മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വലതുകാല്‍

മാധ്യമങ്ങള്‍ക്കെതിരെ ഉയരുന്ന വലതുകാല്‍

ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ജനാധിപത്യപ്രശ്നം എന്താണെന്ന ചോദ്യത്തിന്റെ ഉത്തരം, പടര്‍ന്ന് പിടിക്കുന്ന തീവ്ര വലതുപക്ഷമാണെന്നാണ്. രാജ്യത്ത് മാധ്യമങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദത്തിലൂടെ വാര്‍ത്തകള്‍ പൂഴ്ത്തിവെക്കാനും, അവസരോചിതമായി പാകപ്പെടുത്താനും ഭരണശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ വലിയൊരു ഉദാഹരണമാണ്, രാജ്യത്തെ ഒരു പ്രധാന മാധ്യമസ്ഥാപനത്തിലെ ഒരു വാര്‍ത്താധിഷ്ഠിത പരിപാടിയുടെ സംപ്രേക്ഷണം തുടര്‍ച്ചയായി പത്ത് ദിവസത്തില്‍ കൂടുതല്‍ തടസ്സപ്പെടുത്തിയത്. എ ബി പി ന്യൂസ് ഇന്ത്യയിലെ മുഖ്യധാരാ ദ്വിഭാഷാ മാധ്യമസ്ഥാപനമാണ്. ഉത്തരേന്ത്യയില്‍ നല്ല രീതിയില്‍ പ്രചാരവും സ്വാധീനവുമുള്ള ചാനല്‍. ആ ചാനലിലെ ജൃശാല ശോല വെീം ആയ മാസ്റ്റര്‍ സ്‌ട്രോക്കിന്റെ(ങമേെലൃ ടൃേീസല) അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പൂന്യ പ്രസുന്‍ ബാജ്പെയ്ക്കാണ് ഈ വെല്ലുവിളിയുണ്ടായത്. സംപ്രേക്ഷണം പൂര്‍ണമായും തടസ്സപ്പെടുത്തി. കറുത്ത നിറത്തിലുള്ള സ്‌ക്രീനിന് ഇന്ത്യന്‍ പ്രേക്ഷകര്‍ സാക്ഷികളായി. ബാജ്പെയുടെ രാജിയിലേക്ക് വരെ ഇത് എത്തിച്ചേര്‍ന്നു. മോഡി ഭരണകൂടത്തെ ഇതിനൊക്കെ പ്രേരിപ്പിച്ചത് എന്താണ്? 2018 ജൂണ്‍ 20ന് നരേന്ദ്ര മോഡി തന്റെ ഭരണ ക്ഷേമ പദ്ധതികള്‍ക്ക് ഗുണഭോക്താക്കളുണ്ടെന്ന അവകാശവാദവുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍, ചത്തിസ്ഗഢിലെ കന്‍ഹപുരി ഗ്രാമത്തിലെ ചന്ദ്രമണി കൗശിക് എന്ന സ്ത്രീ മോഡിയോട് തന്റെ കൃഷിയിടത്തില്‍ ഇരട്ടി വിളവ് ലഭിക്കുന്നതായി സമ്മതിക്കുന്നു. എന്നാല്‍ എ ബി പി ന്യൂസ് നടത്തിയ അന്വേഷണത്തില്‍, ചാനലിന്റെ ക്യാമറക്ക് മുന്നില്‍ തനിക്ക് വിളവില്‍ അഭിവൃദ്ധി ഒന്നും ഉണ്ടായില്ല എന്ന് ചന്ദ്രമണി പറഞ്ഞു. പ്രധാനമന്ത്രി രാഷ്ട്രീയ പ്രതിഛായക്ക് വേണ്ടി നടത്തിയ പൊള്ളയായ വാദമായിരുന്നു