അതോറിറ്റേറിയനിസത്തിന്റെ അവസ്ഥാന്തരങ്ങള്‍

അതോറിറ്റേറിയനിസത്തിന്റെ അവസ്ഥാന്തരങ്ങള്‍

രാജ്യത്തെ ഏകശിലാ രൂപമാക്കുന്നത് പോലെതന്നെ ഒരൊറ്റ നേതാവിലുള്ള വിശ്വാസം, അദ്ദേഹത്തിന്റെ കൂടെ നേതൃത്വം പങ്കിടുന്നവരെ പോലും അദൃശ്യരാക്കുന്ന രൂപത്തില്‍, അവര്‍ക്ക് ഒരു പ്രാധാന്യവും ലഭിക്കാത്ത രൂപത്തില്‍ ഒരൊറ്റ നേതാവില്‍ കേന്ദ്രീകരിക്കുന്ന രീതിയിലുള്ള ഒരു ഭരണസമ്പ്രദായം ഉണ്ടാവുക എന്നതും അതോറിറ്റേറിയനിസത്തിന്റെ സ്വഭാവമാണ്. പലപ്പോഴും ജനങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആളാണ് താനെന്ന് ഭാവിക്കുകയും പെരുമാറുകയും അതേസമയം ജനങ്ങളെ സംസാരിക്കാന്‍ അനുവദിക്കാതെ, ആവരുടെ മൗനത്തെ സ്വന്തം സംസാരംകൊണ്ട് നിറക്കുക എന്നതും ഇതിന്റെ ലക്ഷണങ്ങളാണ്. ‘മന്‍ കി ബാത്ത്’ എന്ന പ്രോഗ്രാം എങ്ങനെയാണ് ഏകപക്ഷീയമായ സംസാരം നടത്തുക എന്നതിന്റെ ഉദാഹരണമാണ്. സംവാദങ്ങളില്ലാതെ, സംഭാഷണങ്ങളില്ലാതെ ഒരാള്‍ മാത്രം സംസാരിക്കുകയും ബാക്കിയുള്ളവര്‍ കേള്‍ക്കുകയും ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കുക, കാര്യങ്ങളെ മുഴുവന്‍ ലളിതമായി കാണുക, ഭരണകൂടം തങ്ങളുടെ കോളനിയാണെന്ന രൂപത്തില്‍ പെരുമാറുക എന്നതൊക്കെ ഇതിന്റെ സ്വഭാവങ്ങളാണ്.

ജനതയെന്ന പരീക്ഷണശാല
ഭരണകൂടത്തെ കോളനിയായിക്കണ്ട് തങ്ങളെ തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ അതിലെ പ്രജകളായി കാണുക, അതുകൊണ്ടുതന്നെ ആ സ്റ്റേറ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ തങ്ങളുടേതാക്കി മാറ്റുക, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഫിലോസഫിക്കല്‍ റിസര്‍ച്ച്, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ചറല്‍ റിലേഷന്‍സ്, നാഷണല്‍ ബുക് ട്രസ്റ്റ് തുടങ്ങിയ ലിബറല്‍ സ്ഥാപനങ്ങളെ, ചിന്തയുടെ ഇടങ്ങളെ, വിമര്‍ശനത്തിന്റെ ഇടങ്ങളെ ഇല്ലാതാക്കുക, കാവിവത്കരിക്കുക ഇതെല്ലാമുണ്ട്. കാവിവത്കരിക്കുക എന്നൊന്നും പറഞ്ഞാല്‍ പോര. അര്‍ഹതയുള്ള ആര്‍ എസ് എസുകാരാണ് ഇതിന്റെയൊക്കെ തലപ്പത്തിരിക്കുന്നതെങ്കില്‍ ഞാന്‍ പകുതി സഹിക്കാന്‍ തയാറായിരുന്നു. എന്നാല്‍ യാതൊരു തരത്തിലും അര്‍ഹതയില്ലാത്ത, തങ്ങളുടെ സൈന്യത്തില്‍ പെട്ട ആളുകളാണ് എന്ന ഒരേ ഒരു അര്‍ഹത മാത്രമുള്ള ആളുകളെ ഈ സ്ഥാപനങ്ങളുടെയെല്ലാം തലപ്പത്ത് കൊണ്ടിരുത്തുന്നത് നാം കണ്ടു.

