എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

എന്റെ ഉപഭോക്താവ് എൻ്റെ അതിഥിയാണ്

കച്ചവടത്തെ പണം സമ്പാദിക്കാനുള്ള മാര്‍ഗമായാണ് പുതിയ ലോകം വിലയിരുത്തുന്നത്. ഇതിനായി ഏതറ്റം വരെ പോകാനും മനുഷ്യര്‍ തയാറാവുകയും ചെയ്യുന്നു. എന്നാല്‍ ലാഭത്തിനപ്പുറം സേവനമെന്ന മഹത്തായ ഒരു വശം കൂടി കച്ചവടത്തിനുണ്ട്. അതിലാണ് ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടമാകുന്നതും. തനിക്കിഷ്ടപ്പെട്ടത് സഹോദരനും ഇഷ്ടപ്പെടണമെന്നാണ് ഇസ്‌ലാമിന്റെ അഭിലാഷം. അഥവാ സ്രഷ്ടാവിന്റെ ഇംഗിതം. ഇതുപോലെ ഉപഭോക്താവിന്റെ സംരക്ഷണവും ഇസ്‌ലാമിന്റെ അടിസ്ഥാന അഭിലാഷങ്ങളില്‍ പെട്ടതാണ്. ഇസ്‌ലാമിലെ കച്ചവട രീതി മറ്റു സാമ്പ്രദായിക വ്യവസ്ഥിതികളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. അഉ 624ല്‍ മാലിക് ബിന്‍ ദീനാറിന്(റ) മലബാറില്‍ നിന്ന് ലഭിച്ച സ്വീകാര്യത അദ്ദേഹം കച്ചവടത്തില്‍ പാലിച്ച ധാര്‍മികത നിമിത്തമായിരുന്നു. ആ കച്ചവട രീതിയെ സന്തോഷത്തോടെ സ്വീകരിച്ച ജനങ്ങള്‍ രാജാവായ ചേരമാന്‍ പെരുമാളിനെ സന്തോഷം അറിയിക്കുകയും, അതിലൂടെ ഇത്തരം നയങ്ങള്‍ സംവേദനം ചെയ്യുന്ന ആദര്‍ശമെന്ന നിലക്ക് ഇസ്‌ലാമിനെ രാജാവ് ആശ്ലേഷിക്കുകയും ചെയ്തു. കച്ചവടത്തെ കുറിച്ച് ചോദിച്ച സമയത്ത് മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ധാര്‍മികതയും സത്യസന്ധതയുമാണ് തനിക്ക് പ്രേരണയെന്ന് മാലിക് ബിന്‍ ദീനാര്‍(റ) മറുപടി പറഞ്ഞിരുന്നു. ലാഭം ലഭിച്ചില്ലെങ്കിലും ഉപഭോക്താവിനെ സന്തോഷിപ്പിക്കണമെന്ന നയമാണ് ഇസ്‌ലാമിനുള്ളത്. ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി ഉപഭോക്താവിനെ പരിഗണിക്കാന്‍ കല്‍പനയുണ്ട്. അല്ലാഹുവിന്റെ താല്‍പര്യമറിയുക:’നിങ്ങള്‍ അളന്നുകൊടുക്കുകയാണെങ്കില്‍ അളവ് തികച്ചുകൊടുക്കുക. ശരിയായ തുലാസ് കൊണ്ട് തൂക്കികൊടുക്കുകയും ചെയ്യുക. അതാണ് ഉത്തമവും അന്ത്യഫലത്തില്‍ ഏറ്റവും മെച്ചമായിട്ടുള്ളതും. (ഖുര്‍ആന്‍ 15:38)’.

ഉപഭോക്തൃ സംരക്ഷണവും ഇസ്‌ലാമിക നിയമങ്ങളിലെ ഫിലോസഫിയും
മനുഷ്യന്റെ ഇടപാടുകളില്‍ ഏറ്റവും പ്രസക്തിയര്‍ഹിക്കുന്ന കാര്യങ്ങളാണ് ഉപഭോക്തൃ സംരക്ഷണവും (ഇീിൗൊലൃ ഞശഴവെേ) കച്ചവട ധാര്‍മികതയും (ആൗശെില ൈഋവേശര)െ.
