ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ഹാറൂന്‍ യഹ്‌യ,ബ്രൂട്ടസേ നീയും!

ലോക പ്രശസ്ത സൃഷ്ടിവാദിയും എഴുത്തുകാരനുമായ അദ്‌നാന്‍ ഒഖ്താര്‍ എന്ന ഹാറൂന്‍ യഹ്‌യയെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തുര്‍ക്കി പോലീസ് ഇസ്താംബൂളില്‍ വെച്ച് അറസ്റ്റ് ചെയ്തു. വഞ്ചന, ലൈംഗികാതിക്രമം, ചാരപ്പണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് ആയുധങ്ങളും കവചിത വാഹനങ്ങളും പോലീസ് പിടിച്ചെടുത്തതായി ടര്‍ക്കിഷ് ദിനപത്രം ഹുരിയ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. തന്നെ അറസ്റ്റ് ചെയ്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ വാര്‍ത്ത കേട്ടപ്പോള്‍ ഞെട്ടിയില്ല. കാരണം അദ്ദേഹം ഒരു ഫ്രീ മാസണ്‍ ആണോ എന്നതിനെക്കുറിച്ച് ഈയടുത്ത് ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നു. ഫൈസല്‍ അഹ്‌സനി ഉളിയിലായിരുന്നു ചര്‍ച്ച തുടങ്ങിയത്. സത്യം പറഞ്ഞാല്‍ ഫ്രീ മാസണ്‍ (Free mason) എന്ന് അപ്പോഴാണ് ഞാനാദ്യമായി കേള്‍ക്കുന്നത്.
ഹാറൂന്‍ യഹ്‌യയെ മജ്മഇല്‍ പഠിക്കുന്ന കാലത്തേ വായിച്ചിട്ടുണ്ട്. ധൈഷണികവും ശാസ്ത്രീയവും പുതുമയാര്‍ന്നതുമായ കാര്യങ്ങളാണ് അദ്ദേഹം പങ്കുവെയ്ക്കാറുണ്ടായിരുന്നത്. എങ്കിലും അദ്ദേഹത്തിന്റെ പഠനങ്ങളോട് മാനസികമായ ഒരു അകലം അന്നേ പാലിച്ചിരുന്നു. ഖുര്‍ആനിലും ഹദീസിലും വന്ന പല കാര്യങ്ങളെയും പരമ്പരാഗതമായി സ്വീകരിക്കപ്പെടുന്ന അര്‍ത്ഥങ്ങള്‍ക്കപ്പുറം പുതിയ രീതിയില്‍ ആവിഷ്‌കരിക്കുന്നത് വായിക്കാന്‍ രസമുണ്ടായിരുന്നുവെങ്കിലും പലപ്പോഴും ബോധ്യപ്പെടാന്‍ പ്രയാസമായിരുന്നു. സൂറത്തുല്‍ കഹ്ഫിലെ ദുല്‍ഖര്‍നൈനിയെക്കുറിച്ച് Signs of the end times in surath al kahf (പേജ്-195) എന്ന പുസ്തകത്തില്‍ എഴുതിയ ഒരു നിഗമനം ഉദാഹരണം. വിവര സാങ്കേതിക വിദ്യ അതിന്റെ ഉത്തുംഗതയിലെത്തിയ കാലത്ത് ഇനി വരാനിരിക്കുന്ന ഭരണാധികാരിയാണത്രെ ദുല്‍ഖര്‍നൈനി. എങ്കിലും ഡാര്‍വിനിസത്തെ പൊളിച്ചെഴുതുന്ന അദ്ദേഹത്തിന്റെ നിരന്തരമായ പഠനങ്ങള്‍, പ്രബന്ധങ്ങള്‍, ഡോക്യുമെന്ററികള്‍, പ്രഭാഷണങ്ങള്‍, അഭിമുഖങ്ങള്‍, അന്വേഷണങ്ങള്‍ എല്ലാം വിസ്മയിപ്പിച്ചിട്ടുണ്ട്.

ഇസ്‌ലാമിക ഗ്രന്ഥലോകത്തിന് ഒട്ടനേകം സംഭാവനകള്‍ അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. പ്രബോധന രംഗത്തും ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. (അദ്‌നാന്‍ ഒഖ്താര്‍ എന്ന ഒറ്റ വ്യക്തിയല്ല ഈ പുസ്തകങ്ങളെല്ലാം എഴുതുന്നതെന്നും അത് ഒരു ആഗോള പുസ്തക വിപണന സംഘത്തിന്റെ കര്‍ത്താക്കളുടെ പൊതുപേരാണെന്നും എന്റെ ഒരു സുഹൃത്ത് പറഞ്ഞു. ആര് എന്ത് എഴുതിയാലും ആ പേരിലാണത്രെ പ്രസിദ്ധീകരിക്കുക. അദ്ദേഹത്തിനും ആ സംഘത്തിലേക്ക് ക്ഷണം കിട്ടിയിരുന്നുവത്രെ!).

