നിങ്ങളുടെ പേര് ‘ഷാരൂഖ്’ എന്നാണെങ്കില്‍

നിങ്ങളുടെ പേര് ‘ഷാരൂഖ്’ എന്നാണെങ്കില്‍

കത്തിക്കാളുന്ന സൂര്യനില്‍ നിന്ന് ഒരാളെ മറയ്ക്കാനും ഉള്ളം തണുപ്പിക്കുന്ന തണലേകാനും മൂവര്‍ണക്കൊടിയ്ക്കാകുമോ? നമ്മുടെ ദേശീയ പതാകയുടെ ബാഹ്യരേഖകള്‍ സങ്കല്‍പ്പിക്കാന്‍ ധൈര്യം കാണിച്ചവര്‍ ചിലപ്പോള്‍ ഇങ്ങനെയും സ്വപ്‌നം കണ്ടു കാണും-സമാശ്വസിപ്പിക്കുന്ന പതാക, ഒരൊറ്റ കാഴ്ചയിലൂടെ സുരക്ഷിതത്വം തോന്നിപ്പിക്കുന്ന, നിങ്ങളെ കാത്തുരക്ഷിക്കുന്ന ഒന്ന്!

ഷാരൂഖ് അങ്ങനെയാണ് മൂവര്‍ണക്കൊടിയെ കണ്ടത്. ഒരു ദിവസത്തെ കഠിനമായ അധ്വാനത്തിനു ശേഷം അയാള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളെല്ലാം മുമ്പേ കഴിഞ്ഞു പോയിരുന്നു. റെയില്‍വേസ്റ്റേഷനില്‍ മുഴുവന്‍ ദിവസവും ചുമടെടുക്കുകയായിരുന്നു അയാള്‍.

വഴിയില്‍ നിറമുള്ള ഒരു തുണിക്കഷ്ണം കിടക്കുന്നത് ഇരുട്ടിലൂടെ അയാള്‍ കണ്ടു. തുണിയുടെ വലിപ്പം മാത്രമേ അയാളുടെ കണ്ണില്‍ പെട്ടിട്ടുണ്ടാകൂ, നിറങ്ങളാകില്ല. നിലത്തു കിടക്കുന്ന തുണിയെടുത്ത് അയാള്‍ പൊടിതട്ടി, അയാളുടെ കണ്ണുകള്‍ തിളങ്ങി. അയാളുടെ വീട്ടിലെ വാതിലിന്റെ അതേ വലിപ്പമായിരുന്നു ആ തുണിക്കഷ്ണത്തിന്-അയാളുടെ വീടിന്റെ ഇല്ലാത്ത വാതിലെന്നു പറയേണ്ടി വരും. അയാളുടെ വീടിന് കട്ടിളപ്പടി മാത്രമേയുള്ളൂ.
വീടെന്ന സങ്കല്പത്തില്‍ അന്തര്‍ലീനമാണ് സ്വകാര്യതയെന്ന സങ്കല്പവും സ്വസ്ഥതയെന്ന സങ്കല്പവും. അതില്ലെങ്കില്‍ വീട് തെരുവിലേക്ക് അലിഞ്ഞു ചേരുകയും അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് വാതിലുകളില്ലാത്ത എണ്ണമറ്റ വീടുകളുണ്ട്. പ്ലാസ്റ്റിക്കു മറകള്‍ കൊണ്ട് അവര്‍ ആ വീടുകള്‍ക്ക് സ്വകാര്യതയുടെ സങ്കല്പം ചമയ്ക്കുന്നുണ്ട്. വീടു പോലെയുള്ള വീടുകളും വാതിലു പോലെയുള്ള വാതിലുകളുമാണവ!
നിലത്തു കിടക്കുന്ന തുണി കണ്ടപ്പോള്‍ ഷാരൂഖിന് തുറന്നു കിടക്കുന്ന തന്റെ വീടാണ് ഓര്‍മ്മ വന്നത്. തന്റെ വാതിലിന് ആ തുണിക്കഷ്ണം നന്നായിണങ്ങുമെന്ന് അയാള്‍ക്കു തോന്നി.
എന്നാല്‍ അതൊരു സാധാരണ തുണിയായിരുന്നില്ല, അത് ദേശീയ പതാകയായിരുന്നു. സ്വാതന്ത്ര്യദിനആഘോഷങ്ങള്‍ക്കു ശേഷം കെട്ടഴിഞ്ഞ് അതു നിലത്തു വീണതാകാം. ആരെങ്കിലും ആഘോഷത്തിനു ശേഷം അലക്ഷ്യമായി നിലത്തിട്ടതുമാകാം.
നിലത്തു വീണു കിടക്കുന്ന ആ പതാകയില്‍ നിരവധി പേര്‍ ചവിട്ടി കടന്നു പോയിക്കാണും. അതിനടുത്ത് നടത്തം നിര്‍ത്തിയ കാലുകള്‍ ഷാരുഖിന്റേതായിപ്പോയി. അയാളുടെ കാലുകള്‍ക്കും കണ്ണുകളുണ്ടായിരുന്നോ?