എല്ലാം പൊറുക്കുന്ന ദൈവത്തെയാണ് നാം ആരാധിക്കുന്നത്. എങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടം ചെയ്യും. നമുക്കിടയിലുണ്ടായിത്തീരുന്ന വീഴ്ചകള്‍ ഈ ലോകത്ത് വെച്ച് തന്നെ പരമാവധി പരിഹരിക്കേണ്ടതുണ്ട്. അഥവാ, അക്രമി മര്‍ദിതനോട് മാപ്പ് ചോദിക്കണം. അല്ലാത്ത പക്ഷം ആ അക്രമിയുടെ ക്ഷമാപണം അല്ലാഹു സ്വീകരിക്കുകയില്ല. ഈയൊരു പ്രതലത്തില്‍ നിന്നാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഉപഭോക്തൃ സംരക്ഷണവും കച്ചവടത്തിലെ ധാര്‍മികതയും നാം വായിക്കേണ്ടത്.
ഉപഭോക്തൃ അവകാശങ്ങള്‍ (ഇീിൗൊലൃ ഞശഴവെേ) എന്ന തലക്കെട്ടില്‍ ഇസ്ലാമിലെ കര്‍മശാസ്ത്രത്തില്‍ പ്രത്യേക അധ്യായങ്ങളൊന്നും കാണാന്‍ സാധിക്കുകയില്ല. ഇസ്ലാമിന്റെ അടിസ്ഥാന നയങ്ങള്‍ സ്വീകരിക്കുന്നതിലൂടെ തന്നെ ഉപഭോക്തൃ സംരക്ഷണം സാധ്യമാകുമെന്നതുകൊണ്ടാണ് അങ്ങനെ പ്രത്യേക അധ്യായങ്ങളൊന്നും ഉള്‍പെടാത്തത്. എങ്കില്‍ കൂടി ബാധ്യത (ളമാന്‍), കരാറുകള്‍, വഞ്ചന (തദ്ലീസ്), അനിശ്ചിതത്വം, പൂഴ്ത്തിവെപ്പ്, കളവ് തുടങ്ങിയ ഒരുപാട് ഇടങ്ങളില്‍ ഇസ്ലാം ഉപഭോക്തൃ അവകാശങ്ങള്‍ സംക്ഷിപ്തമായും വ്യക്തമായും രേഖപ്പെടുത്തുന്നുണ്ട്. ആധുനിക കര്‍മശാസ്ത്ര വായനകളില്‍ ‘ഹിമായത്-അല്‍-മുഹ്ലിക’ എന്ന പേരിലും ഇസ്ലാമിലെ ഉപഭോക്തൃ അവകാശങ്ങള്‍ രേഖയാകുന്നുണ്ട്.
ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ‘മസ്ലഹ’ എന്ന ആശയം ഉപഭോക്തൃ അവകാശങ്ങളോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. ഉപദ്രവപരമായ കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പക്ഷം നന്മ നിറഞ്ഞ സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ മനുഷ്യന് സാധിക്കും. വിശ്വാസം, ശരീരം, സന്താനം, ബുദ്ധി, സമ്പത്ത് എന്നീ അഞ്ച് കാര്യങ്ങളുടെ സംരക്ഷണമാണ് ഇസ്‌ലാമിലെ കര്‍മശാസ്ത്രം ലക്ഷ്യം വെക്കുന്നതെന്ന് പുതിയ കാല കര്‍മശാസ്ത്ര ലക്ഷ്യസംബന്ധിയായ ചര്‍ച്ചകളില്‍ നിന്ന് സ്പഷ്ട്ടമായി വായിച്ചെടുക്കാന്‍ സാധിക്കും. ഇതിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി ഇസ്ലാം ഒരുപാട് നിയമങ്ങളും നിബന്ധനകളും മുന്നോട്ടുവെക്കുന്നു. ചില കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചും മറ്റു ചിലത് വിലക്കിയും അവയെ കെട്ടുറപ്പുള്ള നിയമവ്യവസ്ഥിതിയാക്കുകയാണ് ഇസ്ലാം ചെയ്തത്.
