സദാചാരത്തെ കൊന്ന് വ്യക്തിസ്വാതന്ത്ര്യം വാഴുമ്പോള്‍

സദാചാരത്തെ കൊന്ന് വ്യക്തിസ്വാതന്ത്ര്യം വാഴുമ്പോള്‍

മനുഷ്യകുലത്തെ സന്മാര്‍ഗം പഠിപ്പിച്ചത് ദൈവപ്രോക്ത മതങ്ങളാണ്. വിധിവിലക്കുകളിലൂടെ മനുഷ്യരെ സദാചാരനിഷ്ഠമായ ജീവിത ശൈലിക്ക് വിധേയമാക്കിയപ്പോഴാണ് കുടുംബവും സമൂഹവും വളര്‍ന്നു വികസിച്ച് നാഗരികതകള്‍ രൂപംകൊണ്ടത്. പ്രകൃതിയുടെ സൃഷ്ടിപ്പില്‍ തന്നെ സദാചാരമൂല്യങ്ങളാല്‍ സന്തുലനമായ ഒരു ജീവിതവ്യവസ്ഥയുണ്ട്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ലാളിച്ചുവളര്‍ത്തുന്നതും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്‌നേഹിച്ച് ജീവിതം മുന്നോട്ടുനയിക്കുന്നതും പ്രകൃതിയില്‍ നിന്ന് ആവാഹിച്ചെടുത്ത ഒരു ചോദനയില്‍നിന്നാണ്. സ്ത്രീയും പുരുഷനും ശാരീരികമായി ബന്ധപ്പെടുമ്പോഴാണ് സന്താനങ്ങളുണ്ടാവുന്നത്. അതിനു പകരം സ്ത്രീയും സ്ത്രീയും അല്ലെങ്കില്‍ പുരുഷനും പുരുഷനും തമ്മില്‍ സംസര്‍ഗത്തിലേര്‍പ്പെടുന്നത് കൊണ്ട് ക്രിയാത്മകമായി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പ്രകൃതിവിരുദ്ധമായ ചെയ്തിയില്‍ ഏര്‍പ്പെടുമ്പോള്‍ കിട്ടുന്ന ആനന്ദവും സന്തോഷവും ഇന്നേവരെ മനുഷ്യകുലം അംഗീകരിച്ചിട്ടില്ല. സാമൂഹിക സദാചാരബോധമാണ് മനുഷ്യജന്മങ്ങളെ സാര്‍ത്ഥകമാക്കുന്നത്. കാലാതീതവും സാര്‍വത്രികവുമായ ചില മൂല്യവിചാരങ്ങളാണ് മനുഷ്യരെ സദാചാരപാതയില്‍ പിടിച്ചുനിറുത്തുന്നത്. അത്തരം മൂല്യങ്ങളെ ആധുനികതയുടെ പേരില്‍, അല്ലെങ്കില്‍ ജനാധിപത്യാവകാശങ്ങളുടെ പേരില്‍, അതുമല്ല, ഭരണഘടന വിഭാവന ചെയ്യുന്ന മൗലികാവകാശങ്ങള്‍ വ്യാഖ്യാനിച്ച് തിരുത്തി എഴുതാനോ തള്ളിപ്പറയാനോ ഒരുമ്പെടുമ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിയുക തന്നെ ചെയ്യും. മക്കളുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെടുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം ഇന്ന് അചിന്തനീയമാണ്. എന്നാല്‍, ഏതെങ്കിലും മനോവൈകൃതമുള്ള സ്ത്രീക്ക് അല്ലെങ്കില്‍ പുരുഷന് അത്തരമൊരു ബന്ധത്തിന് തോന്നിയാല്‍ അത് അവെന്റ/അവളുടെ ജനാധിപത്യാവകാശമാണെന്ന് പറഞ്ഞ് വകവെച്ചുകൊടുത്താലുള്ള അവസ്ഥ ഒന്നൂഹിച്ചുനോക്കൂ! ഇതു തന്നെയാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കികൊണ്ട് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് പുറപ്പെടുവിച്ച വിധിയെ ചരിത്രപ്രധാനമാക്കുന്നത്. പുരുഷനും പുരുഷനും തമ്മില്‍, അതുപോലെ സ്ത്രീയും സ്ത്രീയും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പ് അനുസരിച്ച് ഇതുവരെ ജീവപര്യന്തമോ പത്തു വര്‍ഷം കഠിന തടവോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെങ്കില്‍, സുപ്രീംകോടതി വിധിയോടെ പ്രകൃതിവിരുദ്ധ ലൈംഗികാസ്വാദനം ‘ഹലാലായി’ മാറിയിരിക്കുന്നു. 