നിരീശ്വരവാദം നിലനില്‍ക്കുമോ?

നിരീശ്വരവാദം നിലനില്‍ക്കുമോ?

അബ്ദുല്ല ബുഖാരി: നിരീശ്വരവാദികളുമായി സംവദിക്കുമ്പോള്‍ നമുക്ക് പെട്ടെന്ന് മനസിലാകുന്ന പ്രശ്നം അവരുടെ വിജ്ഞാനസ്രോതസ് വളരെ പരിമിതമാണ് എന്നതാണ്. അല്ലെങ്കില്‍ ആത്യന്തികമായി സയന്‍സിനെ അമിതമായി ആശ്രയിക്കുന്നു. സയന്‍സിനെ ആധാരമാക്കുന്നു എന്നത് ഒരു പ്രശ്‌നമല്ല. ലോകത്ത് പലവിധ വ്യവഹാരങ്ങളിലും സയന്‍സിന് വളരെ പ്രാധാന്യമുണ്ട്. എന്നാല്‍ തന്നെയും സയന്‍സിന്റെ സാധ്യതകള്‍ ഒബ്സര്‍വബ്ള്‍ ആയിട്ടുള്ള മേഖലകളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നത് ദൈവാസ്തിക്യ വിഷയങ്ങളിലുള്ള അതിന്റെ ഇടപെടലുകളെ ന്യൂനീകരിക്കുന്നുണ്ട്. നമ്മുടെ അന്വേഷണ സങ്കേതങ്ങള്‍ ഭൗതികമാനമുള്ള ഒരു വസ്തുവില്‍ കേന്ദ്രീകരിക്കപ്പെടുകയും അതുകൊണ്ട് തന്നെ ദൈവാസ്തിത്വത്തെ സ്ഥാപിച്ചെടുക്കണമെന്ന് പറയുകയും സയന്‍സ് പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള മൂര്‍ത്തമായ തെളിവുകള്‍ ദൈവസംബന്ധിയായി ലഭിച്ചാല്‍ മാത്രമേ അതിനെ അംഗീകരിക്കുകയുള്ളൂ എന്ന് ശഠിക്കുകയും ചെയ്യുകയാണ് നാസ്തിക വാദികള്‍. ഈ ശാഠ്യത്തിന്മേലാണ് അവര്‍ ദൈവ നിഷേധം ഉറപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തില്‍ പദാര്‍ത്ഥേതര(Non-Meterial)മായ പല വസ്തുതകളുമുണ്ട്. അതില്‍തന്നെയും സയന്‍സിന് പ്രസക്തിയില്ലാത്ത, ഇടമില്ലാത്ത അനേകം കാര്യങ്ങളുണ്ട്. അതുപോലൊരു മെറ്റീരിയലല്ലാത്ത വസ്തുതയാണ് ദൈവാസ്തിക്യം. ദൈവസാന്നിധ്യത്തെ കുറിച്ച് തീരുമാനം പറയാന്‍ സയന്‍സിനൊരിക്കലും കഴിയില്ല. ദൈവ സൃഷ്ടികളെ നിരീക്ഷണം ചെയ്യാന്‍ മാത്രമേ അതിനര്‍ഹതയുള്ളൂ. അതിനുമതീതമായ വിഷയങ്ങളില്‍ കൈകാര്യകര്‍ത്താവാകാന്‍ സയന്‍സിന് സാധിക്കില്ല.

അപ്പോള്‍ ദൈവാസ്തിത്വം തെളിയിക്കാന്‍ മറ്റൊരു മാര്‍ഗം അത്യന്താപേക്ഷിതമാകുന്നു. അതാണ് തത്വശാസ്ത്രം(Philosophy). ഫിലോസഫിയെ തഴഞ്ഞ് സയന്‍സിനൊരിക്കലും സ്ഥിരമായൊരു അസ്തിത്വമില്ല. സയന്‍സ് തന്നെയും ഫിലോസഫിയിലധിഷ്ഠിതമാണ്. യുക്തിയുടെ തീരുമാനം(Judgement of Intelligence) എന്ന് ഫിലോസഫിയെ നിര്‍വചിക്കാം. ഫിലോസഫി നിശ്ചയിച്ച അനേകം ശാഖകളിലൊന്നു മാത്രമാണ് സയന്‍സ്. തല്‍പ്രകാരം, ഫിലോസഫി സയന്‍സേതര മാര്‍ഗങ്ങളിലൂടെ അന്വേഷിച്ച് കണ്ടെത്തേണ്ട ഒരു വസ്തുതയെ സയന്‍സ് മുഖേനത്തന്നെ കണ്ടെത്തണമെന്ന് പറയുന്നത് ബുദ്ധിയോ ശാസ്ത്രമോ യുക്തിയോ അല്ല. അതാണ് നിരീശ്വരവാദി ചെയ്തുകൊണ്ടിരിക്കുന്നത്. സയന്‍സിന് എത്താന്‍ കഴിയാത്തിടം നമ്മുടെ ബുദ്ധികൊണ്ട് എത്തിപ്പിടിക്കാം. അതുകൊണ്ടാണ് വിശ്വാസികള്‍ ഒരു ദൈവമുണ്ടെന്ന് ദൃഢമായി വിശ്വസിക്കുന്നത്. ഫിലോസഫിയെ അവഗണിക്കുന്ന നിരീശ്വരവാദികള്‍ക്ക് പലപ്പോഴും അതേകുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ പോലും അജ്ഞാതമാണ്.