പ്രാഥമികമായി, ഇമാം ഗസാലി (റ) അടക്കമുള്ള പണ്ഡിതന്മാര്‍ മുന്നോട്ടുവെച്ച വിശ്വാസസംഹിതയില്‍ തന്നെ ഉപഭോക്തൃ അവകാശങ്ങള്‍ സുവ്യക്തമാണ്. കളവ് പറയരുതെന്നും സഹോദരനോട് നന്മ ചെയ്യണമെന്നും പറയുന്ന വിശ്വാസം ഉപഭോക്തൃ അവകാശങ്ങള്‍ക്ക് നല്ലൊരു പ്രതലമൊരുക്കുന്നു. രണ്ടാമതായി മുന്നോട്ടുവെക്കുന്നത് ശരീരത്തിന്റെ സംരക്ഷണമാണ്. അത് കൊണ്ട് തന്നെ ശരീരത്തിന് ഹാനികരമാകുന്ന വസ്തുക്കളുടെ വില്‍പന ഇസ്ലാം നിരോധിക്കുന്നുണ്ട്. ആരോഗ്യമുള്ള ശരീരം കൂടുതല്‍ വണക്കത്തോടെ ജീവിക്കാന്‍ സഹായകമാകുമെന്ന് സ്പഷ്ടമാണ്.
ബുദ്ധിക്ക് തകരാറുണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്യാന്‍ പാടുള്ളതല്ല. കച്ചവടച്ചരക്ക് ഉപകാരമുള്ളതാവണമെന്ന് ഇസ്ലാമിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ലഹരി പദാര്‍ത്ഥങ്ങളുടെ വില്‍പനയില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കേണ്ടത് അനിവാര്യമാണ്.
ഇതോടൊപ്പം സന്താനസംരക്ഷണവും ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതാണ്. പോഷകാഹാരവും, ശുദ്ധവായുവും നല്ല കാലാവസ്ഥയും ഇതിന് അത്യാവശ്യമാണ്. അവ സംവിധാനിക്കുന്നതില്‍ കച്ചവടക്കാരന്റെ പങ്ക് വളരെ വലുതാണ്.
സമ്പത്തിന്റെ സംരക്ഷണമാണ് ഒടുവിലത്തെ ലക്ഷ്യം. അതും ഉപഭോക്താവിന്റെ അവകാശങ്ങളെ പരിഗണിക്കുന്നു. അഥവാ, അന്യായമായ കച്ചവടങ്ങളിലൂടെ ഒരാളില്‍ നിന്ന് പണം തട്ടിയെടുക്കുന്നത് ഇസ്ലാം കര്‍ശനമായി നിരോധിക്കുന്നുണ്ട്. ഇസ്‌ലാമിലെ കര്‍മശാസ്ത്രം ഉപഭോക്തൃ സംരക്ഷണത്തിന് നല്‍കിയ സ്ഥാനവും അതിന്റെ ഫിലോസഫിയും മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു സാരാംശമെന്നോണം മനസിലാക്കാവുന്നതാണ്.

