ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ഏകാധിപത്യത്തിന്റെ നടപ്പുലക്ഷണങ്ങള്‍

ജനാധിപത്യ സങ്കല്‍പം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഒരു ഈസോപ്പു കഥയാണ് ഓര്‍മ വരുന്നത്. ഒരു കുതിരയും മാനും തമ്മില്‍ വഴക്കുണ്ടായപ്പോള്‍ കുതിര ഒരു നായാട്ടുകാരനെ സമീപിച്ച് പറഞ്ഞു. ‘ഈ മാനിനെ എങ്ങനെയെങ്കിലും കീഴ്പെടുത്താന്‍ എന്നെ സഹായിക്കണം.’
നായാട്ടുകാരന്‍ പറഞ്ഞു: ‘സമ്മതിച്ചു, ഒരു വ്യവസ്ഥയുണ്ട്. ഒരു ജീനിയും കടിഞ്ഞാണും ഞാന്‍ നിന്റെ ശരീരത്തില്‍ ഉപയോഗിക്കും. അതുമായി നിന്റെ പുറത്തുകയറി ഞാന്‍ മാനിനെ വേട്ടയാടാം.’

മാനിനെ തോല്‍പിക്കണമെന്ന ലക്ഷ്യം മാത്രമുണ്ടായിരുന്ന കുതിര ആ വ്യവസ്ഥ സമ്മതിച്ചു. നായാട്ടുകാരന്‍ മാനിനെ കൊന്നു കഴിഞ്ഞപ്പോള്‍ കുതിര പറഞ്ഞു: ‘ഇനി ഈ ജീനിയും കടിഞ്ഞാണും അഴിച്ചു മാറ്റിക്കൂടെ?’ അപ്പോള്‍ നായാട്ടുകാരന്‍ പറഞ്ഞു: ‘അത് വേണ്ട, കുറച്ച് കഴിയട്ടെ. ജീനിയും കടിഞ്ഞാണും അവിടെ തന്നെ ഇരുന്നുകൊള്ളട്ടെ.’
സ്റ്റീവന്‍ ലെവിസ്‌കിയും ദാനിയല്‍ സിബാള്‍ടും ചേര്‍ന്നു രചിച്ച ഒീം ഉലാീരൃമരശല െഉശല എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ സമീപകാലത്ത് ഈ കഥ വന്നിട്ടുണ്ട്. വളരെ പ്രസക്തമായ ഒരു പുസ്തകമാണിത്. എങ്ങനെയാണ് ഇറ്റലിയില്‍ മുസോളിനിയും ജര്‍മനിയില്‍ ഹിറ്റ്ലറും സ്പെയിനില്‍ ഫ്രാങ്കോയും അധികാരത്തില്‍ വന്നതെന്നും ഫാഷിസത്തിന്റെ, ഏകാധിപത്യത്തിന്റെ ഇന്നത്തെ രൂപങ്ങള്‍, വക്താക്കള്‍ ആരെല്ലാമാണെന്നും, എങ്ങനെയാണ് ഇവരെല്ലാം ജനാധിപത്യത്തിന്റെ ബാഹ്യ സമ്പ്രദായങ്ങളുപയോഗിച്ച് കൊണ്ട് ഭരണത്തിലെത്തുകയും ക്രമേണ സ്വേഛാധിപതികളായിമാറുകയും ചെയ്യുന്നത് എന്നും ഈ പുസ്തകത്തില്‍ വളരെ വിശദമായി, യുക്തിപരമായി വിശദീകരിക്കുന്നുണ്ട്. കരിങ്കുപ്പായക്കാരെ അമര്‍ച്ച ചെയ്യാന്‍ വന്ന മുസോളിനിയാണ് കരിങ്കുപ്പായക്കാരെ തന്നെ വിപ്ലവകാരികളായി മാറ്റിയെടുത്തത്. സോഷ്യലിസത്തോടുള്ള ജനങ്ങളുടെ ഭയത്തെ മുതലെടുത്ത് കൊണ്ടാണ് ഹിറ്റ്ലര്‍ മുന്നോട്ടുവരികയും ഏകാധിപതിയായി മാറുകയും ചെയ്തത്.

