സഊദി അരമനയില്‍നിന്നുള്ള അസ്വസ്ഥ വര്‍ത്തമാനങ്ങള്‍

സഊദി അരമനയില്‍നിന്നുള്ള അസ്വസ്ഥ വര്‍ത്തമാനങ്ങള്‍

ഗള്‍ഫ് പ്രവാസത്തിന്റെ അസ്തമയസൂര്യന്‍ ആദ്യം പ്രത്യക്ഷപ്പെട്ടു കണ്ട സഊദി അറേബ്യയുടെ ചെമന്ന ചക്രവാളം നമ്മുടെ അടുക്കളയില്‍ നിതാഖാത്തിന്റെ നെടുവീര്‍പ്പ് പരത്തിയ സാമൂഹികദുരന്തത്തെ കുറിച്ചുള്ള ഏത് ചര്‍ച്ചയും തുടങ്ങുക മനുഷ്യസ്‌നേഹിയും വിശാലഹൃദയനുമായ അബ്ദുല്ല രാജാവിന്റെ വിയോഗവും പിന്‍ഗാമിയായി സഹോദരന്‍ സല്‍മാന്‍ രാജാവിന്റെ ആഗമവും കെട്ടഴിച്ചുവിട്ട കുറെ നാടകീയ സംഭവവികാസങ്ങള്‍ സ്പര്‍ശിച്ചായിരിക്കാം. സല്‍മാന്റെ പുത്രനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനിലേക്ക് ഇന്ന് ലോകത്തിന്റെ ശ്രദ്ധ മുഴുവനും പതിയുന്നത്, എഴുപതുകളുടെ തുടക്കം തൊട്ട് അന്നം തേടി ഒഴുകിയെത്തിയ ലക്ഷക്കണക്കിന് മനുഷ്യരെ അനുതാപം തൊട്ടുതീണ്ടാത്ത നിയമങ്ങളും വ്യവസ്ഥകളും സ്വദേശിവത്കരണവും കൊണ്ടുവന്നു കൂട്ടത്തോടെ അവര്‍ വന്ന സ്ഥലത്തേക്ക് തിരിച്ചയച്ചുകൊണ്ടിരിക്കുന്ന നിരാര്‍ദ്രമായ നയം നിഷ്‌ക്രിഷ്ടമായി വിശകലനം ചെയ്യുന്നതിലൂടെയല്ല. അത്തരം വിഷയങ്ങളില്‍ ലോകസമൂഹത്തിന് വലിയ താല്‍പര്യം ഉണ്ടാവണമെന്നില്ലല്ലോ. സല്‍മാന്‍ രാജാവിന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ട മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ ഇന്ന് മുസ്‌ലിം ലോകത്തിന്റെ ‘കിരീടം വെക്കാത്ത രാജാവായി’ അവതരിപ്പിക്കപ്പെടുന്നിടത്ത് പടിഞ്ഞാറന്‍ ലോകം വിജയിച്ചുവെന്ന് മാത്രമല്ല, തകര്‍ത്തെറിയപ്പെട്ട ഇറാഖും സിറിയയുമെല്ലാം പയ്യെ പയ്യെ വിസ്മൃതിയുടെ ഏതോ കോണിലേക്ക് തള്ളിവിടാന്‍ ഇത്തരത്തിലുള്ള ബിംബവത്കരണം സഹായമാവുകയും ചെയ്യുന്നു. ചരിത്രത്തിന്റെ നിര്‍ണായകഘട്ടങ്ങളില്‍ ആധുനിക സഊദി അറേബ്യ മുസ്‌ലിം ലോകത്തെ പ്രതിസന്ധികളില്‍ അടയാളപ്പെടുത്തിയ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഒന്നാംലോകയുദ്ധം മുസ്‌ലിം ലോകത്തെ ഛിന്നഭിന്നമാക്കി, ഖിലാഫത്തിന്റെ വിപാടനത്തിന് അരങ്ങൊരുക്കിയ സാമ്രാജ്യത്വ കുടിലതന്ത്രങ്ങള്‍ക്ക് പിണിയാളായി നിന്നത് അബ്ദുല്‍ അസീസ് ബിന്‍ സുഊദിന്റെ കുടുംബവാഴ്ചയും സലഫി ഇസ്‌ലാമുമായിരുന്നു. ബ്രിട്ടീഷുകാരുമായി ചേര്‍ന്നു നടത്തിയ രഹസ്യപദ്ധതികളാണ് 1924ല്‍ ഉസ്മാനിയ്യ ഖിലാഫത്തിന്റെ ചരിത്രത്തിലേക്കുള്ള തിരോഭവനം യാഥാര്‍ത്ഥ്യമാക്കിയതും രാജവാഴ്ചക്കും സെക്കുലര്‍ ഭരണവ്യവസ്ഥക്കും വിഹരിക്കാന്‍ നിലം ഉഴുതുകൊടുത്തതും.

