ചെറുത്തുനില്‍പ്പിന് ഒരാമുഖം

ചെറുത്തുനില്‍പ്പിന് ഒരാമുഖം

ഇബ്രാഹിം അബൂസുറയ്യ, ഒരു ചിത്രമാണ്. വിളറിയ നീലയാണ് ആകാശം. രോമാവൃതവും ബലിഷ്ഠവുമായ കൈകള്‍. നാലുവിരലുകള്‍ അതിജയത്തിന്റെ മുദ്രയാല്‍ ആകാശം തൊടുന്നു. വിരിഞ്ഞ ൈകകള്‍ക്കിടയില്‍ മുഖം. നെറ്റിയെ പാതി മറയ്ക്കുന്ന നരച്ച പച്ച നിറമുള്ള ഗൊറില്ലാ തൊപ്പി. കൂട്ടുപുരികത്തിന് താഴെ ഒരു വംശത്തിന്റെ അവസാനിക്കാത്ത കൊടുംവേദനകളെ ദഹിപ്പിച്ച, എന്തിന് എന്ന് മനുഷ്യരാശിയോട് ചോദ്യം തൊടുക്കുന്ന നിസ്സഹായമെങ്കിലും ക്ഷമിക്കാത്ത കണ്ണുകള്‍. മരണമുഖത്ത് മാത്രം, ധീരനായ മനുഷ്യനില്‍ സംഭവിക്കുന്ന നിര്‍ഭാവം. ഉടല്‍ മറച്ച് കറുത്ത ബനിയന്‍. മുകളിലെ ആകാശം പോലെ നരച്ച നീല പടര്‍ന്നുനില്‍ക്കുന്ന ജീന്‍സ്. കാല്‍മുട്ടില്‍ അത് ചുരുണ്ട് തീരുകയാണ്. മനുഷ്യര്‍ ചെറുത്തുനില്‍ക്കുന്ന ഉണങ്ങി വരണ്ട പുല്ലില്‍ ഓടിയെത്തി നില്‍ക്കുന്ന ഒരു വീല്‍ചെയറില്‍ അയാള്‍ ഇരിക്കുകയാണ്. ചിത്രം കഴിഞ്ഞു.

ഇരുന്ന ആ ഇരിപ്പില്‍, ഉയര്‍ത്തിയ കൈകള്‍ക്ക് താഴെ സ്വന്തം ജനതയോടുള്ള പ്രതിബദ്ധതയാല്‍, വിശ്വാസത്താല്‍, സ്ഫുടം ചെയ്ത ധീരതയാല്‍ വിരിഞ്ഞുനിന്ന ആ നെഞ്ച് തകര്‍ന്നുപോയി. അല്ല. തകര്‍ത്തുകളഞ്ഞു. ഇബ്രാഹിം അബൂസുറയ്യയെ ഇസ്രയേല്‍ സൈന്യം കൊന്നു.
അബൂസുറയ്യ ഈ പുസ്തകത്തിലില്ല. ഈ പുസ്തകം അബൂസുറയ്യയുടെ ജീവിതത്തെയും മരണത്തെയും കുറിച്ചല്ല. കൊല്ലപ്പെടുമെന്ന കനത്ത ഉറപ്പിലും അബുവിന്റെ കണ്ണില്‍ തളംകെട്ടി നിന്ന ഒരു ചോദ്യമുണ്ട്. എന്തിനാണ് ഞങ്ങളോടിത് ചെയ്യുന്നത്? നൂറ്റാണ്ടുകളായി ഫലസ്തീന്‍ ദേശത്തെ മനുഷ്യര്‍ ആവര്‍ത്തിക്കുന്ന ചോദ്യം. ആ ചോദ്യത്തിന്റെ നാനാതരം മുഴക്കങ്ങളുടെ, ആ ചോദ്യത്തിന്റെ ചരിത്രവഴികളുടെ സമാഹാരമാണ് ഈ പുസ്തകം.

