സി.കെ. ജാനു കണ്ട താടിക്കാരനെ കമ്മ്യൂണിസ്റ്റുകാര്‍ക്കറിയില്ലേ?

സി.കെ. ജാനു കണ്ട താടിക്കാരനെ കമ്മ്യൂണിസ്റ്റുകാര്‍ക്കറിയില്ലേ?

”നമ്മളെ പ്രദേശത്തെ ആള്‍ക്കാരെല്ലാം പാര്‍ട്ടി പരിപാടിക്ക് പോകുമായിരുന്നു. ഒരു ഗോവിന്ദവാര്യരായിരുന്നു നമ്മളെ എടേല് പ്രവര്‍ത്തിച്ചിരുന്നത്. കൃഷിയും ഭൂമിയും ഒക്കെ ഉള്ള ആളായിരുന്നു. കുടിക്കടുത്തൊന്നും വരില്ല. പാര്‍ട്ടി ജാഥക്ക് ആള് വേണ്ടി വരുമ്പോ ആരെയെങ്കിലും പറഞ്ഞയക്കും ചേക്കോട്ടെക്ക്. അപ്പോ നമ്മളെല്ലാം പോകും. പണിക്കൂലി കൂട്ടിക്കിട്ടാനാണെന്ന് പറയും. നമ്മള് പത്ത് പതിനഞ്ച് വയസ്സ് സമയത്താണ് ജാഥയില് ആദ്യമായിട്ട് പോയത്. കല്‍പറ്റയിലേക്കായിരുന്നു. ലോറി കേറിയാണ് പോയത്. അതിന് മുന്‍പ് നമ്മള് കല്‍പറ്റയില് പോയിട്ടില്ല. അന്നാരും പണിക്കൊന്നും പോയില്ല. ഉച്ചതിരിഞ്ഞാണ് പോയത്. ഒരു വലിയ ലോറിയില് മുള കൊണ്ട് വല്ലം പോലെ കെട്ടിയിട്ടുണ്ടായിരുന്നു. കാലിച്ചന്തയില് കാലികള് നില്‍ക്കുന്ന മാതിരിയാണ് നിന്നത്. ലോറിക്ക് ചുവന്ന കൊടി കെട്ടിയിട്ടുണ്ടായിരുന്നു. നമ്മളെ കയ്യിലും കൊടി തന്നിരുന്നു. മൈക്ക് കെട്ടിയിരുന്നു ലോറീല്. ലോറി ഓടിത്തുടങ്ങുമ്പോള്‍ മുളയില്‍ പിടിച്ച് നിക്കണമായിരുന്നു.

തോമസ് എന്ന് പറയുന്ന ഒരു ആളാണ് നമ്മക്ക് മുദ്രാവാക്യം വിളിച്ച് തന്നത്. വിളിച്ച് തരുന്ന മുദ്രാവാക്യം നമ്മള് ഏറ്റുവിളിച്ചിരുന്നു. കല്‍പറ്റയില് എത്തുന്നതിന് മുമ്പ് തന്നെ നമ്മള് ലോറീന്ന് ഇറങ്ങി നെര പിടിച്ച് നടന്നു. വള്ളിയൂര്‍ക്കാവിലെ ഉത്സവത്തിന്റെ ആളുണ്ടായിരുന്നു അവിടെ. താടി വളര്‍ത്തിയ ഒരാളിന്റെ പടം വലുതാക്കി ഉണ്ടാക്കി വച്ചിരുന്നു. ചുവന്ന കൊടികള്‍ നിറയെ കെട്ടിയിരുന്നു. നമ്മളെ പെണ്ണുങ്ങളെ പടവും വരച്ച് വെച്ചിരുന്നു. കുപ്പായമിടാത്ത പെണ്ണുങ്ങളെ പടമായിരുന്നു. സ്‌റ്റേജിന്റെ മുമ്പിലെ നിലത്താണ് ഇരുന്നത്. സ്‌റ്റേജ് കെട്ടിയതില് ചുവന്ന തുണി വിരിച്ച മേശയും ഒരു നെല്ലളക്കുന്ന പറയും നെല്ലും വെച്ചിരുന്നു. അത് നല്ല ചെമ്പിന്റെ പിടിയുള്ള ഒരു പറയായിരുന്നു. അങ്ങനത്തെ പറ നമ്മള് പണിക്കുപോകുന്ന ജന്മിമാരുടെ വീട്ടിലാണ് കാണുന്നത്.”

