നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

നിര്‍ണായകമായിരുന്നു ആ മുപ്പത്തിനാല് മണിക്കൂര്‍

കത്തിയെരിയുന്ന ഗുജറാത്തിലേക്ക് കലാപം അടിച്ചമര്‍ത്താന്‍ കരസേനയെ നയിച്ചെത്തിയ സമീറുദ്ദീന്‍ ഷാ ഞെട്ടലോടെയാണ് ആ കാഴ്ച കണ്ടത്. കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലെ മുസ്‌ലിം വീടുകള്‍ സായുധരായ അക്രമികള്‍ വളഞ്ഞിരിക്കുന്നു. തുടക്കത്തില്‍ കേവലം കാഴ്ചക്കാരായി നിന്ന പോലീസ്, ജനക്കൂട്ടത്തെ പിരിച്ചുവിടാനെന്നു പറഞ്ഞ് വെടിവെക്കുന്നത് അക്രമികളുടെ നേര്‍ക്കല്ല. ജനക്കൂട്ടം വളഞ്ഞിട്ട മുസ്‌ലിം ഭവനങ്ങളുടെ ജനലുകള്‍ക്കു നേരെയാണ് വെടിയുണ്ടകള്‍ പായുന്നത്. വേട്ടക്കാരെയല്ല, ഇരകളെയാണ് നിയമപാലകര്‍ നേരിടുന്നത്.

ഗുജറാത്ത് കലാപത്തെ വംശഹത്യയായി മാറ്റിയത് പോലീസിന്റെയും സിവില്‍ ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടായ പക്ഷപാതപരമായ നടപടികളാണെന്ന കാര്യത്തില്‍ അധികമാര്‍ക്കും സംശയമുണ്ടാവില്ല. സംസ്ഥാന ഭരണകൂടത്തിലെ ഉന്നതര്‍ക്ക് കൂട്ടക്കൊലകളില്‍ നേരിട്ടു പങ്കുണ്ടെന്ന കാര്യം അന്ന് സര്‍വീസിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സാമൂഹിക പ്രവര്‍ത്തകരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യമായാണ് ഒരു സൈനികോദ്യോഗസ്ഥന്‍, കരസേനയുടെ ഉപമേധാവിയായി വിരമിച്ചയാള്‍, കലാപം തടയാനുള്ള സൈനിക നടപടിക്ക് നേരിട്ട് നേതൃത്വം നല്‍കിയയാള്‍, സമാനമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നത്.
റിട്ടയേഡ് ലഫ്റ്റനന്റ് ജനറല്‍ സമീറുദ്ദീന്‍ ഷായുടെ ‘ദ സര്‍ക്കാരി മുസല്‍മാന്‍’ എന്ന പുസ്തകം ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തെത്തിയ ഒരു മുസ്‌ലിമിന്റെ ഓര്‍മക്കുറിപ്പുകളാണ്.
അയോധ്യയില്‍നിന്നു മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍ 2002 ഫെബ്രുവരി 27ന് സബര്‍മതി എക്‌സ്പ്രസില്‍ ചുട്ടുകൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്തിലെ വംശഹത്യയുടെ തുടക്കം. സ്ഥിതി നിയന്ത്രണാതീതമായതോടെ ഫെബ്രുവരി 28ന് ഗുജറാത്ത് സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടി. കരസേനാ മേധാവി ജനറല്‍ എസ്. പദ്മനാഭന്‍ അന്നുതന്നെ ഷായെ വിളിച്ചു. ‘സൂം എത്രയും പെട്ടെന്ന് സൈന്യത്തെ വിന്യസിച്ച് കലാപം അമര്‍ച്ച ചെയ്യണം’- അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ സൈനിക നടപടിയുടെ ചുമതല അങ്ങനെയാണ് സൈനികവൃത്തങ്ങളില്‍ ‘സൂം’ എന്നറിയപ്പെട്ടിരുന്ന ഷാ ഏറ്റെടുക്കുന്നത്.

