കമ്മ്യൂണിസവും ഹൈന്ദവ ഫാഷിസവും ബ്രാഹ്മണിക്കലാണ്

കമ്മ്യൂണിസവും ഹൈന്ദവ ഫാഷിസവും ബ്രാഹ്മണിക്കലാണ്

ഇസ്‌ലാമിലേക്കുള്ള താങ്കളുടെ കടന്നുവരവിന്റെ വഴികളൊന്ന് വ്യക്തമാക്കാമോ?
ഇസ്‌ലാം എന്നെ ആദ്യമേ സ്വാധീനിച്ചിട്ടുണ്ട്. ദളിത്-മുസ്‌ലിം പക്ഷത്ത് നിന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ വളരെയധികം ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമാശ്ലേഷണത്തിന്റെ പെട്ടെന്നുള്ള കാരണം നജ്മല്‍ സംഭവം തന്നെയാണ്. വ്യക്തിപരമായി നജ്മല്‍ ബാബുവുമായി വളരെ ചെറിയ ബന്ധമേ എനിക്കുള്ളൂ. പക്ഷേ, അദ്ദേഹത്തിന്റെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതം എന്നെ വല്ലാതെയാകര്‍ഷിച്ചിട്ടുണ്ട്. ചുറ്റുമുള്ള അഴുക്കുകളോട് നിരന്തരം കലഹിച്ചാണ് ടി.എന്‍ ജോയി നജ്മല്‍ ബാബു ആകുന്നത്. അദ്ദേഹത്തിന്റെ മരണവും മരണാനന്തരം ഉടലെടുത്ത പ്രശ്‌നങ്ങളും മുസ്‌ലിമാവുക എന്നതാണ് വിപ്ലവം എന്ന് എന്നെ പഠിപ്പിച്ചു. മറ്റൊന്ന് ആദ്യമേ ഇസ്‌ലാമിനോട് ആത്മീയമായ ഒരടുപ്പം എനിക്കുണ്ടായിരുന്നു. പക്ഷേ, നിശബ്ദമായിരുന്നു. ആത്മീയമായും രാഷ്ട്രീയമായും ഇസ്‌ലാം സ്വാധീനിച്ചിട്ടുണ്ട്. ബാബരിയും ഹാദിയയും രാഷ്ട്രീയമായി ഇസ്‌ലാമിനൊപ്പം നില്‍ക്കാന്‍ എന്റെ മനസിനെ പാകപ്പെടുത്തി.

മുസ്‌ലിമാവുക എന്നത് വിപ്ലവകരമാണെന്ന് പറഞ്ഞതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്?
ഇന്നത്തെ സാഹചര്യത്തില്‍ മുസ്‌ലിമായിരിക്കുക, മുസ്‌ലിമായി മരിക്കുക എന്നത് വളരെ അപകടം പിടിച്ചതാണ്. ഇസ്‌ലാമിനെയാണ് എല്ലാവര്‍ക്കും ഭയം. നിരീശ്വരവാദികള്‍ക്കും കമ്യൂണിസത്തിനും ഹന്ദുത്വക്കുമെല്ലാം. കാരണം, അവരുടെ കുബുദ്ധികളൊന്നും മുസ്‌ലിംകളെ ഏശിയിട്ടില്ല. മുസ്‌ലിമിനെ എങ്ങനെയും തകര്‍ക്കുക എന്നുള്ളതാണ് സംഘികളുടെ ലക്ഷ്യം. അതിനു ജുഡീഷ്യറിയെയും എക്‌സിക്യൂട്ടീവിനെയും മാധ്യമങ്ങളെയും സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