ഇങ്ങനെയൊക്കെയുള്ളയാള്‍ എങ്ങനെയാണ് ലൈംഗിക പീഡനത്തിന്റെയും വഞ്ചനയുടെയും മറ്റു കുറ്റകൃത്യങ്ങളുടെയും പേരില്‍ അറസ്റ്റ് ചെയ്യപ്പെടുക എന്നത് വിചിത്രമായി തോന്നും. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ഇസ്‌ലാമിക പ്രബോധകനെതിരെയുള്ള ഗൂഢാലോചന എന്ന് പെട്ടെന്ന് നമുക്ക് തോന്നാം. പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെ ഒരു നിഗൂഢത പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. ഈ പ്രഹേളികയെ കുരുക്കഴിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഫ്രീ മാസന്റിയെക്കുറിച്ചുള്ള ആലോചനകള്‍ പ്രസക്തമാവുന്നത്. അപ്പോഴാണ് ഒരു ആഗോള ഗൂഢാലോചനയുടെ ഇരയാക്കപ്പെട്ടോ എന്ന് നാം സംശയിക്കുന്നത്.

എന്താണ് ഫ്രീ മാസന്റി?
ലോകക്രമത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, ലോകത്തെമ്പാടും വേരുകളുള്ള, അന്തര്‍ധാരകള്‍ അതിനിഗൂഢമായ രഹസ്യസംഘടനയാണ് ഫ്രീ മാസന്റി എന്നാണ് എന്റെ ചെറിയ വായനയില്‍ നിന്ന് മനസിലായത്. സര്‍വസ്വതന്ത്രമായ ലോകം പുലര്‍ന്ന് കാണാന്‍ ആഗ്രഹിക്കുന്ന ഒരു ബുദ്ധിജീവി കൂട്ടായ്മ. ഇല്ല്യുമിനാത്തി, സ്‌കള്‍സ് ആന്‍ഡ് ബോണ്‍സ് എന്നിവ ഇതിന്റെ വകഭേദങ്ങളാണ്. അതിവിചിത്രമായ ആചാരങ്ങള്‍ ഇവര്‍ വെച്ചു പുലര്‍ത്തുന്നു. ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഫ്രീ മാസന്റിക്കെതിരെ ഏറ്റവും കൂടുതലായി ഗ്രന്ഥരചന നടത്തിയ ആളാണ് ഹാറൂന്‍ യഹ്‌യ. The new masonic order, Judaism and free masonry, Global free masonry എന്നിവയെല്ലാം ഫ്രീ മാസണിനെതിരെ ഇദ്ദേഹം നടത്തിയ രചനകളാണ്.
ഫ്രീ മാസന്റിയെക്കുറിച്ച് ഹാറൂന്‍ യഹ്‌യ തന്നെ എഴുതിയ GLOBAL FREEMASONRY : THE MASONIC PHILOSOPHY UNVEILED AND REFUTED എന്ന പുസ്തകത്തെ അതിജീവിച്ച് ഞാന്‍ മനസിലാക്കിയ ചില കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാം. 1717 ല്‍ ഇംഗ്ലണ്ടിലാണ് മാസന്റിയുടെ അസ്തിത്വത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതിനു മുമ്പേ ഇംഗ്ലണ്ടിലും പിന്നീട് ഫ്രാന്‍സിലും തുടര്‍ന്ന് മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലും ഇത് പടര്‍ന്ന് പിടിച്ചിരുന്നു. മതവിരുദ്ധരുടെ പ്രാഥമിക കൂടിയിരിപ്പു കേന്ദ്രങ്ങളായും അവ മാറി. പല യൂറോപ്യന്‍ മാസന്‍സും അവരുടെ ലോഡ്ജുകളില്‍ സ്വതന്ത്രചിന്തകര്‍ (ഫ്രീ തിങ്കേഴ്‌സ്) എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. മാസന്റിയുടെ ആദ്യ കാലഘട്ടങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ മിമാര്‍ സിനാന്‍ എന്ന മാസോണിക് മാഗസിനില്‍ പറയുന്നത് പ്രകാരം, മതത്തിനു പുറത്ത് സത്യം കണ്ടെത്താന്‍ ശ്രമിച്ച ഇവര്‍ അവസാനം മതവിരുദ്ധരായി മാറുകയായിരുന്നു.
