അറഫാത്തിന്‍റെ മയ്യിത്ത് ഇസ്രയേലിനെതിരെ മൊഴി നല്‍കുമ്പോള്‍


 2006 നവംബര്‍ 27നാണ് ഫ്രഞ്ച് മിലിറ്ററി ആശുപത്രിയില്‍ അറഫാത്ത് അന്ത്യശ്വാസം വലിക്കുന്നത്. എന്നാല്‍, അറഫാത്തിന്റെ മരണം അണുപ്രസരണശേഷിയുള്ള പൊളോണിയം210 എന്ന ഉഗ്രവിഷമുള്ള രാസപദാര്‍ത്ഥം അകത്തുചെന്നാണെന്ന അല്‍ജസീറ ചാനലിന്റെ കണ്ടെത്തലാണ് പുതിയ അന്വേഷണം അനിവാര്യമാക്കിയത്.

ശാഹിദ്

        ജീവിച്ച കാലഘട്ടത്തിന്റെയോ പരിസരത്തിന്റെയോ ആസുരത മരിച്ചവരെക്കൊണ്ട് കാലാന്തരേണ സത്യം പറയിച്ച ചരിത്രം അപൂര്‍വമാണ്. അരുതായ്മകളുടെ സീമകള്‍ ലംഘിച്ച് ദുശ്ശക്തികള്‍ തമോനിബിഡമാക്കിയ ഒരു കാലസന്ധിയുടെ ചരിത്രം തിരുത്തിക്കുറിക്കുന്നതിനും ലോകസമക്ഷം വൈകിയെങ്കിലും സത്യം അനാവൃതമാക്കുന്നതിനും അത് അനിവാര്യമാണ്. അത്തരം സന്ദര്‍ഭങ്ങള്‍ വലിയ സംഭവമാവുക സ്വാഭാവികം. ഈ മാസം 27ന് അധിനിവിഷ്ട ഫലസ്തീനിലെ റാമല്ലയിലെ ഖബറിടത്തില്‍ നിന്ന് ഫലസ്തീന്‍ വിമോചനപോരാളി യാസിര്‍ അറഫാത്തിന്റെ മയ്യിത്ത് പുറത്തെടുത്ത് വിദഗ്ധ പരിശോധനയിലൂടെ ചില സത്യങ്ങള്‍ തെളിയിക്കപ്പെടുമ്പോള്‍ മനഃസാക്ഷി കൈമോശം വരാത്തവര്‍ സ്തബ്ധരാവുക തന്നെ ചെയ്യും. അന്ത്യശ്വാസം വരെ മാതൃരാജ്യത്തിന്റെ മോചനത്തിനായി പോര്‍ക്കളത്തില്‍ രണശൂരത തിളങ്ങുന്ന വജ്രഖഡ്ഗമായി പരിലസിച്ച യാസിര്‍ അറഫാത്ത് എന്ന സമാധാന നോബേല്‍ സമ്മാനജേതാവിനെ ആരോ വിഷം കൊടുത്തു കൊന്നതാണെന്ന സംശയമാണ് മരണത്തിന്റെ ആറുവര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് വിദഗ്ധ പരിശോധന നടത്താന്‍ വഴിവച്ചത്. 2006 നവംബര്‍ 27നാണ് ഫ്രഞ്ച് മിലിറ്ററി ആശുപത്രിയില്‍ അറഫാത്ത് അന്ത്യശ്വാസം വലിക്കുന്നത്. എന്നാല്‍, അറഫാത്തിന്റെ മരണം അണുപ്രസരണ ശേഷിയുള്ള പൊളോണിയം210 (ുീഹീിശൌാ-210) എന്ന ഉഗ്രവിഷമുള്ള രാസപദാര്‍ത്ഥം അകത്തുചെന്നാണെന്ന ‘അല്‍ജസീറ’ ചാനലിന്റെ കണ്ടെത്തലാണ് പുതിയ അന്വേഷണം അനിവാര്യമാക്കിയത്. ഫ്രഞ്ച്, സ്വിസ്, റഷ്യന്‍ വിദഗ്ധര്‍ അറഫാത്തിന്റെ ഖബറിടം തുറന്നു പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് പ്രഖ്യാപിച്ചപ്പോള്‍ ലോകം മൌനം ദീക്ഷിച്ചത് വലിയൊരു സത്യം പുറത്തു വരാനിരിക്കുന്നു എന്ന ഗൌരവത്തിലാവണം. ഇത്തരമൊരു അന്വേഷണത്തിന്റെ പഴുതടയ്ക്കാനും അട്ടിമറിക്കാനും സാധ്യത വളരെ കൂടുതലാണ് എന്നതുകൊണ്ടു തന്നെയാവണം ബഹുരാഷ്ട്ര പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നത്. അറഫാത്തിന്റെ വിധവ സുഹയുടെ അഭ്യര്‍ത്ഥന മാനിച്ച് ഫ്രഞ്ച് ഭരണകൂടമാണ് അന്വേഷണം നടത്തുന്നത്.

          ആരാണ് ഈ കൊടുംചതി ചെയ്തത് എന്നന്വേഷിക്കുന്നതിനു മുമ്പ് എന്താണ് പൊളോണിയം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. 2006 നവംബറില്‍ മുന്‍ കെജിബി ഏജന്റ് അലക്സാണ്ടര്‍ ലിത്വിന്‍കോ ലണ്ടനിലെ താമസ സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടപ്പോഴാണ് പൊളോണിയം-210നെക്കുറിച്ച് ലോകം കേള്‍ക്കുന്നത്. പൊളോണിയത്തിന്റെ അംശങ്ങള്‍ അദ്ദേഹം താമസിച്ച മുറിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്കോട്ട്ലാന്റ് യാര്‍ഡ് നടത്തിയ അന്വേഷണം ചെന്നെത്തിയത് മറ്റൊരു മുന്‍ കെജിബി ഏജന്റ് ആന്‍ന്ദ്രേയ് ലുഗോവിലാണ്. ഇദ്ദേഹം പിന്നീട് റഷ്യന്‍ പാര്‍ലമെന്റംഗമായി. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ ഗൂഢാലോചനയിലാണ് ഈ കൊലയെന്ന് അലക്സാണ്ടറുടെ വിധവ പല തവണ ആരോപിക്കുകയുണ്ടായി. വിഷം അകത്തുകടന്ന് ഇഞ്ചിഞ്ചായി മരിക്കുന്ന നേരത്ത് രേഖപ്പെടുത്തപ്പെട്ട മരണമൊഴി ആരുടെയും മനസ്സലിയിക്കുന്നതായിരുന്നു: ‘ആ ഒരാളെ നിശ്ശബ്ദനാക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചേക്കാം. എന്നാല്‍ മിസ്റര്‍ പുട്ടിന്‍, ലോകത്താകെ ഉയരുന്ന പ്രതിഷേധത്തിന്റെ മുറവിളി ശേഷിക്കുന്ന ജീവിതത്തില്‍ നിങ്ങളുടെ കാതുകളില്‍ അലയടിക്കാതിരിക്കില്ല. എന്നോട് മാത്രമല്ല, എന്റെ പ്രിയപ്പെട്ട റഷ്യയോടും അവിടുത്തെ ജനങ്ങളോടും നിങ്ങള്‍ ചെയ്ത ക്രൂരകൃത്യത്തിന് ദൈവം നിങ്ങള്‍ക്ക് പൊറുത്തുതരട്ടെ.’

       ശരീരത്തിന് പുറത്താണെങ്കില്‍ നിരുപദ്രവകാരിയായ പൊളോണിയം അകത്തുകടന്നാല്‍ വേദനാജനകമായ മരണമാണ് സമ്മാനിക്കുകയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു തരി മതി മരണം വിതയ്ക്കാന്‍. ശരീരത്തില്‍ കടന്നാല്‍ രക്തപ്രവാഹത്തിലൂടെ സഞ്ചരിച്ച് ദശലക്ഷക്കണക്കിന് അണുപ്രസരണ ആല്‍ഫാ പാര്‍ട്ടിക്കിളായി മാറി സെല്ലുകളെ ബോംബെറിഞ്ഞു കൊല്ലുകയാണ് ഈ രാസവസ്തുവിന്റെ സ്വഭാവം. ആദ്യം കരളിനെ, പിന്നെ വൃക്കകളെ, കുടലിനെ, അവസാനം ഹൃദയത്തെ അത് ഭീകരമാംവിധം നശിപ്പിക്കുന്നു. ശരീരം ദിവസങ്ങള്‍ കൊണ്ട് ക്ഷയിച്ചു മരണ വക്ത്രത്തിലേക്ക് കുതിക്കുകയായിരിക്കും. രണശൂരനായിരുന്ന യാസര്‍ അറഫാത്ത് മരണശയ്യയില്‍ ചിറകരിയപ്പെട്ട പക്ഷിയെപ്പോലെ ചേതനയറ്റു കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരുമകന്‍ നാസര്‍ അല്‍ ഖിദ്വ അന്നു തന്നെ ആരോപിച്ചിരുന്നു, പൊളോണിയം നല്‍കി അറഫാത്തിനെ ഇസ്രയേല്‍ കൊല്ലുകയാണെന്ന്.

