മൂകമാണ് രാജ്യം

മൂകമാണ് രാജ്യം

നമ്മുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോഡി അതിവിദഗ്ധനായ പ്രഭാഷകനായാണു വാഴ്ത്തപ്പെടുന്നത്. 2013 ല്‍ അന്നത്തെ സര്‍ക്കാരിനെതിരെയും രൂപയുടെ മൂല്യശോഷണത്തിനെതിരെയും അദ്ദേഹം ഗര്‍ജിച്ചപ്പോള്‍ എല്ലാവരും ”സബാഷ്,മോഡിജി,സബാഷ്! ഇതാണ് പ്രസംഗം. ഇതൊരു പ്രസംഗം മാത്രമല്ല,വിശന്നിരിക്കുന്ന രാഷ്ട്രത്തിന് ആഹാരവുമാണ്. പ്രസംഗിക്കാനറിയുന്ന ഒരു നേതാവിനെ ഞങ്ങള്‍ക്കു വേണം. ഞങ്ങള്‍ക്ക് ഭക്ഷണം മാത്രമല്ല, ഭാഷണവും വേണം,” എന്നെല്ലാം ആര്‍ത്തുവിളിച്ചു.
സംസാരിക്കാനറിയാവുന്ന ഒരു നേതാവിനു വേണ്ടിയുളള ആഗ്രഹവും ആവശ്യവും തീര്‍ച്ചയായും നരേന്ദ്രമോഡിയുടെ ചെവികളിലും എത്തിയിട്ടുണ്ടാകും. അന്നു മുതല്‍ അദ്ദേഹം തിരിഞ്ഞു നോക്കിയിട്ടേയില്ല-പ്രഭാഷണം നടത്താനുള്ള ഒരൊറ്റയവസരം പോലും അദ്ദേഹം പാഴാക്കിയിട്ടില്ല. പെട്രോള്‍ വില ഉയര്‍ന്നപ്പോള്‍ മോഡിജി അട്ടഹസിച്ചു, രൂപയുടെ വില ഇടിഞ്ഞപ്പോള്‍ അദ്ദേഹം ആക്രോശിച്ചു- ട്വീറ്റിനു പുറകേ ട്വീറ്റ്. സംവാദത്തിനു പുറകേ സംവാദം.
അങ്ങനെ 2014 വന്നു. നരേന്ദ്രമോഡിക്ക് സ്തുതി പാടല്‍ മാധ്യമങ്ങളുടെ പ്രധാന കര്‍ത്തവ്യമായി മാറി. അതു ചെയ്യാന്‍ മടിച്ചവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും പത്രാധിപന്മാര്‍ ഒതുക്കപ്പെടുകയും ചെയ്തു. മാധ്യമങ്ങള്‍ നിശബ്ദമാക്കപ്പെട്ടു. ഇപ്പോഴാകട്ടെ അദ്ദേഹം ഉയരുന്ന പെട്രോള്‍ വിലയെക്കുറിച്ചോ വിലയിടിയുന്ന രൂപയെക്കുറിച്ചോ സംസാരിക്കുന്നേയില്ല. അദ്ദേഹത്തിനിത് മുമ്പു നല്‍കിയതിനെക്കാള്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കാനുള്ള നേരമാണ്. വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് നല്‍കാന്‍ ആയില്ലെങ്കിലും ഗംഭീരമായ പ്രഭാഷണങ്ങള്‍ അദ്ദേഹം അവര്‍ക്ക് നല്‍കിയിട്ടുണ്ടല്ലോ!

ഇപ്പോള്‍ മാധ്യമങ്ങള്‍ ദയനീയമായ പ്രചരണപ്രവര്‍ത്തനങ്ങള്‍ മാത്രമാണു ചെയ്യുന്നത്. ടെലിവിഷന്‍ അവതാരകരെ മാറ്റാം, ചോദ്യങ്ങള്‍ ചോദിക്കുന്നവരെയാകട്ടെ പൊലീസിന്റെ ലാത്തികാട്ടി വിരട്ടുകയുമാകാം.

ഇതാണോ നാം ആഗ്രഹിച്ച ഇന്ത്യ? വര്‍ഷങ്ങള്‍ക്കു മുമ്പ്, 2013 ല്‍ എല്ലാവരും വ്യാജവാഗ്ദാനങ്ങളാല്‍ വഞ്ചിക്കപ്പെട്ടതു പോലെ ഇപ്പോള്‍ തോന്നുന്നില്ലേ?