മറ്റൊരു ചോദ്യം, ആരുടെ കാലുകള്‍ക്കാണ് കണ്ണുകളുള്ളതെന്നാണ്! ഞാനോ നിങ്ങളോ നിലത്തു നോക്കിയല്ല നടക്കാറുള്ളത്. നിലത്തു വീണു കിടക്കുന്ന നാണയങ്ങള്‍ തപ്പിനടന്ന കുട്ടിക്കാലം എന്നേ കഴിഞ്ഞു പോയിരിക്കുന്നു! എന്നാല്‍ വലിച്ചെറിയപ്പെട്ടവ കൊണ്ട് സ്വന്തം ലോകം അലങ്കരിക്കുന്ന നിരവധി പേരുണ്ട്-വലിച്ചെറിയപ്പെട്ട ഒരു പ്ലാസ്റ്റിക്കു കുപ്പി,തേഞ്ഞു പോയ ഒരു ചെരിപ്പ്, പൊട്ടിയ ഒരു കളിപ്പാട്ടം. അവയ്ക്കും ചില വീടുകളില്‍ ഇടമുണ്ട്.
തീക്ഷ്ണമായ സൂര്യനില്‍ നിന്നും പൊടിയില്‍ നിന്നും ആ തുണിക്കഷ്ണം തന്റെ വീടിനെ സംരക്ഷിക്കുമെന്ന് ഷാരൂഖ് കരുതി. അയാളത് വാതില്‍പ്പടിയില്‍ തൂക്കിയിട്ടു. വിചാരിച്ചതു പോലെത്തന്നെ അതവിടെ നന്നായി ഇണങ്ങി. ആ വീട്ടിലെ ഏറ്റവും വലിയ ശൂന്യത മൂവര്‍ണക്കൊടിയാല്‍ നിറയ്ക്കപ്പെട്ടു. പതാകയുടെ സുരക്ഷിതത്വം ആ കൂരയെ ഒരു വീടാക്കി മാറ്റി.

വെറുപ്പിന്റെ ഭ്രാന്തുകള്‍ ഉയര്‍ത്തിവിടാന്‍ ദേശീയ പതാക ഉപയോഗിക്കപ്പെടുന്ന ഈ ചാവുകാലത്ത് തനിക്കത് സ്വാസ്ഥ്യം പകരില്ലെന്ന് പാവം ഷാരൂഖ് അറിയാതെ പോയി!
ആ പതാക സുരക്ഷിതത്വം നല്‍കിയത് ഒരു മുഴുവന്‍ കുടുംബത്തിനാണ്-ദരിദ്രനും നിരക്ഷരനുമായ ഒരാള്‍,അയാളുടെ ഭാര്യ,രണ്ടു കുട്ടികള്‍, പ്രായമായ മാതാപിതാക്കള്‍. പക്ഷേ, പതാകയുടെ ചിറകടികള്‍ പുറംലോകത്ത് വെറുപ്പിന്റെ പ്രത്യയശാസ്ത്രം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. ലാത്തിയും വടിയും പിണച്ചു ചേര്‍ത്ത പതാക സുരക്ഷിതത്വത്തിനു പകരം അമ്പരപ്പും പേടിയുമുണ്ടാക്കിക്കൊണ്ടിരുന്നു.
നിങ്ങള്‍ക്ക് മൂവര്‍ണക്കൊടി ഗണേഷ്ചതുര്‍ത്ഥി യാത്രകളില്‍ ഉപയോഗിക്കാം, അഴിമതിക്കെതിരെയുള്ള പ്രതിഷേധപ്രകടനങ്ങളില്‍ മോട്ടോര്‍ സൈക്കിളുകളോട് ചേര്‍ത്ത് കെട്ടിവെക്കാം. മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങള്‍ ചെയ്തവരുടെ മൃതദേഹങ്ങള്‍ നിങ്ങള്‍ക്കതില്‍ പൊതിയാം. പക്ഷേ, അന്തസ്സും സ്വകാര്യതയും നല്‍കുന്ന സുരക്ഷിതത്വത്തിനായി നിങ്ങള്‍ക്കത് ഉപയോഗിക്കാനാകില്ല,പ്രത്യേകിച്ചും നിങ്ങളുടെ പേര് ‘ഷാരൂഖ് ‘ എന്നാണെങ്കില്‍.