ഉപഭോക്തൃ സംരക്ഷണവും ഉപഭോക്താവിന്റെ കര്‍ത്തവ്യവും
ഉപഭോക്തൃ സംരക്ഷണം സാധ്യമാവാന്‍ ഉപഭോക്താവും ശ്രദ്ധിക്കേണ്ടതുണ്ട്. നാം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം അല്ലാഹു ഇഷ്ടപ്പെട്ട രൂപത്തില്‍ ചിലവഴിക്കാന്‍ സാധിക്കണം. മിതമായ ഉപഭോഗമാണ് ഇതില്‍ പ്രധാനം. അമിതവ്യയം നടത്തുന്നവരെ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യുന്നുണ്ട്. എന്നാല്‍ പരിത്യാഗിയായി ജീവിച്ച് മിച്ചം വരുന്ന മുഴുവന്‍ പണവും വീട്ടില്‍ ഒഴുക്കുന്ന രീതിയും ഒഴിവാക്കണം. തന്റെ മകന്‍ ഒരു പണക്കാരന്റെ മകനാണെന്ന് പറയിപ്പിക്കാന്‍ ദുരഭിമാനബുദ്ധിയോടെ പോക്കറ്റ് മണി നല്‍കുന്ന രക്ഷിതാക്കളുണ്ട്. ഫോണ്‍ മുതല്‍ വാഹനങ്ങള്‍ വരെ വാങ്ങിക്കൊടുക്കുന്നു. ഇതിലൂടെ ചില മക്കള്‍ക്കെങ്കിലും വ്യതിയാനങ്ങളുണ്ടാവുന്നു. പല രക്ഷിതാക്കളും ഈ പരീക്ഷണത്തില്‍ തോല്‍ക്കുകയും ചെയ്യുന്നു. കൂടാതെ നാം വാങ്ങുന്ന ഒരോ ഉല്‍പന്നവും ഇസ്ലാം അനുവദിച്ചിട്ടുള്ളവയാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇക്കാലത്ത് സുലഭമായ ബിറ്റ്കോയിന്‍ വ്യാപാരത്തില്‍ അവ്യക്തകളുള്ളതുകൊണ്ടുതന്നെ അവ അനുവദനീയമെന്ന് പറയാന്‍ പ്രയാസമുണ്ടെന്ന പക്ഷത്താണ് ഭൂരിഭാഗം ഉലമാക്കളും. ഇത്തരത്തില്‍ ആഗതമാവുന്ന പുതിയ സംരംഭങ്ങളുടെ ഇസ്‌ലാമിക വശം പണ്ഡിതന്മാരോടൊപ്പം ചര്‍ച്ച ചെയ്യാന്‍ നമുക്ക് മനസുണ്ടാവണം. ഉപഭോക്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ശ്രദ്ധയിലൂടെ ഉപഭോക്തൃ സംരക്ഷണം എളുപ്പം സാധ്യമാവുന്നതാണ്.

ഉപഭോഗ സിദ്ധാന്തം (Theory of Consumption)മനുഷ്യന്റെ ആവശ്യകതയുമായി(Human Wants) അഭേദ്യമായ ബന്ധം പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഒരു ഉപഭോക്താവിന്റെ വ്യവഹാരത്തെ നിര്‍ണയിക്കുന്നത് ഉപഭോഗത്തിലൂടെ അവന് ലഭിക്കുന്ന സംതൃപ്തിയാണ്(Satisfaction). അതുകൊണ്ടുതന്നെ ഈ രണ്ട് ആശയങ്ങളിലൂടെ ഉപഭോക്തൃ സംസ്‌കാരം ചര്‍ച്ച ചെയ്യുന്നതാവും ഉചിതം.
