വിദ്വേഷത്തിന്റെ വ്യാപാരികള്‍

വിദ്വേഷത്തിന്റെ വ്യാപാരികള്‍

തൊട്ടയല്‍പ്പക്കത്തുള്ള രാജ്യം ആ കാരണംകൊണ്ടുതന്നെ നമ്മുടെ ശത്രുവായിരിക്കുമെന്നൊരു ചാണക്യ സൂത്രമുണ്ട്. അതിന്നുമപ്പുറത്തെ രാജ്യം ശത്രുവിന്റെ ശത്രുവായതുകൊണ്ട് മിത്രമാകും. അതായത് പാകിസ്താനും ചൈനയും ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ടുതന്നെ ഇന്ത്യയുടെ ശത്രുപക്ഷത്തായിരിക്കും. പാകിസ്താനുമപ്പുറത്തായതുകൊണ്ട് അഫ്ഗാനിസ്താന്‍ മിത്രമാകും.
ലോകപോലീസായ അമേരിക്കയുടെ കാര്യം വരുമ്പോള്‍ ചാണക്യന്റെ സിദ്ധാന്തത്തില്‍ ചെറിയ ഭേദഗതി ആവശ്യമായി വരും. കണ്ണെത്താ ദൂരത്തുകിടക്കുന്ന ചെറു രാജ്യത്തെപ്പോലും പ്രത്യേകിച്ചൊരു കാരണവുംകൂടാതെ അമേരിക്ക ശത്രുവായി മുദ്രകുത്തും. ഈ ശത്രുവിനെ നേരിടാന്‍ ഇടത്താവളം ആവശ്യമുള്ളതുകൊണ്ട് അതിന്റെ അയല്‍ രാജ്യത്തെ മിത്രമാക്കും. ശത്രുവിനെ അമേരിക്ക ഞെക്കിക്കൊല്ലും. മിത്രവും രക്ഷപ്പെടുകയൊന്നുമില്ല.
അങ്ങകലെക്കിടക്കുന്ന സോവിയറ്റ് യൂണിയനായിരുന്നു രണ്ടാം ലോകയുദ്ധാനന്തരം യുനൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ പ്രഖ്യാപിത ശത്രു. ജോസഫ് മക്കാര്‍ത്തി എന്ന സെനറ്ററാണ് അന്ന് അമേരിക്കന്‍ പൊതുബോധത്തില്‍ കമ്മ്യൂണിസ്റ്റ്ഭീതി സൃഷ്ടിക്കുന്നതിനുള്ള പ്രചാരണ പരിപാടികള്‍ക്ക് സൈദ്ധാന്തിക നേതൃത്വം വഹിച്ചത്. മുഖ്യധാരാ മാധ്യമങ്ങള്‍ അതേറ്റുപിടിച്ചു. ജെയിംസ് ബോണ്ട് സിനിമകളിലെയും ജനപ്രിയ നോവലുകളിലെയും പ്രതിനായകര്‍ എത്രയോകാലം സോവിയറ്റ് ചാരന്മാരായിരുന്നു. ഭൂപടത്തില്‍ എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ബഹുഭൂരിപക്ഷം അമേരിക്കക്കാര്‍ക്കുമറിവില്ലാത്ത വിയറ്റ്‌നാം എന്ന കുഞ്ഞുരാജ്യത്തിനുമേല്‍ കമ്യൂണിസ്റ്റ് വിദ്വേഷത്തിന്റെ പേരില്‍ അമേരിക്ക തീമഴ വര്‍ഷിച്ചിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ പതനത്തോടെ അമേരിക്കയില്‍ മക്കാര്‍ത്തിയിസത്തിനു പ്രസക്തിയില്ലാതായി. ഇസ്രയേലിന്റെ പാലസ്തീന്‍ അധിനിവേശത്തിനെതിരെ പ്രതികരിച്ചുകൊണ്ടിരുന്ന ഇസ്‌ലാമായി പിന്നീട് അവിടത്തെ തീവ്ര വലതുപക്ഷത്തിന്റെ മുഖ്യശത്രു. ഇറാഖിലും അഫ്ഗാനിസ്താനിലും മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും നടത്തുന്ന സൈനിക നടപടികള്‍ക്ക് സ്വന്തം ജനങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ ഇസ്‌ലാം വിദ്വേഷം അവരില്‍ ഊട്ടിയുറപ്പിക്കേണ്ടിയിരുന്നു. ഭാവിയില്‍ പാശ്ചാത്യനാഗരികതയെ ഇസ്‌ലാം കടന്നാക്രമിക്കുമെന്ന് വലതുപക്ഷ ചിന്തകരും മാധ്യമങ്ങളും പ്രചരിപ്പിച്ചു. ഇസ്‌ലാമോഫോബിയ അഥവാ ഇസ്‌ലാം ദ്വേഷം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അതിശക്തമായി വേരുപിടിപ്പിക്കുന്നത് അങ്ങനെയാണ്.