2013 ല്‍ താന്‍ നടത്തിയ പ്രസംഗങ്ങള്‍ പ്രധാനമന്ത്രിയെ അലോസരപ്പെടുത്തുന്നുണ്ടോ? അതോ, 2019 ല്‍ അതിനെക്കാള്‍ മികച്ച പ്രസംഗങ്ങള്‍ക്കായി കോപ്പുകൂട്ടുകയാണോ അദ്ദേഹം? അതു വരെ അദ്ദേഹത്തിന് തന്റെ പഴയ പ്രസംഗങ്ങള്‍ ഇങ്ങനെയൊരു സ്പഷ്ടീകരണത്തോടു കൂടി ട്വീറ്റ് ചെയ്യാവുന്നതാണ്: ”അന്നു ഞാന്‍ പറഞ്ഞത് ഇന്നു നേരാണ്. എന്തിനാണ് പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത്? ആ പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോള്‍ 2013 ലെ എന്നെയാണ് 2018 ലെ എന്നെയല്ല കാണുന്നതെന്ന് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്നു മാത്രം. പടത്തലവന്മാര്‍ എപ്പോഴും സംസാരിക്കാറില്ലെന്ന് നിങ്ങള്‍ മനസിലാക്കണം. ആരെയെങ്കിലും തോല്‍പ്പിക്കാനുണ്ടെങ്കിലേ അവര്‍ വാ തുറക്കാറുള്ളൂ. ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുമ്പോഴല്ല.”

പണ്ടു ചെയ്ത പ്രസംഗങ്ങള്‍ മോഡിയെ അലട്ടുന്നുണ്ടോ? ചിലപ്പോഴങ്ങിനെ സംഭവിക്കാറുണ്ട്. ഒരു ഡോളറിന് നാല്പത് ഇന്ത്യന്‍ രൂപയെന്ന വാഗ്ദാനം നല്‍കിയത് ശ്രീ ശ്രീ രവിശങ്കറാണ്. അദ്ദേഹം തന്റെ ശിഷ്യന്മാരെ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് എങ്ങനെയാണാവോ! രാംദേവാകട്ടെ മുപ്പത്തിയഞ്ചു രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ കിട്ടുമെന്നാണ് യുവാക്കളോട് വാഗ്ദാനം ചെയ്തത്. അദ്ദേഹവും ഇപ്പോള്‍ നിശബ്ദനാണ്. അദ്ദേഹത്തിന്റെ ഇന്ത്യയും നിശബ്ദമാണ്. മുപ്പത്തഞ്ചു രൂപയ്ക്ക് കിട്ടുമെന്നു പറഞ്ഞ പെട്രോള്‍ 86 രൂപയ്ക്ക് വാങ്ങിക്കുന്നവരും നിശ്ശബ്ദരാണ്.
പ്രധാനമന്ത്രിയുടെ മനസിലൂടെ ഇപ്പോള്‍ കടന്നു പോകുന്ന ചിന്തകള്‍ സങ്കല്‍പിക്കുന്നത് രസകരമായിരിക്കും:”2017 ലെ ഗുജറാത്ത് തിരഞ്ഞെടുപ്പിനിടയില്‍ സബര്‍മതിയില്‍ ഞാന്‍ ഇറങ്ങിയ ‘സീപ്ലെയിന്‍’ പിന്നീടൊരിക്കലും ആ നദിയുടെ അടുത്തെങ്ങും കണ്ടിട്ടില്ലെന്ന് ആരും ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു.” (സബര്‍മതി നദീതീരം മുതല്‍ അംബാജി ക്ഷേത്രം വരെ മോഡി അന്നു യാത്ര ചെയ്ത സീപ്ലെയിന്‍ ജലഗതാഗതത്തിലെ വിപ്ലവത്തിന്റെ നാന്ദിയായി വാഴ്ത്തപ്പെട്ടിരുന്നു.)

