മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

മാധ്യമങ്ങളെ എത്രകണ്ടണ്ട് വിശ്വസിക്കണം

തിരഞ്ഞെടുപ്പ് കാലത്തെ മാധ്യമപ്രവര്‍ത്തനത്തെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്ത്യയിലെ മാധ്യമങ്ങളെ 2019ല്‍ നടക്കാനിരിക്കുന്ന ജനാധിപത്യ തിരഞ്ഞെടുപ്പ് സംവിധാനത്തെ ആസ്പദമാക്കിയാകണം വിലയിരുത്തേണ്ടത്. മാധ്യമങ്ങളിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ഓരോ രാഷ്ട്രീയ പാര്‍ട്ടിയും തങ്ങളാല്‍ കഴിയുംവിധം തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള പൊതുജനാഭിപ്രയം രൂപപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മാധ്യമ പ്രവര്‍ത്തനത്തെ രണ്ടായി വേര്‍തിരിക്കാം. തങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് യഥാവിധം പ്രാവര്‍ത്തികമാക്കുന്ന മാധ്യമപ്രവര്‍ത്തനം, നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കനുസരിച്ച് വാര്‍ത്തകളെ യഥേഷ്ഠം വളച്ചൊടിക്കുന്ന മാധ്യമപ്രവര്‍ത്തനം. ഇതിനു പ്രധാന കാരണം മാധ്യമസ്ഥാപനങ്ങള്‍ നടത്തുന്ന ഒത്തുതീര്‍പ്പുകളാണ്. അടുത്തിടെ-the quint.com എന്ന ഓണ്‍ലൈന്‍ മാധ്യമം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുമായി അഭിമുഖം നടത്തി. സര്‍ദേശായി ഇങ്ങനെ സമ്മതിക്കുന്നു: എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും തങ്ങളുടെ തൊഴിലിന്റെ വിശ്വാസ്യതയോട്ഒത്തുതീര്‍പ്പുകള്‍ നടത്തേണ്ടിവന്നിട്ടുണ്ട്, ഞാന്‍ വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലേ ഇതു ചെയ്തിട്ടുള്ളൂ. എനിക്ക് ബാല്‍ താക്കറെയും ജ്യോതി ബസുവും ഒരുപോലെ താല്‍പര്യം തോന്നിയ രാഷ്ട്രീയ വ്യക്തിത്വങ്ങളായിരുന്നു. രണ്ട് പേരുടെ കൂടെയും ഞാന്‍ മദ്യപിച്ചിട്ടുണ്ട്. ഈ തരത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ നടത്തുന്ന ഒത്തുതീര്‍പ്പുകളെ വിമര്‍ശിക്കുകയും അതോടൊപ്പം താനും ഒത്തുതീര്‍പ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പറയുന്നത് ഇന്ത്യന്‍ മാധ്യമലോകത്തെ ചുരുക്കം ചില വിശ്വാസ്യതയുടെ മുഖങ്ങളായ രജ്ദീപ് സര്‍ദേശായിയെ പോലുള്ളവരെ നിര്‍വചിക്കാന്‍ ക്ലേശകരമാക്കുന്നു.
മാധ്യമങ്ങളില്‍ പ്രത്യക്ഷമായ മോഡി-രാഹുള്‍ ദ്വന്ദ്വങ്ങളില്‍ ഒതുങ്ങുന്ന വാര്‍ത്തകള്‍ക്കാണ് ഇന്ന് പ്രധാന്യം.The quint പോലുള്ള മാധ്യമസ്ഥാപനങ്ങള്‍ പരോക്ഷമായി രാഹുല്‍ ഗാന്ധിക്ക് നല്‍കുന്ന പിന്തുണ വളരെ വ്യക്തമാണ്.The quintന്റെ സഹ സ്ഥാപകനും രാജ്യത്തെ പ്രമുഖ മാധ്യമ ഉടമസ്ഥനുമായ രാഗവ് ബാല്‍ തന്റെ സ്ഥാപനത്തിലെ വാര്‍ത്തകളുടെ തിരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കുന്ന പ്രത്യേക പരിഗണന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ ചായ്‌വുകളുടെ ഉദാഹരണമാണ്. നിര്‍ഭാഗ്യവശാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ മാറ്റത്തിനായി മോഡി വരട്ടെ എന്നു സ്തുതി പാടിയവരില്‍ രാഘവ് ബാലും ഉള്‍പ്പെട്ടിരുന്നു.
