എന്നിട്ടും കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരു’വിനെ വായിച്ചില്ല

എന്നിട്ടും കമ്മ്യൂണിസ്റ്റുകള്‍ ‘ഗുരു’വിനെ വായിച്ചില്ല

ശബരിമലയില്‍ സമര മന്ത്രങ്ങള്‍ ഉച്ചസ്ഥായിയില്‍ ഉയരുകയും വാദപ്രതിവാദങ്ങള്‍ അന്തരീക്ഷത്തെ കലുഷിതമാക്കുകയും ചെയ്യുമ്പോഴാണ് കെ സുരേന്ദ്രന്റെ, വയലാര്‍ അവാര്‍ഡ് നേടിയ ‘ഗുരു’ എന്ന നോവല്‍ ഒരിക്കല്‍ കൂടി വായിക്കാനിരുന്നത്. ശബരിമല ശാസ്താവ് ഇരുതല മൂര്‍ച്ചയുള്ള രാഷ്ട്രീയ ആയുധമായി പരിണമിക്കുമ്പോള്‍ ഗുരുവിന്റെ രാഷ്ട്രീയം പല കോണില്‍ നിന്ന് വായിക്കപ്പെടേണ്ടിയിരിക്കുന്നു.

മനോഹരമായി അലങ്കരിച്ച വാതിലാണ് ശബരിമല ഉപരോധത്തില്‍ തുറന്ന് വെച്ചിട്ടുള്ളത്. വിശ്വാസത്തിന്റെ അലുക്കുകള്‍ അതില്‍ തൂക്കിയിട്ടുണ്ട്. ആചാരത്തിന്റെ വര്‍ണവിളക്കുകള്‍ തിളങ്ങി നില്‍ക്കുന്നു. അവിശ്വാസവും വിശ്വാസവും ഏറ്റുമുട്ടുന്നുവെന്ന് വാതില്‍പ്പടിയില്‍ കൊത്തിവെച്ചിരിക്കുന്നു. ആര്‍ക്കും അതില്‍ പ്രവേശിക്കാം. കറുപ്പുടുത്തും കാവിയുടുത്തും പച്ചയുടുത്തും ചുവപ്പുടുത്തും കൊടിയെടുത്തും എടുക്കാതെയും അവിടെ പ്രവേശിക്കാം. പരമോന്നത കോടതിയുടെ വിധി വിശ്വസിച്ച് വരുന്നവരെ തടയാം. അടിക്കാം. കല്ലെറിയാം. പക്ഷേ, ഈ വാതില്‍ കടന്നുചെന്നാല്‍ പുറത്തേക്ക് വഴിയില്ല. അകത്ത് ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാലയാണ്. സവര്‍ണതയുടെ ആഘോഷമാണ്. കലാപത്തിന്റെ ചേരുവകളാണ് അടുപ്പില്‍ വേവുന്നത്. ഇത് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും ഈ സമരത്തെ നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. നവോത്ഥാനം ഉഴുതുമറിച്ചിട്ട മണ്ണിലാണ് നാം നില്‍ക്കുന്നതെന്ന് നിരന്തരം ഓര്‍മിപ്പിച്ചിട്ടും സ്ത്രീ പ്രവേശത്തെ അയ്യപ്പ ദര്‍ശനത്തോളം എത്തിക്കാനാകുന്നില്ല. വരുന്നവരെ തടയാന്‍ കാട്ടിലൊളിച്ചിരിക്കുന്നവരല്ല തടസ്സം. അവിടെ പോകാതെ സ്വന്തം ജോലിയില്‍ മുഴുകുകയും യൗവനയുക്തകള്‍ മല ചവിട്ടരുതെന്ന് മനസില്‍ ഉരുവിടുകയും ചെയ്യുന്ന പല ജാതി, മത വിശ്വാസികളാണ് തടസ്സം. സുപ്രീം കോടതി വിധിയുടെ യുക്തി അവരെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ്? കമ്യൂണിസ്റ്റുകള്‍ വിശ്വാസത്തിന്റെ പ്രശ്‌നമുഖങ്ങളില്‍ എക്കാലവും അനുഭവിച്ച തീര്‍പ്പില്ലായ്മ ഇവിടെയും ആവര്‍ത്തിക്കുകയാണോ? മതവിശ്വാസത്തിന്റെ കാര്യത്തില്‍ കേവല യുക്തിയുടെ തടവറയിലാണ് അവരെന്ന പൊതുബോധത്തെ മറികടക്കാന്‍ അവര്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല? ശ്രീനാരായണ ഗുരു ജാതീയതയെയും ദുരാചാരങ്ങളെയും വെല്ലുവിളിച്ചതും സംരംഭകത്വത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും സംഘടനയുടെയും അനിവാര്യത ഉദ്ഘാഷിച്ചതും വിശ്വാസത്തിന്റെ അടിത്തറയില്‍ നിന്നു കൊണ്ടായിരുന്നു. ‘ഗുരു’ വായിക്കുമ്പോള്‍ അയത്‌ന ലളിതമായി ആ സംഭവ പരമ്പരകള്‍ അനാവരണം ചെയ്യപ്പെടും. ഇക്കാലത്തേക്കുള്ള കുറേ ഉത്തരങ്ങള്‍ തെളിഞ്ഞ് വരികയും ചെയ്യും.

