കള്ളം ജയിക്കുന്ന കാലം

കള്ളം ജയിക്കുന്ന കാലം

ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങള്‍ 2001 സെപ്റ്റംബര്‍ 11ന്റെ ഭീകരാക്രമണത്തില്‍ നിലംപൊത്തുന്നത് ന്യൂജഴ്‌സി നഗരത്തിലിരുന്ന് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നത്.
‘അമേരിക്കയുടെ അഭിമാന ഗോപുരങ്ങള്‍ തകര്‍ന്നടിയുമ്പോള്‍, എനിക്കു ചുറ്റുമുള്ള നാട്ടുകാര്‍ ആഹ്ലാദാരവം മുഴക്കുകയായിരുന്നു. കുടിയേറ്റക്കാര്‍ക്ക് മുന്‍തൂക്കമുള്ള, അറബ് വംശജര്‍ക്ക് സ്വാധീനമുള്ള, മേഖലയായിരുന്നു അത്’, തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ട്രംപ് പറഞ്ഞു.
ന്യൂജഴ്‌സിയില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് നഗരസഭാ അധികൃതര്‍ ഉടന്‍ തന്നെ വ്യക്തമാക്കി. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ കരഘോഷം മുഴക്കിയവരെപ്പറ്റി അമേരിക്കയില്‍ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. പക്ഷേ, ട്രംപ് പിന്‍മാറിയില്ല. അമേരിക്കയ്ക്ക് നഷ്ടമായ ആത്മാഭിമാനത്തെപ്പറ്റി, മഹത്വം വീണ്ടെടുക്കേണ്ടതിനെപ്പറ്റി, കുടിയേറ്റമുയര്‍ത്തുന്ന ഭീഷണികളെപ്പറ്റി പ്രസംഗങ്ങളിലുടനീളം അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നൂ.
വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരെ താന്‍ നേരില്‍ കണ്ടിട്ടില്ലെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതോ ടെലിവിഷന്‍ പരിപാടിയില്‍ കണ്ടതിന്റെ ഓര്‍മയില്‍ പറഞ്ഞതാണെന്നും ട്രംപ് സമ്മതിച്ചത് ഏറെ വൈകിയാണ്. അപ്പോഴേക്കുമദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിക്കഴിഞ്ഞിരുന്നു. കുടിയേറ്റക്കാര്‍ക്കെതിരെ, മുസ്‌ലിംകള്‍ക്കെതിരെ, വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ, വിദ്വേഷമിളക്കിവിട്ട് യു.എസ് ജനതയില്‍ ദേശീയബോധം വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം അതിനകം വിജയിച്ചിരുന്നു.
നിര്‍ലജ്ജം പച്ചക്കള്ളങ്ങള്‍ പറയാനുള്ള തന്റേടമാണ് ട്രംപ് എന്ന ഭരണാധികാരിയുടെ മുഖമുദ്ര. ഭരണത്തിലേറി 558 ദിവസംകൊണ്ട് ഡൊണാള്‍ഡ് ട്രംപ് 4,229 കള്ളങ്ങള്‍ പറഞ്ഞെന്നാണ് അമേരിക്കയിലെ വാഷിംഗ്ടണ്‍ പോസ്റ്റ് ദിനപത്രം ഓഗസ്റ്റ് ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

കള്ളങ്ങളെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സത്യമാക്കി മാറ്റുന്ന ഈ കാലത്തെ സത്യാനന്തര (Post truth) കാലം എന്നാണ് സാമൂഹികശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. അസത്യപ്രചാരണത്തിന്റെ ബലത്തില്‍, സംശയാസ്പദമായൊരു തിരഞ്ഞെടുപ്പിലൂടെ ട്രംപ് അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് പോസ്റ്റ് ട്രൂത്ത് എന്ന പദപ്രയോഗം ഇംഗ്ലീഷ് ഭാഷയില്‍ സര്‍വസമ്മതി നേടുന്നതുതന്നെ.