ഏകാധിപതിയുടെ വരവ്
ഓരോ ഏകാധിപതികളും ഭരണത്തിലേറുന്ന സന്ദര്‍ഭത്തില്‍ ജനങ്ങളുടെ വിവിധ തരത്തിലുള്ള ഭീതികള്‍, രാഷ്ട്രീയമായ അഴിമതിയെ കുറിച്ചുള്ള ഭീതികള്‍, സമുദായനഷ്ടത്തെ കുറിച്ചുള്ള ഭീതികള്‍, എല്ലാം നഷ്ടപ്പെടാന്‍ പോവുന്ന ആനുകൂല്യങ്ങളെ കുറിച്ചുള്ള ഭീതികള്‍ എല്ലാം വിസ്തരിച്ച് ജനങ്ങളെ ഭയപ്പെടുത്തിയും ജനങ്ങളെ പ്രലോഭിപ്പിച്ചുമാണ് ഏകാധിപതികള്‍ ജനാധിപത്യവാദികളെന്ന നിലയില്‍ മുന്നോട്ട് വരുന്നതും ക്രമേണ ഏകാധിപതികളായി മാറുന്നതും. വികേന്ദ്രീകൃതമായ ഭരണത്തെ കൂടുതല്‍ കേന്ദ്രീകൃതമാക്കുകയും, അതിനെ കേവലമൊരു വ്യക്തിയിലേക്ക് ചുരുക്കുകയും ചെയ്തുകൊണ്ട് ജനതയുടെ മേല്‍ ഇത്തരം ഭീതികള്‍ നിരത്തി അവരിട്ട ജീനിയും കടിഞ്ഞാണും അവിടെ കിടക്കട്ടെ എന്ന് പറയുന്ന അവസ്ഥയിലൂടെയാണ് നമ്മുടെ നാടും കടന്നുപോവുന്നത് എന്നാണെനിക്ക് തോന്നുന്നത്.
ഒരു ഏകാധിപതിയുടെ വരവിനെ, ഉയര്‍ച്ചയെ എങ്ങനെയാണ് തിരിച്ചറിയാനാവുക. ഒന്നാമതായി ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടോ എന്ന് അവരുടെ പെരുമാറ്റത്തിലൂടെ നാം നിരീക്ഷിക്കണം. സംവാദത്തില്‍, സംഭാഷണത്തില്‍, പ്രതിപക്ഷ ബഹുമാനത്തില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ അവര്‍ സൂക്ഷിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. രണ്ടാമതായി പ്രതിപക്ഷ സാധുത അവര്‍ അംഗീകരിക്കുന്നുണ്ടോ, നിഷേധിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. പ്രതിപക്ഷത്തെ ശത്രുക്കളായി കാണുകയും നിരന്തരമായി പരിഹസിക്കുകയും പരിഹാസപാത്രങ്ങളാക്കുകയും ചെയ്യുന്നതാണോ അവരുടെ ഏര്‍പ്പാട് എന്ന് മനസിലാക്കുക. അവര്‍ പ്രതിപക്ഷത്തെ ബഹുമാനിക്കുന്നില്ലെങ്കില്‍, പ്രതിപക്ഷത്തെ തങ്ങള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കാരായി കാണുന്നുവെങ്കില്‍, പ്രതിപക്ഷ നേതാക്കളെ പരിഹാസ്യരായി ചിത്രീകരിക്കുന്നുവെങ്കില്‍ അവിടെയും ഏകാധിപതിയുടെ ഉദയത്തിന്റെ സൂചനകള്‍ നമുക്ക് ലഭിക്കുന്നു.

മൂന്നാമതായി ഹിംസയെ അനുകൂലിക്കുക, പ്രോത്സാഹിപ്പിക്കുക, അത് നടന്നുകൊള്ളട്ടെ ഞാനതൊന്നും അറിഞ്ഞില്ല എന്ന മട്ടില്‍ നിശബ്ദത പാലിക്കുക- ഇവയും ഏകാധിപതിയുടെ ഉദയത്തിന്റെ മറ്റൊരു സൂചനയാണ്. നാലാമതായി മാധ്യമങ്ങളുടെയും സ്വതന്ത്രചിന്തകരുടെയും വിമര്‍ശകരുടെയും സ്വാതന്ത്ര്യത്തിന് അവര്‍ കടിഞ്ഞാണിടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ടെലിവിഷന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളോ സൈബര്‍ മാധ്യമങ്ങളോ പത്രങ്ങളോ എന്തും, അവയെ നിയന്ത്രിക്കുന്നത് ഏകാധിപതിയുടെ ഉദയത്തിന്റെ സൂചനയാണ്.