ഫാരിസ് അല്‍തരാബീന് മൂന്ന് മാസമാണ് പ്രായം. ഇസ്രയേല്‍ ബോംബറുകള്‍ അവന്റെ മുഖം തകര്‍ത്തു. ഇളം കുഞ്ഞ്. ചോരയില്‍ കുളിച്ച് അവന്‍ മരിച്ച് കിടന്നു. നിലവിളികള്‍ നിശ്ചലമാകുന്ന കൊടുംഹത്യ. അല്‍തരാബീനെപ്പോലെ നൂറ് കണക്കിന് കുഞ്ഞുങ്ങളെയാണ് ഇസ്രയേല്‍ കൊന്നത്. തരാബീന്‍ ഈ പുസ്തകത്തിലുണ്ട്. അവനെ കൊല്ലുന്നത് എന്തിന് എന്ന ചോദ്യം സഞ്ചരിച്ച വഴികള്‍ ഈ പുസ്തകത്തിലുണ്ട്. ഗസ്സ ഒരു വലിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പാണ്; ഇസ്രയേല്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടത്തുന്ന ഒരു പദ്ധതി എന്ന ആമിറ ഹാസിന്റെ നിരീക്ഷണത്തെ ശരിവെക്കുന്ന ഡോക്യുമെന്റേഷനും ഈ പുസ്തകത്തില്‍ എമ്പാടുമുണ്ട്.

ബാല്‍ഫര്‍ പ്രഖ്യാപനമാണ് ഇസ്രയേലിനെ സൃഷ്ടിച്ചത്. സാമ്രാജ്യത്വം നടപ്പാക്കിയ കൊലച്ചതി. ബാല്‍ഫറിന്റെ നൂറാം വര്‍ഷമാണ് കഴിഞ്ഞത്. ആരാണ്, എന്താണ് ജൂത സമൂഹം എന്ന ദീര്‍ഘമായ അന്വേഷണത്തിനൊടുവില്‍ നിരവധി അടരുകളുള്ള ഗൂഢാലോചനയാണ് ബാല്‍ഫര്‍ പ്രഖ്യാപനം എന്ന് സമര്‍ത്ഥിക്കുന്നുണ്ട് കാസിം ഇരിക്കൂര്‍. ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രാഷ്ട്രീയ സമസ്യകളുടെ വേരുകള്‍ വലിച്ച് പുറത്തിടുന്നുമുണ്ട്. ഫലസ്തീന്റെ സമ്പൂര്‍ണ ചരിത്രമാണ് മുസ്തഫ പി. എറക്കല്‍ ആറ്റിക്കുറിക്കുന്നത്. ഫലസ്തീന്‍ ജനതയുടെ ഐതിഹാസികമായ ചെറുത്തുനില്‍പുകള്‍ക്ക് കരുത്ത് നല്‍കുന്ന ബുദ്ധിജീവിതങ്ങളെ, അവര്‍ നടത്തുന്ന സംവാദങ്ങളെ ഈ പുസ്തകത്തിന്റെ പല താളുകളിലായി നമ്മള്‍ കണ്ടെത്തും. ഇശാ അലിയും എ. കെ. അബ്ദുല്‍ മജീദും നടത്തിയ ദീര്‍ഘമായ അന്വേഷണങ്ങള്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യങ്ങളുടെ ലോകസാഹചര്യത്തെയാണ് വെളിച്ചപ്പെടുത്തുന്നത്. ബാല്‍ഫര്‍ പ്രഖ്യാപനം എന്ന ആഗോളവഞ്ചന ഫലസ്തീനികളില്‍ സൃഷ്ടിക്കുന്ന മാനസികാവസ്ഥയെ ഇഴകീറുകയാണ് ഡോ. റംസി ബറൂദ് എഴുതിയ ഹ്രസ്വപഠനം. അദര്‍ സൈഡ് ഓഫ് ഇസ്രയേല്‍ എന്ന ഇസ്രയേല്‍ അപഹരണങ്ങളുടെ ഡോക്യുമെന്റേഷനായി മാറിയ പുസ്തകം പുതിയ കാലത്തിന്റെ വെളിച്ചത്തില്‍ വായിക്കുന്ന അബ്ദുല്ല മണിമ ആത്മവഞ്ചനകളെ ആഘോഷിക്കുന്ന ഒരു രാഷ്ട്രത്തെ കുറ്റവിചാരണ ചെയ്യുന്നുണ്ട്.