മാസന്റിയും ചര്‍ച്ചുകളും തമ്മിലുള്ള വടംവലി 18, 19 നൂറ്റാണ്ടുകളില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയായപ്പോഴേക്കും യൂറോപ്പിനു പുറത്തുള്ള രാജ്യങ്ങളിലേക്കു കൂടി മാസന്റി വ്യാപിച്ചു. എവിടെയും മതവിരുദ്ധമായ തത്വങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു അതിന്റെ മുഖമുദ്ര. ഫ്രീ മാസന്റിയും രാഷ്ട്രീയവും എന്ന വിഷയത്തില്‍ മിമാര്‍ സിനാന്‍ മാഗസിനില്‍ തന്നെ വന്ന ഒരു ലേഖനം ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ചര്‍ച്ചിന്റെ ശക്തി തകര്‍ക്കാനും ജനങ്ങള്‍ക്കു മേല്‍ സ്വാധീനം ഉറപ്പിക്കുവാനും വേണ്ടി മത പുരേഹിതര്‍ക്കും അധികാരത്തിനും എതിരെയുള്ള സമരത്തില്‍ ഫ്രീ മാസന്റി വ്യാപൃതമായി. ഇക്കാരണത്താല്‍ 1738 ലും 1751 ലും ഫ്രീ മാസന്റി ദൈവനിരാസത്തിലധിഷ്ഠിതമാണെന്ന് പോപ് പ്രഖ്യാപിച്ചു.

ക്രിസ്ത്യാനിസത്തില്‍ ചില അധീശത്വപരമായ പ്രവണതകള്‍ ഉണ്ടായിരുന്നുവെങ്കിലും മാസന്റിയുടെ ശത്രുത അതുകൊണ്ടൊന്നുമായിരുന്നില്ല. പ്രത്യുത ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ പാരമ്പര്യ മതസംഹിതകളോടുള്ള പൊതുവായ ശത്രുത തന്നെയായിരുന്നു അത്.

പതിനെട്ടാം നൂറ്റാണ്ടിലെ മാസന്റി എങ്ങനെയാണ് ഉടലെടുത്തതെന്നും അവയുടെ ലക്ഷ്യമെന്തായിരുന്നെന്നും അറിയാന്‍ ഈ കാലഘട്ടത്തില്‍ ഉടലെടുത്ത വ്യത്യസ്ത മാസോണിക് രഹസ്യ കൂട്ടായ്മകളെ കുറിച്ച് പഠിച്ചാല്‍ മതി. അത്തരത്തിലുള്ള ഒരു സജീവ കൂട്ടായ്മയായിരുന്നു ഇംഗ്ലണ്ടിലെ ഹെല്‍ഫെയര്‍ ക്ലബ്ബ്. ഈ ക്ലബിന്റെ മാസോണിക് ഘടനയും മതവിരുദ്ധതയും മാസോണിക് എഴുത്തുകാരന്‍ കൂടിയായ ഡാനിയല്‍ വില്ലന്‍സ് അദ്ദേഹത്തിന്റെ The Hell Fair Club : Sex, Politics and Religion in 18th century in England എന്ന കൃതിയില്‍ വിശദീകരിക്കുന്നു. 1719 ല്‍ ലണ്ടനില്‍ രൂപീകരിക്കപ്പെട്ട The Hell Fair Club ന്റെ സ്ഥാപകന്‍ ഫിലിപ്പ് വാര്‍ട്ടന്‍ ആയിരുന്നു. അദ്ദേഹം പ്രമുഖ രാഷ്ട്രീയക്കാരനും ഫ്രീ മാസണും മതത്തെ പരിഹസിക്കാന്‍ പൊതുഇടങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്ന നിരീശ്വരവാദിയുമായിരുന്നു. 1722 ല്‍ ലണ്ടന്‍ ഗ്രാന്റ് ലോഡ്ജിന്റെ ഗ്രാന്റ് മാസ്റ്റര്‍ മാസണ്‍ ആയി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രഞ്ച് വിപ്ലവം