ആനന്ദിക്കാനും പ്രയാസങ്ങള്‍ ഇല്ലാതിരിക്കാനുമാണ് മനുഷ്യന്‍ എന്നും ആഗ്രഹിക്കുന്നത്. ഈയൊരു ത്വരയെയാണ് പൊതുവേ ആവശ്യകത (Wants) എന്ന പേരില്‍ സാമ്പത്തിക ശാസ്ത്രം ചര്‍ച്ച ചെയ്യുന്നതും. മനഃശാസ്ത്രപരമായി ആവശ്യകത ഒരിക്കലും അവസാനിക്കില്ലെന്നതാണ് വാസ്തവം. ഉപഭോഗത്തിലൂടെ താല്‍ക്കാലികമായി ലഭിക്കുന്ന സംതൃപ്തി വീണ്ടും ഒരു ആവശ്യകതയായി പരിണമിക്കുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആഗ്രഹമാണ് ജീവിതവിജയത്തിന് ഹേതുവാകുന്നത്. ഈ വിജയം സാധ്യമാകണമെങ്കില്‍ ഇത്തരം ആവശ്യകതയെ ബുദ്ധിപരമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഇവിടെയാണ് മതപരമായ ചര്‍ച്ചകള്‍ സജീവമാകുന്നത്. അല്ലാഹുവിന്റെ താല്‍പര്യമറിയുക: ‘നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല’ (ഖുര്‍ആന്‍ 6:141ല്‍ നിന്ന്). മിതമായ രീതിയില്‍ ഉപഭോഗം നടത്തുന്നതിലൂടെ വിജയം സുനിശ്ചിതമാണെന്ന് ഈ ആശയത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

അനന്തമായ ആവശ്യകതയും പ്രകൃതിവിഭവങ്ങളുടെ ദൗര്‍ലഭ്യതയും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് എന്ത് വാങ്ങണമെന്ന് നിര്‍ണിതമാകുന്നത്. ഈ ബന്ധം സാര്‍വാംഗീകൃതമാണ്. എന്നാല്‍ ദൗര്‍ലഭ്യം (Scarcity) എന്ന ആശയം ഇസ്‌ലാമിലില്ലെന്ന പുതിയ കാല വായനകളെ താത്വികമായി തന്നെ നേരിടേണ്ടതുണ്ട്. ഭൂമിയിലുള്ള മുഴുവന്‍ ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ മതിയായ മുഴുവന്‍ സംവിധാനങ്ങളും അല്ലാഹു സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം അനിഷേധ്യമാണ്. എന്നാല്‍ ഇതൊരിക്കലും ദൗര്‍ലഭ്യമുണ്ടാകില്ല എന്നതിലേക്കുള്ള സൂചനയല്ല. മനുഷ്യന്റെ അധ്വാനവും വിവേകവും മികച്ചു നില്‍ക്കുന്നതിനനുസരിച്ച് അവ ഭൂമിയില്‍ ലഭ്യമാകും. ദൗര്‍ലഭ്യം ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്ന കണ്ടെത്തലിലാണ് ആധുനിക സാമ്പത്തിക ശാസ്ത്രവും. അവയെ എങ്ങനെ മറികടക്കാം എന്നതാണ് പ്രതിപാദ്യ വിഷയം.
ആവശ്യകതയെ മൂന്നായി തരം തിരിക്കാം.
1. അനിവാര്യത(ളറൂറിയത്ത്): ചില വസ്തുക്കള്‍ കൂടാതെ ജീവിതം അസാധ്യമാകും. അതിന് വേണ്ടിയുള്ള ആവശ്യകത ഒരു അനിവാര്യതയാണ്.
2. പരിപൂരകം(ഹാജിയ്യത്ത്): നമ്മുടെ ആവശ്യകതയുടെ പൂര്‍ണതയിലേക്ക് എത്താനുള്ള ത്വരയില്‍ നിന്നാണ് ഹാജിയ്യത്ത് ഉടലെടുക്കുന്നത്.
3. ചമല്‍ക്കാരം (തഹ്‌സീനിയ്യത്ത്): സമൂഹമദ്ധ്യേ ലഭിക്കുന്ന സ്വീകാര്യതയില്‍ കണ്ണും നട്ടാണ് തഹ്‌സീനിയ്യത്ത് സംജാതമാകുന്നത്.
ഇത്തരം ആവശ്യകതയെ പൂര്‍ത്തീകരിക്കാന്‍ അതിന് സമാനമായ ഉല്‍പന്നങ്ങള്‍ അത്യാവശ്യമാണ്. അക്കാഡമിക് പഠനങ്ങളില്‍ ഉല്‍പന്നങ്ങളെ ഇതുപോലെ മൂന്നും നാലുമായി തരാം തിരിക്കുന്നുണ്ട്. അതൊരിക്കലും ശരിയല്ല. കാരണം ആവശ്യകത ആപേക്ഷികമായ ഒരു സിദ്ധാന്തമാണ്. ഒരു ബിസിനസുകാരനെ സംബന്ധിച്ചിടത്തോളം കാര്‍ എന്നത് അനിവാര്യതയാണ്. ഒരു കോളജ് അധ്യാപകന് അതൊരു പൂര്‍ണതയാണ്. എന്നാല്‍ ഒരു വിദ്യാര്‍ത്ഥിക്ക് അതൊരു ആഡംബരം മാത്രമാണ്. എങ്കില്‍ ഉപഭോക്താവിന്റെ വ്യവഹാരത്തെ നിര്‍ണയിക്കുന്നതെന്താണ്?

