോടി രൂപയെങ്കിലും അടിയന്തര സഹായം വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ഈ അളവിലുള്ള ഒരു ദുരന്തത്തിന് ശേഷം തൊട്ടുടനെ സ്വീകരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ദിവസങ്ങളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങള്‍ ശ്രദ്ധിച്ചവര്‍ക്ക് അറിയാം, ഏതൊക്കെ മേഖലകളിലാണ് അടിയന്തര ചെലവ് വേണ്ടിവരുന്നത് എന്ന്. ദുരിതബാധിതരായ നാല് ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം നല്‍കല്‍, ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പ് എന്ന് തുടങ്ങി വീടുകളിലടിഞ്ഞ മാലിന്യം സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കുന്നത് വരെ പലവിധ ചെലവുകള്‍. ദുരിതത്തിന് ഇരയായവര്‍ക്കും ആശ്വാസപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ക്കുമൊക്കെ വൈദ്യസഹായം ലഭ്യമാക്കണം, സവിശേഷ സാഹചര്യം ഏതെങ്കിലും വിധത്തിലുള്ള പകര്‍ച്ചവ്യാധിക്ക് വഴിയൊരുക്കിയാല്‍ അതും നേരിടണം. അതിലേക്ക് വേണ്ട പണമാണ് അടിയന്തര സഹായമായി കേരളം ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് തുക മാത്രം അനുവദിക്കാന്‍ തീരുമാനിച്ചപ്പോള്‍, കേരളത്തെ ഞെരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സൂചനയായി അത്.

അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിഷമിച്ചാല്‍, ഉയരുന്ന ജനരോഷം ചെറുതായിരിക്കില്ല. കേന്ദ്ര സര്‍ക്കാറില്‍ നിന്ന് വേണ്ട സഹായം ലഭിച്ചില്ല എന്നതൊന്നും ജനത്തിന്റെ രോഷത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാറിനെയും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെയും രക്ഷിക്കില്ല. കേന്ദ്രത്തില്‍ നിന്ന് വേണ്ടത് ചോദിച്ചുവാങ്ങാന്‍ കരുത്തില്ലാത്ത സര്‍ക്കാറെന്നാകും ഒരു വിമര്‍ശനം. കേന്ദ്രത്തില്‍ നിന്ന് വേണ്ട സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ഭാവനാശേഷിയില്ലാത്ത നേതൃത്വമെന്നും വിമര്‍ശിക്കപ്പെടും. സംഘരാഷ്ട്രീയം വളര്‍ത്താന്‍ പാകത്തിലുള്ള അന്തരീക്ഷം ഈ രോഷത്തിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് ബി ജെ പി നേതൃത്വം ചിന്തിച്ചിട്ടുണ്ടാകണം. അടിയന്തര സാഹചര്യം വലിയ പ്രശ്‌നങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് സാധിച്ചിരിക്കുന്നു. രാഷ്ട്രീയ ഭിന്നതകള്‍ക്കപ്പുറം ജനത്തെ ഏറെക്കുറെ ഒരുമിപ്പിച്ച് നിര്‍ത്താനും സര്‍ക്കാറിന് സാധിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷമായ യു ഡി എഫിന്റെ പങ്കും എടുത്തുപറയേണ്ടതാണ്. സംഘപരിവാറിന്റെ അജണ്ട ആദ്യഘട്ടത്തില്‍ പരാജയപ്പെടുകയും ചെയ്തു.

