മറക്കരുത് ’85നെ നിങ്ങളെങ്ങനെ നേരിട്ടെന്ന്

മറക്കരുത് ’85നെ നിങ്ങളെങ്ങനെ നേരിട്ടെന്ന്

141985ലെ ഷാബാനുബീഗം കേസിന്റെ വിധിയിലെ ശരീഅത്ത് വിരുദ്ധ ഉത്തരവുകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ മുസ്‌ലിം സമൂഹം ദേശവ്യാപകമായി പ്രതിഷേധിക്കാന്‍ ഇറങ്ങിയ ഘട്ടത്തില്‍ സംഘ്പരിവാറിന്റെയും ചില പുരോഗമന വക്താക്കളുടെയും മുന്‍കൈയാല്‍ ഇവിടെ തുറന്നുവിട്ട ്യു’ശരീഅത്ത് വിവാദം’ ഇന്ത്യയുടെ രാഷ്ട്രീയഗതി തന്നെ മാറ്റിയെഴുതിയ കഥ പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അന്നത്തെ ചീഫ് ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡിെന്റ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് വിവാഹമോചിതയായ ഷാബാനുവിന് ക്രിമിനല്‍ നടപടി ചട്ടം 125ാം വകുപ്പ് അനുസരിച്ച് മുന്‍ഭര്‍ത്താവ് മുഹമ്മദ് അഹമ്മദ് ഖാന്‍ ജീവനാംശം നല്‍കാന്‍ ബാധ്യതയുണ്ടെന്ന് വിധിച്ചപ്പോള്‍ അത് ശരീഅത്തിെന്റ ശാസനകള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിശ്വാസികള്‍ രാജ്യമൊട്ടാകെ സമാധാനപരമായി പ്രതിഷേധജ്വാലകള്‍ ഉയര്‍ത്തിയത്. കോടതിവിധിയില്‍ പൊതുസിവില്‍ കോഡിന്റെ അനിവാര്യതയെ കുറിച്ച് ഊന്നിപ്പറഞ്ഞതും യൂസുഫലിയുടെ ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷ ആധികാരികമായി എടുത്ത് ‘മതാഇ’ന് പുത്തന്‍ വ്യാഖ്യാനം നല്‍കിയതുമൊക്കെയാണ് പണ്ഡിതന്മാരെയും സാമാന്യജനത്തെയും ഒരേ പോലെ പ്രകോപിപ്പിച്ചത്. സുപ്രീംകോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കാനിറങ്ങിയത് വലിയ അപരാധമായും ദേശദ്രോഹ നീക്കമായും മുദ്രകുത്തി ദേശീയ മാധ്യമങ്ങള്‍ ശരീഅത്തിനെ മാത്രമല്ല, ന്യൂനപക്ഷത്തെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കി. ആ കാലഘട്ടത്തെ, ഇപ്പോള്‍ ശബരിമലയിലെ യുവതിപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയോടുള്ള ‘അയ്യപ്പ ഭക്തരുടെ’ പ്രതികരണത്തോട് തുലനം ചെയ്തു വിശകലനം ചെയ്യുന്നത് വിശ്വാസാചാരങ്ങളുടെ പേരില്‍ നാം കൊണ്ടുനടക്കുന്ന ഇരട്ടത്താപ്പ് തുറന്നുകാട്ടാന്‍ സഹായകമാകും.