ചന്ദ്രമണിക്ക് പറഞ്ഞ് പഠിപ്പിച്ച മറുപടിയെന്ന് ചാനല്‍ തുറന്നുകാട്ടി. ഇത് പാര്‍ലമെന്റിലടക്കം കോലാഹലങ്ങള്‍ സൃഷ്ടിച്ചു. കേന്ദ്രമന്ത്രിമാരായ രാജ്യവര്‍ധന്‍ റാത്തോറും, നിര്‍മല സീതാരാമനും മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുന്നു എന്ന വാദവുമായി ആ ചാനലിനെ അക്രമിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ മാസ്റ്റര്‍ സ്‌ട്രോക്കിന്റെ എപ്പിസോഡുകളെല്ലാം തന്നെ സംപ്രേക്ഷണത്തില്‍ പൂര്‍ണമായ തടസ്സം നേരിട്ടു. മാധ്യമലോകത്തെ പ്രമുഖരായ രാജ്ദീപ് സര്‍ദേശായി അടക്കം ഈ സംഭവത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം അറിയിച്ചു. പരിപാടിയുടെ സംപ്രേക്ഷണത്തിലുണ്ടായ തടസ്സങ്ങളോട് പ്രസുന്‍ ബാജ്പെയ് പ്രതികരിച്ചത് ശ്രദ്ധേയമാണ് : ‘നിങ്ങള്‍ കറുത്ത നിറമുള്ള സ്‌ക്രീന്‍ ആക്കി ചാനല്‍ മാറ്റുകയാണെങ്കില്‍, അതൊരു കറുത്ത ബോര്‍ഡ് ആണെന്ന് കരുതി ഞാനതില്‍ സത്യം എഴുതി വെക്കും.’ ബാജ്പെയ്ക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നായക പരിവേഷമൊന്നും നല്‍കേണ്ടതില്ല. എന്നാല്‍ സമകാലിക സാഹചര്യത്തില്‍ തീവ്രവലതുപക്ഷത്തുനിന്ന് മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഒട്ടും ചെറുതല്ല എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. അതിനെ അഭിമുഖീകരിക്കാന്‍ അല്‍പം സാഹസം അനിവാര്യമാണ്.

പ്രതിപക്ഷം മാധ്യമങ്ങളില്‍ മോഡിക്കെതിരെ അജണ്ടകള്‍ ഉണ്ടാക്കുന്നുവെന്ന് പറയുമ്പോഴും, ആരാണ് അജണ്ടകള്‍ നിര്‍മിക്കുന്നതും നിലവില്‍ വരുത്തുന്നതെന്നും മോഡി സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിടുന്നതില്‍ നിന്ന് വ്യക്തമാണ്. മാധ്യമ സ്വാതന്ത്ര്യത്തെ ഏറ്റവും കൂടുതല്‍ വെല്ലുവിളിച്ച കാലഘട്ടമായി അടിയന്തരാവസ്ഥയെ ചരിത്രം വായിക്കുമ്പോഴും, ഉത്തര്‍പ്രദേശിലെ ഇന്ദിരാ ഗാന്ധിയുടെ നിശിത വിമര്‍ശകനായ ബാബ നാഗാര്‍ജുനിന് അവാര്‍ഡ് കൊടുക്കാനും, ഞാന്‍ താങ്കളുടെ കൃതികള്‍ വായിച്ചിട്ടുണ്ടെന്ന് പറയാനുമുള്ള സഹിഷ്ണുത ഇന്ദിരാ ഗാന്ധി കാണിച്ചിട്ടുണ്ട്.

