ഭ്രാന്തന്‍ കാഴ്ചക്കാരെയാണോ മാധ്യമങ്ങള്‍ക്ക് വേണ്ടത്?

ഭ്രാന്തന്‍ കാഴ്ചക്കാരെയാണോ മാധ്യമങ്ങള്‍ക്ക് വേണ്ടത്?

മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ പ്രസക്തമായിരുന്ന ദിവസങ്ങളാണ് കടന്നുപോയത്. നോട്ടുനിരോധനത്തിന്റെ രണ്ടാം വാര്‍ഷികവും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായിരുന്നു ഈ നാളുകളിലെ മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍. രണ്ടും വ്യത്യസ്ത ധ്രുവങ്ങളിലുള്ള പ്രശ്‌നങ്ങളാണ്. പക്ഷേ അവയോടുള്ള മാധ്യമ സമീപനം കരുതലോടുകൂടിയാവണം. ഇന്ത്യ കണ്ട സാമുദായിക പ്രശ്‌നങ്ങളില്‍ വര്‍ധിച്ച പ്രഹരശേഷിയുണ്ടായിരുന്നവയാണ് രാമക്ഷേത്രത്തിനായുള്ള അവകാശവാദവും, ബാബരി മസ്ജിദിന്റെ തകര്‍ച്ചയും സൃഷ്ടിച്ചത്. ഇന്നും തീവ്രവലതുപക്ഷം മുന്നോട്ടുവെക്കുന്ന ഹിന്ദു രാഷ്ട്രീയത്തിന്റെ മുഖ്യപ്രതിരൂപമാണ് രാമക്ഷേത്രനിര്‍മാണം. ഹിന്ദു വോട്ട് ഏകീകരിക്കാന്‍ ആര്‍ എസ് എസിനും മറ്റ് സമാന സംഘടനകള്‍ക്കും ഇത്രയും മൂര്‍ച്ചയുള്ള മറ്റൊരു ആയുധമില്ല. അതു നന്നായി തിരിച്ചറിഞ്ഞുകൊണ്ട് മൃദുഹിന്ദു സമീപനവുമായി മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. അത് ഉള്‍ക്കൊണ്ടാവണം എ ബി പി ന്യൂസ് ഉത്തരേന്ത്യയിലെ ഖാപ് പഞ്ചായത്തുകളെ വെല്ലുവിളിക്കും വിധം, ഒരു റിപ്പോര്‍ട്ട് തയാറാക്കിയത്. അനേകം പേരെ വിളിച്ചിരുത്തി ചാനല്‍ നടത്തിയ പൊതു ചര്‍ച്ച, ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തെ നോക്കുകുത്തിയാക്കുംവിധം ജനത്തോട് ചോദിക്കുന്നത് ഇങ്ങനെയാണ്: ഇവിടെ ഒത്തുകൂടിയവരില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് അഭിപ്രായപ്പെടുന്നവര്‍ കൈ പൊക്കൂ’. മാധ്യമപ്രവര്‍ത്തകര്‍ ഒരുകാരണവശാലും ഉന്നയിച്ചുകൂടാത്ത ചോദ്യം. ബി ജെ പിയെ സംബന്ധിച്ചിടത്തോളം, മാധ്യമങ്ങള്‍ തങ്ങളുടെ ഭരണകാലത്തെ ചര്‍ച്ചാവിധേയമാക്കുന്നതിന് പകരം നിര്‍മിക്കാന്‍ പോകുന്ന രാമക്ഷേത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്നാണ്. ആ വിഷയം മതസ്പര്‍ധ വളര്‍ത്തി വീണ്ടും അവര്‍ക്ക് അധികാരത്തിലെത്താനുള്ള എളുപ്പവഴിയായി ഉപയോഗിക്കണം എന്നുമാണ്. രാജ്യത്തെ നിയമ വ്യവഹാരങ്ങളെ കുറിച്ച് ബോധമുണ്ടായിട്ടും, വിഷയത്തിന്റെ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടും നടത്തുന്ന ഇത്തരം ജീര്‍ണിച്ച മാധ്യമപ്രവര്‍ത്തനം ഒരര്‍ത്ഥത്തില്‍ കലാപങ്ങള്‍ക്ക് ഉല്‍പത്തിയാവും. