കര്‍ഷകര്‍ കണക്കുചോദിക്കുകയാണ് അവര്‍ക്ക് ഉത്തരം കിട്ടും

കര്‍ഷകര്‍ കണക്കുചോദിക്കുകയാണ് അവര്‍ക്ക് ഉത്തരം കിട്ടും

India’s agrarian crisis has gone beyond the agrarian. It’s a crisis of society. Maybe even a civilizational crisis, with perhaps the largest body of small farmers and labourers on earth fighting to save their livelihoods. The agrarian crisis is no longer just a measure of loss of land. Nor only a measure of loss of human life, jobs or productivity. It is a measure of our own loss of humanity. Of the shrinking boundaries of our humaneness. That we have sat by and watched the deepening misery of the dispossessed, including the death by suicide of well over 300,000 farmers these past 20 years.

പി. സായ്‌നാഥ്.

കര്‍ഷകര്‍ കണക്കുചോദിക്കാന്‍ വരികയാണ്. പാഠപുസ്തകങ്ങളില്‍ മുതല്‍ പാര്‍ലമെന്റില്‍ വരെ കര്‍ഷക രാജ്യമെന്ന് അടിക്കുറിപ്പുള്ള ഒരു മഹാരാജ്യത്തിലെ കര്‍ഷകര്‍, അവരെ മരണത്തിലേക്ക് പറഞ്ഞയക്കുന്ന ഭരണകേന്ദ്രങ്ങളിലേക്ക്, അവരെ ഊറ്റിയെടുത്ത് തിടം വെച്ച് കൊഴുത്ത മഹാനഗരങ്ങളിലേക്ക് കൂട്ടം കൂട്ടമായി വരികയാണ്. കടമ്മനിട്ടയുടെ കുറത്തിയെപ്പോലെ ”നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ” എന്ന് ഉറച്ച് ചോദിക്കുകയാണ്. തലസ്ഥാനമായ ന്യൂഡല്‍ഹി കഴിഞ്ഞ നാളുകളില്‍ ആ ചോദ്യങ്ങളുടെ തീച്ചൂടറിഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് മഹാരാഷ്ട്രയിലെ നാസികില്‍ നിന്ന് ആരംഭിച്ച് ആറ് ദിവസങ്ങള്‍ കൊണ്ട് 200 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് മുംൈബയിലെത്തിയ അരലക്ഷം കര്‍ഷകരുടെ ആത്മവീര്യം രാജ്യം കണ്ടറിഞ്ഞതാണ്. വെന്തുപിളര്‍ന്ന കാലുകള്‍ നഗരപാതയില്‍ തീര്‍ത്ത ചോരയടയാളങ്ങള്‍ മാഞ്ഞുപോയിട്ടില്ല. സെപ്തംബറില്‍ വീണ്ടും ഹരിദ്വാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് അവര്‍ വന്നു. മുന്നിലെ കൊടികള്‍ മാത്രമേ മാറിയുള്ളൂ. മുദ്രാവാക്യങ്ങള്‍, ആവശ്യങ്ങള്‍, ആത്മവീര്യങ്ങള്‍ എല്ലാം സമം. സെപ്തംബര്‍ 23-ന് പുറപ്പെട്ട് ഒക്‌ടോബര്‍ രണ്ടിന് അവര്‍ ഭരണസിരാകേന്ദ്രത്തിലെത്തി. ഒക്‌ടോബര്‍ രണ്ട്, ആ ദിവസം അവര്‍ക്ക് മറക്കാനാവില്ല. ഗാന്ധിജിയുടെ ജന്മദിനമാണ്. ”To forget how to dig the earth and tend the soil is to forget ourselves ” മണ്ണിനെ മറക്കുക എന്നാല്‍ സ്വത്വത്തെ മറക്കുകയാണ് എന്ന് കൃഷി എന്ന പ്രതിഭാസത്തെ ഉജ്വലമായി നിര്‍വചിച്ച മനുഷ്യന്റെ 150-ാം ജന്മദിനം. അവരുടെ രാജ്യം പൊലീസിനെ അഴിച്ചുവിട്ടാണ് ആ ജാഥയെ സ്വീകരിച്ചത്. മണ്ണില്‍ കുരുത്ത, മണ്ണിനും വിളവിനുമിടയിലെ അനാദിയായ ക്ഷമ മാത്രം ശീലിച്ച കര്‍ഷകരെ, അവരുടെ ഗാന്ധിയന്‍ സമരത്തെ ലാത്തികളും ടിയര്‍ഗ്യാസുകളും നിരോധനാജ്ഞയുമാണ് വരവേറ്റത്. അവര്‍ പക്ഷേ, തോറ്റില്ല. മുംബൈയില്‍ എന്നപോലെ അവരുടെ മഹാശക്തിക്കുമുന്നില്‍ ഭരണകൂടത്തിന് തലകുനിക്കേണ്ടി വന്നു.