ചരിത്രം മറന്ന കീഴടങ്ങല്‍
ചരിത്രത്തില്‍ യുവതുര്‍ക്കികള്‍ അതിശയകരമായ നേതൃപാടവം കാണിച്ച പാരമ്പര്യമുള്ള നാഗരികസമൂഹമാണ് ഇസ്‌ലാമിന്റേത്. പാശ്ചാത്യ ക്രൈസ്തവ ഗൂഢാലോചനകള്‍ക്കും പദ്ധതികള്‍ക്കുമെതിരെ ധീരമായി പോരാടിയ പാരമ്പര്യം സ്വലാഹുദ്ദീന്‍ അയ്യൂബിയിലോ ഉമര്‍ മുഖ്താറിലോ അവസാനിക്കുന്നില്ല. ഇരുപതാം നൂറ്റാണ്ടില്‍ കോളനിവാഴ്ചയുടെ മറവില്‍ മുസ്‌ലിം ലോകത്തിനുമേല്‍ ആധിപത്യമുറപ്പിക്കാന്‍ ക്രൈസ്തവ യൂറോപ്പ് കിരാതമുറകള്‍ പുറത്തെടുത്തപ്പോള്‍ അതിനെതിരെ പടച്ചട്ടയണിഞ്ഞ യുവാക്കളുടെ എത്രയോ മുന്നേറ്റങ്ങള്‍ സ്വര്‍ണലിപികളില്‍ കുറിച്ചിടപ്പെട്ടിട്ടുണ്ട്. ഇറ്റലിയുടെ കിരാതവാഴ്ചക്കെതിരെ പോരാടിയ ഉമര്‍ മുഖ്താറിന്റെ ഒളിപ്പോരാളികളാണ് സ്വതന്ത്ര ലിബിയ കെട്ടിപ്പടുത്തത്. ടുണീഷ്യന്‍ പ്രസിഡന്റായിരുന്ന ഹബീബ് ബുര്‍ഖിബ ഫ്രഞ്ച് കോളനി യജമാനന്മാരോട് നടത്തിയ പോരാട്ടമാണല്ലോ ടൂണീഷ്യ എന്ന പുതിയൊരു രാജ്യത്തിന്റെ പിറവിക്കു നിദാനമായി വര്‍ത്തിച്ചത്. ഉസ്മാനിയ്യ ഖിലാഫത്ത് തകര്‍ത്തെറിഞ്ഞിട്ടും മതഭ്രാന്തിന് അറുതിവരാത്ത പടിഞ്ഞാറന്‍ ലോകം എത്ര ക്രൂരമായാണ് മുസ്‌ലിം സമൂഹത്തോടും അവരുടെ നാഗരികശേഷിപ്പുകളോടും പെരുമാറിയതെന്ന് ടുണീഷ്യയുടെ 1930കളിലെ അനുഭവം ഉദാഹരണമായെടുക്കാം. മുസ്‌ലിം പ്രമാണിവര്‍ഗത്തിന്റെ മുന്‍കൈയാല്‍ തുണിസിലെ ഫ്രഞ്ച് പ്രൊട്ടക്ടറേറ്റ് മേധാവി അഹമ്മദ് രണ്ടാമന്റെ അനുഗ്രഹാശിസ്സുകളോടെ ‘യൂത്ത്‌ക്രൈസ്റ്റിക് കോണ്‍ഗ്രസ് ഓഫ് കാതലിക് ക്ലെര്‍ജി’ സംഗമം ടുണീഷ്യന്‍ പട്ടണമായ കര്‍ത്താജില്‍ സംഘടിപ്പിക്കപ്പെട്ടു. ഫ്രഞ്ച് വിപ്ലത്തിന്റെ സെക്യുലര്‍ മൂല്യവാഹകരായ പാരീസില്‍നിന്നുള്ള കോളനി വാഴ്ചക്കാര്‍ സാംസ്‌കാരിക സമന്വയവും മതസ്വത്വങ്ങളുടെ നിരാകരണവും ലക്ഷ്യമിട്ട്, ക്രൈസ്തവ മതഭ്രാന്തിനെ തളച്ചിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പ്രായോഗികതലത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഒരാഴ്ച നീണ്ടുനിന്ന പരിപാടിയില്‍ മതഭ്രാന്തിന്റെ ബഹിസ്ഫുരണങ്ങളാണ് കാണാനും കേള്‍ക്കാനും സാധിച്ചത്. അള്‍ജീരിയ കീഴടക്കിയ ഫ്രഞ്ച് അധിനിവേശത്തിന്റെ നൂറ്റാണ്ട് ആഘോഷിക്കാന്‍ കുരിശുയുദ്ധ പോരാളികളുടെ വേഷത്തില്‍ ക്രൈസ്തവ യുവത തെരുവിലൂടെ പ്രകടനമായി നീങ്ങിയത് വിശ്വാസിസമൂഹത്തെ എരിപൊരികൊള്ളിച്ചു. കര്‍ദിനാള്‍ അലക്‌സിസ് ലെപ്‌സിയര്‍ നടത്തിയ ഒരു പൊതുപ്രഭാഷണത്തില്‍ ഉത്തരാഫ്രിക്കയുടെ ചരിത്രത്തിനും സംസ്‌കാരത്തിനും മേല്‍ ഇസ്‌ലാം പടര്‍ത്തിയ കരിനിഴലിനെ കുറിച്ച് നടത്തിയ വാചാടോപങ്ങള്‍ സംഘാടകര്‍ക്ക് സഹിക്കാന്‍ പറ്റുന്നതിലപ്പുറമായിരുന്നു. ഉത്തരാഫ്രിക്കയിലെ ഫ്രഞ്ച് കോളനികള്‍ കുരിശുയുദ്ധത്തിന്റെ തുടര്‍വിജയമാണെന്ന നിലയിലുള്ള കൊട്ടിഘോഷം പണംമുടക്കിയ കോണ്‍ഗ്രസ് സംഘാടകരായ മുസ്‌ലിം പ്രമാണിമാരെ രോഷാകുലരാക്കി. പരിപാടിയില്‍ പങ്കെടുത്ത മുസ്‌ലിം യുവാക്കളെയും ബുദ്ധിജീവികളെയും മാറിച്ചിന്തിപ്പിക്കാനും ഇമ്മട്ടിലുള്ള അവഹേളനങ്ങളോട് ശക്തമായി പ്രതികരിക്കാനും നിര്‍ബന്ധിതരാക്കി. ടുണീഷ്യയുടെ ദേശീയബോധം ആളിക്കത്തുന്നതാണ് പിന്നീട് കണ്ടത്. രാജ്യത്തിന്റെ പ്രസിഡണ്ടായി വന്ന ഹബീബ് ബുര്‍ഖിബയെ പോലുള്ള ധൈഷണിക നേതൃത്വം പിറവി കൊള്ളുന്നത് ഈ രാഷ്ട്രീയപശ്ചാത്തലത്തിലാണ്.

പടിഞ്ഞാറ് എപ്പോഴെല്ലാം ഇസ്‌ലാമിക ലോകത്തിനുമേല്‍ കുതിര കയറിയിട്ടുണ്ടോ അപ്പോഴെല്ലാം പ്രതിഷേധത്തിന്റെ കൊച്ചുകൊച്ചു അഗ്‌നിസ്ഫുല്ലിംഗങ്ങളെങ്കിലും ചക്രവാളത്തില്‍ തെളിച്ചുകാണിക്കാന്‍ ആ കാലഘട്ടത്തിലെ മുസ്‌ലിം യുവതക്ക് സാധിച്ചിരുന്നു. ശ്രമം വിജയകരമാണോ അല്ലേ എന്നത് മറ്റൊരു കാര്യം. ഇന്നത്തെ അറബ് ഇസ്‌ലാമിക ലോകം യുവാക്കളുടെയാണ്. തെരുവുകളില്‍ രോഷാഗ്‌നി ജ്വലിപ്പിച്ചതും ടുണീഷ്യയിലും ഈജിപ്തിലും യമനിലുമൊക്കെ ‘മുല്ലപ്പൂവിപ്ലവങ്ങള്‍’ വിരിയിച്ചതും അവരായിരുന്നു. അറബ് ജനസംഖ്യയുടെ പകുതിയും 25 വയസ്സിന് താഴെയുള്ളവരാണ്. അമീന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ചിന്തയോടും സ്വപ്‌നത്തോടും എളുപ്പത്തില്‍ താദാത്മ്യം പ്രാപിക്കുന്നവര്‍. ആ ജനവിഭാഗത്തിന്റെ ശ്രദ്ധ രാഷ്ട്രീയത്തിലേക്ക് തിരിയാതിരിക്കാന്‍ കാലാകാലമായി സഊദി ഭരണാധികാരികള്‍ കായികവിനോദങ്ങളിലേക്കും ഉപഭോക്തൃസംസ്‌കാരത്തിലേക്കും, എന്തിന്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്കുപോലും വഴി കാണിച്ചുകൊടുക്കുകയാണ് പതിവ്.

