പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

പ്രസക്തമല്ലാത്ത വാര്‍ത്തകള്‍

മാധ്യമങ്ങള്‍ ഒരു വാര്‍ത്തയുടെ ആയുസ്സ് കണക്കാക്കുന്ന സമ്പ്രദായത്തെ Timeliness (ഒരു വാര്‍ത്തക്ക് അനുയോജ്യമായ സമയം,അതിനുള്ള സമകാലിക പ്രസക്തി) എന്ന് വിളിക്കുന്നു. ന്യൂസ്റൂമുകള്‍ ഒരു വാര്‍ത്തയുടെ കാലാവധി സ്വയം തീരുമാനിച്ച്, ആ വാര്‍ത്ത പുറംലോകത്തോട് പറയുന്നതില്‍ നിന്നും എളുപ്പം തടഞ്ഞുനിര്‍ത്തുന്നു. അത്തരത്തില്‍ Timeliness ചുക്കാന്‍ പിടിച്ച് മാധ്യമങ്ങള്‍ ഒഴിവാക്കുന്ന വാര്‍ത്തകളുടെ കണക്കുകള്‍ നിരവധിയാണ്. 1993-നുള്ളില്‍ നിയമപരമായി നിരോധിക്കപ്പെട്ട തൊഴിലാണ് ങമിൗമഹ ടരമ്‌ലിഴശിഴ (മനുഷ്യാവശിഷ്ടം കോരി വൃത്തിയാക്കല്‍). ദളിതനുമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച അനീതിയുടെ ഭാരം. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യ നിലനിര്‍ത്തിപ്പോരുന്ന പ്രാകൃതരീതി. അരികുവത്കരിക്കപ്പെട്ടവര്‍ക്കു വേണ്ടിയുള്ള നിരന്തരമായ ജാതി വിമോചന പോരാട്ടത്തില്‍ പൂര്‍ണവിജയം നേടാത്ത, ജീര്‍ണിച്ച പാരമ്പര്യമാണ് സഹജീവിയായ മറ്റൊരുവനെ സമൂഹത്തിന്റെ മുഴുവന്‍ മാലിന്യം ചുമക്കാന്‍ നിര്‍ബന്ധിക്കുന്നത്. ജോലിക്കിടെ സംഭവിക്കുന്ന അപകടമരണം എന്ന രീതിയിലാണ് മാധ്യമങ്ങള്‍ തുടക്കം മുതല്‍ മാന്‍ ഹോള്‍ (Man Hole) വിഷവാതകം ശ്വസിച്ച് ജീവന്‍ നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് നല്‍കിയ നിര്‍വചനം. എന്നാല്‍ സമൂഹവും ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന ഈ ‘കൊലപാതകങ്ങള്‍’ എങ്ങനെയാണ് കേവലം അപകട മരണങ്ങളാവുക? ഈ വിഷയത്തിലെ മാധ്യമ ഇടപെടലുകളെ പരിശോധിക്കുമ്പോഴാണ് Timeliness ന്റെ പ്രസക്തി മനസിലാവുന്നത്. മാന്‍ ഹോളില്‍ ആളുകള്‍ വീണ് മരിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യത്തെ വലിയ പ്രയാസമൊന്നും കൂടാതെ പരോക്ഷമായി അംഗീകരിക്കുന്ന സമൂഹമാണ് നമ്മുടേത്. ഈയൊരു പശ്ചാത്തലത്തില്‍ മാധ്യമങ്ങള്‍ ഈ വിഷയത്തെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നത് വളരെ നിര്‍ണായകമാണ്. ഡല്‍ഹിയിലെ ദ്വാരകയില്‍ അഴുക്ക് ചാലിലെ മാലിന്യം നീക്കം ചെയ്യുന്നതിനിടയില്‍ അനില്‍ എന്ന 30 വയസുകാരന്‍ മരണപ്പെടുകയുണ്ടായി. സെപ്തംബര്‍ 14 ന് നടന്ന മരണവാര്‍ത്ത മാധ്യമങ്ങളില്‍ എത്തിയത് സെപ്തംബര്‍ 17 നാണ്. NDTV പോലുള്ള ദേശീയ മാധ്യമങ്ങള്‍ സെപ്തംബര്‍ 17 ന് വളരെ ചുരുക്കം വിശദാംശങ്ങളുമായി വാര്‍ത്ത അവസാനിപ്പിച്ചു. അനില്‍ എന്ന വ്യക്തിയെ ഇന്ത്യയില്‍ മാന്‍ ഹോളില്‍ ജീവന്‍ നഷ്ടപ്പെട്ട ഒരുപാട് പേരുകള്‍ക്കൊപ്പം ചേര്‍ത്തുവെന്നല്ലാതെ അതിനപ്പുറത്തേക്ക് ഒരന്വേഷണം നടത്താനോ, പ്രശ്നത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങളെ ചോദ്യം ചെയ്യാനോ മുഖ്യധാരാമാധ്യമങ്ങള്‍ തയാറായില്ല. അതിലുപരി സംഭവം കൂടുതല്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു പ്രമുഖ വാര്‍ത്താചാനല്‍ തങ്ങളുടെ കാണികള്‍ക്ക് വേണ്ടി പ്രദേശത്തെ മറ്റൊരു തൊഴിലാളിയെ കൊണ്ട് മാന്‍ ഹോള്‍ വൃത്തിയാക്കിപ്പിക്കുകയും അതിന്റെ ചിത്രീകരണം നടത്തുകയും ചെയ്തു. ഈ സംഭവം തീര്‍ത്തും മനുഷ്യത്വരഹിതമാണ്. അനിലിന്റെ മരണം മാധ്യമങ്ങളില്‍ സ്ഥാനം നേടാന്‍ കാരണമുണ്ടായിരുന്നു. അനിലിന്റെ മരണ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഹിന്ദുസ്ഥാന്‍ ടൈംസിലെ റിപ്പോര്‍ട്ടര്‍ ശിവ് സണ്ണി, ആശുപത്രിയില്‍ വെച്ച് അനിലിന്റെ മൃതദേഹം കണ്ട് കണ്ണുപൊത്തുന്ന 11 വയസുകാരന്‍ മകന്‍ ഗൗതമിന്റെ ചിത്രം തന്റെ ഫോണില്‍ പകര്‍ത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ അത് ആളുകളിലേക്ക് എത്തി. തുടര്‍ന്നുണ്ടായ സഹായ വാഗ്ദാനങ്ങളും സാമ്പത്തിക സഹായവും അനിലിന്റെ മരണം മറ്റ് മാന്‍ ഹോള്‍ മരണങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കി. അനിലിന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ എന്‍ ജി ഒകളും സര്‍ക്കാരിന്റെ സാമൂഹികക്ഷേമ പദ്ധതികളും എത്തിച്ചേര്‍ന്നു. ട്വിറ്ററിലൂടെ അനിലിന്റെ കുടുംബത്തിന് ലഭിച്ച സഹായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ തയാറായി. എന്നാല്‍ മാന്വല്‍ സ്‌കാവഞ്ചിങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവിതങ്ങളെ ഗാഢമായി പഠിച്ച് തയാറാക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ഇന്നും കുറവാണ്. ശിവ് സണ്ണിയുടെ ചിത്രം, അനിലിന്റെ കുടുംബത്തെ കുറിച്ച് ആകുലരാകാന്‍ സമൂഹത്തെ പ്രേരിപ്പിച്ചു. പക്ഷേ ഇത്തരം മരണങ്ങള്‍ നടക്കാതിരിക്കാന്‍ ഭരണകൂടത്തിനുമേല്‍ സമ്മര്‍ദമുണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുന്നുണ്ടോ? ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അന്വേഷണങ്ങളുടെ കണക്ക് അനുസരിച്ച് ഓരോ അഞ്ച് ദിവസങ്ങളിലും രാജ്യത്ത് ഒരു മാന്വല്‍ സ്‌കാവഞ്ചര്‍ മരണപ്പെടുന്നു. വളരെ ഭീതിജനകമായ വസ്തുതകളാണ് ഇവയൊക്കെയും. മാന്‍ ഹോളിലെ മരണങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ളതായിരിക്കണം ഓരോ റിപ്പോര്‍ട്ടുകളും. അത് പ്രകാരം ഭരണകൂടത്തെ പ്രശ്‌നത്തിന്റെ വ്യാപ്തി ഓര്‍മിപ്പിക്കുകയും വേണം.