രഹസ്യവും എന്നാല്‍ ആകര്‍ഷകവുമായ സംഘടനയായിട്ടാണ് മാസന്റി പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിന്റെ പൊതുവിശ്വാസങ്ങളോട് അത് പ്രകടിപ്പിച്ച വൈമുഖ്യം അതിന്റെ അംഗങ്ങള്‍ക്ക് ഒരു മാനസിക സംതൃപ്തി നല്‍കി. മാസോണിക് ആചാരങ്ങളുടെ അടിസ്ഥാനം വിഗ്രഹാരാധനകളുടെ പ്രതീകങ്ങളെ പവിത്രീകരിക്കുന്നതാണ്. അതുകൊണ്ടാണ് ബഹുദൈവത്വം വിശ്വാസത്തിന്റെ ഭാഗമായി സ്വീകരിക്കുന്നില്ലെങ്കിലും അതിന്റെ സിമ്പലുകളെ സ്വീകരിച്ച് മാസോണിസ്റ്റുകള്‍ പാഗണ്‍ ആചാരങ്ങള്‍ പുല്‍കുന്നത്. വിചിത്രമായ ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനപ്പുറം യൂറോപ്പിനെ ദൈവിക മതങ്ങളില്‍ നിന്ന് അകറ്റുക എന്നതായിരുന്നു മാസന്റിയുടെ അജണ്ട. ഫ്രഞ്ച് വിപ്ലവം ഉദാഹരണം. ഫ്രഞ്ച് വിപ്ലവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാസോണിസ്റ്റ് പങ്കിനെക്കുറിച്ച് 1789 ല്‍ അറസ്റ്റിലായ കാഗ്ലിസ്‌ട്രോ ഏറ്റുപറഞ്ഞിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവം അടിസ്ഥാനപരമായി മതവിരുദ്ധമാണ്. ധാരാളം പുരോഹിതന്മാര്‍ കൊല്ലപ്പെട്ടു. മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും തകര്‍ക്കപ്പെട്ടു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോഴേക്കും വിപ്ലവത്തിന്റെ നിയന്ത്രണം അവര്‍ക്കു നഷ്ടപ്പെടുകയും ഫ്രാന്‍സ് അരാജകത്വത്തിലകപ്പെടുകയും ചെയ്തു.

നാസിസം
1871 ലെ ജര്‍മന്‍ പ്രധാനമന്ത്രിയായിരുന്ന ബിസ് മാര്‍ക്കിനെ നാഷണല്‍ ലിബറല്‍സ് ഉപജാപക സംഘം സ്വാധീനിക്കുകയും സാംസ്‌കാരിക യുദ്ധം എന്ന പേരില്‍ ഒരു കാത്തലിക് വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുകയും ചെയ്തു. 1872 ല്‍ രാജ്യത്തെ പുരോഹിതന്മാരെ വളഞ്ഞ് പിടിക്കുകയും ഒറ്റരാത്രി കൊണ്ട് അവരുടെ സ്ഥാപനങ്ങള്‍ ജപ്തി ചെയ്യുകയും ചെയ്തു. 1873 ല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരായ മുഴുവന്‍ പുരോഹിതന്മാരെയും തീയിട്ടു. വിവാഹം, വിദ്യാഭ്യാസം, പ്രഭാഷണം തുടങ്ങിയവയില്‍ ചര്‍ച്ച് ഇടപെടുന്നത് നിരോധിക്കപ്പെട്ടു. 1300 ഓളം ചര്‍ച്ചുകളില്‍ ഒരൊറ്റ പുരോഹിതനും ഇല്ലാത്ത അവസ്ഥ വന്നു. ഈ സാംസ്‌കാരിക യുദ്ധത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് മാസോണിസ്റ്റ് ബുദ്ധിജീവികളായിരുന്നുവെന്ന് കാത്തലിക് എന്‍സൈക്ലോപീഡിയ വ്യക്തമാക്കുന്നു. പിന്നീട് ബിസ്മാര്‍ക്ക് സാംസ്‌കാരിക യുദ്ധം ഔദ്യാഗികമായി അവസാനിപ്പിച്ചുവെങ്കിലും മാസണ്‍സ് അത് തുടര്‍ന്നു. ഇതിന്റെ ഗുരുതരമായ പ്രത്യാഘാതമായിരുന്നു 1933 ല്‍ നാസികള്‍ അധികാരത്തില്‍ വന്നത്.