സവര്‍ണാധിപത്യത്തെ വെല്ലുവിളിക്കാന്‍ ഗുരു ഉപയോഗിക്കുന്നത് ശിവ വിഗ്രഹം പ്രതിഷ്ഠിക്കുകയെന്ന ആത്മീയ ഉപകരണമാണ്. ഒരേ സമയം ക്ഷേത്ര വ്യാപനത്തെ എതിര്‍ക്കുകയും ക്ഷേത്ര നിര്‍മിതികള്‍ നടത്തുകയും ചെയ്തു അദ്ദേഹം. തന്റെ ദര്‍ശനങ്ങളെല്ലാം വേദങ്ങളുടെയും പുരാണങ്ങളുടെയും മൂശയില്‍ തന്നെയാണ് അദ്ദേഹം വാര്‍ത്തെടുത്തത്. മനുഷ്യരുടെ ജീവിതപരിസരത്തിലിടപെട്ടു കൊണ്ടാകണം പരിവര്‍ത്തനം നടത്തേണ്ടത് എന്നതുകൊണ്ടാണ് തനിക്ക് നന്നായി വശമുള്ള വൈദ്യവിദ്യ ഫലപ്രദമായി അദ്ദേഹം ഉപയോഗിച്ചത്. കാട്ടിലും മേട്ടിലും തീരത്തും നടന്നു. അതുകൊണ്ടാണ് ഗാന്ധിയെപ്പോലും തിരുത്താന്‍ അദ്ദേഹത്തിന് സാധിച്ചത്. കേവല പ്രത്യയശാസ്ത്രങ്ങളല്ല പ്രായോഗിക പാഠങ്ങളാണ് നയിക്കേണ്ടതെന്ന മാനുഷികമായ അവബോധമാണ് ശ്രീനാരായണന്റെ ആത്മീയത. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമെന്ന സംവാദ ജനാധിപത്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. ആ പരിശ്രമങ്ങള്‍ക്ക് കൂടെ നിന്നവരെ നോക്കിയാല്‍ ഈ സംവാദാത്മകത മനസിലാകും. കുമാരനാശാന്‍, സഹോദരന്‍ അയ്യപ്പന്‍, ഡോ. പല്‍പ്പു, സി വി കുഞ്ഞിരാമന്‍, ടി കെ മാധവന്‍… ഇവരെല്ലാം ആശയപരമായി പല ധ്രുവങ്ങളില്‍ നിന്നാണ് ശ്രീനാരായണന്റെ മുമ്പിലെത്തുന്നത്.