ഇസ്‌ലാംദ്വേഷമെന്ന വ്യവസായം
അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍ ഭീകരാക്രമണത്തില്‍ നിലംപൊത്തിയതിനെത്തുടര്‍ന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഇസ്‌ലാംഭീതി എന്നു കരുതുന്നവരുണ്ട്. അതു ശരിയല്ലെന്നാണ് ‘ദ ഇസ്‌ലാമോഫോബിയ ഇന്‍ഡസ്ട്രി (The Islamophobia Industry: How the Right Manufactures Fear of Muslism) എന്ന പുസ്തകത്തില്‍ നേതന്‍ ചാപ്മാന്‍ ലീന്‍ ( Nathan Chapman Lean) സ്ഥാപിക്കുന്നത്. വലതുപക്ഷ മാധ്യമങ്ങളും കപട ബൗദ്ധിക സ്ഥാപനങ്ങളും യാഥാസ്ഥിതിക ക്രിസ്ത്യന്‍ നേതാക്കളും തീവ്രവലതുപക്ഷ സയണിസ്റ്റുകളും പങ്കാളികളായ കോടിക്കണക്കിനു ഡോളര്‍ കൈമറിയുന്ന വന്‍ വ്യവസായമാണതെന്ന് കാര്യകാരണങ്ങള്‍ നിരത്തി അദ്ദേഹം വ്യക്തമാക്കുന്നു.
മുസ്‌ലിം പേരുള്ളതിന്റെ മാത്രം പേരില്‍, മുസ്‌ലിം വേഷത്തിന്റെ പേരില്‍, വിശ്വാസത്തിന്റെ പേരില്‍ എത്രയോ യു.എസ്. പൗരന്‍മാരും കുടിയേറ്റക്കാരും അമേരിക്കയില്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. വിമാനത്താവളങ്ങളിലും ഇമിഗ്രേഷന്‍ ഓഫീസുകളിലും നിര്‍ദ്ദയം ചോദ്യം ചെയ്യപ്പെടലിനു വിധേയരാക്കപ്പെട്ടിരിക്കുന്നു. എത്രയോ ആളുകള്‍ക്ക് യാത്ര നിഷേധിക്കപ്പെട്ടിരിക്കുന്നു.

