ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

ഭരണത്തലോടലില്‍ ഒരു ഭീകരകൂട്ടായ്മ

വ്യത്യസ്ത മേഖലകളില്‍ ധൈഷണികമായ ഇടപെടലുകള്‍ നടത്തുകയും തങ്ങളുടെ ജീവിതപരിസരത്ത് മുഖ്യധാരയുടെ ഒഴുക്കിന് എതിരായി തുഴഞ്ഞുനീങ്ങാന്‍ ആര്‍ജവം കാണിക്കുകയും ചെയ്ത വ്യക്തിത്വങ്ങള്‍ ഡോ. നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവര്‍ ദൂരൂഹ സാഹചര്യത്തില്‍ നാടന്‍ തോക്കില്‍നിന്നുള്ള വെടിയേറ്റ് മരിച്ചുവീണിട്ട് വര്‍ഷങ്ങളായെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. കൊലപാതകങ്ങളെ പൊതിഞ്ഞുനില്‍ക്കുന്ന നിഗൂഢത മാധ്യമങ്ങള്‍ക്ക് വിഷയം പോലുമാകുന്നില്ല എന്നതില്‍നിന്നു തന്നെ രാഷ്ട്രീയ-ഭരണ നേതൃത്വത്തിന്റെ കൃപാശിസ്സുകളോടെയാണ് കൊലയാളികള്‍ സൈ്വരവിഹാരം നടത്തുന്നതെന്ന് തെളിയുന്നുണ്ട്. തീവ്രവാദികളെ കൈകാര്യം ചെയ്യുന്നിടത്ത് സര്‍ക്കാറുകള്‍ കാണിക്കുന്ന ഇരട്ടത്താപ്പിന്റെ മികച്ച ഉദാഹരണമാണ് മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സനാതന്‍ സന്‍സ്ത എന്ന ഭീകരകൂട്ടായ്മ നടത്തുന്ന കൊലപാതകങ്ങളും സ്‌ഫോടനങ്ങളും മറ്റും. തങ്ങളുടെ സ്വപ്‌നപദ്ധതിയായ ‘ഹിന്ദുരാഷ്ട്ര’ നിര്‍മിതിക്കുമുന്നില്‍ തടസ്സമാണെന്ന് കരുതുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കൂട്ടായ്മകളെയും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിലൂടെ നിറവേറ്റപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടും നിയമത്തിന്റെ കരങ്ങള്‍ അവര്‍ക്കു നേരെ നീളുന്നില്ല എന്നത് ഭൂരിപക്ഷവര്‍ഗീയതക്കു എക്കാലവും നമ്മുടെ നാട്ടില്‍ മാന്യത ലഭിക്കുന്നു എന്നതിന്റെ നിദര്‍ശനമാണ്.