എന്‍ എം ഹുസൈന്‍: സയന്‍സ് മാത്രമേ അറിയൂ എന്നതാണ് നിരീശ്വരവാദിയുടെ വലിയ പ്രശ്നം. ‘മലയാളം മാത്രമറിയുന്നവന് മലയാളത്തെ പറ്റി എന്തറിയാം’ എന്ന ചൊല്ല് ഇവിടെ നല്ലപോലെ യോജിക്കുന്നുണ്ട്. സയന്‍സിലെ തന്ത്രപ്രധാന കാര്യങ്ങളൊന്നും തീരുമാനിക്കുന്നത് സയന്‍സല്ല. ഫിലോസഫിയാണ്. നാല് ഘട്ടങ്ങളാണ് സയന്‍സിനുള്ളത്. നിരീക്ഷണം(Observation), അനുമാനം(Hypothesis), പ്രവചനം(Prediction), പരീക്ഷണം(Experimental Test) എന്നിവ. ഈ നാല് കാര്യങ്ങള്‍ സാധിക്കപ്പെടുന്ന കാര്യങ്ങളെയാണ് നാം സയന്റിഫിക്കായി സാധാരണ ഗണിക്കാറ്. അപ്പോള്‍ ജീവന പ്രക്രിയകള്‍ക്ക് മുഴുവന്‍ സയന്‍സുമായി അഗാധ ബന്ധമുണ്ടെന്ന് വിശ്വസിക്കുന്ന നിരീശ്വരവാദി ഈ നാല് കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജീവിത വ്യവഹാരങ്ങള്‍ ക്രമപ്പെടുത്തുന്നതെന്ന് ചുരുക്കം. അതായത്, താന്‍ പിതാവായി കണക്കാക്കിയിരുന്ന വ്യക്തിയെ പരീക്ഷണത്തിന് വിധേയമാക്കിയിട്ടേ അത് തന്നെയാണ് തന്റെ പിതാവെന്ന് ഉറപ്പിക്കൂ എന്ന് വരുന്നു. അങ്ങനെ ചെയ്യാനാരെങ്കിലും തുനിയുമോ? ഇല്ല. അസംബന്ധമാണത്. അപ്പോള്‍ നിത്യജീവിതത്തില്‍ നാം വിശ്വസിക്കുന്ന കാര്യങ്ങളില്‍ ഒരു ശതമാനം പോലും സയന്റിഫിക് മെത്തേഡുപയോഗിച്ച് തെളിയിക്കപ്പെട്ടവയല്ല.
മറ്റൊരു കാര്യമുള്ളത്, സയന്‍സിന്റെ അടിസ്ഥാനം വെരിഫിക്കേഷനാണ്. ഒരു കാര്യം ഉണ്ടെന്ന് പറയുകയാണെങ്കില്‍ അത് വെരിഫൈ ചെയ്യാന്‍ കൂടി സാധിക്കണം. പ്രശസ്ത തത്വശാസ്ത്ര പണ്ഡിതനായ കാള്‍ കൂപ്പര്‍ പറയുന്നത് ഒരു കാര്യം ഉണ്ടെന്ന് സമര്‍ത്ഥിക്കുന്നതോടൊപ്പം ഭാവിയില്‍ അത് തെറ്റാണെന്ന് തെളിയിക്കാന്‍ പറ്റുന്നതായിരിക്കണമെന്നാണ്. ഉദാഹരണമായി, എല്ലാ കാക്കകളും കറുത്തതാണെന്ന് പറയുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാന്‍ സാധ്യതയുള്ളതുകൂടിയാണ്. ഇതിനാണ് ‘എമഹശെളശരമശേീി(അസത്യവത്കരണക്ഷമത)’ എന്ന് പറയുന്നത്. ഇത് പ്രകടമായ സിദ്ധാന്തമായി അവതരിപ്പിക്കുന്നത് സയന്‍സാണ്. ആധുനിക ശാസ്ത്രത്തിന്റെ മൂലക തത്വമെന്ന് പറയുന്ന ഈ സിദ്ധാന്തം പക്ഷേ ആവിഷ്‌കരിച്ചത് ഫിലോസഫി ആണ്. അതായത്, സയന്‍സ് അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി പ്രമാദപൂര്‍വം കൊണ്ടുനടക്കുന്ന പലതും പലപ്പോഴും ഫിലോസഫിയുടെ സൃഷ്ടികളാണ്. ശാസ്ത്രം അത്രമാത്രം ഉദാരപ്പെട്ടതാണെന്ന് സാരം. അപ്പോള്‍ സയന്‍സിനെ പ്രതി നിരീശ്വരവാദികള്‍ വെച്ചുപുലര്‍ത്തുന്ന അബദ്ധം നിറഞ്ഞ മുന്‍ധാരണകള്‍ കൊണ്ടും ശാസ്ത്രവും മതങ്ങളും തമ്മിലുള്ള ചെറിയ അന്തരങ്ങളെ ശാസ്ത്രം മതവിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുന്ന വിരോധാഭാസമായി കണക്കാക്കുന്നതുകൊണ്ടും അവര്‍ മതവിരോധികളായ ശാസ്ത്രവാദികളായി എന്നേ പറയാനൊക്കൂ.