അമേരിക്കയിലെ ഇസ്‌ലാംദ്വേഷം ജോര്‍ജ് ബുഷിന്റെ ഭീകരവിരുദ്ധ യുദ്ധത്തില്‍ത്തുടങ്ങി ഡൊണാള്‍ഡ് ട്രംപിന്റെ യാത്രാ വിലക്ക് നയത്തില്‍ എത്തിനില്‍ക്കുന്ന ഒന്നല്ല. സോവിയറ്റ് യൂണിയനെ മുഖ്യശത്രുവായി കരുതിയിരുന്ന അമേരിക്ക എണ്ണസമൃദ്ധമായ പശ്ചിമേഷ്യയില്‍ നോട്ടമിടുകയും സൈനിക നടപടികളിലൂടെയും ആഭ്യന്തര സംഘര്‍ഷങ്ങളിലൂടെയും അവിടങ്ങളില്‍ പിടിമുറുക്കിത്തുടങ്ങുകയും ചെയ്ത 1970കളില്‍ത്തന്നെ അതിന്റെ വിത്തു പാകപ്പെട്ടിരുന്നെന്ന് നതാന്‍ ലീന്‍ കണ്ടെത്തുന്നു. മുസ്‌ലിംകള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ ശത്രുക്കളാണെന്ന് സ്ഥാപിക്കാന്‍ അമേരിക്കയിലും യൂറോപ്പിലും നടക്കുന്ന ആസൂത്രിത പദ്ധതിയുടെ അസ്വാസ്ഥ്യജനകമായ വിശദാംശങ്ങളാണ് ഈ പൂസ്തകത്തിലുള്ളത്.
ജനങ്ങളില്‍ ഇസ്‌ലാംദ്വേഷം പരത്താന്‍ ഉന്നത രാഷ്ട്രീയക്കാരും യാഥാസ്ഥിതിക ബ്ലോഗര്‍മാരും വലതുപക്ഷ ടെലിവിഷന്‍ അവതാരകരും മതപ്രചാരകരും നടത്തുന്ന ഗൂഢശ്രമങ്ങള്‍ ലീന്‍ വിവരിക്കുന്നു. ഭീതി പരത്താന്‍ അവരുപയോഗിക്കുന്ന തന്ത്രങ്ങളും അവരുടെ വരുമാന സ്രോതസ്സുകളും ആകര്‍ഷകമായ പ്രചാരണ തന്ത്രങ്ങളും വിശദമാക്കുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിലെ മുസ്‌ലിം വിരോധം വിശകലനം ചെയ്യുന്നു. ഇസ്‌ലാമോഫോബിയയില്‍ ബ്രെയിറ്റ്ബാറ്റിനെപ്പോലുള്ള എഴുത്തുകാരുടെയും ബില്‍ മാഹെറെപ്പോലുള്ള പുരോഗമന മുഖമുള്ള മുസ്‌ലിംവിരുദ്ധരുടെയും ട്രംപിനു മേല്‍ സ്വാധീനമുള്ള സ്റ്റീവ് ബാനന്‍, ന്യൂട്ട് ഗിന്‍ഗ്രിച്, ഡോണ്‍ബോള്‍ട്ടന്‍ തുടങ്ങിയവരുടെയും പങ്കാളിത്തം വിശദമാക്കുന്നു. അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ ഗവേഷകനാണ് പശ്ചിമേഷ്യാ വിഷയങ്ങളളില്‍ നിരവധി പ്രബന്ധങ്ങള്‍ തയാറാക്കിയിട്ടുള്ള നതാന്‍ ലീന്‍. ഇസ്‌ലാമിനെയും പടിഞ്ഞാറിനെയും മനസ്സിലാക്കുമ്പോള്‍ (Understanding Islam and the West) എന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകം ഈ വര്‍ഷം പുറത്തിറങ്ങും.

ഭീതിയുടെ നാള്‍വഴികള്‍
ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം വ്യാപകപ്രചാരത്തില്‍ വന്നിട്ട് കഷ്ടിച്ച് ഒന്നര വ്യാഴവട്ടമേ ആയിട്ടുള്ളൂ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വിദ്വേഷത്തെ കുറിക്കുന്നതിനാണ് ഇസ്‌ലാമോഫോബിയ എന്ന വാക്കുപയോഗിക്കുന്നത്. തത്തുല്യ മലയാളം പദമായി ഇസ്‌ലാംഭീതി എന്നാണ് പ്രയോഗിച്ചുകാണാറുള്ളതെങ്കിലും ഇസ്‌ലാംദ്വേഷം എന്നതാണ് കുറേക്കൂടി ശരിയായ രൂപം. ഇസ്‌ലാമിനെ ഹിംസയുടേയും യുദ്ധത്തിന്റേയും പരമത ഉച്ഛാടനത്തിന്റേയും മതമായി കണക്കാക്കുന്ന പ്രത്യയശാസ്ത്രങ്ങളും അവയുടെ പ്രചാരകരും ഇസ്‌ലാമോഫോബിയയുടെ ഉല്‍പാദനത്തില്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.