ഷാബാനുകേസിന്റെ വിധിയെ മുസ്‌ലിംകള്‍ ഒരിക്കലും തള്ളിപ്പറഞ്ഞിരുന്നില്ല. കോടതിവിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും ആക്രോശിച്ചിരുന്നില്ല. വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. കോടതിവിധി തിരുത്താന്‍ ഭരണകൂടം നിയമനിര്‍മാണത്തിന് മുന്‍കൈ എടുക്കണമെന്നതായിരുന്നു മുഖ്യ ആവശ്യം. പക്ഷേ, പ്രസ്തുത ആവശ്യത്തിന് നേരെ ശ്രദ്ധകൊടുക്കാതെ, ഇന്ത്യയില്‍ ശരീഅത്ത് നിയമം നടപ്പാക്കാനാണ് ‘മതമൗലികവാദി’കളൂടെ നേതൃത്വത്തില്‍ ‘ജിഹാദി’ന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന മട്ടില്‍ പ്രചണ്ഡമായ പ്രചാരണങ്ങള്‍ കെട്ടഴിച്ചുവിട്ടു. ശരീഅത്ത് എന്നാല്‍ യഥേഷ്ടം പെണ്ണ് കെട്ടാനും തോന്നുമ്പോള്‍ ത്വലാഖ് ചൊല്ലാനും ഭാര്യക്കും മക്കള്‍ക്കും ചെലവിന് കൊടുക്കാതെ രക്ഷപ്പെടാനുമുള്ള ഒരു പ്രാചീന ഏര്‍പ്പാടാണെന്ന തരത്തില്‍ ഒരു വര്‍ഷത്തോളം താഴേതട്ടില്‍വരെ പ്രചാരണം നടന്നപ്പോള്‍ ഇന്ത്യന്‍ സമൂഹം രണ്ടായി വിഭജക്കപ്പെട്ടു. ഒരുഭാഗത്ത് മുസ്‌ലിംകളും മറുഭാഗത്ത് ഭൂരിപക്ഷസമുദായവും. ഈ ധ്രുവീകരണത്തിന് അണിയറയില്‍ ചുക്കാന്‍ പിടിച്ചത് ആര്‍.എസ്.എസ് ആണെന്നതില്‍ സംശയമില്ല. മുസ്‌ലിം സ്ത്രീകള്‍ക്കു വേണ്ടി ഗാലന്‍ കണക്കിന് കണ്ണീര്‍ പൊഴിക്കപ്പെട്ടപ്പോള്‍, എണ്ണമറ്റ പരാധീതനകളില്‍പെട്ട് വഴിയാധാരമായി കഴിയുന്ന ഹൈന്ദവ സ്ത്രീകളെ കുറിച്ച് ആരുമൊന്നും മിണ്ടിയില്ല. ചുരുക്കിപ്പറഞ്ഞാല്‍, ശരീഅത്ത് വിവാദം കൊണ്ട് നേട്ടമുണ്ടാക്കിയത് ഹിന്ദുത്വരാഷ്ട്രീയക്കാരാണ്.

അടിയന്തരാവസ്ഥയോടെ നഷ്ടപ്പെട്ട ന്യൂനപക്ഷവോട്ട് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയില്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഷാബാനുകേസിന്റെ വിധി തിരുത്താന്‍ മുസ്‌ലിം വനിതാനിയമം കൊണ്ടുവന്നു. പാര്‍ലമെന്റേറിയന്മാരായിരുന്ന ഇബ്രാഹീം സുലൈമാന്‍ സേട്ടുവും ജി.എം ബനാത്ത്‌വാലയും ഈ ദിശയില്‍ നടത്തിയ പോരാട്ടം പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. എന്നാല്‍, രാജീവ് ഗാന്ധിയെയും കോണ്‍ഗ്രസിനെയും കടുത്ത പ്രതിസന്ധിയിലകപ്പെടുത്തുന്ന വിധം ആ നിയമനിര്‍മാണ നീക്കത്തെ ഇടതു-വലതുപാര്‍ട്ടികള്‍ അന്ന് എതിര്‍ത്തു. മതമൗലികവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങുകയാണെന്ന ആക്ഷേപം വഴി, വനിതാ നിയമത്തിന്റെ ഗുണവശങ്ങളെ പോലും മറച്ചുപിടിക്കാനായി പിന്നീടുള്ള ശ്രമങ്ങള്‍. ഒരുപക്ഷേ, സ്വാതന്ത്യലബ്ധിക്കുശേഷം സ്ത്രീസുരക്ഷക്കായി കൊണ്ടുവന്ന പുരോഗമനപരവും സെക്കുലര്‍ സ്വഭാവവമുള്ളതുമായിരുന്നു ആ നിയമം. പക്ഷേ, ഇന്നും മുസ്‌ലിം വര്‍ഗീയവാദികളുടെ മുന്നില്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കീഴടങ്ങിയതിെന്റ നിദര്‍ശനമായാണ് അത് വിലയിരുത്തപ്പെടുന്നത്. ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നുള്ള പ്രതിഷേധം അതിശക്തമാണെന്ന് കണ്ടപ്പോള്‍, രാജീവ് ഗാന്ധി ഹിന്ദുവികാരം ശമിപ്പിക്കാനുള്ള പോംവഴി തേടി. അങ്ങനെയാണ് 1949തൊട്ട് പൂട്ടിക്കിടക്കുന്ന ബാബരിമസ്ജിദിന്റെ കവാടം കീഴ്‌ക്കോടതിയില്‍നിന്ന് ഒരുത്തരവ് തരപ്പെടുത്തി പൂജക്കായി തുറന്നുകൊടുക്കുന്നത്. പണ്ടോരയുടെ ആ പെട്ടി തുറന്നതോടെയാണ് ബി.ജെ.പി രാമജന്മഭൂമി പ്രക്ഷോഭം ശക്തമാക്കുന്നതും പാലംപൂര്‍ പ്രമേയത്തിലൂടെ അയോധ്യതര്‍ക്കം പാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമാക്കുന്നതും. പിന്നീട് സംഭവിച്ചത് എന്താണെന്നതിന് ചരിത്രം സാക്ഷി. 1984ല്‍ കേവലം രണ്ടു എം.പിമാര്‍ മാത്രമുണ്ടായിരുന്ന ബി.ജെ.പി 1989 ആകുമ്പോഴേക്ക് അംഗബലം 84ആയി ഉയര്‍ത്തി. 92ല്‍ പള്ളി പൊളിച്ച് വര്‍ഗീയതയുടെ ബീഭത്സമുഖം തുറന്നുകാട്ടിയതില്‍പിന്നെ, 96ല്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുകയാണല്ലൊ.

വര്‍ഗീയതയുടെ രാഷ്ട്രീയം
സെക്കുലറിസത്തെ കുറിച്ച് ആണയിട്ട് പറയുമ്പോഴും ഇന്ത്യന്‍ രാഷ്ട്രീയം ഒരിക്കലും വര്‍ഗീയ വികാരങ്ങളില്‍നിന്ന് മുക്തമാകാറില്ല എന്നതാണ് നേര്. അയോധ്യകള്‍ സൃഷ്ടിച്ച് പൗരന്മാരുടെ മനസില്‍ വര്‍ഗീയ ചിന്തവളര്‍ത്തുക എന്നതാണ് വോട്ട് ഏകോപിപ്പിക്കാനുള്ള എളുപ്പമാര്‍ഗമെന്ന് നമ്മുടെ ജനാധിപത്യ-മതേതര പാര്‍ട്ടികള്‍ പോലും കാണിച്ചുതരുന്നു. കോണ്‍ഗ്രസ് പയറ്റിത്തെളിഞ്ഞ ആ ഗോദ ഫലപ്രദമായി പ്രയോജനപ്പെടുത്തിയ ബി.ജെ.പിക്ക് കേരളത്തില്‍ കാലൂന്നാന്‍ ഇതുവരെ സാധിക്കാതെ വന്നത് സംസ്ഥാനത്തിന്റെ മതനിരപേക്ഷ അന്തരീക്ഷമാണെന്നാണ് നാം വലിയ വായില്‍ പ്രസംഗിക്കാറ്. യാഥാര്‍ത്ഥ്യമെന്താണ്? ഒരു ചെറിയ പഴുതുകിട്ടുമ്പോഴേക്കും നമ്മുടെ നാട് ജാതിഭ്രാന്തന്മാരുടെയും വര്‍ഗീയ കോമരങ്ങളുടെയും ഒളിത്താവളമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കയല്ലേ? മതനിരപേക്ഷതയിലൂന്നി എത്ര പേര്‍ സംസാരിക്കുന്നുണ്ട്? സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയത്തില്‍നിന്ന് കേരളം കൂടുതലൊന്നും മുന്നോട്ടുപോയിട്ടില്ല എന്നല്ലേ കഴിഞ്ഞ രണ്ടാഴ്ച സന്നിധാനത്തും നിലക്കലുമൊക്കെ കെട്ടഴിഞ്ഞുവീണ നാടകങ്ങള്‍ പറയുന്നത്? 27വര്‍ഷമായി കോടതിയില്‍ കിടക്കുന്ന ഒരു കേസില്‍ അന്തിമ വിധി സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചില്‍നിന്ന് പുറത്തുവന്നപ്പോള്‍ ധര്‍മജ്വരം പിടിപെട്ട ഒരു ന്യൂനാല്‍ ന്യൂനപക്ഷം മാത്രമല്ല തെരുവിലിറങ്ങിയത്. ചാതുര്‍വര്‍ണ്യ ജീര്‍ണതകള്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന കറകളഞ്ഞ ജാതിക്കൂട്ടമാണ് തങ്ങളെന്ന് തെളിയിക്കാനായിരുന്നില്ലേ സുകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന്റെയും ഭീഷണിയുടെയും പാത തെരഞ്ഞെടുത്തത്. വോട്ട് ചെയ്യാന്‍ വേണ്ടി പോലും പുറത്തിറങ്ങാറില്ലാത്ത നായര്‍ സ്ത്രീകളെ പട്ടുചേലയുടുപ്പിച്ച് പന്തളത്തും കൊച്ചിയിലും മറ്റും നിരത്തിലിറക്കി ഉന്നതനീതിപീഠത്തെ വെല്ലുവിളിക്കാന്‍ ഉദ്യുക്തരാക്കിയത് കണ്ടില്ലേ? മുത്വലാഖ് വിധിക്കെതിരെ ഏതെങ്കിലും മുസ്‌ലിം വിഭാഗമാണ് ഈ ജാഥ സംഘടിപ്പിച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു ഇവിടെ പുകില്? ഹാദിയ കേസിന്റെ തെറ്റായ ഒരു വിധിക്കെതിരെ ഏതാനും ചെറുപ്പക്കാര്‍ ഹൈകോടതി പരിസരത്തേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ഒരുകൂട്ടം മാധ്യമങ്ങള്‍ക്ക് പാകിസ്ഥാനിലേക്കും സിറിയയിലേക്കുമല്ലേ ചിന്തപോയത്? ശബരിമല വിധിക്കെതിരെ രംഗത്തിറങ്ങിയ പ്രസ്ഥാനങ്ങളും വ്യക്തികളും ഈ രാജ്യം ഒരു മതേതരവ്യവസ്ഥയിലാണ് ചലിക്കുന്നതെന്ന് എത്രപെട്ടെന്നാണ് വിസ്മരിച്ചുകളഞ്ഞത്? ഓരോ വിധിക്കെതിരെയും ജനം പ്രക്ഷോഭമാര്‍ഗം സ്വീകരിച്ചാല്‍ പിന്നെങ്ങനെ ജുഡീഷ്യറി ജനായത്തസംവിധാനത്തിന്റെ നെടുംതൂണായി വര്‍ത്തിക്കും? ഇത്തരം സന്ദര്‍ഭങ്ങളിലാണ് ന്യൂനപക്ഷ-ഭൂരിപക്ഷ അന്തരം വല്ലാതെ പ്രകടമായി കാണുന്നത്.
വര്‍ഗീയത ആളിക്കത്തിക്കാനും അതുവഴി തങ്ങളുടെ ജനകീയാടിത്തറ വികസിപ്പിക്കാനും രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചുനടത്തുന്ന കോപ്രായങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞുമരിക്കുന്നത് ഭരണഘടന ഉദ്‌ഘോഷിക്കുന്ന ജനായത്ത, മതേതര മൂല്യങ്ങളാണെന്ന് എല്ലാവരും മറക്കുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ള, ഈ കോലാഹലങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിച്ച വര്‍ഗീയമായ മെയ് വഴക്കം മലബാറിലുള്ളവരെയെങ്കിലും ഞെട്ടിച്ചത്, നാല് വോട്ട് കിട്ടാന്‍, അല്ലെങ്കില്‍ ‘ആര്‍.എസ്.