സി.കെ ജാനുവിന്റെ ആത്മകഥയില്‍ നിന്നാണ്. ചിത്രകാരനായ ഭാസ്‌കരന്‍ കേട്ടെഴുതിയ ‘ജാനു: സി.കെ. ജാനുവിന്റെ ജീവിതകഥ’ എന്ന പുസ്തകം.

സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ബാന്ധവം അവസാനിപ്പിച്ചു എന്ന വാര്‍ത്തക്ക് ഒപ്പമാണ് നമ്മള്‍ ഭാസ്‌കരനെഴുതിയ അറുപത്തിയഞ്ച് പേജ് മാത്രം ദൈര്‍ഘ്യമുള്ള ഈ ജീവിത കഥ വായിക്കുന്നത്. അതെന്തിന്? സി.കെ. ജാനു മുന്നണി മാറുമ്പോള്‍ നിങ്ങളെന്തിന് അവരുടെ ആത്മകഥ വായിക്കണം?

ഉത്തരമിതാണ്. സി.കെ. ജാനുവിന്റെ മുന്നണിമാറ്റം ഭൂരിപക്ഷത്തിലുണ്ടാക്കിയ ചിറികോട്ടിച്ചിരി നിങ്ങള്‍ കണ്ടിരിക്കും. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച വാഗ്ദാനങ്ങള്‍ എന്‍.ഡി.എ നേതൃത്വം പാലിക്കാത്തതാണ് മുന്നണി മാറ്റത്തിന് കാരണമെന്ന ജാനുവിന്റെ തുറന്നുപറച്ചില്‍ ഭൂരിപക്ഷത്തിലുണ്ടാക്കിയ അയ്യേ ഭാവം നിങ്ങള്‍ കണ്ടിരിക്കും. ഇതിലെന്ത് രാഷ്ട്രീയം എന്ന വിശാരദന്‍മാരുടെ നിസംഗതയും നിങ്ങള്‍ കണ്ടിരിക്കും. ആദിവാസി സമൂഹത്തെ ഹിന്ദുവല്‍കരിക്കാനും പിളര്‍ത്താനും വട്ടമിടുന്ന സംഘപരിവാറിന്റെ രാഷ്ട്രീയ കുരുക്കിലേക്ക് തലവെച്ചുകൊടുത്ത് ആദിവാസികളെ വഞ്ചിച്ച ജാനു എന്ന പുലഭ്യം പലയാവര്‍ത്തി നിങ്ങള്‍ നിസംഗമായി കേട്ടിരിക്കും. നല്ല വസ്ത്രങ്ങള്‍ ധരിച്ച്, നിങ്ങള്‍ക്ക് മനസിലാകുന്ന മലയാളത്തില്‍ സംസാരിക്കുന്ന, കാറ് വാങ്ങിയ, അതോടിക്കുന്ന ജാനുവിനെക്കുറിച്ച് പരിഹാസങ്ങള്‍ ഉതിരുന്നതും നിങ്ങള്‍ കണ്ടിരിക്കും. ജാനുവിന്റെ രാഷ്ട്രീയ വീഴ്ചകള്‍ കണ്ട് വംശീയമായ ഒരു ക്രൂരഫലിതം എപ്പോള്‍ വേണമെങ്കിലും പൊട്ടിയൊലിക്കാവുന്ന നാവുകള്‍ നിങ്ങള്‍ക്ക് അപരിചിതവുമല്ല. അസഹിഷ്ണുതകളാല്‍ രാജ്യത്തെ പിളര്‍ത്തി, കോര്‍പറേറ്റുകള്‍ക്കുള്ള ദാസ്യപ്പണിയായി ഭരണത്തെ മാറ്റിത്തീര്‍ത്ത സംഘപരിവാറിന് ജാനു എന്തിന് ചൂട്ട് പിടിച്ചു എന്ന് ധാര്‍ഷ്ട്യത്തോടെ ആരായുന്നതും നിങ്ങള്‍ പലവുരു കണ്ടിരിക്കും. അടിസ്ഥാന വര്‍ഗത്തിന്റെ അടിസ്ഥാന രാഷ്ട്രീയം പറഞ്ഞ് രാഷ്ട്രീയം തുടങ്ങിയ സി.കെ ജാനു രാഷ്ട്രീയമായി ആത്മഹത്യ ചെയ്തു എന്ന ധൈഷണിക പരിദേവനങ്ങളും നിങ്ങള്‍ക്ക് പുത്തരിയല്ല. അതിനാല്‍ ജാനു എന്‍.ഡി.എ വിടുന്നു എന്ന ഈ വാര്‍ത്ത മുന്‍വിധികളുടെയും വംശീയ പരിഹാസങ്ങളുടെയും അകമ്പടിയോടെയാണ് നിങ്ങളിലേക്ക് വിന്യസിക്കപ്പെടുക എന്നതിലും അത്ഭുതമില്ല. പക്ഷേ, അതിനാലാണ് നമ്മള്‍ വീണ്ടും ജാനുവിന്റെ ആത്മകഥ വായിക്കുന്നത്. ഭാസ്‌കരന്‍ എഴുതുന്നു:

”ചില പാഠങ്ങള്‍ കാണാതെ പഠിക്കാനായി സ്‌കൂളില്‍ ചേരുമ്പോഴാണ് ഒരാള്‍ക്ക് ഇനീഷ്യല്‍ ഉണ്ടാവുന്നത്. പക്ഷികള്‍ക്ക് അതില്ലാത്തതുപോലെ. ജാനു സ്‌കൂളില്‍ ചേര്‍ന്നിട്ടില്ല. പത്ത് പതിനേഴ് വയസ് സമയത്ത് സാക്ഷരതാ പഠനകാലത്താണ് ജാനുവിന് ഇനീഷ്യല്‍ കിട്ടുന്നത്. രജിസ്റ്ററുകള്‍ പൂരിപ്പിച്ച് ശീലമുള്ള ഒരാള്‍ ജാനുവിന്റെ പേരിന് നേരെ ചേക്കോട്ട് കരിയന്‍ ജാനു എന്നാക്കി. പൊതുസമൂഹത്തിന്റെ മുഖ്യവഴിയിലേക്ക് കോളം തികച്ചു.”

ഇനി നമുക്ക് രാഷ്ട്രീയ ജാനുവിനെ അഥവാ ജാനുവിന്റെ രാഷ്ട്രീയത്തെ ഒന്നുകൂടി വായിക്കാം. ചേക്കോട്ട് കരിയന്‍ ജാനു എന്നത് പൊതുസമൂഹം ചേര്‍ത്തുവെച്ച പേരാണ്. പേര് ഒരാവശ്യമല്ലാത്ത ഒരു സമുഹത്തിന്റെ പ്രതിനിധിയായിരുന്നു ജാനു. ആദിവാസി. കേരളത്തിലെ ആദിവാസികള്‍ മണ്ണില്‍ നിന്നും പൂര്‍ണമായി നിഷ്‌കാസിതരായിത്തീര്‍ന്ന, രണ്ടാം കുടിയേറ്റത്തിന്റെ കാലത്താണ് ജാനു മണ്ണിലേക്ക് പിറന്ന് വീഴുന്നത്. ഇരുട്ടാണ് അക്കാലത്തെ അടിയാര്‍ ജീവിതം. അടിയാര്‍ എന്നത് ആദിവാസികളിലെ ഒരു കൂട്ടമാണ്. ജാതി വിഭാഗം എന്ന് നിങ്ങള്‍ക്ക് സൗകര്യത്തിന് മനസിലാക്കാം. ജാനുവിന് നിങ്ങള്‍ ഇനീഷ്യല്‍ നല്‍കിയതുപോലെ ഒരു കാര്യം മാത്രമാണത്. അടിയാര്‍ ആദിവാസികള്‍ക്ക് ഒരു ജാതി വിഭാഗമല്ല. എന്തെന്നാല്‍ ജാതി ഹിന്ദുമതത്തിലെ ഒരു ഏര്‍പാടാണ്. ആദിവാസികള്‍ ഒരു നിലക്കും ഹിന്ദുക്കളായിരുന്നില്ല.
ജാനു പറയുന്നു: ”നമ്മളെ സമുദായത്തില്‍ ഹിന്ദുക്കളിലേതുപോലെ ദേവന്‍മാരോ ദേവികളോ ഇല്ല. കലണ്ടറില്‍ കാണുമ്പോലെ വെളുവെളെ വെളുത്ത് തുടിച്ച ദേവനേയും ദേവിയേയും നമ്മളെ കൂട്ടത്തിലും സമ്പ്രദായത്തിലും കേട്ടിട്ടില്ല.”