വിവേകിയാണ് മനുഷ്യന്‍. തന്റെ വരുമാനത്തിനനുസരിച്ച് ഉപഭോഗം നടത്താന്‍ അവന് സാധിക്കണം. ‘Keeping up with the Joneses എന്ന ഇംഗ്ലീഷ് ഭാഷാ പ്രയോഗം ഇവിടെ പ്രസക്തിയര്‍ഹിക്കുന്നു. തന്റെ അയല്‍വാസിയായ ജോന്‍സസിന് ഉള്ളതെല്ലാം തനിക്കും വേണമെന്ന ചിന്താഗതിയെയാണ് ഈ വാക്യം സൂചിപ്പിക്കുന്നത്. ഏതുവിഷയത്തിലും മിതമായ മാര്‍ഗം സ്വീകരിക്കുന്നതാണ് അഭികാമ്യവും വിവേകവും. പണം ചിലവഴിക്കുമ്പോള്‍ ധൂര്‍ത്തില്ലാതിരിക്കാനും പിശുക്കില്ലാതിരിക്കാനും നാം ശ്രദ്ധിക്കണം.
അല്ലാഹു താല്‍പര്യപ്പെടുന്നു: ”നിന്റെ കൈ നീ പിരടിയിലേക്ക് ബന്ധിച്ചതാക്കരുത്. അത് ( കൈ ) മുഴുവനായങ്ങ് നീട്ടിയിടുകയും ചെയ്യരുത്. അങ്ങനെ ചെയ്യുന്ന പക്ഷം നീ നിന്ദിതനും കഷ്ടപ്പെട്ടവനുമായിരിക്കേണ്ടിവരും”(ഖുര്‍ആന്‍ 16:29 ).
‘ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ, പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു വിശ്വാസികള്‍'(25:67 ).
ഇത്തരം സാമ്പത്തിക പരിധികള്‍ക്കുള്ളില്‍ (Economic Constraint) നിന്നുകൊണ്ടാവണം മനുഷ്യന്റെ ഉപഭോഗ സംസ്‌കാരം. മനുഷ്യന്റെ ഉപഭോഗം ഒരിക്കലും സന്തുലിതാവസ്ഥയില്‍ (Equilibrium) എത്തില്ലെന്ന കണ്ടെത്തലിലാണ് ആധുനിക സാമ്പത്തിക ശാസ്ത്രം ചെന്നെത്തി നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ അനന്തമായ പ്രയോജനത്വ സിദ്ധാന്തം (Utility Theory) മുതലെടുക്കുന്ന തിരക്കിലാണ് മാര്‍ക്കറ്റ് ലോബികള്‍.

ഉപഭോക്തൃ നിയമങ്ങളുടെ ഇസ്‌ലാമിക മാനങ്ങള്‍
അധാര്‍മികമായ മുഴുവന്‍ വ്യാപാര രീതികളും ഇസ്ലാമില്‍ വിലക്കപ്പെട്ടതാണ്. സര്‍ക്കാര്‍ ഇടപെടലുകളില്ലാത്ത സുതാര്യമായ കച്ചവടരീതിയാണ് ഇസ്ലാം സംവിധാനിക്കുന്നത്. ഈ വിഷയത്തില്‍ കൃത്യമായ ഒരു അവബോധത്തിന് 1295 ലക്കം രിസാലയില്‍ പ്രസിദ്ധീകരിച്ച എന്റെ ലേഖനത്തിലെ വിലയോടുള്ള ഇസ്ലാമിക സമീപനങ്ങള്‍ വായിക്കാവുന്നതാണ്.
