കൻസുൽ ഉലമ ചിത്താരി കെ പി ഹംസ മുസ്‌ലിയാർ 1939 – 2018

കൻസുൽ ഉലമ  ചിത്താരി കെ പി ഹംസ മുസ്‌ലിയാർ 1939 – 2018

ആ ഉദ്ദേശ്യശുദ്ധി നമുക്ക് പകര്‍ത്താനുള്ളതാണ്

1982ല്‍ ഫറോക്കില്‍ നടന്ന സുന്നി സമ്മേളനത്തില്‍ ‘തെറ്റിദ്ധിരിപ്പിക്കപ്പെട്ട ഇസ്‌ലാം’ എന്ന വിഷയത്തില്‍ ഒരു പ്രസംഗമുണ്ടായിരുന്നു. ചിത്താരി ഹംസ മുസ്‌ലിയാരായിരുന്നു അവതാരകന്‍. അത്യാകര്‍ഷകവും വസ്തുനിഷ്ഠവുമായ അവതരണം കേട്ടപ്പോഴാണ് വല്ലാത്തൊരു അടുപ്പം തോന്നിയത്. നേരത്തെയുള്ള ആ ബന്ധം പിന്നീട് അത്യഗാധമായി.

ഘനഗംഭീര ശൈലിയുള്ള ആ പ്രസംഗകന്‍ സുന്നികളുടെ ആവേശമായിരുന്നു. വടക്കന്‍ കേരളത്തില്‍ സുന്നി പ്രസ്ഥാനത്തെ അരക്കിട്ടുറപ്പിക്കാന്‍ ആ പ്രസംഗങ്ങളും നിലപാടുകളും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

കേരളത്തില്‍ എസ്.വൈ.എസിന്റെ നേതൃത്വത്തില്‍ വ്യതിയാന ചിന്തകള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടക്കുന്ന കാലം. അതിന്റെ ഭാഗമായി ഇലക്ഷനില്‍ അത്തരക്കാരെ തോല്‍പിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് ഇലക്ഷനില്‍ പൂര്‍ണമായി പരാജയപ്പെടുത്തി. ഇതിന്റെ പക അവര്‍ക്കുണ്ടായിരുന്നു. പക തീര്‍ക്കാന്‍, ഞങ്ങള്‍ കമ്യൂണിസം വളര്‍ത്തുകയാണ് എന്ന ആരോപണം ദുബൈയിലും അബൂദാബിയിലും അവര്‍ വ്യാപകമായി പ്രചരിപ്പിച്ചു.
ഒരിക്കല്‍ അബൂദാബി ഔഖാഫിന്റെ മുവക്കില്‍ മക്‌റൂബിയുടെ മുമ്പാകെ കേരളത്തില്‍ നിന്നുള്ള കുറെ പത്രകട്ടിംഗുകളെത്തി. അവ തെറ്റായി പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു. അതേ തുടര്‍ന്ന് മക്‌റൂബി ‘ശൈഖ് അബൂബക്കര്‍ എന്നൊരാള്‍ ഇവിടെ പിരിവ് നടത്തുന്നുണ്ട്, പ്രസംഗിക്കുന്നുണ്ട്, അദ്ദേഹം പൂര്‍ണ കമ്യൂണിസ്റ്റുകാരനാണ് അദ്ദേഹത്തെ തടയണം’ എന്ന നിലക്ക് പത്രങ്ങളിലേക്ക് പരസ്യം തയാറാക്കി. അപ്പോഴാണ് ദുബൈയില്‍ ഖതീബായിരുന്ന ശൈഖ് അഹ്മദ് അവിടെ എത്തിയത്. യാദൃഛികമായി അദ്ദേഹം ഇതറിയുകയും സത്യാവസ്ഥ മക്‌റൂബിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ശൈഖ് അഹ്മദ് ശക്തമായിത്തന്നെ ഇതിലിടപെട്ടു; ‘ശൈഖ് അബൂബക്കര്‍ അത്തരത്തിലുള്ള ആളല്ല. ഇത് കീറിക്കളയണം. അങ്ങനെ പരസ്യം കൊടുക്കാന്‍ പാടില്ല.’ അപ്പോള്‍ മക്‌റൂബി എന്നെ വിളിച്ചു. എന്റെ എതിര്‍കക്ഷികളെ വിളിച്ചുകൂട്ടി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ദിവസം നിശ്ചയിച്ചു. എന്റെ കൂടെ ആരാണുള്ളതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു: ‘എന്റെ കൂടെ നൂറ് കണക്കിനാളുകള്‍ സാക്ഷിയുണ്ട്. ഇപ്പോള്‍ ഗള്‍ഫിലുള്ളത് ചിത്താരി ഹംസ മുസ്‌ലിയാരാണ്. അദ്ദേഹത്തെ സാക്ഷിയാക്കാം.’ ഈ വിവരം ഹംസ ഉസ്താദിനോട് പറഞ്ഞപ്പോള്‍ സമ്മതിക്കുകയും ചെയ്തു.

അന്ന് ഞങ്ങള്‍ രണ്ടാളും അവിടെ ചര്‍ച്ചക്ക് എത്തി. മറുപക്ഷം എത്തിയില്ല. ഹംസ മുസ്‌ലിയാര്‍ വളരെ സ്പഷ്ടമായി മക്‌റൂബിയുടെ മുമ്പില്‍ കാര്യങ്ങള്‍ വിവരിച്ച് കൊടുത്തു. മക്‌റൂബിക്ക് എതിര്‍കക്ഷികള്‍ കൊടുത്ത എല്ലാ പേപ്പറുകളും എനിക്ക് തന്നു. ‘എനിക്കിതൊന്നുമറിയില്ല. എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്’ എന്നു പറയുകയും എസ്.വൈ.എസിന്റെയും മര്‍കസിന്റെയും പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള അനുവാദം തരികയും ചെയ്തു.

മനക്കരുത്തുള്ള മഹദ് വ്യക്തിയായിരുന്നു കന്‍സുല്‍ ഉലമ. ഹിമ്മതുരിജാലി തഹ്ദിമുല്‍ ജിബാല്‍- പുരുഷന്മാരുടെ മന:സ്ഥൈര്യം പര്‍വതങ്ങളെ ധൂളിയാക്കും എന്ന ആപ്തവാക്യം കന്‍സുല്‍ ഉലമയുടെ കാര്യത്തില്‍ നിഷേധിക്കാനാവില്ല. ഒരു വിഷയത്തില്‍ ഊന്നി നിന്നുകൊണ്ട് സമര്‍ത്ഥിക്കുകയും സംശയിപ്പിക്കാന്‍ വരുന്നവരുടെ സംശയത്തില്‍ അകപ്പെടാതെ വിഷയം ഉറപ്പിച്ച് പറയുകയും നടപ്പില്‍ വരുത്തുകയും ചെയ്യുക. അതാണ് ഹിമ്മത്. അദ്ദേഹത്തിന്റെ ഹിമ്മത് കൊണ്ടാണ് അല്‍മഖറുസ്സുന്നിയ്യ എന്ന സ്ഥാപനം തന്നെയുണ്ടായത്.

സാമ്പത്തികമായി നന്നേ ക്ഷീണിച്ച സമയത്ത് അതിവിശാലമായ ഭൂമി ഒന്നായി കച്ചവടം ചെയ്തു അദ്ദേഹം. ചുറ്റുഭാഗത്ത് ഏതാനും സ്ഥലങ്ങള്‍ നമ്മുടെ പ്രവര്‍ത്തകര്‍ക്ക് ചെറിയ വിലക്ക് വില്‍പന നടത്തി. അവരില്‍ നിന്ന് കാശ് വാങ്ങി ഭൂമി വാങ്ങിയതിലുള്ള ബാധ്യത തീര്‍ത്തു. കൂട്ടത്തില്‍ അവിടെ ഒരു സുന്നിഗ്രാമം ഉയര്‍ന്നു വരികയും ചെയ്തു. പര്‍വതങ്ങളെ ധൂളിയാക്കും എന്നു പറഞ്ഞതിന്റെ താല്‍പര്യമിതാണ്. കടത്തില്‍ പെട്ടിട്ട് പോലും മുന്നേറുകയായിരുന്നു കന്‍സുല്‍ ഉലമ. ഇപ്പോഴുള്ള അതിവിശാലമായ സ്ഥലം അവിടെ ബാക്കിയുണ്ടായതും അദ്ദേഹത്തിന്റെ ഹിമ്മത് കൊണ്ട്മാത്രമാണ്. അതില്ലായിരുന്നെങ്കില്‍ ആ കാലഘട്ടത്തിലെ ദാരിദ്ര്യത്തിന്റെയും തിടുക്കത്തിന്റെയും സമ്മര്‍ദത്തില്‍ പിന്നെയും ഭൂമി വിറ്റുപോകുമായിരുന്നു.

പ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോള്‍ ചിത്താരി ഉസ്താദിനോട് ഞാന്‍ സംസാരിക്കും. തെളിമയുള്ള ആശയങ്ങള്‍ പങ്കുവെക്കും. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമ എം.എ ഉസ്താദും നേരത്തെയും ഇപ്പോള്‍ കന്‍സുല്‍ ഉലമയും വിട്ടുപിരിഞ്ഞിരിക്കുന്നു. ഞങ്ങള്‍ നാലുപേര്‍ക്കുമിടയിലെ ഹൃദയബന്ധം ഏറെ തീവ്രമായിരുന്നു. സുന്നത്ത് ജമാഅത്തിന് വേണ്ടി വിവരണാതീതമായ സംഭാനകള്‍ നല്‍കിയവരായിരുന്നു മൂന്ന് പേരും. താജുല്‍ ഉലമയുടെ മനക്കരുത്തും ആത്മീയ നേതൃത്വവും, നൂറുല്‍ ഉലമയുടെ ധിഷണയും എഴുത്തുകളും, കന്‍സുല്‍ ഉലമയുടെ ആവേശവും പ്രഭാഷണങ്ങളും ജ്ഞാനവും എല്ലാം ആദര്‍ശരംഗത്ത് അസാമാന്യമായ വിപ്ലവങ്ങളുണ്ടാക്കി. പഠിക്കുന്ന കാലത്തെ വലിയ വിജ്ഞാന പ്രിയനായിരുന്നു ചിത്താരി ഉസ്താദ്. കണ്ണിയത്ത് ഉസ്താദിന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍. വലിയ കര്‍മശാസ്ത്രജ്ഞനും ഹദീസ് പണ്ഡിതനുമായിരുന്നു. ഉന്നതരായ ആലിമീങ്ങളില്‍ നിന്ന് പൂര്‍ണ പൊരുത്തത്തോടെ നേടിയ അറിവിന്റെ തിളക്കം അവരുടെ ജീവിതത്തെ മുഴുവന്‍ വെളിച്ചമുള്ളതാക്കിത്തീര്‍ത്തു.
അവിഭക്ത കണ്ണൂര്‍ ജില്ലയിലെ സമസ്ത പ്രവര്‍ത്തന വഴിയിലൂടെയാണ് ചിത്താരി ഉസ്താദ് സംഘടനാ രംഗത്ത് സജീവമായത്. അന്ന് കാസര്‍കോടും കണ്ണൂരും ചേര്‍ന്നതായിരുന്നു കണ്ണൂര്‍ ജില്ല. ആ വലിയ ഭൂപ്രദേശത്ത് യുവത്വത്തിന്റെ പ്രസരിപ്പ് കാലത്ത് ആദര്‍ശം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കി. അന്നേ എം.എ ഉസ്താദും കൂടെയുണ്ടായിരുന്നു. വിദ്യാഭ്യാസം വഴിയേ ഒരു സമൂഹത്തിന്റെ മൂന്നേറ്റം സാധ്യമാകൂ എന്ന ബോധ്യത്തിലൂടെ ആദ്യകാലത്തു തന്നെ സഅദിയ്യക്ക് എം.എ ഉസ്താദ് രൂപം നല്‍കിയപ്പോള്‍ അതിന്റെ ഭാഗമായി സജീവമായി പ്രവര്‍ത്തിക്കാന്‍ ചിത്താരി ഉസ്താദിനായി. ദീര്‍ഘകാലം സഅദിയ്യയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

ഹംസ ഉസ്താദിന്റെ കൂടെ കുവൈത്തിലും യു.എ.ഇയിലുമടക്കം പല അറബ് നാടുകളിലും അറബികളെ കാണാന്‍ പോകാറുണ്ട്. അറബികളോട് ഹംസ ഉസ്താദ് പറയും; ‘ഞാന്‍ സഅദിയ്യയുടെ സെക്രട്ടറി ആയിരുന്ന സമയത്ത് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നിങ്ങളോട് സംഭാവന വാങ്ങിയിട്ടുണ്ട്. എന്റെ പേര് ഇവിടെ സഅദിയ്യയുടെ കണക്കിലായിരിക്കും ഉണ്ടാവുക. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ തരുന്നത് ജാമിഅ സഅദിയ്യക്ക് കൊടുക്കാനുള്ളത് കൊടുത്തതിന്റെ ശേഷമേ തരാവൂ. അത് നിര്‍ത്തരുത്. അതിന്റെ പുറമെ തരുന്നെങ്കില്‍ മാത്രം അല്‍ മഖറിന് തന്നാല്‍ മതി.’ ഉസ്താദിന്റെ ഉദ്ദേശ്യശുദ്ധിയാണിത്. നേരത്തെ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്ഥാപനത്തിനുള്ളത് മുടക്കി എനിക്ക് സ്ഥാപനം വേണ്ട എന്നതും ആ ഹിമ്മതിന്റെ തിളക്കം തന്നെ.

പലപ്പോഴും അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. യാത്രകളിലൊന്നും അദ്ദേഹത്തിന്റെ ഔറാദ്, ഹദ്ദാദ്, യാസീന്‍, തബാറക, തുടങ്ങിയ സാധാരണ ചൊല്ലിക്കൊണ്ടിരിക്കുന്നവ ഒഴിവാക്കാറില്ല. ബഹുമാനപ്പെട്ട കണ്ണിയത്തുസ്താദിന്റെ ശിഷ്യത്വം സ്വീകരിച്ചത് കൊണ്ട് കര്‍മശാസ്ത്ര രംഗത്ത് നല്ല തഹ്ഖീഖ് ഉണ്ടായിരുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ഫത്‌വ ബോര്‍ഡിലെ മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്ന വിഷയത്തിന്റെ മറുപടികള്‍ എഴുതിക്കൊണ്ട് വരികയും കര്‍മശാസ്ത്രപരമായ കാര്യങ്ങള്‍ പ്രത്യേകം കിതാബുകള്‍ ഉദ്ധരിച്ച് കാണിക്കുകയും ചെയ്യും. ഇങ്ങനെ അറിവും അന്തവും ആത്മാഭിമാനവുമുള്ള പണ്ഡിതന്മാരില്‍നിന്ന് നമുക്കൊട്ടേറെ പകര്‍ത്താനുണ്ട്.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

—————————————————————————————————————————————–

കണ്ണിയത്ത് വിതച്ച വിത്ത്

കാലം 1939, കണ്ണൂര്‍ പട്ടുവത്തെ സമ്പന്ന കുടംബത്തിലെ കര്‍ഷകനായ അഹ്മദ് കുട്ടിക്കും ഭാര്യ നഫീസക്കും ഒരു ആണ്‍കുഞ്ഞ് പിറന്നു. അവര്‍ അവനെ ഹംസ എന്നു വിളിച്ചു. അറിവിനെ സ്‌നേഹിച്ചിരുന്ന അഹ്മദ് കുട്ടിക്ക് പക്ഷേ ഒരു ഒരു മതപണ്ഡിതനാവാന്‍ സാഹചര്യമുണ്ടായില്ല. അന്നേ തീരുമാനിച്ചതാണ് തനിക്ക് ജനിക്കുന്ന ആണ്‍കുഞ്ഞിനെ ഇരുലോകത്തും ഉപകാരപ്പെടുന്ന ആലിമാക്കി തീര്‍ക്കണമെന്ന്. അനേകം ആലിമുകളുമായി ബന്ധമുള്ള അഹ്മദ് കുട്ടി വീട്ടില്‍ വരുന്നവരോടൊക്കെ മകനെ ഒരു ആലിമാക്കാന്‍ വേണ്ടി പ്രാര്‍ത്ഥിപ്പിക്കും. കുഞ്ഞിളം ചിരികളും കൊച്ചു കുസൃതികളുമായി ഹംസ വളര്‍ന്നു. പ്രായമായപ്പോള്‍ നാട്ടുകാരനും സൂഫീ വര്യനുമായിരുന്ന അബ്ബാസ് മുസ്‌ലിയാരുടെ കീഴില്‍ ഓത്തിനയച്ചു. ചെറുപ്പത്തിലേ അറിവുകളെ ഏറെ ഇഷ്ടപ്പെട്ട കുഞ്ഞുഹംസ മതപഠനത്തോടൊപ്പം പട്ടുവം എല്‍.പി സ്‌കൂളിലും പോയിത്തുടങ്ങി. ഏഴാം വയസ്സില്‍ ഉപ്പ മരണപ്പെട്ടു. പിന്നീട് എല്ലാം ഉമ്മയായിരുന്നു.

എല്‍.പി സ്‌കൂളിന് ശേഷം പഴയങ്ങാടി യു.പി സ്‌കൂളില്‍ പഠനം തുടര്‍ന്നു. ഇന്നത്തെ എസ്.എസ്.എല്‍.സിക്ക് സമാനമായ ഇ.എസ്.എല്‍.സി പാസായപ്പോള്‍ കുടുംബത്തിലുള്ളവരെല്ലാം നല്ല ഭൗതിക പഠന സാധ്യതയെ കുറിച്ച് സംസാരിച്ചു. പക്ഷേ, ഉപ്പയുടെ ആഗ്രഹം പോലെ ഒരു മതപണ്ഡിതനാവാനാണ് കുഞ്ഞുഹംസ ആഗ്രഹിച്ചത്. മകന്റെ ആഗ്രഹമറിഞ്ഞ മാതാവ് കൂടെ നിന്നു. അങ്ങനെയാണ് പടന്ന അബ്ദുല്ല മുസ്‌ലിയാരുടെ സഹായത്തോടെ കാപ്പാട് കുഞ്ഞഹ്മദ് മുസ്‌ലിയാരുടെ അടുത്തെത്തിയത്. രണ്ടു വര്‍ഷത്തെ ദര്‍സ് പഠനത്തില്‍ പ്രാഥമിക കിതാബുകള്‍ ഓതി. ശേഷം തൡപ്പറമ്പില്‍ ഖുവ്വതുല്‍ ഇസ്‌ലാമില്‍ കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു.

കുഞ്ഞുഹംസ വളരുകയായിരുന്നു. പി.എ ഉസ്താദിന്റെ ദര്‍സിലെത്തിയതോടെയാണ് അറിവിന്റെ വിപ്ലവം തുറന്നത്. ഭാഷയില്‍ അഗാധ ജ്ഞാനമുള്ള പി.എ ഉസ്താദില്‍ നിന്ന് ഭാഷയുടെ സകല നിയമങ്ങളും കരസ്ഥമാക്കുകയും പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരികയും ചെയ്ത കൊച്ചുഹംസ സ്ഫുടമായ അറബി ഭാഷയില്‍ നന്നായി സംസാരിക്കുമായിരുന്നു. ഉപരി പഠനത്തിനായി വാഴക്കാട് ദാറുല്‍ ഉലൂമില്‍ പോകണമെന്ന് ആശിച്ചു. ഉസ്താദിനോട് എങ്ങനെ പറയണമെന്നറിയാതെ വിഷമിച്ചു. ശിഷ്യന്റെ മനപ്രയാസം കണ്ടറിഞ്ഞ ഉസ്താദ് കൊച്ചുഹംസയെ വാഴക്കാട്ടേക്കയച്ചു. ശൈഖുനാ കണ്ണിയത്തുസ്താദിന്റെ ദാറുല്‍ ഉലൂം കേരളത്തില്‍ വിജ്ഞാന പ്രഭാകേന്ദ്രമായി പ്രശോഭിക്കുന്ന കാലമാണ്. ദര്‍സ് പഠനത്തില്‍ പല പരിഷ്‌കാരങ്ങളും ഉസ്താദ് നടപ്പാക്കിയിരുന്നു. കിതാബില്‍ മാത്രം ഒതുങ്ങിക്കൂടിയിരുന്ന ശൈലിയെ ചെറിയ രീതിയില്‍ മാറ്റം വരുത്തി പ്രസംഗം, എഴുത്ത്, ആശയ പഠനം തുടങ്ങിയവക്ക് പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കിയിരുന്നു.

കുറഞ്ഞ കാലം കൊണ്ട് അവിടെ നിന്നും കഴിയുന്നതൊക്കെ വാരിയെടുക്കാനാണ് കുഞ്ഞുഹംസ ശ്രമിച്ചത്. സിലബസില്‍ ഉള്‍പെടുത്തിയ കിതാബുകള്‍ക്ക് പുറമെ മുതവ്വല്‍ സിലബസിലുള്ളവയും കണ്ണിയത്തുസ്താദില്‍ നിന്നും ഓതിയെടുത്ത് കുഞ്ഞുഹംസ മുസ്‌ലിയാരായി. വാഴക്കാട്ടുള്ള ജീവിതം വെറും ദര്‍സില്‍ അവസാനിക്കുന്നതാവരുതെന്ന് ഹംസ മുസ്‌ലിയാര്‍ക്ക് നിര്‍ബന്ധമായിരുന്നു. സംഘടനാ ജീവിതത്തിലും സജീവമായി. ജംഇയ്യതു ത്വുലബയുടെ പ്രചാരണത്തിനും ധനശേഖരണത്തിനും വേണ്ടി കണ്ണൂരില്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ അവസാന നാളില്‍ ഹംസ ഉസ്താദാണ് പ്രസംഗിച്ചത്. അന്നത്തെ പ്രസംഗത്തിന്റെ ബാക്കിപത്രമാണ് കാംബസാറിലെ ഇന്നും നിലനില്‍ക്കുന്ന പള്ളി ദര്‍സ്.
പുത്തനാശയക്കാരുടെ കരവലയത്തില്‍ പെട്ട് വാഴക്കാട്ടെ മദ്രസ അന്യാധീനപ്പെട്ടപ്പോള്‍ കണ്ണിയത്തുസ്താദ് ഇടപെട്ട് പുതിയ മദ്‌റസ നിര്‍മിക്കാന്‍ തീരുമാനിച്ചു. അസാസുല്‍ ഇസ്‌ലാം മദ്‌റസ അന്ന് സ്ഥാപിക്കപ്പെട്ടു. മദ്‌റസയുടെ പുരോഗതിക്കായി ഹംസ മുസ്‌ലിയാര്‍ പള്ളികളില്‍ പ്രസംഗിക്കാനിറങ്ങി. കണ്ണൂര്‍ക്കാരനായ മുതഅല്ലിം വാഴക്കാട്ടെ ചരിത്രം മാറ്റി എഴുതുകയായിരുന്നു. ഹംസ ഉസ്താദിന്റെ പ്രതിഭ തിരിച്ചറിഞ്ഞ കണ്ണിയത്തുസ്താദ് ദര്‍സിലെ തുടക്കകാരുടെയും നാട്ടുകാരായ വിദ്യാര്‍ത്ഥികളുടെയും ചുമതല ഉസ്താദിനെയേല്‍പിച്ചു. വാഴക്കാട്ടും പരിസരത്തുമുള്ള ഇന്നത്തെ നേതാക്കന്മാര്‍ പലരും അന്ന് ഹംസ ഉസ്താദിന്റെ ദര്‍സിലെത്തി. നാട്ടുകാര്‍ സ്‌നേഹാദരവുകളോടെ ആ മുതഅല്ലിമിനെ ഉസ്താദെന്ന് വിളിച്ചു. ഒരു വര്‍ഷം ദയൂബന്ദില്‍ പോയി പഠനം തുടര്‍ന്ന് ബിരുദവും നേടി സേവന പാതയിലേക്കിറങ്ങി. 1965 ല്‍ മാട്ടൂലില്‍ മുപ്പത് വിദ്യാര്‍ത്ഥികളുമായി പ്രഥമ ദര്‍സാരംഭിച്ചു. എട്ടു വര്‍ഷക്കാലം മാട്ടൂലിലെ പ്രകാശമായി തുടര്‍ന്നു. സേവന തല്പരനായ ഉസ്താദ് നാട്ടിലിറങ്ങി നാടിന്റെ ഹൃദയമിടിപ്പുകളറിഞ്ഞ പണ്ഡിതനായി. അന്നാട്ടുകാര്‍ക്ക് അതൊരു പുതിയ അനുഭവമായിരുന്നു. നിരവധി മഹത്തുക്കള്‍ മാട്ടൂലില്‍ ദര്‍സ് നടത്തിയിട്ടുണ്ടെങ്കിലും അവര്‍ക്ക് ഉസ്താദ് എന്നാല്‍ അത് ഹംസ ഉസ്താദാണ്. ഹംസ ഉസ്താദിന്റെ ചിന്തകളില്‍ നിന്നും ഉണ്ടായ ആശയമാണ് പില്‍കാലത്ത് മാട്ടൂല്‍ മന്‍ശഅ് സ്ഥാപന സമുച്ഛയമായി വളര്‍ന്നത്.
അതിനിടയില്‍ സഹധര്‍മിണിയായി കയ്യം ദേശക്കാരി സൈനബയെത്തി. പണ്ഡിതകേസരിക്ക് ഒത്തിണങ്ങിയ ഭാര്യ. പ്രവര്‍ത്തനങ്ങളിലെ സഹായി. സമാശ്വാസത്തിന്റെ വാതില്‍. ഉസ്താദിന് താങ്ങും തണലുമായി പ്രവര്‍ത്തനങ്ങളില്‍ കൂടെ നിന്നു.