ജെ എന്‍ യുവിലും ഹൈദരാബാദ് യുണിവേഴ്സിറ്റിയിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലും എന്താണ് സംഭവിച്ചത്, സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. അങ്ങനെ വിമര്‍ശനത്തിന്റെയും സ്വതന്ത്രചിന്തയുടെയും സ്ഥാപനങ്ങളെയും വിമര്‍ശകരെയും പ്രതിപക്ഷത്തെയും ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളെയും, സ്വതന്ത്രചിന്തയുടെ ഇടങ്ങളെ മുഴുവന്‍ തങ്ങളുടെ മാത്രം വിചാരത്തിന്റെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതും നാം കണ്ടു.

ജനങ്ങളെ കൂടുതല്‍ ആശ്രിതരാക്കുന്ന അവസ്ഥ വര്‍ധിക്കുന്നു. നല്‍കാറില്ലെങ്കിലും ചെറിയ ചെറിയ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് പ്രഖ്യാപിച്ച് ജനങ്ങള്‍ തങ്ങളുടെ ആശ്രിതരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ ആശ്രിതരാണ് ഭരണകര്‍ത്താക്കള്‍. വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്തുകയും എല്ലാതരത്തിലുമുള്ള വിമര്‍ശന സ്ഥാപനങ്ങളെയും അധികാരമുപയോഗിച്ച് നിശബ്ദമാക്കുകയും ചെയ്യുക, ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് പകരം മതത്തിന്റെയും ജാതിയുടെയും മറ്റും പേരില്‍ നിരന്തരം വിഭജിക്കുക എന്നതൊക്കെ ഫാഷിസത്തിന്റെയും അധികാര കേന്ദ്രീകരണത്തിന്റെയും ലക്ഷണങ്ങളാണ്. ടീസ്റ്റ സെതല്‍വാദ് എങ്ങനെയാണ് നിശബ്ദമാക്കപ്പെട്ടതെന്ന് നാം കണ്ടു, ശബ്നം ഹാഷ്മി എങ്ങനെയാണ് ആക്രമിക്കപ്പെട്ടതെന്ന് നാം കണ്ടു. അങ്ങനെ ജനതയെ പരീക്ഷണശാലയാക്കുകയാണ് ഈ ഭരണകൂടം ചെയ്യുന്നത്. അതിലേറ്റവും വലിയ പരീക്ഷണം നോട്ടുനിരോധനമായിരുന്നു. നോട്ട് നിരോധനത്തിനുശേഷം പ്രതിപക്ഷ ഭരണപക്ഷ ഭേദമന്യേ എല്ലാവരും പോയി ക്യൂനിന്നപ്പോള്‍ മോഡിക്ക് തോന്നി ഈ നാട് ഭരിക്കുന്നത് അത്ര പ്രയാസമല്ല എന്ന്. ഭരണകൂടത്തിന് ജനങ്ങളില്‍ എത്രത്തോളം ഇടപെടാം എന്നതിന്റെയും ജനങ്ങള്‍ എത്രത്തോളം സഹിക്കും എന്നതിന്റെയും വലിയൊരു പരീക്ഷണമായിരുന്നു അത്. ജനങ്ങള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് നോക്കി ക്രമേണ, ക്രമേണ തങ്ങളുടെ തന്ത്രങ്ങള്‍ നടപ്പിലാക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇങ്ങനെ ഫാഷിസത്തിന്റെയെന്നും അധികാര കേന്ദ്രീകൃത രാഷ്ട്രീയത്തിന്റെയെന്നും പറയാവുന്ന മുഴുവന്‍ ലക്ഷണങ്ങളും തികഞ്ഞ ഭരണകൂടമാണ് നമുക്കുള്ളത്.