158വര്‍ഷം മുമ്പ് മെക്കാളെ പ്രഭു കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഈ വകുപ്പില്‍ തകരാറ് കണ്ടുപിടിക്കപ്പെട്ടത് ആഗോളവത്കരണത്തിലൂടെ പടിഞ്ഞാറന്‍ ജീവിതമൂല്യങ്ങള്‍ നമ്മുടെ ചിന്തയിലേക്കും കോടതികളുടെ കാഴ്ചപ്പാടുകളിലേക്കും അരിച്ചുകയറിയതിന്റെ ഫലമാണെന്നേ പറയാനാവൂ. വിക്ടേറിയന്‍ കാലഘട്ടത്തിലെ കൊളോണിയല്‍ കാഴ്ചപ്പാടാണ് സ്വവര്‍ഗരതിയെ ശിക്ഷാര്‍ഹമാക്കിയതെന്ന വാദം തന്നെ നിരര്‍ത്ഥകമാണ്. മനുഷ്യകുലത്തിന്റെ പിറവി തൊട്ട് പ്രകൃതിവിരുദ്ധ ലൈംഗികബന്ധമായി ഗണിക്കപ്പെട്ട തിന്മകളെയാണ് 377ാം വകുപ്പ് കുറ്റകൃത്യമായി ഇതുവരെ കണ്ടത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 377ാം വകുപ്പ് പറയുന്നതിങ്ങനെ: ” Whoever voluntarily has carnal intercourse against the order of the nature with any man, woman, or animal shall be punished with imprisonment for life or with imprisonment of either descritption for a term which can be extend to ten years, and shall also be liable to fine ” ‘പ്രകൃതിയുടെ ക്രമീകരണത്തിന് വിരുദ്ധമായുള്ള മ്ലേച്ഛ ലൈംഗികബന്ധ’ത്തെയാണ് ഈ വകുപ്പ് ശിക്ഷാര്‍ഹമാണെന്ന് ഓര്‍മപ്പെടുത്തുന്നത്. സ്വവര്‍ഗരതിയും മൃഗരതിയും മനുഷ്യകുലം എക്കാലത്തും വെറുത്തിരുന്നു. പ്രകൃതിയുടെ താളലയങ്ങള്‍ക്ക് എതിരാണത് എന്ന് മാത്രമല്ല ശാരീരികവും സാമൂഹികവും മാനസികവുമായ ഒട്ടനവധി ദൂഷ്യഫലങ്ങള്‍ അത് ഉളവാക്കുമെന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞതാണ്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ മാത്രമല്ല അവയുമായുള്ള രതിക്രീഡകള്‍ വിലക്കിയത്. സ്ത്രീപുരുഷ ബന്ധത്തിന്റെ ആത്യന്തിക ലക്ഷ്യം സന്താനോല്‍പാദനമാണ്. ആസ്വാദനം അതിനോടനുബന്ധിച്ചുള്ള ആനന്ദലബ്ധിയാണ്. എല്ലാ സദാചാരചിന്തകളും അത് അംഗീകരിക്കുന്നു എന്ന് മാത്രമല്ല,പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആണും ആണും തമ്മിലോ ആണും മൃഗവും തമ്മിലോ ഇണചേര്‍ന്നാല്‍ ആ കൃത്യത്തിലേര്‍പ്പെടുന്നവന് രതിമൂര്‍ച്ഛ ലഭിച്ചേക്കാമെങ്കിലും മറ്റൊന്നും നേടാനില്ല. എന്നല്ല, ഒട്ടനവധി ദൂഷ്യങ്ങള്‍ക്ക് അത് കാരണമാവുന്നുണ്ട്. അതുകൊണ്ടാണ് നിയമം വഴി വിലക്ക്. ആ വിലക്ക് തന്നെയാണ് സ്വവര്‍ഗരതിയുടെ കാര്യത്തിലും ഇതുവരെ നിലനിന്നുപോന്നത്.