ശ്രീനാരായണ ഗുരുവിനെ ഭക്തിപൂര്‍വം സമീപിക്കുമ്പോഴും ഗുരു കടന്നുപോയ പ്രതിസന്ധികളെയും അഭിമുഖീകരിച്ച കാലത്തെയും സന്ദേഹങ്ങളെയും അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് ഈ ജീവചരിത്ര നോവല്‍. നോവലുകളിലൂടെയും ജീവചരിത്ര കൃതികളിലൂടെയും തന്നെ അടയാളപ്പെടുത്തിയ എഴുത്തുകാരനാണ് കെ സുരേന്ദ്രന്‍. ടെലിഫോണ്‍സിലെ പണി കളഞ്ഞ് എഴുതാനിരുന്നയാള്‍. ‘ജീവിതവും ഞാനും’ എന്ന ആത്മകഥയടക്കം 40ഓളം കൃതികള്‍. ഗുരുവിനെപ്പോലെ തികച്ചും അന്തര്‍മുഖനും അല്‍പ്പഭാഷിയുമായ ഒരു മനുഷ്യന്റെ മനസില്‍ എന്താണ് നടന്നതെന്ന് അറിയാന്‍ നോവലിസ്റ്റിന് വഴികളൊന്നുമില്ല. സംഭവപരമ്പരകള്‍ മാത്രമാണ് മുന്നിലുള്ളത്. ഏതാനും യഥാര്‍ത്ഥ മനുഷ്യരുമുണ്ട്. അവ അപ്പടി നിരത്തിവെച്ചാല്‍ നോവലാകില്ല. അപൂര്‍ണമായ ജീവചരിത്രമേയാകൂ. മറ്റ് ഏത് ബയോഗ്രഫിക്കല്‍ ഫിക്ഷനെയും പോലെ ഭാവനയിലേക്ക് സുരേന്ദ്രന്‍ പോകുന്നു. ആമുഖത്തില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ‘ഈഴവ യുവാവില്‍ നിന്ന് ഗുരുവിലേക്കുള്ള വികാസം തികഞ്ഞ ഏകാന്തതയിലാണ് നടന്നത്. പറയത്തക്ക രേഖകളോ സാക്ഷികളോ ഇല്ല. പിന്നെ ഒരു വഴിയേ ഉള്ളൂ. ചരിത്രകാരന്‍ ഭാവനയുടെ ലൈസന്‍സ് എടുത്ത് നോവലിസ്റ്റായി ചുവട് മാറ്റുക. അതാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്. ഭാവനയുടെ വെളിച്ചം പിടിച്ച് നിഗൂഢതയുടെ പൊരുള്‍ സങ്കല്‍പ്പിച്ചെടുക്കുവാന്‍. എന്നാലും അത് സങ്കല്‍പമല്ലേ ആകൂ. വസ്തുതയാകുമോ?’ അതുകൊണ്ട് വസ്തുതയിലേക്ക് സഞ്ചരിക്കാനുള്ള ഉത്തരവാദിത്വം വായനക്കാരില്‍ വെച്ച് കൊടുക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.