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച സാമൂഹിക വ്യവസ്ഥിതിയില്‍ ജീവിക്കുന്ന ആള്‍ക്കൂട്ടത്തോട്, അങ്ങേയറ്റം വര്‍ഗീയമായ ചോദ്യങ്ങള്‍ ചോദിക്കുകയും, അതിന് സാധാരണക്കാര്‍ യാതൊന്നും ചിന്തിക്കാതെ പറയുന്ന ഉപദ്രവകരമായ അഭിപ്രായങ്ങളെ തങ്ങളുടെ ചാനലിലൂടെ സംപ്രേക്ഷണം നടത്തുകയും ചെയ്തുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുകയായിരുന്നു എ ബി പി ന്യൂസ്. ദൃശ്യമാധ്യമങ്ങള്‍ തങ്ങളുടെ വാര്‍ത്താഇടങ്ങളുടെ വ്യാപ്തി തിരിച്ചറിഞ്ഞ്, കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തേണ്ടിയിരിക്കുന്നു. എ ബി പി ന്യൂസിന്റെ പരിപാടിയില്‍ ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം വെറിയോടുകൂടി സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ആലോചിക്കേണ്ട പ്രധാനകാര്യം എങ്ങനെ റിപ്പോര്‍ട്ടുകള്‍ തയാറാക്കണം എന്നതാണ്. വര്‍ഗീയതയെ മാധ്യമങ്ങള്‍ക്ക് രണ്ട് രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാം. അതിനെ ആളിക്കത്തിക്കും വിധവും അല്ലെങ്കില്‍ വര്‍ഗീയസ്പര്‍ധയെ ശമിപ്പിക്കുന്ന, മതസൗഹാര്‍ദാന്തരീക്ഷം സൃഷ്ടിക്കും വിധവും. ഏതുതരത്തില്‍ വേണം എന്നുള്ളത് ഒരു മാധ്യമസ്ഥാപനത്തിന്റെ മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പാണ്. ബി ബി സി ഹിന്ദി നവംബര്‍ 5ന് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു. വളര്‍ന്നുവരുന്ന ഹിന്ദുത്വ വര്‍ഗീയത, മാര്‍ച്ചില്‍ നടന്ന രാമനവമി ആഘോഷത്തിലെ സംഘര്‍ഷം എന്നിവയൊക്കെ ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ടാണ്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള റിപ്പോര്‍ട്ടില്‍ കൂടുതല്‍ ഭാഗവും ആളുകളുടെ അഭിപ്രായമാണ്. ഇവയൊക്കെയും തന്നെ വ്യക്തിഗത അഭിപ്രായങ്ങളാണ്, അവയില്‍ നിറഞ്ഞുകിടക്കുന്ന വര്‍ഗീയ ചുവ ലക്ഷക്കണക്കിന് ആളുകളിലേക്കെത്തിക്കുന്നതിന്റെ യുക്തി എന്താണ്? കലാപകാലങ്ങളിലും കലാപാനന്തരവും നടത്തുന്ന മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്ക് അജണ്ടകളല്ല, പകരം സാമൂഹിക സമത്വമുള്ള കാഴ്ചപ്പാടുകളാണ് രൂപീകരിക്കേണ്ടത്. ബി ബി സിയുടെ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി കാണാന്‍ കഴിയുന്ന ഒന്നാണ്, മറുവശത്തുള്ള ആളുകളെ എങ്ങനെയാണ് റിപ്പോര്‍ട്ടര്‍ പ്രകോപിപ്പിക്കുന്നതെന്ന്, വന്ദേമാതരം ഉരുവിടാത്തവര്‍ ഇന്ത്യക്കാരല്ല എന്നൊരാള്‍ അഭിപ്രായപ്പെടുമ്പോള്‍, റിപ്പോര്‍ട്ടറുടെ ചോദ്യം അത് ചെയ്യാത്തവരെ എന്തുചെയ്യണം എന്നാണ്. ഇത്തരം ചോദ്യങ്ങളുടെ ആവശ്യം വ്യക്തമാണ്. ദൃശ്യമാധ്യങ്ങള്‍ കൂടുതല്‍ കാഴ്ചക്കാരുണ്ടാവാന്‍ വേണ്ടി നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കാന്‍ പോന്നതാണ്. അതിലുപരി ഇത്തരത്തില്‍ വാര്‍ത്തകളെ കൈകാര്യം ചെയ്യുന്നത് മാധ്യമ ധര്‍മത്തോടുള്ള അനീതിയുമാണ്. വാര്‍ത്തകള്‍ വിദ്വേഷം ഉദ്പാദിപ്പിക്കരുത്; മറിച്ച് അവയെ ദൂരീകരിക്കാനുതകുന്നതാകണം.