സ്വവര്‍ഗാനുരാഗികളുടെ മുന്നില്‍ സ്വാതന്ത്ര്യത്തിന്റെ കവാടം തുറന്നുവെക്കുന്നതോടെ അരങ്ങുതകര്‍ക്കാന്‍ പോകുന്ന ലൈംഗിക അരാജകത്വത്തിന്റെ മലവെള്ളപ്പാച്ചില്‍ ഏതെങ്കിലും നിയമത്തിനോ ഭരണാധികാരിക്കോ തടുത്തുനിറുത്താന്‍ സാധ്യമാവാത്തവിധം ഭയാനാകമാകുമെന്നതിന് പടിഞ്ഞാറന്‍ സമൂഹത്തിന്റെ ജീവിതാനുഭവങ്ങള്‍ പാഠമായുണ്ട്. അതുകൊണ്ടുതന്നെയാണ് എല്ലാ മതസംഹിതകളും മനുഷ്യകുലത്തിന്റെ നന്മക്കായി പ്രചോദിപ്പിച്ചവരും ലൈംഗിക വൈകൃതം മനോവൈകൃതത്തിന്റെ സൃഷ്ടിയായി കണ്ട് ചികിത്സിച്ചു മാറ്റണമെന്ന് അനുശാസിച്ചത്. അല്ലാതെ, നിന്ദ്യവും നീചവുമായ സ്വഭാവവൈകൃതത്തിനു സമൂഹവും നിയമവും നീതിപീഠവും കൂട്ടുനില്‍ക്കാന്‍ തയാറായാല്‍ അത് അംഗീകൃത ലൈംഗിക രീതിയായി ഉയര്‍ത്തപ്പെടുകയും പുരുഷസ്ത്രീബന്ധത്തിന്റെ പാവനത പിച്ചിച്ചീന്തപ്പെടുകയും ചെയ്യും. സദൂം ജനസമൂഹം സ്വവര്‍ഗരതിയില്‍ മുങ്ങിയപ്പോള്‍ ദൈവദൂതനായി ലൂത്തിനെ മുന്നറിയിപ്പുമായി അയച്ചതും ആ ജനത ദുര്‍മാര്‍ഗത്തില്‍നിന്ന് പിന്മാറാന്‍ തയാറാവാതെ വന്നപ്പോള്‍ ദൈവം ശിക്ഷ നല്‍കിയതും’ഉല്‍പത്തി’ പുസ്തകത്തിലും (Genesis 19ാം അധ്യായം ) വിശുദ്ധ ഖുര്‍ആനിലും (26:165,166, 27:55, 7:81 ) വിശദമാക്കുന്നുണ്ട്. സദൂം (Sodom), ഗുമുര്‍റ ( Gomorrah) എന്നീ രണ്ടു പട്ടണങ്ങളിലായിരുന്നു സ്വവര്‍ഗരതിക്കാര്‍ അഴിഞ്ഞാടിയത്. രണ്ടു മാലാഖമാര്‍ യുവാക്കളുടെ വേഷത്തില്‍ സദൂമില്‍ അതിഥികളായി എത്തിയപ്പോള്‍ അവരെ കൂട്ടബലത്സംഗം ചെയ്യാന്‍ അവര്‍ താമസിച്ച വീട് തദ്ദേശവാസികള്‍ വളഞ്ഞതും ദൈവശിക്ഷ ആഗതമായിരിക്കയാണെന്നും സദ്ജനങ്ങളായ വിശ്വാസികളോടൊപ്പം പട്ടണത്തില്‍നിന്ന് രക്ഷപ്പെടണമെന്ന് ലൂത്തിനോട് മാലാഖമാര്‍ ആജ്ഞാപിച്ചതുമെല്ലാം വേദഗ്രന്ഥങ്ങളില്‍ വായിച്ചെടുക്കാനാവും. ആകാശത്തുനിന്ന് ചുട്ടുപൊള്ളുന്ന ഗന്ധകം (സള്‍ഫര്‍)) മഴയായി വര്‍ഷിച്ചതും ആ ജനത വെന്തുനീറി കൂട്ടമരണത്തിലേക്ക് വലിച്ചെറിയപ്പെട്ടതുമെല്ലാം ഇന്നും ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുണ്ട്. ദൈവം അതിമ്ലേച്ഛമായി കണ്ട ദുഷ്‌കൃത്യത്തിലേര്‍പ്പെട്ടപ്പോള്‍ ആ ജനതയെ ഒന്നടങ്കം കൊന്നൊടുക്കി എന്ന് മാത്രമല്ല, ഭൂമി അടിമേല്‍ മറിച്ചിട്ടു. ഇന്നും