ജനാധിപത്യത്തിന്റെ നിയമങ്ങള്‍ അവര്‍ പാലിക്കുന്നുണ്ടോ എന്നതിനുള്ള പരീക്ഷയാണ് ഇവ നാലും. എങ്കില്‍ ഇന്നത്തെ ഭരണകൂടം ഈ നാലുകാര്യങ്ങളും പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നെടുംതൂണായ നിയമ നിര്‍മാണ സഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, മാധ്യമങ്ങള്‍ എന്നിവയെല്ലാം ഒരര്‍ത്ഥത്തില്‍ ഇന്ന് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് മാറിപ്പോവുന്നു എന്നതും അവയെല്ലാം ക്രമേണ ഒരു പ്രത്യയശാസ്ത്രത്തിന്റെ വാക്താക്കളായി മാറുന്നുണ്ട് എന്നതും നാം കണ്ടുകൊണ്ടേയിരിക്കുന്നു. സംവാദമില്ലാത്ത, ആത്മഗതം മാത്രമുള്ള ഏകപക്ഷീയമായ പ്രഭാഷണം നടത്തുന്ന ഒരു പ്രധാനമന്ത്രിയും ഒരു ഭരണകൂടവും ഉണ്ടാവുന്നു. വിജ്ഞാനം ഉദ്പാദിപ്പിക്കേണ്ട, വ്യവസ്ഥയുടെ വിമര്‍ശകരെ ഉദ്പാദിപ്പിക്കേണ്ട സര്‍വകലാശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എല്ലാം നിരന്തരമായി കയ്യേറപ്പെടുകയും അവയെല്ലാം ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെ ഉദ്പാദനശാലകളായി മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. വിമര്‍ശത്തിന്റെ സ്ഥാനം പുഛവും പരിഹാസവും അശ്ലീലവുമായി മാറുന്നു. മറുപടിക്ക് പകരം ശകാരങ്ങള്‍ മാത്രം വിമര്‍ശകര്‍ക്ക് ലഭിക്കുന്നു. ഭരണം സുതാര്യമല്ലാതാവുന്നു. വിവരാവകാശ നിയമത്തില്‍ പോലും വെള്ളം ചേര്‍ക്കപ്പെടുന്നു. വിമര്‍ശകര്‍ കൊലപാതകത്തിലൂടെ നിശബ്ദരാക്കപ്പെടുന്നു. ബുദ്ധിജീവികളെ കൊലപാതകത്തിലൂടെയോ പണം നല്‍കിയോ നിശബ്ദരാക്കുന്നു. ഇതിനെല്ലാം പുറമെ ഹിംസ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സമീപകാലത്താണ് ഒരു മന്ത്രി, തല്ലിക്കൊല്ലല്‍ വളരെ സ്വാഭാവികമാണെന്ന് പ്രതികരിച്ചത്. മുമ്പ് ഗുജറാത്തില്‍ അനേകങ്ങള്‍ കൊല്ലപ്പെട്ടപ്പോഴും നമ്മുടെ പ്രധാനമന്ത്രിയുടെ പ്രതികരണം പ്രധാനമായും നിശബ്ദതയായിരുന്നു. ഒട്ടേറെ തവണ പ്രതികരണം ആവശ്യപ്പെട്ടിട്ടും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല.
ഇപ്പോള്‍ തന്നെ നമ്മുടെ വലിയ മാധ്യമങ്ങളെയെല്ലാം ഭരണകൂടവും ഭരണകൂടത്തിനൊപ്പമുള്ള വന്‍കിട കോര്‍പറേറ്റുകളും കൈവശപ്പെടുത്തിയിരിക്കുന്നു. കൈവശപ്പെടുത്താനാകാത്ത ചെറുമാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമവും നടക്കുന്നു. കാരണം ഇന്ന് നേരറിയാന്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ്. അവയിലൂടെയാണ് ഇന്ന് സത്യങ്ങള്‍ പുറത്തുവരുന്നത്. നോട്ടു നിരോധനത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ചും അഴിമതിയെ കുറിച്ചും റാഫേല്‍ വിമാന ഉടമ്പടിയെ കുറിച്ചും എല്ലാം ശരിയായി നാം അറിയുന്നത് വമ്പന്‍ മാധ്യമങ്ങളിലൂടെയല്ല, ചെറുമാധ്യമങ്ങളിലൂടെയാണ്. അതുകൊണ്ട് അവയെ പലതരത്തിലും നിശബ്ദമാക്കാന്‍ ശ്രമിക്കുന്നു. അത് പലപ്പോഴും നടക്കുന്നത് അവയുടെ വരുമാന സ്രോതസ്സുകളെ തടഞ്ഞുകൊണ്ടും വരുമാന നികുതിയുടെ പേരുപയോഗിച്ചുമാണ്. ഇങ്ങനെ പരോക്ഷമായും പ്രത്യക്ഷമായും ഭരണകൂടം ആക്രമിക്കുന്നത് നാം കണ്ടുനില്‍ക്കുന്നു.