നജ്മല്‍ ബാബു സംഭവം നല്‍കുന്ന തിരിച്ചറിവുകള്‍ എന്തെല്ലാമാണ്?
കൊടുങ്ങല്ലൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് കുടുംബമാണ് നജ്മല്‍ ബാബുവിന്റേത്. അടിയന്തരാവസ്ഥ കാലത്ത് നക്‌സലൈറ്റായും മറ്റും വിപ്ലവകരമായ ജീവിതം നജ്മലിന് എന്നും ഉണ്ടായിരുന്നു. യുക്തിവാദികളായ തന്റെ കുടുംബത്തോടും സമൂഹത്തോടും കലഹിച്ചായിരുന്നു ടി.എന്‍ ജോയി നജ്മല്‍ ബാബു ആയത്. പക്ഷേ, ആശയപരമായി നജ്മല്‍ മുസ്‌ലിമായിരുന്നെങ്കിലും പ്രാക്ടിക്കലായി അദ്ദേഹം ഇസ്‌ലാം അനുഷ്ഠിച്ചിട്ടില്ല എന്നാണ് വാസ്തവം. ഈ സംഭവത്തില്‍ നിന്ന് ഞാനെടുത്ത പ്രതിജ്ഞ വിശ്വാസം കൊണ്ടും കര്‍മം കൊണ്ടും മുസ്‌ലിമായി ജീവിച്ചുമരിക്കാനാണ്. നജ്മല്‍ സംഭവം നമ്മുടെ സമൂഹത്തിന്റെ നിഷ്‌ക്രിയത്വത്തെ നിരന്തരം ചോദ്യം ചെയ്യുന്നുണ്ട്. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ല എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വരുന്നുണ്ട്. പതുക്കെ പതുക്കെ സമൂഹത്തിന്റെ പൊതുബോധത്തെ ഉണര്‍ത്താന്‍ അതിനു കഴിയുന്നുണ്ട്. മുമ്പ് സൈമണ്‍ മാസ്റ്ററുടെ വിഷയത്തിലും നമ്മുടെ മൗനത്തിന് വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിനുവേണ്ടി മുന്‍നിരയില്‍ ഉണ്ടായിരുന്നത് നജ്മല്‍ ബാബുവായിരുന്നു. സൈമണ്‍ മാസ്റ്റര്‍ക്ക് നീതി ലഭിക്കാതിരുന്നപ്പോള്‍ നജ്മല്‍ ബാബുവിനെ അത് അസ്വസ്ഥമാക്കിയിരുന്നു. തന്റെ അവസാനവും ഇത്തരം ഒരു അവസ്ഥയിലാവുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. അത് തന്നെ സംഭവിക്കുകയും ചെയ്തു.

താങ്കളെ ഇസ്‌ലാമിലേക്കാകര്‍ഷിച്ച മറ്റു ഘടകങ്ങള്‍ എന്തൊക്കെയാണ്.
ഇപ്പോള്‍ ഒരു കംഫര്‍ട്ടബള്‍ സോണില്‍ എത്തിയ പ്രതീതിയുണ്ട്. ഞാനിവിടെ സുരക്ഷിതനാണെന്ന തോന്നല്‍. ഈയൊരു തോന്നല്‍ തന്നെയാണ് ഇസ്‌ലാമിനെ തിരഞ്ഞെടുക്കാനുള്ള മുഖ്യകാരണം. ഹിന്ദുയിസത്തെ ഒരു മതമായി ഞാന്‍ കാണുന്നില്ല. അതൊരു സംസ്‌കാരം മാത്രമാണ്. ബ്രാഹ്മണര്‍ക്ക് ഉല്ലസിക്കാനും ആസ്വദിക്കാനുമുള്ള ഒന്ന്. ജാതീയത അതിഭീകരമാണ്. മതം മാറി ക്രിസ്ത്യാനിസത്തില്‍ ചെന്നാലും ജാതീയത പ്രശ്‌നമാണ്. അത് പലപ്പോഴും തീവ്രമാണ് താനും. അതിനാല്‍ ഇസ്‌ലാം എനിക്ക് നല്ലൊരു തിരഞ്ഞെടുപ്പായിരുന്നു. മറ്റൊന്ന് ഇസ്‌ലാമിന്റെ മാനവിക മൂല്യങ്ങളാണ്. മുസ്‌ലിമാവുക എന്നതാണ് ഇന്നത്തെ പ്രതിസന്ധികള്‍ക്കുള്ള പരിഹാരം. ഫാഷിസത്തെ ചെറുക്കാന്‍ മറ്റുമാര്‍ഗങ്ങളില്ല എന്ന് പഠിപ്പിച്ചത് ഇന്ത്യയിലെ ഏറ്റവും വലിയ യുക്തിവാദിയായ പെരിയാര്‍ രാമസ്വാമി നായ്കറാണ്. മതത്തിന്റെ പേരില്‍ ബി.ആര്‍ അംബേദ്കറെ വരെ ചോദ്യം ചെയ്ത ഇദ്ദേഹം ഇസ്‌ലാമാശ്ലേഷണം ഫാഷിസത്തിനെതിരെയുള്ള വലിയൊരു ആയുധമായാണ് കണ്ടത്.

ഇസ്‌ലാമാേശ്ലഷണത്തോടുള്ള സാമൂഹിക പ്രതികരണം എങ്ങനെയാണ്?
പൊതുവെ നല്ല പ്രതികരണങ്ങളാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്. ചില ആശയവാദികള്‍ എന്തൊക്കെയോ പപറഞ്ഞിരുന്നു. ആവശ്യത്തിന് മതത്തെ പുല്‍കുകയും മതത്തിനകത്തും പുറത്തും നില്‍ക്കാതെ രണ്ടിടത്തും കാലിട്ട് നില്‍ക്കുന്ന കാരശ്ശേരിയോടും ചേന്ദമംഗല്ലൂരിനോടും നമുക്ക് കമ്യൂണിക്കേറ്റ് ചെയ്യേണ്ട കാര്യം തന്നെയില്ല. എന്റെ ഇസ്‌ലാമാശ്ലേഷണം കൊണ്ട് ഈ സമൂഹത്തിന് ചില നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു എന്നത് എന്നെതൃപ്തിപ്പെടുത്തുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണ കിട്ടി. കുടുംബം പൂര്‍ണ പിന്തുണയോടെ കൂടെയുണ്ട് എന്നത് വലിയ ആത്മവിശ്വാസം നല്‍കി.

താങ്കളനുഭവിച്ച ഫാഷിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും പറയാമോ?
നേരത്തെ സൂചിപ്പിച്ചത് പോലെ മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി യൂണിയനിലും ഡി.വൈ.എഫ്.ഐയിലുമെല്ലാം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജീവിതത്തിലെ ഒരു ദുരന്തമായിട്ടേ അതിനെ ഞാന്‍ കാണുന്നുള്ളൂ. ഇപ്പോഴത്തെ മാര്‍ക്‌സിസവും ഫാഷിസവും ഒന്നാണ്. കമ്യൂണിസം ഒന്ന് അപ്‌ഗ്രേഡ് ചെയ്താല്‍ ഹൈന്ദവ ഫാഷിസമാണ്. ഫാഷിസത്തെ കുറിച്ച് വല്ലാതെ വാചാലനാകേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ നിരന്തരം വായിക്കുന്നതും കേള്‍ക്കുന്നതുമാണ്. പക്ഷേ, കമ്യൂണിസത്തെ നാം ഭയക്കേണ്ടതുണ്ട്. പ്രകോപനമാണ് ഇപ്പോഴത്തെ അവരുടെ മൂലധനം. നജ്മല്‍ സംഭവത്തില്‍ അവരുടെ മുസ്‌ലിം വിരുദ്ധത പ്രകടമായതാണ്. നജ്മല്‍ ബാബുവിന്റെ മൃതശരീരം അദ്ദേഹത്തിന്റെ വസ്വിയ്യത് പ്രകാരം ഖബറടക്കാന്‍ വിട്ടുതരാതെ അത് കത്തിക്കുകയും ദിവസങ്ങള്‍ക്ക് ശേഷം കടലില്‍ നിമഞ്ജനം ചെയ്യുകയും ചെയ്തത് ഇതിന്റെ ഭാഗമാണ്. അദ്ദേഹം ഒരു മുസ്‌ലിമാണെന്ന ധാരണ പോലും വെച്ചുപുലര്‍ത്താന്‍ അവര്‍ തയാറായിരുന്നില്ല. നജ്മല്‍ അത്യന്തികമായി സഖാവായിരുന്നെന്നും ഇസ്‌ലാമാശ്ലേഷണം ഇദ്ദേഹത്തിന്റെ തമാശ മാത്രമായിരുന്നെന്നുമാണ് ഈ അല്‍പന്മാര്‍ പറഞ്ഞു പരത്തിയത്. ഇവിടെ മനസിലാക്കേണ്ട ഒരു കാര്യം കേരളീയ മാര്‍ക്‌സിസം യഥാര്‍ത്ഥ കമ്യൂണിസമല്ല എന്നതാണ്. കാള്‍ മാര്‍ക്‌സും ഫിഡല്‍ കാസ്‌ട്രോയും വിഭാവന ചെയ്ത ഒരു മതവാദമല്ല ഇവിടുത്തെ കമ്യൂണിസത്തിനുള്ളത്. ഇവിടെയുള്ളത് ഇസ്‌ലാം വിരുദ്ധമാണ്. ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രോ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് മുസ്‌ലിംകളെ ചേര്‍ത്തുപിടിച്ചാണ്. അതുകൊണ്ടാണ് ക്യൂബന്‍ വിപ്ലവത്തെ അദ്ദേഹം ജിഹാദ് എന്ന് പരിചയപ്പെടുത്തിയത്. യഥാര്‍ത്ഥ മാര്‍ക്‌സിയന്‍ സങ്കല്‍പം എന്നത് ബാബരി പൊളിക്കുമ്പോള്‍ ഇസ്‌ലാമിനൊപ്പം നില്‍ക്കുക എന്നതാണ്. ഇവിടെ നടക്കുന്നത് യുക്തിവാദ അജണ്ടകളാണ്. മാര്‍ക്‌സിസത്തിനകത്ത് ഇത്തരം ചിന്താഗതി വളര്‍ത്തിയെടുത്തത് അതിന്റെ ബ്രാഹ്മണിക്കല്‍ ഐഡിയോളജിയാണെന്ന് വ്യക്തമാണ്.