തീപ്പെട്ടി കണ്ടിട്ടില്ലാത്ത, വിളക്കിലെ വെളിച്ചം അനുഭവിച്ചിട്ടില്ലാത്ത, മണ്ണില്‍ പലതരം പണികളെടുത്ത് മണ്ണില്‍ തന്നെ ഉറങ്ങി അങ്ങനെ നീളുന്ന ഒരു ജീവിതമായിരുന്നു ജാനുവിന്റെ ബാല്യം. അടിയാത്തിയുടെ അടിമ ജീവിതം. ”ഇക്കാണും മാമലയെല്ലാം ആരുടേതെന്‍ പൊന്നച്ഛാ” എന്ന് നമുക്ക് ഇപ്പോള്‍ പരിചിതമായ ഭൂരാഷ്ട്രീയത്തിന്റെ ചോദ്യം അക്കാലത്ത് ഉണ്ടായിരുന്നില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മാടുകളെപ്പോലെ പോയി അപരിചിതമായ പൊടിമണ്ണില്‍ കുളിച്ച് പാടങ്ങളിലേക്ക് ഇറക്കിവിടപ്പെടുന്ന മനുഷ്യര്‍.

അവിടെ നിന്നാണ് ജാനു അനീതികളെക്കുറിച്ച് അറിയുന്നത്. നീതി എന്ന ഒന്ന് അപ്പുറത്തുണ്ട് എന്ന് മനസിലാക്കുന്നത്. സാക്ഷരതാപ്രസ്ഥാനം അതിന് ജാനുവിനെ സഹായിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി സഹായിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ഒരു ചെളിമണ്‍ ശരീരമായി ജാനു ജീവിച്ചിട്ടുണ്ട്. അവരില്‍ പക്ഷേ, നീതിയുടെയും അനീതിയുടെയും ഇരുതലങ്ങള്‍ രൂക്ഷമായി മിന്നിയിരുന്നു. പൊതുലോകത്തെ ഒരു മനുഷ്യന്‍, ജനിച്ച് വീഴുന്നത് അനീതിയെന്ത്, നീതിയെന്ത് എന്ന് ഉറച്ച ബോധ്യങ്ങളുള്ള ഒരിടത്താണ്. ജാനുവിന്റെ ചെറുപ്പത്തിലെ അടിയാരും പണിയരും അങ്ങനെ അല്ലായിരുന്നു. അവരില്‍ ആ ബോധ്യം ജനിക്കുക എന്നത് ഒരു അപൂര്‍വ സാധ്യതയായിരുന്നു. ആ അപൂര്‍വതയെ വരുതിയിലാക്കി ജാനു.