ഒരര്‍ത്ഥത്തില്‍ നാം നമുക്ക് തന്നെ നല്‍കിയ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ആണ് ഇന്ന് ചോദ്യം ചെയ്യപ്പെടുന്നത്. പരമാധികാര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക് എന്ന നമ്മുടെ രാജ്യത്തിന്റെ വിശേഷണം തന്നെ ഇല്ലാതാവുന്നുണ്ട്.

അടിമ റിപ്പബ്ലിക്ക്
ഓരോ വിശേഷണവും അതിന്റെ നേര്‍വിപരീതത്തിലേക്ക് അനുക്രമമായി മാറിപ്പോവുന്നതാണ് ആഗോളീകരണം വന്നതിനു ശേഷം കാണുന്നത്. ദേശങ്ങള്‍ക്ക് അവയുടെ പരമാധികാരം നഷ്ടപ്പെടുകയും അവയെല്ലാം തന്നെ ഒരു സാമ്രാജ്യത്തിന്റെ കണ്ണികളായി മാറുകയും ചെയ്തിരിക്കുന്നു. മൂലധന സാമ്രാജ്യത്തിന്റെ കണ്ണികളായി രാജ്യങ്ങള്‍ മാറുന്നതോടു കൂടി അവയ്‌ക്കൊന്നും തന്നെ സ്വയം തീരുമാനങ്ങളെടുക്കാന്‍, സാമ്പത്തികമായ തീരുമാനങ്ങളെടുക്കാന്‍ സാധ്യമല്ലാത്ത ഒരവസ്ഥ വരികയും അവയുടെയെല്ലാം തന്നെ പരമാധികാരം പലരീതിയില്‍ സന്ധിചെയ്യപ്പെട്ട അവസ്ഥയിലാവുകയും ചെയ്യുന്നു. അങ്ങനെ പരമാധികാര റിപ്പബ്ലിക് ഒരു അടിമ റിപ്പബ്ലിക്കായി മാറുന്നത് നാം കണ്ടുനില്‍ക്കുന്നു.
മതേതരമായ റിപ്പബ്ലിക്, മതങ്ങള്‍ക്കതീതമായിരിക്കണം. ഭരണകൂടങ്ങളും നിയമങ്ങളും നിഷ്പക്ഷമാകണം എന്ന ഭരണഘടനയുള്ള ഒരു റിപ്പബ്ലിക്, മിക്കവാറും മതാധിഷ്ഠിതമായി കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന മതകേന്ദ്രീകൃത റിപ്പബ്ലിക്കായി മാറിക്കൊണ്ടിരിക്കുന്നത് നാം കാണുന്നു. നാം സ്വപ്നം കണ്ടിരുന്ന സോഷ്യലിസ്റ്റ് സാമ്പത്തിക വ്യവസ്ഥിതി പാടെ മാറി അംബാനിമാരും അദാനിമാരും കൊഴുത്ത് തടിക്കുന്ന അവസ്ഥയും കീഴാള ജനത കൂടുതല്‍ ദരിദ്രരാക്കപ്പെടുന്ന അവസ്ഥയും നാം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെ ഒരു പരമാധികാര സോഷ്യലിസ്റ്റ് സെക്യുലര്‍ റിപ്പബ്ലിക് ഇതിന്റെ ആശയങ്ങള്‍ക്കെല്ലാം നേര്‍വിപരീതമായി മാറുന്നു. ഭരണഘടനയുടെ വിശേഷണങ്ങള്‍ പാടെ മാറിമറിഞ്ഞ ദേശരാഷ്ട്രമായി ഇന്ത്യ മാറിമറിഞ്ഞ കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്.

എന്താണ് ജനാധിപത്യം?