നമുക്കെന്ത് ചെയ്യാം?
ഇത്തരം സന്ദര്‍ഭങ്ങളിലെല്ലാം നമുക്കെന്താണ് ചെയ്യാനാവുക എന്ന് ആലോചിച്ചിട്ടുണ്ടോ? ജനങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടത് എന്ന് ഞാന്‍ പറയാം. ഒന്ന്, ജനാധിപത്യത്തിലുള്ള യഥാര്‍ത്ഥമായ വിശ്വാസം. എന്തെന്നാല്‍ ഇവിടെ ഈ വിപ്ലവം നടക്കുന്നത് ജനാധിപത്യം താത്കാലികമായതുകൊണ്ടാണെന്ന് പറയുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. ഞങ്ങളൊരു ദിവസം വിപ്ലവം നടത്തും എന്ന് പറയുന്നവരുമുണ്ട്. എന്നാല്‍ ജനാധിപത്യത്തിനെക്കാള്‍ മികച്ച വ്യവസ്ഥിതി ലോകം കണ്ടുപിടിച്ചിട്ടില്ലെന്ന് മനസിലാക്കുകയും ഈ ജനാധിപത്യം കൂടുതല്‍ സഭ്യമായ ജനാധിപത്യമാവാന്‍ വേണ്ടി, അതില്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍പ്പിക്കാന്‍ വേണ്ടി, പ്രവര്‍ത്തിക്കുകയും ചെയ്യുക. സ്വതന്ത്രമായ തിരഞ്ഞെടുപ്പ്, സ്വതന്ത്രമായ സഞ്ചാരം ഇവയെല്ലാം സാധ്യമാക്കുന്ന ഒരു വ്യവസ്ഥ സൃഷ്ടിക്കുക. ഇപ്പോള്‍ നാം കാണുന്നത് നിയമവ്യവസ്ഥയുടെ തകര്‍ച്ചയാണ്. രാഷ്ട്രീയ ആഴിമതിയുടെ പരിണിതിയാണ്.

രണ്ട്, ചരിത്രം പഠിക്കുക, പഠിപ്പിക്കുക. ചരിത്രമെന്ന് പറഞ്ഞാല്‍ മുഴുവന്‍ ചരിത്രവും പഠിക്കുകയും ഇവ എന്താണ് നമ്മോട് പറയുന്നതെന്ന് മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. മൂന്നാമത്, ലിബറല്‍ സ്ഥാപനങ്ങളെ സംരക്ഷിക്കുക. സ്വതന്ത്ര വിചാരത്തിന്റെ ഇടങ്ങളായ അവയെ സംരക്ഷിച്ചാല്‍ മാത്രമേ സംവാദങ്ങളും വിമര്‍ശനങ്ങളും നടക്കുകയുള്ളൂ. നാലാമതായി ഏകകക്ഷി ഭരണകൂടങ്ങളെ ഒഴിവാക്കുകയും വിമര്‍ശിക്കുകയും ചെയ്യുക. എന്തെന്നാല്‍ ഏകകക്ഷി ഭരണകൂടങ്ങളാണ് ക്രമേണ ഏകാധിപത്യത്തിലേക്ക് നീങ്ങുക. ഇവിടെയാണ് പ്രതിപക്ഷം അനായാസം തുടച്ച് നീക്കപ്പെടുക. അഞ്ചാമത് നാം നടത്തുന്ന ഓരോ തിരഞ്ഞെടുപ്പും ഒരു തരത്തിലുള്ള വോട്ടാണെന്ന് മനസിലാക്കുക. നാം തിരഞ്ഞെടുക്കുന്ന വാക്കുകള്‍, നാം തിരഞ്ഞെടുക്കുന്ന പ്രതീകങ്ങള്‍, നമ്മുടെ ചേഷ്ടകള്‍, നമ്മുടെ പ്രവൃത്തികള്‍ എല്ലാം ഒരര്‍ത്ഥത്തില്‍ നാം നല്‍കുന്ന ഒരു വോട്ടാണ്. ആ രീതിയില്‍ തന്നെ അതിനെ സമീപിക്കേണ്ടതുണ്ട്.