അതുകൊണ്ടാണ് പറഞ്ഞത് കര്‍ഷകര്‍ കണക്കുചോദിക്കുന്നു എന്ന്. ആത്മഹത്യ ചെയ്യാന്‍ പോലും ജീവന്‍ ബാക്കിയില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് അവര്‍ പണിയിടം വിട്ട് കൊടിയുയര്‍ത്തിയതും നഗരങ്ങളിലേക്ക്, തലസ്ഥാനങ്ങളിലേക്ക്, അധികാരത്തിന്റെ പോറ്റില്ലങ്ങളിലേക്ക് നടന്നതും. ആ അളമുട്ടലിന്റെ, വഴി മുട്ടലിന്റെ, ജീവിതം തീര്‍ന്നുപോയതിന്റെ കഥയാണ് പി. സായ്‌നാഥ് നാം ആദ്യം വായിച്ച വരികളില്‍ ആറ്റിക്കുറുക്കിയത്. കര്‍ഷകരുടെ പ്രതിസന്ധി സമൂഹത്തിന്റെ, നാഗരികതയുടെ പ്രതിസന്ധിയാണെന്ന് സായ്‌നാഥ് പറയുന്നു. ‘കാര്‍ഷിക പ്രതിസന്ധി എന്നത് ഉത്പാദനത്തിന്റെയോ, തൊഴിലിന്റെയോ മനുഷ്യജീവന്റെ തന്നെയോ നഷ്ടമല്ല, മറിച്ച് പരമമായ മാനുഷികതയുടെ അപാരമായ നഷ്ടമാണ്. നമ്മുടെ മനുഷ്യത്വത്തിന്റെ നഷ്ടമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മൂന്ന് ലക്ഷം കര്‍ഷകരുടെ ആത്മഹത്യക്ക് മുന്നില്‍, ബഹിഷ്‌കൃതരായവരുടെ ജീവിതത്തിന് മുന്നില്‍ നാം കാഴ്ചക്കാരായി ഇരിക്കുകയാണ്.’ ഇത് പറയുന്നത് സായ്‌നാഥാണ് എന്ന് വീണ്ടും ഓര്‍ക്കണം. മുന്‍രാഷ്ട്രപതി വരാഹ ഗിരി വെങ്കിട ഗിരി എന്ന വി.വി ഗിരിയുടെ കൊച്ചുമകന് അര്‍ബന്‍ ജേണലിസത്തിന്റെ സകലസൗഭാഗ്യങ്ങളോടെയും കരിയര്‍ ഉറപ്പിക്കാമായിരുന്നു. പക്ഷേ, ലൊയോളയിലും ജെ.എന്‍.യുവിലും പഠിച്ചിറങ്ങിയ പലഗുമ്മി സായ്‌നാഥ് ഇന്ത്യന്‍ കര്‍ഷകജീവിതത്തിന്റെ കഠിനവ്യഥകളുടെ ഇതിഹാസകാരനായി സ്വയം നിശ്ചയിക്കുകയായിരുന്നു. മൂന്ന് പതിറ്റാണ്ടോളം സായ്‌നാഥ് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകളാണ് ഇന്ത്യന്‍ കര്‍ഷക ജീവിതത്തിന്റെ മഹാഖ്യാനങ്ങളായി മാറിയത്. അതിനാലാണ് സായ്‌നാഥിനൊപ്പം നമ്മളും പറയുന്നത് ഇത് ഇന്ത്യന്‍ മാനവികതയുടെ മഹാപ്രതിസന്ധിയാണെന്ന്.