അങ്ങനെയെങ്കില്‍, ശ്രീനാരായണന്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത് എന്തായിരുന്നു എന്ന ചോദ്യത്തിന് ഇപ്പോള്‍ വ്യവഹാരത്തിലില്ലാത്ത ചില ഉത്തരങ്ങളിലേക്ക് കൂടി എത്തിച്ചേരാനാകും. നോവലില്‍ നിന്ന് വായിക്കാം: അന്തരീക്ഷം ശബ്ദ മുഖരിതമാകുന്നു. വാദഗതികള്‍ പ്രധാനമായും മൂന്ന് വഴിക്കാണ്. സഹോദരന്‍ അയ്യപ്പനും സി കൃഷ്ണനും മറ്റും ബുദ്ധമതത്തിന് വേണ്ടി നില്‍ക്കുന്നു… എന്നാല്‍ വളരെ പ്രേരണാശക്തിയോട് കൂടി എഴുതാന്‍ കഴിവുള്ള സി വി കുഞ്ഞിരാമന്റെ കക്ഷി ക്രിസ്തുമതമാണ്. അത് മൂലം ക്രിസ്ത്യന്‍ മിഷണറിമാരും കൂട്ടത്തില്‍ കൂടിയിരിക്കുന്നു. വിപ്ലവകാരിയും ക്ഷേത്ര പ്രവേശന വാദത്തിന്റെ പ്രധാന വക്താവുമായ ടി കെ മാധവനാകട്ടെ ഹിന്ദുവായിത്തന്നെ ഹിന്ദു മതത്തെ പരിഷ്‌കരിച്ച് വിധേയമാക്കിയാല്‍ മതിയെന്ന പക്ഷക്കാരനാണ്.

ടി കെ മാധവന്‍ നാരായണ ഗുരുവിനെ കണ്ട് ആവലാതി പറഞ്ഞു: ‘സ്വാമി ഉണര്‍ത്തിവിട്ട സമുദായ ബോധം വഴി തെറ്റി അപ്പാടെ പാഴിലാകുന്ന മട്ടാണ് കാണുന്നത്. സ്വാമിക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ.’

അങ്ങനെ സ്വാമി ആലുവക്ക് തിരിച്ചു. കുമാരനാശാന്‍ പരിവര്‍ത്തനവാദികളെ വിളിച്ച് കൂട്ടി. സി കൃഷ്ണന്‍, സഹോദരന്‍ അയ്യപ്പന്‍, സി വി കുഞ്ഞിരാമന്‍. അയ്യപ്പനെയാണ് ആദ്യം സ്വാമി നേരിട്ടത്: ‘അയ്യപ്പന്‍, എന്താണ് ഈ മതം മാറ്റ ബഹളം?’

‘നമുക്ക് വഴി നടന്നു കൂടാ. സ്‌കൂളില്‍ ചേര്‍ന്നു കൂടാ. ഹിന്ദു മതം ചുമക്കുന്ന നമുക്ക് ആ ഒറ്റ കാരണം കൊണ്ട് ശിക്ഷ. പോയി തൊപ്പിയിട്ട് കാസിമോ മാമോദിസാ മുക്കി മത്തായിയോ ആയാല്‍ വഴിയും നടക്കാം. സ്‌കൂളിലും കേറാം. പിന്നെന്തിന് സ്വാമീ ഈ നശിച്ച മതം?’
‘നമ്മുടെ അഭിപ്രായം കുമാരന് അറിയാമല്ലോ. ഇല്ലേ അയ്യപ്പന് അറിയാമോ നമ്മുടെ അഭിപ്രായം?’
‘അറിയാം തൃപ്പാദങ്ങള്‍ക്ക് ഒരു മതത്തോടും എതിര്‍പ്പില്ല’.

‘അതുതന്നെയാണ് നമ്മുടെ അഭിപ്രായം. വീട് മാറുന്നത് കൊണ്ട് ആളു നന്നാവില്ല. മതമേതായാലും മനുഷ്യന്‍ നന്നാകണം.’