ഈ കഴിഞ്ഞ ദിവസങ്ങളില്‍ ദേശീയ മാധ്യമങ്ങള്‍ നേരിട്ട വിമര്‍ശനങ്ങളില്‍ ഒന്നു കേരളത്തിലെ പ്രളയത്തെവാര്‍ത്തകളില്‍ നിന്ന് ഒഴിവാക്കിയതാണ്. എന്നാല്‍ ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങളുടെ പതിവ് രീതി അനുസരിച്ച് വാര്‍ത്തകളെ അവഗണിക്കുന്നതും വാര്‍ത്താപ്രാധാന്യം ഒന്നും തന്നെ ഇല്ലാത്ത വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്താറുള്ളതുമാണ്. ആ സാഹചര്യത്തില്‍ കേരളത്തിലെ പ്രളയത്തെക്കാളും വലുത് യാതൊരു മൂല്യവുമില്ലാത്ത മാധ്യമ പ്രവര്‍ത്തനമാണെന്ന് അവര്‍ തെളിയിച്ചു. ചുരുക്കം ചില മാധ്യമസ്ഥാപനങ്ങള്‍ ഒഴിച്ചുള്ളവ, സ്റ്റുഡിയോയിലെ പതിവ് ബഹളങ്ങളുമായി സംപ്രേക്ഷണം നടത്തി. ഇത്തരമൊരു നിലപാട് ഒട്ടും അപ്രതീക്ഷിതമല്ല. സാമൂഹിക മാധ്യമങ്ങളില്‍ വളരെയേറെ വിമര്‍ശനമുണ്ടാക്കിയടൈംസ് ഓഫ് ഇന്ത്യയുടെ പ്രളയ സമയത്തെ കാര്‍ട്ടൂണ്‍, മനുഷ്യത്വരഹിതമായ ഹാസ്യമായാണു അനുഭവപ്പെട്ടത്. എന്നാല്‍ പ്രളയവും അതിനെ തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള നവമാധ്യമങ്ങള്‍ പ്രാധാന്യത്തോടു കൂടി വാര്‍ത്തയാക്കിയിരുന്നു. കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ മത്സ്യത്തൊഴിലാളികള്‍ വഹിച്ച പങ്കിനെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ക്ക് മുന്നെറോയിട്ടേഴ്‌സ് വാര്‍ത്ത നല്‍കി. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വളരെ സജീവമായthe news minute തങ്ങളുടെ പ്രതിനിധികളെ വിവിധ പ്രളയ ബാധിത പ്രദേശങ്ങളില്‍ അയക്കുകയും സംഭവ സ്ഥലത്തു നിന്നുള്ള വാര്‍ത്തകള്‍ നല്‍കുകയും ചെയ്തു.

