ദീപക് മിശ്രക്ക് മാധ്യമ ശുശ്രൂഷ

ദീപക് മിശ്രക്ക് മാധ്യമ ശുശ്രൂഷ

സുപ്രീം കോടതി നടത്തിയ ചരിത്രപരമായ വിധി പ്രസ്താവനകളാണ് അടുത്തിടെ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ആധാര്‍ തിരിച്ചറിയല്‍ രേഖക്ക് ഭരണകൂടം കല്‍പിച്ച നിഷ്‌കര്‍ഷതയെ അസാധുവാക്കി കൊണ്ടുള്ള കോടതി വിധിയാണ് സെപ്തംബര്‍ 27ന് വന്നത്. കോടാനുകോടി ജനങ്ങളുടെ ബയോ മെട്രിക് വിവരങ്ങളെ ക്രോഡീകരിക്കാന്‍ കഴിയുന്ന ഈ സംവിധാനം ഭരണകൂടം ജനങ്ങളുടെ മേല്‍ നടത്തുന്ന ഒളിനിരീക്ഷണം (പൗരന്റെ സാമൂഹികമായും രാഷ്ട്രീയമായുമുള്ള ചലനങ്ങളെ അവരറിയാതെ നിരീക്ഷിക്കുന്നത്) ആണ്. ആധാര്‍ ഒരു മണി ബില്‍ ആയി കൊണ്ടുവന്നതിനാല്‍ രാജ്യസഭയില്‍ ആധാറിനെ എതിര്‍ക്കാനും സാധുതകളെ പരിശോധിക്കാനുമുള്ള സാഹചര്യം ഉണ്ടായില്ല. മാത്രമല്ല രാജ്യസഭയുടെ ഭരണഘടനാപരമായ അധികാരത്തെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു ബില്ല് നടപ്പില്‍ വരുത്തിയത്, അതുകൊണ്ട് തന്നെ അത് ഭരണഘടനാ വിരുദ്ധമാണ്. ഉഷാ നാരായണനെ പോലുള്ള അഭിഭാഷകരുടെയും മറ്റ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ചെറുത്തുനില്‍പ്പിന്റെ പ്രതിഫലനമാണ് ഈ കോടതി വിധി. അതോടൊപ്പം തന്നെ വിധി ജനങ്ങളെ ഒരുപാട് ആശയക്കുഴപ്പത്തില്‍ എത്തിച്ചിട്ടുമുണ്ട്. എല്ലാ രേഖകളെയും ആധാറുമായി ബന്ധപ്പെടുത്തിയവരാണ് ഒട്ടുമിക്ക ഇന്ത്യക്കാരും. അതില്‍ കാര്യമായ സങ്കീര്‍ണതയുള്ളത് ടെലികോം കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈ മാറിയതാണ്. കോടതി വിധി വളരെ വൈകിയാണ് എത്തിയത്. ആധാര്‍ വിവരങ്ങള്‍ ടെലികോം കമ്പനികളില്‍ നിന്ന് എങ്ങനെ വിച്ഛേദിക്കാമെന്നത് വിദഗ്ധര്‍ പരിശോധിച്ചുവരുന്നേയുള്ളൂ. സാമൂഹിക ക്ഷേമത്തിനും, പൊതുവിതരണ വകുപ്പിലെ ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള എളുപ്പ സമ്പ്രദായമാണ് ആധാര്‍ എന്നാണ് ഭരണകൂടം പറഞ്ഞത്. പക്ഷേ, ജാര്‍ഖണ്ഡില്‍ ഉണ്ടായ പട്ടിണി മരണങ്ങള്‍ക്കും, റേഷന്‍ വിതരണത്തില്‍ സംഭവിച്ച ഗുരുതര പാളിച്ചകള്‍ക്കും ആധാറാണ് കാരണമായത്. പൗരന്റെ അവകാശങ്ങളെ കേവലം ചില സംഖ്യകളിലേക്ക് ചുരുക്കുകയാണ് ആധാര്‍ ചെയ്തത്. മാധ്യമങ്ങള്‍ ആധാറിന്റെ പരാജയത്തെ വലിയ തോതില്‍ തന്നെ വാര്‍ത്തകളില്‍ ഉള്‍പ്പെടുത്തി. ഒട്ടുമിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും ആധാറിന്റെ ഭരണഘടനാ വിരുദ്ധതയെ ഇഴ കീറി പരിശോധിച്ചു. മുഖ്യധാരാ ടെലിവിഷന്‍ ചാനലുകള്‍ ഗൗരവമുള്ള ചര്‍ച്ചകളും നടത്തി, സുപ്രീം കോടതിയെ പ്രശംസിക്കുകയും ചെയ്തു.