ലോകത്തെ ഏറ്റവും പ്രബലമായ കാര്‍ഷിക സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഇന്ത്യ എന്നത് അല്‍പം അതിശയോക്തി ഉണ്ടെങ്കിലും കെട്ടുകഥയല്ല. ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പകുതിയിലേറെ കൃഷിയില്‍ നിന്നായിരുന്നു. അതിനാല്‍ തന്നെ ഗ്രാമകേന്ദ്രിതമായ ഒരു വ്യവസ്ഥ ഇന്ത്യന്‍ ഘടനയില്‍ ്രപബലവുമായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട സ്രോതസ്സും ബലവും കൃഷി കേന്ദ്രിതമായ ഗ്രാമീണ അധികാര ഘടനയായിരുന്നു. ഗാന്ധിയുടെ പ്രഹരശക്തിയും ഈ ഗ്രാമബലമായിരുന്നു. തീര്‍ച്ചയായും അനാചാരങ്ങളും ആധുനികതയോടുള്ള പുറംതിരിഞ്ഞ് നില്‍ക്കലും കൊടിയ അസമത്വങ്ങളും ഈ വ്യവസ്ഥയുടെ ഘടനക്കകത്ത് സജീവമായിരുന്നു. എങ്കിലും കൃത്യമായ ആസൂത്രണത്തോടെ ചിട്ടപ്പെടുത്തിയെടുക്കാവുന്ന മഹാസിംഫണിയായിരുന്നു ഇന്ത്യന്‍ കൃഷിയിടങ്ങള്‍. കാലാവസഥയുടെയും മണ്ണിന്റെ ഘടനയുടെയും പ്രകൃതിപരമായ സവിശേഷതകളുടേയും അടിസ്ഥാനത്തില്‍ കാര്‍ഷിക ചരിത്രകാരന്‍മാര്‍ ഉറപ്പിച്ച് പറയുന്ന ആശയമാണിത്. ബ്രിട്ടന്റെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ കൃഷിഭൂമിയുടെ അല്ലെങ്കില്‍ കാര്‍ഷിക വ്യവസ്ഥയുടെ നട്ടെല്ല് ഒടിച്ചിട്ടില്ലായിരുന്നു. കൃത്യമായി, കേന്ദ്രീയമായി, ദീര്‍ഘവീക്ഷണമുള്ള ആസൂത്രണം കൊണ്ട് വിളയിച്ചെടുക്കാന്‍ കഴിയുന്ന ലോകത്തെ ഏറ്റവും വലിയ കൃഷിയിടമായിരുന്നു സ്വാതന്ത്ര്യപ്പിറവിയുടെ കാലത്തെ ഇന്ത്യ. വാക്ക് ശ്രദ്ധിക്കണം; ആസൂത്രണം.

ഇന്ത്യന്‍ കാര്‍ഷിക പ്രതിസന്ധിയുടെ ചരിത്രം ആരംഭിക്കുന്നത് നിര്‍ഭാഗ്യവശാല്‍ ഐതിഹാസികന്‍ എന്ന് പേരുകേട്ട ജവഹര്‍ലാല്‍ നെഹ്‌റുവിലും ഐതിഹാസികമെന്ന് നാം ഉറപ്പിച്ച് പറയാറുള്ള പഞ്ചവത്സര പദ്ധതിയിലുമാണ്. ആധുനികനായിരുന്നു നെഹ്‌റു; എല്ലാ അര്‍ത്ഥത്തിലും. ക്ഷാമം പടര്‍ന്നുപിടിച്ച ഒരു രാജ്യമാണ് അദ്ദേഹത്തിന് നയിക്കാന്‍ ലഭിച്ചത്. അതിതീവ്ര വികസനമാണ് നെഹ്‌റു കണ്ടെത്തിയ പോംവഴി. അതിന് നെഹ്‌റുവിന് മാതൃകയായതാവട്ടെ സോവിയറ്റ് റഷ്യയും. കേന്ദ്രീകൃത അധികാരത്തിന്റെ വിധ്വംസകരൂപമായിരുന്ന സോവിയറ്റ് മാതൃകയെ നെഹ്‌റു ഇന്ത്യയിലേക്ക് പറിച്ച് നട്ടു. മുകളില്‍ നിന്നുള്ള ആസൂത്രണം. നെഹ്‌റുവിന്റെ ആധുനിക വ്യക്തിത്വം അഥവാ അത്തരം പ്രഭാവം നെഹ്‌റുവാണ് ആത്യന്തികമായ ശരി എന്ന തോന്നലിലേക്ക് അക്കാലത്തെ ഇന്ത്യന്‍ ബുദ്ധിജീവികളെ എത്തിച്ചിരുന്നു. 1951-ല്‍ 2069 കോടി വകയിരുത്തി ആരംഭിച്ച പദ്ധതി പിന്നീടുള്ള ഓരോ അഞ്ചു വര്‍ഷവും അതിതീവ്ര വികസനത്തിലാണ് ഊന്നിയത്. ഇന്ത്യന്‍ മണ്ണവസ്ഥകളെ പരിഗണിക്കാത്ത വന്‍കിട പദ്ധതികളുടെ കാലം. വന്‍കിട വ്യവസായങ്ങളാണ് വളര്‍ച്ചയുടെ കാതല്‍ എന്ന് നെഹ്‌റു വിശ്വസിച്ചു. വന്‍കിട മൂലധനത്തിന്റെ സാന്നിധ്യമാണ് വളര്‍ച്ചയെന്ന് ഉറപ്പിച്ചു. രണ്ടാം പഞ്ചവത്സരപദ്ധതിയിലെ തുക വകയിരുത്തലില്‍ കൃഷിയെ വ്യവസായം മറികടന്നു. കാര്‍ഷിക മേഖല തിരിച്ചുവരാനാകാത്ത വിധം പിന്നോക്കം പോയി. ഭക്ഷ്യ ധാന്യങ്ങളുടെ ഇറക്കുമതി കുതിച്ചുയര്‍ന്നു. കൃഷി തകരാന്‍ തുടങ്ങി. ജീവിതനിലവാരം സംബന്ധിച്ച് യൂറോപ്യന്‍ യുക്തികള്‍ പിടിമുറുക്കി. ഭൗതികമായ പുളപ്പുകളാണ് വികസിതാവസ്ഥ എന്ന തെറ്റിദ്ധാരണ സംജാതമായി. കൃഷിയും കൃഷിയെ വലിയ തോതില്‍ ആശ്രയിച്ചിരുന്ന കുടില്‍ വ്യവസായങ്ങളും തകരാന്‍ തുടങ്ങി. മൊത്തം വകയിരുത്തലിന്റെ കാല്‍ശതമാനം പോലും കാര്‍ഷിക ജീവിതങ്ങളിലേക്ക് എത്തിയില്ല. ഭക്ഷ്യ പ്രതിസന്ധിക്ക് ഇറക്കുമതി എന്നുള്ളതായി സമവാക്യം. അതോടെ തൊഴിലില്ലായ്മ പടര്‍ന്നുപിടിച്ചു. പുറം മോടികള്‍ക്കപ്പുറം അരിക് ജീവിതങ്ങളെ സൃഷ്ടിച്ച പാളിച്ചയായിരുന്നു നെഹ്‌റുവിയന്‍ മാതൃകയെന്ന് പില്‍ക്കാലത്ത് നമ്മള്‍ തിരിച്ചറിയുന്നുണ്ട്. നെഹ്‌റുവിയന്‍ വികസന മാതൃകയുടെ തകര്‍ച്ചയാണ് കേരളത്തില്‍ സാഹിത്യആധുനികതയെ സൃഷ്ടിച്ചതെന്നും കൂട്ടത്തില്‍ പറയട്ടെ. തകര്‍ന്ന ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് തീവണ്ടിയിറങ്ങുന്നത് ആനന്ദിന്റെ ആള്‍ക്കൂട്ടത്തില്‍ നാം വായിച്ചത് ഓര്‍ക്കുക.