ഡോ. ഫൈസല്‍ അഹ്‌സനി: യുക്തിവാദികള്‍ക്ക് സയന്‍സ് വിഷയങ്ങളില്‍ അവബോധം വളരെ കുറവാണെന്ന് താങ്കള്‍ പറഞ്ഞല്ലോ. Falsification സയന്‍സിന്റെ ഭാഗമല്ല എന്ന് വരുമ്പോള്‍ അതിന്റെ വൈപുല്യം ഒന്നുകൂടി ചുരുങ്ങുകയല്ലേ ചെയ്യുന്നത്? മറ്റൊരുകാര്യം; നിരീശ്വരവാദികള്‍ക്ക് ജ്ഞാന മാര്‍ഗങ്ങള്‍ കുറവാണെന്ന സംസാരങ്ങളിലൂടെയാണ് നമ്മുടെ ചര്‍ച്ച നീങ്ങുന്നത്. അവരില്‍ ഭൂരിപക്ഷത്തിനും സയന്‍സറിയില്ല. നടിക്കുക മാത്രമാണ് എന്നൊക്കെ. എന്നിട്ടും അവരിപ്പറയുന്ന സൈദ്ധാന്തിക വിശദീകരണങ്ങളും മതനിരാസത്തെ ശരിവെക്കുന്ന ശാസ്ത്രീയതകളുമൊക്കെ ഏത് സങ്കേതങ്ങളില്‍നിന്നാണ് അവര്‍ക്ക് ലഭിക്കുന്നത്?

ഹുസൈന്‍: എനിക്കുണ്ടായ ഒരനുഭവം പറയാം. കൈരളി ചാനലില്‍ നാല് വര്‍ഷം മുമ്പ് മൈന്‍ഡ് വാച്ച് എന്നൊരു പരിപാടി നടന്നിരുന്നു. ഞാനും, കേരളത്തിലെ അറിയപ്പെട്ട നിരീശ്വരവാദിയായ സി രവിചന്ദ്രനും തമ്മില്‍ നടത്തുന്ന ചര്‍ച്ചയായിരുന്നു അത്. ആ പ്രോഗ്രാമില്‍ Cosmology(പ്രപഞ്ചഘടന വിശദീകരണം) സംബന്ധിച്ച് സംസാരിക്കുന്ന സമയത്ത് രവിചന്ദ്രന്‍ മൗനം പാലിക്കും. ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ മറുപടികളുണ്ടാവില്ല. രണ്ട് എപ്പിസോഡുകള്‍ ഇപ്രകാരം മുന്നോട്ട് പോയപ്പോള്‍ ആ ചര്‍ച്ച അവിടെ നിര്‍ത്തിവെക്കുകയാണുണ്ടായത്. സാധാരണ ഒരു സംവാദത്തിന്റെ രണ്ട് വശത്തെയും വാദങ്ങള്‍ പഠിച്ചിട്ടാണ് നമ്മളൊരു ആത്യന്തിക വാദത്തിലെത്തേണ്ടത്. ആ രീതിയിലുള്ള ഒരു പഠന പ്രക്രിയ അവരുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്നതാണ് സത്യം. നിരീശ്വര വാദികള്‍ക്കിടയിലെ ഇപ്പോഴത്തെ താരം റിച്ചാര്‍ഡ് ഡോക്കിന്‍സാണല്ലോ. ഡോക്കിന്‍സ് എന്തുപറയുന്നു എന്നത് നിരീക്ഷിച്ചാണ് അവര്‍ നാമുമായി സംവാദത്തിന് വരുന്നത്.

മറ്റൊരുദാഹരണം കൂടി പറയാം. റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ The God Delusion എന്ന കൃതിക്ക് രവിചന്ദ്രനെഴുതിയ സ്വതന്ത്ര വിവര്‍ത്തനമാണ് നാസ്തികനായ ദൈവം എന്ന പുസ്തകം. ധാരാളം കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകമെന്ന നിലക്ക് പലര്‍ക്കും പരിചിതമായിരിക്കും. ഇതിന്റെ ആദ്യഭാഗത്ത് പരിണാമ വാദത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നുണ്ട്. പിന്നീട് ഈ പുസ്തകത്തിന്റെ പുതിയ പതിപ്പ് ഡി സി ബുക്‌സ് പുറത്തിറക്കിയപ്പോള്‍ പ്രസ്തുത ഭാഗത്ത് അത് സംബന്ധമായ Appendix(അനുബന്ധം) ചേര്‍ത്തു എന്നല്ലാതെ അതിനെതിരില്‍ ഉയര്‍ന്നുവന്ന ഒറ്റ ചോദ്യങ്ങള്‍ക്കുപോലും മറുപടി എഴുതിയില്ല. സാധാരണ ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുമ്പോള്‍ അതിനെതിരെ വന്ന വാദങ്ങളെ ഖണ്ഡിച്ച് ഒരധ്യായം കൂടി ചേര്‍ക്കാറുണ്ടല്ലോ. ഇവിടെ അതുണ്ടായില്ല. അവര്‍ പറയുന്നതുപോലെ ശാസ്ത്രത്തില്‍ ആകൃഷ്ടരായി നിരീശ്വരവാദത്തിലേക്ക് ചേക്കേറുന്നു എന്ന് പറയാനൊക്കില്ല. നിരീശ്വരവാദത്തില്‍ ആകൃഷ്ടരായി അതിലേക്ക് കയറിക്കൂടുന്നു എന്നേ പറയാവൂ. പലരും പലതും സ്വീകരിക്കുന്നത് ആദര്‍ശപരമായ വൈരുധ്യങ്ങള്‍ കൊണ്ടായിരിക്കില്ല. മറിച്ച് മതത്തിനോടുള്ള വിരോധം കൊണ്ട് മാത്രം സയന്‍സിനെ ആധാരമാക്കിയെടുത്ത് മതനിരാസത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവരായിരിക്കും നിരീശ്വരവാദികളിലധികവും.