ഈയടുത്ത് ഫേസ്ബുക്കില്‍ നിന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമസ്ഥാപനത്തിനു നേരിടേണ്ടി വന്ന പ്രതിസന്ധിയെ പരിശോധിക്കാം: ഇന്റര്‍നെറ്റില്‍ മാധ്യമങ്ങള്‍ നേരിടുന്ന വെല്ലുവിളിയുടെ ഉദാഹരണമാണത്. ദി കാരവനില്‍ അമിത് ഷായും മകന്‍ ജയ് ഷായും ബാങ്കുകളില്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകളെകുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ലേഖനത്തിന്റെ പ്രചാരണം വര്‍ദ്ധിപ്പിക്കാന്‍ മാസിക ഫേസ്ബുക്കില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സഹായം തേടി (മാധ്യമ സ്ഥാപനങ്ങള്‍ വാര്‍ത്ത ഫേസ്ബുക്ക് വഴി കൂടുതല്‍ പേരിലേക്ക് എത്താന്‍ തേടുന്ന സഹായമാണ് ഫേസ്ബുക്ക് സ്‌പോണ്‍സര്‍ഷിപ്പ്) പക്ഷേ കാരവനിന് ഫേസ്ബുക്കില്‍ നിന്ന് ലഭിച്ച മറുപടി അപ്രതീക്ഷിതമായിരുന്നു. ഫേസ്ബുക്ക് സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു. കാരണം അന്വേഷിച്ചകാരവന്‍ മാസികയുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തലവനോട് ഫേസ്ബുക്ക് പറഞ്ഞത്, ഈ പരസ്യം ഞങ്ങളുടെ പരസ്യ നയങ്ങള്‍ക്ക് അനുസൃതമല്ല എന്നാണ്. എന്നാല്‍ അത് പരസ്യമല്ല വാര്‍ത്തയാണെന്നും അത് എന്തുകൊണ്ടാണു ഒഴിവാക്കിയതെന്നുമുള്ള വിശദീകരണം തേടിയ കാരവന്‍ മാസികക്ക് 10 ദിവസത്തിനു ശേഷമാണ് ഫേസ്ബുക്ക് മറുപടി നല്‍കിയത്.

കാരവന്റെ ലേഖനത്തില്‍ ഫേസ്ബുക്കിന് അബദ്ധം സംഭവിച്ചതാവാം എന്ന ധാരണ തെറ്റാണ്. ഇവിടെ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകേണ്ടത് മാധ്യമപ്രവര്‍ത്തനത്തിന്റെ കൂടി ആവശ്യമാണ്.കാരവന് സംഭവിച്ചത് ഒരുപക്ഷേ മറ്റു മാധ്യമങ്ങളും അഭിമുഖീകരിക്കേണ്ട സാഹചര്യം എത്തിച്ചേരും.ഫേസ്ബുക്കിനുള്ള ജനസമ്മിതി മാധ്യമപ്രവര്‍ത്തകര്‍ക്ക് ശരിയായ വിധം ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ലെങ്കില്‍ അത് കപട വാര്‍ത്തകള്‍ മാത്രം പ്രചരിക്കുന്ന ഇടമാവും.

2016 നവം. 8നു രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാന മന്ത്രി നോട്ട് നിരോധിച്ചതായി ആഹ്വാനം നടത്തി. നിരോധനത്തിനു ശേഷമുള്ള ഒരുവര്‍ഷ കാലയളവില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല എന്തു നേടി എന്ന ചോദ്യങ്ങള്‍ക്ക് ഭരണകൂടം ഉത്തരം നല്‍കേണ്ട സമയമായിരിക്കുന്നു. മാധ്യമങ്ങള്‍ക്ക് നോട്ടു