സ്ലിമാന്‍ ബിന്‍ ഇബ്‌റാഹിമും അല്‍ഫോന്‍സെ ഡിനെട്ടും ചേര്‍ന്ന് 1918ല്‍ എഴുതിയ ഫ്രഞ്ച് കൃതിയില്‍ ഇസ്‌ലാംദ്വേഷത്തെക്കുറിച്ചു പറയുന്നുണ്ട്. 1985ല്‍ ഒരു പ്രബന്ധത്തിലൂടെ വിഖ്യാത ചിന്തകന്‍ എഡ്വേര്‍ഡ് സൈദാണ് ഈ പദത്തെ ശരിയായ അര്‍ഥത്തില്‍ പുനവതരിപ്പിക്കുന്നത്. എന്നാല്‍ 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രണത്തിനു ശേഷമാണ് അത് അക്കാദമിക് കേന്ദ്രങ്ങളില്‍നിന്നിറങ്ങി പൊതുസംസാര വിഷയമായത്.

അമേരിക്കാര്‍ക്കിടയില്‍ ഇസ്‌ലാം മതവിദ്വേഷവും ഭീതിയും വളര്‍ത്തുന്നതിന് 2008നും 2013നുമിടയില്‍ വിവിധ സംഘടനകള്‍ 20 കോടി ഡോളര്‍ ചെലവിട്ടെന്നാണ് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍- ഇസ്‌ലാമിക് റിലേഷന്‍സും(സി.എ.ഐ.ആര്‍.) കാലിഫോര്‍ണിയ സര്‍വകലാശാലയും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ക്രിസ്ത്യന്‍, സയണിസ്റ്റ് സംഘടനകളും പ്രമുഖ മാധ്യമ സ്ഥാപനങ്ങളും സ്ത്രീ സംഘടനകളും ഉള്‍പ്പെടെ ഇതില്‍ നേരിട്ട് പങ്കാളികളായ 74 സംഘടനകളുടെ പട്ടികയും രണ്ടു വര്‍ഷം മുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്. ഇതൊരു വ്യവസായം തന്നെയാണെന്നും ഇസ്‌ലാമോഫോബിയ പ്രചരിപ്പിച്ച് വര്‍ഷംതോറും ലക്ഷക്കണക്കിന് ഡോളര്‍ സമ്പാദിക്കുന്നവരുണ്ടെന്നും സി.എ.ഐ.ആര്‍ വക്താവ് വില്‍ഫ്രെഡോ അമര്‍ റൂയിസ് പറയുന്നു.