1970 ല്‍ സമസ്ത കേന്ദ്ര മുശാവറ സുപ്രധാനമായൊരു തീരുമാനമെടുത്തു. എല്ലാ ജില്ലകളിലും സമസ്തക്ക് ഘടകങ്ങള്‍ രൂപീകരിക്കണം. ഉള്ളാള്‍ തങ്ങള്‍ പ്രസിഡണ്ടും എം.എ ഉസ്താദ് സെക്രട്ടറിയും ഹംസ ഉസ്താദ് ജോയിന്റ് സെക്രട്ടറിയും. എം.എ ഉസ്താദ് കത്ത് മുഖേന ഉസ്താദിനെ വിവരമറിയിച്ചു. പക്ഷേ, ദര്‍സിനേക്കാള്‍ വലുതായി ഒന്നും കാണാത്ത ഉസ്താദ് പ്രതികരിച്ചില്ല. ഒരു യോഗത്തിനും പങ്കെടുത്തുമില്ല. അതറിഞ്ഞ ഉസ്താദ് പി.എ അബ്ദുല്ല മുസ്‌ലിയാര്‍ ഹംസ ഉസ്താദിനൊരു കത്തെഴുതി. സമസ്തയുടെ പ്രവര്‍ത്തനം ആവശ്യമാണെന്നും പങ്കെടുക്കണമെന്നും അറിയിച്ചു കൊണ്ടായിരുന്നു ആ കത്ത്. അതോടെയാണ് ഉസ്താദ് സമസ്തയിലേക്ക് വരുന്നതും സജീവ പ്രവര്‍ത്തകനാകുന്നതും.

സേവനം കാഞ്ഞങ്ങാടിനടുത്ത ചിത്താരിയിലേക്ക് മാറി. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ സമസ്ത സമ്മേളനം നടന്നത് അക്കാലത്താണ്. യുവപണ്ഡിതനായ ഹംസ ഉസ്താദ് സമ്മേളനത്തിന്റെ വിജയത്തിനായി ഇടതടവില്ലാതെ ഓടി നടന്നു. സ്വാഗതസംഘം സെക്രട്ടറിയായ ഉസ്താദ് നേതാക്കള്‍ക്കിടയില്‍ സുപരിചിതനായി. അവര്‍ സ്‌നേഹത്തോടെ വിളിച്ചു. ചിത്താരി ഹംസ മുസ്‌ലിയാര്‍. അങ്ങനെ പട്ടുവം ഹംസ ഉസ്താദ് ചിത്താരി ഉസ്താദായി മാറി.

സമസ്തയെ കുറിച്ചോ സംഘ കുടുംബത്തെ കുറിച്ചോ ഒന്നുമറിയാത്ത കേരളത്തിന്റെ വടക്ക് ഭാഗം ഈ സമ്മേളനത്തോടെ തികച്ചും മാറിയിരുന്നു. സമ്മേളനം കഴിഞ്ഞ് സ്വാഗതസംഘം പിരിച്ചുവിടുമ്പോള്‍ ബാക്കിവന്ന തുക എന്തു ചെയ്യണമെന്ന് ചര്‍ച്ചയായി. മുതഅല്ലിമുകളുടെ പഠനത്തിന് സഹായമായി ഉപയോഗിക്കണമെന്ന തീരുമാനത്തില്‍ നിന്നാണ് മുതഅല്ലിം സ്‌കോളര്‍ഷിപ്പ് എന്ന പദ്ധതി വന്നത്. അതിനായി ഉസ്താദ് സെക്രട്ടറിയായ ജില്ലാ കമ്മിറ്റി തന്നെ രൂപീകരിച്ചു. മഹല്ലുകളില്‍ ഉണ്ടാവുന്ന ഖാളിക്ക് പുറമെ അറുപതോളം മഹല്ലുകള്‍ക്ക് ഒരു ഖാളി എന്ന നിലക്ക് സംയുക്ത ഖാളി എന്ന പദവി കൊണ്ടുവന്നതും ഉസ്താദാണ്. അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഒരു സ്ഥാപനത്തെ കുറിച്ച് കൂലങ്കശമായി ചിന്തിക്കുന്നത് അക്കാലത്താണ്. അനേകം പണ്ഡിതന്മാര്‍ക്ക് ജന്മം കൊടുത്ത ഖുവ്വതുല്‍ ഇസ്‌ലാമിനെയാണ് അവര്‍ ലക്ഷ്യം വെച്ചത്. പക്ഷേ, അപ്പോഴേക്കും നേരം വളരെ വൈകിയിരുന്നു. ഖുവ്വതുല്‍ ഇസ്‌ലാം രാഷ്ട്രീയാന്ധത ബാധിച്ച പലരുടെയും കരങ്ങളിലായിത്തീര്‍ന്നിരുന്നു. സമസ്തയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അവര്‍ ആശങ്കയോടെയാണ് കണ്ടത്. സമുദായത്തിന്റെ നേതൃത്വവും കുത്തകയും സമസ്തക്കാകുമോ എന്ന ഭീതിയായിരുന്നു അവര്‍ക്ക്. ഇവരുടെ മറവില്‍ പുത്തന്‍വാദികള്‍ സ്ഥാപനം കൈക്കലാക്കി. പുതിയ സ്ഥാപനം തുടങ്ങുക തന്നെ. അതിനുള്ള ധനശേഖരാണാര്‍ത്ഥം പല പദ്ധതികളും ആസൂത്രണം ചെയ്തു. അപ്പോഴാണ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി ദേളിയിലെ കെട്ടിടങ്ങള്‍ സമസ്ത ഏറ്റെടുത്ത് നടത്തണമെന്ന ആശയം മുന്നോട്ടു വെക്കുന്നത്. സ്വന്തം കെട്ടിടങ്ങളില്‍ ബോര്‍ഡിംഗ് നടത്തുകയായിരുന്നു അദ്ദേഹം. തന്റെ കാലശേഷം ആ സ്ഥാപനം സുന്നികള്‍ക്ക് നഷ്ടപ്പെടുമോ എന്നദ്ദേഹം ഭയപ്പെട്ടു. ചര്‍ച്ച ചെയ്യുകയും കല്ലട്ര ഹാജിയാര്‍ കൃത്യമായി കാര്യങ്ങളില്‍ ഇടപെടുകയും ചെയ്തു. അങ്ങനെയാണ് സഅദിയ്യ എന്ന ആശയം സംരംഭമായത്. 1979 മുതല്‍ 1995 വരെ സഅദിയ്യ ജനറല്‍ സെക്രട്ടറി ഹംസ ഉസ്താദായിരുന്നു. പിന്നീട് വൈസ് പ്രസിഡണ്ടുമായി.

പത്തു വര്‍ഷത്തെ സേവനത്തിന് ശേഷം ഉസ്താദ് ചിത്താരിയില്‍ നിന്നും തിരുത്തിയിലെത്തി. ആ കാലത്താണ് സഅദിയ്യയില്‍ മുദരിസായി ഉസ്താദ് വേണമെന്നാവശ്യം വന്നത്. മൂന്ന് വര്‍ഷം സഅദിയ്യയില്‍ മുദരിസായി. അക്കാലമത്രയും സഅദിയ്യയുടെ ഉന്നമനത്തിനായി ഉസ്താദ് അഹോരാത്രം പരിശ്രമിക്കുകയുണ്ടായി. തന്റെ ജീവിത കാലത്തിന്റെ നല്ലൊരു ഭാഗവും സഅദിയ്യക്കായിരുന്നുവെന്ന് ഉസ്താദ് ഇടക്കിടെ പറയുമായിരുന്നു.
1989 ല്‍ സമസ്ത പുനസംഘടിപ്പിക്കപ്പെടുകയുണ്ടായി. അന്നത്തെ സ്ഥിതിക്ക് മുശാവറയില്‍ സത്യം തുറന്ന് പറയാന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ട ഉള്ളാള്‍ തങ്ങള്‍ സമസ്തയില്‍ നിന്നും ഇറങ്ങിപ്പോരുകയായിരുന്നു. കൂട്ടത്തില്‍ ചിത്താരി ഉസ്താദുമുണ്ടായിരുന്നു. ഇറങ്ങിപ്പോരുകയല്ലാതെ യാതൊരു നിര്‍വാഹമില്ലാത്തതിനാലാണ് അങ്ങനെ ചെയ്തതെന്ന് ഉസ്താദ് പറയാറുണ്ട്. ആയിടക്ക് കല്ലട്ര അബ്ബാസ് ഹാജി, കാഞ്ഞങ്ങാട്ട് മൂസ ഹാജിയെയും കൂട്ടി ഉസ്താദിനെ കാണാനെത്തി. ചിത്താരി മജീദ് ഹാജിയെക്കൊണ്ട് ഉസ്താദിനെ പിന്തിരിപ്പിക്കാനായിരുന്നു അവരുടെ പദ്ധതി. അന്ന് മജീദ് ഹാജി പറഞ്ഞത്, ഹംസ മുസ്‌ലിയാരെ അതിന് കിട്ടൂല, അതിന് പടച്ചോന്‍ തന്നെ വിചാരിക്കണമെന്നായിരുന്നു. ചെമ്പരിക്ക ഖാളിയെയും മറ്റു പലരെയും അവര്‍ സമ്മര്‍ദം ചെലുത്തി തിരികെ കൊണ്ട് പോയി.

പുനസംഘാടനത്തിനുശേഷം ഉസ്താദ് കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ വേണ്ടി വാഴക്കാടെത്തി. ഉസ്താദിന്റെ വീട്ടിലേക്ക് ആരെയും കടത്തി വിടുന്നില്ല. പക്ഷേ വാഴക്കാട്ടുകാരുടെ പ്രിയപ്പെട്ട ഹംസ ഉസ്താദിനെ തടയാന്‍ മാത്രം മനക്കരുത്തുള്ളവര്‍ വാഴക്കാട്ടുണ്ടായിരുന്നില്ല. നേരെ ഉസ്താദിന്റെ വീട്ടില്‍ കയറി. ഇവരെ സമസ്ത പുറത്താക്കിയതാണെന്ന് മകന്‍ പറഞ്ഞപ്പോള്‍ എങ്കില്‍ ഞാനും ഇവരുടെ കൂടെ പുറത്താണ് എന്നായിരുന്നു കണ്ണിയത്തുസ്താദിന്റെ മറുപടി. തുടര്‍ന്ന് അവിടുത്തെ പ്രാര്‍ത്ഥനയും വാങ്ങിയാണ് തിരികെ പോന്നത്.

കണ്ണൂര്‍ ജില്ല വിഭജിക്കപ്പെട്ടു. വടക്ക് ഭാഗം കാസര്‍ക്കോടായി മാറിയപ്പോള്‍ ജില്ലയിലെ പ്രധാന സംരംഭമായ സഅദിയ്യ കാസര്‍ക്കോട്ടായി. ഓരോ ജില്ലയിലും അഹ്ലുസുന്നത്തി വല്‍ ജമാഅതിന്റെ സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന പ്രഖ്യാപനവുമായി എറണാംകുളം സമ്മേളനം അവസാനിച്ചപ്പോള്‍ കണ്ണൂര്‍ ജില്ലാ നേതാക്കള്‍ ചര്‍ച്ചയാരംഭിച്ചു. ജില്ലയില്‍ ഒരു സ്ഥാപനം വേണം. ഉസ്താദ് കൂടുതല്‍ ചിന്തിക്കാന്‍ നിന്നില്ല. ബദ്‌രിയ്യ നഗറില്‍ അല്‍മഖര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉസ്താദ് സംതൃപ്തനായിരുന്നില്ല. ചെറിയൊരു ദര്‍സ് അല്ല തന്റെ സ്വപ്‌നമെന്ന് ഉസ്താദിനറിയാമായിരുന്നു. ആയിടക്കാണ് നാടുകാണിയിലെ ഏക്കര്‍ കണക്കിന് ഭൂമി വില്‍പനക്കുണ്ടെന്ന് ഉസ്താദറിയുന്നത്. ഉടനെ ചെറിയ വിലക്ക് പതിനഞ്ച് ഏക്കര്‍ ഭൂമി മഖറിന് വേണ്ടി വാങ്ങി അവിടെ പള്ളി പണിതു. തൊട്ടടുത്തുള്ള ഭൂമികളും വാങ്ങി. സുന്നത്ത് ജമാഅതിന്റെ പ്രവര്‍ത്തകര്‍ക്ക് കുറഞ്ഞ വിലക്ക് വിറ്റുഅതിലൂടെ അല്‍മഖറിനെ സ്‌നേഹിക്കുന്ന നാട്ടുകാരെ സൃഷ്ടിക്കാന്‍ ഉസ്താദിനായി.
സജീവമായ തന്റെ പ്രവര്‍ത്തന കാലയളവില്‍ ദീനിന്റെ പ്രാചരണത്തിന് വേണ്ടി പല സ്ഥാനങ്ങളും ഏറ്റെടുത്തിട്ടുണ്ട്. അല്‍മഖറിന്റെ പ്രസിഡണ്ട്, ജാമിഅ സഅദിയ്യയുടെ വൈസ് പ്രസിഡണ്ട്, മാട്ടൂല്‍ മന്‍ശഇന്റെ രക്ഷാധികാരി, തളിപ്പറമ്പ്, കണ്ണൂര്‍ സംയുക്ത ഖാളി, കേരള മുസ്‌ലിം ജമാഅത് ഉപദേശക സമിതി അംഗം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍, അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ കേന്ദ്രമുശാവറ സെക്രട്ടറി, എസ്.വൈ.എസ് സുപ്രീം കൗണ്‍സില്‍ അംഗം, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, മര്‍കസുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യ കമ്മിറ്റി അംഗം, അവിഭക്ത കണ്ണൂര്‍ സെക്രട്ടറി, അവിഭക്ത കണ്ണൂര്‍ ജനറല്‍ സെക്രട്ടറി, ജാമിഅ സഅദിയ്യ ജന. സെക്രട്ടറി, എസ്.വൈ.എസ് വര്‍ക്കിംഗ് പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി തുടങ്ങിയ നിരവധി ഇടങ്ങളില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്.

ലോക അറബിഭാഷാ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി നല്‍കിയ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ഉസ്താദിനായിരുന്നു. അറബി ഭാഷക്ക് നല്‍കിയ സേവനവും സംഭാവനയും പരിഗണിച്ചാണ് പ്രസ്തുത അവാര്‍ഡ് നല്‍കിയത്.

2018 ഒക്ടോബര്‍ 24 ന് തളിപ്പറമ്പ് ഏഴാം മൈലിലെ തന്റെ വസതിയില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കുമ്പോഴേക്ക് ഒരായുഷ്‌കാലം തീര്‍ക്കാനാവാത്ത പ്രവര്‍ത്തനങ്ങളുമായി ഉസ്താദ് ബഹുദൂരം മുന്നേറിയിരുന്നു.

അന്‍വര്‍ ബുഖാരി കാരേപറമ്പ്

—————————————————————————————————————————————–
ജനനായകന്റെ നാള്‍വഴികള്‍

കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം

പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദിന് ഇങ്ങനെയൊന്നും ആയാല്‍ പോരാ എന്ന ചിന്ത എന്തിനെപ്പറ്റിയുമുണ്ട്. അന്ന് ദര്‍സ് അവധിയില്‍ നാട്ടിലത്തുമ്പോള്‍ പള്ളിയിലാണ് മിക്കപ്പോഴുമുണ്ടാവുക. അപ്പോള്‍ പിന്നെ പള്ളി തന്നെയായി ആദ്യ കളരി. അങ്ങനെ റമളാന്‍ ലീവിന് നാട്ടിലെത്തിയാല്‍ പള്ളിയും പരിസരവുമൊക്കെ വൃത്തിയാക്കാന്‍ നില്‍ക്കും. അന്ന് പള്ളിയുടെ മേല്‍ഭാഗത്ത് ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണ നിസ്‌കാരത്തിനോ ജുമുഅക്കോ ഉപയോഗപ്പെടുത്താറില്ല. വൃത്തിഹീനമാണ്. അതുനന്നാക്കിയിട്ട് വേറെ കാര്യം എന്ന ചിന്തയില്‍ മേല്‍ഭാഗം വൃത്തിയാക്കി ഞങ്ങളുടെ താമസം അങ്ങോട്ടാക്കി. മിക്കപ്പോഴും പള്ളിയില്‍, പ്രത്യേകിച്ചും റമളാനില്‍. തറാവീഹിന് ശേഷം മുതഅല്ലിമുകളാരും ഉറുദിക്ക് വന്നില്ലെങ്കില്‍ ഞങ്ങള്‍ ഉറുദി പറയും. പിന്നീട് ആ റമളാന്‍ വഅ്‌ള് ഒഴിവാക്കിയില്ല. അക്കാലത്ത് മലപ്പുറം ഭാഗത്താണ് റമളാനിലെ പകല്‍ വഅ്‌ള് ഉണ്ടാവാറ്. കണ്ണൂരില്‍ രാത്രിയില്‍ വഅള് ഉണ്ടാവും. ഞങ്ങള്‍ തന്നെയാണ് യോഗ്യരെ കണ്ടെത്തി നടത്താറ്. കേള്‍ക്കാന്‍ വേണ്ടി വീട്ടിലെ സ്ത്രീകളൊക്കെ എത്തും. പിന്നെ അത് വിപുലമായി വന്നു. സ്ത്രീകള്‍ ആഭരണങ്ങളും സംഖ്യകളും സംഭാവനയായി നല്‍കാന്‍ തുടങ്ങി. അങ്ങനെ പള്ളി നിര്‍മാണവും പള്ളിക്ക് ആവശ്യമായ അറ്റകുറ്റപണികളും നടത്താന്‍ തീരുമാനിച്ചു. ശമ്പളത്തിന് വേണ്ടി വരെ അതുപയോഗപ്പെടുത്തി. അത് പ്രവര്‍ത്തന രംഗത്തും പ്രബോധന രംഗത്തും ഞങ്ങളെ വല്ലാതെ പ്രചോദിപ്പിച്ചു. ഘട്ടം ഘട്ടമായി അവിടുത്തെ പള്ളി മദ്‌റസകളുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമായി.
കാരണവന്മാരുടെ ഭരണം മാറി മാനേജിംഗ് കമ്മിറ്റി ഭരണം വന്നപ്പോള്‍ ഉപദേശക സമിതി മെമ്പര്‍മാരായി വിദ്യാര്‍ത്ഥികളായിരിക്കെതന്നെ ഞങ്ങള്‍ക്ക് അവസരം കിട്ടി. അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങളുമായി മുശാവറ നടത്തും. ഞങ്ങളുടെ അഭിപ്രായം കൂടി മാനിച്ചാണ് ആ മഹല്ലിലെ എല്ലാ പ്രവര്‍ത്തനങ്ങളും നടക്കാറുള്ളത്. കേരളത്തില്‍ ഏറ്റവും പ്രഗത്ഭനായ വാഇള് ആരെന്ന് കണ്ടെത്തി അവരെ ഞങ്ങളുടെ നാട്ടിലേക്ക് ക്ഷണിക്കാന്‍ ഞങ്ങള്‍ രണ്ട്‌പേരും കൂടി പോകുമായിരുന്നു. വിദ്യാര്‍ത്ഥികളാണെന്നൊന്നും നോക്കാതെ എത്ര വലിയ പ്രഭാഷകനാണെങ്കിലും തിരഞ്ഞുപിടിച്ച് ക്ഷണിച്ച് നാട്ടിലെത്തിക്കുമായിരുന്നു.
ദര്‍സില്‍ നാട്ടിലെ കുട്ടികളാണുണ്ടായിരുന്നത്. അവിടെ പുറം നാടുകളില്‍നിന്നുള്ള കുട്ടികളെ കൂടി ഉള്‍പെടുത്തി ദര്‍സ് വിപുലപ്പെടുത്താന്‍ തീരുമാനിച്ചു. അതിന്റെ ഉദ്ഘാടനത്തിന് അന്നത്തെ പ്രഗത്ഭ പണ്ഡിതനായ ശൈഖ് ഹസന്‍ ഹസ്‌റതിനെ വിളിക്കാന്‍ ധാരണയായി. ഞങ്ങള്‍ പാപ്പിനിശ്ശേരിയില്‍ ശൈഖ് ഹസന്‍ ഹസ്‌റത് നിസ്‌കരിക്കുന്ന പള്ളിയില്‍ മഗ്‌രിബിനെത്തി. അവിടെ ഹസന്‍ ഹസ്‌റതും, കെ.കെ.പി അബ്ദുസ്സലാം മുസ്‌ലിയാരുടെ പിതാവ് കുഞ്ഞമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. ഞങ്ങള്‍ ശൈഖ് ഹസന്‍ ഹസ്‌റതുമായി സംസാരിച്ച് കൂട്ടിക്കൊണ്ട് വന്ന് ദര്‍സിന്റെ ഉദ്ഘാടനം നിര്‍വഹിപ്പിച്ചു. അങ്ങനെയാണ് നാട്ടില്‍ ദര്‍സ് സ്ഥാപിക്കപ്പെട്ടത്. കാലങ്ങളോളം ആ ദര്‍സ് തുടര്‍ന്നുകൊണ്ടിരുന്നു.

എറണാകുളം സമ്മേളനത്തോടെയാണ് ആ ദര്‍സിന് പര്യവസാനമായത്. സമ്മേളനത്തിന്റെ വിജയത്തിന് വേണ്ടി മുദരിസും കുട്ടികളും നാട്ടുകാരും സജീവമായി പങ്കെടുത്തു. സമ്മേളനത്തിന് ശേഷം രാഷ്ട്രീയ ഇടപെടല്‍ തുടങ്ങി. സമ്മേളനത്തിന് പോവുമ്പോള്‍ തന്നെ പലരെയും പിന്തിരിപ്പിക്കാനുള്ള അടവുകള്‍ അവര്‍ പയറ്റിയിരുന്നു. ബസിന് കല്ലെറിഞ്ഞും കൂക്കി വിളിച്ചും പ്രയാസം സൃഷ്ടിച്ചു. എല്ലാം തരണം ചെയ്ത് സമ്മേളനം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ നിലവിലെ പള്ളിക്കമ്മിറ്റി മുദരിസിനെയും മുതഅല്ലിമുകളെയും പിരിച്ചുവിട്ടു എന്ന വിവരമാണ് ലഭിച്ചത്. കൂടെ സ്ഥിരം ഉപദേശക സമിതി അംഗങ്ങളായ ഞങ്ങളെയും ആ സ്ഥാനത്തു നിന്നും ഒഴിവാക്കി. എങ്കിലും പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു. പ്രവര്‍ത്തകരെ സാന്ത്വനിപ്പിച്ചു നിര്‍ത്തി.

ആയിടക്ക് അവിടത്തെ പ്രസിഡണ്ട് മരണപ്പെട്ടു. അയാളുടെയും സെക്രട്ടറിയുടെയും ഇടയില്‍ കുറച്ച് സംഖ്യയുടെ പേരില്‍ ആരോപണമുണ്ടായി. നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷി തന്നെ രണ്ടു ചേരിയായി. കയ്യാങ്കളിയാകുമെന്ന് വന്നപ്പോള്‍ അന്നത്തെ ഖതീബ് ഇടപെട്ടു. ജുമുഅക്ക് ശേഷം പ്രസംഗിച്ചു. ഈ പ്രശ്‌നം പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണമെന്ന് ജനങ്ങളെ കൊണ്ട് സമ്മതിപ്പിച്ചു. പണ്ഡിതന്മാരെ കണ്ടെത്താന്‍ ഖതീബിനെ ചുമതലപ്പെടുത്തി. പിറ്റേന്ന് തന്നെ ഖതീബ് എന്നെ വന്നു കണ്ടു. ഞാന്‍ ഹംസ ഉസ്താദിനെ വിളിച്ചു; നമ്മുടെ നാടാണ്. ഇവിടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് നമ്മളാണ് എന്നറിയിച്ചു. രണ്ട്‌പേരും കൂടി പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു. അതോടെ ഞങ്ങളെ പരിഗണിക്കുകയും പഴയ സ്ഥാനത്ത് തന്നെ നിര്‍ത്തുകയും ചെയ്തു.

