ബഹിഷ്‌കൃതരുടെ രേഖാചരിത്രം

ബഹിഷ്‌കൃതരുടെ രേഖാചരിത്രം

‘ഒരു ദിവസം ഉറക്കത്തില്‍ നിങ്ങളെ വിളിച്ചുണര്‍ത്തി ഇന്ത്യക്കാരിയാണെന്ന് തെളിയിക്കാന്‍ പറഞ്ഞാല്‍ സഹോദരി എന്തു ചെയ്യും?’ അസീസിന്റെ ശബ്ദം ഉയര്‍ന്നു.
പെട്ടെന്ന് അരവാതിലിന്റെ അപ്പുറത്ത് നിന്ന് അസംഖ്യം കാലുകള്‍ ശബ്ദിക്കുന്നത് അസീസ് കേട്ടു. പ്രമീളയുടെ മുറിയുടെ മുന്നില്‍ കൂട്ടംകൂടി കുറേപേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ മുഖങ്ങളിലൂടെ അരിശം ഒരു കാര്‍മേഘത്തെ പോലെ കടന്നുപോകുന്നതും അസീസ് കണ്ടു.
‘ഞാനെന്റെ പേരു പറയും. അത്ര തന്നെ. എന്റെ ചരിത്രവും ഭൂമിശാസ്ത്രവും എന്റെ പേരു തന്നെയാണ്. പ്രമീള ഗോഖലെ. മഹാരാഷ്ട്ര ഹിന്ദു. ചിത്പവന്‍ ബ്രാഹ്മണന്‍; മനസിലായായോ?’ ഇത് പറയുമ്പോഴും പ്രമീള കാമുകിയെ പോലെ സ്വകാര്യം പറയുകയായിരുന്നു. അവരുടെ ഉയര്‍ത്താത്ത ശബ്ദം അസീസിനെ പേടിപ്പിച്ചു.
‘മുംബൈ’യിലെ അസീസിന്റെ പേടി അന്ന് മലയാളികളെ അത്രയ്‌ക്കൊന്നും അലോസരപ്പെടുത്തിയിരുന്നില്ല. 1994ല്‍ എന്‍. എസ്. മാധവന്‍ ഈ കഥയെഴുതുമ്പോള്‍ സ്വന്തം നാട്ടില്‍ സ്വന്തം പൗരത്വം തെളിയിക്കാന്‍ നിര്‍ബന്ധിതനാക്കപ്പെടുന്നവന്റെ നിസ്സഹായാവസ്ഥ പശ്ചിമഘട്ടത്തിന്റെ സുരക്ഷിത വലയത്തിനുള്ളില്‍ കിടക്കുന്ന ശരാശരി മലയാളിക്ക് അത്രയെളുപ്പം മനസ്സിലാകുമായിരുന്നില്ല. തൊഴിലുതേടിയെത്തിയ ബംഗാളികളെ നിത്യവും കണ്ടുമുട്ടുന്ന ഇന്നത്തെ മലയാളിക്കു പക്ഷേ, എന്‍.എസ്. മാധവന്റെ അസീസ് നേരിട്ട പ്രതിസന്ധി കുറേക്കൂടി ഉള്‍കൊള്ളാനാകും. അസമിലെ ദേശീയ പൗരത്വ രജിസ്റ്ററില്‍തട്ടി ബഹിഷ്‌കൃതരാവുന്ന ലക്ഷക്കണക്കിന് പാവങ്ങളില്‍ അയാളുടെ മുഖം ദര്‍ശിക്കാനാകും.