പണിയെടുക്കുന്ന ഓണ്‍ലൈന്‍ മീഡിയ
മറുവശത്ത് മാധ്യമങ്ങള്‍ വളരെയേറെ ഗൗരവത്തോടെ സമീപിക്കേണ്ട മറ്റൊരു വിഷയം നോട്ടുനിരോധനം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥക്കേല്‍പിച്ച ആഘാതങ്ങളായിരുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിഷയത്തെ മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. നോട്ടുനിരോധന കാലത്തെ സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ എത്രത്തോളം പൊള്ളയായിരുന്നുവെന്നും, നോട്ടുനിരോധനത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ആരായിരുന്നുവെന്നുമൊക്കെയുള്ള സ്പഷ്ടമായ വസ്തുതകളെ മുന്‍നിര്‍ത്തിയുള്ള റിപ്പോര്‍ട്ടുകള്‍ തയാറാക്കുകയുണ്ടായി. ഇത്തരത്തില്‍ ഒരു സമീപനം ഇന്ത്യന്‍ ദൃശ്യമാധ്യമങ്ങളില്‍ വിരളമായേ കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ദ വയര്‍ അടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നോട്ടുനിരോധനത്തിന്റെ രാഷ്ട്രീയത്തെ ഇഴകീറി പരിശോധിച്ചിട്ടുണ്ട്. ഇത്തരം റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളോടുള്ള ജനങ്ങളുടെ വിശ്വാസ്യത വര്‍ധിപ്പിക്കും.

ചരിത്രമാണ് മായ്‌ച്ചെടുക്കുന്നത്
പേരിനുപോലും ഒരു ചരിത്രമോ വര്‍ത്തമാനമോ ഉയര്‍ത്തിക്കാട്ടാനില്ലാത്ത ബി ജെ പി സര്‍ക്കാര്‍, ഒരു വര്‍ഷത്തിനിടെ ഇരുപത്തഞ്ചോളം സ്ഥലങ്ങളുടെ പേരുകള്‍ മാറ്റാനുള്ള നിര്‍ദേശങ്ങളാണ് പരിഗണിച്ചത്. അലഹാബാദിനെ പ്രയാഗ് രാജ് ആക്കിയതടക്കം, ചരിത്രം വളച്ചൊടിക്കുന്ന ഭരണകൂടനയങ്ങള്‍ ചോദ്യം ചെയ്യപ്പെടേണ്ടിയിരിക്കുന്നു. രാജ്യത്ത് പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ നഗരങ്ങള്‍ക്ക് പുനര്‍നാമകരണം നടത്തിയതുകൊണ്ട് എന്തുപുരോഗതിയാണ് ഭരണകൂടം മുന്നില്‍ കാണുന്നത്? പുനര്‍ നാമകരണത്തിന് പിന്നിലും വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. രാജ്യത്തെ ധ്രുവീകരിക്കാനും, തങ്ങള്‍ എന്തൊക്കെയേ ചെയ്യുന്നു എന്ന പ്രതീതി ജനങ്ങളിലുണ്ടാക്കാനും ഇത്തരം പ്രവൃത്തികളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഔദ്യോഗികമായി നഗരങ്ങളും മറ്റും പുനര്‍നാമകരണം ചെയ്യപ്പെടുമ്പോള്‍ അതുമൂലമുണ്ടാകുന്ന സമയ-സാമ്പത്തിക നഷ്ടങ്ങളെ കുറിച്ചും ജനങ്ങളെ അറിയിക്കേണ്ടത് മാധ്യമങ്ങളാണ്. നിയമ വ്യവസ്ഥിതിയിലേക്ക് ഭരണകൂടം നടത്തുന്ന കൈകടത്തലുകള്‍ അപകടം പിടിച്ചതാണ്.