വിലയിടിഞ്ഞ രൂപയെക്കുറിച്ചോ ഉയരുന്ന പെട്രോള്‍ വിലയെ കുറിച്ചോ ചോദ്യങ്ങള്‍ ഉയരാതിരിക്കാന്‍ വേറെ വിഷയങ്ങള്‍ ചികഞ്ഞെടുക്കുകയാണ് ഭരണകൂടവും ഉദ്യോഗസ്ഥന്മാരും. ഏറിയപങ്കു ജനങ്ങളും നിശബ്ദരാണ്. അവരുടെ ഉള്ളിലുള്ള ഭീതിയാണ് അതിനു കാരണം. തങ്ങളുടെ വരുമാനത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന പെട്രോള്‍ വിലയെക്കുറിച്ച് സംസാരിക്കാന്‍ അവര്‍ക്ക് പേടിയുണ്ട്. പെട്രോള്‍ വില 86 ലെത്തിയതും രൂപയുടെ വില ഡോളറൊന്നിന് 71 ആയതും അവര്‍ കാണുന്നില്ലേ?

2013 ല്‍ ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് മോഡിയോട് മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. അപ്പോള്‍ 2018 ലും അതേ ചോദ്യങ്ങള്‍ അദ്ദേഹത്തോട് ചോദിച്ചു കൂടേ? പ്രധാനമന്ത്രിയെന്ന നിലയില്‍ ഇത്രയും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി തരാത്തതെന്താണ്? റാഫേല്‍ ഇടപാടു പോലുള്ള അതിപ്രധാനകാര്യത്തെക്കുറിച്ച് പ്രതിരോധമന്ത്രി എന്തോ സംസാരിച്ചു തുടങ്ങിയെങ്കിലും പിന്നീട് നിശബ്ദനാക്കപ്പെട്ടു. എന്നാല്‍ ധനമന്ത്രിയാണ് അതേക്കുറിച്ച് ബ്ലോഗ് എഴുതുന്നത്! അടുത്തു തന്നെ റാഫേല്‍ ഇടപാട് തപാല്‍വകുപ്പിന് കൈമാറുമായിരിക്കും!
രാജ്യത്തൊട്ടാകെ ഭീതി ചാപ്പകുത്തപ്പെടുകയാണ്. ആ പ്രക്രിയ ഇപ്പോള്‍ സമ്പൂര്‍ണമാണ്. ഭീതി ചോദ്യങ്ങളെ ആട്ടിയോടിച്ചിരിക്കുന്നു-അതിന്റെ സ്ഥാനത്ത് നികുതിവകുപ്പ് ഉദ്യോഗസ്ഥരോ പൊലീസുകാരോ നിങ്ങളുടെ പടിവാതിലില്‍ മുട്ടിവിളിക്കുമെന്നും നിങ്ങള്‍ നഗരനക്‌സലാണെന്ന വാര്‍ത്ത ടിവി ചാനലുകളില്‍ നിറയുമെന്നുമുള്ള ആശങ്കയാണുള്ളത്. അതുകൊണ്ടാണ് ജനം നിശബ്ദരായത്.

ജനങ്ങള്‍ക്ക് തങ്ങള്‍ക്കു വേണ്ടി സംസാരിക്കുകയും തങ്ങളെ ശബ്ദമില്ലാത്തവരാക്കി മാറ്റുകയും ഭീതിയിലേക്ക് തള്ളിയിടുകയും ചെയ്യുന്ന നേതാവിനെയാണ് ആവശ്യമെങ്കില്‍,അയാളെ മറ്റെന്തിനെക്കാളും കൂടുതല്‍ പേടിക്കേണ്ടതുണ്ട്. എങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്? അദ്ദേഹത്തിനും മിണ്ടാന്‍ പേടിയാണോ? മറ്റുള്ളവരുടെ മനസില്‍ ഭീതി വിതയ്ക്കുമ്പോള്‍ ആ വ്യക്തിയുടെ ഉള്ളിലും ഭീതിയുടെ ചുരുണ്ടുകൂടലുണ്ട്. പേടിപ്പിക്കുന്നവന്‍ തന്നെ പേടിക്കുന്ന അവസ്ഥയാണിത്.