പണസമ്പാദനം ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ അവ മറ്റുള്ളവരുടെ ധനം അപഹരിച്ചുകൊണ്ടാവരുത്. നമുക്കിഷ്ടപ്പെട്ടത് നമ്മുടെ സഹോദരനും ഇഷ്ടപ്പെടണമെന്ന ആശയം നബി അധ്യാപനങ്ങളിലുള്ളതാണ്. അത് വിശ്വാസത്തിന്റെ പൂര്‍ണതയായി അടയാളപ്പെടുത്തുകയും ചെയ്തു. ഇതിലൂടെ വഞ്ചിക്കപ്പെടാനുള്ള മുഴുവന്‍ വഴികളെയും ഇസ്ലാം അടക്കുകയുണ്ടായി. വില്‍ക്കപ്പെടുന്ന വസ്തു ഉപഭോക്താവ് കണ്ടിരിക്കണം. കണ്ടില്ലെങ്കില്‍ അത് വ്യക്തമാകുന്ന തരത്തില്‍ വിശേഷണങ്ങളിലൂടെ അറിയണം. ആകാശത്തു പറക്കുന്ന പക്ഷിയെയും കടലിലെ മത്സ്യത്തെയും വില്‍ക്കാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. ഇത്തരം നിയമങ്ങളില്‍ നിന്ന് ഇസ്ലാം ഉപഭോക്താവിന് നല്‍കുന്ന പ്രാധാന്യം സുവ്യക്തമാകുന്നു.

ആരാണ് ഉപഭോക്താവ്?
നമ്മുടെ ജീവിതോപാധി നേടാനുള്ള ഒരു ഇരയെന്നതിലപ്പുറം ഉപഭോക്താവിനോട് നമുക്ക് പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്ത കടപ്പാടുണ്ട്. ഉപഭോക്താവിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിലൂടെ വലിയ പുണ്യം ചെയ്യാന്‍ നിമിത്തമുണ്ടാക്കിയ നല്ലവനായ ഉപഭോക്താവിനെ ആരും കാണുന്നില്ല. സത്യസന്ധമായ കച്ചവടം ചെയ്ത് സ്വര്‍ഗത്തില്‍ കടക്കുന്ന വിശ്വസിയാകാന്‍ നമ്മെ സഹായിക്കുന്ന ഉപഭോക്താവെന്ന നിലയില്‍ ആരും പരിഗണിക്കുന്നുമില്ല. നമ്മുടെ കണ്‍സ്യൂമര്‍ നമ്മുടെ അതിഥിയാണ്. അതിഥിയെ നല്ല രീതിയില്‍ സല്‍ക്കരിക്കേണ്ടതുണ്ട്. ഈ സല്‍ക്കാരത്തിനിടയില്‍ പണമെന്ന സ്വാര്‍ത്ഥന്‍ വിഷം കലക്കരുത്. ഉപഭോക്താവിന്റെ മനസറിഞ്ഞ ആദര്‍ശമാണ് ഇസ്‌ലാം. ലാഭത്തിനപ്പുറം ചൂഷണരഹിതമായ ഒരു സമൂഹത്തിന്റെ നിര്‍മിതിയാണ് ഇസ്ലാം ലക്ഷ്യം വെക്കുന്നത്. കച്ചവടത്തിലൂടെ ലഭിക്കുന്ന പണത്തേക്കാള്‍ സേവനത്തിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണ് ഇസ്‌ലാം നമുക്കുവേണ്ടി ആഗ്രഹിക്കുന്നത്. അതിസുന്ദരമായ വാഗ്ദത്തലോകത്തെ മൂടിക്കളയാന്‍ ക്ഷണികമായ ഈ ഭൗതിക ലോകത്തെ അനുവദിക്കാതിരിക്കണേ.
മുഹമ്മദ് ശഫീഖ് നാദാപുരം

You must be logged in to post a comment Login