കരമാര്‍ഗം പോയാല്‍ ഗുജറാത്തിലെത്താന്‍ രണ്ടു ദിവസമെടുക്കുമെന്നും അത്രയും കാലതാമസം പറ്റില്ലെന്നും ഷാ സേനാമേധാവിയെ അറിയിച്ചു. ജോധ്പൂരില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ അഹമ്മദാബാദ് വരെ പോകാമെന്ന് ജനറല്‍ പദ്മനാഭന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സൈനികരെ വിമാനത്താവളത്തില്‍ എത്തിക്കണമെന്ന് നിര്‍ദേശവും നല്‍കി. ഷായും ഒരു സംഘം സൈനികരും 28ന് രാത്രിതന്നെ ജോധ്പുരില്‍നിന്ന് അഹമ്മദാബാദിലെത്തി. മാര്‍ച്ച് ഒന്നിന് നേരം വെളുക്കുമ്പോഴേക്ക് 3000 സൈനികരും അഹമ്മദാബാദിലെത്തിയിരുന്നു. പക്ഷേ അഹമ്മദാബാദിലെ എയര്‍ഫീല്‍ഡ് ആളൊഴിഞ്ഞു കിടക്കുകയായിരുന്നു. പുറത്തേക്കിറങ്ങാനുള്ള വാഹനങ്ങളില്ല. വഴി കാണിക്കാന്‍ പോലീസുകാരില്ല. നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മജിസ്‌ട്രേറ്റുമാരില്ല. സംസ്ഥാന സര്‍ക്കാര്‍ എല്ലാം സജ്ജമാക്കുന്നുണ്ടെന്നായിരുന്നു ഡെപ്യൂട്ടി കമാന്‍ഡറുടെ മറുപടി.

സൈനികര്‍ക്കുവേണ്ട സൗകര്യങ്ങളൊരുക്കണമെന്ന് അഭ്യര്‍ഥിക്കാനായി അതിനു മുമ്പുതന്നെ ഷാ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വീട്ടില്‍ പോയിരുന്നു. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ രണ്ടുമണിക്ക് മുഖ്യമന്ത്രിയുടെ വസതിയിലെത്തുമ്പോള്‍ അവിടെ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസുണ്ടായിരുന്നു. ഏറെ വൈകി അത്താഴം കഴിക്കുകയായിരുന്നു അവര്‍. ഷായേയും ക്ഷണിച്ചു. ഭക്ഷണം കഴിച്ചയുടന്‍ അദ്ദേഹം വിഷയം അവതരിപ്പിച്ചു. കൈയിലുള്ള ഭൂപടം കാണിച്ച് പ്രശ്‌നബാധിത പ്രദേശങ്ങള്‍ ഏതൊക്കെയാണെന്ന് അന്വേഷിച്ചു. സൈനികര്‍ക്ക് പുറത്തിറങ്ങി ക്രമസമാധാനം ഉറപ്പാക്കുന്നതിനുവേണ്ട അവശ്യസൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്ന് അപേക്ഷിച്ചു. എല്ലാം ഉടന്‍ സജ്ജമാകുമെന്ന് മോഡിയും ഫെര്‍ണാണ്ടസും ഉറപ്പു നല്‍കി. പക്ഷേ അതുണ്ടായില്ല.