ഫൈസല്‍ അഹ്‌സനി: നമ്മുടെ ആധികാരിക ഗ്രന്ഥങ്ങള്‍ പ്രതിപാദിക്കുന്നതുപ്രകാരം ജ്ഞാന മാര്‍ഗങ്ങള്‍ മൂന്ന് വിധമാണ്. പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് ഗോചരീഭവിക്കുന്നവ, ബുദ്ധികൊണ്ട് സ്വീകരിക്കപ്പെടുന്നവ, സത്യവാര്‍ത്തകള്‍കൊണ്ട് അംഗീകരിക്കപ്പെടുന്നവ. ഇവയില്‍ മൂന്നാമത്തേതിനെ രണ്ട് വിധമായി വീണ്ടും ഭാഗിക്കാം. മുതവാതിര്‍ എന്നും ഖബറുര്‍സൂല്‍ എന്നുമാണ് സാങ്കേതികമായി ഇവ വ്യവഹരിക്കപ്പെടുന്നത്. വഹ്‌യ് കൊണ്ട് ശാക്തീകരിക്കപ്പെട്ട പ്രവാചക വചനങ്ങളാണ് ഖബറുര്‍റസൂല്‍. എന്നാല്‍ ഒരിക്കലും അസത്യമാവാന്‍ സാധ്യതയില്ലാത്ത അത്രയും വ്യക്തി സഞ്ചയത്തിലൂടെ കൈമാറ്റം ചെയ്യപ്പെട്ട വാര്‍ത്തയാണ് മുതവാതിര്‍. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ/ മൂര്‍ത്തമായ(ഇീിരൃലലേ) തെളിവിന്റെ അടിസ്ഥാനത്തില്‍ തെളിയിക്കപ്പെട്ട കാര്യങ്ങളെ മാത്രമേ വിശ്വസിക്കൂ എന്ന് നിരീശ്വരവാദികള്‍ വാദിക്കുന്നുണ്ടെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ പോലും അവരത് പാലിക്കുന്നില്ല എന്നതാണ് സത്യം. പരീക്ഷണം നടത്തിയിട്ടാണോ അവര്‍ E=Mc2 എന്ന് വിശ്വസിക്കുന്നത്? പണ്ഡിതന്മാരുടെ രചനകള്‍ വായിച്ചിട്ടോ അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ പരതിയിട്ടോ ലഭിക്കുന്ന മുറിവിവരങ്ങളാണ് അവര്‍ പുറത്തുവിടുന്നത്. അങ്ങനെ വരുമ്പോള്‍ അവിടെയും ഒരു ജ്ഞാനം സംവേദനം ചെയ്യപ്പെടുന്നുണ്ടല്ലോ. ആ ജ്ഞാനമാര്‍ഗം അവരുടെതന്നെ വാദത്തിലധിഷ്ഠിതമാകുന്നില്ല. ഏതൊരു നിരീശ്വരവാദിയാണെങ്കിലും ‘മുതവാതിര്‍’ എന്ന ജ്ഞാന മാര്‍ഗത്തെ തള്ളിക്കളഞ്ഞ് നിലനില്‍ക്കാന്‍ സാധിക്കില്ല.

ഈയടുത്ത് ഒരു സംവാദമുണ്ടായി. ഏത് കാര്യത്തിനും ഒരു കാരണം ആവശ്യമുണ്ടെന്നും കാരണങ്ങളുടെ ശൃംഖല അനന്തമായി നീളുന്നത് ബുദ്ധിപരമല്ലെന്നും അതിനാല്‍ അത് കാരണമാവശ്യമില്ലാത്ത ആത്യന്തിക കാരണത്തില്‍ അവസാനിക്കുന്നു, അതാണ് ദൈവമെന്നും വിശ്വാസി വാദിച്ചു. അതിനു മറുപടിയായി അവര്‍ വാദിച്ചത് ‘എല്ലാത്തിനും ഒരു കാരണം വേണമെന്ന തത്വം ബുദ്ധിയില്‍ നിന്നുരുവപ്പെട്ടതാണ്. ബുദ്ധി പറയുന്നത് ശരിയാണെന്ന് എന്താണുറപ്പ്’ എന്നായിരുന്നു. ചുരുക്കത്തില്‍ ഇനി രക്ഷയില്ലായെന്ന സ്ഥിതി സംജാതമാകുമ്പോള്‍ ബുദ്ധിയുടെ തീര്‍പ്പുകളെപ്പോലും നിരാകരിക്കുന്നുവെന്നര്‍ത്ഥം.