സത്യാനന്തര ചരിത്രം
ചരിത്രാധ്യാപകനും ഗവേഷകനുമായ യുവാല്‍ നൂഹ് ഹരാരി(Yuval Noah Harari)യുടെ പുതിയ പുസ്തകമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇരുപത്തൊന്നു പാഠങ്ങള്‍ (21 Lessons for the 21st Century). അതിലെ ഒരധ്യായം തുടങ്ങുന്നത് അസത്യം വിജയിച്ചതിന്റെ മറ്റൊരുദാഹരണവുമായാണ്. 2014 ഫെബ്രുവരിയില്‍ റഷ്യയുടെ രഹസ്യഭടന്‍മാര്‍ ഉക്രൈനില്‍ നടത്തിയ അധിനിവേശമാണു സംഭവം. തലസ്ഥാനമായ ക്രിമിയയിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ പട്ടാള വേഷത്തിലല്ലാതെ ഉക്രൈനിയില്‍ കടന്ന റഷ്യന്‍ ഭടന്‍മാര്‍ കീഴടക്കി. സംഭവത്തില്‍ റഷ്യക്ക് ഒരു പങ്കുമില്ലെന്നും ഉക്രൈനിലെ ദേശീയവാദികളുടെ ചെറുത്തുനില്‍പാണതെന്നുമായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വാദം.
പുടിന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് ഉക്രൈന്‍ ഭരണകൂടത്തിനും റഷ്യക്കാര്‍ക്കും അറിയാമായിരുന്നു. ഉക്രൈന്‍ എന്നൊരു രാജ്യത്തിനുതന്നെ സാധുതയില്ലെന്നും റഷ്യയുടെ പ്രവിശ്യ മാത്രമാണതെന്നും വിശ്വസിച്ചിരുന്ന റഷ്യന്‍ ദേശീയവാദികളെ സംബന്ധിച്ചിടത്തോളം പുടിന്റെ കള്ളം മഹത്തായൊരു ലക്ഷ്യം നേടാനുള്ള രാജ്യതന്ത്രം മാത്രമായിരുന്നു. റഷ്യയില്‍നിന്ന് വ്യതിരിക്തമായ അസ്തിത്വം തങ്ങള്‍ക്കുണ്ടെന്ന് ഉറപ്പായിരുന്നെങ്കിലും പുടിനെ പൊളിച്ചു കാണിക്കാനുള്ള ശേഷി ഉക്രൈന് ഉണ്ടായിരുന്നുമില്ല. റഷ്യക്കാരില്‍ ദേശീയവികാരം കുത്തിനിറയ്ക്കാനുള്ള കളികളില്‍ പുടിന്‍ തന്നെ വിജയിച്ചു. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹം ജനാധിപത്യ റഷ്യയുടെ സ്വേഛാധിപതിയായി മാറി. അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍പോലും ഇടപെടാനുള്ള ശേഷിയാര്‍ജിച്ചു.
ബ്രെക്‌സിറ്റ് ഹിതപരിശോധനാ വേളയില്‍ ബ്രിട്ടനിലാണ് പിന്നീട് പച്ചക്കള്ളങ്ങള്‍ വിജയംവരിക്കുന്നതിന് ലോകം സാക്ഷ്യം വഹിച്ചത്. ഇങ്ങ് ഇന്ത്യയില്‍ ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലും ടീസ്റ്റാ സെതല്‍വാദിനെതിരായ കേസുകളിലും നരേന്ദ്രമോഡി ഭരണകൂടം ഉപയോഗപ്പെടുത്തുന്നത് സത്യാനന്തര കാലത്തിന്റെ തന്ത്രങ്ങളാണെന്ന് പ്രശസ്ത പത്രപ്രവര്‍ത്തക അമൂല്യ ഗോപാലകൃഷ്ണന്‍ ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ പംക്തിയില്‍ പറയുന്നു.
കള്ളം വിജയം വരിക്കുന്നത് സമകാലീന പ്രതിഭാസമൊന്നുമല്ല. ആധുനിക മനുഷ്യന്റെ ചരിത്രം തന്നെ കള്ളങ്ങളുടെ ചരിത്രമാണെന്ന് ഹരാരി ചൂണ്ടിക്കാണിക്കുന്നു. പലസ്തീന്‍ ജനത എന്നൊന്ന് ഇല്ലെന്നും ചരിത്രത്തില്‍ ഒരുകാലത്തും അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്നും അന്നത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ഗോള്‍ഡാ മെയര്‍ പ്രഖ്യാപിച്ചത് 1969ല്‍ ആണ്. ഇസ്രയേല്‍ പാര്‍ലമെന്റ് അംഗമായ അനത് ബെര്‍കോ 2016ല്‍ ഇക്കാര്യം ഭാഷാശാസ്ത്രം ഉപയോഗിച്ച് ‘സ്ഥാപിക്കു’കയും ചെയ്തു. ‘അറബ് ഭാഷയില്‍ ‘പ’ എന്ന അക്ഷരമേ ഇല്ല. പിന്നെങ്ങനെ പലസ്തീന്‍ എന്നൊരു രാജ്യവും പലസ്തീന്‍ ജനതയുമുണ്ടാകും?’ അനത്‌ബെര്‍കോ ചോദിച്ചു. ‘പ’യ്ക്കു പകരം അറബികള്‍ ‘ഫ’യാണ് ഉപയോഗിക്കുന്നതെന്നും പലസ്തീന്‍ എന്നല്ല ഫലസ്തീന്‍ എന്നാണ് പറയുന്നതെന്നും അറിയാതെയായിരുന്നില്ല അനത് ബെര്‍കോയുടെ വാദം.