മനുഷ്യവാസമില്ലാത്ത, ഒരു പുല്‍ക്കൊടി പോലും മുളക്കാത്ത, പക്ഷികള്‍ പോലും മുകളിലുടെ പറക്കാത്ത ശപിക്കപ്പെട്ട ഭൂപ്രദേശമായി സദൂം പട്ടണം നമ്മുടെ മുന്നില്‍ കിടക്കുമ്പോള്‍, അഞ്ച് ജഡ്ജിമാര്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല എന്ന് വിധിച്ചാല്‍, ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ക്ക് അതുള്‍ക്കൊള്ളാന്‍ സാധിക്കില്ലെന്നുറപ്പാണ്.

സാമൂഹിക സദാചാരവും ഭരണഘടനാ സദാചാരവും
മാനവകുലം ചിന്താപരമായി പല ദശകളും പിന്നിടുമ്പോള്‍ സദാചാര, സാന്മാര്‍ഗിക കാഴ്ചപ്പാടുകള്‍ മാറിക്കൊണ്ടിരിക്കും എന്നതിന്റെ സമര്‍ത്ഥനമാണ് ലൈംഗികന്യൂനപക്ഷത്തെ കുറിച്ചുള്ള ആധുനിക കാഴ്ചപ്പാട്. നാനാവിധത്തിലുള്ള ലൈംഗിക വൈകൃതങ്ങളെ താലോലിക്കുന്നവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് ഘഏആഠഝ എന്നത്. (Lesbian, Gay, Bisexual,Transgender and Queer ). പരമ്പരാഗത ലൈംഗിക അഭിനിവേശങ്ങളില്‍നിന്ന് കുതിറിമാറി സഞ്ചരിക്കുന്നവരാണിവര്‍. സ്വവര്‍ഗാനുരാഗികളാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. ഇവരെ ലൈംഗിക ന്യൂനപക്ഷം എന്ന ഗണത്തില്‍പ്പെടുത്തി, അവരുടെ ജനാധിപത്യാവകാശങ്ങള്‍ ഊട്ടിയുറപ്പിച്ചിരിക്കയാണ് പരമോന്നത നീതീപീഠം. 2013ല്‍ ഈ വിഷയം ജസ്റ്റിസ് സിംഗ്‌വിയുടെയും എസ്.ജെ മുഖോപാധ്യായയുടെയും പരിഗണനക്ക് വന്നപ്പോള്‍ പ്രകൃതിവിരുദ്ധ ലൈംഗികത ശിക്ഷാര്‍ഹമാക്കുന്ന 377ാം വകുപ്പ് നിലനിര്‍ത്തുകയാണ് ചെയ്തത്. 2009ല്‍ ഡല്‍ഹി ഹൈക്കോടതിയാണ് ആദ്യമായി 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന വിധിയിലൂടെ പണ്ടോരയുടെ പെട്ടി തുറന്നിട്ടത്. തല്‍ക്കാലത്തേക്ക് അടച്ചെങ്കിലും അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ മുന്നിലെത്തിയപ്പോള്‍ ഇന്ത്യയെ ആധുനികതയിലേക്ക് ആനയിക്കാന്‍ ന്യായാധിപസംഘം നവംനവങ്ങളായ കുറെ സിദ്ധാന്തങ്ങള്‍ കരുപ്പിടിപ്പിക്കുന്നതാണ് കണ്ടത്. 