നിരോധനത്തിന്റെ വിശദമായ അവലോകനം നടത്തി സാധാരണക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കേണ്ട ബാധ്യതയുമുണ്ട്. രാജ്യത്തെ കള്ളപ്പണം കണ്ടു കെട്ടലാണ് നോട്ടുനിരോധനത്തിന്റെ പ്രാഥമിക ഉദ്ദേശ്യം എന്നു ജനങ്ങളെ പറഞ്ഞു പഠിപ്പിച്ച ഭരണകൂടം കണ്ടെത്തിയ കള്ളപ്പണത്തിന്റെ കണക്ക് മധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചോ? ഇന്ത്യയുടെ സാമ്പത്തിക സാമൂഹിക മാനങ്ങളെ വലിയ രീതിയില്‍ തകിടം മറിച്ച നോട്ടു നിരോധനത്തിന്റെ പിന്നിലുള്ള താല്പര്യങ്ങളും രാഷ്ട്രീയവും മാധ്യമങ്ങള്‍ ഇഴകീറി പരിശോധിക്കേണ്ടിയിരിക്കുന്നു. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി ഗാര്‍ഡിയന്റെവസ്തുതാപരമായ നിരീക്ഷണങ്ങള്‍ അനുസരിച്ച് ഇന്ത്യയുടെ നോട്ട് നിരോധനം സാമ്പത്തികമായി പരാജയമായിരുന്നു. രാജ്യത്തിന്റെ ഒരു രീതിയിലുള്ള പുരോഗതിക്കും നോട്ടു നിരോധനം യാതൊരു പങ്കും വഹിച്ചിട്ടില്ല, മറിച്ച് രാജ്യത്തെഏഉജ 1.5 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞു. കണക്കു പ്രകാരം2.25 ലക്ഷം കോടി രൂപയാണു രാജ്യത്തിന്റെ ഒരു വര്‍ഷത്തെ നഷ്ടം എന്നു ഗാര്‍ഡിയന്‍റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു. രാജ്യത്തെ കള്ളപ്പണം പണമായല്ല പൂഴ്ത്തിവെച്ചിരിക്കുന്നത്.അത് വിവിധ മേഖലകളിലായി നിക്ഷേപിച്ചിരിക്കുകയാണ് എന്നു നോട്ടുനിരോധനത്തിനു മുന്നേ തന്നെ സാമ്പത്തിക വിദഗ്ദനും മുന്‍ ആര്‍ ബി ഐ ഗവര്‍ണറുമായ രഘുരാം രാജന്‍ അഭിപ്രായപ്പെട്ടിരുന്നു. വ്യക്തമായ പദ്ധതികളിലൂടെ അത്തരം നിക്ഷേപങ്ങള്‍ കണ്ടുകെട്ടലാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ചെയ്യേണ്ടിയിരുന്നത്. രഘു രാം രാജന്‍ നല്‍കിയ ആശയങ്ങളോട് ഭരണകൂടം കാണിച്ച വിമുഖതയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടാനുള്ള തീരുമാനത്തിനും തടസ്സം നേരിട്ടത്. നോട്ടുനിരോധനം ജനങ്ങള്‍ക്ക് വേണ്ടി എന്നായിരുന്നു സര്‍ക്കാറിന്റെ വാദം, പക്ഷേ ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ ഇരകളാവുകയായിരുന്നു. നോട്ടുനിരോധനത്തിന്റെ പിഴവുകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടത്ര താല്‍പര്യം ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങള്‍ കാണിച്ചില്ല.