മറ്റൊരു സംഭവം പരിശോധിക്കാം: അമേരിക്കന്‍ ചരിത്രകാരി ഓഡ്രീ ട്രുഷ്‌കിന്റെ ഹൈദരാബാദില്‍ നടത്താനിരുന്ന പ്രഭാഷണം തീവ്രവലതുപക്ഷത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് വിലക്കി. താന്‍ മുഗള്‍ ചരിത്രവും സംസ്‌കൃത സാഹിത്യവും അടക്കമുള്ള മേഖലകളില്‍ നടത്താന്‍ ഉദ്ദേശിച്ച പ്രഭാഷണത്തിന് വിലക്കേര്‍പ്പെടുത്തിയതിലുള്ള നിരാശ ട്രുഷ്‌ക് പങ്കുവെച്ചു. ഇന്ന് എന്റെ ദുഖഃദിനവും, തീവ്ര ഹിന്ദുത്വവാദികളുടെ സന്തോഷ ദിനവുമാണെന്നാണ് അവര്‍ പ്രതികരിച്ചത്. 1680ല്‍ സുല്‍ത്താനേറ്റിനെതിരെയുണ്ടായ ഔറംഗസീബിന്റെ ക്രൂരമായ ഭരണവാഴ്ചയുടെ ചരിത്രത്തെ ഹൈദരാബാദുകാരോട് പങ്കുവെക്കാനുള്ള ഉത്സാഹവും, ആശയങ്ങള്‍ കൈമാറാനുള്ള വേദി നഷ്ടമായതിലുള്ള ദുഖഃവും അവര്‍ അറിയിച്ചു. ധൈഷണികതക്ക് നേരെ ഇത് ആദ്യമായല്ല ഭരണകൂടം വെല്ലുവിളി സൃഷ്ടിക്കുന്നത്. മാധ്യമങ്ങള്‍ അത്തരം സംഭവങ്ങള്‍ക്ക് നല്‍കേണ്ട പ്രാതിനിധ്യം ചെറുതല്ല. പക്ഷേ ഈ വാര്‍ത്ത വലതുപക്ഷത്തെ ശക്തമായി എതിര്‍ക്കുന്ന മാധ്യമങ്ങളില്‍ ഒഴികെയുള്ളവയില്‍ അവഗണിക്കപ്പെടുകയും, ലഘൂകരിക്കപ്പെടുകയും ചെയ്തു. ഹൈദരാബാദിലെ സാംസ്‌കാരിക പ്രമുഖര്‍ക്കുണ്ടായ തികഞ്ഞ പരാജയമായി സംഭവം വിലയിരുത്തപ്പെട്ടു.

Reporters without borders  കണക്ക് പ്രകാരം ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം 180 രാജ്യങ്ങളുടെ പട്ടികയില്‍ 138ാമത്തെ സ്ഥാനത്താണ്. എങ്കിലും, ഭരണകൂടം ഏര്‍പ്പെടുത്തുന്ന വിലക്കുകള്‍ക്ക് പുറമെ, വാര്‍ത്തകളില്‍ നടത്തുന്ന ചില തിരഞ്ഞെടുപ്പുകളും മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രാഥമിക ദൗത്യത്തെ ബാധിക്കുന്നു എന്നു കൂടി ഇവിടെ ഓര്‍ക്കണം. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന എല്ലാ ശബ്ദങ്ങള്‍ക്കും വലിയ പ്രതിഫലനം ലഭിച്ചെന്ന് വരില്ല. എന്നാല്‍ മാധ്യമങ്ങള്‍ നിസംഗരാവുന്നതിന്റെ അനന്തരഫലം ജനാധിപത്യത്തിനുള്ള ഭീഷണിയാണ്. നിബന്ധനകളോട് സമരസപ്പെടുമ്പോഴാണ് വാര്‍ത്തകള്‍ കൊന്നുതള്ളപ്പെടുന്നത്. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രധാന പ്രതിസന്ധികളില്‍ ഒന്നായി കണക്കാക്കുന്നത് മാധ്യമസ്ഥാപനങ്ങള്‍ കുത്തക മുതലാളികളുടെ ഉടമസ്ഥതയിലാണെന്നതാണ്. തീര്‍ച്ചയായും ഇതൊരു വലിയ വെല്ലുവിളിയാണ്. അനിര്‍വചനീയമായ രാഷ്ട്രീയ സാഹചര്യങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും സ്വാഭാവികമാകുന്ന ഒരു കാലയളവില്‍ മാധ്യമങ്ങള്‍ തികച്ചും ജാഗരൂകരാവേണ്ടതുണ്ട്. വസ്തുനിഷ്ഠമായ മാധ്യമപ്രവര്‍ത്തനം എന്നത് ഒരുതരത്തില്‍ നുണയാണ്. ഒരു പരിധിവരെ രാഷ്ട്രീയവുംസാമ്പത്തികവുമായ നിയന്ത്രണങ്ങള്‍ക്ക് അകത്താണ് മാധ്യമസ്ഥാപനങ്ങള്‍. അതില്‍ നിന്ന് പൂര്‍ണമായി ഒഴിവാവുക ക്ലേശകരമാണ്. എന്നാല്‍ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന രീതിയില്‍ മാധ്യമങ്ങളുടെ രൂപമാറ്റം അപകടകരമാണ്.