ആധാറിന് ശേഷം സുപ്രീം കോടതി നടത്തിയ മറ്റ് രണ്ട് പ്രധാന വിധികളാണ് കേരളത്തിലെ അയ്യപ്പ ക്ഷേത്രമായ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയുള്ള അനുമതിയും, ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ല എന്ന പ്രസ്താവനയോടെ വിവാഹേതര ബന്ധങ്ങളെ കുറ്റവിമുക്തമാക്കി കൊണ്ടുള്ള ഉത്തരവും. മാധ്യമങ്ങള്‍ കോടതിയുടെ പുരോഗമന കാഴ്ചപ്പാടിനെ ആവോളം പുകഴ്ത്തി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് നായക പരിവേഷം നല്‍കി. ദീപക് മിശ്ര തന്റെ അധികാര കാലയളവിലെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയ വിധി കര്‍ത്താവായി. എന്നാല്‍ ഇതിന്റെ മറുപുറം പരിശോധിക്കേണ്ടതില്ലേ? ദീപക് മിശ്രയുടെ കാലാവധി ഈ ഒക്ടോബര്‍ ഒന്നിന് അവസാനിച്ചു. ഇന്ത്യയിലെ നീതിപീഠത്തിന്റെ വിശ്വാസ്യതയെ തന്നെ ഏറ്റവും മൂര്‍ച്ചയേറിയ ആരോപണങ്ങളില്‍ നിര്‍ത്താന്‍ നിമിത്തമുണ്ടാക്കിയ നിയമജ്ഞന്‍. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുതിര്‍ന്ന ജഡ്ജിമാരുടെ ഒരു സംഘം വാര്‍ത്താ സമ്മേളനം നടത്തുകയും, കോടതി നടത്തിപ്പുകളിലെ അപകടകരമായ അപാകതകളിലുള്ള ആശങ്ക വിളിച്ചു പറയുകയും ചെയ്തത്. ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, ജസ്റ്റിസ് രാഞ്ജന്‍ ഗംഗോയി, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ ബി ലോകുര്‍ എന്നിവര്‍ ജനുവരിയില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ പറഞ്ഞത് ദീപക് മിശ്ര സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മുഖ്യമായ കേസുകളുടെ വിധി നിര്‍ണയത്തിലും മറ്റ് കോടതി നടത്തിപ്പിലും ഇടപെടുന്നു എന്നായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കേസ് ജസ്റ്റിസ് ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ടതാണ്. ഗുജറാത്തില്‍ മോഡി ഭരണകാലത്ത് നടത്തിയ ഭരണകൂട കൊലകളില്‍ വിവാദമായ സൊഹ്‌റാബുദ്ദീന്‍ ശെയ്ഖ് കേസിലെ പ്രത്യേക സി ബി ഐ കോര്‍ട്ടിലെ വിധി കര്‍ത്താവായിരുന്നു ലോയ. പക്ഷേ, 2014 ഡിസംബറില്‍ നാഗ്പൂരില്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ സംശയാസ്പദമായ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. സൊഹ്റാബുദീന്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ നരേന്ദ്ര മോഡിയും അമിത് ഷായുമാണ്. ലോയയുടെ വിധി പ്രഖ്യാപനം തീര്‍ച്ചയായും, പുതുതായി ഭരണത്തില്‍ പ്രവേശിച്ച നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇതെല്ലാം കൊണ്ട് തന്നെ ലോയയുടെ മരണം സ്വാഭാവികമാണെന്ന് അനുമാനിക്കാനുള്ള യാതൊരു സാഹചര്യവുമില്ല. ഇന്ത്യയിലെ മാധ്യമങ്ങളില്‍ ദ് കാരവന്‍ മാസിക ലോയയുടെ കുടുംബവുമായി നടത്തിയ അഭിമുഖത്തിലൂടെയാണ് ഇത്തരം പ്രശ്‌നങ്ങളിലേക്ക് വെളിച്ചം തട്ടുന്നത്. തുടര്‍ന്നാണ് ലോയയുടെ മരണം മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ലോയയുടെ പിന്‍ഗാമിയായി സി ബി ഐ കോര്‍ട്ടിലെത്തിയ എം ബി ഗോസ്വാമി സൊഹ്‌റാബുദ്ദീന്‍ കേസില്‍ അമിത് ഷാക്കുള്ള പങ്കിനെ പൂര്‍ണമായി നിരാകരിക്കുകയും ചെയ്തു. ലോയ സൊഹ്‌റാബുദ്ദീന്‍ കേസിലെ വസ്തുതകള്‍ പങ്കുവെച്ച, അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ ശ്രീകാന്ത് കാന്തേല്‍ക്കറും, വിരമിച്ച ജഡ്ജ് തോംബ്രെയും നിഗൂഢമായ സാഹചര്യത്തില്‍ മരണപ്പെടുകയുണ്ടായി. ഇതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആവശ്യപ്രകാരം സുപ്രീം കോടതി നിയോഗിച്ച സ്വതന്ത്ര അന്വേഷണ സംഘത്തിലാണ് ദീപക് മിശ്രയുടെ കൈ കടത്തലുകള്‍ നടന്നത്. ലോയയുടെ കേസ് ഒരു സ്വതന്ത്ര സംവിധാനവും അന്വേഷിക്കേണ്ടതില്ല എന്നാണ് ദീപക് മിശ്ര ഉത്തരവിട്ടത്. തന്റെ അധികാര കാലാവധി തീരുന്നതിന് മുമ്പ് ധൃതിപ്പെട്ട് നടത്തിയ വിധി പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാവരുത് മാധ്യമങ്ങള്‍ ദീപക് മിശ്രയെ മനസിലാക്കേണ്ടത്. ദീപക് മിശ്രയുടെ നിയമ ജീവിതത്തിലെ ഏറ്റവും വലിയ പിഴവായി ലോയയുടെ കേസില്‍ നടത്തിയ തീര്‍പ്പുകല്പന അവശേഷിക്കുന്നുണ്ട്. അത് മാധ്യമങ്ങളിലൂടെ നിരന്തരം ജനങ്ങളിലേക്ക് എത്തുകയും ചെയ്യണം. പക്ഷേ ദീപക് മിശ്ര നടത്തിയ തിടുക്കപ്പെട്ട വിധി നിര്‍ണയങ്ങളായ സെക്ഷന്‍ 377 റദ്ദാക്കിയതും, ആധാറും, ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന്റെ മാഹാത്മ്യവുമായി മാധ്യമങ്ങള്‍ തൃപ്തിയടയുന്നതിന്റെ സൂചനയാണ് വാര്‍ത്തകളിലുള്ളത്. നഗര നക്‌സല്‍ എന്ന ആരോപണവുമായി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിഷയത്തിലും മാധ്യമങ്ങള്‍ ദീപക് മിശ്രയെ ചോദ്യം ചെയ്തില്ല. മാധ്യമങ്ങള്‍ ദീപക് മിശ്രയുടെ വിടവാങ്ങല്‍ ചടങ്ങിനെ അലങ്കരിക്കാനുള്ള തിരക്കിലാണ്.

റാഫേല്‍ റിപ്പോര്‍ട്ടുകള്‍
റാഫേലിന്റെ സത്യകഥകള്‍ പുറത്തു വരുമ്പോള്‍ ഫ്രാന്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമമായ മീഡിയാ പാര്‍ടിന്റെ അന്വേഷണത്തില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്ദെ റാഫേലുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്; ‘ഞങ്ങള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ തീരുമാനം സ്വീകരിക്കുകയല്ലാതെ മറ്റ് മാര്‍ഗമൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ത്യയുടെ നിര്‍ദേശ പ്രകാരമാണ് ഉമീൈമഹ കമ്പനി അംബാനിയുമായി കരാര്‍ ഉണ്ടാക്കിയത്. ‘മീഡിയാ പാര്‍ടിന്റെ അന്വേഷണം വളരെ സുതാര്യമാണ്, ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഹൊളാന്ദെയുടെ പ്രതികരണം റാഫേലുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാണ്. ലോകത്തെ മുഴുവന്‍ ആയുധ കച്ചവട ശൃഖലയും അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്. ഏറ്റവും ഹീനമായ വ്യാപാരമാണിത്. റാഫേലിന്റെ നേട്ടം യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണെന്ന് വളരെ വ്യക്തം. ഭരണകൂടം ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന ഫ്രാന്‍സും അംബാനിയും തമ്മിലുള്ള രഹസ്യ ഉടമ്പടിയെന്ന കള്ളം പൂര്‍ണമായും പൊളിഞ്ഞിരിക്കുകയാണ്. ഇനി ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ രംഗത്തെ അഴിമതിയായ റാഫേലിന്റെ നാള്‍വഴികളില്‍ മാധ്യമങ്ങള്‍ക്കുള്ള ഉത്തരവാദിത്തം വസ്തുതകളെ വീണ്ടും വീണ്ടും ജനങ്ങള്‍ക്ക് മുമ്പില്‍ എത്തിക്കുക എന്നതാണ്.