ഫാഷിസം
മാസന്റി പിടിമുറുക്കിയ മറ്റൊരു രാജ്യമാണ് ഇറ്റലി. ഇവിടെ കാര്‍ബോണറി എന്ന രഹസ്യ സംഘടനയുടെ പേരിലാണ് ഇവര്‍ പ്രവര്‍ത്തനമാരംഭിച്ചത.് ഫ്രഞ്ച് വിപ്ലവത്തിന് ശേഷം 1830 ല്‍ ഈ സംഘടനയുടെ സ്വാധീനം നഷ്ടപ്പെട്ടുവെങ്കിലും guiseppe mazzini young italty എന്ന പേരില്‍ മുസോളിനി ഇതിനെ പുന:സംഘടിപ്പിച്ചു. മതവിരുദ്ധമായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത അദ്ദേഹം മറ്റു മാസോണിസ്റ്റുകളുടെ പിന്തുണയോട് കൂടെ 1870 ല്‍ ഇറ്റാലിയന്‍ യൂണിയന്‍ സ്ഥാപിച്ചു. അങ്ങനെ മതത്തില്‍ നിന്ന് ഏറെ അകന്ന ഇറ്റലിയില്‍ 1920 ല്‍ മുസോളിനിയുടെ ഫാഷിസ്റ്റ് സ്വേഛാധിപത്യം നിലവില്‍ വന്നു.

കമ്മ്യൂണിസം
റഷ്യയിലും ഫ്രീ മാസന്റിയുടെ രാഷ്ട്രീയ ഗൂഢാലോചനകള്‍ പ്രവര്‍ത്തിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയിലാണ് ഇവര്‍ റഷ്യയിലെത്തിയത്. കള്‍ച്ചറല്‍ ക്ലബുകളിലൂടെയായിരുന്നു ഇവരുടെ ആഗമനം. ലോഡ്ജുകളില്‍ മത വിരുദ്ധവും ഗവണ്‍മെന്റ് വിരുദ്ധവുമായ ചര്‍ച്ചകള്‍ പൊടിപിടിച്ചു. ചില പുരോഹിതന്മാര്‍ ഇത് തിരിച്ചറിയുകയും അന്നത്തെ tsar alexander 1 നെ വിവരമറിയിക്കുകയും ചെയ്തു. അദ്ദേഹം മുഴുവന്‍ മാസോണിക് ലോഡ്ജുകളും അടച്ചുപൂട്ടാന്‍ ഉത്തരവിടുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. പക്ഷേ, മാസണ്‍സ് കുറ്റിയറ്റു പോയില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അലക്‌സാണ്ടര്‍ മരിച്ചു. നിക്കോളാസ് അധികാരത്തില്‍ വന്നു. പക്ഷേ, ഇദ്ദേഹം അധികാരത്തില്‍ വന്ന ഉടനെ സൈന്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായി. ഒരു വിഭാഗം പുതിയ ഭരണാധികാരിക്കെതിരെ രംഗത്തു വന്നു. അട്ടിമറിശ്രമം നടന്നുവെങ്കിലും വിജയിച്ചില്ല. ഡിസംബറിസ്റ്റ് എന്നാണ് കലാപകാരികള്‍ അറിയപ്പെട്ടത്. ഡിസംബറിസ്റ്റുകള്‍ മറ്റാരുമായിരുന്നില്ല, മാസോണിസ്റ്റുകള്‍ തന്നെയായിരുന്നു. എങ്കിലുമവര്‍ ശ്രമം ഉപേക്ഷിച്ചില്ല. 1917 ഫെബ്രുവരിയില്‍ ഭരണകൂട വിരുദ്ധ വിപ്ലവത്തിനു നേതൃത്വം നല്‍കിയ alexander kerensky യും അദ്ദേഹത്തിന്റെ എല്ലാ അനുകൂലികളും മാസോണിസ്റ്റുകളായിരുന്നു. പുതിയ ഗവണ്‍മെന്റ് രൂപീകരിക്കപ്പെട്ടപ്പോള്‍ അതില്‍ ബഹു ഭൂരിഭാഗവും മാസോണിസ്റ്റുകളായിരുന്നു. അല്‍പായുസ്സ് മാത്രമുണ്ടായിരുന്ന സലൃലിസ്യെ ഗവണ്‍മെന്റിന്റെ ഒരോയൊരു സംഭാവന ലെനിന്റെ കൈകളിലേക്ക് രാജ്യത്തെ ഏല്‍പിച്ചുകൊടുത്തു എന്നതായിരുന്നു.