അടിയന്തരാവസ്ഥ, ഭരണഘടന ഉപയോഗിച്ച് കൊണ്ട് ജനാധിപത്യത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ച ആ അനുഭവം നമ്മളില്‍ കുറച്ച് പ്രായമായവരുടെ ഓര്‍മയിലെങ്കിലുമുണ്ട്. എന്നാല്‍ ഇന്ന് ജനാധിപത്യം നല്‍കിയ അധികാരങ്ങള്‍ ഉപയോഗിച്ച് ഭരണഘടനയെ നിശബ്ദമാക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍ ശക്തമായ രീതിയില്‍ നടക്കുന്നത് എന്ന് പറയാം. അതുകൊണ്ടുതന്നെ എന്താണ് ജനാധിപത്യമെന്ന് മനസിലാക്കുക എന്നത് ഇന്ന് മുമ്പത്തെക്കാളും പ്രധാനമാണെന്നുതോന്നുന്നു. ഒട്ടേറെ രീതിയില്‍ ജനാധിപത്യം മനസിലാക്കപ്പെടാറുണ്ട്. പക്ഷേ, ആത്യന്തികമായി ജനാധിപത്യത്തിന്റെ ഏറ്റവും വലിയ മൂലതത്വം ജനാധികാരം എന്ന തത്വമാണെന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ഒരു വ്യവസ്ഥിതി. മുകളില്‍ നിന്നും തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പിക്കുന്നതിന് പകരം ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന തീരുമാനങ്ങള്‍ ഭരണകൂടം നടപ്പിലാക്കുന്ന ഒരു വ്യവസ്ഥിതി മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജനാധിപത്യമാകുന്നത്. താഴെ നിന്ന് മുകളിലേക്കാണ് തീരുമാനങ്ങള്‍, ആലോചനകള്‍, ശബ്ദങ്ങള്‍, വിമര്‍ശനങ്ങള്‍ എല്ലാം സഞ്ചരിക്കേണ്ടത്; മുകളില്‍ നിന്ന് താഴേക്കല്ല. പൊതുജീവിതത്തിനു മേലുള്ള ഭരണകൂടത്തിന്റെ കുത്തകാധികാരത്തെ ചോദ്യം ചെയ്യുകയും ക്രമേണ തകര്‍ക്കുകയും ചെയ്യുന്ന ഒന്നായാണ് ജനാധിപത്യത്തെ അംബേദ്കറും ഗാന്ധിജിയും മാര്‍ക്സുമെല്ലാം സങ്കല്‍പിച്ചത്. ഇവരെല്ലാം തമ്മില്‍ ധാരാളം വ്യത്യാസങ്ങളുണ്ട്. പല തരത്തിലുള്ള അന്തരമുണ്ട്. അവര്‍ തമ്മില്‍ വലിയ തര്‍ക്കം സാധ്യമാണ്. പക്ഷേ, ഇവരെ യോജിപ്പിക്കുന്ന ചില അടിസ്ഥാനഘടകങ്ങളുണ്ട്. അതിലൊന്ന് ഈ താഴേക്കിടയിലുള്ള ജനാധിപത്യ സങ്കല്‍പങ്ങളില്‍ ഇവര്‍ യോജിച്ചിരുന്നു എന്നതാണ്.
ജനാധിപത്യമെന്നത് അതുവരെ കലപിലയായതിനെ ഭാഷയാക്കി മാറ്റുന്ന ഒന്നാണെന്ന് പറയാം. അതുവരെ അദൃശ്യരായിരുന്ന മനുഷ്യരെ ദൃശ്യരാക്കുന്ന ഒന്നാണ് എന്ന് പറയാം. അത് ദളിത് ന്യൂനപക്ഷങ്ങളാവട്ടെ മതന്യൂനപക്ഷങ്ങളാവട്ടെ, വംശ ന്യൂനപക്ഷങ്ങളാവട്ടെ, ആദിവാസികളാവട്ടെ, അതുവരെ ഭൂമിശാസ്ത്രപരമായ ഇടമില്ലാതിരുന്ന, ചരിത്രങ്ങളില്ലാതിരുന്ന മനുഷ്യരുടെ ശബ്ദങ്ങള്‍ നിര്‍ണായകമായി മാറുന്ന വ്യവസ്ഥിതിയെ മാത്രമാണ് ആത്യന്തികമായി നമുക്ക് ജനാധിപത്യം എന്ന് വിളിക്കാന്‍ സാധിക്കുന്നത്. കേള്‍ക്കാന്‍ സാധിക്കാതിരുന്ന മനുഷ്യരുടെ ശബ്ദങ്ങള്‍ കേട്ടു തുടങ്ങുന്ന അവസ്ഥയില്‍ മാത്രമാണ് ജനാധിപത്യം അര്‍ത്ഥവത്തായി മാറുന്നത്.