കുട്ടനാട്ടിലെ പുളിങ്കുന്നില്‍ ജനിച്ച സസ്യശാസ്ത്രജ്ഞന്‍ എം.എസ് സ്വാമിനാഥന്റെ മാനസ സന്തതി. കടുംവെട്ടായിരുന്നു ഹരിത വിപ്ലവം. മണ്ണിനെ അക്ഷരാര്‍ത്ഥത്തില്‍ ഊറ്റിയെടുക്കല്‍. അത്യുല്‍പാദനശേഷിയുള്ള വിത്തുകള്‍, രാസവളങ്ങള്‍, കീടനാശിനികള്‍, കളനാശിനികള്‍, യന്ത്രങ്ങള്‍. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ തുടര്‍ന്നുപോന്ന കൃഷിരീതികള്‍ അപരിഷ്‌കൃതമാണെന്ന് പഠിപ്പിച്ചുറപ്പിച്ചു ഹരിതവിപ്ലവ സംഘം. പരമ്പരാഗതമായതെല്ലാം, വിത്തുകളും കൃഷിയറിവുകളും മറമാടപ്പെട്ടു. തുടക്കത്തില്‍ ഫലം കണ്ടു. ഉത്പാദനം കുതിച്ചുയര്‍ന്നു. പഞ്ചാബ് ഇന്ത്യയുടെ ഭക്ഷ്യകലവറയായി. ഒരു വിഭാഗം കര്‍ഷകര്‍ സമ്പന്നരായി. തിരിച്ചടി രൂക്ഷമായിരുന്നു. കര്‍ഷകര്‍ വിത്തുകമ്പനികളുടെ ആശ്രിതരായി മാറി. അതിവേഗം കുതിച്ചുയര്‍ന്ന വിളവ് കിതച്ചുനിന്നു. മണ്ണിന്റെ ഘടന മാറി. മണ്ണ് മരിക്കാറായി. മണ്ണിനുള്ള ജീവന്‍രക്ഷാ ഔഷധങ്ങളുമായി കോര്‍പറേറ്റുകള്‍ വട്ടമിട്ടു. കൃഷി ചിലവേറിയതായി. പഞ്ചാബാണ് ആദ്യം പാപ്പരായത്. പാപ്പരായ പഞ്ചാബ് സാമൂഹികമായും തകര്‍ന്നത് ഓര്‍ക്കുക. എണ്‍പതുകളിലെ പഞ്ചാബ് തീവ്രവാദത്തിന്റെ വിത്തുകളില്‍ ഒന്ന് ഹരിത വിപ്ലവമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ അതിശക്തമായ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് വിത്തിട്ടതും ഈ തകര്‍ച്ചയാണ്. എഴുപതുകളും എണ്‍പതുകളും കര്‍ഷക സമരങ്ങളുടെ ചൂടറിഞ്ഞു. 1988-ല്‍ പഞ്ചാബിലെ കര്‍ഷകര്‍ ഡല്‍ഹി വളഞ്ഞു. മഹേന്ദ്ര സിംഗ് ടിക്കായത്തായിരുന്നു കേന്ദ്രശക്തി. പഞ്ചാബില്‍ നിന്നും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്ന അഞ്ചുലക്ഷത്തോളം കര്‍ഷകര്‍ ഡല്‍ഹി സ്തംഭിപ്പിച്ചു. ഹരിതവിപ്ലവം വഴി നുഴഞ്ഞുകയറിയ ബഹുരാഷ്ട്ര ഭീമന്‍മാരെ നഞ്ചുണ്ട സ്വാമിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ വിറപ്പിച്ചു. സമ്പന്നരായ കര്‍ഷകര്‍ക്കായിരുന്നു പ്രാമുഖ്യം എങ്കിലും കൃഷി അടിസ്ഥാന പ്രമേയമായി നടന്ന വന്‍മുന്നേറ്റങ്ങളാണ് അക്കാലത്ത് സംഭവിച്ചത്. തുടര്‍ച്ച ഉണ്ടായിരുന്നു എങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക മുഖച്ഛായ മാറ്റാന്‍ കെല്‍പുള്ളവയായിരുന്നു ആ സമരങ്ങള്‍. അതിനോടകം രൂപപ്പെട്ട അതിദരിദ്രരായ കര്‍ഷകത്തൊഴിലാളികളെ ഈ പ്രക്ഷോഭങ്ങളില്‍ ഭാഗഭാക്കാക്കാന്‍ അന്നത്തെ നേതൃത്വത്തിന് കഴിഞ്ഞിരുന്നു എന്നും ഓര്‍ക്കുക. ആ മുന്നേറ്റവും നീണ്ടു നിന്നില്ല. അന്നുവരെ സങ്കല്‍പിക്കാനാവാത്ത വന്‍ തകര്‍ച്ചയാണ് ഇന്ത്യന്‍ കര്‍ഷകരെ കാത്തിരുന്നത്.