മുസ്‌ലിം പുരോഗതി
Sam Asher (World Bank), Paul Novosad (Dart Mouth College), Charlie Rafkin (Massachusetts Institute of Technology MIT) തുടങ്ങിയ അക്കാദമീഷ്യന്‍സ് വികസ്വര രാജ്യങ്ങളുടെ സാമൂഹിക സാമ്പത്തിക പരിസ്ഥിതിയെ കുറിച്ച് പഠനം നടത്തി. പഠനത്തില്‍ ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയും പുരോഗതിയും അളന്നപ്പോള്‍ പഠനത്തിന്റെ അനുമാനം പറയുന്നത് ഇന്ത്യയിലെ മുസ്ലിംകളുടെ സാമ്പത്തികമായും, വിദ്യാഭ്യാസപരമായും ഉള്ള പുരോഗതിക്ക് വലിയ രീതിയിലുള്ള ഇടിവ് സംഭവിച്ചു എന്നാണ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള ഇന്ത്യന്‍ മുസ്ലിംകളുടെ പരിതസ്ഥിതിയെ വളരെ വിശദമായി പഠന വിധേയമാക്കാന്‍ രാജ്യത്തെ മാനവിക വിഷയങ്ങളിലെ മികച്ച സ്ഥാപനങ്ങളൊന്നും മുതിര്‍ന്നിട്ടില്ല. പഠനത്തില്‍ പറഞ്ഞ പ്രകാരം 1970 കള്‍ക്ക് ശേഷമുള്ള മുസ്ലിങ്ങളുടെ ഉന്നമനത്തെ ‘least upwardly mobile group in India’ (ഏറ്റവും കുറഞ്ഞ ഉച്ചശ്രേണിയിലുള്ള പുരോഗതി) എന്നാണ് നിരീക്ഷിക്കുന്നത്. പഠനം വലിയൊരു മുന്നറിയിപ്പ് കൂടിയാണ്, രാജ്യത്ത് ദളിത് പുരോഗതി താരതമ്യേന വളര്‍ച്ചയുടെ നിരക്ക് കാണിച്ചുവെന്നും പഠനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിത സാഹചര്യവും, വിദ്യാഭ്യാസ ചുറ്റുപാടും മാധ്യമങ്ങളില്‍ എത്രത്തോളം പ്രതിപാദിക്കപ്പെടാറുണ്ട്? ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍ മാത്രമാണോ ഇന്ത്യന്‍ മുസ്ലിംകളുടെ വിഷയത്തില്‍ മാധ്യമങ്ങള്‍ക്കുണ്ടാകേണ്ട നിലപാട്? പഠനത്തിലെ മറ്റൊരു താരതമ്യം അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടേതിന് സാമ്യമുള്ളതാണ് ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക അന്തരീക്ഷം എന്നാണ്. അലിഗര്‍ സര്‍വകലാശാലയുടെയും, ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയുടെയും ന്യൂനപക്ഷ പദവി എടുത്ത് മാറ്റണമെന്ന് മുറവിളി കൂട്ടുന്നവര്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാനുള്ള വസ്തുതാപരമായ പഠനമാണിത്. ഇനി ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ മാധ്യമ ഇടപെടലുകള്‍ വിശകലനം ചെയ്താല്‍ അതിലും ഒട്ടേറെ അപാകതകളുണ്ടെന്ന് കാണാന്‍ സാധിക്കും. മണിപ്പൂരില്‍ മോഷണാരോപണം നടത്തി ഫാറൂഖ് ഖാന്‍ എന്ന മുസ്ലിം യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവം തന്നെയെടുക്കാം. ഫാറൂഖ് ഖാന്റെ കുടുംബത്തെ സന്ദര്‍ശിക്കാനും വാര്‍ത്തയുടെ ഉള്‍വശങ്ങള്‍ തേടാനും ചുരുക്കം മാധ്യമങ്ങള്‍ മാത്രമാണ് സമയം കണ്ടെത്തിയത്. അതില്‍ ഹിന്ദി മാധ്യമങ്ങളിലൂടെ വാര്‍ത്തയുടെ വിശദാംശങ്ങള്‍ ജനങ്ങളിലെത്തുക എന്ന ആവശ്യകതയുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രചാരവും സ്വാധീനവുമുള്ള ഭാഷാമാധ്യമം ഹിന്ദിയാണ്. എന്നാല്‍ BBCയുടെ ഹിന്ദി ഓണ്‍ലൈന്‍ വിഭാഗമാണ് മണിപ്പൂരിലെ ഗ്രാമത്തില്‍ എത്തി ഫാറൂഖ് ഖാന്റെ മരണവും അതിന്റെ പിന്നിലെ മനഃശാസ്ത്രവും അന്വേഷിച്ചറിഞ്ഞത്. മാധ്യമങ്ങള്‍ അഖ്‌ലാഖിനും, ജുനൈദിനും, പെഹ്ലുഖാനും ശേഷമുള്ള പേരുകളൊക്കെ എളുപ്പം മറന്നുപോകുന്നു. നമ്മളില്‍ എത്ര പേര്‍ക്ക് തുടര്‍ന്ന് നടന്ന നരഹത്യയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയാം?