നിരീക്ഷിക്കുന്ന കണ്ണുകളെ വെല്ലുവിളിക്കുന്ന ഒന്നാണ് ജനാധിപത്യമെന്ന് വേറൊരു രീതിയില്‍ പറയാം. പഴയകാലത്ത് ഭരണാധികാരികള്‍ക്ക് വലിയ വലിയ ജയിലുകള്‍ നിര്‍മിക്കേണ്ടി വന്നിരുന്നു. എന്നാലിന്ന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യത്തെ തന്നെ ഒരു ജയിലാക്കി മാറ്റാന്‍ കഴിയും. നിരന്തരമായി നിങ്ങള്‍ നിരീക്ഷിക്കപ്പെടുന്നു എന്ന തോന്നലിലൂടെ ഭീതി സൃഷ്ടിക്കാന്‍ കഴിയും. ജെറമി ബെന്താമിന്റെ പാന്‍ ഒപ്റ്റികോണ്‍ (ജമി ീുശേരീി) എന്ന രൂപത്തെ അറിയില്ലേ. ചുറ്റുമുള്ള കെട്ടിടങ്ങള്‍ക്കു നടുവില്‍ ഒരു ഗോപുരം. ആ ഗോപുരത്തില്‍ നിന്ന് ഈ നാലുചുറ്റുമുള്ള ജയിലിലെ തടവുകാരെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍. അതിന്റെ ഒരു ഗുണം ഈ ഗോപുരം ഒഴിഞ്ഞുകിടന്നാലും ഈ തടവുപുള്ളികളുടെ വിചാരം എപ്പോഴും അവിടെ ആളുണ്ടെന്നും അയാള്‍ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നുമാണ്. ഈ പാന്‍ ഒപ്റ്റികോണ്‍ അഥവാ എല്ലാ ഭാഗത്തുമെത്തുന്ന കണ്ണ് ഇന്ന് വളരെ സ്വാഭാവികമായി അനായാസമായി സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് കഴിയുന്നു. ആധാര്‍ മുതല്‍ ഇങ്ങോട്ടുള്ള അനേകം കാര്യങ്ങള്‍ ജീവിതത്തിന്റെ സ്വകാര്യതയെ നഷ്ടപ്പെടുത്തുകയും നമ്മുടെ ജീവിതത്തിന്റെ രഹസ്യങ്ങള്‍ എല്ലാം വില്‍ക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്ക് നമ്മെ കീഴ്പെടുത്തുകയും ചെയ്യും. തടവറയിലാക്കി നിരീക്ഷിക്കുന്നതിന് പകരം ഓരോ പൗരനെയും നിരീക്ഷിക്കാനുള്ള കണ്ണായി ഭരണകൂടത്തിന് നിലനില്‍ക്കാന്‍ കഴിയുമെങ്കില്‍ മറ്റൊരു ജയിലിന്റെ ആവശ്യമില്ലല്ലോ. പക്ഷേ, ജനാധിപത്യത്തിന്റെ പ്രാഥമികമായ കര്‍ത്തവ്യം ഈ നിരീക്ഷിക്കുന്ന കണ്ണുകളെ വെല്ലുവിളിക്കുക എന്നതാണ്. നിങ്ങളുടെ നിരീക്ഷണത്തിന് വിധേയരാവാന്‍ ഞങ്ങള്‍ തയാറല്ല എന്നുപറയുന്ന ഒരു ജനതക്കു മാത്രമേ ജനാധിപത്യത്തിന്റെ സംരക്ഷകര്‍ ആകാന്‍ കഴിയുകയുള്ളൂ.