കാലം വാര്‍ത്തെടുത്ത പ്രതിഭ

ദീനീ വിജ്ഞാനത്തിലെ അഗാധ പാണ്ഡിത്യം മാത്രമായിരുന്നില്ല, കന്‍സുല്‍ ഉലമക്ക് അതിനനുസൃതമായ പ്രവര്‍ത്തനങ്ങളുമായിരുന്നു. പഠിക്കുന്ന കാലത്ത് തന്നെ സൂക്ഷ്മശാലിയായിരുന്നു. അതോടൊപ്പം ഒരു മുതഅല്ലിം എന്ന നിലക്ക് മുഴുസമയം പഠനത്തിന് വിനിയോഗിക്കണം എന്ന കാഴ്ചപ്പാടുമായിരുന്നു. ദര്‍സ് ലീവാകുമ്പോള്‍ ഞങ്ങള്‍ വിനോദത്തിന് ശ്രമിക്കാറുണ്ട്. അപ്പോഴെല്ലാം പള്ളിയില്‍ പോയിരുന്ന് പഠിക്കുന്ന പ്രകൃതക്കാരനായിരുന്നു ഉസ്താദ്. കണ്ണിയത്തുസ്താദിന് ഇഷ്ടപ്പെട്ട ശിഷ്യരില്‍ പ്രധാനിയാണ് ഹംസ ഉസ്താദ്. ചിത്താരിയില്‍ ദര്‍സ് നടത്തുന്ന കാലത്തു തന്നെയാണ് കാഞ്ഞങ്ങാട് ഖാളിയായി വന്ദ്യരായ പി.എ ഉസ്താദ് സ്ഥാനമേല്‍ക്കുന്നത്. പലപ്പോഴും ചിത്താരിയിലെ പള്ളിയിലായിരുന്നു ഖാളിയുടെ താമസം. അതിനാല്‍ ഖാളി വിഷയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആളുകള്‍ ചിത്താരിയില്‍ വെച്ച് പി.എ ഉസ്താദിനോട് ചോദിക്കുമ്പോഴൊക്കെ അതിന് പരിഹാരം കാണാന്‍ ഉസ്താദ് ഉപയോഗപ്പെടുത്തിയത് പ്രിയശിഷ്യനെയായിരുന്നു. പ്രശ്‌നങ്ങള്‍ തന്ത്രപൂര്‍വമായ സമീപനത്തിലൂടെ പരിഹരിക്കുകയെന്നത് എല്ലാവര്‍ക്കും കഴിയുന്നതല്ല. ഹംസ ഉസ്താദിന് അത് കഴിയുമായിരുന്നു.
എസ്.വൈ.എസിന്റെ ഓര്‍ഗനൈസര്‍ എന്ന നിലയില്‍ ചിത്താരിയില്‍ വരുമ്പോഴെക്കെ അവിടെ താമസിക്കാറുണ്ട്. ചിത്താരിയില്‍ ഹംസ ഉസ്താദിനെ മുദരിസാക്കാന്‍ വേണ്ടി ക്ഷണിക്കാന്‍ എന്നെയാണ് നിയോഗിച്ചിരുന്നത്. പലയിടത്തേക്കും ഉസ്താദിനെ ക്ഷണിക്കേണ്ടി വരുമ്പോള്‍ സന്തതസഹചാരി എന്ന നിലക്ക് എന്നെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. അതിനു പുറമെ തന്റെ മകള്‍ക്ക് വേണ്ടി ഹംസ ഉസ്താദിനെ പുതിയാപ്പിളയായി ഭാര്യാപിതാവ് അന്വേഷിച്ചതും എന്നോടായിരുന്നു. അത്തരം നിര്‍ണായക ഘട്ടങ്ങളിലൊക്കെ അപ്പപ്പോള്‍ ഇടപെടുന്നതും നടപ്പില്‍ വരുത്തുന്നതും ഞങ്ങള്‍ പരസ്പരം സഹകരിച്ചായിരുന്നു. കയ്യത്തേക്ക് പുതിയാപ്ലയായി പോയാല്‍ തിരിച്ചുവരണമെങ്കില്‍ രണ്ടു ദിവസമെടുക്കും. ആ കല്യാണത്തിന് ബഹുമാനപ്പെട്ട കണ്ണിയത്തുസ്താദിനെ ക്ഷണിക്കാന്‍ വാഴക്കാട്ടേക്ക് പോയി. അന്ന് കണ്ണിയത്തുസ്താദ് പട്ടിക്കാട് ജാമിഅയില്‍ പരീക്ഷ സൂപ്പര്‍വൈസറായി പോയതായിരുന്നു. കുട്ടികളവിടെ ഫൈനല്‍ പരീക്ഷ എഴുതുകയാണ്. പരീക്ഷക്കിടയിലാണ് കണ്ണിയത്തുസ്താദ് ഹംസ ഉസ്താദിനെ കണ്ടത്. പരീക്ഷ ഹാളിലാണെന്നോ കുട്ടികളൊക്കെ പരീക്ഷയിലാണെന്നോ ശ്രദ്ധിക്കാതെ ഉസ്താദ് ഉറക്കെ പറഞ്ഞു. ‘അതാ ഹംസ ഉസ്താദ്.’

കല്യാണം പറയുന്നതിനിടയില്‍ കണ്ണിയത്തുസ്താദ് ഹംസ ഉസ്താദിനോട് സംശയം ചോദിക്കുന്നു. ‘സ്വദര്‍ മുഅല്ലിമിനാണോ പ്രിന്‍സിപ്പാളിനാണോ മുന്‍ഗണന’. ചോദ്യത്തിന്റെ പൊരുള്‍ മനസിലാക്കിയ ഹംസ ഉസ്താദ് വേഗത്തില്‍ മറുപടി പറഞ്ഞു. ‘അത് സ്വദര്‍ മുഅല്ലിമിനാണ്.’ കണ്ണിയത്തുസ്താദ് പറഞ്ഞു. ‘എന്നാ ഞാനാ സ്വദര്‍ മുഅല്ലിം.’

കണ്ണിയത്തുസ്താദിന്റെ മകന്റെ കല്യാണ നിശ്ചയം കഴിഞ്ഞ് എല്ലാവരും പിരിയുന്ന സമയത്താണ് കണ്ണിയത്ത് ഉസ്താദ് അന്വേഷിക്കുന്നത്, പുതിയാപ്പിളയുടെ വീട്ടിലേക്ക് എത്ര ആള്‍ക്കാര്‍ വരും. കൂട്ടത്തിലൊരാള്‍ പറഞ്ഞു. നൂറ്. അപ്പോള്‍ കണ്ണിയത്തിന്റെ മറുപടി ‘നൂറാളാണല്ലേ, നൂറ്റൊന്നാമത്തെ ആള്‍ വന്നാല്‍ പന്തലിന് പുറത്തായിരിക്കും.’ അങ്ങനെ എല്ലാം കൃത്യമായി പറയുന്ന കൂട്ടത്തിലായിരിക്കും. രഹസ്യമാക്കുന്ന സ്വഭാവം കണ്ണിയത്തിനില്ല. തുരുത്തിയില്‍ ദര്‍സ് നടത്തുമ്പോള്‍ ഹംസ ഉസ്താദിനെ വഅ്‌ളിന് ക്ഷണിച്ചു. വഅ്‌ള് കഴിഞ്ഞ് ഉസ്താദ് കമ്മിറ്റിക്കാരോട് യാത്ര പറഞ്ഞ് പിരിയുമ്പോള്‍ കണ്ണിയത്തുസ്താദ് വിളിച്ചു ചോദിച്ചു. ‘ഹംസേ, അവരെത്രയാ തന്നത്?’ വഅ്‌ളിന് കിട്ടിയ പണം ചോദിക്കുന്നതൊക്കെ കണ്ണിയത്തുസ്താദിന്റെ ഒരു ശീലമാണ്.

കണ്ണിയതുസ്താദിന്റെ ഈ ശീലം ഹംസ ഉസ്താദിനുമുണ്ട്. സ്ഥാപനത്തിന്റെ കളക്ഷന് വേണ്ടി വിദേശത്തൊക്കെ പോയി വല്ല അറബിയും നല്ല സംഭാവന കൊടുത്താല്‍ വന്ന ഉടനെ അത് എല്ലാവരെയും അറിയിക്കും. കൂടെയുള്ളവര്‍ പറയും ‘എന്തിനാ ഉസ്താദേ അങ്ങനെ പറയുന്നത്.’
ഉസ്താദ് പറയും: ‘അതെന്റെ ഒരു ശീലമാണ്.’ പലരും വലിയ സംഖ്യകളൊക്കെ സംഭാവനയായി സ്വീകരിച്ചാലും ആരൊക്കെ തന്നുവെന്നുപറയില്ല. ഹംസ ഉസ്താദ് തുറന്നുപറയും.

മഖര്‍ പിറക്കുന്നു
അല്‍മഖര്‍; ഹംസ ഉസ്താദിന്റെ സ്മാരകമാണ്. അത് വെറുമൊരു സ്ഥാപനമായല്ല ഉസ്താദ് കണ്ടത്. അല്‍മഖര്‍ ഒരു ഗ്രാമമായിരിക്കണം എന്നായിരുന്നു ആഗ്രഹം. വലിയൊരു ഭൂപ്രദേശം എന്നതായിരുന്നു സ്ഥലം വാങ്ങാനുള്ള ഹംസ ഉസ്താദിന്റെ പ്രചോദനം. ജനവാസമില്ലാത്ത, മൃഗങ്ങള്‍ പോലും താമസിക്കാന്‍ ഭയക്കുന്ന സ്ഥലം വില്‍പനക്കുണ്ടെന്ന് കേട്ടപ്പോള്‍ ആ സ്ഥലം വാങ്ങി സ്ഥാപനത്തിന് മുതല്‍ കൂട്ടാക്കണമെന്ന് ഉസ്താദ് തീരുമാനിക്കുകയായിരുന്നു. സ്ഥാപനത്തെ സ്‌നേഹിക്കുന്ന ഒരു ഗ്രാമം കൂടി സൃഷ്ടിക്കാനായിരുന്നു അടുത്ത പദ്ധതി. നാടുകാണിയെ നാട്ടിന്‍പുറമാക്കുക. അതിനായി അതിനടുത്ത പ്രദേശങ്ങള്‍കൂടി വിലക്ക് വാങ്ങി. ആദര്‍ശബോധമുള്ള ആളുകള്‍ക്ക് ചെറിയ വിലക്ക് വിറ്റു. ചെറിയ ചെറിയ സ്ഥലങ്ങള്‍ കൈവശപ്പെടുത്തി ദീനീ ബോധമുള്ളവര്‍ അവിടെ വീടുകള്‍ പണിത് സ്ഥിര താമസക്കാരായി.
പുതിയൊരു ഗ്രാമം പിറക്കുകയായിരുന്നു. പള്ളിസ്ഥാപിച്ചതോടെ മഖറിന് കീഴിലുള്ള മഹല്ലായി അത് മാറി. സമ്പൂര്‍ണമായ ഒരു സുന്നി മഹല്ല്. കാലാന്തരത്തില്‍ മഹല്ല് വികസിച്ചു വലുതായി. ധാരാളം സ്ഥാപനങ്ങള്‍ പിറവിയെടുത്തു.

കണ്ണൂര്‍ ജില്ലയിലെ പ്രത്യേക ആചാരപ്രകാരം പെണ്‍വീട്ടിലാണല്ലോ പുതിയാപ്ല താമസിക്കുന്നത്. മലബാറില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും പുരുഷന്മാര്‍ വിവാഹം കഴിക്കുകയും വിവാഹ ജീവിതം പൂര്‍ത്തിയാക്കാതെ വിധവയാക്കി പോകുന്നതും സ്ഥിരസംഭവങ്ങളായിരുന്നു. ജീവിതകാലം മുഴുവന്‍ കണ്ണീരു കുടിക്കേണ്ടി വരുന്ന ഇത്തരം സംഭവങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന ചര്‍ച്ചയില്‍ നിന്നാണ്, സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം കൊടുക്കുകയും മാന്യമായി ജീവിക്കാന്‍ അവസരം സൃഷ്ടിക്കുകയും ചെയ്താല്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് പരിഹാരമാകുമെന്ന് ഹംസ ഉസ്താദ് മനസിലാക്കുന്നത്. അതിനു വേണ്ടിയുള്ള ചിന്തയായി പിന്നീട്. പെണ്‍കുട്ടികള്‍ക്കായുള്ള യതീംഖാനയും ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജും അഗതി മന്ദിരവും സ്ഥാപിച്ച് ഇതിന് പരിഹാരം കാണുകയായിരുന്നു. സമ്പന്ന വീടുകളിലെ പെണ്‍കുട്ടികളെയും ഉള്‍കൊള്ളാവുന്ന നിലക്ക് പ്രത്യേക സൗകര്യമുള്ള സ്ഥാപനങ്ങളടക്കം ആറോളം സ്ഥാപനങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം അല്‍മഖറിന് കീഴിലുണ്ട്.

പ്രായമായ കുട്ടികളെ അനുയോജ്യരായ ഭര്‍ത്താക്കന്മാരെ കണ്ടെത്തി വിവാഹം ചെയ്തു കൊടുക്കുന്നതുകൂടി സ്ഥാപനത്തിന്റെ പ്രവര്‍ത്തനപരിധിയില്‍ പെടുത്തി. റബ്ബിന്റെ മഹത്തായ തൗഫീഖ് കൊണ്ട് ഇപ്പോള്‍ നൂറ്റിഇരുപതിലധികം പെണ്‍കുട്ടികള്‍ കുടുംബമായി സസന്തോഷം ജീവിക്കുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലെന്ന പോലെ ജീവകാരുണ്യ മേഖലയിലും സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നത് കന്‍സുല്‍ ഉലമയുടെ ലക്ഷ്യമാണ്. ആതുര സേവനത്തിലും രോഗശുശ്രൂഷയിലും മഖര്‍ മുന്‍പന്തിയിലുണ്ട്. മംഗലാപുരം മെഡിക്കല്‍ കോളജുമായി സഹകരിച്ച് സാധുക്കളായ ആളുകള്‍ക്ക് സൗജന്യചികിത്സ നല്‍കുന്നു. പാവപ്പെട്ട രോഗികള്‍ അല്‍മഖറില്‍ നിന്ന് കാര്‍ഡ് വാങ്ങി ചികിത്സ നടത്തി സുഖമായി സന്തോഷം പങ്കിട്ട സംഭവങ്ങള്‍ നിരവധിയാണ്.
പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ജീവിതങ്ങളുണ്ട്, ജീവിക്കാന്‍ വകയില്ലാതെ തെരുവിന്റെ സന്തതികളായി പോകുന്ന നിരവധി ബാല്യങ്ങള്‍. സ്‌നേഹഭവന്‍ എന്ന പേരില്‍ വലിയൊരു പദ്ധതി ആവിഷ്‌കരിക്കുകയുണ്ടായി. ഇതിന് സ്വന്തമായി ബില്‍ഡിംഗും സൗകര്യങ്ങളും ഉണ്ടാകുന്നത് വരെ കാത്തിരിക്കാനാവില്ല എന്നു മനസിലാക്കിയ ഉസ്താദ് നമ്മുടെ വേറൊരു സ്ഥാപനത്തിന്റെ നിലവിലുള്ള ബില്‍ഡിംഗ് ഉപയോഗപ്പെടുത്തി സ്ഥാപനം തുടങ്ങി. ഇരുപതോളം അന്തേവാസികളുണ്ടായിരുന്നു. ഇപ്പോഴതിന് സ്വന്തമായി എല്ലാ സൗകര്യങ്ങളുമുള്ള ബില്‍ഡിംഗ് ആയി.

അല്‍ മഖറിന്റെ ശ്രദ്ധേയമായ പദ്ധതിയാണ് സിദ്‌റ അക്കാദമി. ആറാം ക്ലാസ് മുതല്‍ തന്നെ കുട്ടികളെ ഏറ്റെടുത്ത് രണ്ട് വിദ്യാഭ്യാസവും മികച്ച ശിക്ഷണവും നല്‍കി വളര്‍ത്തുന്ന വലിയ ദൗത്യമാണത്. നമ്മുടെ സ്ഥാപനങ്ങളില്‍ പലപ്പോഴും വിദ്യാഭ്യാസ രംഗത്ത് പരിമിതമായ അറിവ് നല്‍കി ജീവിക്കുന്നതിന് പകരം എത്രത്തോളം ഈ രംഗത്ത് മുന്നേറാനാവുമോ അത്രയും എത്തിക്കുക എന്നതാണ് സിദ്‌റയുടെ ലക്ഷ്യം.

ഉസ്താദും അല്‍മഖറും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് മരിക്കുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സ്ഥാപനത്തിന്റെ ചാരത്ത് അന്ത്യവിശ്രമം കൊള്ളണം എന്നാഗ്രഹം. താന്‍ ഭൗതികമായി മറഞ്ഞാലും ആത്മീയമായി ഞാനീ സ്ഥാപനത്തോടൊപ്പമുണ്ടാവണം എന്ന ലക്ഷ്യമായിരുന്നു അത്. അതിന് വേണ്ടി പള്ളിയുടെ അടുത്തുള്ള അല്പം സ്ഥലം വില കൊടുത്ത് വാങ്ങി. അവിടെ മറവ് ചെയ്യണമെന്നും പറഞ്ഞിരുന്നു. സ്ഥാപനത്തിന്റെ സ്ഥലത്തായിരുന്നില്ല മറവ് ചെയ്തത്. അങ്ങനെ ചെയ്യാന്‍ പറ്റില്ലല്ലോ. വളരെ സൂക്ഷ്മതയോടെയാണ് ഉസ്താദ് ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്തത്.

—————————————————————————————————————————————-

കണ്ണൂരിന്റെ കാവലാള്‍

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി
1990കളിലാണ് ഞാന്‍ തളിപ്പറമ്പിലെ ചിത്താരി ഉസ്താദിന്റെ ദര്‍സിലെത്തുന്നത്. ഒട്ടനവധി പണ്ഡിതരെ സമൂഹത്തിന് സമര്‍പ്പിച്ച വൈജ്ഞാനിക ദേശങ്ങളിലൊന്നാണ് തളിപ്പറമ്പ്.
ചരിത്ര പ്രസിദ്ധമായ ഖുവ്വതുല്‍ ഇസ്‌ലാം അറബിക് കോളജ്, തളിപ്പറമ്പിന്റെ ജ്ഞാന പ്രതാപം വിളിച്ചറിയിക്കുന്നതാണ്. 1917ല്‍ സ്ഥാപിക്കപ്പെട്ട ഖുവ്വത് വിജ്ഞാന കുതുകികളായ വിദ്യാര്‍ത്ഥികളാലും അറിവിന്റെ നിറകുടങ്ങളായ പണ്ഡിത പ്രതിഭകളാലും സമ്പന്നമായിരുന്നു. താജുല്‍ഉലമ ഉള്ളാള്‍ തങ്ങള്‍, സി എം വലിയുല്ലാഹി, ശൈഖുന ഇ കെ ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങി മുസ്‌ലിം കേരളത്തിന്റെ ആത്മീയ നായകരായ പലരും ഖുവ്വത്തിന്റെ സന്തതികളാണ്. ശംസുല്‍ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെയും നൂറുല്‍ഉലമ എം എ ഉസ്താദിന്റെയും കര്‍മഭൂമി കൂടിയായിരുന്നു ഒരുകാലത്ത് തളിപ്പറമ്പും ഖുവ്വതും.

എന്നാല്‍ ഖുവ്വതിന്റെ പ്രതാപവും തളിപ്പറമ്പിന്റെ മതകീയ പാരമ്പര്യവും പതുക്കെ മങ്ങിത്തുടങ്ങുകയും തബ് ലീഗ് ജമാഅത്തും നജ്ദിയന്‍ പ്രമാണങ്ങളും സാധാരണക്കാരെ സ്വാധീനിക്കുകയും ചെയ്തു. ഇതിനെതിരായ പണ്ഡിത ശബ്ദങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ രാഷ്ട്രീയ നേതൃത്വവും രംഗത്തുവന്നു. ഈ സമയത്താണ് കാലഘട്ടത്തിന്റെ വിളികേട്ട ധീരനായ ആ പണ്ഡിതന്‍, ശൈഖുന കെ പി ഹംസ മുസ്‌ലിയാര്‍ 1989ല്‍ തന്റെ ജന്മനാടുകൂടിയായ തളിപ്പറമ്പില്‍ വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. തളിപ്പറമ്പിന്റെ വൈജ്ഞാനികപ്പെരുമ തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം കണ്ണൂര്‍ ജില്ലയിലെ സുന്നികള്‍ക്ക് വലിയൊരു ആസ്ഥാനം എന്ന ലക്ഷ്യത്തോടെയായിരുന്നു അല്‍മഖര്‍ സ്ഥാപിച്ചത്. നൂറ് ഏക്രയോളം വരുന്ന വിശാലതയില്‍ പരന്ന് പന്തലിച്ചുനില്‍ക്കുന്ന അല്‍മഖര്‍ സ്ഥാപനങ്ങള്‍ ചിത്താരി ഉസ്താദിന്റെ ദീര്‍ഘദൃഷ്ടിയുടെയും ധൈഷണിക പാടവത്തിന്റെയും തിളക്കമേറിയ ഉദാഹരണമാണ്.

ഉസ്താദിന്റെ ഗുരുവര്യരായ പി എ ഉസ്താദിന്റെയും റഈസുല്‍മുഹഖിഖീന്‍ കണ്ണിയത്ത് അഹ് മദ് മുസ്‌ലിയാരുടെയും അനുഗ്രഹങ്ങള്‍ വാങ്ങി കര്‍മ ഗോദയിലിറങ്ങിയതാണ് ചിത്താരി ഉസ്താദ്. തൊള്ളായിരത്തി എഴുപതുകളില്‍ പഴയങ്ങാടിയിലും മാട്ടൂലിലും തലപൊക്കിയ ഖാദിയാനിസത്തെ വേരോടെ പിഴുതെറിയാന്‍ സാധിച്ചത് കന്‍സുല്‍ഉലമയുടെ ധീരമായ ഇടപെടലുകളായിരുന്നു. ഞങ്ങള്‍ പഠിക്കുന്ന കാലത്ത് വിദ്യാര്‍ത്ഥി സമാജത്തിന്റെ ബാനറില്‍ ‘ഖാദിയാനികള്‍ മുസ്‌ലിംകളാണോ?’ എന്ന തലക്കെട്ടില്‍ ഖാദിയാനിസത്തിനെതിരെ ഉസ്താദിനെ കൊണ്ട് ഒരു പ്രഭാഷണം സംഘടിപ്പിക്കുകയും അതിന്റെ കാസറ്റുകള്‍ പലയിടത്തും വിതരണം നടത്തുകയും ചെയ്തു. ഖാദിയാനിസത്തെ കുറിച്ച് പലര്‍ക്കും അറിയാത്ത ഒട്ടേറെ വിവരങ്ങള്‍ ചിത്താരി ഉസ്താദിന്റെ കയ്യിലുണ്ട്. ഖുര്‍ആനും ഹദീസും ചരിത്ര സംഭവങ്ങളും ആധുനിക പണ്ഡിതന്മാരുടെ ഫത്‌വകളും എല്ലാം നിരത്തിക്കൊണ്ടാണ് ഒന്നരമണിക്കൂര്‍ നീണ്ട ഉസ്താദിന്റെ പ്രഭാഷണം. ഖാദിയാനി കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയ ഒരു പ്രഭാഷണമായിരുന്നു അത്.
കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ ശക്തമായപ്പോള്‍ യേശുവിന്റെ ദിവ്യത്വം പ്രമാണങ്ങള്‍ നിരത്തി ചോദ്യം ചെയ്തുചിത്താരി ഉസ്താദ്. കുരിശില്‍ തറക്കപ്പെട്ട ശരീരം ഈസാനബി(അ) അല്ലെന്ന് സമര്‍ത്ഥിച്ചതോടെ ക്രൈസ്തവ പാളയത്തില്‍ ഞെട്ടലുണ്ടാക്കി. കണ്ണൂര്‍ ജില്ലയിലെ പലഭാഗത്തും ക്രിസ്ത്യാനികളുടെ വൈരുധ്യവാദങ്ങളെ തുറന്നുകാട്ടി ഉസ്താദ് ഇത്തരത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ തിങ്ങിത്താമസിക്കുന്ന ആലക്കോട് രായരോം, ചെറുപുഴ, വയക്കര, കേല്‍പ്പള്ളി, പരുപ്പ തുടങ്ങിയ മലയോര മേഖലകള്‍ ക്രിസ്ത്യാനികളുടെ സാമ്പത്തിക സഹായങ്ങളില്‍ ആകൃഷ്ടമായി മതനിഷേധത്തിലേക്ക് പോകാതിരിക്കാന്‍ ഉസ്താദ് തന്നെ മുന്‍കൈ എടുത്ത് പല വിദ്യാഭ്യാസ, സേവന സംരംങ്ങളും നടപ്പില്‍ വരുത്തിയിട്ടുണ്ട്. എസ് വൈ എസിന്റെ സാന്ത്വനം പദ്ധതികള്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പരിയാരം മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ‘കാരുണ്യ’ എന്ന പേരില്‍ പ്രബോധന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ഉസ്താദ് തുടക്കം കുറിച്ചു.
കണ്ണൂര്‍ ജില്ലയില്‍ സുന്നി ആദര്‍ശപ്രചാരണത്തിന് വേഗം കൂട്ടുന്നതിന് വേണ്ടി ഉസ്താദ് തന്നെ മുന്‍കൈയെടുത്താണ് സിറാജ് കണ്ണൂര്‍ എഡിഷന്‍ ആരംഭിക്കുന്നത്. ജില്ലയിലെ എല്ലാ മുക്കുമൂലകളിലും നമ്മുടെ ശബ്ദം എത്തണമെന്ന നിര്‍ബന്ധം ഉസ്താദിനുണ്ടായിരുന്നു. സാമ്പത്തികബാധ്യത വരുന്ന ഈ പദ്ധതിയുടെ വലിയ ഭാഗവും ഉസ്താദ് തന്നെയാണ് ഏറ്റെടുത്തത്. വിടപറയുമ്പോള്‍ കണ്ണൂര്‍ സിറാജിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കൂടിയായിരുന്നു ഉസ്താദ്.