നീണ്ട 34 മണിക്കൂര്‍ കാത്തു കിടന്നശേഷം മാര്‍ച്ച് രണ്ടിനാണ് സൈനികരെ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങളും വഴികാട്ടികളും എത്തിയത്. ഫെബ്രുവരി 28 രാത്രിയും മാര്‍ച്ച് ഒന്ന് പകലും ഗുജറാത്തിനെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിവസങ്ങളായിരുന്നു. ഈ സമയംകൊണ്ടാണ് കൂട്ടക്കൊലകള്‍ അരങ്ങേറിയത്. വാഹനംകാത്ത് വ്യോമതാവളത്തില്‍ കിടന്ന സമയം ഉപയോഗപ്പെടുത്താനായിരുന്നെങ്കില്‍ 300 ജീവനെങ്കിലും രക്ഷിക്കാനാകുമായിരുന്നു എന്നാണ് സമീറുദ്ദീന്‍ ഷാ പറയുന്നത്. ഭരണസംവിധാനം പരാജയപ്പെടുന്നതിന്റെ ഉത്തമോദാഹരണമായി ഈ സംഭവത്തെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഷായുടെ നേതൃത്വത്തില്‍ സൈന്യം രംഗത്തിറങ്ങുമ്പോള്‍ ഗുജറാത്ത് അക്ഷരാര്‍ഥത്തില്‍ കത്തിയെരിയുകയായിരുന്നു. എങ്ങും പുകയുയരുന്നു. സായുധ സംഘങ്ങള്‍ കൊലയും കൊള്ളയും കൊള്ളിവെപ്പുമായി വിഹരിക്കുന്നു. തടയാന്‍ ആരുമില്ല. കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും ആരാധനാലയങ്ങളില്‍ അഭയം തേടിയവരും നിര്‍ദ്ദയം ആക്രമിക്കപ്പെട്ടു. സിവില്‍ ഭരണകൂടത്തില്‍ ആരെയും ബന്ധപ്പെടാന്‍പോലും പറ്റിയില്ല. അക്രമം തടയാന്‍ അധികൃതര്‍ ശ്രമിച്ചില്ല. ജനക്കൂട്ടം വീടുകള്‍ക്ക് തീയിടുന്നത് പോലിസ് നോക്കിനിന്നു. ഭൂരിപക്ഷ മതത്തില്‍പ്പെട്ട ജനപ്രതിനിധികള്‍ പോലിസ് സ്റ്റേഷനുകളില്‍ തമ്പടിച്ചു. കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും മുസ്‌ലിം മേഖലകളെ അതില്‍നിന്ന് മാറ്റിനിര്‍ത്തി. അതുകൊണ്ട് അക്രമികളായ ആള്‍ക്കൂട്ടത്തിന് അവിടം വളയാന്‍ കഴിഞ്ഞു- ഷാ എഴുതുന്നു.

ഉന്നത പോലീസുദ്യോഗസ്ഥരല്ല, സ്റ്റേഷന്‍ ഓഫീസര്‍മാരാണ് മുകളില്‍നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് തീരുമാനങ്ങളെടുത്തത്. പോലീസിന്റെ വര്‍ഗീയവത്കരണവും രാഷ്ട്രീയവത്കരണവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്. പോലീസില്‍ ന്യൂനപക്ഷ പ്രാതിനിധ്യം കുറച്ചുകൂടിയുണ്ടായിരുന്നെങ്കില്‍ അല്‍പംകൂടി നീതിപൂര്‍വമായ സമീപനമുണ്ടാകുമായിരുന്നെന്നാണ് ഷായുടെ അഭിപ്രായം. സെന്യത്തിലും ന്യൂനപക്ഷ പ്രാതിനിധ്യം കുറവാണ്. പക്ഷേ ഗുജറാത്തിലെ സൈനികനടപടികളില്‍ പക്ഷപാതമുണ്ടായില്ല. പോലീസിന് ആറു ദിവസംകൊണ്ട് കഴിയുമായിരുന്നത് 48 മണിക്കൂറുകൊണ്ട് സൈന്യം സാധിച്ചു. 110 കമ്പനി അര്‍ധസൈനികരും പോലീസും പരാജയപ്പെട്ടിടത്ത് 24 കമ്പനി സൈന്യം വിജയിച്ചു. മാര്‍ച്ച് നാലിന് സൈനിക നടപടി പൂര്‍ത്തിയായി. സമയത്തിന് വാഹനം കിട്ടിയിരുന്നെങ്കില്‍ രണ്ടു ദിവസം മുമ്പ് അത് സാധിക്കുമായിരുന്നു.