ജനങ്ങള്‍ തന്നെ നേതാക്കളാകുന്ന ഒരു വ്യവസ്ഥിതിക്കേ ജനാധിപത്യം എന്ന് പേര് ചേരുകയുള്ളൂ. റിപ്പബ്ലിക് എന്നാല്‍ തന്നെ ജനങ്ങള്‍ക്ക് ആത്യന്തികമായി ഇടമുള്ള ഒരു ദേശമാണല്ലോ. എന്നാല്‍ സമീപകാലത്ത് എങ്ങനെയാണ് ഇന്ത്യയില്‍ ജനപ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നത് എന്ന് കൂടംകുളത്തും നര്‍മദയിലും കാതികൂടത്തും മറ്റനേകം സ്ഥലങ്ങളിലും നാം കണ്ടു. നിരന്തരമായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ജനപ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുകയും ജനങ്ങളെ ശത്രുക്കളായി കാണുകയും ചെയ്യുന്നു. യഥാര്‍ത്ഥ വികസനം ഞങ്ങള്‍ നടപ്പിലാക്കുന്നതാണ്, അത് വേണമെങ്കില്‍ സ്വീകരിക്കാം, അല്ലെങ്കില്‍ ജയിലില്‍ പോവാം എന്ന് പറയുന്ന വിധത്തിലേക്ക് നമ്മുടെ ഇന്ത്യ ക്രമേണ മാറിക്കൊണ്ടിരിക്കുന്നു. ഇന്ന് ഭരണകൂടം സൃഷ്ടിക്കപ്പെടുന്നത് തന്നെ ജനാധികാരത്തെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്. അതുകൊണ്ടാവണം ചിലര്‍ തങ്ങള്‍ ഭരിക്കാന്‍ പിറന്നവരാണെന്ന് കരുതുന്നത്. സമ്പത്തുള്ളത് കൊണ്ട്, സവര്‍ണരായതുകൊണ്ട്, കുലമഹിമകൊണ്ട്, ഉന്നതവംശജരായതു കൊണ്ട് എല്ലാം തങ്ങളാണ് ഭരിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന ഒരു വര്‍ഗം എല്ലാ കാലത്തും ജനാധിപത്യത്തെ ഭയപ്പെടുകയും ജനാധിപത്യത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു.

സമീപകാലത്ത് തന്നെ എങ്ങനെയാണ് പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ത്തതെന്ന് നാം കണ്ടു. തൊഴില്‍ നിയമങ്ങള്‍ എങ്ങനെയാണ് സമീപകാലത്ത് മാറ്റിയെഴുതപ്പെട്ടത് എന്ന് നമുക്കറിയാം. പുതിയ പുതിയ നികുതി നിയമങ്ങള്‍ ആരെയാണ് സഹായിക്കുന്നതെന്ന് നമുക്കറിയാം. നോട്ടു നിരോധനം പോലോത്ത നടപടികള്‍ ആരെ സഹായിക്കാനായിരുന്നുവെന്നതിന്റെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുകയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ രാഷ്ട്രീയത്തിന്റെ ഇടം ചുരുക്കാനാണ് ഇത്തരത്തിലുള്ള നടപടികളിലൂടെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിലൂടെ രാജ്യത്തെ ഒന്നാകെ അരാഷ്ട്രീയവത്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിനോടുള്ള വിരോധത്തിലൂടെ ജനാധിപത്യമെന്ന വ്യവസ്ഥിതിയുടെ തന്നെ അപ്രസക്തി നിരന്തരമായി തെളിയിച്ചു കൊണ്ടിരിക്കാന്‍ ശ്രമിക്കുന്ന ഒരു വര്‍ഗം നമ്മെ ജനാധിപത്യമൂല്യങ്ങളില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു.

Jacques Ranciere ന്റെ വളരെ പ്രസക്തമായൊരു കൃതിയുണ്ട്, ‘Hatred of Democracy’ എന്ന പേരില്‍. ജനാധിപത്യത്തോടുള്ള വെറുപ്പിന്റെ ലക്ഷണങ്ങളാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്ന് അതില്‍ വിശദീകരിക്കുന്നുണ്ട്.

അതോറിറ്റേറിയനിസം
ഫാഷിസം എന്ന പൊതുപദത്തിനു പകരം അതോറിറ്റേറിയനിസം എന്ന പദമാവും ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയെ വിശേഷിപ്പിക്കാന്‍ ഏറ്റവും യോജ്യമായത്. അതോറിറ്റേറിയന്‍ പോപ്പുലിസം അഥവാ അമിതാധികാര പ്രയോഗത്തിന്റേതായ ഒരു വ്യവസ്ഥിതി എന്ന് പറയാം. ഈ അമിതാധികാര വ്യവസ്ഥിതിയെ വളരെ ഭംഗിയായി നിര്‍വചിച്ചിട്ടുള്ള പല ചിന്തകരുമുണ്ട്. ജനങ്ങള്‍ എന്ന് പറയുമ്പോള്‍ ഞങ്ങളുടെ ആളുകള്‍ എന്ന് മാത്രം വിചാരിക്കുന്നതാണ് അമിതാധികാരത്തിന്റെ ഒന്നാമത്തെ ലക്ഷണം. രാജ്യത്തെ ഏകശിലാരൂപമായി കാണുക, വൈവിധ്യത്തെ അംഗീകരിക്കാതിരിക്കുക എന്നിവ ഫാഷിസത്തിന്റെയും അമിതാധികാരത്തിന്റെയും അടിസ്ഥാനപരമായ പ്രവണതകളില്‍ ഒന്നാണ്.