കേരളത്തില്‍ ഭൂമിയുടെ രാഷ്ട്രീയം ആദ്യം പറയുന്നയാള്‍ ജാനുവല്ല. കേരളത്തില്‍ ആദിവാസികളുടെ ജീവിതത്തെക്കുറിച്ച് രാഷ്ട്രീയമായി ആദ്യം സംസാരിച്ചതും ജാനുവല്ല. എന്നാല്‍ ആദിവാസികളുടെ രാഷ്ട്രീയം വേറിട്ട സ്വരമായി കേരളത്തില്‍ മുഴക്കിയ ആദ്യത്തെ ആദിവാസി ജാനുവാണ്. അതുവരെ ആദിവാസികളെ മുന്‍നിര്‍ത്തി പറഞ്ഞിരുന്ന ഭൂമിയുടെ രാഷ്ട്രീയം ആദിവാസികളെ രക്ഷിക്കില്ല എന്നും ആദിവാസി ഭൂരാഷ്ട്രീയം നിങ്ങള്‍ കരുതുന്ന ഒന്നല്ല എന്നും വേറിട്ട സ്വരത്തില്‍ ആദ്യമായി ഉറക്കെ പറഞ്ഞത് ജാനുവാണ്. സ്വന്തം കാഴ്ചയില്‍ നിന്ന്, സ്വന്തം ചോരയില്‍ നിന്ന്, സ്വന്തം അനുഭവത്തില്‍ നിന്ന്, സ്വന്തം ഓര്‍മകളില്‍ നിന്ന് ഒരാള്‍ രാഷ്ട്രീയം രൂപപ്പെടുത്തുംപോലെ അതിശക്തമായ എന്തുണ്ട് വേറെ? ഇല്ല. ആ വേറെ നില്‍പിന്റെ രാഷ്ട്രീയനാമമായിരുന്നു തൊണ്ണൂറുകളുടെ ഒടുവില്‍ സി. കെ. ജാനു. അക്കാലമാകുമ്പോഴേക്ക് കേരളത്തില്‍ പ്രബലമായിക്കഴിഞ്ഞിരുന്ന, അമ്പതുകള്‍ മുതല്‍ ലോകത്ത് ശക്തമായിക്കഴിഞ്ഞിരുന്ന സബാള്‍ട്ടേണ്‍ രാഷ്ട്രീയത്തിന്റെ പ്രാക്തന വ്യാഖ്യാനമായിരുന്നു ജാനുവും ഗോത്ര മഹാസഭയും. അതിന് മുന്‍പുള്ള പൊതുപാര്‍ട്ടി ജീവിതത്തെ ജാനു ഉപയോഗിച്ചത് ഈ രാഷ്ട്രീയ ശരിയിലേക്കുള്ള നടപ്പാലമായാണ്.
കാട് തങ്ങളുടേതാണ്, മണ്ണ് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്, കൃഷിപ്പണിക്കാരല്ല മറിച്ച് സ്വന്തം ജീവിതത്തെ സ്വന്തം നിലയില്‍ രൂപപ്പെടുത്താന്‍ കഴിയുന്ന മണ്ണവകാശികളാണ് ഞങ്ങള്‍ എന്ന പ്രഖ്യാപനമാണ് അക്കാലത്തെ; ഗോത്രമഹാസഭയുടെ കാലത്തെ ജാനുവിന്റെ രാഷ്ട്രീയം. ഒന്നും രണ്ടും ഘട്ട കുടിയേറ്റങ്ങളില്‍ മണ്ണും ജീവിതവും നഷ്ടമായവരാണ് ആദിവാസികളെന്ന് ജാനു ഉറച്ച് പറഞ്ഞു. അത് സി. കെ ജാനുവിന് അച്ചടിച്ച ഏതെങ്കിലും രാഷ്ട്രീയ സിദ്ധാന്തത്തിലൂടെ പകര്‍ന്ന് കിട്ടിയ ആശയമല്ല. ജാനു വായിച്ച് പഠിച്ച ആശയവുമല്ല. ”ജന്മിമാര് നമ്മളെ ഭൂമി മാത്രമേ അവരുടേതാക്കൂ, കുടിയേറ്റക്കാര്‍ നമ്മുടെ ആളുകളേയും അവരുടേതാക്കി പണി ചെയ്യിക്കും. അതുമിതും പറഞ്ഞ് നല്ല ചെരിവ് ഭൂമിയെല്ലാം അവരുടേതാക്കും. ഒരു കുപ്പി റാക്കിനും, നല്ല കുറച്ച് പുകയിലക്കും ഒരു സാരിക്കും വേണ്ടി ഭൂമി വിട്ടുകൊടുത്തവരാണ് അധികവും.” എന്ന് സി.കെ ജാനു. കുടിയേറ്റക്കാരെ ഒന്നടങ്കം പുറത്താക്കി ആദിവാസി ഭൂമി തിരിച്ചെടുത്ത് നല്‍കണമെന്ന വരട്ടുവാദമായിരുന്നില്ല ഗോത്രമഹാസഭയുടേത്. കുടിയേറ്റം എന്ന പ്രതിഭാസത്തെ സമചിത്തമായി മനസിലാക്കിക്കൊണ്ടുള്ള ബദല്‍ നിര്‍ദേശങ്ങളായിരുന്നു. പരിഹാരം സാധ്യമാകുന്ന നിര്‍ദേശങ്ങള്‍. ആദിവാസിയുടെ ജീവിതത്തെ നേരിയ തലത്തില്‍ എങ്കിലും അനുഭാവത്തോടെ നോക്കിക്കണ്ടാല്‍ നിവര്‍ത്തിക്കാവുന്ന ആവശ്യങ്ങള്‍. സംസ്ഥാനത്തെമ്പാടും സഞ്ചരിച്ച് ജാനു രാഷ്ട്രീയം പറഞ്ഞു. കരനാഥന്‍മാരോടുള്ള കാട്ടുപെണ്ണിന്റെ ചോദ്യങ്ങള്‍. സി.കെ. ജാനുവിന്റെ ഒന്നാം രാഷ്ട്രീയ ഘട്ടത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്.
സി.കെ. ജാനുവും ഗോത്രമഹാസഭയും പറയുന്ന ഭൂമിയുടെ, മണ്ണിന്റെ രാഷ്ട്രീയം ആദിവാസി ഇതര പൊതുലോകത്തിന് അത്രയൊന്നും ഉള്‍ക്കൊള്ളാനാവുന്ന ഒന്നായിരുന്നില്ല. ആദിവാസികളില്‍ നിന്നും ദളിതരില്‍ നിന്നും അപഹരിച്ച മണ്ണിലാണല്ലോ പൊതുരാഷ്ട്രീയവും ഭരണകൂടവും നിലനില്‍ക്കുന്നത്. അവര്‍ക്കായിരുന്നല്ലോ ഭരണാധികാരം. പക്ഷേ, ആദിവാസികള്‍ക്ക് ജാനുവിനെ മനസിലായി. ആ മനസിലാക്കലില്‍ നിന്നാണ് തിരുവനന്തപുരത്തെ കുടില്‍ കെട്ടല്‍ സമരം സംഭവിക്കുന്നത്.