495പുറങ്ങള്‍ വരുന്ന നാല് വിധിന്യായങ്ങളാണ് പരമോന്നത നീതിപീഠം ഈ വിഷയത്തില്‍ ഇറക്കിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജര്‍മന്‍ ചിന്തകന്‍ ഗെയ്‌ഥെയുടെ വരികള്‍ ഉദ്ധരിച്ചാണ് തന്റെ നിലപാട് ബലപ്പെടുത്തിയത്. ഗെയ്‌ഥെ പറഞ്ഞത്രെ: I am what I am, so take me as I am -ഞാന്‍ എന്താണോ അതാണ് ഞാന്‍. എന്നെ ഞാനായി പരിഗണിക്കുക”. അഞ്ചംഗ ബെഞ്ചിലുണ്ടായിരുന്ന ഏക വനിത, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് പറഞ്ഞത്, ലൈംഗിക ന്യൂനപക്ഷത്തോടും അവരുടെ കുടുംബത്തോടും നാമിതുവരെ കാണിച്ച അവജ്ഞക്കും അവഗണനക്കും ചരിത്രം നമ്മോട് ക്ഷമാപണം ആവശ്യപ്പെടുന്നുണ്ടെന്നാണ്. സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ക്കും മാന്യമായി ജീവിക്കാനുള്ള മൗലികാവകാശമുണ്ടെന്നും സമൂഹം അവരെ മനുഷ്യന്മാരായി കണ്ട് ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാന് പറയാനുണ്ടായിരുന്നത്. രോഗമല്ലാത്ത ഒന്നിനെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ ശ്രമിക്കുക വഴി സ്വവര്‍ഗരതിക്കാരെ മുദ്രകുത്തി മാറ്റിനിറുത്തുന്നതില്‍ കക്ഷി ചേരുന്നത് മെഡിക്കല്‍ സയന്‍സ് നിറുത്തണമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഓര്‍മപ്പെടുത്തിയത്.
മതന്യൂനപക്ഷം, ഭാഷാന്യൂനപക്ഷം, വംശീയ ന്യൂനപക്ഷം തുടങ്ങിയ പദാവലികളോട് സമീകരിച്ചുകൊണ്ട് ലൈംഗികന്യൂനപക്ഷം എന്ന് വിളിച്ച് പ്രകൃതിവിരുദ്ധ ചെയ്തികളിലേര്‍പ്പെടുന്നവരുടെ പദവി ഉയര്‍ത്തുന്നതിനാണ് സുപ്രീംകോടതി തുനിഞ്ഞിരിക്കുന്നത്. ഒരു ന്യൂനപക്ഷത്തിന്റെ ലൈംഗിക അഭിനിവേശങ്ങളെ ക്രിമിനവത്കരിക്കാന്‍ ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടിന് അവകാശമില്ല എന്ന തരത്തിലാണ് സുപ്രീംകോടതി 377ാം വകുപ്പിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. ഭരണഘടനാധിഷ്ഠിത സദാചാരവും സമൂഹത്തിന്റെ സദാചാരവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ഭരണഘടനയാണ് വിജയിക്കേണ്ടത് എന്ന വീക്ഷണത്തിലൂന്നിയാണ് ഇതുവരെ ക്രിമിനല്‍ കുറ്റമായി കണ്ട സ്വവര്‍ഗരതിയെ ന്യൂനപക്ഷത്തിന്റെ മൗലികാവകാശമായി ഉയര്‍ത്തിപ്പിടിക്കുന്നത്. സാമൂഹിക സദാചാരം യാഥാസ്ഥിതികമാണെന്നതിനാല്‍ കാലഹരണപ്പെടാന്‍ സാധ്യതയുണ്ടെന്ന അപകടകരമായ ഒരു കാഴ്ചപ്പാടിന്റെ പുറത്താണ്, ഭരണഘടന ചലനാത്മകമായ ജൈവിക രേഖയാണെന്നും പുതിയ കാലത്തിനൊത്ത് അതിനെ വായിക്കേണ്ടതുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. ജനാധിപത്യം എല്ലാ വീക്ഷണങ്ങളെയും അഭിപ്രായങ്ങളെയും ഉള്‍ക്കൊള്ളിക്കുന്നത് കൊണ്ട് ലൈംഗിക ന്യൂനപക്ഷത്തിന്റെ ആശയാഭിലാഷങ്ങള്‍ക്കും ഇടമുണ്ട് എന്ന വാദമാണ് ഇക്കൂട്ടരില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. ഇത്തരം വാദങ്ങള്‍ എവിടെ കൊണ്ടെത്തിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. ജനാധിപത്യത്തില്‍ ഓരോ വ്യക്തിയുടെയും വോട്ടും ശബ്ദവും വിലപ്പെട്ടതാണെന്ന് സമ്മതിക്കാമെങ്കിലും വ്യക്തിയുടെ ഇച്ഛകള്‍ക്കൊത്ത് നിയമം വ്യാഖ്യാനിക്കാന്‍ തുടങ്ങിയാല്‍ സകല സാമൂഹിക സ്ഥാപനങ്ങളും സംവിധാനങ്ങളും അട്ടിമറിക്കപ്പെടുമെന്നുറപ്പാണ്. സുപ്രീംകോടതി വിധി തുറന്നിട്ട വാതിലുകള്‍ മനോരോഗികള്‍ക്കും പുരുഷ /സ്ത്രീ വിദ്വേഷികള്‍ക്കും ലൈംഗികവൈകൃതങ്ങളില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്കും അത് തൊഴിലായി സ്വീകരിച്ചവര്‍ക്കും മുന്നില്‍ അപാര സാധ്യതകളാണ് തുറന്നിടുന്നത്. സനാതന മുല്യങ്ങളോട് വിപ്രതിപത്തി കാണിക്കുന്ന അരാജകത്വവാദികള്‍ക്കും സന്ദേഹവാദികള്‍ക്കും ദൈവനിഷേധികള്‍ക്കും പുതിയ സാഹചര്യം ആനന്ദത്തില്‍ തിമിര്‍ത്താടാന്‍ നല്ല അവസരമാണ് ഒരുക്കിക്കൊടുക്കുന്നത്. ഒരു കാര്യം മാത്രം വിധിയെ പ്രകീര്‍ത്തിക്കുന്നവര്‍ മറന്നുകളഞ്ഞു; മനുഷ്യകുലത്തിന്റെ നിലനില്‍പിന് ആധാരമായ കുടുംബ, സമൂഹ സംവിധാനങ്ങളെ അട്ടിമറിക്കുന്ന വിപത്കരമായ ഒരു സ്ഥിതിവിശേഷത്തിലേക്ക് മനുഷ്യകുലത്തെ തള്ളിവിട്ടാണ് സ്വവര്‍ഗരതിയുടെ വാതില്‍ ജഡ്ജിമാര്‍ തുറന്നിട്ടിരിക്കുന്നത്. വിധി കേട്ടപ്പോള്‍ നമ്മുടെ മാധ്യമങ്ങള്‍ ആഹ്ലാദാതിരേകത്താല്‍ തുള്ളിച്ചാടി ‘രണ്ടാം സ്വാതന്ത്ര്യദിനം’ ( Independence Day -II ) എന്നാണ് ടൈംസ് ഓഫ് ഇന്ത്യ വിധി കേട്ട ദിവസത്തെ വിശേഷിപ്പിച്ചത്. ‘ഒടുവില്‍ അവകാശങ്ങളുടെ മഴവില്ല്’ ( Rights Rainbow At Last) എന്ന ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ മുഖശീര്‍ഷകം. സ്വവര്‍ഗാനുരാഗികള്‍ക്ക് വകവെച്ചുകിട്ടിയ അവകാശത്തിന്റെ ശോഭ നമ്മുടെ രാജ്യത്ത് പുതിയ വര്‍ണരാശികള്‍ വിരിയിക്കുകയാണെന്ന് വിളിച്ചുപറയുന്നു.