നഷ്ടപ്പെട്ട നാല് മനീഷികള്‍
1989ലാണ് നരേന്ദ്ര ധബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതി (MANS) രൂപീകരിക്കുന്നത്. അന്ധവിശ്വാസങ്ങള്‍ക്ക് എതിരെ പോരാടാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ഈ ഭിഷഗ്വരന്‍ അന്ധവിശ്വാസം ഉന്മൂലനം ചെയ്യുന്നതിന് നിയമനിര്‍മാണം നടത്തണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന്മേല്‍ സമ്മര്‍ദം ചെലുത്തിയത് ഒരു കൂട്ടം ഹിന്ദു തീവ്രചിന്താഗതിക്കാരെ വിറളി പിടിപ്പിച്ചു. അന്ധവിശ്വാസ ഉന്മൂലനത്തിനുള്ള കരട് ബില്ലിന് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയപ്പോള്‍ ഗോവ ആസ്ഥാനമായുള്ള സനാതന്‍ സന്‍സ്ത (സനാതന്‍ ഭാരതീയ സന്‍സ്‌കൃതി സന്‍സ്ത എന്നാണ് പൂര്‍ണ പേര്) എതിര്‍ പ്രചാരണങ്ങള്‍ ശക്തമാക്കി. 2013 ആഗസ്ത് 20ന് പൂണെയിലെ ഓംകരേശ്വര്‍ ക്ഷേത്രത്തിനരികെ, പ്രഭാത സവാരിക്കിടയിലാണ് ധബോല്‍ക്കര്‍ വെടിയേറ്റ് മരിക്കുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം മറ്റൊരു അരുകൊല അരങ്ങേറി. സി.പി.ഐ നേതാവും യുക്തിവാദി പ്രസ്ഥാനത്തിന്റെ നെടുംതൂണുമായ ഗോവിന്ദ് പന്‍സാരെ 2015 ഫെബ്രുവരി 16ന് രാവിലെ പ്രഭാതസവാരിക്കിടയില്‍ കോലാപ്പൂരില്‍ വെടിയേറ്റ് വീഴുകയായിരുന്നു. പത്‌നി ഉമയോടൊപ്പം നടക്കുമ്പോള്‍ മോട്ടോര്‍ ബൈക്കില്‍ എത്തിയ രണ്ടു പേര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ക്കുകയാണുണ്ടായത്. വര്‍ഗീയതക്കും അന്ധവിശ്വാസങ്ങള്‍ക്കും പിന്തിരിപ്പന്‍ ആശയങ്ങള്‍ക്കുമെതിരെ ജീവിതം ഉഴിഞ്ഞുവെച്ച പന്‍സാരെ ഛത്രപതി ശിവജിയെ കുറിച്ച് ഹിന്ദുത്വവാദികള്‍ പ്രചരിപ്പിക്കുന്ന കള്ളക്കഥകള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്തിയതാണ് ശത്രുക്കളുടെ കണ്ണിലെ കരടാക്കിമാറ്റിയത്. ‘ശിവജി കോന്‍ ഥാ’ (ശിവജി ആരായിരുന്നു?) എന്ന ചിന്തോദ്ദീപകമായ പുസ്തകം, ആ ചരിത്രപുരുഷനെ മുസ്‌ലിം വിരുദ്ധനാക്കിയ ഹീനശ്രമങ്ങളെയാണ് ചോദ്യം ചെയ്തത്. ശിവജി എല്ലാ മതങ്ങളെയും ആദരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സെക്രട്ടറിയും സൈന്യത്തിലെ പ്രമുഖ സ്ഥാനത്തിരിക്കുന്നരുമെല്ലാം മുസ്‌ലിംകളായിരുന്നുവെന്നും പന്‍സാെര ചരിത്രപ്രമാണങ്ങള്‍ നിരത്തി സമര്‍ത്ഥിച്ചത് വര്‍ഗീയവാദികളെ ചൊടിപ്പിച്ചു.
ആഴ്ചകള്‍ക്കകം മറ്റൊരു പ്രമുഖന്‍ കൊല്ലപ്പെട്ട വാര്‍ത്തയാണ് നമ്മെ തേടിയെത്തിയത്. ഹംപി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ലിംഗായത്ത് പാരമ്പര്യത്തെ കുറിച്ച് അഗാധ ജ്ഞാനമുള്ള പണ്ഡിതനും ബ്രാഹ്മണ യാഥാസ്ഥിതികത്വത്തിനെതിര അനവരതം പോരാടിക്കൊണ്ടിരിക്കുന്നവരില്‍ പ്രമുഖനുമായ എം.എം കല്‍ബുര്‍ഗി 2015 ആഗസ്റ്റ് 30ന് രാവിലെ കര്‍ണാടകയിലെ ധന്‍വാദിലുള്ള തന്റെ വസതിയില്‍ വെടിയേറ്റ് വീഴുന്നു. ബൈക്കില്‍ എത്തിയ രണ്ടുപേര്‍ വീടിനകത്ത് കടന്ന് ഇദ്ദേഹത്തിനു നേരെ രണ്ടു വെടിയുതിര്‍ക്കുകയായരിന്നു. യൂ.ആര്‍. അനന്തമൂര്‍ത്തിയെ പോലുള്ള പുരോഗമനവാദികളുമായി കൈകോര്‍ത്ത് ഹിന്ദുത്വ വര്‍ഗീയതക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ തൂലിക പടവാളാക്കിയ കല്‍ബുര്‍ഗി കന്നട സാഹിത്യത്തിലെ അറിയപ്പെടുന്ന നാമമാണ്. ആ കൊലപാതകം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് ഇന്ത്യ, വിശേഷിച്ചും കര്‍ണാടക മുക്തമാകുന്നതിനു മുമ്പാണ് ഗൗരിലങ്കേഷ് എന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തക തോക്കിനിരയാവുന്നത്. 2017 സെപ്റ്റംബര്‍ അഞ്ചിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബൈക്കിലെത്തിയ രണ്ടു ഘാതകരില്‍ ഒരാളുതിര്‍ത്ത വെടിയുണ്ട ശരീരത്തില്‍ തുളച്ചു കയറി ഗൗരി അന്ത്യശ്വാസം വലിക്കുന്നത്.