വാര്‍ത്തയുടെ തലവാചകങ്ങള്‍ ജനങ്ങള്‍ക്ക് ഭീതി നല്‍കാനുള്ളതല്ല. രാജ്യത്തെ മിക്ക പത്രങ്ങളിലും പ്രത്യക്ഷപ്പെട്ട തലവാചകമാണ് മുഹമ്മദ് അഖ്‌ലാഖിന്റെ ഘാതകരിലൊരാള്‍ നോയിഡയില്‍ നിന്ന്, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നു എന്ന്. രുപേന്ദ്ര സേന, നവ നിര്‍മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാകുന്ന ഇത്തരം കാര്യങ്ങളെ നിഷ്പ്രയാസം പത്ര വാര്‍ത്തയാക്കുന്നതിലെ രാഷ്ട്രീയം പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ കുറ്റകൃത്യം നടത്തിയവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കേണ്ട ആവശ്യകത ചര്‍ച്ച ചെയ്യപ്പെടേണ്ടതിന് പകരം ഇത്തരം ഹീന കാര്യങ്ങള്‍ ചെയ്തവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സൂചനയാണ് പത്രക്കുറിപ്പുകള്‍ നല്‍കുന്നത്. Times Of India പ്രസിദ്ധീകരിച്ച ഈ വാര്‍ത്തയില്‍ കൂടുതല്‍ വിവരങ്ങളൊന്നും തന്നെയില്ല. തങ്ങളുടെ വെബ്സൈറ്റില്‍ സന്ദര്‍ശക പ്രവാഹം ഉന്നമിട്ട് നടത്തുന്ന ഇത്തരം വളച്ചൊടിച്ച വാര്‍ത്താ നിര്‍മാണം മാധ്യമ പ്രവര്‍ത്തനത്തിന് സാരമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

കോളം തികഞ്ഞില്ല
സര്‍വകലാശാലകള്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സാധ്യതകളെ പ്രോത്സാഹിപ്പിക്കേണ്ട ഇടമായിരിക്കണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റ് ചിലതൊക്കെയാണ് ഇന്ത്യയില്‍ സര്‍വകലാശാലകളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ പുറത്തെത്തുന്നതോ ചുരുക്കം ചില മാധ്യമങ്ങളിലൂടെ. National Commission for Scheduled Tribes ന്റെ നിര്‍ദേശ പ്രകാരം TISS (Tata Institute of Social Science) ല്‍ ST വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഫീ ഇനത്തില്‍ ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ പാടെ തള്ളുകയാണ് ഠകടട ചെയ്തത്. അധസ്ഥിത വിഭാഗങ്ങളെ ഒഴിവാക്കി കൊണ്ട് മാനവിക വിഷയങ്ങള്‍ക്ക് പേര് കേട്ട ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനം ആരുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്? റിപ്പോര്‍ട്ടിന്റെ തെറ്റ് കുറ്റങ്ങള്‍ നിരത്തി വാര്‍ത്തകള്‍ എഴുതാന്‍ പല മാധ്യമങ്ങള്‍ക്കും കോളം തികഞ്ഞില്ല. മണിപ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരവും മാധ്യമങ്ങള്‍ തഴഞ്ഞുകൊണ്ടിരിക്കുകയാണ്. ഇവക്കൊന്നും വാര്‍ത്താപ്രാധാന്യം കാണാന്‍ ദേശീയ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല.

ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തനം
മാധ്യമ പ്രവര്‍ത്തനത്തിന് വളരെയേറെ സാധ്യതകള്‍ നല്‍കുന്നുണ്ട് ഡിജിറ്റല്‍ യുഗം. വാര്‍ത്തകളെ വ്യത്യസ്തമായ തലങ്ങളില്‍ നിന്ന് നോക്കി കാണാനും അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനും ഇത് നല്‍കുന്ന സാധ്യത വളരെ വലുതാണ്. അത്തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബി ബി സി ‘Anatomy of a killing’ എന്ന പേരില്‍ ഒരു റിപ്പോര്‍ട്ട് പുറത്തുവിടുകയുണ്ടായി. ബി ബി സിയുടെ ഡിജിറ്റല്‍ വിഭാഗമായ അളൃശരമി ഋ്യല യുടേതായിരുന്നു ഈ സ്റ്റോറി. സൂക്ഷ്മമായ അന്വേഷണ പാടവം കൊണ്ട് വേറിട്ടുനില്‍ക്കുകയാണീ വാര്‍ത്ത. 2018 ഖൗഹ്യ 18 ന് നവ മാധ്യമങ്ങളില്‍ വലിയ തോതില്‍ വിതരണം ചെയ്യപ്പെട്ട ഒരു വീഡിയോയെ ആസ്പദമാക്കിയാണീ റിപ്പോര്‍ട്ട്. ആഫ്രിക്കയിലെ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു പ്രദേശത്ത് കൂടി രണ്ട് സ്ത്രീകളെയും, രണ്ട് കുഞ്ഞുങ്ങളെയും പട്ടാളം ബലം പ്രയോഗിച്ച് നടത്തികൊണ്ടുപോകുന്നതും 20ല്‍ കൂടുതല്‍ തവണ നിറയൊഴിച്ച് കൊലപ്പെടുത്തുന്നതും കാണുന്നു! വീഡിയോയില്‍ കാണപ്പെട്ട പ്രദേശം അജ്ഞാതമാണ്. ആഫ്രിക്കയുടെ ഏതോ ഒരു പ്രാന്തപ്രദേശം പോലെ തോന്നിക്കുന്നു. എന്നാല്‍ വളരെ സമര്‍ത്ഥമായ അന്വേഷണത്തിലൂടെ കാമറൂണ്‍ സൈന്യം ബൊക്കോ ഹറാം ബന്ധം ആരോപിച്ച് നടത്തിയ പട്ടാള കുറ്റ കൃത്യമാണിതെന്ന് കണ്ടെത്തുന്നു. വീഡിയോ പുറത്തിറങ്ങിയതിന് ശേഷം ഈ നിഷ്ഠൂരത നടക്കുന്നത് മാലിയിലാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. പക്ഷേ അതിനു മുമ്പേ കാമറൂണിലെ വിവരാവകാശ മന്ത്രാലയം വാര്‍ത്ത കള്ളമാണെന്ന് പ്രസ്താവിച്ചു. വ്യക്തമായ തെളിവുകളില്ലാതെ സൈനികര്‍ നടത്തിയ കൊലയില്‍ എങ്ങനെ നടപടി കൈക്കൊള്ളും എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ബി ബി സിയുടെ ഈ റിപ്പോര്‍ട്ട്. വീഡിയോയില്‍ വലിയ രീതിയില്‍ ആകര്‍ഷിക്കാതെയുള്ള മല നിരകളെ, സഹാറയിലെ ഓരോ സമാന മലനിരകളുമായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് മനസ്സിലാക്കാന്‍ ശ്രമിച്ചു. അവരുടെ അന്വേഷണത്തിന്റെ ഫലമായി മലനിരകള്‍ ഉത്തര കാമറൂണ്‍ പ്രവിശ്യയിലുള്ളതാണെന്ന് തെളിയുന്നു. Google Digital Globe ന്റെ സഹായത്തോടെ Kawra Mafa എന്ന ഗ്രാമ പ്രദേശമാണ് വീഡിയോയില്‍ ഉള്ളതെന്ന് മനസിലാക്കുന്നു. പിന്നീട് ഉപഗ്രഹ ചിത്രങ്ങളിലൂടെ വീഡിയോയിലെ പരിസരവും Kawra Mafa യുടേതും ഒന്നാണെന്ന് കണ്ടെത്തുന്നു. അതോടൊപ്പം തന്നെ കൊലപാതകം നടന്ന കാലയളവ് 2016നു മുമ്പാണെന്ന ഊഹവും ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ യുക്തിപരമായി മുന്നോട്ടുവെക്കുന്നു. വീഡിയോയില്‍ കാണുന്ന, പിന്നീട് ഇല്ലാതായ കെട്ടിടങ്ങളുടെയും വൃക്ഷങ്ങളുടെയും കണക്ക് പ്രകാരമാണ് ഈ കണ്ടെത്തല്‍. അത് കൂടാതെ ഋതുക്കളുടെ അടിസ്ഥാനത്തില്‍ വീഡിയോയില്‍ കാണുന്ന നടപ്പാത ഉഷ്ണ കാലമായ ജനുവരിയിലും ഏപ്രിലിലും മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് മനസ്സിലാക്കി തരുന്നു. കൊല നടത്തിയത് കാമറൂണിയന്‍ സൈനികരാണെന്നുള്ളതിനെ അവര്‍ ഉപയോഗിച്ച സെര്‍ബിയന്‍ നിര്‍മിത തോക്ക് തെളിവായി നിരത്തുകയാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തന്നെ കാമറൂണിയന്‍ ആര്‍മിയുടെ യൂണിഫോമും. എന്നാല്‍ കാമറൂണിയന്‍ അധികാരികളുടെ തങ്ങളുടെ സൈനിക വേഷം ഇതല്ല എന്ന വാദവും ബി ബി സി പൊളിച്ചടുക്കി. 2014 ലെ Channel Four ന്യൂസ് റിപ്പോര്‍ട്ടില്‍ കാമറൂണിയന്‍ സൈനികരുടെ വേഷവും വീഡിയോയിലെ വേഷവും യാതൊരു വ്യത്യാസവും ഇല്ല. തങ്ങളുടെ റിപ്പോര്‍ട്ട് കാമറൂണിയന്‍ ഭരണകൂടത്തിന് സമര്‍പ്പിച്ച ബി ബി സിക്ക് ലഭിച്ച മറുപടി സാമ്യതയുള്ള 7 സൈനികരും വിചാരണ തടവിലാണെന്നാണ്. ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ വഹിക്കാന്‍ കഴിയുന്ന പങ്കിനെയാണ് മനസിലാക്കി തരുന്നത്. എന്നാല്‍ നിര്‍ഭാഗ്യ വശാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ അപൂര്‍വവുമാണ്. കൃത്യമായ സമയവും കഠിനാധ്വാനവുമാണ് ഈ റിപ്പോര്‍ട്ടിന്റെ അടിത്തറ.

ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ വാഹനാപകടങ്ങളുടെ ഗൗരവത്തെ കുറിച്ച് ഭരണകൂടത്തിന് അവബോധം നല്‍കാന്‍ നടത്തിയ സമരത്തെ കുറിച്ച് Al Jazeera ചാനലിന് നല്‍കിയ അഭിമുഖത്തെ ചൊല്ലി, ലോകപ്രസിദ്ധ ഫോട്ടോഗ്രാഫറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഷാഹിദുല്‍ ആലമിനെ ആഗസ്റ്റില്‍ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു. അല്‍ജസീറക്ക് നല്‍കിയ വീഡിയോ അഭിമുഖത്തിന് ശേഷം ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് തന്നെ അറസ്റ്റുണ്ടായി. അത് കൂടാതെ വ്യക്തമായ വാറന്റോ കാര്യങ്ങളോ ഷാഹിദിന് നല്‍കാനും പോലീസ് തയാറായില്ല. എതിര്‍ശബ്ദങ്ങളെ തുരങ്കങ്ങളിലടയ്ക്കുന്ന ഭരണകൂട ഭീകരതയും അവര്‍ പൊതിഞ്ഞു കെട്ടാന്‍ ശ്രമിക്കുന്ന വാസ്തവങ്ങളും പുറത്തുകൊണ്ടുവരേണ്ടത് മാധ്യമങ്ങളാണ്. 63 കാരനായ ഷാഹിദുല്‍ ആലം എന്ന പ്രതിഭയോട് കാണിക്കേണ്ട യാതൊരു പരിഗണനയും കാണിക്കാത്ത ഈ വ്യവസ്ഥിതിയോട് അന്താരാഷ്ട്ര മാധ്യമങ്ങളും, മനുഷ്യാവകാശ സംരക്ഷകരും നിരന്തരം കലഹിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ മാത്രമേ ബംഗ്ലാദേശ് ഭരണകൂട ഭീകരതയില്‍ നിന്നും ഷാഹിദുല്‍ ആലമിന്റെ മോചനം സാധ്യമാവുകയുള്ളൂ.

നബീല പാനിയത്ത്

You must be logged in to post a comment Login