അശ്‌റഫ് ബാഖവി ചെറൂപ്പ: ഈയടുത്ത് ഒരു മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനുമായി നടന്ന ഒരു ചര്‍ച്ച ശ്രദ്ധിച്ചു. ‘കോസേഷന്‍/ ക്വാസാലിറ്റി എന്നൊക്കെ വ്യവഹരിക്കപ്പെടുന്ന ഹേതു(ഏതൊരു കാര്യവും ഒരു കാരണത്തില്‍ നിന്നാണുണ്ടാകുന്നതെന്ന വാദം) യുക്തിയുടെ സൃഷ്ടിയാണ്. യുക്തി ദ്രവ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ യുക്തിയെ ആധാരമാക്കി ഉണ്ടായ കാര്യകാരണ ബന്ധത്തില്‍ വിശ്വസിക്കാനാവില്ല എന്നാണ് ഗതിമുട്ടിയപ്പോള്‍ അദ്ദേഹം വാദിച്ചുകളഞ്ഞത്. മനുഷ്യനുണ്ടായിട്ടാണല്ലോ യുക്തിയുണ്ടാകുന്നത്. കാര്യകാരണങ്ങള്‍ അതിനും മുമ്പേ ഉണ്ട്. അവയെ പിന്നീട് മനുഷ്യന്‍ കണ്ടെത്തുകയാണ് ചെയ്യുന്നത്. പക്ഷേ ഇവിടെ ഇവര്‍ വാദിക്കുന്നതുപ്രകാരം കാര്യകാരണ ബന്ധം ഉണ്ടായത് തന്നെ മനുഷ്യന്‍ ഉണ്ടായിട്ടാണെന്ന് പറയേണ്ടിവരും!

നമ്മുടെ ശറഹുല്‍അഖാഇദ് പോലെ വിശ്വാസശാസ്ത്ര ഗ്രന്ഥങ്ങളില്‍ വസ്തുക്കള്‍ക്ക് യാഥാര്‍ത്ഥ്യമുണ്ടെന്ന് പറയുമ്പോഴുള്ള പൊരുള്‍ അതാണ്.
നിരീശ്വരവാദികള്‍ ഒരു ഘട്ടമെത്തുമ്പോള്‍ സൂഫസ്താഇകള്‍ ആയി മാറുന്നു. യഥാര്‍ത്ഥത്തില്‍ ഒന്നുമില്ല, എല്ലാം ഒരു തോന്നല്‍ മാത്രമാണ് എന്ന് വാദിക്കുന്നവരാണ് സൂഫസ്താഇകള്‍.
ഫിലോസഫി മനസ്സിലാക്കിയവന് നിരീശ്വരവാദിയാകാനാവില്ല. സ്ഥലകാലാതീതമായ വസ്തുക്കളെ ഫിലോസഫി ഉപയോഗിച്ച് മാത്രമേ ഗ്രഹിച്ചെടുക്കാനാവൂ. എന്നാല്‍ സയന്‍സിന് പരിമിതിയുണ്ട്. ഒരു സയന്റിഫിക് തിയറിയെടുക്കാം: ‘ദ്രവ്യം നിര്‍മിക്കപ്പെടാനോ നശിപ്പിക്കാനോ സാധ്യമല്ല.’ ഈ സിദ്ധാന്തമെവിടുന്ന് രൂപം കൊണ്ടു? അല്ലെങ്കില്‍ ഇതിനെ എന്‍ എം ഹുസൈന്‍ പറഞ്ഞ നാല് സയന്റിഫിക് മെത്തേഡുകളുപയോഗിച്ച് എങ്ങനെ തെളിയിക്കാന്‍ കഴിയും? പ്രപഞ്ചാരംഭം മുതലുള്ള അതേ അവസ്ഥ തന്നെയാണ് ദ്രവ്യത്തിനിപ്പോഴുമുള്ളതെന്ന് എങ്ങനെ കണ്ടെത്താന്‍ കഴിയും? ഇതെല്ലാം ഫിലോസഫിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഫിലോസഫിക്കേ ഇതിനൊക്കെ ഉത്തരം പറയാന്‍ സാധിക്കൂ. ഫിലോസഫിയുടെ വിഷയത്തിലാണെങ്കില്‍ നിരീശ്വരവാദികള്‍ വട്ടപ്പൂജ്യമാണല്ലോ.