തവസ്സുലും ഇസ്തിഗാസയും ബറകത്തെടുക്കലും ഖബര്‍ സിയാറത്തും തുടങ്ങി സുന്നി വിശ്വാസാചാരങ്ങളെ പ്രമാണ ബദ്ധമായി അവതരിപ്പിക്കാന്‍ ചിത്താരി ഉസ്താദിന് പ്രത്യേക കഴിവുണ്ടായിരുന്നു. ഏതൊരു അസുന്നിയും കേട്ടിരുന്നുപോകും ഉസ്താദിന്റെ പ്രഭാഷണം.
തൊള്ളായിരത്തി എഴുപതുകളില്‍ സുന്നി വിശ്വാസങ്ങളെയും പണ്ഡിതന്മാരെയും പരിഹസിച്ച് രംഗത്തുവന്ന എം ഇ എസിനെതിരെ സമസ്ത ശക്തമായ തീരുമാനമെടുത്തപ്പോള്‍ മതപണ്ഡിതന്മാരെ തിരുത്താന്‍ ഒരു ഡോക്ടറും വളര്‍ന്നിട്ടില്ലെന്ന് എം ഇ എസിനും അതിന്റെ പ്രസിഡന്റായ ഡോ. ഗഫൂറിനും കണക്കിന് കൊടുത്ത് നാടുനീളെ ഉസ്താദ് പ്രസംഗിച്ചിട്ടുണ്ട്. ഇരിക്കൂറില്‍ വെച്ച് ഉസ്താദ് നടത്തിയ പ്രഭാഷണം ആവേശത്തോടെ ഓര്‍ക്കുന്നവര്‍ ഇപ്പോഴും അവിടെയുണ്ട്.

പാലോട്ട് മൂസക്കുട്ടി ഹാജിയും ടി കെ അബ്ദുല്ല മൗലവിയും ജീവിച്ച കണ്ണൂരില്‍ വഹാബികള്‍ക്കും മൗദൂദികള്‍ക്കും വേണ്ടവിധം ഗ്രിപ്പ് കിട്ടാതെ പോയത് ചിത്താരി ഉസ്താദിനെ പോലുള്ള പണ്ഡിതന്മാരുടെ നേതൃത്വവും പ്രവര്‍ത്തനങ്ങളുമാണ്.

ജാമിഅ സഅദിയ്യയും അല്‍മഖറും കൂടാതെ നിരവധി പള്ളികളും മദ്‌റസകളും യതീം ഖാനകളും ഉസ്താദ് വഅള് പറഞ്ഞ് നിര്‍മിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് തന്നെ വാഴക്കാട്ട് കണ്ണിയത്ത് ഉസ്താദിന്റെ ആഗ്രഹപ്രകാരം ഉസ്താദിന്റെ വീടിനോട് ചേര്‍ന്ന് അസാസുല്‍ ഇസ്‌ലാം മദ്‌റസ സ്ഥാപിച്ചത് ചിത്താരി ഉസ്താദിന്റെ പരിശ്രമമായിരുന്നു. വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ പോയി വഅള് പറഞ്ഞും പ്രമുഖരെ കണ്ട് സംഭാവന സ്വീകരിച്ചുമാണ് ഇതിലേക്കാവശ്യമായ ഫണ്ട് സ്വരൂപിച്ചത്. അതുകൊണ്ടുതന്നെ വാഴക്കാട്ടുകാര്‍ ചിത്താരി ഉസ്താദിനെ അല്‍ഉസ്താദ് എന്നാണ് വിളിച്ചിരുന്നത്. ഇത് ചിത്താരി ഉസ്താദിന് നാട്ടുകാരില്‍നിന്ന് കിട്ടിയ അംഗീകാരമായിരുന്നു. കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറക്കല്‍ സ്വരൂപത്തിന്റെ അധീനതയിലുള്ള കണ്ണൂരിലെ കാംബസാറില്‍ ദിവസങ്ങളോളം വഅള് പറഞ്ഞ് സ്ഥാപിച്ചതാണ് കാംബസാറിലെ ദര്‍സ്. കാഞ്ഞങ്ങാട് ഖാളിയായിരുന്ന യു കെ ആറ്റക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും അവിടെ ദര്‍സ് നടത്തിയിട്ടുണ്ട്. തളിപ്പറമ്പ് ഏഴാം മൈലിലെ ഉസ്താദിന്റെ വീടിനോട് ചേര്‍ന്നുള്ള ജുമുഅത്ത് പള്ളി സ്വന്തം സ്ഥലത്ത് ഉസ്താദ് തന്നെ സ്ഥാപിച്ചതാണ്. രോഗിയാവുന്നത് വരെ ഇമാമിനുള്ള ശമ്പളവും മറ്റ് ചെലവുകളും ഉസ്താദ് തന്നെയായിരുന്നു വഹിച്ചിരുന്നത്. ഉപരിപഠനം നടത്തുന്ന മതവിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടപ്പില്‍ വരുത്തിയ മുതഅല്ലിം സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ അണിയറയിലും ഉസ്താദ് തന്നെയായിരുന്നു.

അവിഭക്ത കണ്ണൂര്‍ ജില്ലയുടെ ആസ്ഥാന മന്ദിരമായി സ്ഥാപിക്കപ്പെട്ട ജാമിഅ: സഅദിയ്യ കന്‍സുല്‍ഉലമയുടെ പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. ചിത്താരിയില്‍ ദര്‍സ് നടത്തുന്ന കാലത്താണ് കല്ലട്ര അബ്ദുല്‍ഖാദിര്‍ ഹാജി തന്റെ സ്വപ്‌നം ഉസ്താദിനെ അറിയിക്കുന്നത്. പിന്നീട് സമസ്ത ജില്ലാ നേതൃത്വത്തിന് കീഴില്‍ സഅദിയ്യ സ്ഥാപിക്കപ്പെട്ടു. സ്ഥാപിത കാലം തൊട്ട് അതിന്റെ ജനറല്‍ സെക്രട്ടറിയും, പിന്നീട് വൈസ് പ്രസിഡന്റുമായി. ഏറെക്കാലം സഅദിയ്യയില്‍ ദര്‍സ് നടത്തിയിരുന്നു.

അറുപതോളം മഹല്ലുകളെ സംഘടിപ്പിച്ച് കാഞ്ഞങ്ങാട് സംയുക്ത മഹല്ല് ജമാഅത്ത് രൂപീകരിച്ചതും ചിത്താരി ഉസ്താദിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായതാണ്. തന്റെ ഗുരുവും പ്രഗത്ഭ പണ്ഡിതനുമായ പി എ ഉസ്താദിനെ ഖാളിയാക്കിക്കൊണ്ട് രൂപീകരിക്കപ്പെട്ട കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന് സ്വന്തമായി ഖാളി ഹൗസും മസ്‌ലഹത്ത് കോടതിയും നിലവില്‍ വന്നു. ഒരുപക്ഷേ കേരളത്തിലെ തന്നെ ആദ്യ സംയുക്ത ജമാഅത്താണ് ഇതെന്ന് പറയാം. ഒരുപാട് എതിര്‍പ്പുകള്‍ ഉസ്താദ് ഇതിന്റെ പേരില്‍ നേരിടേണ്ടിവന്നിട്ടുണ്ട്.

—————————————————————————————————————————————–

ഞങ്ങളെ അണച്ചുകൂട്ടിയ സ്‌നേഹം

പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നരിക്കോട്
ഉസ്താദ് ചിത്താരി ഹംസ മുസ്‌ലിയാരുമായി അഞ്ച് പതിറ്റാണ്ടുകാലത്തെ വ്യക്തിബന്ധമുണ്ട്. പരിചയപ്പെട്ടതുമുതലേ ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. സഹപ്രവര്‍ത്തകനായാണ് കൂടെ ഉണ്ടായതെങ്കിലും ഗുരുവും മാര്‍ഗനിര്‍ദേശകനും എല്ലാമായിരുന്നു ഉസ്താദ്.
പട്ടുവത്തുകാരനാണ് ഉസ്താദ്. അവിടെ ദര്‍സില്‍ ഓതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. സൈതലവി മുസ്‌ല്യാരായിരുന്നു അന്ന് എന്റെ ഉസ്താദ്.
പിന്നീട് ഞങ്ങളുടെ ബന്ധം ദൃഢമാകുന്നത് ഉസ്താദ് ചിത്താരിയില്‍ മുദരിസായി സേവനം ചെയ്യുമ്പോഴായിരുന്നു. അക്കാലത്ത് ഞാന്‍ മംഗലാപുരം അസ്ഹരിയ്യയില്‍ മുഅല്ലിമായി സേവനം ചെയ്യുകയാണ്. മംഗലാപുരത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ ചിത്താരിയിലിറങ്ങും. അവിടെ ഹംസ ഉസ്താദ് മുദരിസും ഉസ്താദ് പി എ അബ്ദുല്ല മുസ്‌ലിയാര്‍ ഖാളിയുമായിരുന്നു. പി.എ ഉസ്താദ് ചിത്താരിയില്‍ ഹംസ ഉസ്താദിനൊപ്പമാണ് താമസിക്കാറ്. നിരവധി പ്രശ്‌നങ്ങളുടെ പരിഹാരം തേടാനും മസ്അല സംബന്ധിയായ നിവാരണങ്ങള്‍ക്കുമൊക്കെയാണ് ഞാന്‍ ചിത്താരിയിലെത്താറുള്ളത്. അതോടൊപ്പം സംയുക്ത ജമാഅത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ടും അവരെ സമീപിക്കുന്നത് പതിവായി. ഹംസ ഉസ്താദ് പ്രഭാഷണ മേഖലയിലും സംഘാടനത്തിലും ഏറെ പ്രശോഭിച്ച് നില്‍ക്കുന്ന കാലം. ഖാളിയായിരുന്ന പി. എ. ഉസ്താദ് പല പ്രശ്‌ന പരിഹാരങ്ങളുടെയും മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ ഹംസ ഉസ്താദിനെയായിരുന്നു ഏല്‍പിച്ചിരുന്നത്.

തളിപ്പറമ്പ് താലൂക്ക് സുന്നി യുവജന സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് അല്‍പകാലത്തിനുശേഷം ഞങ്ങള്‍ വീണ്ടും ഒന്നിക്കുന്നത്. അന്ന് ഞാന്‍ താലൂക്ക് എസ്.വൈ.എസിന്റെ ജോ.സെക്രട്ടറിയായിരുന്നു. സഹപ്രവര്‍ത്തകനായി അദ്ദേഹത്തോടൊപ്പം കൂടെ നില്‍ക്കുമ്പോഴും ഒരു ഉസ്താദില്‍ നിന്നെന്ന പോലെ വിജ്ഞാനങ്ങള്‍ അല്‍പാല്പമായി നേടിയെടുക്കാന്‍ ഞാനും ശ്രമിച്ചു. കര്‍മശാസ്ത്രസംബന്ധിയായ നിരവധി വിഷയങ്ങള്‍ പലപ്പോഴായി പഠിച്ചെടുത്തു. അത്തരത്തിലുള്ള എല്ലാ വിഷയങ്ങള്‍ക്കും അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു.

സാഹിത്യ സമ്പുഷ്ടവും പഠനാര്‍ഹവുമായ ആ പ്രസംഗങ്ങളോട് വല്ലാത്തൊരിഷ്ടമായിരുന്നു എനിക്ക്. ഞാന്‍ മെട്ടമ്മലില്‍ എം.എ ഉസ്താദിന്റെയടുത്ത് ദര്‍സില്‍ ഓതിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ മദ്രസയില്‍ മുഅല്ലിമായും സേവനം ചെയ്തിരുന്നു. അതിനാല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാനും സാധിച്ചു. ആ സമയത്ത് ദക്ഷിണ കന്നഡ ഭാഗങ്ങളില്‍ പ്രഭാഷണത്തിന് ആളെ ആവശ്യമായി വന്നാല്‍ ഹംസ ഉസ്താദിനെ വിളിക്കും. ഇങ്ങനെ പൊതുവേദികളിലും ഞങ്ങളൊരുമിച്ചു. തളിപ്പറമ്പ് താലൂക്ക് എസ്.വൈ.എസ്, സംയുക്ത ജമാഅത്ത്, ജംഇയ്യത്തുല്‍ ഉലമ എന്നിവയിലെല്ലാം പ്രവര്‍ത്തിച്ചതിന്റെ തുടര്‍ച്ചയായാണ് ഞങ്ങള്‍ അല്‍മഖറിന്റെയും പ്രധാന പ്രവര്‍ത്തകരായി ഒരുമിച്ചത്. കെ.പി അബൂബക്കര്‍ മുസ്‌ല്യാര്‍ പട്ടുവവും അല്‍മഖറിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പ്രധാന ഭാരവാഹിയായിരുന്നു. പിന്നീട് കണ്ണൂര്‍ ജില്ലയിലെ സുന്നി സംഘടനകളുടെ വേദികളിലെല്ലാം ഞങ്ങള്‍ ഒരുമിച്ച് പങ്കെടുത്തു. അല്‍മഖറിന് വേണ്ടിയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഞങ്ങള്‍ മൂന്ന് പേരുടെയും യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. തമാശയായിട്ട് പലരും ഞങ്ങളെ ‘മുക്കൂട്ട് മുന്നണി’ എന്നൊക്കെ വിളിച്ചതായി ഓര്‍ക്കുന്നു. ഒരിക്കല്‍ ഹംസ ഉസ്താദ് ഞങ്ങളെ വലത്തും, ഇടത്തുമായി ചേര്‍ത്ത് നിര്‍ത്തി ഇരുകൈകള്‍ കൊണ്ടും ഞങ്ങളെ അണച്ചു പിടിച്ചു. അപ്പോള്‍ ആ ‘മുക്കൂട്ടുമുന്നണി’ എനിക്ക് സുഖകരമായ ഒരു വിളിപ്പേരായിത്തോന്നി.
എപ്പോഴും ആ സ്‌നേഹം എന്നെയും എന്റെ കുടുംബത്തെയും തഴുകിയിരുന്നു. വീട്ടിലെ പരിപാടികള്‍ക്കൊക്കെ അന്യോന്യം ക്ഷണിക്കുകയും, ക്ഷണം സ്വീകരിക്കുകയും ചെയ്യും. ഈയിടെ ഞാന്‍ അസുഖമായി വിശ്രമിക്കുന്ന നേരത്ത് എന്നോട് പറഞ്ഞത് ‘എന്റെ അനാരോഗ്യത്തെക്കാളും എന്നെ സങ്കടപ്പെടുത്തുന്നത് നിങ്ങളുടെ അസുഖമാണെന്നാണ്.’
ഉസ്താദിന്റെ ആരോഗ്യകാലത്ത് അല്‍മഖറിന്ന് വേണ്ടി കഠിനമായി പരിശ്രമിച്ചു. അല്‍മഖറിന്റെ ആദ്യത്തെ എട്ട് വര്‍ഷക്കാലം പ്രതിരോധ കാലമായിരുന്നു. രാഷ്ട്രീയക്കാരും, സുന്നി വിരുദ്ധരും പല രീതിയിലും ഞങ്ങളെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഹംസ ഉസ്താദിന്റെ മനക്കരുത്ത് ഒരു മതില്‍ക്കെട്ട് പോലെ കാത്തു. ഇന്ന് അഭിമാനകരമായ രീതിയില്‍ അല്‍മഖര്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുകയാണ്. ഹംസ ഉസ്താദിന്റെ പരിശ്രമങ്ങളൊന്നും പടച്ചറബ്ബ് വെറുതെയാക്കിയില്ലല്ലോ.

——————————————————————————————————————-

കഴിവുകള്‍ കണ്ടറിഞ്ഞ്

പി കെ ഉമര്‍ മുസ്‌ലിയാര്‍ നരിക്കോട്
1980 കളിലാണ് ഞാന്‍ ഗള്‍ഫിലെത്തുന്നത്. 82-83 കാലത്ത് ജാമിഅ സഅദിയ്യക്ക് വേണ്ടി ഉസ്താദ് ചിത്താരി ഹംസ മുസ്‌ലിയാര്‍, ഉള്ളാള്‍ തങ്ങള്‍, പി.എ ഉസ്താദ്, എം.എ ഉസ്താദ് തുടങ്ങിയവര്‍ ഗള്‍ഫിലേക്ക് വന്നിരുന്നു.

കണ്ണൂര്‍ ജില്ലാ വിഭജനത്തിനു ശേഷം ജില്ലയില്‍ ഒരു സ്ഥാപനം വേണമെന്ന നിലക്ക് പ്രവര്‍ത്തനങ്ങള്‍ അല്‍മഖറിന് വേണ്ടിയായിത്തീര്‍ന്നു. 85 ല്‍ ബദ്‌രിയ്യ നഗറില്‍ ആരംഭിച്ചതിന് ശേഷം നിരന്തരമായി ഹംസ ഉസ്താദ് കെ.പി ഉസ്താദിനും പി.കെ ഉസ്താദിനുമൊപ്പം യു.എ.ഇയില്‍ വരാറുണ്ട്. ഹംസ ഉസ്താദ് വരുന്നു എന്ന് കേട്ടാല്‍ ഗള്‍ഫിലെ പ്രവര്‍ത്തകര്‍ക്ക് ഒരു നവോന്മേഷമാണ്. ഉസ്താദ് എസ്.വൈ.എസിന്റെയും മഖറിന്റെയും സംയുക്ത മീറ്റിംഗ് വിളിച്ചു കൂട്ടി സുന്നത്ത് ജമാഅതിനെ സംബന്ധിച്ചും സംഘടനയെ കുറിച്ചും ക്ലാസെടുക്കും. പൂര്‍വികരായ സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരും സഹിച്ച ത്യാഗങ്ങളെ കുറിച്ച് പറയും. ശൈഖുനാ ഇ.കെ ഹസന്‍ മുസ്‌ലിയാരുമായി അടുത്ത ബന്ധമായിരുന്നു. അവരുടെ ചരിത്രമൊന്നും പുതിയ തലമുറക്ക് അറിയില്ല. സാങ്കേതികമായ സൗകര്യങ്ങളും സംവിധാനങ്ങളൊന്നുമില്ലാത്ത കാലഘട്ടത്തില്‍ അവര്‍ സഹിച്ച ത്യാഗങ്ങളൊക്കെ കേള്‍ക്കുമ്പോ ഞങ്ങളുടെ ഉള്ളില്‍ തട്ടും. പ്രവര്‍ത്തകര്‍ ആ ഉപദേശം നന്നായി ഉള്‍ക്കൊള്ളും.
സ്ഥാപന സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നാല്‍ പോലും പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ തുറന്ന മനസായിരുന്നു. എന്തും ചോദിക്കാം. ‘നിങ്ങളിതിന്റെ പ്രവര്‍ത്തകരാണ്, നിങ്ങള്‍ക്ക് വേണ്ടത് എന്തും ചോദിക്കാം. ശ്രദ്ധിക്കാത്ത വല്ല അപാകതയും വന്നാല്‍ ഞാന്‍ റബ്ബിന്റെ മുമ്പില്‍ മറുപടി പറയണം.’

ഓരോ വ്യക്തികളുടെയും കഴിവുകള്‍ മനസിലാക്കി അവരെ ഉപയോഗപ്പെടുത്തും. എഴുതാന്‍ കഴിവുള്ളവരെക്കൊണ്ട് എഴുതിപ്പിക്കും. പ്രസംഗിക്കാനാവുന്നവരെക്കൊണ്ട് പ്രസംഗിപ്പിക്കും. എപ്പോഴും സംഘടനക്കുള്ളില്‍ നിന്നേ പ്രവര്‍ത്തിക്കാവൂ എന്ന് പറയും. തീവ്രമായ വികാരം പ്രകടിപ്പിക്കുന്ന പ്രവര്‍ത്തകരെ നന്നായി ശാസിക്കും.

അഭിപ്രായഭിന്നതയുടെ ഘട്ടത്തില്‍ കണ്ണൂര്‍ ജില്ലയിലെ പല മഹല്ലുകളിലും ഇരുപക്ഷങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ പ്രവര്‍ത്തകരെ ക്രൂരമായി അടിക്കുകയും മര്‍ദിക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരമായ കേസുകളും അവര്‍ക്കൊരു തലവേദനയായിരിക്കും. എന്നാല്‍ നമ്മുടെ മഹല്ലില്‍ അത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പെട്ടെന്ന് ബദല്‍ സംവിധാനം ആലോചിക്കുകയാണ് ചെയ്യുക. മദ്‌റസയും ദര്‍സും നിസ്‌കാരവും തുടങ്ങും. ജുമുഅ കുറച്ചുകാലം കഴിഞ്ഞാണ് തുടങ്ങുക.

കണ്ണിയത്തുസ്താദിന്റെ പ്രധാന ശിഷ്യനാണെന്നത് തന്നെ മതി ഹംസ ഉസ്താദിന്റെ യോഗ്യതയറിയാന്‍. ഹംസ ഉസ്താദിന്റെ പള്ളിയുദ്ഘാടനത്തിന് കണ്ണിയത്ത് ഉസ്താദ് വന്നു. കണ്ണിയത്തുസ്താദിന്റെ മുമ്പില്‍ ഇമാം നില്‍ക്കാനും ഖുതുബ നിര്‍വഹിക്കാനും പലര്‍ക്കും ഭയമാണ്. പക്ഷേ ഹംസ ഉസ്താദ് നില്‍ക്കുമായിരുന്നു. പെരുന്നാളിന് പോലും നാട്ടില്‍ പോകാതെ ദര്‍സില്‍ ഓതിയ പല സംഭവങ്ങളും ഞാന്‍ കേട്ടിട്ടുണ്ട്. വാഴക്കാട് പഠിക്കുന്ന സമയത്താണ് ഹംസ ഉസ്താദിന്റെ പെങ്ങളുടെ കല്യാണം നിശ്ചയിച്ചത്. കല്യാണത്തിന് വരാന്‍ വേണ്ടി വീട്ടില്‍ നിന്നറിയിച്ചപ്പോള്‍ ഉസ്താദ് പ്രതികരിച്ചു. ശഅ്ബാന്‍ അവസാനമാണെങ്കില്‍ ഞാന്‍ കല്യാണത്തിനു വരാം. അതിന് സാധിക്കില്ലെന്നറിയിച്ചപ്പോള്‍, എങ്കില്‍ ഹംസയില്ലാതെ നടത്തിക്കോളൂ എന്നറിയിക്കുകയായിരുന്നു.

ഞാന്‍ അബൂദാബിയിലായിരുന്ന സമയത്ത് ഉസ്താദ് വരുമ്പോഴൊക്കെ അവിടുത്തെ അല്‍മഖറിന്റെ ഓഫീസിലായിരുന്നു താമസിച്ചിരുന്നത്. ഉസ്താദ് വരുന്നതറിഞ്ഞാല്‍ ചുറ്റുവട്ടത്തിലുള്ളവരെല്ലാം ഓഫീസിലെത്തും. ഉസ്താദിന് ഖിദ്മത് ചെയ്യാന്‍ വേണ്ടി മാത്രം ഒരുങ്ങിവരുന്നവരുണ്ട്. ഉസ്താദിന് നല്ല ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. അത് കഴിക്കാന്‍ ഉസ്താദിന് വല്ലാത്ത താത്പര്യമായിരുന്നു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.