എല്ലാ ചോദ്യങ്ങളിലും മരവിപ്പിക്കപ്പെട്ട രാജ്യത്തെയാണ് നാം കാണുന്നത്. 2019 ല്‍ ആരാണ് മോഡിയ്ക്ക് നേര്‍ക്കുനേര്‍ നില്‍ക്കുക എന്ന കേവല ചോദ്യത്തിലേക്ക് ഒതുങ്ങിയിരിക്കുകയാണ് ടിവിചാനലുകള്‍. പ്രധാനപ്പെട്ട ചോദ്യങ്ങളെല്ലാം തൂത്തുകളയപ്പെട്ടിരിക്കുന്നു. ചോദ്യങ്ങള്‍ മാത്രമല്ല,ചോദ്യം ചോദിക്കുന്നവരും അപ്രത്യക്ഷമായിരിക്കുന്നു. മോഡിയുടെ ഭക്തന്മാരും സ്തുതിപാഠകരും ഈ ചോദ്യങ്ങള്‍ ചോദിക്കാറില്ല: ”തൊഴിലും വരുമാനത്തില്‍ വര്‍ധനവും ഇല്ലാത്ത ഒരു രാജ്യത്തിലെ ജനങ്ങള്‍ ലിറ്ററിന് 86 രൂപ നിരക്കില്‍ പെട്രോള്‍ എങ്ങനെ വാങ്ങും?”
ഹിന്ദു-മുസ്‌ലിം ധ്രുവീകരണത്തിന്റെ കമ്മട്ടത്തില്‍ നിന്ന് ജനങ്ങള്‍ക്ക് പുറത്തു വരാനാകുന്നില്ലേ? ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമിയുടെ സി ഇ ഒ ആയ മഹേഷ് വ്യാസ് ചില കാര്യങ്ങള്‍ പറഞ്ഞു: ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ മൊത്ത ആഭ്യന്തര ഉല്പാദനം 8.2 ശതമാനമായി ഉയര്‍ന്നെങ്കിലും ഇതേ കാലയളവില്‍ തൊഴില്‍ മേഖലയില്‍ 1 ശതമാനത്തിന്റെ കുറവുണ്ടായി. 2017 ജൂലൈക്കും 2018 ജൂലൈക്കുമിടയില്‍ തൊഴിലുള്ളവരുടെ എണ്ണത്തില്‍ 1.4 ശതമാനത്തിന്റെ കുറവുണ്ടായി. 2018 ആഗസ്തില്‍ ഈ കുറവ് 1.2 ശതമാനമാണ്.

2017 നവംബര്‍ മുതലേ തൊഴില്‍ നിരക്ക് കുറയുകയും തൊഴില്‍ വേണ്ടവരുടെ എണ്ണം കൂടുകയുമാണ്. എന്നാല്‍ നോട്ടു നിരോധനത്തിനു ശേഷം തൊഴില്‍ വേണ്ടവരുടെ നിരക്ക് കുറഞ്ഞു-തൊഴില്‍ കിട്ടില്ലെന്ന നിരാശയോടെ പലരും തൊഴില്‍ തേടാതായി. ഇപ്പോള്‍ അവര്‍ വീണ്ടും തൊഴില്‍ രംഗത്തേക്ക് കടന്നുവരികയാണ്. അപ്പോഴാകട്ടെ തൊഴില്‍ നിരക്ക് ഇടിഞ്ഞു കൊണ്ടിരിക്കുകയുമാണ്.

രാജ്യത്തുടനീളം യുവാക്കള്‍ തൊഴിലില്ലായ്മക്കെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും ആരുമത് ഗൗനിക്കുന്നില്ല. ഹിന്ദു-മുസ്‌ലിം ധ്രൂവീകരണത്തിന് കൂട്ടുനില്‍ക്കുന്നിടത്തോളം യുവാക്കള്‍ പ്രിയപ്പെട്ടവരാണ്. എന്നാല്‍ തൊഴില്‍ ആവശ്യപ്പെട്ടയുടനേ അവര്‍ ഭരണകൂടത്തിന് അന്യരായിരിക്കുന്നു.

വീണ്ടും ആവശ്യമെങ്കില്‍ നോട്ടു നിരോധനത്തിന് തയാറാണെന്ന് നീതി ആയോഗിന്റെ ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍ പറഞ്ഞിട്ടുണ്ട്. ഇത്രയും വലിയ ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യപ്പെടുന്ന രീതി പരിതാപകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നീതി ആയോഗിന്റെ അധ്യക്ഷന്‍. അദ്ദേഹത്തിനും ഈ കാഴ്ചപ്പാട് തന്നെയാണോ ഉള്ളത്?
അവര്‍ക്കിഷ്ടമുള്ളത് അവര്‍ പറയും. ചോദ്യങ്ങള്‍ക്ക് മറുപടി തരികയുമില്ല. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്ന അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വിദഗ്ധരാണവര്‍. അവരുടെ മുമ്പില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ- ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കരുത്. അത്രമാത്രം.
Courtesy: www.thewire.in

രവീഷ് കുമാര്‍

You must be logged in to post a comment Login