കലാപവേളയില്‍ താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മിക്കതും നടപ്പാക്കപ്പെട്ടില്ലെന്ന് ഷാ വെളിപ്പെടുത്തുന്നു. കര്‍സേവകരുടെ മൃതദേഹം ഗോധ്രയില്‍ നിന്ന് അഹമ്മദാബാദിലേക്ക് കൊണ്ടുവന്നതാണ് കലാപാഗ്നി പടര്‍ത്തിയത്. ഭരണകൂടം അത് അനുവദിക്കാന്‍ പാടില്ലായിരുന്നു. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം ഗോധ്ര സന്ദര്‍ശിച്ചപ്പോള്‍ കത്തിയ തീവണ്ടിയുടെ അസ്ഥികൂടം എത്രയും പെട്ടെന്ന് നീക്കണമെന്ന് ഷാ ആവശ്യപ്പെട്ടതാണ്. എന്നാല്‍ വിദ്വേഷത്തിന്റെ സൂചകമെന്നോണം ഏറെക്കാലം അതവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. സമാധാനം പുന:സ്ഥാപിക്കാന്‍ അടിയന്തരമായി എന്താണു ചെയ്യേണ്ടതെന്നു ചോദിച്ചപ്പോള്‍ സംസ്ഥാന പോലീസിനെ അഴിച്ചുപണിയണമെന്നും ഗുജറാത്ത് കേഡറിനു പുറത്തുള്ളവരെ തലപ്പത്തു കൊണ്ടുവരണമെന്നും ഷാ നിര്‍ദേശിച്ചു. അതുതന്നെയാണ് തന്റെയും അഭിപ്രായം എന്നായിരുന്നു ഫെര്‍ണാണ്ടസിന്റെ മറുപടി. പക്ഷേ ഒന്നും സംഭവിച്ചില്ല. സംസ്ഥാനത്ത് പട്ടാളനിയമം പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ആലോചിച്ചതാണ്. എന്നാലത് കടന്ന കൈയായിപ്പോകുമെന്ന് കരുതി വേണ്ടെന്നുവെക്കുകയായിരുന്നെന്ന് ഷാ പറയുന്നു.
സംസ്ഥാനത്ത് സൈനിക വിന്യാസം മന:പൂര്‍വം താമസിപ്പിച്ചെന്ന പരാതി നേരത്തേതന്നെ ഉയര്‍ന്നതാണ്. കൊല്ലപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം. പി. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ഇതെല്ലാം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട പ്രത്യേക സംഘം (എസ്. ഐ. ടി.) ആരോപണം തള്ളി. സൈനിക വിന്യാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചില്ലെന്ന റിപ്പോര്‍ട്ട് നല്‍കി നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കുകയാണ് മുന്‍ സി.ബി.ഐ. ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍ നയിച്ച എസ്.ഐ.ടി ചെയ്തത്. എസ്.ഐ.ടിയുടെ കണ്ടെത്തല്‍ പച്ചക്കള്ളമാണെന്ന് ഷാ പറയുന്നു. ഷായുടെ മൊഴിയെടുക്കാനോ സൈനിക നടപടിക്കുശേഷം അദ്ദേഹം കരസേനാ മേധാവിയ്ക്കു നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കാനോ എസ്.ഐ.ടി. തയാറായിരുന്നില്ല.

ഗുജറാത്ത് കലാപത്തില്‍ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും മരിച്ചെന്നും 223 പേരെ കാണാതായെന്നുമാണ് സര്‍ക്കാര്‍ 2005ല്‍ പാര്‍ലമെന്റിനെ അറിയിച്ചത്. 2,500 പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലുമെത്രയോ കൂടുതലാണെന്ന് ഷാ പറയുന്നു. ഗ്രാമങ്ങളിലെ ആളപായത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നിട്ടില്ല. ന്യൂനപക്ഷ സമുദായാംഗങ്ങളായ പോലീസുകാര്‍ പോലും അവിടെ വേട്ടയാടപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യദിനത്തില്‍ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ ജനിച്ച ഷാ നൈനിറ്റാളിലെ സെന്റ് ജോസഫ്‌സ് കോളേജിലും മദ്രാസ്, ഡല്‍ഹി സര്‍വകലാശാലകളിലും പഠിച്ച ശേഷമാണ് പുനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി വഴി സൈന്യത്തിലെത്തുന്നത്. സൈനികനെന്ന നിലയില്‍ ഷാ കാണിച്ച അര്‍പ്പണബോധമാണ് കലാരംഗത്ത് ആത്മാര്‍പ്പണം നടത്താന്‍ തനിക്ക് പ്രേരണയായതെന്ന് ഇളയസഹോദരനും വിഖ്യാത നടനുമായ നസീറുദ്ദീന്‍ ഷാ പറഞ്ഞിട്ടുണ്ട്.