എസ് ഗുരുക്കളുടെ’ ആശീര്‍വാദം നേടിയെടുക്കാന്‍ ഏതറ്റം വരെയും സഞ്ചരിക്കാന്‍ താന്‍ തയാറാണെന്ന് അദ്ദേഹം സ്വയം സമര്‍ത്ഥിച്ചപ്പോഴാണ്. ശബരിമല കോടതിവിധി വന്ന ഉടന്‍ പ്രതികരണമാരാഞ്ഞപ്പോള്‍, പക്വമതിയായ ഒരു അഭിഭാഷകനെ പോലെ പെരുമാറിയ അദ്ദേഹം, കോണ്‍ഗ്രസ് ശബരിമല പ്രക്ഷോഭം ഏറ്റെടുത്തേക്കുമെന്ന് ഭയന്നപ്പോള്‍, വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ നിലവാരത്തിലേക്ക് മലയിറങ്ങി. അങ്ങനെയാണ്, പത്തനംതിട്ടയിലെ കളക്ടറുടെയും പൊലീസ് മേധാവിയുടെമൊക്കെ മതവും ജാതിയും ചോദിക്കാന്‍ തുനിഞ്ഞത്. മാധ്യങ്ങള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു ആ വര്‍ഗീയ പിത്തലാട്ടം. അതുകൊണ്ട് തന്നെയാണ് ‘മലബാര്‍ മാന്വലില്‍’ ഷാജഹാന്‍ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയത്. ചാനലുകള്‍ അടക്കമുള്ള മാധ്യമങ്ങള്‍ തങ്ങള്‍ക്ക് തല്ല് കിട്ടുന്നത് വരെ ആചാരങ്ങള്‍ ‘പരിരക്ഷിക്കാനുള്ള’ തത്രപ്പാടിലായിരുന്നു. നിലക്കലില്‍നിന്ന് സന്നിധാനത്തേക്ക് മല കയറാന്‍ തുടങ്ങിയപ്പോഴാണ്, എന്തിനും പോന്ന ആര്‍.എസ്.എസ് ഗുണ്ടകളാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാത്തുസൂക്ഷിക്കാന്‍ കാവലാളായി എത്തിയതെന്ന് ബോധ്യപ്പെട്ടത്. അതോടെ, ക്യാമറ അക്രമപരമ്പരയിലേക്ക് സൂം ചെയ്തപ്പോള്‍ കോടതി മാത്രമല്ല, ഫോര്‍ത്ത് എസ്റ്റേറ്റും തങ്ങളുടെ ശത്രുക്കളാണെന്നമട്ടില്‍ ഉത്തരവാദപ്പെട്ട നേതാക്കള്‍ പോലും കുടിലമുഖം കാണിച്ചു. മാധ്യമസ്വാതന്ത്ര്യം അയ്യപ്പെന്റ മുമ്പാകെ പിച്ചിച്ചിന്തിയ ആ ദുരന്ത എപ്പിസോഡ് എന്തുകൊണ്ട് പൊതുവികാരമായി വളര്‍ന്നില്ല എന്ന ചോദ്യത്തിലും കേരളത്തിന്റെ അബോധമനസിലെ വര്‍ഗീയത തൊട്ടുകാണിക്കാനാവുമെന്നാണ് നിഷ്പക്ഷമതം.

സവര്‍ണ വോട്ട് വീതംവയ്ക്കാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇറങ്ങിയപ്പോള്‍, നിഷ്പക്ഷരും മതേതര ചിന്തയുമുള്ള വിവേകമതികളുടെ ചേരി ഇവിടെ ബാക്കിയുണ്ട് എന്ന കാര്യം മുസ്‌ലിം രാഷ്ട്രീയനേതൃത്വം പോലും വിസ്മരിച്ചുകളഞ്ഞു. ആര്‍.എസ്.എസുകാര്‍ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ചപ്പോള്‍ അവര്‍ക്ക് വേണ്ടി ‘ബോലോ തക്ബീര്‍’ മുഴക്കാന്‍ മുസ്‌ലിം രാഷ്ട്രീയം ഇറങ്ങിയത് വര്‍ഗീയക്കളിയുടെ ജുഗുപ്‌സാവഹമായ കോപ്രായങ്ങളായി. മൗനം ദീക്ഷിച്ചാല്‍ മതിയായിരുന്നു അവര്‍ക്ക്. നാളെ ബാബരി വിധി വന്നുകഴിഞ്ഞാല്‍, തങ്ങള്‍ക്കെതിരാണെന്ന് കണ്ടാല്‍, ശബരിമല വിധി പോലെ വിശ്വാസത്തിെന്റ പേര് പറഞ്ഞ് തെരുവിലിറങ്ങുമെന്ന് തീര്‍ച്ച. രാമക്ഷേത്രം വിശ്വാസത്തിന്റെ ഭാഗമാണെന്നും കോടതിതീര്‍പ്പ് തങ്ങള്‍ക്ക് ബാധകമല്ലെന്നും സര്‍ സംഘ്ചാലക് മോഹന്‍ ഭാഗവത് പോലും പരസ്യമായി ആക്രോശിക്കുന്നത് എന്തിന് നാം കണ്ടില്ലെന്ന് നടിക്കണം?