ജഡ്ജിമാരെയും പന്താടുന്നു
ജഡ്ജിമാരുടെ സ്ഥലംമാറ്റ പ്രശ്‌നവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് മാധ്യമശ്രദ്ധ ആവശ്യമായ അളവില്‍ ഇനിയും കിട്ടിയിട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നും ജസ്റ്റിസ് എ എ ഖുറേശിയെ ബോംബെയിലേക്ക് സ്ഥലം മാറ്റിയതില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. 2010ല്‍ അമിത് ഷാക്ക് കസ്റ്റോഡിയല്‍ റിമാന്റ് വിധിച്ചതടക്കം, നിര്‍ഭയമായി തൊഴിലിനെ പ്രതിനിധീകരിച്ച ചരിത്രമാണ് എ എ ഖുറേഷിയുടെ നിയമജീവിതം. ഗുജറാത്തിലെ ഗോദ്രാ കലാപാനന്തരമുള്ള നിരവധി കേസുകളുടെ നീതിപൂര്‍വകമായ വിധി പ്രഖ്യാപനങ്ങളില്‍ ഖുറേശിക്ക് വലിയ പങ്കുണ്ട്. എന്നാല്‍ നിയമ വ്യവസ്ഥിതിക്ക് വിലങ്ങുതടിയാവുന്ന നടപടിയാണ് ജഡ്ജിമാരുടെ സ്ഥലം മാറ്റം. ഖുറേശിക്കൊപ്പം ജസ്റ്റിസ് ജയന്ത് പട്ടേലിനെയും ഗുജറാത്ത് ഹൈക്കോടതിയില്‍നിന്നും സ്ഥലം മാറ്റി. യാതൊരു ഔചിത്യവുമില്ലാതെ സ്ഥലം മാറ്റുന്നതിലൂടെ വിധി പ്രഖ്യാപനത്തിലും മറ്റും സമയദൈര്‍ഘ്യം സംഭവിക്കുന്നു. ജഡ്ജിമാരെ സ്ഥലം മാറ്റാനുള്ള നിയമ പഴുതുകളെ പുനഃപരിശോധിക്കാനും, വിഷയം മുഖ്യധാര ചര്‍ച്ചകളിലേക്ക് എത്തിക്കാനുമുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍ നിയമസംവിധാനത്തില്‍നടക്കുന്ന ഇത്തരം അപകടങ്ങളെ മാധ്യമങ്ങള്‍ കാര്യമായി ചോദ്യംചെയ്യുന്നില്ല. മിക്ക മാധ്യമങ്ങള്‍ക്കും നിയമവിദഗ്ധര്‍ കൂടിയായ മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടാകുമ്പോള്‍ പ്രത്യേകിച്ചും വിഷയത്തെ കുറിച്ച് അകം തൊടുന്ന ചര്‍ച്ചകള്‍ നടക്കേണ്ടതാണ്.

രാജ്പക്‌സെയുടെ വരവ്
ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വീക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും മാറ്റി മുന്‍ പ്രസിഡന്റ് മൈത്രിപാല്‍ സിരിസേന നടത്തിയ ഭരണഅട്ടിമറി നീക്കം വിവാദപരമായി. ശ്രീലങ്കയെ തമിഴ് വംശവെറിയുടെ രണഭൂമിയാക്കിയതില്‍ മുഖ്യപങ്കും, രാജ്പക്‌സെക്കാണ്. രാജ്പക്‌സെയുടെ ഭരണകാലത്തെ മാധ്യമ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും തിരോധാനം ശ്രീലങ്കയില്‍ നിത്യസംഭവമായിട്ടുമുണ്ട്. 2005-2015 കാലയളവില്‍ അധികാരം കയ്യടക്കിയ രാജപക്‌സെക്ക് വീണ്ടും അത് തിരിച്ചുനല്‍കിയത് ശ്രീലങ്കയുടെ ഭരണഘടന പോലും ലംഘിച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ രാജ്പക്‌സെയുടെ തിരിച്ചുവരവ് ശ്രീലങ്കന്‍ രാഷ്ട്രീയത്തെ കൂടുതല്‍ കലുഷിതമാക്കും. രാജ്പക്‌സെയുടെ തിരിച്ചുവരവിനെ അഭിവാദ്യം ചെയ്ത ലോകരാഷ്ട്രം ചൈനയാണ്. ഇന്ത്യയുമായി സൂക്ഷിച്ചിരുന്ന സൗഹൃദത്തിന് ഈ നടപടി വിള്ളലുകള്‍ സൃഷ്ടിക്കും. ശ്രീലങ്കയുടെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ ലോക മാധ്യമങ്ങളില്‍ കൂടുതല്‍ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടേണ്ടിയിരിക്കുന്നു. രാജ്പക്‌സെയുടെ ഭരണകാലത്ത് യു എന്‍ കണക്കുകള്‍ പ്രകാരം വലിയ രീതിയിലുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടന്നിട്ടുണ്ട്. ദ്വീപിലെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകളെ പ്രീണിപ്പിച്ചുകൊണ്ടാണ് രാജ്പക്‌സെ തന്റെ അധികാര ദുര്‍വിനിയോഗത്തിനുള്ള മാര്‍ഗം കണ്ടെത്തിയത്. രാജ്പക്‌സെയുടെ അനധികൃത അധികാര കയ്യേറ്റത്തിനെതിരെ ലോകരാഷ്ട്രങ്ങളും മാധ്യമങ്ങളും ശബ്ദിക്കേണ്ടിയിരിക്കുന്നു.