വിധേയത്വത്തിന്റെ യുവപ്രതീകം
മുസ്‌ലിം ലോകം എന്ന പ്രയോഗത്തിനു ഇന്ന് വല്ല പ്രസക്തിയുമുണ്ടോ എന്നത് അക്കാദമിക വിഷയമായി ചുരുങ്ങിയിരിക്കുന്നു. സമ്പത്ത് കൊണ്ടും പൈതൃകങ്ങള്‍ കൊണ്ടും മുന്നില്‍ നില്‍ക്കുന്നത് സംശയമില്ല, സഊദി അറേബ്യയാണ്. ഇരുഹറമുകളും സ്ഥിതി ചെയ്യുന്ന പവിത്രമണ്ണ് എന്ന നിലയില്‍ വിശ്വാസിസമൂഹത്തിന്റെ ഉള്ളകങ്ങളില്‍ ആ രാജ്യത്തിന് ഒരു സ്ഥാനമുണ്ട്. മുസ്‌ലിം ലോകത്തിന്റെ അന്തസ്സും നാഗരിക പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത ആ രാജ്യത്തിനും അതിന്റെ ഭരണാധികാരിക്കുമുണ്ട്. സഊദിയുടെ ധാര്‍മികവും രാഷ്ട്രീയവുമായ തകര്‍ച്ച ഇസ്‌ലാമിന്റെ പതനത്തിലേക്കുള്ള എളുപ്പമാര്‍ഗമാണെന്ന് വിശ്വസിക്കുന്നവരാണ് മുസ്‌ലിം ലോകത്തെ ഭൂരിപക്ഷവും. ആധുനിക സഊദി അറേബ്യ നിലവില്‍ വന്ന അന്ന് തൊട്ട് അത് അമേരിക്കയുടെ സാമന്തരാജ്യമായി മാറിയിട്ടുണ്ടെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കാലഘട്ടത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ആ രാജ്യം ഇതുവരെ എത്തിപ്പെടാത്ത ദുരന്തത്തിലേക്കാണ്. ഒന്നാം ലോകയുദ്ധശേഷം, സഊദി അടക്കമുള്ള പശ്ചിമേഷ്യയില്‍ എണ്ണശേഖരത്തിന്റെ അപൂര്‍വകേദാരം കണ്ടുപിടിക്കപ്പെട്ടതോടെ പ്രസിഡന്റ് റൂസ്‌വെല്‍റ്റ്, അബ്ദുല്‍ അസീസ് രാജാവിനെ ഒരു യു.എസ് കപ്പലില്‍ കൊണ്ടിരുത്തി ഒപ്പിടീപ്പിച്ച ‘ചരിത്രകരാറില്‍’ നിന്നാരംഭിക്കുന്ന ചതി, അരാംകോയിലൂടെ കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുമ്പോള്‍, മൂല്യശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്നത് രണ്ടു ഇനങ്ങള്‍ക്കാണ്: പെട്രോളിയത്തിനും സൗദി രാജാക്കന്മാര്‍ക്കും. മിസ്സിസിപ്പിയില്‍ നടന്ന കാമ്പയിന്‍ റാലിയില്‍ പ്രസിഡണ്ട് ട്രംപ് അമേരിക്കക്കാരുടെ മുന്നില്‍ സല്‍മാന്‍ രാജാവിനെയും സഊദിയെയും അവഹേളിക്കാനും കൊച്ചാക്കാനും നടത്തിയ വൃത്തികെട്ട നീക്കം കണ്ട് ലോകമുസ്‌ലിംകള്‍ അമ്പരന്നപ്പോള്‍ സല്‍മാനിലോ മകനിലോ ഒരു ഭാവമാറ്റവും കണ്ടില്ല. ട്രംപ് അവിടെ പറഞ്ഞത് കേട്ടില്ലേ? ‘King, we’re protecting you. You might not be there for two weeks without us. You have to pay for your military, you have to pay.’.’ രാജാവേ, ഞങ്ങളാണ് നിങ്ങളെ സംരക്ഷിക്കുന്നത്. ഞങ്ങളില്ലാതെ, രണ്ടാഴ്ച പോലും നിങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല. നിങ്ങളുടെ സൈന്യത്തിന്റെ ചെലവ് നിങ്ങള്‍ വഹിക്കണം. വഹിക്കുക തന്നെ വേണം…..’