രണ്ട് വര്‍ഷം മുമ്പ് ഹിന്ദുത്വ ഫാഷിസത്തിന്റെ ഭീകരതയ്ക്ക് ഞാന്‍ ഇരയായിട്ടുണ്ട്. എന്റെ ‘ശ്മശാനങ്ങളുടെ നോട്ടുപുസ്തകം’ എന്ന നോവലില്‍ ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങളുണ്ട് എന്ന് പറഞ്ഞായിരുന്നു അത്. കണ്ണൂര്‍ ജെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ നാടകാധ്യാപകനായിരുന്ന എന്റെ ജോലി നഷ്ടപ്പെട്ടു, രാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു. എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നെറുകയില്‍ ആഞ്ഞടിക്കാന്‍ ഇവിടുത്തെ ഫാഷിസ്റ്റ് കുബുദ്ധികള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടുണ്ട്. അപകടകരമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. 2019 ല്‍ ഒരിക്കല്‍ കൂടി അധികാരത്തിലേറിയാല്‍ ഭരണഘടന വരെ തിരുത്തുമെന്ന് അവര്‍ ആണയിടുന്നു. പിന്നെ അവിടെ സ്ഥാനം പിടിക്കുക വിചാരധാരയോ മനുസ്മൃതിയോ ആയിരിക്കും. കമ്യൂണിസവും ഹൈന്ദവ ഫാഷിസവും ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

യുക്തിവാദത്തിന്റെ ആശയസംഹിതകള്‍ കേരളത്തിലെ വിശ്വാസി സമൂഹത്തെ എത്രത്തോളം അപകടപ്പെടുത്തുന്നു?
ആദ്യമേ പറയട്ടെ, യുക്തിവാദം എന്നത് യാതൊരു യുക്തിയുമില്ലാത്ത ഏര്‍പാടാണ്. ശാസ്ത്രത്തിന്റെ കേവല യുക്തികൊണ്ട് സാമൂഹിക സാംസ്‌കാരിക പ്രതിഭാസങ്ങളെ അളക്കാന്‍ കഴിയില്ല. പള്ളിയിലും അമ്പലത്തിലും പോയി ദൈവം എവിടെയെന്ന് അന്വേഷിക്കലല്ല ശാസ്ത്രത്തിന്റെ പരിപാടി. മനുഷ്യജീവിതത്തെ കൂടുതല്‍ സര്‍ഗാത്മകമാക്കാന്‍ കഴിയുന്ന കാര്യങ്ങളുടെ കണ്ടുപിടിത്തത്തിനുള്ള രീതി ശാസ്ത്രമാണ്. മറ്റൊന്ന്, യുക്തിവാദം ഒരു വരണ്ട സ്ഥലമാണ്. ഒട്ടു സര്‍ഗാത്മകമല്ലാത്ത, ഒന്നും ഉത്പാദിപ്പിക്കപ്പെടാത്ത ഒരിടം. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് എതിരെ ഒരു ഈര്‍ക്കിള്‍ ഉയര്‍ത്താന്‍ പോലും അവര്‍ അശക്തരാണ്. അറിവിലും ആശയത്തിലും.

