ചോദ്യപ്പെരുപ്പം

ചോദ്യപ്പെരുപ്പം

സ്വാതന്ത്ര്യത്തിന്റെ സുഖക്കാറ്റ് വീശുമ്പോള്‍ മനുഷ്യന് പലപ്പോഴും അടിതെറ്റും. ഇസ്രയേല്‍ ജനത്തിന്റെ ചരിത്രത്തിലും ആ വീഴ്ച കാണാം. നേര്‍ക്കുനേര്‍ ചിന്തിച്ചാല്‍ അവരങ്ങനെ ധാര്‍മികമായി വീണുപോവേണ്ട ഒരു സമൂഹമല്ല. ദൈവിക ദൃഷ്ടാന്തങ്ങള്‍ നേരില്‍ കണ്ടവരാണവര്‍. നമ്മെപ്പോലെയല്ല, നമ്മളിലൊക്കെ വിശ്വസ്തരെ കേട്ടംഗീകരിക്കുകയാണ്. അവര്‍ക്കിതൊരു നേരനുഭവമായിരുന്നു. എന്നിട്ടും സുഖം തഴുകിയപ്പോള്‍ അവര്‍ പതറി. ദുഃഖത്തില്‍ മനുഷ്യന്‍ പതറിപ്പോവാറുണ്ട്. അതുപോലെ സുഖത്തിലും മനുഷ്യന്‍ പതറിപ്പോവും. അതെങ്ങനെ? അവന്‍ ചിട്ടകള്‍ കൈവിടും. അനുഗ്രഹങ്ങള്‍ മറക്കും. ധൂര്‍ത്ത് ചെയ്യും. ദരിദ്രരെ കൈവെടിയും. പലതരം ആര്‍ത്തികളുടെ പിടിയില്‍പെടും.

ചെങ്കടലിലെ പന്ത്രണ്ട് വരിപ്പാതകള്‍ കണ്ടവരാണവര്‍. എന്നിട്ടുമവര്‍ സ്വര്‍ണപശുക്കുട്ടിയെ ഉണ്ടാക്കി. അതില്‍ ദിവ്യത്വം ആരോപിച്ചു. മറ്റൊരു പശുകാര്യം കൂടി ആ ജനത്തിന്റെ ചരിത്രത്തിലുണ്ട്. അത് ഒരു കേസന്വേഷണത്തില്‍ തീര്‍പുകല്‍പിക്കാനായി ഒരു പശുവിനെ അറുത്ത് ചോരയൊഴുക്കാന്‍ ജഗന്നിയന്താവിന്റെ ആജ്ഞയുണ്ടായി. അന്നേരം അവര്‍ പശുവിനെ അറുത്ത് ആജ്ഞ നിറവേറ്റുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിച്ച് ദൈവദൂതനെ മുട്ടിക്കാന്‍ നോക്കി. എന്താ നിറം വേണ്ടത്. എത്രയാ തൂക്കം വേണ്ടത്. വാലിന്റെ നിറം, കൊമ്പുവേണോ, നാടനോ കാടനോ, ഉഴുതുന്നതോ അല്ലാത്തതോ, ഒടുവില്‍ ലക്ഷണങ്ങള്‍ പെരുത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു പശുവിനെ തന്നെ അവര്‍ കൊണ്ടുവരേണ്ടിവന്നു. ഇക്കഥ പറഞ്ഞിട്ട് അന്ത്യദൂതന്‍ മുഹമ്മദ്(സ) ശിഷ്യരോട് പറഞ്ഞു: ഇങ്ങനെ ചോദ്യം പെരുപ്പിക്കരുത്. ഇത് നാശം വാങ്ങിത്തരുന്ന സ്വഭാവമാണ്. കല്‍പനകള്‍ ആവുംപോലെ പാലിക്കുക. നിരോധനങ്ങള്‍ ആവുംപോലെ ഉപേക്ഷിക്കുക.