ചരിത്രവും അനുഭവവും തമ്മിലെ വലിയ കൂടിക്കാഴ്ചകള്‍. സജീര്‍ ബുഖാരിക്കൊപ്പം സഞ്ചരിക്കുമ്പോള്‍ ഫലസ്തീന്‍ വിറയാര്‍ന്ന ഒരു വിതുമ്പലായി മനുഷ്യസ്‌നേഹികളെ പൊതിയും. ബാല്‍ഫര്‍ ശതാബ്ദിയില്‍ അല്‍ജസീറ നടത്തിയ ദീര്‍ഘമായ ചര്‍ച്ചയുടെ വിവര്‍ത്തനം ഈ പുസ്തകത്തിന്റെ സമ്പൂര്‍ണതയുടെ പതാകയാണ്. ഫലസ്തീന്‍ അവസ്ഥയുടെ പലവിധങ്ങളായ വര്‍ത്തമാനങ്ങളിലൂടെയാണ് ആ സംവാദം വികസിക്കുന്നത്. സയണിസ്റ്റുകള്‍ക്ക് പരാജയപ്പെടാതിരിക്കാനാവില്ല; എന്തുകൊണ്ട് എന്ന ബിനോജ് സുകുമാരന്റെ അന്വേഷണം യഥാര്‍ത്ഥത്തില്‍ ഈ സംവാദത്തിന്റെ തുടര്‍ച്ചയായി മനസിലാക്കാം.
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനം സൃഷ്ടിച്ച കുരുതികള്‍ക്കിടയിലേക്കാണ് ഈ പുസ്തകം വരുന്നത്. ട്രംപിന്റെ മനോനിലയെ വിശദീകരിക്കുന്നുണ്ട് ബിനോജ് സുകുമാരന്‍. ബൈത്തുല്‍ മുഖദ്ദസിനെക്കുറിച്ച് ഓര്‍മയില്‍ പൊടിയുന്ന കണ്ണീരോടെയാണ് കൈകള്‍ അറുത്തുമാറ്റപ്പെട്ടിട്ടും പ്രതിരോധത്തിന്റെ തുഴവള്ളമിറക്കുന്ന മനുഷ്യരെക്കുറിച്ചുള്ള ഈ പുസ്തകം അവസാനിക്കുന്നത്.
എന്തിന് ഫലസ്തീനിനെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും വിചാരപ്പെടണം? എന്തുകൊണ്ട് ഫലസ്തീന്‍ കാലുഷ്യങ്ങളുടെ കയത്തില്‍ അമര്‍ന്നുതീരുന്നു? ആ ചോദ്യങ്ങള്‍ക്ക് ഈ പുസ്തകത്തില്‍ ഉത്തരമുണ്ട്. അബൂസുറയ്യയുടെ കണ്ണുകളില്‍ നാം കാണുന്ന ധീരമായ ഒരു പ്രതീക്ഷയുണ്ടല്ലോ? ഈ ലോകം എന്നെങ്കിലും ഫലസ്തീനികളോട് നീതി ചെയ്യും എന്ന പ്രതീക്ഷ, ഫലസ്തീനിലെ ഇളം പൈതലുകളെ ഇസ്രയേല്‍-സാമ്രാജ്യത്വ ബോംബറുകള്‍ക്ക് തിന്നുതീര്‍ക്കാന്‍ വിട്ടുകൊടുക്കില്ല എന്ന പ്രതീക്ഷ. ആ പ്രതീക്ഷകളുടെ സമാഹാരമായാണ് ഈ പുസ്തകം നിങ്ങളിലേക്ക് എത്തുന്നത്. കേവലം വായനക്കായല്ല, പ്രതിരോധത്തിന് പുതിയ കവചങ്ങള്‍ നിര്‍മിക്കാന്‍ കൂടിയാണ് ഈ ഉദ്യമം.

കെ കെ ജോഷി

You must be logged in to post a comment Login