ഫൈസല്‍ അഹ്‌സനി: ശരിയാണ്. ശാസ്ത്രീയമായ തെളിവുകള്‍ മാത്രമേ അംഗീകരിക്കൂ എന്ന് വാദിക്കുന്നവര്‍ക്ക് ശാസ്ത്രം തന്നെ അറിയില്ല എന്നതോടൊപ്പം ഫിലോസഫിയിലും അവര്‍ നിരക്ഷരരാണെന്ന് ബോധ്യപ്പെട്ട പല സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇതുപോലെ ഇവര്‍ സ്തംഭിച്ചുപോവുന്ന മറ്റൊരു വിജ്ഞാന ശാഖയാണ് ലോജിക്ക്. ഒരിക്കല്‍ ലോജിക്കിനെ കുറിച്ച് പറഞ്ഞപ്പോള്‍ ലോജിക്ക് അപ്രസക്തമാണെന്നും അതുകൊണ്ട് എന്ത് പൊട്ടത്തരവും തെളിയിക്കാമെന്നും പറഞ്ഞ് അതിന്റെ പ്രസക്തിയെ ന്യൂനീകരിക്കുന്ന അവസ്ഥയുണ്ടായി.

സ്വിബ്ഗത്തുല്ലാ സഖാഫി: നിരീശ്വരവാദ സംബന്ധിയായ ചര്‍ച്ചകളിലൊന്നും തീരെ ഇടപെടാതിരുന്ന കാലത്താണ് യാദൃഛികമായി അവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ അകപ്പെടുന്നത്. യുക്തിയില്‍ ഊന്നുന്ന ഘഡാഘഡിയന്‍ വാദങ്ങളുമായി മതത്തെയും ദൈവത്തെയും വെല്ലുവിളിച്ച് അവര്‍ രംഗത്ത് വരും. പിന്നെപ്പിന്നെ ദൈവാസ്തിക്യ വിഷയങ്ങളില്‍ അവരിടപെടുന്ന സമയത്ത് അതിനുള്ള പ്രതിവാദങ്ങളവതരിപ്പിച്ചാല്‍, രക്ഷപ്പെടാനിടമില്ലാത്ത വിധം കുരുക്കിലകപ്പെട്ടു എന്ന് തോന്നിയാല്‍ അവര്‍ മെല്ലെ ശാസ്ത്രവാദികള്‍ മാത്രമായി മാറും. പിന്നീട് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം അറിയില്ലായെന്നും ശാസ്ത്രമങ്ങനെ വാദിച്ചിട്ടില്ലായെന്നും പറഞ്ഞ് ഒഴിയുകയും ചെയ്യും.

നിരീശ്വരവാദികളോട് തര്‍ക്കിക്കാന്‍ ചെന്നിട്ട് അവര്‍ പെട്ടുപോയ ഒരു സംഭവമുണ്ട്. സിംഗുലാരിറ്റി ഉണ്ടോ ഇല്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘അറിയില്ല, ശാസ്ത്രം തല്‍വിഷയ സംബന്ധിയായി യാതൊന്നും പ്രസ്താവിക്കുന്നില്ല’ – അവരുടെ മറുപടി. ‘അല്ല, ഒരു കാര്യം ഒന്നുകില്‍ ഉണ്ടാകും അല്ലെങ്കില്‍ ഉണ്ടാവില്ല. അങ്ങനെയല്ലേ’- ഞാന്‍ തിരിച്ചങ്ങോട്ട് ചോദിച്ചു.
‘അറിയില്ല. സയന്‍സ് അങ്ങനെയൊന്നും പറയുന്നില്ല.’

പിന്നീടും ഇത്തരം ഒളിച്ചുകളികള്‍ ഒരുപാട് തവണ അവരുടെ ഭാഗത്തുനിന്നുണ്ടായി. കാര്യകാരണ ബന്ധങ്ങളുമായി സംവദിക്കവെ, ഒടുവിലൊരു കാരണമില്ലാ കാരണം വേണമെന്ന സ്ഥിതിയിലെത്തിയ നേരത്ത് ‘അത് ഫിലോസഫിയുടെ സൃഷ്ടിയാണ്. സയന്റിഫിക് ലോകത്ത് ഫിലോസഫി വെറും വാറോല മാത്രമാണ്, സയന്‍സില്ലാതെ ലോകത്തിന് അസ്തിത്വമില്ല’ എന്നിങ്ങനെ ഫിലോസഫിയെ അപഹസിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
അറബി ഭാഷയില്‍ നാം സമര്‍ത്ഥമായി ഉപയോഗിക്കുന്ന ലോജിക്കുകള്‍ പലതും അറബേതര ഭാഷകളില്‍ ഉപയോഗിക്കുവാന്‍ സാധിക്കണം. വിശിഷ്യാ, സാങ്കേതിക സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതില്‍ മികവ് കാണിക്കണം. ഒരു സംഭവം കൂടി വിശദീകരിക്കാം. നേര്‍രേഖകള്‍(Parallel Lines) അനന്തതയില്‍ വെച്ച് കൂട്ടിമുട്ടുമെന്ന് ഒരു റാഷണലിസ്റ്റ് വാദിച്ചു. ഇല്ലായെന്ന് ഞാനും. യൂക്ലീഡിയന്‍ സിദ്ധാന്തമനുസരിച്ചാണ് താനീ പറയുന്നതെന്നായിരുന്നു അദ്ദേഹം സമര്‍ത്ഥിച്ചത്. യഥാര്‍ത്ഥത്തില്‍ യൂക്ലീഡിയന്‍ തിയറിയില്‍ ഇയാളുടെ വാദത്തിനു നേര്‍വിപരീതമാണ് വിശദീകരിച്ചിട്ടുള്ളത്. അതയാളെ ബോധ്യപ്പെടുത്താന്‍ മറ്റൊരു നിരീശ്വരവാദിയുമായി സംസാരിച്ച് അദ്ദേഹത്തിന്റെ ശബ്ദരേഖ ഇപ്പറഞ്ഞയാള്‍ക്ക് അയച്ചുകൊടുക്കുകയുണ്ടായി. വേറൊരു മാര്‍ഗവുമില്ലായെന്ന് കണ്ടപ്പോള്‍ അത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകത്തില്‍ കണ്ടതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.