കേരളത്തില്‍ നടമാടിയ കൊടിയ ജാതി വിവേചനമാണ് ഇവിടെ മതപരിവര്‍ത്തനങ്ങള്‍ക്ക് പ്രധാന ഹേതുവായതെന്ന് ഈ സംഭാഷണം തെളിയിക്കുന്നുണ്ട്. ഹിന്ദു മതത്തിലുള്ള അധഃകൃതരുടെ ജീവിതം പരിതാപകരമായിരുന്നു. അവന് വഴി നടക്കാനാകില്ല. ചെരിപ്പിടാന്‍ പാടില്ല. ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഭാഷ പ്രയോഗിക്കാനാകില്ല. തൊട്ടു കൂടായ്മ, തീണ്ടിക്കൂടായ്മ. ഓരോ ജാതി വിഭാഗവും നടക്കുമ്പോള്‍ പാലിക്കേണ്ട അകലം നിര്‍ണയിക്കപ്പെട്ടിരുന്നു. ബ്രാഹ്മണനില്‍ നിന്ന് ക്ഷത്രിയന്‍- രണ്ട് അടിയും നായര്‍- 16 അടിയും ഈഴവന്‍- 34 അടിയും പുലയന്‍/പറയന്‍- 64 അടിയും അകലം പാലിക്കണം. ജാതിയില്‍ താഴ്ന്നവന് സാമ്പത്തിക സ്വാതന്ത്ര്യമില്ല. ഭൂമിയില്ല.

അവര്‍ക്ക് മനുഷ്യനായി നിവര്‍ന്ന് നില്‍ക്കണമായിരുന്നു. സ്വന്തം തല കൊണ്ട് ചിന്തിക്കണമായിരുന്നു. ഒന്നുറക്കെ വര്‍ത്തമാനം പറയണമായിരുന്നു. അത്‌കൊണ്ട് മാത്രം അവര്‍ ചുറ്റുപാടും നോക്കി. പലവട്ടം ആലോചിച്ചു. ഓരോ തവണ ആലോചിക്കുമ്പോഴും മനുഷ്യനായി മരിക്കണമെന്ന ആഗ്രഹം ഉറച്ചുറച്ച് വന്നു. ജന്‍മം കൊണ്ട് ഉറച്ച് പോയ മത, വിശ്വാസ സംഹിതകളെ ഇളക്കി മാറ്റാതെ തരമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. വീട് മാറാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അപ്പോഴാണ് ഗുരു ചോദിക്കുന്നത് വീട് മാറുന്നത്‌കൊണ്ട് എന്ത് ഫലമെന്ന്.
ശ്രീനാരായണ ഗുരുവടക്കമുള്ള പരിഷ്‌കര്‍ത്താക്കള്‍ അറിഞ്ഞോ അറിയാതെയോ ഹിന്ദു മതസംരക്ഷണ പ്രവര്‍ത്തനത്തിലാണ് ഏര്‍പെട്ടത്. വീട് മാറുന്നത് കൊണ്ട് ആളുമാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നുവെച്ചാല്‍ വീട് മാറേണ്ടതില്ല എന്നുതന്നെ. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന് പറയുന്ന ഗുരു, മത പരിത്യാഗങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. മാനവികമായ ഉണര്‍വുകള്‍ ജാതിയെയും അതുള്‍ക്കൊള്ളുന്ന ദൈവ, വിശ്വാസ സംഹിതകളെയും അപ്പടി നിലനിര്‍ത്തുകയാണ് ചെയ്തത്. ജാതിരഹിതമായ മറ്റ് വിശ്വാസക്രമങ്ങളിലേക്കുള്ള ഒഴുക്ക് അത് തടഞ്ഞു. കേരളത്തില്‍ ജാതിവിവേചന പ്രതിരോധങ്ങള്‍ നടത്തിയ സംഘടനകളെല്ലാം ജാതിയില്‍ അധിഷ്ഠിതമാണെന്നോര്‍ക്കണം. ഈഴവര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചും അവരെ സംഘടിപ്പിച്ചും തന്നെയാണ് ഗുരു മനുഷ്യത്വത്തെ കുറിച്ചും മതസൗഹാര്‍ദത്തെക്കുറിച്ചും സംസാരിച്ചത്.

ഡി സി ബുക്‌സാണ് ‘ഗുരു’ പ്രസിദ്ധീകരിച്ചത്. 380 പേജ്.

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login