അവരുടെ സ്വഭാവം മാത്രം മാറിയില്ല

അവരുടെ സ്വഭാവം മാത്രം മാറിയില്ല

എന്തുകൊണ്ടാണ് ഇസ്രയേല്‍ ജനം ഇങ്ങനെ ഉടയതമ്പുരാനാല്‍ ശുശ്രൂഷിക്കപ്പെടുന്നത്? എത്രമാത്രം നന്ദികേട് അവര്‍ കാണിച്ചു. എന്നിട്ടും ദയാനിധിയായ നാഥന്‍ അവരെ കൈവിടുന്നില്ല. ആകാശത്തുനിന്നും കടലിന്റെ മധ്യത്തിലൂടെ കടന്നു പോകാന്‍ വഴി, നിരന്തരമായ പ്രവാചകാഗമനം… ഇങ്ങനെ എണ്ണിത്തീര്‍ക്കാനാവാത്ത ഭാഗ്യങ്ങള്‍ വാങ്ങിയ ജനതയാണവര്‍. അവര്‍ പെട്ടെന്ന് പാഠം പഠിക്കും. പക്ഷേ, ഒന്ന് ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്ക് എല്ലാം മറക്കും. അല്ലെങ്കില്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കും. അനുഗ്രഹം വരുന്നു, നിഷേധിക്കുന്നു. ഇങ്ങനെയായിരുന്നു അവരുടെ ചാക്രികചരിത്രം.

‘നാം നിങ്ങളോട് പറഞ്ഞതോര്‍ക്കൂ: നിങ്ങള്‍ ഈ നാട്ടില്‍ പ്രവേശിക്കുക. ഇഷ്ടമുള്ളതെല്ലാം സുഭിക്ഷമായി അവിടെനിന്ന് തിന്നുക. വിനയത്തോടെ പ്രവേശിക്കുക. പാപമോചനവചനം ഉരുവിട്ടുകൊണ്ടുമാവണമത്. എന്നാല്‍ നിങ്ങള്‍ക്ക് പാപമോചനമുണ്ടാകും, നന്മ ചെയ്യുന്നവര്‍ക്ക് അനുഗ്രഹപ്പെരുപ്പവും. എന്നാല്‍ അക്രമികള്‍ പറയപ്പെട്ടതൊക്കെ മാറ്റിമറിച്ചു. അധര്‍മം കാരണത്താല്‍ അക്രമികള്‍ക്ക് ആകാശത്തുനിന്ന് നാം ശിക്ഷയിറക്കി'(ആശയം: സുറത്തുല്‍ ബഖറ അമ്പത്തിയെട്ട്, അമ്പത്തിയൊമ്പത് ആയത്തുകളില്‍നിന്ന്).

ഇപ്പോള്‍ ഇസ്രയേലുകാര്‍ മറ്റൊരു മണ്ണിലേക്ക് പോവുകയാണ്. ‘ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയ പുണ്യഭൂമിയിലേക്ക് പ്രവേശിക്കുക. പുറകിലേക്ക് തിരിഞ്ഞ് നോക്കരുത്. നോക്കിയാല്‍ പരാജയപ്പെട്ടുപോകും(സൂറ മാഇദ- ഇരുപത്തിയഞ്ചാം സൂക്തത്തില്‍നിന്ന്). ഈ പുണ്യഭൂമി ബൈതുല്‍മുഖദ്ദസാണ്. അതല്ല, ഈജിപ്തിലെ ‘അരീഫ’യാണെന്നും പറയുന്നുണ്ട്.
ബൈതുല്‍മുഖദ്ദസ് ആണെങ്കില്‍ മുസ്‌ലിംകളുടെ മൂന്നാമത്തെ വിശുദ്ധ ഗേഹമാണത്. സമാപ്തിക പ്രവാചകനായ മുഹമ്മദ് നബിയുടെ(സ്വ) ആകാശാരോഹണത്തിന്റെ തുടക്കസ്ഥാനവും ഇതാണ്.
നബി സുലൈമാന്‍(അ) പണിത പള്ളി ഇവിടെയുണ്ട്. മുഹമ്മദീയ സമൂഹത്തിന്റെ ആദ്യ ഖിബ്‌ലയുമാണത്.