ഭീകരപ്രവര്‍ത്തനങ്ങളേക്കാള്‍ കൂടുതല്‍ നാശം വിതയ്ക്കുന്നത് ഭീകരതയോട് ഭരണകൂടങ്ങള്‍ കാണിക്കുന്ന അമിത പ്രതികരണമാണെന്ന് ‘ഹോമോ ഡിയൂസ്’ എന്ന പുസ്തകത്തില്‍ യുവാല്‍ നോവ ഹരാരി പറയുന്നുണ്ട്. പിഞ്ഞാണപ്പാത്രങ്ങള്‍ വില്‍പനയ്ക്കുവെച്ച കട തകര്‍ക്കാന്‍ ശ്രമിക്കുന്ന ഈച്ചയോടാണ് അദ്ദേഹം ഭീകരസംഘടനകളെ ഉപമിക്കുന്നത്. സ്വന്തം നിലയ്ക്ക് കട തകര്‍ക്കാന്‍ കഴിയില്ലെന്ന് ഈച്ചയ്ക്കറിയാം. അതിനു പകരം അത് കടയ്ക്കു മുന്നില്‍ ഉറങ്ങിക്കിടക്കുന്ന കാളക്കൂറ്റന്റെ ചെവിയ്ക്കു ചുറ്റും മൂളിപ്പറന്ന് അസ്വസ്ഥത ജനിപ്പിക്കുന്നു. കുപിതനായ കാള ചീറിയെഴുന്നേല്‍ക്കുമ്പോള്‍ ഈച്ച കടയ്ക്കുള്ളിലേക്ക് പറക്കും. ഈച്ചയെ കൊല്ലാനുള്ള ശ്രമത്തിനിടെ കടയിലെ പിഞ്ഞാണങ്ങള്‍ പൊട്ടിപ്പൊടിയും. ജീര്‍ണാവശിഷ്ടങ്ങള്‍ക്കിടയില്‍ ഈച്ചകള്‍ക്ക് കുറേക്കാലം സുഖമായി കഴിയാം.
വെസ്റ്റ്ബാങ്കിലെയും ഗാസയിലെയും ഉപരോധങ്ങളില്‍ മുടന്തി മനംമടുക്കുമ്പോള്‍ ചില പലസ്തീന്‍ സംഘടനകള്‍ ഇസ്രയേലിലേക്ക് എലിവാണംപോലുള്ള റോക്കറ്റ് തൊടുത്തുവിടും. മിക്കപ്പോഴും ഇസ്രായേലിന്റെ അതിര്‍ത്തി കടക്കാനുള്ള ശേഷിപോലും അതിനുണ്ടാവില്ല. എന്നാല്‍ അതിനു മറുപടിയെന്നോണം ഇസ്രയേല്‍ സേന പലസ്തീനില്‍ കൂട്ടക്കുരുതിതന്നെ നടത്തും. ഓരോ കൂട്ടക്കുരുതിയും പലസ്തീന്‍ തീവ്രവാദ സംഘടനകള്‍ക്ക് പുതിയ ചാവേറുകളെ നേടിക്കൊടുക്കും. സദ്ദാം ഹുസൈന്റെ ഇറാഖ് അമേരിക്ക ബോംബിട്ടു തകര്‍ത്തപ്പോള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പുളച്ചുനടന്നത് തീവ്രവാദ സംഘങ്ങളായിരുന്നുവെന്ന കാര്യം ഹരാരി ചൂണ്ടിക്കാണിക്കുന്നു. സദ്ദാം ഹുസൈനെ സ്വന്തം നിലയ്ക്ക് നേരിടാന്‍ കഴിയാതിരുന്ന വിഘടനവാദ സംഘടനകള്‍ അമേരിക്കയുടെ ബോംബാക്രമണത്തോടെ അവിടെ ശക്തിപ്രാപിച്ചു.

പാശ്ചാത്യ രാജ്യങ്ങളിലെ ഇസ്‌ലാംദ്വേഷത്തിന്റെ കാര്യവും ഇതുതന്നെയാണ്. വലുതോ ചെറുതോ ആയ ഏത് ഭീകരാക്രമണമുണ്ടായാലും അത് പാശ്ചാത്യ സംസ്‌കാരത്തിനുമേല്‍ മുസ്‌ലിംകള്‍ നടത്തുന്ന കടന്നാക്രമണമായി വ്യാഖ്യാനിക്കപ്പെടുന്നു. അതിനനുസരിച്ച് ഇസ്‌ലാംദ്വേഷവും മുസ്‌ലിംകളോടുള്ള ഭീതിയും ഊട്ടിയുറപ്പിക്കപ്പെടുന്നു. സാമ്പത്തിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ അമേരിക്ക സൈനിക നടപടികള്‍ തുടരുന്നിടത്തോളം കാലം ഇസ്‌ലാമോഫോബിയ വ്യവസായവും കൊഴുക്കുമെന്നാണ് നതാന്‍ ലീന്‍ പറയുന്നത്.

വി ടി സന്തോഷ്‌

You must be logged in to post a comment Login