മിക്ക ചാനലുകളും തങ്ങളുടെ വാര്‍ത്തകളില്‍ പനാമാ പേപ്പറിലെ വിവരങ്ങളും സ്വിസ്സ് ബാങ്ക് അക്കൗണ്ടിലെ കള്ളപ്പണത്തെയും പാടെ ഒഴിവാക്കി. അമിതാഭ് ബച്ചന്‍ മുതല്‍ അയ് ദേവ്ഗണ്‍ തുടങ്ങി വമ്പന്‍ പേരുകള്‍ വെളിപ്പെടുത്തിയ പനാമയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ആരായാനുള്ള വ്യഗ്രതയൊന്നും ഉണ്ടായിരുന്നില്ല. ഇത് ഭരണകൂടത്തിനുവേണ്ടി ചെയ്യുന്ന മാധ്യമ സേവയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ തന്നെ വലിയൊരു വൈരുധ്യം ആണ് ആജയ് ദേവ്ഗണിനെ ഇന്ത്യയുടെ കാഷ്‌ലെസ് ഇക്കോണമിയുടെ പ്രതിനിധിയാക്കിയത്. താരത്തിന്റെ പേരു പനാമ പേപ്പറില്‍ വന്നതൊന്നും വലിയ രീതിയില്‍ ദൃശ്യമാധ്യമങ്ങളോ നവമാധ്യമങ്ങളോ ചോദ്യം ചെയ്തില്ല. കൂടുതല്‍ പേരിലേക്ക് വാര്‍ത്ത എത്തിക്കാനുള്ള സാധ്യത നവമാധ്യമങ്ങളും ഉപയോഗിച്ചില്ല. ഇത്തരത്തിലുള്ള ഉദാഹരണങ്ങള്‍ തിരഞ്ഞെടുപ്പനുബന്ധിച്ചുള്ള വിഷലിപ്തമായ മാധ്യമ പ്രവര്‍ത്തനമാണ്. ഇന്ത്യയില്‍ അരികുവല്‍ക്കല്‍രിക്കപ്പെട്ട ജനവിഭാഗത്തിനു വേണ്ടി നിലകൊള്ളുന്ന ചിന്തകന്മാരും, അക്കാദമീഷ്യന്മാരും, അഭിഭാഷകരും അടങ്ങുന്ന ആളുകള്‍ക്ക് നേരെ നടത്തിയ ഭരണകൂട ഭീകരതയാണ് ഈ കഴിഞ്ഞ ആഗസ്ത് 28 നു പൂനെ പോലീസ് മുംബൈ, ഡല്‍ഹി, റാഞ്ചി, ഗോവ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ നടത്തിയ അറസ്റ്റ്. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധ ഭരദ്വാജ്, വെര്‍ണോന്‍ ഗോണ്‍സാല്‍വസ്, വരവരറാവു, അരുണ്ട ഫെരേറ എന്നിവരുടെ വസതികളില്‍ അപ്രതീക്ഷിത തിരച്ചില്‍ നടത്തുകയും യാതൊരു വിധ ന്യായീകരണവും നല്‍കാതെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. അഭിഭാഷകരായ ഇന്ദിരാ ജെയ്‌സിംഗ്, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരുടെ ഇടപെടലുകള്‍ക്കൊടുവിലാണ് 5 പേരേയുംSeptember 6 വരെ വീട്ടു തടങ്കലില്‍ വെക്കാന്‍ കോടതി ഉത്തരവിടുന്നത്. ഇവര്‍ക്ക് മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നും ജനുവരി 2 നു നടന്ന ഭീമ കൊരേഗാവ്സംഘര്‍ഷത്തിന്റെ ആസൂത്രകരാണെന്നും ആരോപണമുന്നയിച്ചാണ് ഇത്തരമൊരു പോലീസ് ഭീകരത അവര്‍ക്ക് നേരെ നടത്തിയത്.

സുധ ഭരദ്വാജ്ഇന്ത്യയിലെ തൊഴിലാളികലുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വനിതയാണ്. വെര്‍ണോന്‍ ഗോണ്‍സാല്‍വസ് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പലതവണയായി നക്‌സലേറ്റ് എന്നു മുദ്ര കുത്തപ്പെട്ടിട്ടുണ്ട്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഗൗതം നവ്‌ലാഖ മനുഷ്യാവകാശത്തിനു വേണ്ടി ഉയര്‍ത്തിയ ശബ്ദമാണ് അറസ്റ്റിനു കാരണം. തെലങ്കാനയിലെ പ്രമുഖ കവിയായ വരവരറാവു ചെയ്ത തെറ്റും ഭരണകൂട വ്യവഹാരങ്ങളോട് എതിര്‍പ്പു പ്രകടിപ്പിച്ചു എന്നതാണ്. അരുണ്‍ ഫെരേറയെ അഞ്ച് വര്‍ഷം മാവോ ബന്ധം ചുമത്തി രാഷ്ട്രീയ തടവില്‍ അടക്കുകയും പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ട് മോചിപ്പിക്കുകയും ചെയ്തു.