മറ്റു മതങ്ങളെക്കാളേറെ യുക്തിവാദികള്‍ കരിവാരിത്തേക്കുന്നത് ഇസ്‌ലാമിനെയാണല്ലോ, ഇതിന്റെ കാരണമെന്താണ്?
പൊതുവേ യുക്തിവാദത്തെ കണ്ടു വരുന്നത് ഇസ്‌ലാം വിരുദ്ധര്‍ക്ക് ഒന്നിക്കാനുള്ള പൊതുപ്ലാറ്റ്‌ഫോമായാണ്. ഒരുഭാഗത്ത് ഇസ്‌ലാമും മറുഭാഗത്ത് ഇത്തരം യുക്തിവാദ ഗ്രൂപ്പുകളും അണിനിരക്കുന്നത് എല്ലായിടത്തും നമുക്ക് കാണാം. ബ്രാഹ്മണിക്കല്‍ ഐഡിയോളജിയാണ് ഇവയുടെയൊക്കെ അടിസ്ഥാനം. ബ്രാഹ്മണിക്കല്‍ മൂല്യം ഉള്‍കൊണ്ടുള്ള ഹൈന്ദവയുക്തിവാദം, ഹൈന്ദവഫാഷിസം, ഹൈന്ദവ മാര്‍ക്‌സിസം എന്നിങ്ങനെ വലിയൊരു ശ്രേണി ഇസ്‌ലാമിനെതിരെ കാണാം.
മനുഷ്യനും മതവും പരസ്പരപൂരകങ്ങളാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളും സംഭവിക്കുന്നത് മതകീയ ആചാരങ്ങളിലൂടെയാണ്. ജനനം, മരണം, വിവാഹം. മുസ്‌ലിമിന് അല്ലാഹുവിനോട് നീതിപുലര്‍ത്തുക എന്നതാണ് അവനെ സംബന്ധിച്ചിടത്തോളം ആത്യന്തികമായ കാര്യം. എന്നാല്‍ മറ്റിടങ്ങളില്‍ വിശ്വാസികള്‍ തന്നെ ധര്‍മസങ്കടത്തിലാണ്. ഏത് ദൈവത്തിനോട് നീതി പുലര്‍ത്തണമെന്നുള്ളിടത്ത് കേരളത്തിലെ യുക്തിവാദികള്‍ ഇരട്ടത്താപ്പുകാരാണ്. മതത്തിനകത്തു നിന്നേ വല്ലതും ചെയ്യാന്‍ പറ്റൂ എന്ന് തോന്നുമ്പോള്‍ അവര്‍ ഹൈന്ദവതയെ തിരഞ്ഞെടുക്കുന്നു. ഒരു തരം ഓന്തിന്റെ പരിപാടി. അതുകൊണ്ട് തന്നെ ഇവരുടെയൊക്കെ മുഖ്യശത്രു ഏകദൈവ വിശ്വാസം വെച്ചുപുലര്‍ത്തുന്ന, മതമൂല്യങ്ങള്‍ക്ക് വലിയ വിലകല്‍പിക്കുന്ന, യുക്തിക്കപ്പുറം വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇസ്‌ലാമാണ്.

കമല്‍ സി നജ്മല്‍/ ടി കെ ശഫീഖ് കുമ്പിടി

You must be logged in to post a comment Login