നബിയുടെ ശിഷ്യന്മാര്‍ക്ക് കാര്യം ബോധ്യമായി. അവര്‍ മറുചോദ്യമില്ലാതെ അന്ത്യദൂതനെ അനുസരിച്ചു. അതുകൊണ്ടാണ് മദ്യം നിരോധിച്ചപ്പോള്‍ അറേബ്യയിലെ തെരുവുകള്‍ മദ്യപ്പുഴയായി ഒഴുകിയത്. എല്ലാ കള്ളുഷാപ്പുകളും കള്ള് പുറത്തേക്കൊഴുക്കിക്കളഞ്ഞു. ഇന്നത്തെ നിലയില്‍ കോടികളുടെ ബിസിനസ് ദൈവമാര്‍ഗത്തില്‍ അവര്‍ ത്യജിച്ചു.
ഹീബ്രു ഭാഷയില്‍ തൗറാത്ത് എന്ന മഹാവേദം കിട്ടിയ ജനമാണ് ഇസ്രയേല്‍കാര്‍. തൗറാത്ത് കല്ലിലെഴുതിക്കിട്ടിയതാണ്. ഖുര്‍ആന്‍ മാലാഖ വന്ന് ഓതിയതും. ഇന്ന് ആ തൗറാത്ത് ഇല്ല. ഖുര്‍ആന്‍ വന്നതോടെ അത് ദുര്‍ബലമായി. എന്നാല്‍ ആ തൗറാതിനെ നമ്മള്‍ വിശ്വാസത്തിന്റെ ഭാഗമായി അംഗീകരിക്കണം. വന്ദിക്കണം. ‘നിശ്ചയം നാം തന്നെയാണ് തൗറാത്ത് അവതരിപ്പിച്ചത്. അത് മാര്‍ഗദീപവും പ്രകാശവുമാണ്’ (മാഇദ അധ്യായം 44ാം വചനഭാഗം).
ഫുര്‍ഖാന്‍ എന്നു കാണാം ആയത്തില്‍. അത് തൗറാത്തിനെ കുറിച്ചാണ്. സത്യാസത്യവിവേചനത്തിനുതകുന്നത് എന്നാണുദ്ദേശ്യം. മൂസാനബിക്ക്(അ) പ്രത്യേകമായി നല്‍കിയ അമാനുഷിക സിദ്ധികളാണ് ‘ഫുര്‍ഖാന്‍’ എന്നും വ്യാഖ്യാനങ്ങളുണ്ട്. നിലത്തിട്ടാല്‍ പാമ്പാകുന്ന വടി, ചെങ്കടലിനെ പന്ത്രണ്ടായി പിളര്‍ത്തിയ വടി, പ്രകാശിക്കുന്ന കൈവിരല്‍ ഇതൊക്കെയാണ് ഫുര്‍ഖാന്‍ എന്നും പറയുന്നുണ്ട് ഖുര്‍ആന്‍ പണ്ഡിതന്മാര്‍. ബദ്‌റിലെ അനിവാര്യപോരാട്ടത്തെപ്പറ്റി ഫുര്‍ഖാന്‍ എന്ന് പറഞ്ഞിട്ടുണ്ട്. ഫറോവക്കെതിരില്‍ വിജയം വരിച്ച ദിവസത്തെപ്പറ്റിയും അങ്ങനെ പ്രയോഗിക്കുന്നുണ്ട്.

അടിച്ചമര്‍ത്തലും അംഗീകാരവും ഒരുപോലെക്കിട്ടിയ സമൂഹമാണ് ഇസ്രയേല്‍ ജനം. കൊടും പീഡനങ്ങള്‍ക്ക് ശേഷം പരലോകസുഖം പോലെയുള്ള ഒരു ജീവിതം ഇഹലോകത്ത് കിട്ടിയ അവര്‍ സര്‍വേശ്വരനാല്‍ ഏറെ പരിപാലിക്കപ്പെട്ടു. പക്ഷേ ആ സമൂഹം എല്ലാത്തിനെയും തച്ചുടക്കും വിധം നന്ദികേട് കാട്ടി. അവര്‍ ചരിത്രത്തെ കളങ്കപ്പെടുത്തി.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login