ഒരേ രീതി, ഒരേ ആയുധം
ധബോല്‍ക്കറുടെയും പന്‍സാരെയുടെയും കൊലകളെ കുറിച്ച് മഹാരാഷ്ട്രയില്‍ അന്വേഷണം ഇഴയുമ്പോള്‍ കല്‍ബുര്‍ഗിയുടെയും ഗൗരിയുടെയും വിഷയത്തില്‍ കര്‍ണാടക പൊലീസ് ബഹുദൂരം മുന്നോട്ട് പോയിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാവുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ കഥ കഴിക്കപ്പെട്ട നാല് പ്രമുഖരും തീവ്രവലതുപക്ഷത്തിന്റെ എതിര്‍ധ്രുവത്തിലൂടെ കര്‍മപഥം ജ്വലിപ്പിച്ചവരാണ്. ഹിന്ദുത്വചിന്തകള്‍ക്കും പിന്തിരിപ്പന്‍ പ്രതിലോക ആശയങ്ങള്‍ക്കും എതിരെ ഇവര്‍ നാലുപേരും തുടര്‍ന്നുപോന്ന സന്ധിയില്ലാ സമരമാണ് തോക്കിനിരയാവാന്‍ കാരണമായത്. നാല് കൊലകളും ഒരേ രീതിയിലുള്ളതാണ്. ബൈക്കില്‍ വന്ന് പോയന്റ് ബ്ലാങ്കില്‍നിന്ന് നിറയൊഴിച്ച് രക്ഷപ്പെടുക. ഈ കൊലപാതകങ്ങളിലെല്ലാം ഉപയോഗിച്ചത് ഒരേ നാടന്‍ തോക്കാണ് എന്നാണ് അന്വേഷവിഭാഗത്തിന്റെ നിഗമനം. മുംബൈയിലെ കലിന ഫോറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയില്‍ ആദ്യത്തെ മൂന്നു കൊലകളിലും ഒരേ ആയുധമാണ് പ്രയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ബംഗളുരില്‍ നടന്ന ഗൗരിയുടെ കൊലപാതകത്തിന് കല്‍ബുര്‍ഗിയെ കൊല്ലാന്‍ ഉപയോഗിച്ച അതേ തോക്കാണ് ഉപയോഗിച്ചതെന്നും തിരിച്ചറിയുകയുണ്ടായി. ഗൗരിയുടെയും കല്‍ബുര്‍ഗിയുടെയും കൊലയാളികളെ തേടി കര്‍ണാടക പൊലീസ് മഹാരാഷ്ട്രയില്‍ എത്തിയപ്പോള്‍ അനാവൃതമായ സത്യം ഞെട്ടിപ്പിക്കുന്നതാണ്. കൊലകളെല്ലാം വളരെ ആസൂത്രിതമായി, വമ്പിച്ച മുന്നൊരുക്കങ്ങളോടെയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. നാല് ധിഷണാശാലികളെയും ഒരേ ലക്ഷ്യത്തോടെ ഒരേ ഭീകരചിന്തയാണ് വകവരുത്തിയിരിക്കുന്നത്. പക്ഷേ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഭരണകൂടത്തിനു താല്‍പര്യമില്ല. ഹിന്ദുത്വ ഭീകരവാദത്തിന്റെ സാന്നിധ്യം സമര്‍ത്ഥിക്കപ്പെടുന്നത് പോലും ഭൂരിപക്ഷസമുദായത്തിന്റെ രോഷത്തിനിടയാക്കുമെന്ന് അധികാരസോപാനത്തിലിരിക്കുന്നവര്‍ ഭയപ്പെടുന്നു.
ധബോല്‍ക്കറുടെയും പന്‍സാരെയുടെയും കൊലപാകതവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംശയമുന സനാതന സന്‍സ്തയുടെ നേര്‍ക്കു തിരിഞ്ഞപ്പോള്‍ തന്നെ മഹാരാഷ്ട്ര സര്‍ക്കാറിന്റെ മട്ടുമാറി. പന്‍സാെരയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം 2015 സെപ്തംബറില്‍ സാമിര്‍ ഗെയ്‌ക്കോബാദ് എന്ന സന്‍സ്ത സധക്കിലേക്ക് നീങ്ങിയെങ്കിലും കേസ് വേണ്ടവിധം മുന്നോട്ടുപോയില്ല. ധബോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2016 ജൂണില്‍ വീരേന്ദ്ര തൗഡ എന്ന സന്‍സ്ത സന്ന്യാസിയെ അറസ്റ്റ് ചെയ്തുവെങ്കിലും വഞ്ചിതിരുനക്കരെനിന്നനങ്ങിയില്ല. സന്‍സ്തയുടെ ആചാര്യന്‍ ഡോ. ജയന്ത് അത്വാലയെ ഒരു ഘട്ടത്തില്‍ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അഖണ്ഠനീയമായ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘം കൂട്ടാക്കിയില്ല. ശക്തമായ രാഷ്ട്രീയ സമ്മര്‍ദം തന്നെ കാരണം. പന്‍സാര, ധബോല്‍ക്കര്‍ കേസ് ഇക്കഴിഞ്ഞ ജൂണ്‍ 29ന് വീണ്ടും ബോംബെ ഹൈകോടതിയുടെ മുന്നിലെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പ്രത്യേക അന്വേഷണ ഏജന്‍സിയുടെയും സി.ബി.ഐയുടെയും ഈ ദിശയിലുള്ള മെല്ലെപ്പോക്കും ഗൗരവമില്ലായ്മയും കണ്ട് ക്ഷമ കെട്ട കോടതി തുറന്നുപറഞ്ഞു; കേസന്വേഷണത്തില്‍ ഞങ്ങള്‍ അതൃപ്തരാണെന്ന്. ഗൗരിലങ്കേഷിന്റെ വധം അന്വേഷിക്കുന്ന കര്‍ണാടക പൊലീസ് മഹാരാഷ്ട്രയില്‍ വന്ന് പ്രതികളെ പിടിച്ചുകൊണ്ടുപോവുന്നു; എന്നിട്ടും ഇവിടെ തന്നെയുള്ള നിങ്ങള്‍ക്ക് ആരെയും പിടിക്കാന്‍ സാധിക്കാത്തത് കഷ്ടം തന്നെ എന്ന് നീരസം പ്രകടിപ്പിച്ച കോടതി അഡീഷനല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) യോടും സി.ബി.ഐ ജോയിന്റ് ഡയറക്ടറോടും നേരിട്ട് ഹാജരാവാന്‍ നിര്‍ദേശിക്കുക പോലുമുണ്ടായി.