പുറംനാട്ടിലുള്ളവര്‍ക്ക് ബാലിശമായിതോന്നുമെങ്കിലും ഗോള്‍ഡാ മെയറിന്റെയും അനത് ബെര്‍കോയുടെയും കള്ളങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുന്നവര്‍ തന്റെ രാജ്യത്ത് ധാരാളമുണ്ടെന്ന് ഇസ്രയേലില്‍ ജനിച്ച് ഹീബ്രു സര്‍വകലാശാലയില്‍ അധ്യാപകനായി ജോലി നോക്കുന്ന ഹരാരി പറയുന്നു.

ആരുടേതുമല്ലാത്ത നാടാണിതെന്നു പറഞ്ഞാണ് ബ്രിട്ടീഷുകാര്‍ ഓസ്‌ട്രേലിയയില്‍ കുടിയേറിയത്. അവിടത്തെ ആദിമനിവാസികളുടെ 50,000 വര്‍ഷത്തെ ചരിത്രമാണ് അതിലൂടെ അവര്‍ തമസ്‌കരിച്ചത്. പരാജയപ്പെട്ട ചിത്രകാരന്‍ മാത്രമായിരുന്ന ഹിറ്റ്‌ലര്‍ ജര്‍മന്‍ ജനതക്ക് ജര്‍മനിയുടെയും ആര്യ വംശത്തിന്റെയും മഹത്വത്തെപ്പറ്റിയുള്ള സങ്കല്‍പം കൈമാറി. ആര്യന്‍മാര്‍ തങ്ങളുടെ ശത്രുക്കളാണെന്ന് അവരെ ധരിപ്പിച്ചു. അതു വിശ്വസിച്ച ജര്‍മന്‍കാര്‍ ഹിറ്റ്‌ലറെ തങ്ങളുടെ ഭരണാധികാരിയായി അവരോധിച്ചു. ലോകയുദ്ധം വരെ നീണ്ട കൂട്ടക്കുരുതികളായിരുന്നു അതിന്റെ ഫലം. ഒരു നുണ ഒരു പ്രാവശ്യം പറയുമ്പോഴേ നുണയാകൂ. ഒരേ കള്ളം ആയിരം വട്ടം പറയുമ്പോള്‍ സത്യമായി മാറുമെന്നു പറഞ്ഞ നാസി പ്രചാരകന്‍ ജോസഫ് ഗീബല്‍സാണ് സത്യാനന്തര കാലത്തിന്റെ ആചാര്യന്‍.