പ്രവര്‍ത്തരുടെ സദസ്സില്‍ നിന്ന് സ്ഥാപനത്തിന് പിരിവെടുക്കാറില്ല. വിഷയം അവതരിപ്പിക്കും. താത്പര്യമുള്ളവര്‍ ഉസ്താദിന് സംഭാവനകള്‍ നല്‍കും. ആരോടും ചോദിച്ചു വാങ്ങാറില്ല. ഉസ്താദ് പറയും: ‘നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം, അല്ലാഹുവിന്റെ ഖജനാവ് വിശാലമാണ്. ഞാന്‍ രാവിലെ ഒരു അറബിയെ കാണാന്‍ പോകുന്നുണ്ട്. അത് സംതൃപ്തിയുള്ള കാഴ്ചയാവണം.’
അങ്ങനെ ഹംസ ഉസ്താദ് അറബിയുടെ അടുത്ത് പോയി കേരളത്തിലെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളും സ്ഥാപനങ്ങളെക്കുറിച്ചും വിവരിക്കും. ഇന്ത്യ എന്നാല്‍ ഹിന്ദുക്കളാണ് എന്ന മുന്‍ധാരണയില്‍ നിന്ന് അറബികള്‍ മാറിയിട്ടുണ്ട്. കേരളത്തിലെ സ്ഥാപനങ്ങളുടെ പ്രോഗ്രാമുകളും ചലനങ്ങളും അറബികളെ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. നമ്മുടെ നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളും ഇവിടത്തെ ഇസ്‌ലാമിന്റെ വളര്‍ച്ചയും അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്.

പരിയാരം മെഡിക്കല്‍ കോളജിനടുത്തുള്ള സെന്ററില്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് റമളാന്‍ ഇഫ്താര്‍ ഒരുക്കിക്കൊടുക്കും. ഇതിന്റെ ചെലവ് മുഴുവന്‍ അല്‍മഖറാണ് വഹിക്കുന്നത്.
കുറഞ്ഞ ശമ്പളത്തിനാണല്ലോ സുന്നി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് മറ്റു മഹല്ലുകളില്‍ ജോലി ചെയ്താല്‍ കിട്ടുന്ന പണം സ്ഥാപനങ്ങളില്‍ കിട്ടാറില്ല. എല്ലാ സദസുകളിലും അവരുടെ ത്യാഗ മനസ് ഉസ്താദ് പറയും. ദുആ ചെയ്യും. അവര്‍ക്ക് വേണ്ടി റമളാനില്‍ പ്രത്യേകം ധനസമാഹരണം നടത്തും. പെരുന്നാളിനോടനുബന്ധിച്ച് ഒരു സംഖ്യ അവര്‍ക്ക് നല്‍കുകയും ചെയ്യും.

ഉസ്താദിന്റെ ഭാര്യ സൈനബ ഹജ്ജുമ്മയും ഉസ്താദിന്റെ അതേ മനസ്ഥിതിയാണ്. പലപ്പോഴും ദരിദ്രരായി ജീവിക്കുന്ന പല സ്ത്രീകളെയും കുറിച്ച് അവരാണ് ഉസ്താദിനോട് പറയുക. അവരുടെ വീട്ടില്‍ പോയി അവര്‍ക്ക് വേണ്ടത് ചെയ്യാനുള്ള സാഹചര്യങ്ങള്‍ മഹതി തയാറാക്കും. രണ്ടാളും ബന്ധപ്പെട്ട വീട്ടിലെത്തിയോ അവരെ വിളിച്ചുവരുത്തിയോ വേണ്ടത് ചെയ്തുകൊടുക്കും.

—————————————————————————————————————————————-

ആ മൂന്നു പേരില്‍ ഒടുവിലത്തെയാള്‍

മുഹമ്മദലി കിനാലൂര്‍
1980കള്‍ കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന് പ്രധാനമാകുന്നത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അറുപതിലേക്ക് പ്രവേശിക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ ഇടപെട്ടും കൃത്യവും സൂക്ഷ്മവുമായ നിലപാടുകള്‍ പറഞ്ഞും പണ്ഡിതസഭ സാമുദായിക വൃത്തത്തിന് പുറത്തേക്ക് വികാസപ്പെടുന്നതും കാണാം ഇക്കാലത്ത്. യുവത്വം വിട്ടുകടന്നിട്ടില്ലാത്ത പണ്ഡിതരെ കൂടി മുശാവറയില്‍ ഉള്‍കൊണ്ട് സമസ്ത ‘അറുപതിന്റെ യൗവനം’ ആഘോഷിക്കുന്നതും ഈ പതിറ്റാണ്ടിലാണ്.

രണ്ട്: കേരളത്തിലെ ഏറ്റവും വലിയ സംഘടിത ശക്തിയായ സുന്നികളില്‍ വിഭാഗീയതയുടെ വിത്തിറക്കി, പണ്ഡിതന്മാരെ രണ്ട് ചേരികളാക്കാന്‍ മുസ്‌ലിം സാമുദായിക രാഷ്ട്രീയം തുനിഞ്ഞിറങ്ങുന്നതും എണ്‍പതുകളിലാണ്. തല്‍ഫലമായി സമസ്തയില്‍നിന്നുള്ള ചില ആലിമുകളെ തങ്ങളുടെ വഴിയേ കൊണ്ടുവരാന്‍ മുസ്‌ലിം ലീഗ് കിണഞ്ഞു ശ്രമിക്കുന്നു. ലീഗും ദീനും ഒന്നെന്ന സമവാക്യത്തിലേക്ക് സാമുദായികബോധത്തെ പരിവര്‍ത്തിപ്പിക്കുന്നതിന് സുന്നി പണ്ഡിതരുടെ പിന്‍ബലം അവര്‍ക്കാവശ്യമുണ്ടായിരുന്നു. അവരത് നിറവേറ്റി. എണ്‍പതുകളുടെ അവസാനം സമസ്ത കേരള ജംഇയ്യതുല്‍ ഉലമയില്‍ അഭിപ്രായ ഭിന്നത എല്ലാ പരിധികളും ഭേദിച്ചു.
1980ന്റെ ആദ്യത്തിലാണ് കെ പി ഹംസ മുസ്‌ലിയാര്‍ സമസ്ത മുശാവറയില്‍ അംഗമാവുന്നത്. കൃത്യമായി പറഞ്ഞാല്‍ 1981 ജൂണ്‍ 27ന്. ഹംസ മുസ്‌ലിയാര്‍ക്ക് അന്ന് 42 വയസ്സ് പ്രായം. റഈസുല്‍മുഹഖിഖീന്‍ കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരാണ് സമസ്ത പ്രസിഡന്റ്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ജനറല്‍ സെക്രട്ടറിയും. കണ്ണിയത്ത് ഉസ്താദിന്റെ അഭാവത്തില്‍ മുശാവറയോഗങ്ങളില്‍ അധ്യക്ഷനാകാറുള്ളത് ‘ഉള്ളാളം മുദരിസാ’ണ്; താജുല്‍ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി. ഉള്ളാള്‍ തങ്ങളുമായി ഹംസ ഉസ്താദിന് നേരത്തെ തന്നെ ബന്ധമുണ്ട്. രണ്ടുപേരും കണ്ണിയത് ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യന്മാരാണ്. കാസര്‍കോട് ജാമിഅ സഅദിയ്യയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളായി എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ക്കൊപ്പം കെ പി ഹംസ മുസ്‌ലിയാരുമുണ്ടായിരുന്നു. വിയോഗം വരെയും സഅദിയ്യയുടെ ചരിത്രത്തില്‍ സാരഥിയായും മാര്‍ഗദര്‍ശിയായും സംഘാടകനായും ഉള്ളാള്‍ തങ്ങളുമുണ്ട്. ചിത്താരി ഉസ്താദ് മുശാവറയിലെത്തുമ്പോള്‍ ഉള്ളാള്‍ തങ്ങളും എം എ ഉസ്താദും സമസ്തയുടെ ഭാരവാഹികളാണ്. ഉത്തര മലബാറിന്റെ ഇസ്‌ലാമിക മുഖഛായ കൂടുതല്‍ പ്രകാശമാനമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്നുപേര്‍. 1971ല്‍ സമസ്തയുടെ അവിഭക്ത കണ്ണൂര്‍ ജില്ലാ ഘടകം രൂപീകൃതമായ കാലം മുതല്‍ മൂവരും ഒരുമിച്ചുണ്ട്. ഉള്ളാള്‍ തങ്ങള്‍ പ്രസിഡന്റും എം എ ഉസ്താദ് ജനറല്‍ സെക്രട്ടറിയുമായുള്ള കമ്മിറ്റിയില്‍ ചിത്താരി ഉസ്താദ് ജോ. സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ, മീറ്റിംഗുകളില്‍ പോവുകയോ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. ഉസ്താദിന്റെ തന്നെ വാക്കുകള്‍: ”ആ കമ്മിറ്റിയില്‍ പ്രഥമ ജോയിന്റ് സെക്രട്ടറിയായി വിനീതനായ എന്നെ തിരഞ്ഞെടുത്ത വിവരം എം എയാണ് ആദ്യം ഒരു കത്തയച്ച് അറിയിക്കുന്നത്. എന്നാല്‍ ഞാന്‍ യോഗങ്ങളില്‍ പങ്കെടുക്കുകയോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്തില്ല. കത്തിന് പ്രതികരിച്ചതുമില്ല. ശൈഖ് ഹസന്‍ പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ ചിലര്‍ സമസ്തക്ക് സമാന്തരമായ സംഘടനാ സംവിധാനങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും നടക്കുന്ന കാലമാണത്. ഞാന്‍ ഒന്നിലും കൂടാതെ ദര്‍സും വഅള് പറയലുമായി കഴിഞ്ഞുകൂടി. അതിനിടയിലാണ് എന്റെ ഉസ്താദ് മര്‍ഹൂം പി എ അബ്ദുല്ല മുസ്‌ലിയാര്‍ മട്ടന്നൂര്‍, അദ്ദേഹം ചെറുവത്തൂര്‍ കടാങ്കോട് ദര്‍സ് നടത്തിയിരുന്ന കാലത്ത്, സമസ്തയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നും സജീവമാകണമെന്നും പറഞ്ഞ് എനിക്ക് കത്തയക്കുന്നത്. കടവത്തൂരില്‍ മൂന്നു വര്‍ഷം പി എ ഉസ്താദിന്റെ ദര്‍സില്‍ ഞാന്‍ പഠിച്ചിരുന്നു. അവിടെനിന്നാണ് ഞാന്‍ കണ്ണിയത്ത് ഉസ്താദിന്റെ വാഴക്കാട്ടെ ദര്‍സിലേക്ക് പോവുന്നത്. പി എ ഉസ്താദിന്റെ നിര്‍ദേശത്തോടും അനുഗ്രഹത്തോടെയുമാണ് ഞാന്‍ സമസ്തയിലേക്ക് വരുന്നതും പിന്നീട് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നതും. കണ്ണിയത്ത് ഉസ്താദിന്റെയും പി എ ഉസ്താദിന്റെയും ആത്മീയ സാന്നിധ്യവും അവര്‍ എനിക്ക് നല്‍കിയ ധൈര്യവുമാണ് സമസ്തയുടെയും സുന്നി പ്രസ്ഥാനത്തിന്റെയും വഴിയില്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ എനിക്ക് പ്രചോദനമായത്.”

പിന്നീടങ്ങോട്ടുള്ള യാത്രയില്‍ നിര്‍ണായക സന്ദര്‍ഭങ്ങളിലൊക്കെയും മൂന്നുപേരെയും(ഉള്ളാള്‍ തങ്ങള്‍, എം എ ഉസ്താദ്, ചിത്താരി ഉസ്താദ്) ഒരുമിച്ച് കാണാന്‍ കഴിയുന്നുണ്ട് ചരിത്രത്തില്‍.
ഹംസ ഉസ്താദിനെ അംഗമായി തിരഞ്ഞെടുത്ത മുശാവറ യോഗത്തിലാണ് സമസ്തയുടെ അറുപതാം വാര്‍ഷികത്തെക്കുറിച്ചുള്ള ആദ്യ ആലോചന നടക്കുന്നത്. അടുത്ത യോഗം ചേരുന്നത് ആഗസ്ത് പത്തിനാണ്(1981). ചിത്താരി ഉസ്താദ് പങ്കെടുത്ത പ്രഥമ മുശാവറ യോഗം. ഉള്ളാള്‍ തങ്ങളാണ് അധ്യക്ഷന്‍. അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ സാധ്യതാപഠനത്തിനായി സമസ്ത മൂന്നു പേരെ നിയോഗിക്കുന്നു ഈ യോഗത്തില്‍; എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ കെ അബൂബക്കര്‍ ഹസ്‌റത്.

സമിതി റിപ്പോര്‍ട് ഡിസംബറില്‍ മുശാവറ ചര്‍ച്ച ചെയ്യുന്നു. തുടര്‍നടപടികളിലേക്ക് പ്രവേശിക്കുന്നു. സമ്മേളനം കോഴിക്കോട്ടാകാമെന്ന് നിശ്ചയിക്കുന്നു. കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ ചെയര്‍മാനും കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. 1984 മാര്‍ച്ച് 9, 10, 11 തീയതികളിലാണ് സമ്മേളനം തീരുമാനിച്ചത്. അതിനിടയിലാണ് അരീക്കാട് പള്ളി പ്രശ്‌നം വലിയ വിവാദമായി ഉയര്‍ന്നുവരുന്നത്. കൗശലക്കാരായ രാഷ്ട്രീയക്കാര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അവര്‍ രംഗം വഷളാക്കി. പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി. നിശ്ചയിച്ച തീയതിയില്‍ സമ്മേളനം നടത്താനായില്ല.

കാന്തപുരത്തോട് ചിലര്‍ക്ക്, വിശിഷ്യാ ലീഗ് നേതൃത്വത്തിലെ ചിലയാളുകള്‍ക്ക് നേരത്തെ തന്നെയുണ്ടായിരുന്ന എതിര്‍പ്പ് മറ്റൊരു തലത്തിലേക്ക് മാറുകയാണിവിടം മുതല്‍. പച്ചയായ വ്യക്തിഹത്യ തന്നെ പ്രതിയോഗികള്‍ തിരഞ്ഞെടുക്കുന്നു. 1978ല്‍ രാഷ്ട്രീയ പ്രാതിനിധ്യമില്ലാതെ നടന്ന എസ് വൈ എസ് സമ്മേളനം. അതിന്റെ മുഖ്യസംഘാടകന്‍ കാന്തപുരമായിരുന്നു. ലീഗിന്റെ താങ്ങും തണലുമില്ലാതെ സുന്നികള്‍ക്ക് നിലനില്‍ക്കാനാകുമെന്ന് ലീഗ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയ ഇടപെടലുകള്‍, നടപടികള്‍. അന്നു തൊടാന്‍ ധൈര്യമില്ലായിരുന്നു. സമസ്ത ഒറ്റക്കെട്ടായിരുന്നത് തന്നെ കാരണം. അരീക്കാട് കാലത്ത് ചിത്രം മാറുകയാണ്. കാന്തപുരം വേട്ടയാടപ്പെടുകയാണ്. ചില പണ്ഡിതന്മാരെ അതിന് കരുവാക്കുകയാണ്. അക്കാലത്തും അതിനു ശേഷവും കാന്തപുരം ഉസ്താദിനൊപ്പം ഉറച്ചുനില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ചിത്താരി ഉസ്താദുമുണ്ട്.
സുന്നി പ്രസ്ഥാനത്തിനും പണ്ഡിത നേതൃത്വത്തിനുമെതിരായ എതിര്‍പ്പുകള്‍ പുതുമയുള്ളതായിരുന്നില്ല. സുന്നികള്‍ ഒരു നിലക്കും പുരോഗമിക്കരുതെന്നാഗ്രഹിച്ച ചിലരുടെ കുബുദ്ധിയാണ് അസ്വസ്ഥതയായും അസ്വാരസ്യമായും പില്‍ക്കാലത്ത് സമസ്തയെ ബാധിക്കുന്നത്. ചിത്താരി ഉസ്താദ് അത് തിരിച്ചറിഞ്ഞിരുന്നു. അതേക്കുറിച്ച് പറഞ്ഞിരുന്നു: ”സമസ്തയും സുന്നി പ്രസ്ഥാനവും എല്ലാ കാലത്തും എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്. പണ്ഡിതന്മാരെ ആക്ഷേപിക്കലും നിസാരപ്പെടുത്തലും ശീലമാക്കിയ ചിലര്‍ മുമ്പും ഇവിടെയുണ്ടായിരുന്നു. സമുദായത്തിന്റെ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലും സമൂഹത്തിന്റെ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളിലും സമസ്തയും ഇവിടെയുള്ള പണ്ഡിതന്മാരും സജീവമാകുന്നത് ചിലരെ അസ്വസ്ഥരാക്കി. അന്ന് പണ്ഡിതന്മാരുടെ ആഹ്വാനങ്ങളെക്കാള്‍ മറ്റ് പലരുടെയും വാക്കുകള്‍ക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. രാഷ്ട്രീയാന്ധതയുടെ തടവറയില്‍ തളച്ചിട്ട സമുദായത്തെ ചില രാഷ്ട്രീയക്കാരായിരുന്നു നയിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമസ്തയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ അവര്‍ ആശങ്കയോടെ കണ്ടു. സമുദായത്തിന്റെ നേതൃത്വവും കുത്തകയും നഷ്ടപ്പെട്ടുപോകുമോയെന്ന പേടിയായിരുന്നു അവര്‍ക്ക്. പിന്നീട് സമസ്തയുടെ പിളര്‍പ്പിലേക്ക് നയിച്ചത് വരെ ഇവരുടെ കുത്സിത ശ്രമങ്ങളായിരുന്നുവെന്നതാണ് സത്യം.”

അഭിപ്രായ ഭിന്നത പൂര്‍ണമാക്കിയ വാദപ്രതിവാദത്തിനൊടുവില്‍ മുശാവറ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നവരില്‍ ചിത്താരി ഉസ്താദുമുണ്ട്. ഇരുപത്തിമൂന്ന് പേരാണ് യോഗത്തിനെത്തിയത്. ഒരാദര്‍ശത്തിനുവേണ്ടി ജീവിച്ചവര്‍, ശബ്ദിച്ചവര്‍, പ്രതിസ്വരങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിച്ചവര്‍. സമുദായത്തിനു മേല്‍ ഏറ്റവും സ്വാധീനമുള്ള നേതൃനിര. ഉള്ളാള്‍ തങ്ങളുടെ നേതൃത്വത്തില്‍ പതിനൊന്ന് പേര്‍ ദുഃഖഭാരത്തോടെ പുറത്തിറങ്ങുന്നു; സത്യത്തിനെതിരായ ഭൂരിപക്ഷത്തില്‍ ഞങ്ങളില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട്.

നിര്‍ണായകമായ ആ ദിവസം ഉസ്താദ് ഹംസ മുസ്‌ലിയാര്‍ ഓര്‍ത്തതിങ്ങനെ: ”അന്നവിടെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയത്തില്‍ ഇതുവരെ ജനറല്‍ സെക്രട്ടറി എടുത്ത തീരുമാനങ്ങള്‍ അംഗീകരിക്കണമെന്നും തുടര്‍ന്നു എന്ത് തീരുമാനവും കൈകൊള്ളുന്നതിന് ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തണമെന്നും ശംസുല്‍ഉലമ പറഞ്ഞു. അതിനെ ഞങ്ങള്‍ എതിര്‍ത്തു. എം എയും എ പിയും ഞാനുമെല്ലാം അതിനോട് യോജിക്കാനാവില്ലെന്ന് പറഞ്ഞു. ജനറല്‍ സെക്രട്ടറി ഈ വിഷയവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്‌തെന്നും തീരുമാനങ്ങള്‍ എടുത്തെന്നും മുശാവറയെ ബോധ്യപ്പെടുത്തണമെന്നായിരുന്നു ഞങ്ങളുടെ പക്ഷം. നയപരമായോ സംഘടനാപരമായോ ഒന്നും ഒരാള്‍ക്ക് മാത്രം തീരുമാനം കൈകൊള്ളാന്‍ ചുമതല നല്‍കുന്നത് സമസ്തയുടെ നിയമത്തിലും പാരമ്പര്യത്തിലുമില്ലെന്നും സമസ്ത ഉണ്ടാക്കിയത് അതിനല്ലെന്നും ഞങ്ങള്‍ വാദിച്ചു. ശംസുല്‍ഉലമ ഏകപക്ഷീയമായി തീരുമാനം കൈകൊണ്ടപ്പോള്‍ ഉള്ളാള്‍ തങ്ങള്‍ കസേരയില്‍നിന്ന് എഴുന്നേറ്റു. അല്ലാഹുവിലും ആഖിറത്തിലും വിശ്വാസമുള്ളവന് ഇതിന് കൂട്ടുനില്‍ക്കാനാവില്ലെന്നും സത്യം പറയാനല്ലെങ്കില്‍ ഈ കസേര വേണ്ടെന്നും ആര്‍ജവത്തോടെ പറഞ്ഞു. തങ്ങള്‍ മുശാവറയില്‍നിന്ന് ഇറങ്ങിവന്നു. കൂടെ ഞങ്ങളും ഇറങ്ങിവരികയായിരുന്നു.”

മീറ്റിംഗില്‍ നിന്ന് പുറത്തുവന്ന് വാഹനത്തിലിരുന്ന് തങ്ങള്‍ നടത്തിയ പ്രാര്‍ത്ഥനയ്ക്ക് കാന്തപുരം ഉസ്താദ് ഉള്‍പെടെയുള്ളവര്‍ സാക്ഷിയാണ്.

”അല്ലാഹുവേ, ഇനി ഈ രീതിയിലാണെങ്കില്‍ ഈ ഓഫീസിലേക്ക് മടങ്ങാന്‍ നീ അനുവദിക്കരുത്. ഹഖിനെ നിലനിര്‍ത്താനും പറയാനുമാണ് സമസ്ത കേരള ജംഇയ്യതുല്‍ഉലമ സ്ഥാപിച്ചിട്ടുള്ളത്. അതില്‍ നിന്ന് വ്യതിചലിച്ചാല്‍ പിന്നെ അതില്‍ തുടരുന്നതില്‍ കാര്യമില്ല. അതുകൊണ്ട് ഹഖായ ഒരുവഴിക്ക് നീ ആക്കിത്തരണേ…”

പ്രാര്‍ത്ഥന പടച്ചവന്‍ കേട്ടു. അന്ന് കൂടെയിറങ്ങിയ ചിലര്‍ തിരിച്ചുപോയെങ്കിലും ഉള്ളാള്‍ തങ്ങള്‍ ഹഖില്‍ ഉറച്ചുനിന്നു. അവിടുന്ന് പ്രസിഡന്റായി സമസ്ത പുനഃസംഘടിപ്പിക്കപ്പെട്ടു. കാന്തപുരം ഉസ്താദ് ജനറല്‍ സെക്രട്ടറിയായി. ആ കമ്മിറ്റിയില്‍ ചിത്താരി ഉസ്താദ് സെക്രട്ടറിയായി.
പുനഃസംഘാടനത്തിന് ശേഷം കണ്ണിയത്ത് ഉസ്താദിനെ കാണാന്‍ പോയിരുന്നു തങ്ങളും എ പി ഉസ്താദും ചിത്താരി ഉസ്താദും. ഇവരെ സമസ്ത പുറത്താക്കിയതാണെന്ന് മകന്‍ കുഞ്ഞുമോന്‍ ഫൈസി പറഞ്ഞതിന് കണ്ണിയത് ഉസ്താദിന്റെ മറുപടി ഇതായിരുന്നു: ”അവരെ പുറത്താക്കിയാലും ശരി, ഞാന്‍ എന്റെ കുഞ്ഞിക്കോയയുടെയും ഹംസയുടെയും കൂടെയാണ്.” എസ് വൈ എസിന്റെ എറണാകുളം സമ്മേളനത്തിന് പോകുമ്പോഴും കണ്ണിയത്ത് ഉസ്താദിന്റെ അടുത്ത് ചെന്ന് ശിഷ്യന്മാര്‍ രണ്ടുപേരും സമ്മതം വാങ്ങിയിരുന്നു. അന്ന് സമ്മതം മാത്രമല്ല, പ്രാര്‍ത്ഥനയും കിട്ടി. ‘ആരോഗ്യം അനുവദിച്ചെങ്കില്‍ ഞാനും വന്നേനെ’ എന്ന പ്രോത്സാഹനവും.
1989 ചിത്താരി ഉസ്താദിന് മറ്റൊരു നിലക്കും പ്രധാനമായിരുന്നു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ബദ്‌രിയ്യ നഗറില്‍ അല്‍മഖറുസ്സുന്നിയ്യ സ്ഥാപിതമാകുന്നത് ആ വര്‍ഷമാണ്. പിന്നീടത് നാടുകാണിയിലേക്ക് പറിച്ചുനട്ടു. ചിത്താരി ഉസ്താദായിരുന്നു സ്ഥാപനത്തിന്റെ ജീവനാഡി. പാണധിത്യത്തിനൊപ്പം വായനയിലൂടെ രൂപപ്പെട്ട ലോകവീക്ഷണവും സഅദിയ്യയുടെ സംഘാടകന്‍ എന്ന നിലക്കുള്ള അനുഭവസമ്പത്തും മഖറിന്റെ വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി. സമസ്തയിലെ അഭിപ്രായ ഭിന്നതകളും പുന:സംഘാടനവും അനന്തരമുണ്ടായ ഭീഷണമായ സാഹചര്യങ്ങളും… അതിനിടയിലാണ് അല്‍മഖര്‍ നടന്നുതുടങ്ങിയത്, വളര്‍ച്ചയുടെ പടവുകള്‍ കയറിയത്, നിവര്‍ന്നുനിന്നത്. കെ പി ഹംസ മുസ്‌ലിയാര്‍ എന്ന മഹാപണ്ഡിതന്റെ ജ്ഞാനതപസ്യയുടെയും സംഘാടന മികവിന്റെയും അനശ്വരസ്മാരകമായി നാടുകാണിയിലെ വിശാലമായ ഭൂപ്രദേശത്ത് അല്‍മഖര്‍ തലയുയര്‍ത്തി നില്‍ക്കുന്നു. തന്റെ വിജ്ഞാനവും വിയര്‍പ്പും പരന്നൊഴുകിയ ആ മണ്ണിന്റെ മടിത്തട്ടില്‍ ഗുരു ഉറങ്ങുന്നു.