ജനങ്ങള്‍ എന്ന് പറയുമ്പോള്‍ അവരുദ്ദേശിക്കുന്നത് ഞങ്ങള്‍ എന്നാണ്. ഞങ്ങള്‍ എന്ന് പറയുമ്പോള്‍ അവര്‍ ഒരുപാട് പേരെ പുറത്തുനിര്‍ത്തുന്നുണ്ട്. ഒരുപാട് ജനങ്ങളെ അപരവത്കരിക്കുന്നുണ്ട്. ന്യൂനപക്ഷ മതവിഭാഗങ്ങളും ആദിവാസികളും ലൈംഗികന്യൂനപക്ഷങ്ങളും എല്ലാം ഇവിടെ അന്യരാണ്. ബഹുത്വത്തിന് എതിരായ നിലപാട് സ്വീകരിക്കുക എന്നത് അതിന്റെ മറ്റൊരു സ്വഭാവമാണ്. പുറമെ ജനകീയം, ജനപ്രിയം എന്ന് തോന്നിക്കുകയും അതേസമയം ജനവിരുദ്ധമായ കാര്യങ്ങള്‍ നിരന്തരമായി ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്ന ഒരു പ്രവണത. ഞാന്‍ ഒരു ചായക്കച്ചവടക്കാരന്‍ ആയിരുന്നെന്ന് നമ്മുടെ പ്രധാനമന്ത്രി പറയുമ്പോള്‍ വളരെ പെട്ടെന്ന് ഒരുപാട് ജനങ്ങള്‍ സ്വാഭാവികമായും കണ്ണീര്‍പൊഴിക്കും, ‘അദ്ദേഹത്തിന് പ്രധാനമന്ത്രിയാവാന്‍ കഴിഞ്ഞല്ലോ’ എന്നതില്‍. എന്നാല്‍ അദ്ദേഹം പിന്തുടര്‍ന്ന് പോരുന്ന നയങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ എല്ലാം കാണുകയും പരിശോധിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് മനസിലാവും, ഈ ചായക്കച്ചവടക്കാരന്‍ നാം കരുതിയ തരത്തിലുള്ള ഒരു ചായ്‌വാല അല്ല എന്ന്. ഇത് ചില ആളുകളെ സേവിക്കാന്‍ വേണ്ടി മാത്രം ഭരണകൂടത്തിന്റെ അധികാരങ്ങളെ ഉപയോഗിക്കുന്ന ഒരാളും അയാള്‍ക്ക് ചുറ്റുമുള്ള ജനങ്ങളുമാണെന്ന് നമുക്ക് മനസിലാവും.

മറ്റൊന്ന്, ഭൂരിപക്ഷമായിരിക്കുമ്പോള്‍ പോലും തങ്ങളാണ് ഇരകള്‍ എന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ്. ഏതെങ്കിലും തരത്തില്‍ നമ്മള്‍ കശ്മീരിലെ മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിച്ചാല്‍, അവര്‍ പറയുക ‘ഞങ്ങളാണ് വിമര്‍ശകരുടെ ഇരകള്‍, നിങ്ങള്‍ ഭരണകൂടത്തോട് അസഹിഷ്ണുത കാണിക്കുന്നു, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് അസഹിഷ്ണുത കാണിക്കുന്നു’ എന്നൊക്കെയാവും. അധികാരം മുഴുവന്‍ കൈയില്‍ വെച്ചുകൊണ്ട്, ഭൂരിപക്ഷമായി ഇരിക്കുമ്പോള്‍ തന്നെ ഞങ്ങളാണ് ഇരകളെന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും.

(അവസാനിക്കുന്നില്ല)
സച്ചിദാനന്ദന്‍

You must be logged in to post a comment Login