കഥ മെനയുന്ന ജീവി
സാങ്കല്‍പിക കഥകളുണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും അതില്‍ സ്വയം വിശ്വസിക്കുകയും ചെയ്യുകയെന്നതാണ് മനുഷ്യവംശത്തിന്റെ സവിശേഷതയെന്ന് ‘സാപിയന്‍സ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്‍ഡ്’ (ടapiens: A Brief History of Humankind) എന്ന പ്രശസ്ത കൃതിയില്‍ ഹരാരി സ്ഥാപിക്കുന്നുണ്ട്. ജനിതകഘടന പരിശോധിച്ചാല്‍, മനുഷ്യനും മൃഗവും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. കൂട്ടം ചേരാനും കഥ പറയാനുമുള്ള കഴിവാണ് മനുഷ്യനെ വ്യത്യസ്തനാക്കുന്നത്.

ലക്ഷക്കണക്കിനു വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ എവിടെയോ ഉരുത്തിരിഞ്ഞ ശാരീരികമായി ദുര്‍ബലനായ ആദിമനുഷ്യന്‍ ഇതര നാടുകളിലേക്ക് വ്യാപിച്ച് അര ഡസനോളം സ്പീഷീസുകളായി വേര്‍പിരിഞ്ഞ് മുന്നേറി ഹോമോ സാപിയന്‍സ് എന്ന ഒറ്റ സ്പീഷീസ് മാത്രം അവശേഷിപ്പിച്ച് ഭൂമിയെ കീഴടക്കിയ കഥയാണ് 2014ല്‍ പുറത്തിറങ്ങിയ സാപിയന്‍സ് പറയുന്നത്. ശാസ്ത്രമെന്നോ ചരിത്രമെന്നോ വേര്‍തിരിച്ചു പറയാനാവാത്ത ഈ കൃതി 45 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. ഇംഗ്ലീഷില്‍ മാത്രം 12 ലക്ഷത്തോളം കോപ്പി വിറ്റഴിച്ചു.

ഒരു കള്ളം ആയിരമാളുകള്‍ ഒരു മാസക്കാലമേ വിശ്വസിച്ചുള്ളൂവെങ്കില്‍ അത് കള്ളമായിത്തന്നെ തിരിച്ചറിയപ്പെടും. സാങ്കല്‍പിക കഥയെ നൂറുകോടിയാളുകള്‍ ആയിരം വര്‍ഷക്കാലം വിശ്വസിച്ചാല്‍ അത് മതമായിമാറുമെന്ന് സാപിയന്‍സില്‍ ഹരാരി പറയുന്നു.
ബ്രാഹ്മണനെ ജാതിയില്‍ താഴ്ന്നവന്‍ തീണ്ടുന്നത് ഇരുവരെയും സൃഷ്ടിച്ച ദൈവത്തിന് ഇഷ്ടമാകില്ലെന്ന് ഇന്ത്യയിലെ ജനങ്ങള്‍ എത്രയോ കാലം വിശ്വസിച്ചു. ഒരേ കഥ എല്ലാവരും വിശ്വസിക്കുന്നിടത്തോളം കാലം അതിലെ നിയമങ്ങള്‍ അനുസരിച്ച് സംഘമായി ജീവിക്കാന്‍ നമുക്കാവും. മനുഷ്യരുണ്ടാക്കിയ നിയമങ്ങള്‍ 90 മിനിറ്റുനേരത്തേക്കെങ്കിലും അന്ധമായി വിശ്വസിച്ചാലേ ഫുട്‌ബോള്‍ മത്സരം ആസ്വദിക്കാനാവൂ.

ഒരു ബ്രാന്‍ഡില്‍പെട്ട ഉത്പന്നം മറ്റൊന്നിനെക്കാള്‍ കേമമാണെന്ന് മുതലാളിത്തം ധരിപ്പിക്കുന്നത് പരസ്യമെന്ന കള്ളത്തിലൂടെയാണ്. പൊണ്ണത്തടിയും പ്രമേഹവുമുണ്ടാക്കുന്ന കൊക്കക്കോളയെ ഊര്‍ജസ്വലത നല്‍കുന്ന പാനീയമായി എത്രയോ കാലം എത്രയോ ആളുകള്‍ സങ്കല്‍പിച്ചത് ഇതിന് ഉദാഹരണമായി ഹരാരി ചൂണ്ടിക്കാണിക്കുന്നു.