സന്‍സ്തയുടെ ആത്മീയ മുഖംമൂടി
ലക്ഷണമൊത്ത ഹൈന്ദവ ഭീകരവാദ കൂട്ടായ്മയാണ് കൊലപാതകങ്ങള്‍ തൊഴിലാക്കിയ സനാതന്‍ സന്‍സ്ത. ഡോ.ജയന്ത് അത്വാല 1990ല്‍ ബീജാവാപം നല്‍കിയ ഭാരതീയ സന്‍സ്‌കൃതി സന്‍സ്തയുടെ ആത്യന്തിക ലക്ഷ്യം ‘ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക’യാണ്. 2023നു മുമ്പ് ആ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. അതിന്റെ വഴിയില്‍ തടസ്സമാകുന്ന സ്വതന്ത്രചിന്തകരെയും പ്രഖ്യാപിതശത്രുക്കളായ മുസ്‌ലിം, ക്രിസ്ത്യന്‍ ‘ദുര്‍ജനങ്ങളെയും’ വകവരുത്തുക എന്നതാണ് കര്‍മപദ്ധതി.

ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് നീണ്ടപ്പോള്‍ സ്വാഭാവികമായും കൊലയാളി ശൃംഖലയുടെ കണ്ണികളോരോന്നായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കയാണ്. ഗൗരിയെ കൊല്ലാനുള്ള ഗൂഢാലോചന പോലും നടന്നത് മഹാരാഷ്ട്രയിലാണെന്ന് തെളിഞ്ഞിട്ടുണ്ട്. ധാവന്‍ഗരെയില്‍ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത അമേല്‍ കലെ, അമിത് ദെഗ്വീക്കര്‍, മനോഹര്‍ യാവദെ എന്നിവര്‍ സനാതന്‍ സന്‍സ്തയുടെ സജീവ പ്രവര്‍ത്തകരാണ്. ലങ്കേഷ്, ധബോല്‍ക്കര്‍ കൊലകളില്‍ സജീവ പങ്കുവഹിച്ച ആളാണ് കലെ എന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.

സനാതന്‍ സന്‍സ്തയുടെ ആചാര്യനും ക്ലിനിക്കല്‍ ഹിപ്‌നോതെറാപിസ്റ്റുമായ ഡോ. അത്വാല എങ്ങനെ ആള്‍ദൈവമായി മാറി എന്ന് പരിശോധിക്കുമ്പോഴാണ് നിഗൂഢവും ദുരൂഹവുമായ ജീവിതമാണ് ഈ മനുഷ്യന്‍ നയിക്കുന്നതെന്ന് ബോധ്യപ്പെടുക. ധിരേന്ദ്ര കെ. ഝ എഴുതിയ ‘Shadow Armies’ എന്ന പുസ്തകത്തിലൂടെ കണ്ണോടിച്ചാല്‍ ആര്‍ക്കും മനസിലാവും എന്നോ നിരോധിക്കപ്പെടേണ്ട വിപദ് അജണ്ടകളുള്ള ഒരു കൂട്ടായ്മയാണ് ഇതെന്ന്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login