വകതിരിവില്ലാത്ത പ്രസിഡന്റ്
ഇന്ത്യയിലെയും അമേരിക്കയിലെയും മാധ്യമങ്ങളില്‍ പ്രകടമായൊരു സവിശേഷതയുണ്ട്. ഇരുരാജ്യത്തെയും ഭരണത്തലവന്മാരെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഈ സവിശേഷത. ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് ഭരണം അവസാനിക്കാറായിട്ടും, നരേന്ദ്ര മോഡിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിട്ടില്ല. അല്ലെങ്കില്‍ അതിനുവേണ്ടി ഒരു കഠിനമായ ശ്രമം മാധ്യമങ്ങള്‍ നടത്തിയിട്ടില്ല. അമേരിക്കയിലെ സാഹചര്യം മറ്റൊന്നാണ്, ഡൊണാള്‍ഡ് ട്രംപിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരെ പരസ്യമായി അവഹേളിക്കുകയാണ് ട്രംപ് ചെയ്യുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ ട്രംപിന്റെ റിപ്പബ്ലിക് പാര്‍ട്ടിയെ പിന്തള്ളി വിജയം കൈവരിച്ചു. തുടര്‍ന്നുനടന്ന പത്രസമ്മേളനത്തില്‍ സി എന്‍ എന്‍ ചാനലിലെ പ്രമുഖ റിപ്പോര്‍ട്ടര്‍ ജിം അകോസ്റ്റ, ട്രംപിനോട്, അദ്ദേഹം കുടിയേറ്റ വിഷയങ്ങളിലെടുക്കുന്ന പ്രതിലോമ നിലപാടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപിന്റെ പ്രതികരണം തീര്‍ത്തും അമ്പരപ്പുളവാക്കുന്നതായിരുന്നു. ചോദ്യത്തെ നേരിടുന്നതിന് പകരം, നിങ്ങള്‍ അവരോടൊപ്പം ജോലി ചെയ്യുന്നതില്‍ സി എന്‍ എന്‍ ലജ്ജിക്കണം എന്നാണ് ട്രംപ് പ്രതികരിച്ചത്. കൂടാതെ ജിം അക്കോസ്റ്റയെ പ്രാകൃതനെന്നും മറ്റുമുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് അവഹേളിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ട്രംപ് തന്നെയാണ് അപഹാസ്യനായത്. തന്റെ നിലപാടുകള്‍ക്ക് നേരെ ഉയരുന്ന ചോദ്യങ്ങളെ നേരിടാന്‍ താന്‍ പ്രാപ്തനല്ല എന്ന് തെളിയിക്കുകയായിരുന്നു ട്രംപ്. അതിന് ശേഷമുണ്ടായ വിവാദങ്ങളോട് വളരെ സംയമനത്തോട് കൂടിയാണ് അകോസ്റ്റ പ്രതികരിച്ചത്. എനിക്ക് ആഴ്ചയില്‍ ഓരോ തവണയായി വധഭീഷണി വന്നേക്കാം, അതില്‍ പുതുമയൊന്നുമില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചിട്ടു: “Dictatorship take away press credentials, Not democracies.’  സ്വേഛാധിപതികള്‍ക്ക് മാധ്യമങ്ങളുടെ അധികാരങ്ങളെ തട്ടിയെടുക്കാം. പക്ഷേ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ല.

നബീല പാനിയത്ത്‌

You must be logged in to post a comment Login