ആബിദ് ലുത്വ്ഫി: അതെ, യാഥാര്‍ത്ഥ്യ ലോകം യൂക്ലീഡിയന്‍ സ്‌പേസില്‍ അല്ല. യൂക്ലീഡിയനേതര ഇടമാണ്. ആപേക്ഷിക സിദ്ധാന്ത(Relativity)മനുസരിച്ച് 4 ഡി ആയിട്ടുള്ള ഒരു യൂക്ലീഡിയനേതര സ്ഥലിയാണ് ആപേക്ഷികലോകമെന്നാണ്. യൂക്ലീഡിയനേതര സ്‌പേസിലാണെങ്കില്‍ നേരത്തെ പറഞ്ഞ നേര്‍രേഖാ വാദം തെളിയിക്കാനാവുന്നതാണ്. ഒരു പേപ്പറില്‍ രണ്ടുവരകള്‍ വരച്ച് അത് കൂട്ടിമുട്ടും വിധം കടലാസിനെ മടക്കിയാല്‍ മതി. തദവസരത്തില്‍ അത് 2ഡി ദൃശ്യത്തില്‍ നിന്ന് 3ഡി ആയി പരിണമിക്കും. നേരെ മറിച്ച് യൂക്ലീഡിയന്‍ ലോകത്ത് അങ്ങനെ ഉണ്ടാവില്ല.

ഫൈസല്‍ അഹ്‌സനി: യൂക്ലീഡിയന്‍- നോണ്‍ യൂക്ലീഡിയന്‍ വിശദീകരിച്ചാല്‍ കൊള്ളാമെന്നുണ്ട്.

ഫള്‌ലുറഹ്മാന്‍: സയന്‍സിലെ രണ്ട് സങ്കല്‍പങ്ങളാണത്. ഉദാഹരണത്തിലൂടെ വിശദീകരിക്കാം. സാധാരണ ഒരു ത്രികോണത്തിന്റെ മൂന്ന് ഭുജങ്ങള്‍ തമ്മില്‍ സങ്കലനം ചെയ്താല്‍ 180 ഡി ഗ്രി ലഭിക്കും. എന്നാല്‍ നോണ്‍ യൂക്ലീഡിയനില്‍ അവ കൂട്ടിയാല്‍ ഒന്നുകില്‍ 180നെക്കാള്‍ കുറവോ അല്ലെങ്കില്‍ കൂടുതലോ ആയിരിക്കും. ഒരു ഗോള്‍ഡ് എടുത്തുകഴിഞ്ഞാല്‍ അതിന്റെ ഉപരിതലം(Surface) നോണ്‍ യൂക്ലീഡിയനാണെന്ന് കണ്ടെത്താനാവും. കാരണം അവിടെയൊരു വക്രത(Curvature) രൂപപ്പെട്ടിട്ടുണ്ട്. 2ഡിയില്‍ അതിന്റെ ഭുജങ്ങള്‍ പരിശോധിച്ചാല്‍ ഒരിക്കലും 180 ഡിഗ്രി ലഭിക്കില്ല. നേരെ മറിച്ച് ഒരു പേപ്പറില്‍ വരച്ചുണ്ടാക്കി പരിശോധിക്കുകയാണെങ്കില്‍ കൃത്യം 180 ഡിഗ്രി ലഭിക്കും.