കശ്മീരിലെ മാധ്യമപ്രവര്‍ത്തനം
ഇന്ത്യയിലെ മാധ്യമസ്വാതന്ത്യത്തിന് ഏറ്റവും വെല്ലുവിളി ഉയരുന്നത് കശ്മീരിലാണ്. കശ്മീരിലെ മാധ്യമപ്രവര്‍ത്തനം ഒട്ടും എളുപ്പമല്ല. ജൂണ്‍ 14 ന് കൊല ചെയ്യപ്പെട്ട Rising Kashmir പത്രത്തിന്റെ മുഖ്യപത്രാധിപന്‍ ശുജാഅത് ബുഖാരി ഒരു ഉദാഹരണമാണ്. താഴ്‌വരയിലെ പ്രശ്‌നങ്ങളെ കുറിച്ച് നിരന്തരം റിപ്പോര്‍ട്ട് ചെയ്ത Kashmir Narrator എന്ന മാസികയിലെ മാധ്യമപ്രവര്‍ത്തകന്‍ ആസിഫ് സുല്‍ത്താനെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ പിന്നിട്ടു. ഡല്‍ഹിയിലെ മാധ്യമലോകത്തെ വലിയ രീതിയിലൊന്നും സംഭവം ബാധിച്ചില്ല. ആസിഫ് തന്റെ മാസികയില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് തയാറാക്കിയ ലേഖനത്തെ കുറിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിന് ശേഷം അന്വേഷണ പുരോഗതി ആസിഫിന്റെ വീട്ടുകാരെ അറിയിക്കാന്‍ പോലീസ് സന്നദ്ധമാകുന്നില്ല. ദേശീയ മാധ്യമങ്ങളുടെ മൗനം ഭരണകൂടത്തിന് സ്വതന്ത്ര മാധ്യമങ്ങളെ ഇല്ലാതാക്കാനുള്ള അവസരമാണ് നല്‍കുന്നത്. ആസിഫിന്റെ സുഹൃത്തുക്കള്‍ ആണയിടുന്നത് പോലെ, മാധ്യമപ്രവര്‍ത്തനം ഒരു കുറ്റകൃത്യമല്ല. മറിച്ച് അത് ജനാധിപത്യ സവിശേഷതകളുള്ള ജോലിഭാരമാണ്. പോലീസ് ആസിഫിനോട് തന്റെ വാര്‍ത്തകളുടെ ഉറവിടം വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നു. മാധ്യമപ്രവര്‍ത്തനത്തില്‍ വാര്‍ത്തയുടെ ഉറവിടത്തെ (Source) വെളിപ്പെടുത്തുക എന്നത് ധാര്‍മികപരമായി ചെയ്യാന്‍ പാടുള്ളതല്ല. ഒരു മാധ്യമപ്രവര്‍ത്തകനെ ീൌൃരല വെളിപ്പെടുത്താത്തതിന്റെ പേരില്‍ നിയമവിരുദ്ധമായി തടവില്‍വെക്കുന്നത് അംഗീകരിക്കാനാകില്ല.

ഇമ്രാനാണോ കാരണം?