കോര്‍പറേറ്റ് പിന്തുണയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങളുടെ നിഷ്ഠൂരമായ ദ്വിമുഖാക്രമണത്തിനാണ് തൊണ്ണൂറുകളില്‍ ഇന്ത്യന്‍ കര്‍ഷകര്‍ ഇരയായത്. ഉദാരവല്‍കരണത്തില്‍ അധിഷ്ഠിതമായ സാമ്പത്തിക പരിഷ്‌കരണവും അതിനെ ഉറപ്പിക്കാന്‍ സൃഷ്ടിച്ച വര്‍ഗീയതയുമാണ് അവ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ആഗോളവല്‍കരണത്തിന്റെ അതേ കാലമാണ് ഇന്ത്യയിലെ ഹിന്ദു വര്‍ഗീയതയുടെ ദ്രുതവളര്‍ച്ചാ കാലമെന്ന് ഓര്‍ക്കുക. സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയരാനിടയുള്ള പ്രതിഷേധങ്ങളെ വഴിതിരിച്ചുവിട്ടത് വര്‍ഗീയതയായിരുന്നു. ഒടുവില്‍ അതേ വര്‍ഗീയതയുടെ അപ്പോസ്തലര്‍ക്ക് വന്‍ഭൂരിപക്ഷത്തില്‍ അധികാരമേല്‍പ്പിച്ച് കൊടുക്കുകയും ചെയ്തു സാമ്പത്തിക ശക്തികള്‍. എഴുപതുകളിലും എണ്‍പതുകളിലും ഉയര്‍ന്നുവന്ന കര്‍ഷക പ്രക്ഷോഭങ്ങളിലെ സംഘടനാവീര്യത്തെ വര്‍ഗീയതയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കര്‍ഷകര്‍ വര്‍ഗീയമായി പിളര്‍ന്നു. മുന്നേറ്റങ്ങള്‍ ഇല്ലാതായി. 2014-ല്‍ അധികാരമേറ്റ നരേന്ദ്ര മോഡി സര്‍ക്കാരിന് 2017-വരെ കാര്യമായ കര്‍ഷക പ്രതിഷേധങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല എന്ന കാര്യവും ഓര്‍മയില്‍ വെക്കുക. കര്‍ഷക ആത്മഹത്യകള്‍ക്കും കാര്‍ഷിക തകര്‍ച്ചക്കും ആ മൂന്ന് വര്‍ഷത്തിലും ഒരു കുറവുമുണ്ടായിരുന്നില്ല എന്നതും. വിദര്‍ഭയില്‍ നിന്ന് സായ്‌നാഥ് അതും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2014-ല്‍ അധികാരമേറ്റ മോഡി സര്‍ക്കാര്‍ ഫാഷിസം സംബന്ധിച്ച ക്ലാസിക്കല്‍ നിര്‍വചനങ്ങളുടെ ചട്ടക്കൂട്ടുകളിലേക്ക് വേഗത്തില്‍ പാകപ്പെട്ടു. കോര്‍പറേറ്റുകളും ചങ്ങാത്ത മുതലാളിത്തവും നിര്‍ണയിക്കുന്ന അജണ്ടകള്‍ നടപ്പാക്കപ്പെട്ടു. അതിനിടയായിരുന്നു അത് സംഭവിച്ചത്. ലോകസാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തത്തിന് ഇന്ത്യ വേദിയായി. കുപ്രസിദ്ധമായ നോട്ട് നിരോധനം. ദുര്‍ബലവും പീഡിതവുമായിരുന്ന കാര്‍ഷിക സമ്പദ് വ്യവസ്ഥ അതോടെ പൂര്‍ണമായും തകര്‍ന്നു. മാസങ്ങളോളം ഇന്ത്യ സാമ്പത്തിക മരവിപ്പിലായി. വിത്തുവാങ്ങാന്‍ പണമില്ലാതെ കര്‍ഷകര്‍ കൃഷിക്കളം വിട്ടു. വിള വില്‍ക്കപ്പെടാതെ കെട്ടിക്കിടന്നു. നോട്ട് നിരോധനം ഏറ്റവും രൂക്ഷമായി ബാധിച്ചത് ഇന്ത്യയിലെ കര്‍ഷകരെയാണെന്ന് മുഴുവന്‍ പഠനങ്ങളും പറയുന്നു. ഗതിമുട്ടിയ കര്‍ഷകരുടെ കണ്ണീരു വറ്റിയ കണ്ണുകളില്‍ തീ പടര്‍ന്നു. ബീഫിന്റെ പേരില്‍ ആളുകളെ തല്ലിയും കുത്തിയും കൊന്ന് ശ്രദ്ധ തിരിക്കാനും ഗ്രാമങ്ങളെ തമ്മിലടിപ്പിക്കാനും ആസൂത്രിത നുണകളിലൂടെ യഥാര്‍ത്ഥ വിഷയം മറച്ചുവെക്കാനും സംഘപരിവാറും ഭരണകൂടവും പതിനെട്ടടവും പയറ്റി. പക്ഷേ, അതിലും വലുതായിരുന്നു പട്ടിണി. അതോടെ കര്‍ഷകര്‍ തെരുവിലേക്കിറങ്ങി. 2017 സെപ്തംബര്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ കൊണ്ട് സംഘര്‍ഷഭരിതമായി. തമിഴ് കര്‍ഷകര്‍ ജന്തര്‍ മന്ദിറിലെത്തി എലികളെ ഭക്ഷിച്ച് പ്രതിഷേധിച്ചത് ലോകം മുഴുവന്‍ തലക്കെട്ടായി. ജൂലായിലായിരുന്നു അത്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രക്ഷോഭം കനത്തു. രാജ്യമാകെയുള്ള കര്‍ഷകര്‍ പ്രതിഷേധത്തിന്റെ വഴിയിലേക്ക് തിരിഞ്ഞു. വിളകള്‍ കെട്ടിക്കിടന്ന് നശിച്ചു. ഹൈവേകള്‍ ചീഞ്ഞ ഭക്ഷ്യവസ്തുക്കളുടെ തള്ളല്‍ കേന്ദ്രമായി. കോര്‍പറേറ്റ് പ്രീണനം മുഖമുദ്രയാക്കിയ ബാങ്കുകള്‍ കര്‍ഷകരോടുള്ള അവഗണന തുടര്‍ന്നു. ബാങ്കുകളും പ്രതിഷേധമറിഞ്ഞു. 1500 രൂപ പോലും മാസവരുമാനമില്ലാത്ത നിലയില്ലാക്കയത്തിലേക്ക് കര്‍ഷകര്‍ വീണുകൊണ്ടേയിരുന്നു. പാര്‍ലമെന്റോ പ്രധാനമന്ത്രി നരേന്ദ്രമോഡിയോ അവരുടെ വിലാപങ്ങള്‍ക്ക് ചെവി കൊടുത്തില്ല. അടിസ്ഥാന പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു. സര്‍ക്കാറിന് ശിങ്കിടിപ്പണി ചെയ്യുന്ന മാധ്യമങ്ങള്‍ ഇല്ലാത്ത പ്രശ്‌നങ്ങളെ പ്രൈം ടൈം ഡിബേറ്റാക്കി.

അതോടെയാണ് അവര്‍ കൂട്ടത്തോടെ നഗരം വളയാന്‍ തുടങ്ങിയത്. ഊട്ടുന്നവന്റെ കരുത്ത് ഭരണകൂടം അറിഞ്ഞുതുടങ്ങുന്നു. അതുകൊണ്ടാണ് മാനുഷികത നേരിടുന്ന ഈ വലിയ പ്രതിസന്ധിയെക്കുറിച്ച് നമ്മള്‍ സംസാരിച്ചുകൊണ്ടേയിരിക്കണം എന്ന് പറയുന്നത്. അടുത്ത രണകൂടത്തെ കര്‍ഷകര്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം എന്ന് പറയുന്നത്.

കെ കെ ജോഷി

You must be logged in to post a comment Login