          ഇസ്രയേല്‍ അല്ലാതെ മേഖലയിലെ മറ്റൊരു ശക്തിക്കും ഇങ്ങനെയൊരു ക്രൂരത കാട്ടാനാവില്ല എന്ന് തുടക്കം മുതല്‍ക്കേ പലരും വിളിച്ചു പറയാറുണ്ടായിരുന്നു. പശ്ചിമേഷ്യയില്‍ ആണവ, ജൈവായുധങ്ങള്‍ നിര്‍മിക്കാന്‍ കെല്‍പുള്ള ഏക രാഷ്ട്രം സയണിസ്റുകളുടേതാണ്. ഡയ്മോനയിലുള്ള ഇസ്രയേലി ന്യൂക്ളിയര്‍ റിയാക്ടറില്‍ പൊളോണിയം ഉല്‍പാദിപ്പിക്കാനുള്ള സംവിധാനമുണ്ട്. പ്രത്യേക റിയാക്ടര്‍ വഴി മാത്രമേ പൊളോണിയം കടത്തിവിടാന്‍ സാധിക്കുകയുള്ളൂവെന്നാണ് സ്വിസ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം റിയാക്ടറുകള്‍ ജൂതരാഷ്ട്രത്തിന്റെ പക്കലേയുള്ളൂ. അറഫാത്തിന്റെ മരണം വിഷം അകത്തു ചെന്നത് മൂലമാണെന്ന് കാല്‍നൂറ്റാണ്ട് അദ്ദേഹത്തിന്റെ ശുശ്രൂഷകനായിരുന്ന ഡോ. അഷ്റഫ് അല്‍ കുര്‍ദി സംശയലേശമന്യേ മുമ്പേ വെളിപ്പെടുത്തിയിരുന്നു. ഫലസ്തീന്‍ നേതാവ് ഉപയോഗിച്ച ടൂത്ത് ബ്രഷിലും സദാ ധരിക്കാറുള്ള തലപ്പാവിലും (കിഫ്യ) വലിയ അളവില്‍ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്രെ. വിധവ സുഹ അറഫാത്ത് ഉപയോഗിച്ചിരുന്ന അടിവസ്ത്രവും അരപ്പട്ടയും ബാഗും മറ്റു സാമഗ്രികളുമെല്ലാം സ്വിസ് ലാബില്‍ പരിശോധനക്ക് നല്‍കിയതോടെയാണ് മാരക രാസപദാര്‍ത്ഥത്തിന്റെ സാന്നിധ്യം തെളിഞ്ഞതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

            നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വിശ്രുതനായ ഒരു രാഷ്ട്രീയ നേതാവിന്റെ മരണത്തില്‍ പല കോണുകളില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നിട്ടും എന്തുകൊണ്ട് പഴുതുകളടച്ച ഒരന്വേഷണത്തിന് വഴിയൊരുക്കിയില്ല എന്ന ചോദ്യത്തോടൊപ്പം മറ്റു പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ നമ്മുടെ മുന്നിലുണ്ട്. ബ്രിട്ടീഷ് രാഷ്ട്രീയ നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ജോര്‍ജ് ഗാലോവെ ചോദിക്കുന്ന പ്രസക്തമായൊരു ചോദ്യമിതാണ്: ലബനീസ് നേതാവ് റഫീഖ് അല്‍ ഹരീരിയുടെ വധത്തിനു പിന്നിലെ ശക്തികളെ കണ്ടുപിടിക്കാന്‍ ലോകം കാണിച്ച ആവേശം എന്തുകൊണ്ട് നോബല്‍ ജേതാവായ യാസര്‍ അറഫാത്തിന്റെ കാര്യത്തില്‍ കാണിക്കുന്നില്ല? അമേരിക്കയും ഫ്രാന്‍സുമടക്കം അറഫാത്തിന്റെ മരണത്തില്‍ നിലനില്‍ക്കുന്ന നിഗൂഢതകളുടെ ചുരുളഴിക്കുന്നതിന് എതിരാണെന്നു വേണം അനുമാനിക്കാന്‍. പിഎല്‍ഒ നേതാവ് അന്തിമ ചികിത്സ തേടിയ പ്രശസ്തമായ ഫ്രഞ്ച് മിലിറ്ററി ഹോസ്പിറ്റല്‍ അധികൃതരുടെ പെരുമാറ്റം പോലും സംശയാസ്പദമാണ്. ലോകപ്രശസ്തനായ ഒരു നേതാവ് അസാധാരണ മരണം വരിച്ചിട്ടും എന്തുകൊണ്ട് മൃതശരീരം പോസ്റ് മോര്‍ട്ടം നടത്താന്‍ തയാറായില്ല? രാജ്യത്തെ നിയമമനുസരിച്ച് പത്തുവര്‍ഷം സൂക്ഷിക്കണമെന്ന് വ്യവസ്ഥയുണ്ടായിട്ടും ആശുപത്രി അധികൃതര്‍ എന്തുകൊണ്ട് അറഫാത്തിന്റെ രക്തം, മൂത്രം എന്നിവയുടെ സാമ്പിള്‍ നശിപ്പിച്ചു? എന്തുകൊണ്ട് അന്വേഷണം വൈകിച്ചു? അവസാനത്തെ രണ്ടുവര്‍ഷം പടിഞ്ഞാറെ കരയിലെ റാമല്ലയില്‍ പൂര്‍ണമായും ഇസ്രയേലി സൈന്യം വളഞ്ഞുവച്ച അവസ്ഥയില്‍ മിസൈലുകള്‍ തകര്‍ത്ത ആസ്ഥാനത്താണ് അറഫാത്ത് കഴിച്ചുകൂട്ടിയിരുന്നത്. ആ സമയത്ത് ആര് വഴിയായിരിക്കും പൊളോണിയം രാസവസ്തു അറഫാത്തിന്റെ മേല്‍ പ്രയോഗിച്ചത്. സത്യസന്ധമായ അന്വേഷണം നടക്കുകയാണെങ്കില്‍ ലോകം ഞെട്ടുന്ന സത്യങ്ങള്‍ പുറത്തുവന്നേക്കാം.

         യാസര്‍അറഫാത്തിനെ കൊന്നത് ഇസ്രയേല്‍ ആണെങ്കില്‍ അത് അമേരിക്കയുടെ മൌനാനുവാദത്തോടെ ആവാനേ തരമുള്ളൂ. അറഫാത്തിനെ വിപാടനം ചെയ്യാന്‍ നേരത്തെ തന്നെ ജൂതരാഷ്ട്രം പദ്ധതി ആസൂത്രണം ചെയ്തിരുന്നുവത്രെ. 1982ല്‍ ഇസ്രയേല്‍ ആദ്യമായി ലബനാന്‍ ആക്രമിച്ച ഘട്ടത്തില്‍ അന്നത്തെ പ്രതിരോധമന്ത്രി ഏരിയല്‍ ഷാറോണ്‍ അറഫാത്തിനെ ഉ•ൂലനം ചെയ്യാന്‍ ആജ്ഞ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഷാറോണിന്റെ വലം കൈയായ യഹൂദ് ഒല്‍മെര്‍ട്ട് അറഫാത്തിനെ വകവരുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അറഫാത്ത് പാരീസിലെ മരണശയ്യയില്‍ കിടക്കുന്ന വേളയില്‍ പ്രശസ്ത ഇസ്രയേലി മാധ്യമ പ്രവര്‍ത്തകന്‍ യൂറി ഡാന്‍ ഷാറോണുമായി നടത്തിയ അഭിമുഖത്തില്‍ പിഎല്‍ഒ നേതാവിന് ‘ഇന്‍ഷുറല്‍ പോളിസി ഇല്ല’ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു. 2004 ഒക്ടോബറില്‍ ജോര്‍ജ് ബുഷ് ഭരണകൂടം അറഫാത്തിനെ അദ്ദേഹത്തിന്റെ പദവിയില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചിരുന്നതായി മുന്‍ ഇസ്രയേലി സെനറ്റ് അംഗവും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും കോളമിസ്റുമായ യുറി അവ്നേറി വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 1993ലെ ഓസ്ലോ കരാറിനു ശേഷം അറഫാത്തിന്റെ കഥ കഴിക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചിരുന്നു. എതിര്‍പ്പുകള്‍ വകവെക്കാതെ ജൂതരാഷ്ട്രവുമായി കരാറിലേര്‍പ്പെട്ട അറഫാത്തിനെ എന്തിനു വകവരുത്തണം എന്ന ചോദ്യത്തിനു യൂറി നല്‍കുന്ന മറുപടി ഇതാണ് : Arafat was the man who was able to make peace with Israel, willing to do so, and ‘more important’  to get his people, including the Islamists, to accept it. This would have put an end to the (Illegal Israel ) settlement enterprise. That is why he was poisoned. ഇസ്രയേലുമായി സമാധാന കരാറുണ്ടാക്കാന്‍ കഴിവുള്ള, അങ്ങനെ ആഗ്രഹിക്കുന്ന, എല്ലാറ്റിനുമുപരിയായി ഇസ്ലാമിസ്റുകള്‍ അടക്കമുള്ളവരെക്കൊണ്ട് അതംഗീകരിപ്പിക്കാന്‍ സാധിപ്പിക്കുന്ന മനുഷ്യനാണ് അറഫാത്ത്. ഇത് ഇസ്രയേലിന്റെ നിയമവിരുദ്ധ കുടിയേറ്റ പദ്ധതിക്ക് അന്ത്യം കുറിക്കുകയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ വിഷം കൊടുത്തുകൊന്നത് എന്നു ചുരുക്കം. വിശാല ഇസ്രയേല്‍ എന്ന സയണിസ്റ് സ്വപ്നത്തിന്, വിട്ടുവീഴ്ചാ മനഃസ്ഥിതിയുള്ള യാസര്‍ അറഫാത്തിന്റെ സാന്നിധ്യം തടസ്സമാണെന്ന് ജൂതതീവ്രവാദികള്‍ കണക്കുകൂട്ടിയിരുന്നു.