‘സുജ്ജദന്‍’ എന്നു കാണാം ഈ സൂക്തത്തില്‍. സാധാരണയില്‍ കല്‍പിക്കാറുള്ള നെറ്റിത്തടം നിലത്തുവെച്ചുള്ള സുജൂദ് എന്നര്‍ത്ഥമല്ല ഇവിടെ ഉദ്ദേശ്യം. അഹമഹമികയാ വിനയാന്വിതരായി പ്രവേശിക്കുക എന്നാണ് താല്‍പര്യം. കുറ്റങ്ങള്‍ ഏറ്റുപറഞ്ഞു കടക്കാനാണ് ആജ്ഞ. ‘ഹിത്വതുന്‍’ എന്നതിന്റെ താല്‍പര്യം അതാണ്. ഇത് അറബി പദമല്ല. യഹൂദരുടെ ഭാഷയിലെ പ്രയോഗമാണത്. പക്ഷേ ഇസ്രയേല്‍ ജനം ഇതൊന്നും ചെവിക്കൊണ്ടില്ല. എല്ലാ അനുഗ്രഹങ്ങളും വാരിക്കോരി കിട്ടിയതാണല്ലോ. ഇനി കൊടും നിഷേധമാണല്ലോ ചരിത്രം വെച്ചു നോക്കുമ്പോള്‍ അവരുടെ അടുത്ത ചുവട്. തഫ്‌സീര്‍ റാസിയില്‍ കാണാം: ‘ഇബ്‌നു അബ്ബാസ്(റ) പറയുന്നു: സീനായ് താഴ്‌വരയില്‍ ഗതിയില്ലാതെ അലഞ്ഞു നടന്നവര്‍ക്ക് വാഗ്ദത്ത ഭൂമിയിലേക്കുള്ള പ്രവേശനം ലഭിച്ചു. അനുഗ്രഹങ്ങള്‍ക്ക് നന്ദിയെന്നോണം പരമ വിനയവും വണക്കവും മുന്നില്‍നിര്‍ത്തി പുണ്യ ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള കല്‍പന വന്നു. എന്നാല്‍ സ്രഷ്ടാവിന്റെ കല്‍പന കാറ്റില്‍ പറത്തി കുതിരപ്പുറത്ത് ഇരച്ചുകയറുകയായിരുന്നു അവര്‍. ‘ഹിത്വതുന്‍’ പറയുന്നതിനു പകരം ഹിന്‍ത്വതുന്‍(ഗോതമ്പുമാവ്) എന്ന് പരിഹസിച്ചുകൊണ്ടായിരുന്നു പ്രവേശനം. എന്താണീ ‘ഹിത്വതുന്‍’. ഞങ്ങള്‍ക്കതറിയില്ലല്ലോ? നിഷേധ ജനതയുടെ ധിക്കാര ഭാഷണങ്ങള്‍ ഇങ്ങനെ പോകുന്നു.

അതൊക്കെ കഴിഞ്ഞ് സ്വന്തമായി കൃഷിചെയ്യാന്‍ ഭൂമി വേണമെന്ന ആഗ്രഹവും പറഞ്ഞു. മൂസാനബി(അ) പ്രാര്‍ത്ഥിച്ചു. അതും കിട്ടി. ഒടുവില്‍ ദൈവശിക്ഷ ഇറങ്ങി. പ്ലേഗ് പോലെ ഒരിനം രോഗം അവരെ വേട്ടയാടി. ഒരു ദിവസം ഇരുപത്തയ്യായിരത്തോളം പേരാണ് മരിച്ചുവീണത്.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login