കേരളത്തിന് അതൊരു പുതിയ അനുഭവമായിരുന്നു. ആദിവാസികള്‍, മണ്ണിന്റെയും മലയുടെയും കാടിന്റെയും മക്കള്‍ തലസ്ഥാനത്തേക്ക് വന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ അവര്‍ കുടില്‍ കെട്ടി. അന്ന് സോഷ്യല്‍ മീഡിയ ഇല്ല. വ്യാപകമായ ജനപിന്തുണയില്ല. കുടിയേറ്റത്തിന്റെ മൂലധനത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ ആദ്യമൊന്നും തിരിഞ്ഞുനോക്കിയില്ല. പക്ഷേ, സമരം ശക്തമായി. ജാനുവും ജാനുവിന്റെ പ്രസ്ഥാനത്തിന് സൈദ്ധാന്തികവും സംഘടനാപരവുമായ ഉള്‍ക്കാഴ്ച നല്‍കിയ ഗീതാനന്ദനും ചേര്‍ന്ന് സമരത്തെ പടര്‍ത്തി. എ.കെ. ആന്റണിയാണ് അന്ന് മുഖ്യമന്ത്രി. സമരം കൈവിട്ടുപോകുന്ന അവസ്ഥയില്‍ ആന്റണി വഴങ്ങി. ഒരു സമരത്തിനും വഴങ്ങാത്ത ഒരാളാണ് ആന്റണി എന്നോര്‍ക്കണം. ജനങ്ങളുടെ സ്പന്ദനങ്ങളോട് മുഖം തിരിക്കാന്‍ അസാമാന്യമായ മെയ്‌വഴക്കമുള്ളയാള്‍. പക്ഷേ, ആന്റണി വഴങ്ങി. ആദിവാസികള്‍ക്ക് ഭൂമി നല്‍കാം എന്ന കരാറില്‍ ഒപ്പുവെച്ചു. സമരക്കുടിലുകളില്‍ വന്ന് ആദിവാസികള്‍ക്കൊപ്പം, ജാനുവിനൊപ്പം ആന്റണി നൃത്തം വെച്ചു. സി.കെ. ജാനു ഒരു പൊതുരാഷ്ട്രീയ വ്യക്തിത്വമായി വളര്‍ന്നു.