ഒപ്പും ഫോട്ടോയും വിരലടയാളവും പതിച്ച തിരിച്ചറിയല്‍ രേഖകളുടെ കൂമ്പാരത്തിനു നടുവില്‍ കഴിയാന്‍ ശരാശരി ഇന്ത്യക്കാരന്‍ വിധിക്കപ്പെട്ടിട്ട് അധികകാലമായിട്ടില്ല. വോട്ടു ചെയ്യാനും നികുതിയടക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വായ്പയെടുക്കാനും മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുക്കാനും സ്വന്തം അസ്തിത്വം രേഖാമൂലം സമര്‍ഥിക്കണമെന്നു വന്നിട്ട് ഏറെയായില്ല. വ്യക്തിവിവരങ്ങള്‍ മികച്ച വില്‍പനച്ചരക്കായി മാറിയതും തിരിച്ചറിയല്‍ സംവിധാനം ഭരണകൂടത്തിന്റെ ഒളിനോട്ടത്തിനുള്ള ഉപാധിയായി മാറിയതും അതൊരു ചര്‍ച്ചാ വിഷയമായതും വളരെ അടുത്തകാലത്താണ്. അതുകൊണ്ടുതന്നെ തിരിച്ചറിയല്‍ രേഖകള്‍ സമകാലീന പ്രതിഭാസമാണെന്ന് തോന്നാന്‍ എളുപ്പമാണ്.
ഈ ധാരണ ശരിയല്ലെന്നാണ് ‘പ്രമാണത്തിനായുള്ള യത്‌നം’ (In Pursuit of Proof: A History of Identification Documents in India)’ എന്ന പുസ്തകത്തില്‍ തരംഗിണി ശ്രീരാമന്‍ സ്ഥാപിക്കുന്നത്. ജനലക്ഷങ്ങളെ ബഹിഷ്‌കൃതരായി മുദ്ര കുത്തിയ ദേശീയ പൗരത്വ രജിസ്റ്ററിലോ വ്യക്തിവിവര സഞ്ചയത്തെ വില്‍പനച്ചരക്കാക്കിയ ആധാറിലോ തുടങ്ങിയതല്ല തിരിച്ചറിയല്‍ രേഖകള്‍. നിയമവും ഭരണനിര്‍വഹണ സംവിധാനവും രാഷ്ട്രീയവും ഇഴചേരുന്ന നീണ്ട ചരിത്രമുണ്ടതിന്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ വില്യം ജെയിംസ് ഹെര്‍ഷല്‍ എന്ന ബ്രിട്ടീഷുകാരനാണ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ രേഖാസമ്പ്രദായം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതെന്ന് ബംഗളുരുവിലെ അസിം പ്രേംജി സര്‍വകലാശാലയില്‍ അധ്യാപികയായ തരംഗിണി ആറു വര്‍ഷം നീണ്ട ഗവേഷണത്തിലൂടെ തയാറാക്കിയ പുസ്തകത്തില്‍ പറയുന്നു. വിരലടയാളങ്ങളെ തിരിച്ചറിയല്‍ രേഖയാക്കാമെന്ന് ഒരു പക്ഷേ ലോകത്ത് ആദ്യമായി മനസിലാക്കിയത് ഹെര്‍ഷലാണ്. വിഖ്യാത ജ്യോതിശാസ്ത്രജ്ഞന്‍ വില്യം ഹെര്‍ഷലിന്റെ കൊച്ചുമകനായിരുന്ന വില്യം ജയിംസ് ഹെര്‍ഷല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തോടെ അദ്ദേഹം ബ്രിട്ടീഷ് ഇന്ത്യയിലെ സിവില്‍ സര്‍വീസിന്റെ ഭാഗമായി. ബംഗാളില്‍ മജിസ്‌ട്രേറ്റ് ആയി.

സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ ആള്‍മാറാട്ടം നടത്തി അനര്‍ഹര്‍ തട്ടിയെടുക്കുന്നത് തടയാനായി പെന്‍ഷന്‍കാരുടെ വിരലടയാളം ശേഖരിക്കുകയാണദ്ദേഹം ആദ്യം ചെയ്തത്. സ്ഥിരം കുറ്റവാളികളുടെയും ജയില്‍പുള്ളികളുടെയും വിരലടയാള സമാഹരണമായിരുന്നു അടുത്ത ദൗത്യം. കുറ്റവാളി ഗോത്രങ്ങളെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് പ്രധാനമായും ഹെര്‍ഷല്‍ ഇതിനെ ഉപയോഗപ്പെടുത്തിയത്. തിരിച്ചറിയല്‍ രേഖയെ പുറന്തളളലിനുള്ള ആയുധമാക്കുന്ന സംവിധാനം തുടക്കം മുതലേ അതില്‍ അന്തര്‍ലീനമായിരുന്നു എന്നര്‍ഥം.
ഇന്ത്യയിലെ സേവനം അവസാനിപ്പിച്ച് തിരിച്ച് ബ്രിട്ടനിലെത്തിയപ്പോള്‍ ഹെര്‍ഷല്‍ തന്റെ കണ്ടെത്തല്‍ ശാസ്ത്ര ജേണലുകളില്‍ പ്രസിദ്ധീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി ഫ്രാന്‍സിസ് ഗാല്‍ട്ടനും എഡ്വേര്‍ഡ് ഹെന്റിയും ചേര്‍ന്നാണ് വിരലടയാള പരിശോധനയെ ശാസ്ത്ര ശാഖയായി വളര്‍ത്തിയതും കുറ്റാന്വേഷണത്തില്‍ അത് ഉപയോഗപ്പെടുത്താമെന്ന് അഭിപ്രായപ്പെട്ടതും. ചാള്‍സ് ഡാര്‍വിന്റെ അടുത്ത ബന്ധുവായ ഗാല്‍ട്ടന്‍ ജനിതകഘടനയനുസരിച്ചുതന്നെ ഇന്ത്യക്കാര്‍ കഴിവുകുറഞ്ഞവരാണെന്ന് വിശ്വസിച്ചിരുന്ന വംശവെറിയന്‍കൂടിയായിരുന്നു എന്നത് വേറെക്കാര്യം.

ഹെര്‍ഷലിന്റെ വിരലടയാള രജിസ്റ്ററിനു അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയില്‍ വ്യാപക സ്വീകാര്യതയൊന്നും ലഭിച്ചില്ല. പിന്നാലെ വന്ന റേഷന്‍കാര്‍ഡ് ആയിരുന്നു എത്രയോ കാലം സാധാരണക്കാരന്റെ പൗരത്വരേഖ. രണ്ടാം ലോകയുദ്ധകാലത്ത്, സര്‍ക്കാറിനെ സഹായിക്കുന്ന പട്ടാളക്കാര്‍ക്കും ബന്ധുക്കള്‍ക്കും പൊലീസുകാര്‍ക്കും വ്യവസായ തൊഴിലാളികള്‍ക്കും ക്ഷേമ പദ്ധതികളില്‍ മുന്‍ഗണന കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് റേഷന്‍കാര്‍ഡ് കൊണ്ടുവന്നത്. ബര്‍മയില്‍നിന്നുള്ള ചരക്കുനീക്കം നിലച്ചതോടെയുണ്ടായ ക്ഷാമകാലത്ത് ഭക്ഷ്യധാന്യ വിതരണം റേഷന്‍കാര്‍ഡു വഴിയാക്കി.

സ്വതന്ത്ര ഇന്ത്യയില്‍ നെഹ്രുവിയന്‍ സോഷ്യലിസത്തിന്റെ കാലത്ത് ക്ഷേമപദ്ധതികള്‍ക്കുള്ള തിരിച്ചറിയില്‍ രേഖയായിരുന്നു റേഷന്‍കാര്‍ഡ്. എങ്ങനെ റേഷന്‍കാര്‍ഡ് സമ്പാദിക്കാം എന്നതായിരുന്നു അന്ന് ഭക്ഷണത്തിനു വകയില്ലാതെ വലയുന്ന പാവങ്ങളുടെ വേവലാതി. സ്ഥിരം മേല്‍വിലാസമുള്ളവര്‍ക്കേ റേഷന്‍കാര്‍ഡ് ലഭിച്ചിരുന്നുള്ളൂ. ഭൂമിയും വീടുമില്ലാത്തവര്‍ക്ക് മേല്‍വിലാസവുമുണ്ടാവില്ല. ഇന്ദിരാഗാന്ധിയുടെ കാലമായപ്പോഴേക്ക് പൊതുവിതരണ സംവിധാനം വഴി സബ്‌സിഡി ഭക്ഷ്യധാന്യം വാങ്ങാനുള്ള ഉപാധിയായി റേഷന്‍കാര്‍ഡു മാറി. ഏറെ വൈകി 1990കളില്‍ വി.പി. സിംഗിന്റെ കാലത്താണ് ഡല്‍ഹിയില്‍ ചേരി നിവാസികള്‍ക്ക് താമസരേഖ നല്‍കാനുള്ള പദ്ധതി തുടങ്ങിയത്.

സ്വാതന്ത്ര്യത്തോടൊപ്പമുണ്ടായ ഇന്ത്യാ വിഭജനം അഭയാര്‍ഥിപ്രവാഹത്തിന് വഴിയൊരുക്കിയപ്പോള്‍ അഭയാര്‍ഥി രജിസ്‌ട്രേഷന്‍ അനിവാര്യമായി. കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ ഹിന്ദു കുടിയേറ്റക്കാരെ ത്രിപുര രണ്ടു കൈയും നീട്ടി സ്വീകരിച്ച് അധികാരശ്രേണിയിലേക്ക് നയിച്ചപ്പോള്‍ പശ്ചിമ ബംഗാളിലും അസമിലുമെത്തിയ മുസ്‌ലിം അഭയാര്‍ഥികള്‍ക്ക് രണ്ടാംകിട പൗരന്‍മാരായി ഒതുങ്ങേണ്ടിവന്നു. അഭയാര്‍ഥിപ്രവാഹത്തെച്ചൊല്ലി അസമിലുണ്ടായ തര്‍ക്കങ്ങളാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററിന് വഴിവെച്ചത്. 1951ല്‍ പൗരന്മാര്‍ക്കായുള്ള ദേശീയ രജിസ്റ്റര്‍ (എന്‍ആര്‍സി) തയാറായി. എണ്‍പതുകളില്‍ പ്രഫുല്ല കുമാര്‍ മൊഹന്തയുടെ ഓള്‍ അസം സ്റ്റുഡന്റ്ഡ് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഈ രജിസ്റ്റര്‍ പുതുക്കണമെന്നതായിരുന്നു.

അസമിലെ അനധികൃത കുടിയേറ്റത്തെച്ചൊല്ലി 2012ല്‍ ബോഡോകളും ബംഗാളി വംശജരായ മുസ്‌ലിംകളും തമ്മിലുണ്ടായ വംശീയ സംഘര്‍ഷത്തില്‍ എഴുപത് പേര്‍ കൊല്ലപ്പെടുകയും നാലു ലക്ഷത്തോളം പേര്‍ താമസസ്ഥലത്തുനിന്ന് ബഹിഷ്‌കൃതരാവുകയും ചെയ്തു. ഈ കലാപത്തിന്റെ ഇരകള്‍ ഏതാണ്ട് പൂര്‍ണമായും മുസ്‌ലിംകളായിരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞവര്‍ഷം അവസാനം ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കിയപ്പോള്‍ അസമിലെ സ്ഥിരതാമസക്കാരായ 40 ലക്ഷത്തിലേറെ പേരാണ് അതില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