രണ്ട് രാജ്യങ്ങളുടെ തലവന്മാര്‍ നടത്തുന്ന കൂടിക്കാഴ്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രാധാന്യം ഉള്ളതാണ്. ഒരു രാജ്യത്തെ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചക്ക് ക്ഷണിക്കുമ്പോള്‍ നിസ്സാരമായി അത് തള്ളിക്കളയുന്ന പാരമ്പര്യം ഇന്ത്യക്കില്ല. എന്നാല്‍ പാകിസ്ഥാന്റെ നിലവിലെ പ്രധാനമന്ത്രിയെ കാണാന്‍ നരേന്ദ്രമോഡി തയാറാവുന്നില്ല. എന്താണ് കാരണമെന്ന് അവ്യക്തം. തീവ്രവാദ ഭീഷണി ഉള്‍പ്പടെ ഇരുരാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളികളുടെ പരിഹാര ലക്ഷ്യത്തോട് കൂടി ഇമ്രാന്‍ ഖാന്‍ അയച്ച സന്ദേശത്തിന് ഇന്ത്യ നേരാംവണ്ണം മറുപടി നല്‍കിയിട്ടില്ല. ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പങ്കുള്ള പാകിസ്ഥാനുമായി ഇന്ത്യയുടെ പ്രധാനമന്ത്രി എന്തുകൊണ്ട് സംവദിക്കാന്‍ തയാറാവുന്നില്ല എന്ന ചോദ്യം മാധ്യമങ്ങള്‍ ഉന്നയിക്കേണ്ടിയിരിക്കുന്നു.

ഇസ്‌ലാമോഫോബിക്
സ്വിറ്റ്സര്‍ലാന്റിലെ St. Gallen പ്രദേശത്ത് ശിരോവസ്ത്ര നിരോധനത്തിനുള്ള തിരഞ്ഞെടുപ്പ് നടത്തുകയാണ്. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കുന്നതിലെ വിയോജിപ്പ് അറിയാന്‍ കൂടിയാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് രീതി കൈകൊണ്ടത്. ശരീരം മുഴുവന്‍ മറക്കുന്നവര്‍ പൊതുവിടങ്ങളില്‍ മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സ്വിറ്റ്സര്‍ലാന്റ് ഭരണകൂടത്തിന്റെ കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് നടത്താനും നിരോധനം നിലവില്‍ വരുത്താനും വലിയ പ്രയാസമില്ല. ന്യൂനപക്ഷമായ മുസ്ലിം ജനസംഖ്യക്ക് തിരഞ്ഞെടുപ്പില്‍ അനുയോജ്യമായ വിധി പ്രഖ്യാപനം അസാധ്യമാണ്. എണ്ണത്തില്‍ കുറഞ്ഞവര്‍ എങ്ങനെ തങ്ങളുടെ മതാചാരങ്ങള്‍ക്ക് വേണ്ടി വോട്ടുചെയ്ത് അവകാശങ്ങള്‍ നേടും. സ്വിറ്റ്സര്‍ലാന്റ് മുമ്പും ഇത്തരത്തില്‍ മുസ്ലിം പള്ളികളുടെ നിര്‍മാണ നിരോധനത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ടായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ബുര്‍ഖ നിരോധനത്തില്‍ അപാകതകളുള്ളതായി വാര്‍ത്തകള്‍ കുറവാണ്. ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യമാവും മതമനുഷ്ഠിച്ച് ജീവിക്കാന്‍ തിരഞ്ഞെടുപ്പ് വിധിയെ ആശ്രയിക്കേണ്ടി വരുന്നത്. സ്വിറ്റ്സര്‍ലാന്റിന്റെ വംശീയവും ഇസ്ലാമോഫോബിക്കുമായ നയങ്ങളെ തുറന്നെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മുഖ്യധാരാ സങ്കല്‍പ്പങ്ങളിലെ സുന്ദരമായ മലനിരകളും തടാകങ്ങളുമുള്ള സ്വിറ്റ്സര്‍ലാന്റിന് ഇത്തരത്തിലുള്ള കടുംപിടുത്തങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ ലോകത്തെ അറിയിക്കേണ്ടിയിരിക്കുന്നു.

നബീല പാനിയത്ത്‌

You must be logged in to post a comment Login