ഈ പരാജയത്തെ രണ്ടാംഘട്ടത്തില്‍ മറികടക്കാന്‍ സംഘ പരിവാരം ശ്രമിച്ചേക്കാം. ആറുമാസത്തിനപ്പുറം കേന്ദ്രത്തില്‍ നിന്ന് കിട്ടാനിടയുള്ള തുക കേരളത്തിന്റെ ആവശ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാകാനാണ് സാധ്യത. അപ്പോഴേക്കും മുന്‍ഗണനാ ക്രമത്തില്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിത്തുടങ്ങാന്‍ കേരള സര്‍ക്കാറിന് സാധിക്കുന്നില്ല എങ്കില്‍ വലിയ അസംതൃപ്തി വളര്‍ന്നുവരും. ഇന്ന് കാണുന്ന ഐക്യവും രാഷ്ട്രീയചേരിതിരിവുകള്‍ക്കപ്പുറത്തുള്ള സഹകരണ മനോഭാവവും അന്നുണ്ടാകില്ല. പുനര്‍നിര്‍മാണ പ്രക്രിയയില്‍ പരാജയപ്പെടുന്ന സര്‍ക്കാര്‍, ജനത്തിന്റെ ദുരിതം മനസിലാക്കി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ എന്നിവയ്‌ക്കൊപ്പം കേന്ദ്രത്തില്‍ നിന്ന് വേണ്ട സഹായം ചോദിച്ചുവാങ്ങാന്‍ ത്രാണിയില്ലാത്ത സര്‍ക്കാര്‍ എന്ന് കൂടി വിമര്‍ശിക്കപ്പെടും. കേന്ദ്രസഹായങ്ങളുടെ വ്യാജ പട്ടിക തയാറാക്കി, ഈ പ്രചാരണത്തിന് എരിവേറ്റാന്‍ സംഘപരിവാരം മടിക്കുകയുമില്ല. (അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കുക എന്ന ഉത്തരവാദിത്തം അല്‍പം വൈകിയാണെങ്കിലും നിറവേറ്റാന്‍ ശ്രമിച്ചത് വലിയ സഹായമാക്കി പട്ടിക നിരത്തുന്നവരാണവര്‍). ഏത് നിലയ്ക്ക് നോക്കിയാലും പ്രളയത്തിലമര്‍ന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാറും സംഘപരിവാറും സ്വീകരിക്കുന്ന നിലപാടുകള്‍, അവരുടെ പ്രതിലോമ രാഷ്ട്രീയം നിറഞ്ഞുനില്‍ക്കുന്നതാണ്. അതുകൊണ്ടാണ് ദുരന്തത്തിന്റെ നടുവില്‍പോലും വെറുപ്പിന്റെ വിഷം വമിപ്പിക്കാന്‍ അതിലെ നേതാക്കളെന്ന് അവകാശപ്പെടുന്നവര്‍ പോലും മടിക്കാതിരിക്കുന്നത്.

കേരളത്തെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത, യു എ ഇ ഭരണാധികാരി അടുത്തിടെ ട്വിറ്ററിലെഴുതിയ കുറിപ്പ്, രാജ്യം ഭരിക്കുന്ന സര്‍ക്കാറിനെ ഉദ്ദേശിച്ചാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനും അതുവഴി ജനങ്ങളുടെ പ്രയാസം എളുപ്പത്തില്‍ പരിഹരിക്കാനും ശ്രമിക്കുന്ന ഭരണാധികാരികളെക്കുറിച്ചും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഭരണാധികാരികളെക്കുറിച്ചുമായിരുന്നു ട്വീറ്റ്. അദ്ദേഹം ഉദ്ദേശിച്ചാലുമില്ലെങ്കിലും കാര്യങ്ങള്‍ സങ്കീര്‍ണമാക്കി, അതില്‍ നിന്ന് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മെ ഇപ്പോള്‍ ഭരിക്കുന്നതെന്ന് നിസ്സംശയം പറയാം. ജനങ്ങളെ കൂട്ടക്കൊലചെയ്തിട്ടായാലൂം അധികാരം പിടിക്കണമെന്ന് നിശ്ചയമുള്ള തീവ്ര വര്‍ഗീയവാദികള്‍. അവര്‍ ഇവിടെ, ദുരിതത്തിലായ ജനങ്ങളുടെ ഭാവിജീവിതം പന്താടിക്കൊണ്ട് രാഷ്ട്രീയം കളിക്കുക തന്നെ ചെയ്യും. അത് കരുതിയിരിക്കേണ്ട ബാധ്യത ഇവിടുത്തെ സര്‍ക്കാറിനും അതിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്കും പ്രതിപക്ഷമായ യു ഡി എഫിനുമുണ്ട്. ഒപ്പം ഇപ്പോഴുയര്‍ന്ന കൂട്ടായ്മയ്ക്കും. കേന്ദ്രസഹായമില്ലാതെയുള്ള പുനര്‍നിര്‍മാണത്തെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നുവെന്നാണ് ഇതുവരെയുള്ള മുഖ്യമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മനസിലാകുന്നത്. അത് വൃത്തിയായി നടക്കണം. പോരായ്മകള്‍ ചൂണ്ടിക്കാട്ടി, ക്രിയാത്മകമായി സഹകരിക്കുന്ന റോളിലേക്ക് പ്രതിപക്ഷം മാറുകയും വേണം. എങ്കിലേ അരങ്ങത്തുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തെയും അണിയറയിലൊരുങ്ങുന്ന വഞ്ചനാരാഷ്ട്രീയത്തെയും തോല്‍പിക്കാനാകൂ.

രാജീവ് ശങ്കരന്‍

You must be logged in to post a comment Login