ആറാമത് ജോലിയുടെ സദാചാരം സംരക്ഷിക്കുക. നാസി കാലഘട്ടത്തെക്കുറിച്ചും ഫാഷിസ്റ്റ് കാലഘട്ടത്തെക്കുറിച്ചും പഠിച്ച പ്രധാനികള്‍ പറഞ്ഞിട്ടുള്ളത് അക്കാലത്ത് അധ്യാപകരും ശാസ്ത്രജ്ഞന്മാരും മറ്റും ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയിരുന്നില്ല എങ്കില്‍ ഒരുപക്ഷേ ഭരണാധികാരികള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകുമായിരുന്നില്ല എന്നാണ്. തന്റെ അടിസ്ഥാന ധര്‍മം സത്യം പറയലും പ്രചരിപ്പിക്കലുമാണെന്ന് അധ്യാപകര്‍ തിരിച്ചറിഞ്ഞെങ്കില്‍, ശാസ്ത്രജ്ഞര്‍ ഇവര്‍ക്കുവേണ്ടി ജനങ്ങളെ കൊല്ലാനുള്ള രാസവസ്തുക്കള്‍ ഉദ്പാദിപ്പിക്കാന്‍ തയാറായില്ലായിരുന്നെങ്കില്‍, കോടതി വിചാരണയില്ലാത്ത കൊലകള്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അത്ര എളുപ്പമാകുമായിരുന്നില്ല ഫാഷിസ്റ്റുകളുടെയും നാസികളുടെയും ഭരണം.

ഏഴാമത് ഉപസൈന്യങ്ങളെ സൂക്ഷിക്കുക എന്നതാണ്. ഫാഷിസ്റ്റ് സഖ്യങ്ങള്‍ എപ്പോഴും വളര്‍ന്നുവന്നിട്ടുള്ളത് നേരിട്ടുള്ള സൈന്യത്തെ ഉപയോഗിച്ചല്ല; ബദല്‍ സൈന്യങ്ങളെ ഉപയോഗിച്ചാണ്. അവരുടെ മുദ്രാവാക്യങ്ങളില്‍ പെട്ടുപോവാതിരിക്കുക, പരസ്പര വിരുദ്ധമായ വാഗ്ദാനങ്ങളെ മനസിലാക്കുക, അന്ധമായ വ്യക്ത്യാരാധനകളില്‍നിന്ന് മുക്തമായി സ്വതന്ത്രമായി വിമര്‍ശിക്കാനുള്ള ത്രാണി നേടുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്.
എട്ടാമതായി പരിചയമില്ലാത്ത ജനങ്ങളോട് സംസാരിക്കാന്‍ വേണ്ടി ഒന്നിക്കുകയും അണിചേരുകയും ചെയ്യുക എന്നതാണ്. സുരക്ഷിത സ്ഥാനങ്ങള്‍ക്ക് പകരം പുറത്ത് പോയി ധീരമായി സംസാരിക്കാന്‍ തയാറാവുമ്പോഴാണ് അര്‍ത്ഥവത്തായ ജനകീയ സംവാദം സാധ്യമാകുന്നത്. ഒമ്പത്, ഇന്ത്യയുടെ മതസൗഹാര്‍ദം ഉയര്‍ത്തിപ്പിടിക്കുക, പത്താമതായി സൊസൈറ്റി സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍ എന്നിവയെ മുഖവിലക്കെടുക്കുക. ഓരോ ചെറിയ അസ്വാതന്ത്ര്യത്തെയും ഒന്നിച്ച് ചെറുക്കുക. ദേശീയവാദിക്കു പകരം ദേശസ്നേഹിയാവുക. അവസാനമായി എല്ലാ പ്രതിപക്ഷക്കാരും വിമതരും ഐക്യപ്പെടുക. വളരെ ബുദ്ധിമുട്ടുള്ളതാണെങ്കിലും ഫാഷിസമെന്ന പൊതുശത്രുവിനെ നേരിടാന്‍ എല്ലാ പരിമിതകളുമൊഴിവാക്കി പ്രതിപക്ഷ നിര ഒന്നിച്ചേ മതിയാവൂ. ഇവയെല്ലാം അനുവര്‍ത്തിച്ചെങ്കില്‍ മാത്രമേ നമുക്ക് നമ്മുടെ സംസ്‌കാരത്തെയും നമ്മുടെ ദേശത്തെയും തിരിച്ചുപിടിക്കാനാവൂ എന്ന് എനിക്ക് തീര്‍ച്ചയാണ്.

സച്ചിദാനന്ദന്‍

You must be logged in to post a comment Login