ബൊഫോഴ്സ് അഴിമതിക്ക് ശേഷം ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയും, കുറ്റകൃത്യവുമാണ് റാഫേല്‍ ആയുധ ഇടപാട്. കൃത്യമായ രേഖകള്‍ നിരത്തി റാഫേല്‍ കരാറിലെ കബളിപ്പിക്കലുകളെ ദ വയര്‍ പോലുള്ള ചുരുക്കം മാധ്യമങ്ങളാണ് നിരന്തരം തുറന്നുകാട്ടിയത്. റാഫേല്‍ കരാര്‍ സംബന്ധമായി പറയാനുള്ള നുണകള്‍ മാധ്യമങ്ങളിലൂടെയാണ് ഭരണകൂടം ഏറ്റവും അധികം പ്രചരിപ്പിച്ചത്. ഇന്ത്യക്ക് കോടികളുടെ യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ അതീവ സുരക്ഷക്കാണെന്ന വാദം മാധ്യമങ്ങള്‍ ഏറ്റുപാടി. ഈ കരാര്‍ വിവരാവകാശ നിയമത്തിനും, CAG (Cotnroller & Auditor General) നിയമങ്ങള്‍ക്കും വിധേയമെല്ലന്നും ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. രാജ്യത്ത് യുദ്ധ വിമാന നിര്‍മാണത്തില്‍ പരിശീലനമുള്ള HAL (Hinsdtuan Aeronotics Limited) നെ പൂര്‍ണമായി തള്ളിക്കൊണ്ട് റാഫേല്‍ വന്നതിന്റെ താല്‍പര്യം എന്തായിരുന്നു എന്നൊന്നും ദൃശ്യമാധ്യമങ്ങള്‍ക്ക് വാര്‍ത്താപ്രാധാന്യമുള്ള വിഷയമായിരുന്നില്ല.
അന്തര്‍ദേശീയ തലത്തില്‍ നിരീക്ഷിക്കുകയാണെങ്കില്‍ യോഗി ആദിത്യനാഥിനെയും, മോഡിയെയും, തങ്ങളുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയുമൊക്കെ വിമര്‍ശിച്ച് ഗഹനമായ വാര്‍ത്തകള്‍ യാതൊരു സെന്‍സറിങ്ങിനും വിധേയമാക്കാതെ പ്രസിദ്ധീകരിക്കാന്‍ ന്യുയോര്‍ക്ക് ടൈംസ് പോലുള്ള മാധ്യമങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയില്‍ അത്തരത്തിലൊരു മാധ്യമ പ്രവര്‍ത്തനം ‘കാരവന്‍’ മാസിക പോലെ വളരെ ചുരുക്കം പ്രസിദ്ധീകരണങ്ങള്‍ക്കേ കഴിയുന്നുള്ളൂ.

പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ ലോക്കല്‍ ന്യൂസ്
അന്താരാഷ്ട്ര മാധ്യമ നിരൂപകരുടെ ആശങ്ക സത്യമാക്കി കൊണ്ട് അമേരിക്കയും വലിയൊരു മാധ്യമ പ്രതിസന്ധിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്. പത്ര മാധ്യമങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ തൊഴില്‍ രഹിതരാവുന്നതിന്റെ ഉത്കണ്ഠയിലാണ്. ജഋണ യുടെ ഗവേഷണ പഠന പ്രകാരം 2008 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ അമേരിക്കന്‍ മാധ്യമ സ്ഥാപനങ്ങളില്‍ 45% ത്തില്‍ കൂടുതല്‍ തൊഴില്‍ ഇടിവ് സംഭവിക്കുകയാണ്. ഇത് പ്രധാനമായി ബാധിക്കുക അമേരിക്കയിലെ തദ്ദേശ വാര്‍ത്തകളെയാണ്. തദ്ദേശ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകും എന്ന അപകടാവസ്ഥയാണ് പ്രധാന ആശങ്ക. ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായുള്ള കാഴ്ചപ്പാടുകളെ രൂപപ്പെടുത്താനും ഈ മാധ്യമങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. Wilkes Barre, WNEP, Channe-116 തുടങ്ങിയ ലോക്കല്‍ ന്യൂസുകള്‍ നിലനില്‍പിന്റെ പ്രതിസന്ധിയിലാണ്. നഗര പ്രദേശങ്ങളെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടുള്ള മാധ്യമ പ്രവര്‍ത്തനം ആണ് ലോക്കല്‍ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമങ്ങളെയും, റിപ്പോര്‍ട്ടര്‍മാരെയും പിരിച്ച് വിടാനുള്ള കാരണം. Fall stPo Star എന്ന പുലിറ്റ്സര്‍ അംഗീകാരമുള്ള പത്രത്തിന്റെ എഡിറ്റര്‍ കെന്‍ ടിന്‍ഗ്ലേ പറഞ്ഞത് ഞങ്ങള്‍ ചില വഴക്കമില്ലാത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരായി എന്നാണ്. വളരെയേറെ പ്രചാരത്തിലുണ്ടായിരുന്ന Fall stPo Star ആഴത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച പത്രമാണ്. ഇത്തരം വാര്‍ത്താ മാധ്യമങ്ങളുടെ വ്യാപ്തി ആണ് അമേരിക്കയിലെ ലോക്കല്‍ റിപ്പോര്‍ട്ടിംഗിന്റെ കരുത്ത്. ഇവയ്ക്ക് നിയന്ത്രണങ്ങള്‍ വരുന്നതോടെ അമേരിക്കയിലെ പ്രാന്ത പ്രദേശങ്ങളില്‍ ഉള്ളവരുടെ ജീവിതവും, നാറ്റീവ് അമേരിക്കന്‍സിന്റെ കഥകളും മാധ്യമ സ്ഥാപനങ്ങള്‍ക്ക് അന്യമാവും. മാധ്യമ പ്രവര്‍ത്തനം ചുരുക്കി അമേരിക്കയെ പലതായി വിഭജിക്കാന്‍ കെല്‍പുള്ളതാക്കി മാറ്റും ഈ നീക്കം.