മാസോണിസത്തെക്കുറിച്ച് ഹാറൂന്‍ യഹ്‌യ എഴുതിയ പുസ്തകത്തിന്റെ അവസാന അധ്യായത്തിന്റെ സംഗ്രഹ വിവര്‍ത്തനമാണ് മുകളില്‍ വായിച്ചത്. അവസാനം അദ്ദേഹം എഴുതിയ വരികള്‍ ഇങ്ങനെ വായിക്കാം: ഇരുപതാം നൂറ്റാണ്ട് മാസോണിക് വിപ്ലവങ്ങളുടെ കാലമായിരുന്നു. ഒറ്റയടിക്ക് ഒരു കലാപത്തിലൂടെ മതത്തെ ഇല്ലാതാക്കുക എന്നല്ല അവര്‍ ലക്ഷ്യമിടുന്നത്. സാവകാശം മുഴുവന്‍ ജനങ്ങളെയും സ്വന്തം ഫിലോസഫിയിലേക്ക് ആകര്‍ഷിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ ലക്ഷ്യം നേടിയെടുക്കാനാണ്. പൊതുജനത്തെ മതകീയ പശ്ചാതലത്തില്‍ നിന്ന് അടര്‍ത്തിയെടുത്തത് മൂലം നാസിസം, ഫാഷിസം, കമ്യൂണിസം തുടങ്ങിയ ആശയവാദങ്ങള്‍ നിലവില്‍ വന്നു. ഡാര്‍വിനിസം ജനങ്ങളെ മൃഗങ്ങളാക്കി. അങ്ങനെ ജനങ്ങള്‍ നിലനില്‍പ്പിന് വേണ്ടി പോരാടി. ഡാര്‍വിന്റെ നിര്‍ദേശങ്ങള്‍ പ്രകാരം യുദ്ധത്തെയും രക്തം ചിന്തുന്നതിനെയും ജൈവശാസ്ത്രപരമായ അനിവാര്യതയായി ചില യൂറോപ്യന്‍ നേതാക്കള്‍ മനസിലാക്കിയത് കൊണ്ടാണ് ഒന്നാം ലോക മഹായുദ്ധമുണ്ടായത്. ഒരു കാരണവുമില്ലാതെ പത്ത് ദശലക്ഷത്തോളം പേരാണ് അതില്‍ മരണമടഞ്ഞത്. തുടര്‍ന്ന് 55 ദശലക്ഷം പേര്‍ മരിച്ച രണ്ടാം ലോക മഹായുദ്ധമുണ്ടായി. ഫാഷിസവും കമ്യൂണിസവുമായിരുന്നു പ്രധാന കാരണങ്ങള്‍. എല്ലാം മാസോണിസത്തിന്റെ വിത്തുകളില്‍ വിരിഞ്ഞ ശവംനാറി പുഷ്പങ്ങള്‍ തന്നെ. ഇതുകൊണ്ട് തന്നെ ഫ്രീ മാസന്റി എന്ന അതിശക്തമായ ഈ ദുരന്തത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷപ്പെടുത്തേണ്ടതുണ്ട്. ഇസ്‌ലാമിക നവജാഗരണത്തിന് മുന്നില്‍ നിന്ന ബദീഉസ്സമാന്‍ നൂര്‍സിയെ പോലെയുള്ള സാത്വികരുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്ന് പൊതുജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ടതുണ്ട്.

യൂ റ്റൂ ബ്രൂട്ടസ്….?
എന്നാല്‍ വിചിത്രമെന്ന് പറയട്ടെ, ഇതൊക്കെ എഴുതിയ ആള്‍ തന്നെ ഫ്രീ മേസനായി മാറുന്നതാണ് പിന്നീട് നാം കാണുന്നത്! ഫ്രീ മാസന്റിയിലെ പ്രത്യേക സ്ഥാനമായ ഗ്രാന്റ് മാസ്റ്റര്‍ പദവി അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു! ഫ്രീ മാസണ്‍സിനിടയില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കാന്‍ വേണ്ടിയാണ് താന്‍ ആ പ്രസ്ഥാനത്തില്‍ ചേര്‍ന്നിരിക്കുന്നതെന്നാണ് ന്യായീകരണം. ബദീഉസ്സമാന്‍ നൂര്‍സിയെ പോലെ സാത്വികരുടെ പാഠമുള്‍ക്കൊണ്ട് ജനങ്ങളെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പോരാളിയെ പിന്നീട് നാം കാണുന്നത് അര്‍ധനഗ്നകളാണെന്നോ പൂര്‍ണനഗ്നകളാണെന്നോ മനസ്സിലാവാത്ത ലലനാമണികളോടൊപ്പം ഉല്ലസിക്കുന്നതായിട്ടാണ്. അവസാനം തുര്‍ക്കി പോലീസ് അറസ്റ്റ് ചെയ്യുന്നു. ഫ്രഞ്ച് വിപ്ലവവും നാസിസ്റ്റ് ഫാഷിസ്റ്റ് കമ്മ്യൂണിസ്റ്റ് ഭീകരതകളും ലോക മഹായുദ്ധങ്ങളും ഉണ്ടാക്കാന്‍ മാത്രം കെല്‍പുള്ള മാസോണിസ്റ്റുകള്‍ക്ക് എന്ത് ഹാറൂന്‍ യഹ്‌യ! ഷേക്‌സ്പിയറിന്റെ ഭാഷയില്‍ ചോദിക്കാന്‍ തോന്നുകയാണ്…. യൂ റ്റൂ ബ്രൂട്ടസ്….?