സത്യത്തിനു മുകളില്‍ അസത്യത്തെ പ്രതിഷ്ഠിച്ചാലേ പൗരോഹിത്യത്തിനും സാമ്രാജ്യങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും നിലനില്‍പുള്ളൂ. ശാസ്ത്രവും മതവും ബദ്ധവൈരികളാണെന്നൊക്കെ പറയുമെങ്കിലും ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍ ജനനന്മയ്ക്കായി നടപ്പാക്കിയത് ആദ്യകാലത്ത് അന്നത്തെ പ്രബല മതങ്ങളായിരുന്നു. കണ്ടെത്തലുകള്‍ നടത്താനല്ലാതെ സമൂഹത്തിനുവേണ്ടി അതിനെ പ്രായോഗികപഥത്തിലെത്തിക്കാന്‍ ശാസ്ത്രത്തിന് കഴിയില്ല. അതിന് മതമായാലും ഭരണകൂടമായാലും വ്യക്തമായ ദര്‍ശനമുള്ള പ്രബല സംവിധാനം വേണം.
എതിര്‍വാദങ്ങളെ അടിച്ചമര്‍ത്തിയാണ് പഴയ ഭരണാധികാരികള്‍ കള്ളം പ്രചരിപ്പിച്ചിരുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ പട്ടിണികൊണ്ടു മരിക്കുമ്പോഴും സോവിയറ്റ് യൂണിയനിലെ സമൃദ്ധിയുടെ അതിശയങ്ങളാണ് ജോസഫ് സ്റ്റാലിന്റെ ഭരണകൂടം പുറത്ത് പ്രചരിപ്പിച്ചിരുന്നത്. ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും വാട്‌സാപ്പിന്റെയും കാലത്ത് വസ്തുതകളെ മൂടിവെക്കാന്‍ പറ്റില്ലെന്നുവന്നു. ട്രംപിന്റെ കള്ളങ്ങളെ പൊളിച്ചെഴുതുന്നത് അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെയാണ്. കൈവെള്ളയിലെത്തുന്ന പരസ്പര വിരുദ്ധമായ വസ്തുതകളില്‍ ഏതാണ് സത്യം എന്ന് വേര്‍തിരിച്ചറിയുന്നതെങ്ങനെയെന്നതാണ് ഇന്നത്തെ പ്രശ്‌നം.

ദേശീയതയെന്ന കള്ളം
ലക്ഷക്കണക്കിനു വര്‍ഷം ചെറുകൂട്ടങ്ങളായി ജീവിച്ചുപോന്ന മനുഷ്യന്‍ അനേകായിരം അപരിചിതര്‍ ഉള്‍പ്പെടുന്ന രാഷ്ട്രമാകാന്‍ തുടങ്ങിയിട്ട് കഷ്ടിച്ച് അയ്യായിരം വര്‍ഷമേ ആയിട്ടുള്ളൂ എന്ന് ഹരാരി ചൂണ്ടിക്കാണിക്കുന്നു. കൊച്ചുസമൂഹങ്ങള്‍ക്ക് പരിഹരിക്കാന്‍ കഴിയാത്ത വലിയ പ്രശ്‌നങ്ങളാണ് രാഷ്ട്രങ്ങളുടെ പിറവിയ്ക്കു കാരണമായത്. പുതിയ ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാഷ്ട്രം എന്ന ചട്ടക്കൂടിനു കഴിയില്ലെന്നാണ് സാപിയന്‍സിനും പ്രപഞ്ചത്തെത്തന്നെ കീഴടക്കാനൊരുങ്ങുന്ന ആധുനിക മനുഷ്യന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൃഷ്ടിക്കപ്പെടുന്ന അതിമാനുഷനിലൂടെ സ്വയം അപ്രസക്തനായിത്തീരുമെന്ന് അഭിപ്രായപ്പെടുന്ന ഹോമോ ഡിയൂസ് (Homo Deus: A Brief History of Tomorrow) എന്ന അടുത്ത പുസ്തകത്തിനും ശേഷം നടത്തിയ പ്രഭാഷണങ്ങളില്‍ അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഈ പ്രഭാഷണങ്ങളാണ് 2018 ആഗസ്തില്‍ പുറത്തിറങ്ങിയ പുതിയ പുസ്തകത്തിന്റെ ആധാരം.
സാപിയന്‍സിനെയും ഹോമോ ഡിയൂസിനെയും പോലെ ആദിമന്ത്യാന്തങ്ങളുള്ള ഒരൊറ്റ പുസ്തകമല്ല, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കുള്ള ഇരുപത്തൊന്നു പാഠങ്ങളാണിത്. സങ്കുചിത ദേശീയതയില്‍ നിന്നു പുറത്തുകടന്ന് ആഗോളസാഹചര്യങ്ങള്‍ നേരിടേണ്ടതിന്റെ ആവശ്യകതയാണ് ഈ ലേഖനങ്ങള്‍ ഊന്നിപ്പറയുന്നത്.