—————————————————————————————————————————————-

ഞങ്ങളുടെ ഉപ്പ

അനസ് അമാനി കാമില്‍ സഖാഫി
അഞ്ചാണും ആറുപെണ്ണും. മക്കളെല്ലാം നല്ല നിലയിലെത്തുന്നതുവരെ കഷ്ടപ്പെടുകയായിരുന്ന ഉപ്പ. ആരോഗ്യമുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് സാധനങ്ങളൊന്നും വാങ്ങാന്‍ ഞങ്ങള്‍ക്കവസരം നല്‍കിയിരുന്നില്ല. എല്ലാം സ്വന്തമായി വാങ്ങും. എന്നാലേ ഉപ്പാക്ക് തൃപ്തിയാവൂ. അല്‍മഖറില്‍നിന്ന് ക്ലാസ് കഴിഞ്ഞശേഷം ഉമ്മാനെ വിളിച്ച് ആവശ്യസാധനങ്ങളുടെ ലിസ്റ്റെടുത്ത് അത് മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയാണ് ഉപ്പ മടങ്ങാറുള്ളത്. ഓരോ സാധനങ്ങള്‍ക്കും മാര്‍ക്കറ്റില്‍ ഉപ്പാക്ക് പ്രത്യേകം കടകളുണ്ടായിരുന്നു.

വരുമ്പോള്‍ മക്കള്‍ക്ക് മിഠായി കരുതും. മിക്കപ്പോഴും ‘പേഡ’യായിരിക്കും.
ചിലപ്പോഴെങ്കിലും അടിയും കിട്ടിയിട്ടുണ്ട്. മദ്‌റസ ഒഴിവാക്കിയതിന് ജ്യേഷ്ഠനെ അടിച്ചതോര്‍ക്കുന്നുണ്ട്. എനിക്കും കിട്ടിയിട്ടുണ്ട്. എല്ലാവര്‍ക്കും വക്കാലത്ത് പറയാന്‍ പോവുക ഉമ്മയായിരുന്നു. ഉമ്മയുടെ മരണം വരെ ഉപ്പയുടെ മാനേജറും പി എയുമൊക്കെ ഉമ്മ തന്നെയായിരുന്നു. ഉമ്മാന്റെ മരണത്തോടെയാണ് ഉപ്പ തളര്‍ന്നു തുടങ്ങിയത്. ഉമ്മ മരിച്ചപ്പോള്‍ ഉപ്പ പറഞ്ഞത് എന്റെ മാനേജര്‍ പോയെന്നായിരുന്നു.

വീട്ടില്‍ വരുന്ന അതിഥികളെ ഭക്ഷണം കഴിക്കാതെ മടങ്ങാന്‍ ഉപ്പ സമ്മതിക്കില്ലായിരുന്നു. അവസാനകാലത്ത് സന്ദര്‍ശിക്കാന്‍ വന്ന എ പി ഉസ്താദ് തിരക്കുകളൊരുപാടുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും ചായ കുടിച്ച ശേഷമാണ് പറഞ്ഞുവിട്ടത്.
ജോലിക്കെത്തുന്ന പണിക്കാരോടും ഉങ്ങനെത്തന്നെയാണ്. അവര്‍ ചായ കുടിച്ചോ ഭക്ഷണം കഴിച്ചോ എന്നൊക്കെ ഉപ്പാക്കറിയണം. പണി ഇഷ്ടപ്പെട്ടാല്‍ ചിലപ്പോള്‍ കൂലിയുടെ ഇരട്ടിതന്നെ കൊടുക്കുന്നതാണ്.

കുടുംബക്കാരോടുള്ള പ്രതിബദ്ധത എടുത്തുപറയേണ്ടതാണ്. ഉപ്പാന്റെ തറവാട് പട്ടുവത്താണ്. ഉമ്മാന്റെ തറവാട് കയ്യത്തും. റമളാന്‍ മാസത്തില്‍ എല്ലാ കുടുംബക്കാരെയും സന്ദര്‍ശിക്കും. ഫ്രൂട്ടും മറ്റും വാങ്ങി ഉമ്മാന്റെ തറവാട്ടിലും പട്ടുവത്തുള്ള ജ്യേഷ്ഠന്മാര്‍ക്കുമെല്ലാം കൊണ്ടുപോയി കൊടുക്കുമായിരുന്നു. ഉപ്പാന്റെ തറവാട്ടിലെന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ നേരത്തെ തന്നെയെത്തി സഹായിക്കുമായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഇതൊന്നും മറക്കാറുണ്ടായിരുന്നില്ല.

പകല്‍ സമയത്ത് ഫ്രീയാകുമ്പോള്‍ കോഴികള്‍ക്ക് തീറ്റ കൊടുക്കാനിറങ്ങും. തീറ്റ കൊടുക്കുന്നത് പ്രത്യേകമായൊരു ശൈലിയിലാണ്. ‘കോഴി വ്വാ കോഴി വ്വാ’ എന്നൊരു വിളിയുണ്ട്. അന്നേരം അവയെല്ലാം ഓടിവരും. ഓരോന്നിനും തീറ്റയിട്ടുകൊടുത്താണ് ഉപ്പ തിരിച്ചുപോവുക.
വീട്ടിലെ പശുവിന്റെ കാര്യവും കുശാല്‍ തന്നെ. പുറത്തുനിന്ന് മടങ്ങി വരുന്ന ഉപ്പയുടെ ഇന്നോവയുടെ പിറകില്‍ ചിലപ്പോള്‍ പുല്ലായിരിക്കും. പറമ്പില്‍ കെട്ടിയ പശുവിന്റെ കയറും പിടിച്ച് ഉപ്പ ചില ദിവസങ്ങളില്‍ കയറിവരാറുണ്ടായിരുന്നു. യൗവന കാലത്ത് പശുവിനെ കറന്നതിനെക്കുറിച്ചും കുളിപ്പിച്ചതിനെക്കുറിച്ചുമൊക്കെ ഉപ്പതന്നെ പറയാറുണ്ടായിരുന്നു.
സ്വന്തം പെണ്‍മക്കള്‍ക്കു പുറമെ രണ്ടു പെണ്‍മക്കളെക്കൂടി ഉപ്പ ദത്തെടുത്ത് വളര്‍ത്തിയിട്ടുണ്ട്. കയ്യം സ്വദേശി ഖദീജയും മയ്യില്‍ സ്വദേശി റംലയും. രണ്ടുപേരുടെയും കുടുംബത്തിലെ ദാരിദ്ര്യാവസ്ഥ മനസിലാക്കി ഉപ്പയവരെ പോറ്റി വളര്‍ത്തുകയും വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു.

വീട് ജപ്തി ചെയ്യാന്‍ പോവുന്നതിന്റെ സങ്കടം പറഞ്ഞുകൊണ്ട് എന്റെയൊരു സുഹൃത്ത് അമ്പതിനായിരം രൂപ കടം ചോദിച്ചു. ഞാനത് ഉമ്മയോട് പറഞ്ഞു. ഉമ്മ ഉപ്പയോടും. ഉപ്പക്കേറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു എന്റെയീ സുഹൃത്ത്. ഉപ്പ രംഗത്തിറങ്ങി ആവശ്യമായ തുകയടച്ച് രേഖകള്‍ തിരിച്ചെടുത്ത് അവരെയേല്‍പിച്ചു.

ആരുടെയും ക്ഷണം ഉപ്പ നിരസിക്കാറുണ്ടായിരുന്നില്ല. കുടിയിരിക്കലിന് ക്ഷണിച്ചാല്‍ ഉപ്പ പുലര്‍ച്ചെക്കെഴുന്നേറ്റ് പോവും. വീട്ടുകാരന്‍ ഉണര്‍ന്നിട്ടുണ്ടാവില്ല. ഉപ്പ അവിടെയെത്തി വിളിച്ചുണര്‍ത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.

വീട്ടുകൂടല്‍ മാറ്റിവെച്ചത് ഉപ്പയോട് പറയാന്‍ മറന്നുപോയ അനുഭവമുണ്ടായിരുന്നു. ഉപ്പ അവിടെയെത്തിയ ശേഷം അയല്‍ക്കാരനില്‍നിന്നാണ് മാറ്റിവെച്ച വിവരം അറിയുന്നത്. പ്രശ്‌നമില്ലെന്നു പറഞ്ഞു തിരിച്ചുപോന്നു ഉപ്പ.

വീട്ടുകൂടലിന് ക്ഷണിച്ചാല്‍ ഉപ്പ പുരതുറന്ന് കൊടുക്കുക മാത്രമല്ല ചെയ്യാറുള്ളത്. ഉച്ചത്തില്‍ ബാങ്ക് വിളിക്കും. എന്നിട്ട് സെന്‍ട്രല്‍ ഹാളില്‍ മുസ്വല്ല വിരിക്കാന്‍ പറയും. ഫര്‍ള് നിസ്‌കാരം കഴിഞ്ഞയുടനെ പൊരക്കാരനെക്കൂട്ടി അടുപ്പിനടുത്തേക്ക് പോകും. തീകത്തിച്ച ശേഷം പാലിന്റെ പാത്രമെടുത്ത് വെക്കുമ്പോള്‍ ‘മാലഹു മിന്‍നഫാദ്’ എന്നുള്ള ആയത്തോതും. ഭക്ഷണം കഴിച്ചാല്‍ കൈ കഴുകുന്നതിന് മുമ്പ് അവിടെത്തന്നെയിരുന്ന് ദുആ ചെയ്യുന്നതായിരുന്നു ഉപ്പയുടെ രീതി. കണ്ണിയത്തുസ്താദിന്റെ ജീവിതത്തില്‍നിന്നാണ് ഇത് പകര്‍ത്തിയത്. ക്ഷണിച്ചത് ഷോപ്പുദ്ഘാടനത്തിനാണെങ്കില്‍ വലിപ്പുതുറന്ന് വലിയൊരു സംഖ്യ സ്വന്തം കൈകൊണ്ട് അതില്‍ വെച്ചുകൊടുക്കുമായിരുന്നു.

എത്ര വൈകിക്കിടന്നാലും പുലര്‍ച്ചെക്കെഴുന്നേല്‍ക്കും. പ്രാഥമിക കര്‍മങ്ങളും തഹജ്ജുദും കഴിഞ്ഞാല്‍ ഖുര്‍ആനോത്തിനിരിക്കും. സുബ്ഹിക്ക് ശേഷം നടത്തമാണ്. മൂന്നര കിലോമീറ്റര്‍ അകലെയുള്ള കയ്യംവരെ നടക്കും. അവിടെയാണ് ഉമ്മയുടെ തറവാട്. നടക്കുന്നതിനിടയില്‍ ഒരിടത്തെത്തുമ്പോള്‍ മീനുണ്ടോന്ന് വിളിച്ച് ചോദിക്കും. അവിടെയൊരു ദാമുവുണ്ട്. മീന്‍ പിടുത്തക്കാരനാണ്. മീനെന്തെങ്കിലുമുണ്ടെങ്കില്‍ എടുത്തുവെക്കാന്‍ പറയും. കുറച്ചുകൂടി മുന്നോട്ട് പോയാല്‍ അണക്കെട്ടിനടുത്തൊരു വീടുണ്ട്. കുന്നുമ്മല്‍ കയറി ആ വീട്ടിലേക്ക് വിളിച്ച് ചോദിക്കും. കോഴിണ്ടോ, നാടന്‍കോഴിണ്ടോ? മുല്ലാക്കാ ഉണ്ട് എന്ന് മറുപടി പറയും. മുല്ലാക്കാന്നായിരുന്നു അവര്‍ വിളിക്കാറുണ്ടായിരുന്നത്. തിരിച്ചും നടന്നാണ് വരിക. പോരുമ്പോള്‍ കോഴിയും മീനും വാങ്ങി കയ്യില്‍ പിടിക്കും.

വളരെ കണിശമായിട്ടായിരുന്നു ഡയറി കൈകാര്യം ചെയ്തിരുന്നത്. ഓരോ ദിവസത്തെയും കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിവെക്കും. ഞങ്ങളിപ്പോള്‍ ഡയറി എടുത്ത് നോക്കുമ്പോള്‍ ഓരോ ദിവസവും ചെലവഴിച്ച സംഖ്യകളും ഉപ്പാക്ക് ലഭിച്ച തുകകളുമൊക്കെ വ്യക്തതയോടെ ഓരോ വരികളിലായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. സാധനങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന വിലയറിയാന്‍ ഈ ഡയറി നോക്കിയാല്‍ മതി.

ഉപ്പയുടെ ഉസ്താദായ കണ്ണിയത്തുസ്താദുമായി വലിയ ബന്ധമായിരുന്നു. ഉപ്പയുടെ മംഗലത്തിന് വന്ന ഉസ്താദ് മൂന്ന് ദിവസം ഇവിടെ താമസിച്ചിരുന്നു. രണ്ടു ദിവസം പട്ടുവത്തും ഒരു ദിവസം ഭാര്യവീടായ കയ്യത്തും താമസിച്ച ശേഷമാണ് മടങ്ങിയത്.

ഉപ്പയുടെ ദീര്‍ഘവീക്ഷണമറിയണമെങ്കില്‍ അല്‍മഖര്‍ സ്ഥാപനവും പരിസരത്ത് രൂപപ്പെടുത്തിയ ദാറുല്‍അമാന്‍ മഹല്ലും സന്ദര്‍ശിച്ചാല്‍ മതി. വ്യക്തമായ കാഴ്ചപ്പാടോടെ കാര്യങ്ങളെ വിലയിരുത്തിയതുകൊണ്ടാണത് സാധ്യമായത്. അത്ര വിശാലമായ സ്ഥലം ഏറ്റെടുക്കാന്‍ കാണിച്ച ധൈര്യം സമ്മതിക്കേണ്ടതാണ്.

ചിത്താരിയില്‍ പഠിക്കുന്ന സമയത്ത് ഒരാള്‍ പള്ളിയില്‍ താമസിക്കാന്‍ സമ്മതം ചോദിച്ചു. അയാളുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയ ഉപ്പ ആദ്യമേ അവിടെ നിര്‍ത്തേണ്ടെന്നു പറഞ്ഞതാണ്. പി എ ഉസ്താദിന്റെ സമ്മതപ്രകാരം അയാളന്നവിടെ താമസിച്ചു. അകം പള്ളിയില്‍ പി എ ഉസ്താദ് മാത്രമാണ് താമസിക്കാറുള്ളത്. തുറന്നിട്ട വാതിലിന്റെ പടിയില്‍ തലവെച്ചാണ് ഉസ്താദ് കിടക്കുക. ബാക്കിയെല്ലാവരും പുറം പള്ളിയിലാണ് കിടക്കാറുള്ളത്. ഉറക്കത്തിലെപ്പോഴോ ഞെട്ടിയുണര്‍ന്ന പി എ ഉസ്താദിന് തന്റെ തലയിലൂടെ ആരോ ചാടിക്കടന്നുപോയത് പോലെ തോന്നി. ചെന്നുനോക്കുമ്പോള്‍ അകംപള്ളിയില്‍ സൂക്ഷിച്ച വാച്ചും ഉസ്താദുമാര്‍ക്കുള്ള ശമ്പളവും കാണാനില്ല. എല്ലാവരും തപ്പാന്‍ തുടങ്ങി. രാവിലെ സുബ്ഹിയോടടുത്തിട്ടുണ്ട്. എവിടെയും കാണാനില്ല. കാറെടുത്ത് ഉപ്പയും മറ്റൊരാളും കാസര്‍ഗോഡേക്ക് പോകാന്‍ തീരുമാനിച്ചു. ടൗണില്‍നിന്നല്‍പം അകലെയെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന ആളോട് ഉപ്പ അവിടെയിറങ്ങി കെ എസ് ആര്‍ ടി സിയില്‍ വരാന്‍ പറഞ്ഞു. നമുക്ക് രണ്ടുപേര്‍ക്കും വണ്ടിയില്‍ തന്നെ പോയാല്‍ പോരേയെന്ന് മറ്റെയാള്‍ പറഞ്ഞിട്ടും സമ്മതിക്കാതെ ഉപ്പ അയാളോട് ബസില്‍ കയറാന്‍ പറഞ്ഞു. ബസ് ഒരല്‍പം മുന്നോട്ട് പോയശേഷം ഒരാള്‍ ബസില്‍ കയറി. നഷ്ടപ്പെട്ട വാച്ചയാളുടെ കയ്യില്‍ കെട്ടിയിട്ടുണ്ടായിരുന്നു. അങ്ങനെ അയാളെ കയ്യോടെ പിടികൂടി. കാസര്‍കോഡേക്ക് ആ സമയത്ത് ആ ഒരു ബസ് മാത്രമാണുള്ളത്. അതുകൊണ്ടയാള്‍ ആ ബസില്‍ തന്നെ കയറുമെന്ന് ഉപ്പ ദീര്‍ഘദര്‍ശനം നടത്തുകയായിരുന്നു. വണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഉപ്പ തന്നെയാണിത് പറഞ്ഞത്.
വീടിനോട് ചേര്‍ന്നൊരു പള്ളി ഉപ്പയുണ്ടാക്കിയിട്ടുണ്ട്. അവിടെ സേവനം ചെയ്യുന്നവര്‍ക്കുള്ള ശമ്പളം നല്‍കുന്നതും ഉപ്പ തന്നെയായിരുന്നു.

—————————————————————————————————————————————

‘കണ്യന്‍മോല്യാര്’ പറഞ്ഞ വഴിയേ

അബ്ദുല്‍ഗഫൂര്‍ കാമില്‍ സഖാഫി
പെരുന്നാളിന് പോലും നാട്ടില്‍ പോകാതെ കണ്ണിയത്തുസ്താദിന്റെ അരികിലിരുന്ന് കിതാബോതി പഠിച്ച പണ്ഡിതനായിരുന്നു ചിത്താരി ഉസ്താദ്. വെറുമൊരു ‘മോല്യാര്’ മാത്രമായിരുന്നില്ല, എല്ലാ വിഷയങ്ങളും നന്നായി പഠിച്ച തഹ്ഖീഖുള്ള പണ്ഡിതനായിരുന്നുവെന്ന് ചുരുക്കം. തസ്‌രീഹുല്‍ അഫ്‌ലാഖ് എന്ന കിതാബോതിയ ശേഷം ഖിബ്‌ല നിര്‍ണയത്തിന്റെ രിസാല ഓതലാണ് സാധാരണ ദര്‍സുകളിലെ പതിവ്. കണ്ണിയത്തുസ്താദിന്റെ നിര്‍ദേശപ്രകാരം സബ്ഉ ശിദാദു ഓതിയ ശേഷമാണ് രിസാല തുടങ്ങിയത്. ഓരോ കിതാബുകളും കൃത്യതയോടെ ക്രമത്തിലോതി പഠിപ്പിച്ച് കണ്ണിയത്തുസ്താദ് നിലപാടുള്ള പണ്ഡിതനാക്കി വളര്‍ത്തുകയായിരുന്നു. എല്ലാ വിഷയങ്ങളിലും ഉസ്താദിന് അഗാധ പാണ്ഡിത്യമായിരുന്നു.

ഭാഷകളിലെ ഉസ്താദിന്റെ കഴിവ് മികച്ചതായിരുന്നു. പി എ ഉസ്താദിന്റെ അടുത്തോതുന്ന സമയത്തായിരിക്കണം ഉസ്താദ് ഭാഷയിലെ ‘മികവ്’ നേടിയെടുത്തത്. പി എ ഉസ്താദിന്റെ ഭാഷാപ്രയോഗങ്ങള്‍ ശ്രദ്ധേയമായിരുന്നു. മുമ്പ് മര്‍കസില്‍ സയ്യിദ് അലവി മാലികി പ്രസംഗിച്ചത് പരിഭാഷപ്പെടുത്തിയത് പി എ ഉസ്താദായിരുന്നു. സ്ഫുടമായ അറബി സംസാരത്തിന്റെ ഒഴുക്ക് ചിത്താരി ഉസ്താദിലെത്തിയത് ഈ അറിവിന്റെ സാഗരത്തില്‍നിന്നായിരിക്കാനാണ് സാധ്യത.
ജാമിഅ സഅദിയ്യയില്‍ നടന്ന മുല്‍തഖല്‍ ഉലമ എന്ന പരിപാടിയുടെ സ്വാഗത ഭാഷകന്‍ അപ്രതീക്ഷിതമായൊരു പ്രഖ്യാപനം നടത്തി. ഇത് ഉലമാക്കളുടെ സംഗമമാണ്, അതുകൊണ്ട് ഇവിടെയെല്ലാവരും അറബിയിലാണ് പ്രസംഗിക്കേണ്ടത്. പ്രസംഗത്തിനെഴുന്നേറ്റുനിന്ന ഉസ്താദിന്റെ മുഖത്ത് അറബിയിലേക്ക് പ്രസംഗം പെട്ടെന്ന് മാറ്റേണ്ടിവന്നതിന്റെ വിഭ്രാന്തിയൊന്നുമുണ്ടായിരുന്നില്ല. ആ വെല്ലുവിളി ഞാനേറ്റെടുത്തിരിക്കുന്നു എന്ന ആമുഖത്തോടെ ഗംഭീരമായ പ്രസംഗം നടത്തി. സ്ഫുടമായ അറബിയില്‍.
ദയൂബന്ദില്‍ പഠിച്ച കാലത്ത് ഉര്‍ദുഭാഷയിലും പ്രാവീണ്യം നേടിയിരുന്നു. ഇ എസ് എസ് എല്‍ സി പാസായ ഉസ്താദ് ഇംഗ്ലീഷ് ഭാഷയും കൈകാര്യം ചെയ്യാറുണ്ടായിരുന്നു. ഉസ്താദിന്റെ മലയാളത്തിന് നല്ല സൗന്ദര്യമായിരുന്നു. പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് മനസിലാകും.
രിഫാഇയ്യ ത്വരീഖത്തിന്റെ ശൈഖായിരുന്നു ഉസ്താദ്. കുവൈത്തിലെ യൂസുഫ് ഹാശിം രിഫാഈയില്‍നിന്നാണ് ത്വരീഖത്ത് സ്വീകരിച്ചത്. പുതിയ കാലത്തെ ചില ശൈഖന്മാരെപ്പോലെ ഉസ്താദ് ഇജാസത്തുകള്‍ പരക്കെ വിതരണം ചെയ്യാറില്ല. ആവശ്യപ്പെട്ടു ചെല്ലുന്നവര്‍ക്ക് നല്‍കാറുമുണ്ട്.