ദേവാലയങ്ങള്‍ ആരുടെ സ്വത്ത്?
ശബരിമല കോടതി വിവാദം ചില മൗലികചോദ്യങ്ങള്‍ ഉയര്‍ത്തിയത് കാണാതിരുന്നുകൂടാ. ദേവാലയങ്ങള്‍ നിയമത്തിനും ഭരണഘടനക്കും ഉപരിയാണോ? അതല്ല, ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികളുടെ കാര്യം വരുമ്പോള്‍ തന്ത്രിയും പൂജാരിയുമൊക്കെയാണ് അന്തിമ തീരുമാനമെടുക്കേണ്ടത് എന്ന് വാദിക്കാന്‍ തുടങ്ങിയാല്‍ എവിടെ ചെന്നവസാനിക്കും? യുവതികള്‍ സന്നിധാനത്തെത്തുകയാണെങ്കില്‍ നട അടച്ച് താന്‍ പോവും എന്ന് തന്ത്രി പറയുമ്പോള്‍ തോല്‍ക്കുന്നത് സുപ്രീംകോടതിയാണ്. അപ്പോള്‍ ബ്രാഹ്മണ ആചാരാനുഷ്ഠാനങ്ങളുടെ കാര്യം വരുമ്പോള്‍ രാജ്യത്തെ നിയമമോ ഭരണഘടനയോ അല്ല പ്രധാനം, തന്ത്രിമാരുടെ ആജ്ഞകളാണത്രെ. മതകാര്യങ്ങളില്‍ കോടതിയോ സര്‍ക്കാരോ ഇടപെടുന്നത് മതസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലായി പൊതുവെ വിലയിരുത്തപ്പെടാറുണ്ട്. എന്നാല്‍ ഇവിടെ ആചാരാനുഷ്ഠാനം ഭരണഘടനാപരമായി നിലനില്‍ക്കില്ല എന്ന് നീതിപീഠം വിധിച്ചപ്പോള്‍, അത് തിരുത്താനുള്ള പോംവഴി കണ്ടെത്തുന്നതിനു പകരം ധിക്കാരത്തോടെ പെരുമാറുന്നത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറച്ച നിലപാടിന്റെ പ്രസക്തി. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതാണെന്നും തന്ത്രി ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണെന്നുമുള്ള അദ്ദേഹത്തിന്റെ വിശദീകരണം ആരാധാനാലയങ്ങളുടെ നടത്തിപ്പ് ഏതുവിധത്തിലാവണമെന്ന് മനസിലാക്കിത്തരുന്നുണ്ട്. ഡല്‍ഹി ഇമാം അഹമ്മദ് ബുഖാരി ജുമാമസ്ജിദ് അടച്ചുപൂട്ടി പോവുന്ന ഒരനുഭവം ചിന്തിച്ചുനോക്കൂ. മതസ്വാതന്ത്ര്യത്തിന്റെ വ്യാപ്തിയെയും പരിമിതികളെയും കുറിച്ചുള്ള ചര്‍ച്ചക്ക് ഇത്തരം അനുഭവങ്ങള്‍ ഇടമുണ്ടാകുന്നുണ്ട്. അത് ആരോഗ്യകരമായ ജനാധിപത്യ; സംസ്‌കൃതി വളര്‍ത്താന്‍ പ്രയോജനപ്പെട്ടേക്കാം. അതല്ലാതെ, വര്‍ഗീയത ആളിക്കത്തിച്ച് വോട്ട്ബാങ്ക് ഉറപ്പിക്കാമെന്നാണ് ശ്രീധരന്‍ പിള്ളയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സുകുമാരന്‍ നായറുമൊക്കെ കരുതുന്നതെങ്കില്‍ തീ കൊള്ളി കൊണ്ട് തല ചൊറിയരുത് എന്നേ ഓര്‍മപ്പെടുത്താനുള്ളൂ.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login