പൗരത്വരേഖകളുടെ ഇരകള്‍ എപ്പോഴും പട്ടിണിപ്പാവങ്ങളായിരിക്കുമെന്ന് ‘പൗരത്വവും അതൃപ്തികളും (Citizenship and Its Discontents: An Indian History)’ എന്ന പുസ്തകത്തില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നീരജ ഗോപാല്‍ ജയാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പണമുള്ളവര്‍ക്ക് അവര്‍ താമസിക്കുന്നത് വിദേശത്താണെങ്കില്‍പോലും ഇന്ത്യയില്‍ പൗരത്വ രേഖ ലഭിക്കാന്‍ പ്രയാസമില്ല.
ചില പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുവന്നതാകാമെങ്കിലും ഒരിക്കല്‍ ആവിഷ്‌കരിക്കപ്പെട്ടു കഴിഞ്ഞാല്‍ തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് പിന്നാക്കം പോകാനാവില്ല എന്നതാണ് ചരിത്രമെന്ന് തരംഗിണി പറയുന്നു. ഉദ്ദേശ്യവും ലക്ഷ്യവും വഴിമാറുമെങ്കിലും രേഖകള്‍ പിടിമുറുക്കുക തന്നെ ചെയ്യും. ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ആധാര്‍ പലകാലത്തു വന്ന തിരിച്ചറിയല്‍ രേഖകളുടെ ഏകോപിത ഡിജിറ്റല്‍വല്‍കരണം മാത്രമാണ്. വിവരശേഖരണത്തിന് സ്വകാര്യ ഏജന്‍സികളെ ആശ്രയിച്ചു എന്നതായിരുന്നു അതിന്റെ സവിശേഷത. അതോടൊപ്പം വ്യക്തിവിവര വിപണനത്തിന്റെ മഹാസാധ്യതകള്‍കൂടി അതു തുറന്നിട്ടു.

ആധാര്‍ വരുന്നതോടെ മറ്റു രേഖകളുടെ സാങ്കേതിക നൂലാമാലകളില്‍നിന്നെല്ലാം മോചിപ്പിക്കപ്പെടുമെന്നായിരുന്നു വാഗ്ദാനമെങ്കിലും അതല്ല സംഭവിക്കുന്നതെന്ന് തിരിച്ചറിയല്‍ രേഖകളുടെ രാഷ്ട്രീയത്തിലേക്കും വിവാദങ്ങളിലേക്കും കടക്കാതെതന്നെ തരംഗിണി വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റലൈസ് ചെയ്യപ്പെട്ട ആധാര്‍ ലഭിക്കണമെങ്കില്‍ നിലവില്‍ കടലാസ് രൂപത്തിലുള്ള മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പിന്‍ബലം വേണമെന്നതാണ് പ്രധാന കാര്യം. മറ്റു പല രേഖകളും കിട്ടണമെങ്കില്‍ അതിനു മുമ്പ് ആധാര്‍ സ്വന്തമാക്കുകയും വേണം. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ആധാര്‍ വേണമെന്നു വരുമ്പോള്‍ ചിലരെങ്കിലും ക്ഷേമപദ്ധതികളില്‍നിന്ന് പിന്തള്ളപ്പെടുകയാണ് ചെയ്യുക.

കൊളോണിയല്‍കാലത്ത് സെന്‍സസ് നടത്തിയത് കുടിയേറ്റക്കാരെ ഒഴിവാക്കാനായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഓരോ തവണ വോട്ടര്‍പട്ടിക പുതുക്കുമ്പോഴും ഭരണപക്ഷത്തിന് താല്‍പര്യമില്ലാത്തവരെ പുറന്തള്ളുന്നതിലാണ് ഊന്നല്‍ നല്‍കിയിരുന്നത്. പുത്തന്‍ സാങ്കേതിക വിദ്യയെ ആശ്രയിച്ചതുകൊണ്ടുമാത്രം ഭരണകൂട താല്‍പര്യങ്ങള്‍ മാറില്ല. ജനിക്കാന്‍ പോവുന്ന മിശിഹയെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നല്ലോ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ വിവര ശേഖരണംതന്നെ.

വി.ടി സന്തോഷ്‌

You must be logged in to post a comment Login