     അറഫാത്തിന്റെ മൃതദേഹം പരിശോധിച്ചാല്‍ മാത്രമേ പൊളോണിയമാണോ മരണകാരണമെന്ന് അന്തിമമായി വിധിയെഴുതാന്‍ കഴിയൂ എന്ന് സ്വിസ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് റേഡിയേഷന്‍ ഫിസിക്സ് നല്‍കിയ വിദഗ്ധാഭിപ്രായത്തിന്റെ പുറത്താണ് ഇപ്പോള്‍ മഖ്ബറ പൊളിച്ച് മയ്യിത്ത് പുറത്തെടുക്കുന്നത്. പൊളോണിയത്തിന് 138 ദിവസത്തെ ആയുസ്സേയുള്ളൂ എന്ന കാരണത്താല്‍ സത്യം തെളിയിക്കപ്പെടാതെ പോവാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുവരെ യുഎസ്-ഫ്രഞ്ച് ഭരണകൂടം പലവിധ കടമ്പകള്‍ കൊണ്ടിട്ട് അന്വേഷണം തടസ്സപ്പെടുത്തുകയായിരുന്നു. അറഫാത്തിനെ പോലുള്ള ജനപ്രിയ നായകന്റെ ഭൌതികാവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നത് മതവിഭാഗത്തിന് സഹിക്കില്ലെന്നും അനുയായികള്‍ക്ക് അതുള്‍കൊള്ളാന്‍ പ്രയാസമാകുമെന്നുവരെ വാദിച്ചുനോക്കി. പക്ഷേ, ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം ഇസ്രയേലിന്റെ കുടിലത തുറന്നുകാട്ടുകയാണ് പരമ പ്രധാനം. അറഫാത്തിന്റെ മയ്യിത്ത് ലോകത്തോട് വിളിച്ചു പറയുന്ന സത്യത്തിന് ജൂതരാഷ്ട്രത്തെ പോറ്റിവളര്‍ത്തുന്ന പുതിയ ലോകക്രമത്തിന്റെ സ്വാസ്ഥ്യം കെടുത്താന്‍ അപാര കെല്‍പുണ്ട് എന്ന യാഥാര്‍ത്ഥ്യത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ല. അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധത്തിനു പിന്നില്‍ ഇസ്രയേല്‍ ഭരണകൂടവും അതിന്റെ ചാര ഏജന്റായ മൊസാദുമാണെന്ന് തെളിഞ്ഞ സ്ഥിതിക്ക് അറഫാത്തിന്റെ കാര്യത്തിലും സത്യം മുഖം കാട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വകയുണ്ട് .

One Response to "അറഫാത്തിന്‍റെ മയ്യിത്ത് ഇസ്രയേലിനെതിരെ മൊഴി നല്‍കുമ്പോള്‍"

  1. അസ്ഫാര്‍  November 27, 2012 at 6:34 pm

    സത്യം അത് പുറത്തുവരിക തന്നെ ചെയ്യും ..!!

You must be logged in to post a comment Login