തുല്യപദവിയിലുള്ള രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധമല്ല അമേരിക്കയും സഊദിയും തമ്മിലെന്ന് എന്നോ എടുത്തുകാട്ടപ്പെട്ട വസ്തുതയാണ്. അമേരിക്കയുടെ കരുത്തില്‍, സൈനിക ബലത്തില്‍ ഭൂമുഖത്ത് നിലനില്‍ക്കാന്‍ അര്‍ഹത നേടിയ ഒരു രാജ്യത്തിനപ്പുറത്തുള്ള പരിഗണനയോ ബഹുമാനമോ ട്രംപ് ഇസ്‌ലാമിക ലോകത്തിന്റെ ആസ്ഥാനത്തിന് നല്‍കുന്നില്ല. കൃത്യമായ മറുപടി നല്‍കുന്നതിനു പകരം, മുഹമ്മദ് രാജകുമാരന്‍ ട്രംപിനെ സുഖിപ്പിക്കുന്ന വര്‍ത്തമാനമാണ് പറഞ്ഞത്: ”ട്രംപുമായി ജോലി ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹവുമായി പ്രവര്‍ത്തിക്കാന്‍ സത്യത്തില്‍ എനിക്ക് വലിയ ഇഷ്ടമാണ്. മിഡില്‍ഈസ്റ്റില്‍ ഞങ്ങള്‍ പലതും നേടി.” അതെ, ആ നേട്ടത്തിന്റെ കണക്കുപുസ്തകം ഒന്നു മറിച്ചുനോക്കിയാല്‍ മതി. യമനില്‍ ലക്ഷക്കണക്കിന് ടണ്‍ ബോംബുകള്‍ വര്‍ഷിച്ച് പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കി. എന്താണ് അവിടെ ലക്ഷ്യംവെക്കുന്നതെന്ന് ചോദിക്കരുത്. ഇറാനെതിരെ യുദ്ധപ്രഖ്യാപനം നടത്താന്‍ ട്രംപിന് കരുത്തുപകര്‍ന്നു. ഫലസ്തീന്‍ എന്നെന്നേക്കുമായി സയണിസ്റ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ മുന്നോട്ടുവന്നത് നിസ്സാരനേട്ടമാണോ? അതിന്റെ മുന്നോടിയായല്ലേ ജറൂസലമിലേക്ക് യു.എസ് എംബസി പറിച്ചുനട്ടപ്പോള്‍ മൗനം ദീക്ഷിച്ചതും ജറൂസലം ഇസ്രയേലിന്റെ തലസ്ഥാന നഗരിയായി പ്രഖ്യാപിച്ചപ്പോള്‍ ട്രംപിന്റെ മരുമകന്‍ ജരദ് കുശ്‌നറുമായി മദ്യചഷകങ്ങള്‍ക്ക് മുന്നില്‍ ചിയേഴ്‌സ് വിളിച്ചതും. നാഗരികതകളുടെ കളിത്തൊട്ടിലായ ഇറാഖും സിറിയയും ലബനാനുമൊക്കെ ബോംബിട്ട് തകര്‍ത്ത് പൊടിപടലങ്ങളാക്കി വിടുമ്പോള്‍ ഉള്ളിന്റെയുള്ളില്‍ ആഹ്ലാദം കൊള്ളുകയായിരുന്നില്ലേ ‘മുസ്‌ലിം ലോകത്തിന്റെ അമീര്‍.’ മുഹമ്മദ് സല്‍മാന് അറിയുമോ എന്ന് നിശ്ചയമില്ല; ഒരു മൂത്താപ്പ ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഫൈസല്‍ എന്നാണ് പേര്. 1936 തൊട്ട് സഊദിയുടെ എണ്ണ ബാരലിന് ഏതാനും പില്‍സ് നല്‍കി സൂയസ് കനാല്‍വഴി കടത്തിക്കൊണ്ടുപോയി അങ്കിള്‍സാം കൊഴുത്ത് തടിക്കുന്നത് കണ്ട്, ഇസ്രയേല്‍ പ്രശ്‌നത്തില്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തി. വന്‍ശക്തികള്‍ ഞെട്ടിവിറച്ചു. അന്നത്തെ യു.എസ് വിദേശകാര്യസെക്രട്ടറി, ഹെന്‍ട്രി കിസ്സിങ്ങറോട് ഫൈസല്‍ രാജാവ് ഒരുനാള്‍ തുറന്നുപറഞ്ഞത് ഇങ്ങനെ: ”നിങ്ങളുടെ നാട്ടിലേക്ക് ഞങ്ങളുടെ എണ്ണ പ്രവാഹം നിലയ്ക്കുന്ന നിമിഷം അമേരിക്ക നിശ്ചലമാകും. ഒരിഞ്ച് നിങ്ങള്‍ക്ക് മുന്നോട്ടുപോവാനാവില്ല. അതേസമയം, സൗദിയിലേക്കുള്ള നിങ്ങളുടെ ഡോളറിന്റെ വരവ് നിലച്ചാല്‍ ഞങ്ങളുടെ പിതാമഹന്മാര്‍ ജീവിച്ച മരുഭൂമിയിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമില്ല. ഒട്ടകപ്പാലും ഏതാനും ഈത്തപ്പഴവും കഴിച്ച് ജീവിക്കാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്രയാസവുമില്ല. അതുകൊണ്ട് ഞങ്ങളെ എന്തെങ്കിലും പറഞ്ഞ് ഭയപ്പെടുത്താന്‍ നോക്കേണ്ട..” ആര്‍ജവത്തിന്റെയും ആണത്തത്തിന്റെയും ആ ശബ്ദം ലോകം ശ്രവിച്ചതേയുള്ളൂ. ഫൈസല്‍ രാജാവ് അധികം താമസിയാതെ സ്വന്തം മരുമകന്റെ വെടിയേറ്റ് മരിച്ച വാര്‍ത്തയാണ് ലോകം നടുക്കത്തോടെ കേട്ടത്. മരുമകനെ ആ കൃത്യത്തിന് നിയോഗിച്ചതാവട്ടെ, ജൂതകാമുകിയും. മുഹമ്മദ് രാജകുമാരന് ഇക്കഥ അറിയാമായിരിക്കാം. അതുകൊണ്ടാണ് ‘ട്രംപ് അങ്കിള്‍’ എന്തുപറഞ്ഞാലും സാരമില്ല, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച് ഇസ്‌ലാമിക അറബ് ലോകത്തെ കുളം തോണ്ടുകയാണ് തന്റെ ലക്ഷ്യമെന്ന് ആ 33കാരന്‍ പറയാതെ പറയുന്നത്. അങ്കിള്‍ സാമിനെ പിണക്കിയാല്‍ ഫൈസല്‍ രാജാവിന്റെ ഗതിയായിരിക്കും നിന്നെ കാത്തിരിക്കുക എന്ന് പിതാവ് സല്‍മാന്‍ ഓര്‍മപ്പെടുത്തിയിട്ടുണ്ടാവണം. പ്രത്യേകിച്ചും, യഥാര്‍ത്ഥ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്ന് പുറന്തള്ളി വീട്ടറസ്റ്റില്‍ തളച്ചിടുകയും വലീദ് രാജകുമാരനെ പോലെ പണവും സ്വാധീനവുമുള്ള ഒട്ടനവധി ശത്രുക്കളെ സൃഷ്ടിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തില്‍.

നയതന്ത്ര ബന്ധത്തിന്റെ തൂവല്‍കൊട്ടാരം
അമേരിക്കയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുമ്പോള്‍ എണ്‍പത് വര്‍ഷത്തെ നയതന്ത്ര, കൊണ്ടുകൊടുപ്പിന്റെ വിളക്കിച്ചേര്‍ത്ത കണ്ണികളില്‍ തൊട്ടാണ് റിയാദ് ഭരണകൂടം എന്നും ഊറ്റം കൊള്ളാറ്. എന്നാല്‍, ഈ ബന്ധം ജനമനസുകളില്‍ സൗഹാദര്‍ത്തിനു പകരം ശത്രുതയാണ് വളര്‍ത്തിയതെന്ന് സെപ്തംബര്‍ പതിനൊന്നിന്റെ ഭീകരാക്രമണത്തില്‍ പങ്കെടുത്ത 19പേരില്‍ 14ഉം സഊദി പൗരന്മാരാണെന്ന വാസ്തവം സമര്‍ത്ഥിച്ചതൊന്നും പുറത്തുപറയാന്‍ ഇവര്‍ ഇഷ്ടപ്പെടാറില്ല. വിമാനം പറത്താന്‍ ഏതാനും സഊദി യുവാക്കള്‍ വര്‍ഷങ്ങളോളം അമേരിക്കയുടെ മണ്ണില്‍ പരിശീലനം നേടിയത് അന്നാടിനെ അക്രമിക്കാനായിരുന്നുവെന്ന സത്യം, എത്ര ആഴത്തിലാണ് യു.എസ് വിരുദ്ധവികാരം അന്നാട്ടിലെ ചെറുപ്പക്കാരുടെ മനസില്‍ അടിഞ്ഞുകൂടിയിരുക്കുന്നതെന്ന് ലോകത്തിനു കാട്ടിക്കൊടുത്തു. ഉസാമാബിന്‍ ലാദിന്‍ അതില്‍ ഒരാള്‍ മാത്രം. അമേരിക്കയോടുള്ള നിലപാടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ എത്രയെത്ര പണ്ഡിതന്മാര്‍ മരുഭൂമിയുടെ വന്യതയില്‍ അന്ത്യം കണ്ടു? സല്‍മാന്റെ പുത്രന്‍ അധികാരത്തിലേറിയ ഉടന്‍ കൊണ്ടുവന്ന ഭരണപരിഷ്‌കാരങ്ങള്‍ ന്യൂജനറേഷനെ കൈയിലെടുക്കാനാണെങ്കിലും സഊദിയെ പരിഷ്‌കരിപ്പിച്ചെടുക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് പഴയ സുവിശേഷകരുടെ ആവേശത്തോടെ അങ്കിള്‍സാം വിശ്വസിക്കുന്നു എന്നതാണ് മാറ്റങ്ങള്‍ക്ക് രാസത്വരകമായി വര്‍ത്തിച്ചത്. സിനിമ കൊട്ടകകള്‍ തുറന്നുകൊടുത്തതും സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ അനുമതി നല്‍കിയതുമെല്ലാം കേവലം ഗിമ്മിക്കുകള്‍! തദ്ദേശീയരെ മുഴുവന്‍ തൊഴിലില്‍ നിമഗ്‌നരാക്കാനാണ് ‘നിതാഖാത്തിന്റെ വകഭേദങ്ങള്‍ നടപ്പാക്കി ആധുനിക സഊദിയെ മരുക്കാട്ടിലെ ചൂടും ചൂരം സഹിച്ച് കെട്ടിപ്പടുത്ത വിദേശതൊഴില്‍ പടയെ നാട് കടത്തുന്നതും വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് വഴിമരുന്നിടാന്‍ പോകുന്നതും. പരിവര്‍ത്തനപാതയിലെ സഊദിയുടെ തല അമീര്‍ മുഹമ്മദിന്റേതാകാമെങ്കിലും തലച്ചോറ് വൈറ്റ് ഹൗസിലെ സയണിസ്റ്റുകളുടേതാണ്. സ്റ്റീഫന്‍ വാള്‍ട്ട് എഴുതിയ ‘ഇസ്രായേല്‍ ലോബി (കൃെമലഹ ഘീയയ്യ) എന്ന പുസ്തകത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി, അമേരിക്ക, ഇസ്രയേല്‍ പബ്ലിക് അഫയര്‍ കമ്മിറ്റി എങ്ങനെയാണ് വിദേശനയത്തെ സ്വാധീനിക്കുന്നതും സഊദി പോലുള്ള മുസ്‌ലിം രാജ്യങ്ങളെ കൈകുമ്പിളിലിട്ട് അമ്മാനമാടുന്നതും എന്നറിയാന്‍.

എന്തുകൊണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അങ്കിള്‍സാമിന്റെ ഇഷ്ടപുത്രനായി എന്ന ചോദ്യത്തിനു ഉത്തരം ലളിതം. വില കുറഞ്ഞ പെട്രോളിയം നല്‍കുന്ന ദാസ്യവിധേയത്വം അമേരിക്കക്ക് എന്നും സാമ്പത്തികലാഭം ഉറപ്പുവരുത്തുന്നു. രണ്ട്: ഇറാനെ ശത്രുപക്ഷത്തു നിറുത്തി പകരം വീട്ടാന്‍ ഏറ്റവും നല്ല സഖ്യകക്ഷി, ഇറാന്റെ കടുത്ത വൈരാഗികളായ സഊദി തന്നെ. മൂന്നാമതായി, യു.എസ് ആയുധം വാങ്ങിക്കൂട്ടാനും ആയുധനിര്‍മാതാക്കള്‍ക്ക് ഓര്‍ഡറുകള്‍ കൊടുത്തുകൊണ്ടിരിക്കാനും കെല്‍പുള്ള മേഖലയിലെ ഏറ്റവും വലിയ ശക്തി ഇബ്‌നു സഊദിന്റെ താവഴിതന്നെ. എന്നാല്‍, എല്ലാറ്റിനുമൊടുവില്‍ അമീര്‍ മുഹമ്മദിന്റെ കരങ്ങള്‍ പാപപങ്കിലമാണെന്ന് ലോകത്തോട് പ്രഖ്യാപിക്കാന്‍ ട്രംപിനെ നിര്‍ബന്ധിക്കുന്ന സംഭവം തുര്‍ക്കിയിലാണ് അരങ്ങേറിയിരിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റിന്റെ കോളമിസ്റ്റും സഊദി ഭരണകൂടത്തിന്റെ, വിശിഷ്യാ മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനുമായ ജമാല്‍ ഖശോഗി എന്ന വിമതന്‍ അങ്കാറയിലെ സഊദി കോണ്‍സുലേറ്റില്‍നിന്ന് അപ്രത്യക്ഷനായത് ആഗോളതലത്തില്‍ വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കയാണ്. തന്റെ കാമുകിയുമായുള്ള വിവാഹ ഉടമ്പടി പൂര്‍ത്തിയാക്കുന്നതിന് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്താന്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചക്ക് 1.14ന് കോണ്‍സുലേറ്റ് കെട്ടിടത്തിലേക്ക് കടന്ന ഖശോഗിയെ പിന്നെ ആരും കണ്ടിട്ടില്ല. അന്നേദിവസം രണ്ടു വിമാനങ്ങളിലായി 15 സഊദികള്‍ അങ്കാറയില്‍ വന്നിറങ്ങിയതിനും കോണ്‍സുലേറ്റ് കെട്ടിടത്തിലേക്ക് ഓടിക്കയറിയതിനും ദൃശ്യതെളിവുകളുണ്ട്. ഖശോഗിയെ സംഘം കൊന്ന് ഫോറന്‍സിക് വിദഗ്ധന്റെ സഹായത്തോടെ പൊടിപൊടിയാക്കി കളഞ്ഞു എന്നാണ് തുര്‍ക്കി അധികൃതര്‍ നല്‍കുന്ന സൂചന. മുഹമ്മദ് രാജകുമാരന്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് അവിടെ നടപ്പാക്കിയതെന്നും ചാരപ്രവര്‍ത്തനം നടത്തുന്ന ഖശോഗി തന്റെ നിലനില്‍പിനു തന്നെ ഭീഷണിയാണെന്ന കണ്ടെത്തലാണ് ഈ ക്രൂരതക്ക് പിന്നില്ലെന്നും ലോകമാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.