മികച്ച സൈനികോദ്യോഗസ്ഥനെന്ന് പേരെടുത്തയാളെങ്കിലും ഷായെ ഗുജറാത്തിലേക്ക് നിയോഗിക്കാനുള്ള കരസേനാ മേധാവിയുടെ തീരുമാനം പലരുടെയും നെറ്റി ചുളിച്ചിരുന്നു. വര്‍ഗീയ കലാപം അമര്‍ച്ച ചെയ്യാനുള്ള ചുമതല ഒരു മുസ്‌ലിമിനെ ഏല്‍പിക്കാനാവുമോ എന്നായിരുന്നു സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നായിരുന്നു കരസേനാ മേധാവി പദ്മനാഭന്റെ നിലപാട്. സൂമിന്റെ കഴിവില്‍ അദ്ദേഹത്തിന് സംശയമില്ലായിരുന്നു. കാലം അതു ശരിവെക്കുകയും ചെയ്തു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപം അടിച്ചമര്‍ത്താന്‍ നിയോഗിക്കപ്പെട്ട ഷായെ പരമ വിശിഷ്ട സേവാ മെഡലും വിശിഷ്ട സേവാ മെഡലും സേനാ മെഡലും നല്‍കി രാഷ്ട്രം ആദരിച്ചു. ഇടയ്ക്ക് കുറച്ചുകാലം സഊദി അറേബ്യയില്‍ ഇന്ത്യയുടെ മിലിറ്ററി അറ്റാഷേയായി നിയമിച്ചു. സൈന്യത്തില്‍ നിന്നു വിരമിച്ച ശേഷം 2012 മുതല്‍ 17 വരെ അദ്ദേഹം അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിച്ചു. അച്ചടക്കം കര്‍ക്കശമാക്കിയതിന്റെ പേരില്‍ പഴി കേട്ടെങ്കിലും, ഇടയ്ക്കു ചില വിവാദങ്ങളില്‍ തലവെച്ചെങ്കിലും, കേന്ദ്രത്തില്‍ മോഡി സര്‍ക്കാര്‍ വന്നപ്പോള്‍ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സമൃതി ഇറാനിയുമായി ഏറ്റുമുട്ടേണ്ടിവന്നെങ്കിലും അലിഗഢിലെ കാലം സാര്‍ഥകമായിരുന്നെന്നാണ് ഷാ കരുതുന്നത്.

വര്‍ഷങ്ങള്‍ നീണ്ട നിശബ്ദതയ്ക്കു ശേഷമാണദ്ദേഹം ഗുജറാത്തില്‍നിന്നുള്ള അപ്രിയ സത്യങ്ങളുമായി ജനങ്ങള്‍ക്കു മുന്നിലെത്തുന്നത്. കലാപവേളയില്‍ സംസ്ഥാന ഭരണകൂടം പരാജയപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും ആര്‍ക്കാണതിന്റെ ഉത്തരവാദിത്വം എന്നദ്ദേഹം വെളിപ്പെടുത്തുന്നില്ല. പക്ഷപാതപരമായി പെരുമാറാന്‍ പോലീസുകാര്‍ക്ക് മുകളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയ ഉന്നതര്‍ ആരെന്നു പറയുന്നില്ല. വിഭജനകാലത്തെ മുറിവുകള്‍ പോലെ ഗുജറാത്തിന്റെ വ്രണമുണങ്ങാന്‍ ചുരുങ്ങിയത് മൂന്നു തലമുറ കഴിയേണ്ടിവരുമെന്ന് ഷാ കരുതുന്നു. അതുകൊണ്ടുതന്നെ ആരോപണങ്ങളുന്നയിച്ച് മുറിപ്പാടുകള്‍ മാന്തി പുണ്ണാക്കി മാറ്റാന്‍ താനില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

വി ടി സന്തോഷ്

You must be logged in to post a comment Login