രിഫാഇയ്യ ത്വരീഖത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളിലൊന്ന് ഖുര്‍ആന്‍ പാരായണമാണ്. ഖുര്‍ആനോത്ത് ഉസ്താദിന്റെ ജീവിതമായിരുന്നു. യാത്രകളിലൊക്കെയും ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നു. നിരന്തരം ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുകൊണ്ട് മുഴുവന്‍ സമയത്തും ഉസ്താദിന് വുളൂഅ് ഉണ്ടാകുമായിരുന്നു. ‘നിത്യവുളൂഅ്’ തെറ്റുകളെ തടയാന്‍ സഹായിക്കുമെന്ന് ഉസ്താദ് തന്നെ പറയാറുണ്ടായിരുന്നു. മുറിഞ്ഞുപോയാല്‍ ഉടന്‍ തന്നെ വുളൂഅ് പുതുക്കുക എന്നതാണ് ഉസ്താദിന്റെ രീതി. വുളൂ എടുക്കാനുള്ള സാഹചര്യങ്ങളൊന്നുമില്ലെങ്കില്‍ ഏതെങ്കിലുമൊരു മദ്ഹബ് സ്വീകരിച്ച് തയമ്മുമെങ്കിലും ചെയ്യുമായിരുന്നു. ഹനഫി മദ്ഹബനുസരിച്ച് തയമ്മും ചെയ്യാന്‍ കല്ലൊക്കെ മതിയാകുമല്ലോ.

ആത്മീയരംഗത്തെ വ്യാജന്മാരെ ഉസ്താദ് അടുപ്പിക്കാറുണ്ടായിരുന്നില്ല. വേങ്ങാട് ത്വരീഖത്തിനെതിരെ ഉസ്താദ് ശക്തമായി പ്രതികരിച്ചു. ഉസ്താദ് സമസ്തയുടെ ജില്ലാ പ്രസിഡന്റായിരിക്കെ വേങ്ങാട്ടുകാര്‍ക്കെതിരെ ലഘുലേഖ തയാറാക്കി വിതരണം ചെയ്തിരുന്നു. ഖാദിയാനികളുടെ ശല്യം വര്‍ധിച്ച സാഹചര്യത്തില്‍ ‘ഖാദിയാനികള്‍ മുസ്‌ലിംകളോ’ എന്നൊരു പ്രഭാഷണമുണ്ടായിരുന്നു. ആ കാസറ്റിന്റെ വ്യാപകമായ വിതരണത്തിലൂടെ വലിയ പ്രതിരോധമാണ് സാധ്യമായത്.

വളരെ ശബ്ദമുയര്‍ത്തിയാണ് ഉസ്താദിന്റെ ക്ലാസുണ്ടാവുക. സബ്ഖ് കഴിയുമ്പോഴേക്ക് ഉസ്താദ് ക്ഷീണിച്ചിട്ടുണ്ടാകും. എന്നാലും ശബ്ദത്തിനൊരു കുറവുമുണ്ടാകില്ല. ശാരീരിക ക്ഷീണവും തിരക്കുകളുമായപ്പോള്‍ ബുഖാരി, ശറഹുല്‍ അഖാഇദ തുടങ്ങിയ സബ്ഖുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മുമ്പ് എല്ലാ കിതാബുകളുടെയും സബ്ഖുണ്ടായിരുന്നു.
മുമ്പൊരിക്കല്‍ തഹ്കീമിന്റെ മസ്അലയുടെ ചര്‍ച്ച നടത്തിയപ്പോള്‍ കണ്ണിയത്തുസ്താദിന്റെ തഹ്ഖീഖിലാണ് ഉസ്താദ് ഉറച്ചുനിന്നത്. മജ്‌ലിസിന്റെ ഖാളി എന്നുപറഞ്ഞാല്‍ വിഷയത്തിന്റെ ഖാളിയെന്നര്‍ത്ഥം. അല്ലാതെ ആ സദസിന്റെ ഖാളിയെന്നല്ല. വിഷയം തീരുന്നതിന് മുമ്പ് അയാള്‍ മൂത്രമൊഴിക്കാന്‍ പോയതുകൊണ്ട് ഖാളിസ്ഥാനം പോകൂല. അതേ സ്ഥാനത്ത് ഈ വിഷയം തീര്‍ന്നാല്‍ പിന്നെ ഈയധികാരത്തിന് നിലനില്‍പുണ്ടാകില്ല. ‘കണ്ണ്യന്‍മോല്യാര്’ പറഞ്ഞതിങ്ങനെയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ചര്‍ച്ചകളില്‍ ഉസ്താദ് തീര്‍പ്പ് കല്‍പിക്കാറുണ്ടായിരുന്നത്.

—————————————————————————————————————————————

കന്‍സുല്‍ഉലമയുടെ സ്മാരകം

അബ്ദുല്‍ബാരി ബുഖാരി പുല്ലാളൂര്‍
1972 കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സമസ്ത അവിഭക്ത കണ്ണൂര്‍ ജില്ലാ സമ്മേളനം. ഉത്തര കേരളത്തിലെ പ്രാസ്ഥാനിക ചരിത്രത്തിലെ മഹത്തായ കാല്‍വെപ്പ്. സമസ്തയുടെ നിര്‍ണായക മുന്നേറ്റങ്ങള്‍ക്ക് ഈ സമ്മേളനം വഴി മരുന്നിട്ടു. സമ്മേളനത്തിന്റെ നടത്തിപ്പിനായി ഓടി നടന്ന ചിത്താരി ഉസ്താദ് സമസ്തയുടെ സജീവ പ്രവര്‍ത്തനത്തിലേക്ക് വരുന്നത് ഈ സമ്മേളനത്തോടെയാണ്. അന്നത്തെ സ്വാഗതസംഘം ജനറല്‍ കണ്‍വീനറായിരുന്നു ഉസ്താദ്. മൂന്ന് ചരിത്രപ്രധാനമായ ആശയങ്ങള്‍ മുന്നോട്ട് വെച്ചു കൊണ്ടാണ് ആ സമ്മേളനം അവസാനിച്ചത്. ഒന്ന്: കേരളത്തില്‍ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ പദ്ധതി നടപ്പില്‍ വരുത്തുക. രണ്ട്: വിദ്യാര്‍ത്ഥികള്‍ക്ക് ഒരു സംഘടന ഉണ്ടാക്കുക. സമ്മേളനത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനിലാണ് ഈ ആശയം ഉയര്‍ന്നു വന്നത്. പിന്നീട് എസ്.എസ്.എഫിന്റെ രൂപീകരണത്തിലേക്ക് നയിച്ച ചര്‍ച്ചകളും ആലോചനകളും ഈ സമ്മേളനാനന്തരമുണ്ടായതാണെന്നു പറയാം.

മൂന്ന്: മതപഠന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക. സമ്മേളനാന്തരമുണ്ടായ ചര്‍ച്ചകളില്‍ നിന്നാണ് ഈ ആശയം ഉടലെടുത്തതെങ്കിലും കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്.
മതഭൗതിക സമന്വയം എന്ന ആശയത്തില്‍ സമസ്ത ഏറെ ചര്‍ച്ചകള്‍ നടത്തി. ഭൗതികപഠനത്തിന്റെ അതിപ്രസരത്തില്‍ ആത്മീയത നഷ്ടപ്പെട്ടു പോയ നവതലമുറയുടെ സഞ്ചാരങ്ങള്‍ നേതൃത്വം കൃത്യമായി മനസിലാക്കിയിരുന്നു. മത പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുന്ന വിധത്തില്‍ ആദ്യം തളിപ്പറമ്പിലും വേങ്ങാടും കാഞ്ഞങ്ങാടും ബോര്‍ഡിംഗ് മദ്രസകള്‍ സ്ഥാപിക്കുകയാണ് ചെയ്തത്. ഈ സ്ഥാപനങ്ങള്‍ സമുദായത്തില്‍ ചെലുത്തിയ സ്വാധീനവും ആളുകളുടെ പോസിറ്റീവ് പ്രതികരണങ്ങളും സമസ്തക്ക് നവോന്മേഷം നല്‍കി. വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് അത് നിമിത്തമായി. അങ്ങനെയാണ് എം.എ ഉസ്താദിന്റെയും പി.എം അഹ്മദ് മുസ്‌ലിയാരുടെയും ചിത്താരി ഉസ്താദിന്റെയും നേതൃത്വത്തില്‍ 1974 ല്‍ തളിപ്പറമ്പ് ഖുവ്വതുല്‍ ഇസ്‌ലാമില്‍ ഒരു ജൂനിയര്‍ അറബിക് കോളജ് സ്ഥാപിക്കുന്നത്. ഇന്നത്തെ ദഅ്‌വ കോളജിന്റെ ശൈലിയിലായിരുന്നു ആ അറബിക് കോളജ്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ നിന്ന് എം.എ ബിരുദം നേടിയവര്‍ക്ക് മുഖ്തസര്‍ കോഴ്‌സ് നല്‍കുന്ന പദ്ധതിയായിരുന്നു ഇത്. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഈ പദ്ധതിയിലെ സജീവ പങ്കാളിയായിരുന്നു.
സമുദായത്തിന്റെ ഉദ്ധാരണ പ്രവര്‍ത്തനങ്ങളിലും നിര്‍മാണ പ്രവര്‍ത്തനങ്ങളിലും സമസ്തയും പണ്ഡിതന്മാരും സജീവമാകുന്നത് ചിലരെ അസ്വസ്ഥരാക്കി. അക്കാലത്ത് രാഷ്ട്രീയാന്ധതയുടെ തടവറയില്‍ തളച്ചിട്ട സമുദായത്തെ നയിച്ചിരുന്നത് ചില രാഷ്ട്രീയക്കാരായിരുന്നു. പണ്ഡിതന്മാരുടെ ആഹ്വാനങ്ങള്‍ക്ക് മതിയായ പരിഗണന നല്‍കാന്‍ മാത്രം സമുദായം വളര്‍ന്നിരുന്നില്ല. അതുകൊണ്ട്തന്നെ സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഭയത്തോടെയും ആശങ്കയോടെയുമാണവര്‍ വീക്ഷിച്ചത്. ഇവരുടെ കൈപിടിച്ച് പുത്തന്‍വാദികള്‍ സ്ഥാപനം കൈക്കലാക്കി. പക്ഷേ, സമസ്ത പിന്മാറിയില്ല. സുന്നികള്‍ക്ക് സ്വന്തമായി സ്ഥാപനം നിര്‍മിക്കുന്നത് വരെ മുന്നോട്ടുപോകാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ എം.എ ഉസ്താദ് കണ്‍വീനറായ ഒരു കമ്മിറ്റി സ്ഥാപിച്ചു. ചിത്താരി ഉസ്താദും കമ്മിറ്റിയിലുണ്ടായിരുന്നു. ജില്ലയിലുടനീളം അന്വേഷണവുമായി അവര്‍ സഞ്ചരിച്ചു. ഫലം, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയുടെ സഹകരണത്തോടെ ദേളിയില്‍ സഅദിയ്യ പിറക്കുകയായിരുന്നു.

സഅദിയ്യ വടക്കന്‍ കേരളത്തിലെ സമസ്തയുടെ പ്രവര്‍ത്തന കേന്ദ്രമായി. ആയിടയ്ക്കാണ് സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നത്. കേരളത്തിലുടനീളം സുന്നി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും പ്രതിരോധത്തിലാവുകയും ചെയ്തു. എറണാകുളം സമ്മേളനത്തോടെ എല്ലാ ജില്ലകളിലും സുന്നി സ്ഥാപനങ്ങള്‍ തുടങ്ങണമെന്ന തീരുമാനം വന്നു. തളിപ്പറമ്പിലെ സര്‍ സയ്യിദില്‍ പഠിച്ചിരുന്നവര്‍ക്ക് ഖുവ്വതുല്‍ ഇസ്‌ലാമില്‍ മതപഠനത്തിനുള്ള സൗകര്യം നിലച്ചു. അവിടെ പഠിച്ചിരുന്ന കുട്ടികള്‍ സമസ്ത തളിപ്പറമ്പ് താലൂക്ക് മുശാവറക്ക് പഠിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഒരെഴുത്തയച്ചു. ഇക്കാര്യം മുശാവറയില്‍ ചര്‍ച്ച ചെയ്ത് താത്കാലികമായി ബാഫഖി ഏരിയയിലെ സൈതാര്‍ പള്ളിക്ക് സമീപം ഒരു വാടക വീട്ടില്‍ സൗകര്യമൊരുക്കി. അത് വളരെ പരിമിതമായിരുന്നു. അത് മനസിലാക്കിയ നേതൃത്വം കൂടുതല്‍ സൗകര്യമുള്ള സ്ഥിരം സംവിധാനത്തെ കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകള്‍ നടത്തി. അങ്ങനെയാണ് തളിപ്പറമ്പിലെ ബദ്‌രിയ്യാ നഗറില്‍ ഇരുപത്തഞ്ച് സെന്റ് സ്ഥലമെടുത്ത് അല്‍മഖറു സുന്നിയ്യക്ക് അടിത്തറയിട്ടത്.

രാത്രികാവലില്‍ പള്ളിനിര്‍മാണം

ബദ്‌രിയ്യ നഗറിലെ പരിമിതമായ സ്ഥലത്ത് അല്‍മഖര്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചു. അല്‍മഖര്‍ ബോര്‍ഡിംഗ് റസിഡന്‍ഷ്യല്‍ ഇസ്‌ലാമിക് കോച്ചിംഗ് സെന്ററും നഴ്‌സറി സ്‌കൂളുമാണ് ആദ്യ സംരംഭങ്ങള്‍. ചിത്താരി ഉസ്താദ് അതില്‍ തൃപ്തനായില്ല. കേവലം സുന്നിസെന്ററായി പ്രവര്‍ത്തിക്കാനുള്ളതല്ല അല്‍മഖര്‍, അത് വളര്‍ന്ന് പന്തലിക്കാനുള്ളതാണെന്ന് ഉസ്താദ് കണക്ക് കൂട്ടി. അതിനായി വിശാലമായ സ്ഥലം കാണണം. ചെറുപ്പം മുതലേ സന്തത സഹചാരിയായ കെ.പി ഉസ്താദുമായി ചര്‍ച്ച ചെയ്ത് സൗകര്യമുള്ള സ്ഥലത്തിനായി ഉസ്താദ് അന്വേഷണങ്ങള്‍ തുടങ്ങി. അപ്പോഴാണ് നാടുകാണിയിലെ സ്ഥലത്തെ കുറിച്ച് കേള്‍ക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന പാറപ്രദേശങ്ങള്‍. ഉസ്താദ് അന്വേഷിച്ചു. കള്ളന്മാരുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രം. നിയമ പാലകര്‍ തിരിഞ്ഞുനോക്കാത്തയിടം. ഏക്കറ് കണക്കിന് ഭൂമിയുണ്ട്. എങ്ങനെയെങ്കിലും വിറ്റൊഴിവാക്കാനാണ് ഉടമസ്ഥന്റെ ശ്രമം. ഉസ്താദിന്റെ ചിന്തകളില്‍ പുതിയ സ്വപ്‌നങ്ങളുദിച്ചു. പതിനഞ്ച് ഏക്കര്‍ ഭൂമി സെന്റിന് എഴുപത് രൂപ നിരക്കില്‍ സ്വന്തമാക്കി. അല്‍മഖര്‍ നാടുകാണിയിലേക്ക് പറിച്ച് നടാനുള്ള ഒരുക്കമായിരുന്നു.

എന്തിനാണ് ഇത്രയും ഭൂമി സ്വന്തമായി വാങ്ങുന്നതെന്ന് പലരും ചോദിച്ചു. പല പ്രമുഖരും എതിര്‍ത്തു. ഉസ്താദ് ആരോടും മറുപടി പറഞ്ഞില്ല. അല്‍മഖറിന് വേണ്ടി ആ സ്ഥലത്ത് ഒരു പള്ളി പണിയുകയായിരുന്നു ആദ്യ പദ്ധതി. തറക്കല്ലിട്ട ശേഷം പിറ്റേന്ന് വന്നുനോക്കുമ്പോള്‍ തറക്കല്ലോ അതിന്റെ അടയാളങ്ങളോ കാണുന്നില്ല. പ്രദേശത്തെ അടക്കിഭരിക്കുന്ന കള്ളന്മാരും കൊള്ളക്കാരും ഇവിടെ ആള്‍താമസം തുടങ്ങിയാല്‍ തങ്ങളുടെ ജോലികള്‍ നടക്കാതാവും എന്ന് മനസിലാക്കി അതു തടയാന്‍ പാഴ്ശ്രമങ്ങള്‍ നടത്തുകയായിരുന്നു. ഒടുവില്‍ രാത്രി സമയത്ത് കാവലിനാളുകളെ നിര്‍ത്തിയാണ് പള്ളിയുടെ പണികള്‍ പൂര്‍ത്തിയാക്കിയത്. ബദ്‌രിയ്യ നഗറിലെ ദര്‍സ് നാടുകാണി പള്ളിയിലേക്ക് മാറ്റി അല്‍മഖറിന്റെ പ്രവര്‍ത്തനം നാടുകാണിയില്‍ ആരംഭിച്ചു. വിശാലമായ സ്ഥലത്ത് നിരവധി സംരംഭങ്ങള്‍ക്ക് സ്ഥാപനം തുടക്കം കുറിച്ചു.

ഒരു ഗ്രാമം പണിയുന്നു
നാടുകാണിയില്‍ അല്‍മഖര്‍ സ്ഥാപിച്ചതോടെ ഉസ്താദ് ചിന്തിച്ചത് മറ്റൊരു വഴിയാണ്. മുന്‍കാലങ്ങളിലെ പള്ളിദര്‍സുകള്‍ നില നില്‍ക്കുന്നത് തന്നെ നാട്ടുകാരുടെ സഹകരണത്തോടെയാണല്ലോ. നാടുകാണിയിലെ അല്‍മഖറിനും നാട്ടുകാരുടെ സഹകരണം ആവശ്യമാണ്. അതിനെന്തു ചെയ്യും. അല്‍മഖറിന് ചുറ്റും നാടേയില്ല. ഭയത്തിന്റെ താഴ്‌വരയില്‍ ആര് വീട് വെക്കാനാണ്? എങ്കില്‍ പുതിയൊരു നാട് നിര്‍മിക്കുകയാണിതിന് പരിഹാരം. ഉസ്താദിന്റെ ബുദ്ധി പ്രവര്‍ത്തിച്ചു. അടുത്തുള്ള മുപ്പതേക്കര്‍ സ്ഥലം കാശ് കൊടുത്ത് വാങ്ങി. പത്തും പതിനഞ്ചും മുപ്പതും സെന്റുകളാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്ക് വിറ്റ് വീട് വെപ്പിച്ചു. ആ പ്രദേശം മുഴുവന്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകരായി താമസക്കാര്‍. ഒരു ഗ്രാമം പിറക്കുകയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍ക്ക് ദീനീ സ്ഥാപനങ്ങളെ സ്‌നേഹിക്കാതിരിക്കാനാവില്ലല്ലോ, അവര്‍ അല്‍ മഖറിന്റെ മുഹിബ്ബീങ്ങളായി. അവിടെ ഒരു ജുമുഅത് പള്ളി സ്ഥാപിച്ച് ഒരു മഹല്ലാക്കി. ഖബര്‍സ്ഥാനും സംവിധാനിച്ചു.
തളിപ്പറമ്പില്‍ പ്രവര്‍ത്തനമാരംഭിച്ച അല്‍മഖര്‍ ഇന്ന് നാലു കാമ്പസുകളില്‍ ഇരുപതോളം സ്ഥാപനങ്ങളിലായി പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അല്‍മഖറിന്റെ തണലില്‍ ആത്മീയ ഭൗതിക സാങ്കേതിക വിദ്യ നുകര്‍ന്നു കൊണ്ടിരിക്കുന്നു.

—————————————————————————————————————————————
ചിത്താരി ഉസ്താദ് പിതൃതുല്യനായ ഗുരു

ആര്‍ പി ഹുസൈന്‍
നേരത്തെ പേര് കേട്ട് അറിയാമെങ്കിലും 1993ലാണ് ഹംസ ഉസ്താദിനെ നേരില്‍ പരിചയപ്പെടുന്നത്. പിന്നീട് ഇരിക്കൂറില്‍ ദാറുല്‍ഫത്ഹ് സ്ഥാപനങ്ങളുടെ ആദ്യരൂപമായ സുന്നി എജ്യുക്കേഷന്‍ കമ്മിറ്റിയുടെ രൂപീകരണം മുതല്‍ അടുത്ത് പരിചയപ്പെടാന്‍ സാധിച്ചു. പിന്നീട് എസ് എസ് എഫിന്റെ ജില്ലാ നേതൃനിരയില്‍ എത്തിയതോടെ ആ ബന്ധം കൂടുതല്‍ ദൃഢമായി. ജില്ലയിലെ നിരവധി പ്രാസ്ഥാനിക പരിപാടികളില്‍ ഒന്നിച്ചിടപെടാന്‍ അവസരങ്ങളുണ്ടായി. അതോടൊപ്പം ഇരിക്കൂറിലെ പ്രാസ്ഥാനിക കുടുംബം അനുഭവിച്ച സങ്കീര്‍ണമായ സാഹചര്യങ്ങളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനും ഹംസ ഉസ്താദിന്റെ നിരന്തര ഇടപെടലുകള്‍ ശക്തിപകര്‍ന്നു.
ഒരു മകന്റെ വാത്സല്യവും പരിഗണനയുമാണ് അവിടുന്ന് നല്‍കിയത്. യുവതലമുറയിലെ പണ്ഡിതരെയും പ്രവര്‍ത്തകരെയും ഉസ്താദിന് വളരെ ഇഷ്ടമാണ്. അവരെ കണ്ടെത്തി വളര്‍ത്തുന്നതില്‍ ഉസ്താദ് പ്രത്യേക ശ്രദ്ധ ചെലുത്തി. അവരെ പ്രോത്സാഹിപ്പിക്കുന്നതില്‍ അതീവ താല്‍പര്യം കാട്ടി. 2008ല്‍ ഞാന്‍ എസ് എസ് എഫ് സംസ്ഥാന ട്രഷററായിരിക്കുന്ന കാലം എസ് വൈ എസിന്റെ ഹജ്ജ് സെല്‍ അമീറുമാരായി തിരഞ്ഞെടുത്ത കൂട്ടത്തില്‍ കണ്ണൂരില്‍നിന്ന് എന്റെ പേരും ലിസ്റ്റില്‍ ഇടം നേടി. അന്നുവരെ ഹജ്ജോ ഉംറയോ നിര്‍വഹിക്കുകയോ സഊദി വിസിറ്റിംഗ് നടത്തുകയോ ചെയ്യാത്ത എന്നെ അമീറായി തിരഞ്ഞെടുത്തത് വല്ലാതെ അത്ഭുതപ്പെടുത്തി. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും പരിചിതരും പണ്ഡിതന്മാരുമായിരുന്നു. അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും ഉസ്താദുമാരുടെ പൊരുത്തവും കാരണം കൂടെയുള്ളവര്‍ക്കൊക്കെ പൂര്‍ണ സംതൃപ്തി നല്‍കി സേവനം പൂര്‍ത്തിയാക്കാന്‍ ആ ഹജ്ജ് യാത്ര സഹായകമായി. പ്രായത്തില്‍ ജൂനിയറായ എന്നെ ഹജ്ജ് അമീറായി നിയോഗിച്ച അന്നത്തെ ഹജ്ജ് സെല്ലിന്റെ കണ്‍വീനര്‍ വന്ദ്യരായ ചിത്താരി ഉസ്താദായിരുന്നു.

ഒരുകാലത്ത് ഇരിക്കൂറില്‍ സംഘടനക്ക് സ്വന്തമായി ഒരു ഓഫീസുപോലും ഇല്ലായിരുന്നു. 1999-2000 കാലഘട്ടത്തിലാണ് ആദ്യമായി ഒരു പള്ളി നിര്‍മിക്കുന്നത്. പള്ളി നിര്‍മാണത്തിനാവശ്യമായ ഫണ്ട് പൂര്‍ണമായി സ്പോണ്‍സര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും അതിന്റെ തുടക്കം മുതല്‍ ഉദ്ഘാടനം വരെയും പിന്നീട് ജുമുഅ ആരംഭിക്കുന്നതിനും ഉസ്താദ് നേതൃത്വം നല്‍കി. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും സാമ്പത്തികസഹായം നല്‍കിയും ഉസ്താദ് പ്രദേശത്തെ പ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കി. സ്വന്തം കീശയില്‍നിന്നും കാശ് എടുത്തുതന്ന സന്ദര്‍ഭം വരെ ഉണ്ടായി.