ഇവിടെ മാധ്യമങ്ങളുടെ ഇടപെടലുകള്‍ നിര്‍ണായകമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളായ ദി വയര്‍, ദി സ്‌ക്രോള്‍ തുടങ്ങിയവയൊക്കെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ നവമാധ്യമങ്ങളുടെ വായനക്കാര്‍ക്കു മുന്നില്‍ എത്തിച്ചു. പക്ഷേ വളരേയധികം പ്രചാരമുള്ള ദൈനിക് ഭാസകര്‍ പോലുള്ള ഹിന്ദിപത്രങ്ങള്‍ വസ്തുതാപരമായല്ല വാര്‍ത്തയെ സമീപിച്ചത്. മലയാളത്തില്‍ ഒരുപാട് പ്രചാരമൊന്നുമില്ലെങ്കിലും ദീപിക പോലുള്ള പത്ര സ്ഥപനങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെ തീവ്രവാദികളെ അറസ്റ്റ് ചെയ്തു എന്ന് യാതൊരു തെളിവുകളും ഇല്ലാതെ അച്ചടിച്ചു വിട്ടു. ദേശീയ തലത്തില്‍ എന്തു സംഭവിക്കുന്നു എന്നു ഒരുപാട് മനസിലാക്കാത്ത സാധാരണ ജനങ്ങളൊക്കെ മോഡി ഭരണകൂടം തീവ്രവാദികളെ ഇല്ലാതാക്കുന്നു എന്നാവും മനസിലാക്കുന്നത്.

യയര പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അറസ്റ്റ് ഒരു രാഷ്ട്രീയ പകപോക്കലാണെന്നാണ്. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഇടയില്‍ സംഭവം സൃഷ്ട്ടിച്ച കോലാഹലം ചെറുതല്ല. അരുന്ധതി റോയ് അറസ്റ്റ് നിരീക്ഷിച്ചത് വളരെ ശ്രദ്ധേയമായ രീതിയിലാണ്, പക്ഷേ വളരെ ചുരുക്കം മാധ്യമങ്ങള്‍ മാത്രമേ അരുന്ധതി റോയുടെ നിരീക്ഷണങ്ങളെ പ്രസിദ്ധീകരിച്ചത്. അരുന്ധതി റോയ് പറയുന്നത്,-Lokniti-CSDS-ABP ‘Mood of the Nation’ സര്‍വേയുടെ കണക്കുകള്‍ അനുസരിച്ച്ആഖജ യുടെ ജനസമ്മിതിക്ക് വളരെ വലിയ തോതിലുള്ള ഇടിവ് സംഭവിക്കുന്നുണ്ടെന്നാണു. അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഇന്ത്യയിലെ സാമൂഹിക രംഗത്ത് നടത്തിയ സംഭാവനകളൊന്നും അന്വേഷിക്കാതെ അവരെ തീവ്രവാദികളാക്കുന്ന മാധ്യമപ്രവര്‍ത്തനം, ഭരണ കൂടത്തിന്റെ അത്ര തന്നെ ഭീകരമാണ്. വാര്‍ത്തകള്‍ വസ്തു നിഷ്ഠമായിരിക്കണം എന്ന നിബന്ധന വര്‍ത്തമാനത്തേക്കാള്‍ ചരിത്രത്തിനു കൂടി ആവശ്യമായതാണ്. ഇന്നത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം നാളെയുടെ ചരിത്ര രേഖകളാണ്, അവയെ ഇന്നലെകളുടെ ചരിത്രത്തിനു വേണ്ടി ഉപയോഗിക്കുമ്പോള്‍ മഹത്തായ മനുഷ്യവകാശ പോരാട്ടം നടത്തിയവരെ നാം തീവ്ര വാദികളായി ഓര്‍മിക്കേണ്ടി വരരുത്.

നബീല പനിയത്ത്‌

You must be logged in to post a comment Login