പോരാട്ടം അവസാനിക്കുന്നില്ലത്രെ
സ്വവര്‍ഗരതി കുറ്റമുക്തമാക്കുന്നതില്‍ (Decriminalise) വിജയിച്ചതോടെ, അടുത്ത ഘട്ടം സ്വവര്‍ഗാനുരാഗികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ക്കായുള്ള പോരാട്ടമായിരിക്കുമെന്ന് വ്യക്തമാക്കപ്പെട്ടുകഴിഞ്ഞു. പടിഞ്ഞാറന്‍ സമൂഹത്തില്‍ കഴിഞ്ഞ കാല്‍നുറ്റാണ്ടിനിടയില്‍ ഈ ദിശയില്‍ സംഭവിച്ചതെല്ലാം അതേപടി ആവര്‍ത്തിക്കപ്പെടാന്‍ പോവുകയാണ് നമ്മുടെ നാട്ടില്‍. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം, കുട്ടികളെ ദത്തെടുക്കല്‍, സ്വത്തവകാശം, ആരോഗ്യ സംര ക്ഷണം, തൊഴില്‍ വിദ്യാഭ്യാസമേഖലകളില്‍ നേരിടുന്ന വിവേചനത്തില്‍നിന്നുള്ള മോചനം തുടങ്ങി ഒട്ടനവധി ആവശ്യങ്ങള്‍ ഇതിനകം ഉയര്‍ത്തിക്കഴിഞ്ഞു. അവ പ്രാപ്തമാക്കാന്‍ ഭരണഘടനയോ നിയമങ്ങളോ ഭേദഗതി ചെയ്യുകയാണ് സര്‍ക്കാരിന്റെ മുന്നിലെ ബാധ്യത. സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹത്തിനു സാധുത നല്‍കാന്‍ യൂറോപ്പിലെയും അമേരിക്കയിലെയും ‘പുരോഗമന സമൂഹം’ അടുത്ത കാലത്താണ് എണ്ണമറ്റ നിയമഭേദഗതികള്‍ കൊണ്ടുവന്നത്. തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോവില്‍ മുഖ്യ ഇനമായി പോലും ഇത്തരം വിഷയങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആദ്യമാദ്യം ക്രൈസ്തവസഭകള്‍ എതിരായിരുന്നുവെങ്കിലും കാലത്തിനൊത്ത് നൈതികമൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അവരും തയാറായപ്പോള്‍, തനി യാഥാസ്ഥിതിക മൂല്യങ്ങള്‍ കൊണ്ടുനടക്കുന്ന രാജ്യങ്ങളില്‍ പോലും സ്വവര്‍ഗാനുരാഗികള്‍ തമ്മിലുള്ള വിവാഹം നിത്യസംഭവമായി. അത് സൃഷ്ടിച്ച സാമൂഹിക അരാജകത്വവും വിഷാദരോഗവും കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അവകാശം വകവെച്ചുകൊടുക്കാന്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ നിര്‍ബന്ധിക്കപ്പെട്ടു. തന്റെ പുരുഷ ഇണക്ക് പുരുഷനായ ഭര്‍ത്താവ് സ്വത്തിന്റെ ഒരു ഓഹരി നല്‍കാന്‍ നിയമത്തില്‍ പഴുത് കണ്ടുപിടിക്കാനും നിര്‍ബന്ധിതരായി. ഇന്ത്യയുടെ പുതിയ രാഷ്ട്രീയസാമൂഹിക പശ്ചാത്തലത്തില്‍ എന്തെല്ലാം മാറ്റങ്ങളാണ് പൊട്ടിവിതറാന്‍ പോകുന്നതെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. കാരണം, രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് ഈ വിഷയത്തില്‍ സ്വന്തമായി ഒരു അഭിപ്രായം ഇല്ല എന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ എടുത്ത നിലപാടില്‍നിന്ന് മനസിലായത്. കോടതിക്ക് യുക്തമായ തീരുമാനമെടുക്കാം എന്നാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത സ്വീകരിച്ച നിലപാട്. സ്വവര്‍ഗാനുരാഗത്തോട് ആര്‍.എസ്.എസ് യോജിക്കുന്നില്ലത്രെ. എന്നാല്‍ അത്തരം ബന്ധങ്ങളെ ക്രിമിനല്‍ കുറ്റമായി കാണാനും ‘ആര്‍ഷഭാരത’ സംസ്‌കൃതിയുടെ മൊത്ത കച്ചവടക്കാര്‍ തയാറല്ല. ഈ വിഷയത്തില്‍ അമിതാവേശം കാണിച്ചത് കോണ്‍ഗ്രസ് എം.പി ശശി തരൂരാണ്. പാശ്ചാത്യലോകത്ത് യു.എന്‍ അധിപന്മാരിലൊരാളായി വിലസി നടന്ന കാലത്ത് കണ്ടുപരിചയിച്ച സ്വവര്‍ഗാനുരാഗികളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാവണം ആ വിഭാഗത്തിനു വേണ്ടി ഒരു സ്വകാര്യബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്നപ്പോള്‍ ബി.ജെ.പിയടക്കമുള്ള അംഗങ്ങള്‍ എതിര്‍ത്തുതോല്‍പിക്കുകയാണുണ്ടായത്. ഇടതുപാര്‍ട്ടികളാവട്ടെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ ചക്രവാളം വികസിച്ചുയര്‍ന്നതിന്റെ അത്യാഹ്ലാദത്തിലാണിപ്പോള്‍.

ആഗോളവത്കരണം സമ്പത്തിന്റെയും ആശയങ്ങളുടെയും പകര്‍ന്നാട്ടം മാത്രമല്ല, ജീര്‍ണതകളുടെ കുത്തൊഴുക്കു കൂടിയാണെന്ന് സമര്‍ത്ഥിക്കുന്നതാണ് ഇതുവരെ പടിഞ്ഞാറന്‍ സമൂഹം സ്വന്തമാക്കിവെച്ച രതിവൈകൃതങ്ങളെ വാരിപ്പുണരാനുള്ള ഇറങ്ങിപ്പുറപ്പാട്. ഈ വിധിയോടെ ഇന്ത്യ ‘മഹത്തായ പരിവര്‍ത്തനങ്ങള്‍ക്ക്’ നാന്ദികുറിച്ചിരിക്കയാണത്രെ. സാമൂഹിക സദാചാരം എന്താണെന്ന് ഇനി നിശ്ചയിക്കുന്നത്, പാര്‍ലമെന്റോ സര്‍ക്കാരോ മറ്റോ ആയിരിക്കില്ല. ഭരണഘടന വ്യാഖ്യാനിച്ച് ന്യായാസനമായിരിക്കും ഹലാലും ഹറാമും ഇനി നിര്‍ണയിക്കുക. പിതാവിന്റെ കൂടെ ശയിക്കുന്നതില്‍നിന്ന് പുത്രിയെ തടയുന്നത് അവളുടെ പൗരാവകാശത്തിന്മേലുള്ള കൈകടത്തലാവും എന്ന് വിധിവന്നാല്‍ കേട്ടിരിക്കാനേ നിര്‍വാഹമുള്ളൂ. ‘മഹത്തായ മാറ്റങ്ങള്‍’ വരുന്ന വഴി നോക്കണേ.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login