ഷാരൂഖിനാകട്ടെ ഇക്കാര്യമൊന്നും അറിയില്ലായിരുന്നു. (അയാള്‍ മുസാഫര്‍നഗറില്‍ നിന്നാണെങ്കിലും) ഇന്നത്തെ ഇന്ത്യയില്‍ മൂവര്‍ണക്കൊടിയുടെ തണലില്‍ ഷാരൂഖിനെ പോലുള്ളവര്‍ക്ക് ഇടമില്ലെന്ന് അയാള്‍ക്കറിയില്ലായിരുന്നു. അവര്‍ക്ക് മൂവര്‍ണക്കൊടിയുടെ മുമ്പില്‍ കുമ്പിടാം,വണങ്ങാം. പക്ഷേ, അതിന്റെ മടക്കുകളില്‍ ചുംബിക്കുന്നത് അവര്‍ക്ക് അപ്രാപ്യമാണ്. ഷാരൂഖിനെ പോലുള്ളവരുടെ വിശ്വസ്തതയും കൂറും കാണിക്കാന്‍ മാത്രം അവര്‍ക്കതിനു മുമ്പില്‍ കുമ്പിടാം. അതിനപ്പുറം മൂവര്‍ണ്ണക്കൊടി സ്വന്തമാണെന്ന ഭാവം കാണിച്ചാല്‍ നിയമം അതിന്റെ വഴിക്കു നീങ്ങും.

ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍ ഷാരൂഖിന്റെ വീട്ടിനു മുമ്പില്‍ വന്ന് പ്രതിഷേധമറിയിച്ചു. താമസിയാതെ ആ ഒറ്റമുറിക്കൂരയ്ക്കു മുമ്പില്‍ ആള്‍ക്കൂട്ടമിരമ്പി. അവര്‍ അയാളുടെ രക്തത്തിനായി അലറിവിളിച്ചു. ”പതാകയോടുള്ള നിന്ദ ഞങ്ങള്‍ പൊറുക്കില്ല! ആ തന്തയില്ലാത്തവനെ കൊല്ല്! ” ഇതാണിപ്പോള്‍ നമ്മുടെ ദേശീയ ഭാഷ.

ഉടനെ പൊലീസെത്തി. ശിവസേനയുടെ ചുണക്കുട്ടികള്‍ ഒരു രാജ്യദ്രോഹിയെ കയ്യോടെ പിടികൂടിയിരിക്കുന്നു! പൊലീസ് അയാളെ തൂക്കിയെടുത്തു. അറസ്റ്റിലായ ഷാരൂഖ് ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. മൂവര്‍ണ്ണക്കൊടിയാകട്ടെ നഷ്ടപ്പെട്ട അന്തസ്സു വീണ്ടെടുക്കാനുള്ള നടപടിയില്‍ പൊലീസ് സ്റ്റേഷനിലുണ്ട്. എല്ലാം ക്രമത്തില്‍ തന്നെ നടന്നിരിക്കുന്നു!
ഇതെന്തൊരു രാജ്യമാണ്? ഇതെന്തുതരം ആള്‍ക്കാരാണ്? നമ്മളാരാണ്? ജനങ്ങളുമായി, ഷാരൂഖുമായി, ഈ രാജ്യത്തിനുള്ള ബന്ധമെന്താണ്?

അപൂര്‍വാനന്ദ്‌

You must be logged in to post a comment Login