സംഭവം ആഗോളതലത്തില്‍ വന്‍ വിവാദമായതോടെ, പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് സഊദി കിരീടാവകാശി. എന്താണ് സംഭവിച്ചതെന്ന് തുര്‍ക്കിയുമായി സഹകരിച്ച് അന്വേഷണം നടത്തുന്നതോടെ വ്യക്തമാകുമെന്ന് പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാനുള്ള റിയാദ് ഭരണകൂടത്തിന്റെ നീക്കം, വന്‍ശക്തികളാരും മുഖവിലക്കെടുക്കുന്നില്ല. ഇതുപോലെ സഊദി ഭരണകൂടം ഒറ്റപ്പെട്ട ഒരു കാലഘട്ടം അടുത്തെങ്ങും ഉണ്ടായിട്ടില്ല. സഊദ് രാജകുമാരന് എതിരെ നടപടി എടുക്കാന്‍ പ്രയാസമുണ്ടെന്നും 110 ബില്യന്‍ ഡോളറിന്റെ ആയുധക്കരാര്‍ നഷ്ടപ്പെട്ടാല്‍ തങ്ങളുടെ കമ്പനികള്‍ക്ക് താങ്ങാനാവില്ലെന്നും ട്രംപ് പ്രതികരിച്ചെങ്കിലും രാഷ്ട്രാന്തരീയ സമ്മര്‍ദം കൂടിയതോടെ വല്ലതും ചെയ്തില്ലെങ്കില്‍ തങ്ങള്‍ക്ക് ഇനി ഇത്തരം സംഭവങ്ങളില്‍ ഉരിയാടാന്‍ കെല്‍പില്ലാതെവരും എന്ന് അമേരിക്കക്ക് മനസിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ, സല്‍മാന്‍ രാജാവിനെ വിളിച്ച് കാര്യമന്വേഷിക്കട്ടെ എന്ന് പറഞ്ഞ് മെല്ലെ തലയൂരാന്‍ ശ്രമിക്കുകയാണ് അങ്കിള്‍ ട്രംപ്. പക്ഷേ, ഫ്രാന്‍സും ബ്രിട്ടനും യു.എസ് കോണ്‍ഗ്രസ് അംഗങ്ങളും ഇങ്ങനെയൊരു രാജകുമാരന്‍ ലോകത്ത് വിലസുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്ന് തുറന്നുപറഞ്ഞുകഴിഞ്ഞു.

രാജകുടുംബവുമായി പിണങ്ങിയ സ്വരങ്ങളൊന്നും പിന്നീടൊരിക്കലും സഊദി മണല്‍ക്കാട്ടില്‍ പോലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ആ രാജ്യത്തിന്റെ ഗതകാലഅനുഭവങ്ങള്‍ അറിയുന്നവര്‍ക്ക് ബോധ്യപ്പെട്ടതാണ്. ജമാല്‍ ഖശോഗി അത്തരക്കാരില്‍ അവസാനത്തെ ഇര മാത്രം. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരത സലഫി ധര്‍മജ്വരം ഇക്കൂട്ടരുടെ സിരകളിലേക്ക് തലമുറകളായി കടത്തിവിട്ടാണ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് ചരിത്രത്തിലേക്ക് വിലയം പ്രാപിച്ചത്. പിതാവ് വിതച്ചത് കൊയ്യുകയാണ് അബ്ദുല്‍ അസീസിന്റെ മക്കള്‍. നാഗരിക ചിഹ്നങ്ങള്‍ മുഴുവന്‍ തച്ചുടക്കാനും ശത്രുക്കളുടെ കരങ്ങള്‍ക്ക് ശക്തിപകരാനും ചരിത്രത്തിന്റെ നിര്‍ണായക ദശകളില്‍ ആവേശം കാട്ടിയ ഒരു രാജകുലം ഇസ്‌ലാമിക ലോകത്തിന് എന്തുമാത്രം ബാധ്യതയും ഭാരവുമായി എന്ന് സത്യസന്ധമായി വിലയിരുത്തുമ്പോഴാണ് , അറബ് വസന്തം തെന്നിമാറിയ ഒരു ഭൂതലം ഇതല്ലാതെ മറ്റെന്താണ് അര്‍ഹിക്കുന്നത് എന്ന ചോദ്യം സ്വയം ഉയരുന്നത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login