ഹാറൂന്‍ യഹ്‌യ മഹ്ദിയാണെന്ന് ഇപ്പോള്‍ വാദിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. അല്ലാഹു അഅ്‌ലം. മഹ്ദി ഇമാമിന്റെ വരവിനോടനുന്ധിച്ച് യൂഫ്രട്ടീസ് നദിയില്‍ നിന്നും സ്വര്‍ണത്തിന്റെ വന്‍മല പ്രത്യക്ഷപ്പെടുമെന്നും അതിനു വേണ്ടി വന്‍ കലാപമുണ്ടാകുമെന്നും ആ കലാപത്തില്‍ മഹാ ഭൂരിപക്ഷമാളുകളും മരിക്കുമെന്നും തിരുപ്രവചനങ്ങളുടെ ബലത്തില്‍ നാം മനസിലാക്കിയിട്ടുണ്ടല്ലോ. എന്നാല്‍ ഇറാഖില്‍ സ്വര്‍ണം വിളയിക്കുന്ന സമൃദ്ധമായ കൃഷിയെ സജീവമാക്കുന്ന യൂഫ്രട്ടീസിലെ ജലം തന്നെയാണ് ഈ സ്വര്‍ണമെന്നും അധിനിവേശശക്തികള്‍ ഈ ജലത്തിനായി ഇറാഖില്‍ നടത്തുന്ന യുദ്ധങ്ങളാണ് ഹദീസിലെ പരാമര്‍ശങ്ങളെന്നും ഇദ്ദേഹം നേരത്തെ പറഞ്ഞു വെച്ചിട്ടുണ്ട്. സമയമായി എന്നര്‍ത്ഥം. ഇദ്ദേഹത്തെക്കുറിച്ച് പറയപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ മുസ്‌ലിം നേതാക്കളെ താറടിക്കാനുള്ള മറ്റൊരു ആഗോള ഗൂഢാലോചനയുടെ ഭാഗമായ മാധ്യമ സൃഷ്ടികളല്ലെങ്കില്‍, കാര്യങ്ങള്‍ അത്യന്തം അപകടകരമായ പരിതസ്ഥിതിയിലെത്തിയിരിക്കുന്നു എന്നുവേണം മനസിലാക്കാന്‍. നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന ഫ്രീ മാസന്റെ കെണിവലകളെ കുറിച്ച് അതിജാഗ്രത വേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജാഗ്രതൈ!