പക്ഷേ, സര്‍ക്കാര്‍ വഞ്ചിച്ചു. വാക്കുപാലിച്ചില്ല. ഭൂമി കിട്ടിയില്ല. ജാനു തോല്‍ക്കും എന്നുവന്നു. ഗോത്ര മഹാസഭ തോറ്റു എന്നുവന്നു. അപ്പോഴാണ് കേരളത്തിന്റെ ഭൂസമരചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിലേക്ക് ജാനു തന്റെ വംശത്തെ നയിക്കുന്നത്. മുത്തങ്ങാ സമരം. മുത്തങ്ങയില്‍ ആദിവാസികള്‍ അവരുടെ ഭൂമി തിരിച്ച് പിടിച്ച് കുടിലുകള്‍ കെട്ടി. ആദിവാസി ഇതര പൊതുസമൂഹവും മാധ്യമങ്ങളും പരിസ്ഥിതിപ്രവര്‍ത്തകരെന്ന് നടിക്കുന്നവരും ഒന്നടങ്കം ആദിവാസികള്‍ക്കെതിരെ രംഗത്തുവന്നു. പക്ഷേ, ജാനുവും അവരുടെ ജനതയും പിടിച്ചുനിന്നു. പിന്നീടാണ് ചരിത്രത്തിലെ ഏറ്റവും വലിയ ആദിവാസി വേട്ടക്ക് കേരളം വേദിയായത്. പൊലീസ് സമരം അടിച്ചമര്‍ത്തി. അടിച്ചും വെടിവെച്ചും ആദിവാസികളെ തുരത്തി. പ്രാണനും കൊണ്ട് നാട്ടിലേക്ക് ഓടിയിറങ്ങിയവരെ നാട്ടുകാര്‍ തല്ലി. അപമാനിച്ചു. ജാനുവും ഗീതാനന്ദനും പിടിയിലായി. അടികൊണ്ട് നീരുവീര്‍ത്ത ജാനുവിന്റെ മുഖം നിങ്ങള്‍ മറക്കരുത്. രാഷ്ട്രീയ കേരളത്തിന്റെ ആത്മകഥയുടെ മുഖചിത്രമാണത്. ജാനുവിന്റെ ഒന്നാംഘട്ടം അങ്ങനെ അവസാനിച്ചു.

ചരിത്രത്തില്‍ എക്കാലത്തേക്കുമായ മുദ്രകള്‍ അവശേഷിപ്പിച്ചു എങ്കിലും, പിന്നീട് കേരളം കണ്ട ജനകീയ സമരങ്ങള്‍ക്ക് ഊര്‍ജമായെങ്കിലും ചിതറിപ്പോയ മുത്തങ്ങാ മുന്നേറ്റത്തെ തടുത്തുകൂട്ടാന്‍ എരിപൊരി സഞ്ചാരം നടത്തുന്ന നിസ്സഹായയായ ഒരു സ്ത്രീയായാണ് രണ്ടാം ഘട്ടത്തില്‍ നാം ജാനുവിനെ കാണുന്നത്. പൊതുരാഷ്ട്രീയത്തില്‍ നിന്നുകൊണ്ട് നീതിക്ക് വേണ്ടി അവര്‍ സമരം തുടര്‍ന്നു. ഒറ്റക്കായതിനാല്‍ വിജയിച്ചില്ല. പലതരം രൂപങ്ങളിലൂടെ അവര്‍ കാലുറപ്പിക്കാന്‍ ശ്രമിച്ചു. കാലുവെന്ത നായയെപ്പോലെ പാഞ്ഞു. അവരുടെ രാഷ്ട്രീയം ഏറ്റെടുക്കേണ്ടിയിരുന്ന ഇടതുപക്ഷം അവരെ തീണ്ടാപ്പാടകലെ നിര്‍ത്തി. ഒരു വലിയ മുന്നേറ്റത്തിന്റെ പാതയില്‍ സഞ്ചരിച്ച ആദിവാസി സ്ത്രീയെ ഒപ്പം നിര്‍ത്താന്‍ യു.ഡി.എഫും ശ്രമിച്ചില്ല. അവരെല്ലാം അവരുടെ യുക്തികള്‍ കൊണ്ട് ജാനുവിനെ വായിച്ചു. നമ്മള്‍ ആത്മകഥയില്‍ കണ്ട ആ ജാനുവിനെ. പരാജയപ്പെട്ട പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടം. ചിന്താബലമായിരുന്ന ഗീതാനന്ദന്‍ വഴിപിരിയുന്ന ഘട്ടവും ഇതുതന്നെ. കുന്നോളം കേസുകളും ചിതറിപ്പോയ സംഘടനയും അതിനിടയില്‍ ഒറ്റപ്പെട്ട് ജാനുവും.

പരാജയങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോയ ഒരു സ്ത്രീയുടെ രാഷ്ട്രീയാതിജീവന ശ്രമങ്ങളാണ് ജാനുവിന്റെ മൂന്നാംഘട്ടം. പതറിയവരുടെ തീരുമാനങ്ങള്‍ പാളും. ജാനുവിനും പാളി. അവര്‍ ഒരിക്കലും എത്തിച്ചേരരുതാത്ത പാളയത്തില്‍, എന്‍.ഡി.എയില്‍ എത്തി. അവരുടെ വംശത്തെ രാജ്യവ്യാപകമായി ചൂഷണം ചെയ്യുന്ന, അവരുടെ വംശത്തിന്റെ തനത് നിലനില്‍പിനെ ഇല്ലാതാക്കുന്ന എന്‍.ഡി.എയില്‍ അവര്‍ ചേര്‍ന്നു. മോരും മുതിരയും പോലെ അത് വേര്‍തിരിഞ്ഞ് കിടന്നു. അവര്‍ സ്ഥാനങ്ങള്‍ ചോദിച്ചിരുന്നു. സ്ഥാനമെന്നത് ചവിട്ടിനില്‍ക്കാനുള്ള ഒരു തറയാണ്.
എന്‍.ഡി.എക്ക് ജാനുവിനെ വേണ്ടായിരുന്നു. ആദിവാസികളെ സൗജന്യങ്ങള്‍ നല്‍കി അടിമകളാക്കുന്ന കങ്കാണി രാഷ്ട്രീയമാണ് എന്‍.ഡി.എക്ക് പഥ്യം. ജാനുവിന്റേത് അതല്ല. ജാനു അവഗണിക്കപ്പെട്ടു. ഇപ്പോള്‍ അവര്‍ എന്‍.ഡി.എ വിട്ടു.

ഇനി നാലാം ഘട്ടമാണ്. ജാനു ഇപ്പോള്‍ സ്വതന്ത്രയാണ്. പി.ജെ.ജോസഫിന്റെയും കെ.എം.മാണിയുടെയും. എം.പി വീരേന്ദ്രകുമാറിന്റെയും മുന്നണി വിടലുകള്‍ക്കില്ലാത്ത ഒരു ദോഷവും ജാനുവിന്റെ തീരുമാനത്തിനില്ല. എന്നിട്ടും നിങ്ങളില്‍ പുച്ഛം ഉണരുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു വംശീയവാദിയാണ്, ദളിത് വിരുദ്ധനാണ്. എന്‍.ഡി.എയില്‍ ഇരുന്ന് ഒരു ഘട്ടത്തിലും ബി.ജെ.പിയെ ന്യായീകരിച്ചിട്ടില്ല ജാനു എന്നതും അറിയുക. ശബരിമലയില്‍ അവര്‍ നടത്തുന്ന ജാതിക്കളികളെ തള്ളിപ്പറയുകയും ചെയ്തു.

ജാനുവിനെ നിഷേധിച്ചാലും ജാനു പറഞ്ഞ അടിസ്ഥാന രാഷ്ട്രീയത്തെ നിഷേധിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഉയരേണ്ടത്. നിഷേധിക്കാന്‍ കഴിയില്ല എന്നതാണ് ഇടതുപക്ഷം പറയേണ്ട ഉത്തരം. ജാനുവിനെ ഇടതുപക്ഷത്ത് നിര്‍ത്തുക എന്നത് ചരിത്രത്തോടും വഴിയാധാരമാക്കപ്പെട്ട ഒരു വംശത്തോടും ചെയ്യാവുന്ന നീതിയാണ്. കല്‍പറ്റയിലെ ആ സമ്മേളനത്തില്‍ ജാനു കണ്ട ആ താടിക്കാരന്റെ ചിത്രം ആരുടേതാണെന്ന് ഇടതുപക്ഷം, പ്രത്യേകിച്ച് കമ്യൂണിസ്റ്റുകാര്‍ മറക്കരുത്. അത് കാള്‍ മാര്‍ക്‌സ് എന്ന താടിക്കാരന്റെ ചിത്രമാണ്.

കെ കെ ജോഷി

You must be logged in to post a comment Login