ഫൈസല്‍ അഹ്‌സനി: ചുരുക്കത്തില്‍ ശാസ്ത്രവാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന നിരീശ്വരവാദികള്‍ ശാസ്ത്രവിഷയങ്ങളില്‍ അത്രതന്നെ അവബോധമുള്ളവരല്ല എന്നാണ് ഈ ചര്‍ച്ചയില്‍നിന്ന് ഉരുത്തിരിഞ്ഞത്. നവനാസ്തികരുടെ കണ്‍കണ്ട ദൈവമായ ഡോക്കിന്‍സ് പോലും ഒരു ശാസ്ത്രജ്ഞനല്ല. ജീവിച്ചിരിക്കുന്നവരില്‍ പ്രമുഖനും സോഷ്യോ ബയോളജി ശാസ്ത്ര ശാഖയുടെ പിതാവുമായ എഡ്വേര്‍ഡ് വില്‍സണ്‍ ഇക്കാര്യം തറപ്പിച്ചുപറഞ്ഞിട്ടുണ്ട്; രവിചന്ദ്രന്‍ തന്റെ നാസ്തികനായ ദൈവത്തില്‍ അദ്ദേഹത്തെ ശാസ്ത്രജ്ഞനാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എന്‍ എം ഹുസൈന്‍ തന്റെ പുസ്തകത്തില്‍ ഈ വാദത്തെ പൊളിച്ചടുക്കുന്നുണ്ട്. എന്നാല്‍ ഡോക്കിന്‍സിന് തത്വശാസ്ത്രത്തില്‍ അടിത്തറയില്ലെന്ന് രവിചന്ദ്രന്‍ തന്നെ സമ്മതിക്കുന്നു. ശാസ്ത്രങ്ങളുടെ ശാസ്ത്രമായ ഫിലോസഫിയില്‍ ഡോക്കിന്‍സിന്റെ സ്ഥിതി ഇതാണെങ്കില്‍ അദ്ദേഹത്തെ അവലംബിക്കുന്നവരുടെ കാര്യം പറയാനുണ്ടോ? തത്വശാസ്ത്രത്തില്‍ അവര്‍ നിരക്ഷരരാണെന്നാണ് അവരുമായുള്ള ചര്‍ച്ചയുടെ അനുഭവങ്ങള്‍. പക്ഷേ, കാണാപാഠം പഠിച്ചുവെച്ച അവര്‍ക്ക് മുറിഞ്ഞുമുറിഞ്ഞ് കിട്ടിയ ചില നബിവചനങ്ങളിലും ശാസ്ത്രസംജ്ഞകളിലുമാണ് അവരുടെ ജീവനം. അതുകൊണ്ട് ആഴത്തിലുള്ള പഠനങ്ങളുമായി നാം മുന്നോട്ട് പോവേണ്ടതുണ്ട്.
നിരീശ്വരവാദം കടന്നുവരുന്നത് തിരിച്ചറിവുകളില്‍നിന്നല്ല; വ്യക്തിയോടോ ഒരു കമ്മ്യൂണിറ്റിയോടോ ഒരു പ്രവണതയോടോ ഒക്കെയുള്ള വിദ്വേഷങ്ങളില്‍ നിന്നാണ്. കുറച്ചൊക്കെ വായിച്ച് നിരീശ്വരവാദത്തില്‍ ആകൃഷ്ടരായവര്‍ തന്നെ തികഞ്ഞ അസ്തിത്വ പ്രതിസന്ധി (Existence Crisis) അനുഭവിക്കുന്നുണ്ട്. എന്തിനാണ് ജീവിക്കുന്നതെന്നോ, എന്താണ് ജീവിതമെന്നോ, എവിടെനിന്ന്, എവിടേക്ക് എന്നൊന്നുമറിയാതെ ഉഴറിനീറുന്നവര്‍. അവരില്‍ ചിലര്‍ ആത്മഹത്യകളില്‍ അഭയം പ്രാപിക്കുകപോലും ചെയ്യുന്നു. മൂത്രം കൊണ്ട് മാലിന്യം വൃത്തിയാക്കിയിട്ടെന്തുകാര്യം ! കുറെക്കാലം ഈ അസ്ത്വിത്വ പ്രതിസന്ധി അനുഭവിച്ച് ഈ ഏടാകൂടത്തില്‍ നിന്ന് കുതറിച്ചാടി അവസാനം ഇസ്‌ലാമിലെത്തിയ ഒരു സുഹൃത്ത് തന്റെ പൊള്ളുന്ന അനുഭവം പങ്കുവെച്ചതോര്‍ക്കുന്നു. രക്ഷ ഇസ്‌ലാം തന്നെ! അല്ലാഹുവിനെ ഓര്‍ക്കുന്നതിലൂടെയാണ് മനഃസമാധാനം കൈവരിക എന്ന വിശുദ്ധ ഖുര്‍ആന്‍ വചനമോര്‍ത്ത് ഈ ചര്‍ച്ച നമുക്കവസാനിപ്പിക്കാം.

കേട്ടെഴുത്ത്: ശറഫുദ്ദീന്‍ അഹ്മദ് കരുളായി

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍:
തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, ഇസ് ലാമിക് തിയോളജി എന്നിവയില്‍ പ്രാവീണ്യമുള്ള ബിരുദാനന്തര ബിരുദധാരികളായ അശ്‌റഫ് ബാഖവി, സിബ്ഗതുല്ലാ സഖാഫി, ബുഖാരി ദഅ്‌വ കോളജ് ലക്ചറര്‍ അബ്ദുല്ല ബുഖാരി, ഗ്രന്ഥകാരനും ഗവേഷകനുമായ എന്‍ എം ഹുസൈന്‍, നുസ്രത്ത് കോളജ് ഓഫ് ദഅ്‌വ പ്രിന്‍സിപ്പല്‍ ഡോ. ഫൈസല്‍ അഹ്‌സനി സിദ്ദീഖി, തൃച്ചി ജമാല്‍ മുഹമ്മദ് കോളജില്‍ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിയും ആറ്റിങ്ങല്‍ മഖ്ദൂമിയ ദഅ്‌വ കോളജ് അധ്യാപകനുമായ ആബിദ് ലുത്വ്ഫി നഈമി, ബംഗളുരു ഇന്ത്യന്‍

You must be logged in to post a comment Login