ജീവിതത്തിന്റെ സിംഹഭാഗം മുഴുവന്‍ ഒരാദര്‍ശത്തിന് വേണ്ടി ജീവിച്ചവര്‍, തങ്ങള്‍ക്ക് ആളും അര്‍ത്ഥവും ഗവേഷണ യോഗ്യതയും ഉണ്ടെന്ന് തോന്നിത്തുടങ്ങുമ്പോള്‍ പിന്നീട് എല്ലാം ഛര്‍ദിച്ച് അതിന്റെ നേര്‍വിപരീത ദിശയില്‍ നീങ്ങുന്നത് കാണുമ്പോള്‍ നമ്മള്‍ പലതും ഓര്‍ത്തുപോവും. ഖുര്‍ആന്റെ ഗണിതാത്ഭുതങ്ങളുമായി വന്ന ഒരു റശാദ് ഖലീഫയുണ്ടായിരുന്നു. അയാളുടെ അമ്പരപ്പിക്കുന്ന കണക്കുകള്‍ കണ്ട് നമ്മുടെ കണ്ണ് തള്ളിപ്പോയി. ഖുര്‍ആന്റെ അമാനുഷികത സമര്‍ത്ഥിക്കാന്‍ ഇറങ്ങിയ അയാളെക്കുറിച്ച് പിന്നീട് കേട്ട കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. താന്‍ പറയുന്ന അത്ഭുതങ്ങള്‍ ഖുര്‍ആനില്‍ കണ്ടെത്താനായി സൂറതു തൗബയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ അദ്ദേഹം ഒഴിവാക്കിയത്രെ! അവസാനം അയാള്‍ പ്രവാചകനാണെന്നും വാദിച്ചുവത്രെ! നേരത്തെ പറഞ്ഞ റശാദ് ഖലീഫ, കേരളീയ വഹാബികളുടെ ആശയ സ്രോതസ്സുകളായ ജമാലുദ്ദീന്‍ അഫ്ഗാനി, മുഹമ്മദ് അബ്ദു എന്നിവരൊക്കെ മാസോണിസ്റ്റുകളാണെന്ന് വാദിക്കുന്ന ചില പ്രബന്ധങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. ഈജിപ്ഷ്യന്‍ തൗഹീദ് സ്ഥാപകരായ അഫ്ഗാനി, അബ്ദവി, രിളവി ത്രയങ്ങളുടെ കാഘട്ടത്തിലെ ഈജിപ്തിലെ ഫ്രീ മാസന്റിയെ കുറിച്ച് ധാരാളം പഠന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ജമാലുദ്ദീന്‍ അഫ്ഗാനി മാസോണിസ്റ്റാണെന്ന് ആദ്യമായി ഞാന്‍ വായിച്ചത് ‘വഹാബിസത്തിന്റെ ഭീകരമുഖം’ എന്ന പുസ്തകത്തില്‍ നിന്നാണ്. നിഷ്‌കളങ്കരായ സുന്നി മുസ്‌ലിംകളെ നിഷ്ഠൂരമായി കൊന്നൊടുക്കിയ നശീകരണ പ്രസ്ഥാനമാണ് ഇബ്‌നു അബ്ദില്‍വഹാബിന്റെ വഹാബിസം എന്നാണ് പുസ്തകത്തിന്റെ സമര്‍ത്ഥനം. ആ പുസ്തകത്തിന്റെ കര്‍ത്താവ് തന്നെ ഇപ്പോള്‍ പറയുന്നത്, വഹാബിസം ശുദ്ധീകരണ പ്രസ്ഥാനമായിരുന്നു, ഇബ്‌നു അബ്ദില്‍വഹാബ് സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു എന്നൊക്കെയാണ്. അപ്പോള്‍ സുന്നികളൊക്കെ ബയോളജിക്കല്‍ വെയ്സ്റ്റുകളാണ് എന്നാണോ ഇദ്ദേഹം പറയുന്നത്! ആ വെയ്‌സ്റ്റുകളെ നീക്കം ചെയ്ത് ഹറമയ്‌നിയും പരിസരവും സംശുദ്ധമാക്കിയ നവോത്ഥാനനായകനായിരിക്കുമല്ലേ ഇബ്‌നു അബ്ദില്‍വഹാബ്! ലോക മഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരൊക്കെ അതിജീവിക്കാന്‍ അര്‍ഹതയില്ലാത്ത വെയ്സ്റ്റുകളാണ് എന്നാണ് ഡാര്‍വിനിസം അടിസ്ഥാന ആശയമായി സ്വീകരിച്ച മാസോണിസ്റ്റുകളുടെ വാദമെന്നാണ് ഹാറൂന്‍ യഹ്‌യ പണ്ടു പഠിപ്പിച്ചത്. മത പ്രമാണങ്ങളില്‍ സ്വതന്ത്രമായി ഇടപെട്ട്, സ്വതന്ത്രമായി അഭിപ്രായം പറഞ്ഞ്, ആരോടും വിധേയത്വമില്ലാതെ, പഠിപ്പിച്ച ഗുരുക്കളെയും വഴി കാണിച്ച യോഗിമാരെയും പഴി പറഞ്ഞ് പുതുപുത്തന്‍ വാദങ്ങളുടെ സ്വര്‍ണച്ഛായയുള്ള വിഷയങ്ങളുമായി സ്വയം പ്രസ്ഥാനമായി മാറുന്നവര്‍ ഫ്രീ മാസന്റി വിരിച്ച വലയ്ക്കുള്ളിലാണെന്ന് നമുക്ക് അനുമാനിക്കേണ്ടി വരും.

ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login