ആമസോണിന്റെ നികുതി വെട്ടിപ്പും മാധ്യമ ഇടപെടലും
അന്താരാഷ്ട്ര കുത്തക കമ്പനിയായ ആമസോണിന്റെ നികുതി ഇടപാടിലെ കോടികളുടെ തിരിമറികള്‍ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ വാര്‍ത്തയായിട്ടില്ല. ലോകത്തെ ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള കണക്കുക്കളാണ് TheGuardian റിപ്പോര്‍ട്ട് പ്രകാരം അറിയാന്‍ സാധിക്കുന്നത്. 1.45 ബില്ല്യണ്‍ യൂറോയില്‍ നിന്നും 1.99 ബില്ല്യണ്‍ യൂറോ ആണ് ആമസോണിന്റെ യുകെയിലെ അക്കൗണ്ടിലെ ലാഭ കണക്ക്. എന്നാല്‍ കമ്പനി നടത്തിയ നികുതിയടവ് തികച്ചും കബളിപ്പിക്കുന്നതാണ്. ഇത്രയും വലിയ വിപണി വാഴ്ചക്ക് ശേഷം ആമസോണ്‍ നല്‍കിയ നികുതി 1.7 മില്ല്യണ്‍ യൂറോ മാത്രം. തങ്ങളുടെ നേട്ടത്തിലെ മൂന്നില്‍ ഒരു ശതമാനം പോലും തികച്ച് നികുതിയടക്കാന്‍ കമ്പനി ബാധ്യസ്ഥരല്ലാത്തത് പോലെയാണ് നികുതിയടവ്. കണക്കുകളില്‍ ആവോളം കൃത്രിമത്വം നിറച്ച് ലാഭം കൊയ്യുകയാണ് കമ്പനി. ആമസോണിന്റെ യുകെയിലും യു എസിലുമായുള്ള അക്കൗണ്ടില്‍ കമ്പനിയുടെ വിവരങ്ങള്‍ ലഭ്യമല്ല. മുഖ്യമായ അക്കൗണ്ട് വിവരങ്ങളും കമ്പനി അപ്രത്യക്ഷമാക്കിയിട്ടുണ്ട്. ആമസോണ്‍ പോലുള്ള വന്‍ കുത്തക കമ്പനികള്‍ ഒരോ രാജ്യത്തും തങ്ങള്‍ക്കുള്ള ലാഭകണക്കുകളുടെ കൃത്യമായ രേഖ പുറത്ത് വിട്ടാല്‍ മാത്രമേ കണക്കുകള്‍ സുതാര്യമാവുകയുള്ളൂ. ആമസോണിന് നികുതിയടവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഈ സുതാര്യതയില്‍ ഇല്ലാതാവും. ഊഹകണക്കുകള്‍ക്ക് അപ്പുറത്താണ് കമ്പനിയുടെ നേട്ടങ്ങള്‍. എല്ലാവിധ നൂതന സംവിധാനങ്ങള്‍ ഉള്ളപ്പോഴും 21ാം നൂറ്റാണ്ടില്‍ ആമസോണ്‍ പോലൊരു കമ്പനി 20ാം നൂറ്റാണ്ടിലെ അക്കൗണ്ടിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത്, നികുതിയടക്കുന്ന സാധാരണക്കാരെ വഞ്ചിക്കാനാണ്. ആമസോണിന്റെ ഭീമമായ ക്രമക്കേടുകളെ തുറന്ന് കാണിക്കേണ്ടത് മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്.
മാധ്യമങ്ങളുടെ ക്രിയാത്മകമായ സാന്നിധ്യം ആണ് ഒരു ജനാധിപത്യ സംവിധാനത്തെ അതിന്റെ ഉജ്ജ്വലതയോടെ നിലനിര്‍ത്തുന്നത്. അതേ, മാധ്യമങ്ങള്‍ക്ക് ജനാധിപത്യത്തെ തകര്‍ക്കാനും ജനങ്ങളെ വിഭജിക്കാനും ഒരു പരിധി വരെ സാധ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് സസൂക്ഷ്മം തൊഴിലിനെ സമീപിക്കാനും, വെല്ലുവിളികളെ അതിജീവിക്കാനും സാധ്യമാവുമ്പോഴാണ് വാര്‍ത്താ വിനിമയം അര്‍ത്ഥവത്താകുന്നത്. ലോര്‍ഡ് നോര്‍ത്ത്ക്ലിഫ് പറഞ്ഞതെത്ര നേര്: ‘ആരൊക്കെയോ എവിടെയൊക്കെയോ മറച്ച് കളയാന്‍ ശ്രമിക്കുന്ന ഒന്നാണ് വാര്‍ത്ത. ബാക്കിയുള്ളതൊക്കെയും പരസ്യമാണ് (Advertisement).’

നബീല

You must be logged in to post a comment Login