വ്യാജവാര്‍ത്തകള്‍ക്കൊപ്പം ദേശീയതയും മടങ്ങിവരവിന്റെ പാതയിലാണിപ്പോഴെന്ന് ഹരാരി ചൂണ്ടിക്കാണിക്കുന്നു. പടിഞ്ഞാറന്‍ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ശക്തികേന്ദ്രങ്ങളിലും റഷ്യയിലും ചൈനയിലും ഇന്ത്യയിലുമെല്ലാം ദേശീയത ശക്തിയോടെ തിരിച്ചുവരുന്നു. എന്നാല്‍, ഇരുപത്തൊന്നാം നൂറ്റാണ്ട് നേരിടുന്ന അതിസങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ദേശീയതയല്ല.

കാലാവസ്ഥാ വ്യതിയാനം, അണുവായുധ ഭീഷണി, പാരിസ്ഥിതികത്തകര്‍ച്ച, വിനാശകരമായ സാങ്കേതികവിദ്യകളുടെ ഭീഷണി തുടങ്ങി ആഗോള വെല്ലുവിളികളാണ് നാം നേരിടുന്നത്. സമുദ്ര നിരപ്പുയര്‍ന്ന് സമീപ ഭാവിയില്‍ത്തന്നെ മുംബൈ നഗരം മുങ്ങിപ്പോകാനുള്ള സാധ്യത വളരെയേറെയാണ്. ഇന്ത്യമാത്രം വിചാരിച്ചാല്‍ അതു തടയാന്‍ കഴിയില്ല. ആഗോളതാപനംമൂലം അന്റാര്‍ട്ടിക്കയിലെ മഞ്ഞുരുകുന്നത് ഇന്ത്യയുടെ നിയന്ത്രണത്തിലല്ല എന്നതാണ് കാരണം. ഒരു രാഷ്ട്രത്തിനും, അതെത്ര കരുത്തരായ രാഷ്ട്രമായാലും, പാരിസ്ഥിതിക വെല്ലുവിളികളെ ഒറ്റയ്ക്ക് നേരിടുക സാധ്യമല്ല. കാരണം, ഒരു രാഷ്ട്രവും അതിന്റെ മാത്രമായ പരിസ്ഥിതിയിലല്ല നിലനില്‍ക്കുന്നത്. ആഗോള പരിസ്ഥിതിയെന്നത് ഒരു രാജ്യത്തിന്റെയും പരമാധികാരത്തില്‍ വരുന്നില്ല.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാനവരാശിയ്ക്ക് അതിജീവിക്കണമെങ്കില്‍ ഒറ്റ വഴിയേയുള്ളൂ, ദേശീയമൂല്യങ്ങളെ മാറ്റി ആഗോളമാനവ മൂല്യങ്ങളെ പകരം വെയ്ക്കണം. പക്ഷേ, ഇപ്പോഴും നമ്മുടെ രാഷ്ട്രീയം കേവലം ദേശീയ രാഷ്ട്രീയമാണ്. പ്രാദേശിക രാഷ്ട്രീയം. ഇതിന്റെ സ്ഥാനത്ത് ആഗോളരാഷ്ട്രീയത്തെ പ്രതിഷ്ഠിച്ചുകൊണ്ടേ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടാനാവൂ എന്ന് ഹരാരി പറയുന്നു.

വി.ടി സന്തോഷ്‌

You must be logged in to post a comment Login