അല്‍മഖറുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതുമുതല്‍ ഉസ്താദിനെ നന്നായി ആസ്വദിക്കാന്‍ അവസരം ലഭിച്ചു. സ്ഥാപന പ്രവര്‍ത്തനങ്ങളിലും ദര്‍സിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളിലും ഒരുപോലെ ശ്രദ്ധ ചെലുത്താന്‍ ഉസ്താദിന് സാധിച്ചു. അതുപോലെ മഹല്ലുകളിലും മറ്റുമുണ്ടാകുന്ന പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ഉസ്താദ് കാണിച്ച വൈഭവം ശ്രദ്ധേയമാണ്. എന്നെ ഏറെ ആകര്‍ഷിച്ചത് ഉസ്താദിന്റെ പ്രസംഗങ്ങളാണ്. ഓരോ പ്രസംഗങ്ങളിലും അപൂര്‍വമായ അറിവുകള്‍ പകര്‍ന്നുനല്‍കുന്ന ഉസ്താദിന്റെ പ്രതിഭ ഒന്നുവേറെത്തന്നെ. സംഘടനാ ക്ലാസുകള്‍, പൊതുപ്രഭാഷണങ്ങള്‍, വഅളുകള്‍ എല്ലാം വേറിട്ട അനുഭവങ്ങളായിരുന്നു. പ്രസംഗത്തിനുവേണ്ടി ഉസ്താദ് പ്രത്യേകം ഒരുക്കം നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടേയില്ല. എല്ലാ പ്രസംഗങ്ങളും ആധികാരികതയുടെ പരിഛേദങ്ങളായിരുന്നു. മതപരമായ വിഷയങ്ങളില്‍ പ്രാമാണികത ഉറപ്പുവരുത്താന്‍ നന്നായി ശ്രദ്ധിച്ചു. ജുമുഅ വേളകളിലും നികാഹിന്റെ സന്ദര്‍ഭങ്ങളിലും ഉസ്താദ് നിര്‍വഹിച്ച ഖുത്വുബകള്‍ ഇന്നും കാതുകളില്‍ അലയടിക്കുന്നുണ്ട്. അതിലെ ചില വരികള്‍, പ്രയോഗങ്ങള്‍ ഉസ്താദിന് മാത്രം അവകാശപ്പെടാനുള്ളതാണ്.

എന്റെ കുടുംബത്തിലെ മിക്കവാറും എല്ലാ ചടങ്ങിലും ഉസ്താദിന്റെ അനുഗൃഹീത സാന്നിധ്യമുണ്ടായിട്ടുണ്ട്. ഏറ്റവും അവസാനം ഞാന്‍ പുതുതായി നിര്‍മിച്ച വീടിന്റെ ഉദ്ഘാടനം. ആകെ ഇരുപത് പേര്‍ മാത്രം പങ്കെടുത്ത ചടങ്ങിലെ ഒരേയൊരതിഥി ഉസ്താദായിരുന്നു. 1988ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ പിതാവ് മരണപ്പെട്ടുപോയ എനിക്ക് പിതൃതുല്യരായ ഗുരുനാഥന്മാരായി ശൈഖുന ഹംസ ഉസ്താദും സയ്യിദ് ഹാമിദ് കോയമ്മതങ്ങളും(മാട്ടൂല്‍ തങ്ങള്‍) ഉണ്ടായി എന്നതാണ് ജീവിതത്തിലെ വലിയൊരാശ്വാസം. കുടുംബകാര്യങ്ങള്‍, സംഘടനാ കാര്യങ്ങള്‍, സ്ഥാപന കാര്യങ്ങള്‍, മതപരമായ സംശയങ്ങള്‍ തുടങ്ങി എല്ലാ വിഷയങ്ങളിലും ഓടിച്ചെന്ന് അഭയം തേടാന്‍ അല്ലാഹു ദാനമായി നല്‍കിയ രണ്ട് വെളിച്ചങ്ങളിലൊന്ന് അണഞ്ഞിരിക്കുകയാണ്.

എട്ട് പതിറ്റാണ്ടുകാലത്തെ ജീവിതത്തിനിടയില്‍ ഹംസഉസ്താദ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചത് ഇല്‍മ് പഠിക്കാനും പഠിപ്പിക്കാനുമായിരിക്കും. ആ ഇല്‍മ് അവിടുത്തെ പാരത്രിക ജീവിതത്തില്‍ വെളിച്ചം നല്‍കുമെന്ന് സമാശ്വസിക്കുമ്പോള്‍, സാധുക്കളായ നമ്മുടെ അവസ്ഥ എന്താകുമെന്ന് വിഹ്വലതയോടെയല്ലാതെ സ്മരിക്കാനാവില്ല. അവിടുത്തെ തണല്‍ നമുക്കും അല്ലാഹു നല്‍കട്ടേ…

—————————————————————————————————————————————-

ഖുര്‍ആനോത്തിന്റെ നേരങ്ങള്‍

അബ്ദുസ്സമദ് അമാനി പട്ടുവം
സംഘാടനം ഉസ്താദിന്റെ ജീനിലലിഞ്ഞുചേര്‍ന്ന സ്വഭാവമാണ്. പഠനകാലത്ത് തന്നെ പള്ളി കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉസ്താദും കെ പി ഉസ്താദും തുടക്കമിട്ടിരുന്നു. ജംഇയ്യത്തുശുബ്ബാന്‍ എന്ന കൂട്ടായ്മ രൂപീകരിച്ച് യുവാക്കളെ പള്ളിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പട്ടുവം പള്ളി റമളാനില്‍ പെയിന്റടിക്കാനുള്ള ഫണ്ട് കണ്ടെത്തിയിരുന്നത് ഉസ്താദിന്റെ പ്രഭാഷണത്തിലൂടെയായിരുന്നു. കണ്ണിയത്തുസ്താദിന്റെ വീടുനില്‍ക്കുന്ന സ്ഥലത്തെ അസാസുല്‍ ഇസ്‌ലാം മദ്‌റസ വാഴക്കാട് പഠിക്കുന്ന സമയത്ത് വഅള് പറഞ്ഞ് നിര്‍മിച്ചതാണ്. ചെറുപ്പത്തിലേ ശീലിച്ച ഈ സംഘാടന മികവ് പിന്നീട് സഅദിയ്യയുടെയും അല്‍മഖറിന്റെയുമൊക്കെ വളര്‍ച്ചയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി.
കാപ്പാടുസ്താദിന് ചെയ്തുകൊടുത്ത സേവനങ്ങളാണ് തന്റെ വിജയത്തിന് കാരണമെന്ന് ഉസ്താദെപ്പോഴും പറയാറുണ്ടായിരുന്നു. കാപ്പാട് കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ക്ക് പ്രായമായ സമയത്താണ് ഉസ്താദ് ആ ദര്‍സിലെത്തുന്നത്. സാഹചര്യങ്ങള്‍ മനസിലാക്കി ഉസ്താദ് ഉടനെ ഖാദിമായിത്തീരുകയായിരുന്നു. രാത്രി രണ്ടുരണ്ടരക്ക് ചൂടുവെള്ളമുണ്ടാക്കി വുളൂഅ് ചെയ്തുകൊടുക്കും. ഹൃദയം തൊട്ടുള്ള കാപ്പാടുസ്താദിന്റെ പ്രാര്‍ത്ഥനകളായിരിക്കണം ഹംസ ഉസ്താദിന്റെ ജീവിതവഴിയിലെ വലിയ കരുത്തായിട്ടുണ്ടാവുക. പിന്നീടാണ് പി എ ഉസ്താദിന്റെ ചാക്യാര്‍കുന്നിലെ ദര്‍സിലേക്ക് പോകുന്നത്.

യാത്രകളിലെപ്പോഴും ബാഗിലൊരു മുസ്ഹഫ് കരുതുമായിരുന്നു. ഖുര്‍ആനോത്തില്‍ ആനന്ദം കണ്ടെത്തി. സമയം പോകാനുള്ള മാര്‍ഗവും അതുതന്നെ. ഇ കെ നായനാരെ കാണാന്‍ ഉസ്താദിന്റെ കൂടെ പോയ അനുഭവമുണ്ടെനിക്ക്. ചെന്നുനോക്കുമ്പോള്‍ അപ്പോയിന്‍മെന്റ് സമയത്ത് അദ്ദേഹമവിടെയില്ല. അന്നും ബാഗില്‍നിന്ന് ഖുര്‍ആനെടുത്തോതുകയായിരുന്നു. ഏതോഫീസിലാണെങ്കിലും നേരം വൈകുമെന്ന് തോന്നിയാല്‍ ഉസ്താദ് ഖുര്‍ആന്‍ എടുത്തോതും. കാത്തിരിപ്പൊരു പ്രശ്‌നമേയല്ല; എനിക്കാ സമയം കൂടി ഖുര്‍ആന്‍ ഓതാമല്ലോ എന്നൊരു മനോഭാവമാണ്.

ഉസ്താദിനൊപ്പം വിദേശങ്ങളില്‍ നിരവധി തവണ യാത്ര ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഈ യാത്രകളെനിക്കൊരുപാട് പാഠങ്ങള്‍ പകര്‍ന്നു തന്നിട്ടുമുണ്ട്. സമര്‍ത്ഥമായ മുഖസ്തുതികളിലൂടെയാണ് പലരും അറബികളുടെ സഹായം സ്വീകരിക്കാറുള്ളത്. അതേസമയം ഉസ്താദ് അനാവശ്യമുഖസ്തുതികളുമായി കാര്യം നേടാന്‍ ശ്രമിക്കാറില്ല. ഉസ്താദിന്റെ അറിവിന്റെ ആഴം മനസിലാക്കിയാണ് അറബികള്‍ ഉസ്താദിനെ സ്വീകരിച്ചത്. അഗാധമായ പാണ്ഡിത്യം അവിടുത്തേക്കെപ്പോഴും സ്‌നേഹത്തണലൊരുക്കി.

വിദേശരാഷ്ട്രങ്ങളിലെ പണ്ഡിതസദസുകളില്‍ ഉസ്താദ് തിളങ്ങി നില്‍ക്കുന്നതിന് ഞാന്‍ പലപ്പോഴും സാക്ഷിയായിട്ടുണ്ട്. കുവൈത്തിലെ യൂസുഫ് ഹാശിം രിഫാഇയില്‍നിന്നാണ് രിഫാഇയ്യ ത്വരീഖത്ത് ഉസ്താദ് സ്വീകരിച്ചത്. പണ്ഡിതന്മാരെ വല്ലാതെ സ്‌നേഹിക്കുന്ന വ്യക്തിയായിരുന്നു ഇസ്മാഈല്‍ ഫാത്വിരി. അദ്ദേഹത്തിന് ഉസ്താദിനെ വലിയ ഇഷ്ടമായിരുന്നു. റമളാനില്‍ പണ്ഡിതന്മാരെ ഒരുമിച്ചിരുത്തി സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ മിക്കവാറും കേന്ദ്രമാവാറുള്ളത് ശൈഖ് ഹംസയാണ്. ചര്‍ച്ചക്കൊടുവില്‍ തീരുമാനം പറയുന്നത് ഉസ്താദായിരിക്കും.

ബഹ്‌റൈനിലെ ശൈഖ് ഇജാസുമായിട്ട് വലിയ ബന്ധമായിരുന്നു. പല മശാഇഖന്മാരുടെയും ശൈഖാണിദ്ദേഹം. ബഹ്‌റൈനിലെ സൂഖില്‍ സ്ത്രീകളിറങ്ങാന്‍ തുടങ്ങിയ ശേഷം അങ്ങാടിയിലേക്കിറങ്ങാറില്ലെന്നാണ് മഹാനെ പരിചയപ്പെടുത്തി ഉസ്താദ് പറയാറുണ്ടായിരുന്നത്.
ബുഖാരിയിലെ ഒരു ഹദീസിന്റെ ശറഹിനെക്കുറിച്ച് നടന്ന ചര്‍ച്ചക്കിടയിലാണ് ഉസ്താദിന്റെ ശൈഖ് ഇജാസുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കപ്പെടുന്നത്. ചര്‍ച്ചക്കിടയില്‍ ഉസ്താദ് ഉദ്ധരിച്ച ഭാഗം എവിടെനിന്നു ലഭിച്ചതാണെന്ന് ചോദിച്ചപ്പോള്‍ അന്‍വര്‍ഷാ കശ്മീരിയുടെ ശറഹില്‍നിന്നാണെന്നായിരുന്നു മറുപടി. മഹാനവര്‍കള്‍ ശൈഖ് ഇജാസിന്റെ ഗുരുപരമ്പരയില്‍ പെടുന്ന വ്യക്തിയാണ്. ഇതിനുശേഷം മഹാനവര്‍കളുടെ അരികില്‍ ഉസ്താദിന് വലിയ സ്വീകാര്യതയായിരുന്നു.

ഇദ്ദേഹത്തിന്റെ അരികില്‍നിന്ന് ചില മന്ത്രങ്ങളുടെയും ദലാഇലുല്‍ഖൈറാത്തിന്റെയും ഇജാസത്ത് ഉസ്താദ് സ്വീകരിച്ചിട്ടുണ്ട്. ജീവിതത്തിലൊരിക്കലെങ്കിലും ചൊല്ലിത്തീര്‍ത്താല്‍ മതിയെന്നുപറഞ്ഞായിരുന്നു ദലാഇലുല്‍ഖൈറാത്തിന് ഇജാസത്ത് നല്‍കിയിരുന്നത്. ഈ ഇജാസത്ത് സാധാരണക്കാര്‍ക്കും ഉസ്താദ് നല്‍കാറുണ്ടായിരുന്നു. ‘ഓന്‍ ജീവിതത്തിലൊരിക്കലെങ്കിലും ചൊല്ലിത്തീര്‍ത്തോട്ടെ’യെന്ന് പറഞ്ഞ് ആവശ്യപ്പെട്ടുചെന്ന ചിലര്‍ക്കൊക്കെ നല്‍കിയിട്ടുണ്ട്.

അറബികള്‍ക്ക് ദര്‍സ് നടത്താറുള്ള ബഹ്‌റൈനിലെ ശൈഖ് അബ്ദുല്‍വഹാബിന്റെ പള്ളിയിലെത്തിയാല്‍ ഉസ്താദിനെക്കൊണ്ട് ദര്‍സ് നടത്തിക്കാറുണ്ടായിരുന്നു. ജുമുഅക്ക് അദ്ദേഹത്തിന്റെ സേവനം മറ്റൊരു പള്ളിയിലായിരുന്നു. വെള്ളിയാഴ്ച ഉസ്താദിന് അവസരം കൊടുക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഖുതുബ കഴിഞ്ഞശേഷം ഉസ്താദ് പ്രസംഗിക്കും. ആ സദസില്‍ നിന്നു തന്നെ അറബികളൊക്കൊണ്ട് ആവശ്യമായ മദ്‌റസയും പള്ളിയുമൊക്കെ സ്‌പോണ്‍സര്‍ ചെയ്യിക്കുമായിരുന്നു. സ്ഥാപനത്തിന്റെ പിരിവിനുപോയ സമയത്ത് ഒരിക്കല്‍ ഉസ്താദിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഉന്നതരുടെ ഇടപെടല്‍ മൂലം പെട്ടെന്നുതന്നെ വിട്ടയച്ചു.

പാവങ്ങളോട് കാണിക്കാറുണ്ടായിരുന്ന സഹാനുഭൂതി പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. അരികിലെത്തി ആരെങ്കിലും വിഷമങ്ങള്‍ പങ്കുവെച്ചാല്‍ അതെങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാതെ മനസമാധാനമുണ്ടാവില്ല. റമളാനിലെ പിരിവു കഴിഞ്ഞ് തിരിച്ചെത്തി ദിവസങ്ങള്‍ക്കുശേഷം എന്നെ വിളിച്ച് വിദേശത്ത് പോകണമെന്ന് പറഞ്ഞു.
പെട്ടെന്നുതന്നെയുള്ള തിരിച്ചുപോക്കിന്റെ ആവശ്യം മനസിലാകാതെ മുഖത്തേക്ക് നോക്കിയ എന്നോട് പറഞ്ഞത് പാവപ്പെട്ടൊരു സ്ത്രീ അവളുടെ വീടിന് ജപ്തിനോട്ടീസ് വന്നതിന്റെ സങ്കടം വന്ന് പറഞ്ഞിട്ടുണ്ട്. എത്രയും പെട്ടെന്ന് എന്തെങ്കിലും പരിഹാരം കാണണമെന്നായിരുന്നു. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ആ പ്രയാസഘട്ടത്തിലും ഈയൊരു വിഷമം ആലോചിച്ച് ഉസ്താദ് വിദേശത്തേക്ക് പോയി. ആവശ്യമായ പണം സ്വരൂപിച്ച് ബാങ്കിലടച്ച് രേഖകള്‍ തിരികെ വാങ്ങി അവരെയേല്‍പിച്ച ശേഷമാണ് ഉസ്താദിന് സമാധാനമായത്. ഇങ്ങനെ വേദനിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ ഉസ്താദെന്നും ശ്രമിക്കാറുണ്ടായിരുന്നു.

പ്രവാചകാനുരാഗത്തിന്റെ ബുര്‍ദ നമ്മുടെ നാട്ടില്‍ വ്യാപകമാക്കുന്നതില്‍ ഉസ്താദിന്റെ പങ്ക് ചെറുതല്ല. ഒരിക്കല്‍ വിദേശത്തുനിന്ന് ലഭിച്ച ബുര്‍ദയുടെ സി ഡി എന്നെയേല്‍പിച്ച് ഇതുപോലെ മദ്ഹ് പാടണമെന്ന് പറഞ്ഞ് ആശീര്‍വദിച്ചു. അതിന്റെ പൊരുത്തം കൊണ്ടായിരിക്കും പലയിടങ്ങളിലും മദ്ഹുകള്‍ പാടാന്‍ ഈയുള്ളവന് അവസരങ്ങള്‍ ലഭിച്ചത്.

—————————————————————————————————————————————-
സാഹിബേ…

കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍
ഉസ്താദിന്റെ ചിരിച്ചുകൊണ്ടുള്ള മുഖം മറക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് ആരോഗ്യം കുറഞ്ഞശേഷം ഞാന്‍ ഉസ്താദിനെ സന്ദര്‍ശിക്കാന്‍ പോയിട്ടില്ല. തളര്‍ന്ന മുഖമല്ല, പുഞ്ചിരിയോടെ സ്‌നേഹം പ്രകടിപ്പിക്കുന്ന ഉസ്താദിനെയാണ് ഓര്‍ക്കാനെനിക്കിഷ്ടം.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികം അല്‍മഖറില്‍ ജോലിചെയ്തിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ഉസ്താദെന്നോട് ഗൗരവത്തില്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയിലെപ്പോഴും സ്‌നേഹത്തിന്റെ പുഞ്ചിരിയാണുണ്ടായിരുന്നത്. വലിയ സ്‌നേഹമായിരുന്നു ഉസ്താദിനെന്നോട്. കൊട്ടപ്പുറത്തെ വീടുവിറ്റ് ഇവിടെ സ്ഥലം വാങ്ങി വീടെടുക്കാന്‍ നിര്‍ബന്ധിച്ചതും ഉസ്താദായിരുന്നു.
സ്ഥാപനത്തിന്റെ പുരോഗതിക്കാവശ്യമായ എല്ലാ പ്രോത്സാഹനവും സപ്പോര്‍ട്ടും ഉസ്താദിന്റെ ഭാഗത്തുനിന്ന് ലഭിക്കാറുണ്ടായിരുന്നു. ഓരോ സ്ഥാപനത്തിന്റെയും മേധാവികള്‍ക്ക് അവരുടെ സ്ഥാനം ഉസ്താദ് വകവെച്ചുനല്‍കിയിരുന്നു. കീഴ്‌ജോലിക്കാരെന്ന മനോഭാവത്തില്‍ ഒരിക്കലും താഴ്ത്തിക്കെട്ടാറുണ്ടായിരുന്നില്ല. പ്രചോദനമാകുന്ന രീതിയിലായിരുന്നു ഉസ്താദിന്റെ പെരുമാറ്റം. സാഹിബേന്ന് കൂട്ടി മാത്രമേ ഉസ്താദെന്റെ പേര് വിളിക്കാറുണ്ടായിരുന്നുള്ളൂ. ചില സമയത്ത് ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് ഉറക്കെ ദുആ ചെയ്യും. ചിലപ്പോള്‍ പേരെടുത്തുപറഞ്ഞുകൊണ്ടുതന്നെയായിരിക്കും. ഇത്തരം ദുആകള്‍, അതനുഭവിക്കുന്നവരിലുണ്ടാക്കുന്ന പ്രചോദനത്തിന്റെ തീവ്രത മനസിലാക്കിക്കൊണ്ടുള്ള മനഃശാസ്ത്രപരമായ സമീപനമായിരുന്നു.
യതീംഖാനയിലേക്ക് ഉസ്താദ് വന്നാല്‍ ഞാനെന്റെ സീറ്റൊഴിഞ്ഞ് കൊടുക്കാറുണ്ടായിരുന്നു. സ്ഥാപനത്തിന്റെ മേധാവിയല്ലേ? പക്ഷേ ഉസ്താദ് ആ സീറ്റിലിരിക്കില്ല. നിര്‍ബന്ധിച്ച് എന്നെ അവിടെയിരുത്തിച്ച് ഉസ്താദ് അതിഥികളുടെ സീറ്റിലിരുന്ന് കാര്യങ്ങള്‍ സംസാരിക്കും.
നല്ല ബ്രില്ല്യന്റായൊരു കുട്ടിയുണ്ടായിരുന്നു. വാപ്പയും ഉമ്മയും മരിച്ച അനാഥയാണ്. സ്ഥാപനത്തില്‍ താമസിക്കുന്നതിന് മടിതോന്നിയ കുട്ടി വീട്ടില്‍ പലരൂപത്തിലുമത് പ്രടിപ്പിക്കാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും പ്രശ്‌നങ്ങള്‍ വലുതാക്കിപ്പറഞ്ഞ് തിരിച്ചുപോരാതെ അവിടെയിരിക്കും. ഒന്നുരണ്ട് തവണ ഇതാവര്‍ത്തിച്ചപ്പോള്‍ കുട്ടിയുടെ സഹോദരനും മൂത്തജ്യേഷ്ഠത്തിയുടെ ഭര്‍ത്താവും കൂടി ഉസ്താദിനെ സന്ദര്‍ശിച്ചു. സ്ഥാപനത്തിലെ പ്രയാസങ്ങള്‍ കാരണം കുട്ടികള്‍ക്കിവിടെ നില്‍ക്കാന്‍ കഴിയുന്നില്ലെന്ന പരാതി ചെന്നുപറഞ്ഞു. കാര്യങ്ങള്‍ കേട്ടയുടനെ ഉസ്താദ് ചോദിച്ചത് നിങ്ങളവിടെത്തെ മാനേജറെ കണ്ടോ എന്നാണ്. ഇല്ലായെന്ന് പറഞ്ഞപ്പോള്‍ അവിടുത്തെ മാനേജറെ കണ്ട ശേഷമാണ് ഇവിടെ വന്ന് സംസാരിക്കേണ്ടതെന്ന് പറഞ്ഞ് എന്റെ അടുത്തേക്ക് അവരെ അയച്ചു. വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് കാര്യം മനസിലായി. ആ കുട്ടി പിന്നെയുമവിടെ പഠനം തുടര്‍ന്നു. ഇന്നാ കുട്ടി ഒരുദ്യോഗസ്ഥയാണ്. ഉസ്താദിന് വേണമെങ്കില്‍ സ്വന്തമായൊരു തീരുമാനമെടുക്കാമായിരുന്നു. അത് ചെയ്യാതെ സ്ഥാപനമേധാവിയെന്ന നിലയില്‍ എന്നെ പരിഗണിക്കുകയായിരുന്നു.
ജീവനക്കാരില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പിച്ച് കാര്യങ്ങള്‍ ചെയ്യിക്കുന്ന രീതിയായിരുന്നില്ല ഉസ്താദിന്റേത്. മീറ്റിംഗിലെടുത്ത തീരുമാനങ്ങളറിയിച്ചാല്‍ മാനേജര്‍ എന്ന നിലയില്‍ നടപ്പിലാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പക്ഷേ, ഉസ്താദ് ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഞങ്ങൡങ്ങനെ ഒരു തീരുമാനമെടുത്തിട്ടുണ്ട്, അത് നടപ്പിലാക്കണമെന്ന രൂപത്തില്‍ സംസാരിച്ചിട്ടില്ല. എന്തിനാണീ പരിഷാകരങ്ങളെന്നത് കൃത്യമായി ബോധ്യപ്പെടുത്തിത്തരുമായിരുന്നു. ചിലപ്പോള്‍ രണ്ടും മൂന്നും ദിവസവുമൊക്കെ വന്ന് സംസാരിച്ച അനുഭവങ്ങളെനിക്കുണ്ട്.
യതീംഖാനയിലെ കുട്ടികളോട് വലിയ സ്‌നേഹമായിരുന്നു. ഗള്‍ഫിലൊക്കെ പോയാല്‍ ചിലപ്പോള്‍ കുട്ടികളെക്കൊണ്ട് ദുആ ചെയ്യിപ്പിക്കാന്‍ വിളിക്കാറുണ്ടായിരുന്നു. കുട്ടികള്‍ക്കും ഉസ്താദിനെ കാണുന്നത് വലിയ സന്തോഷമായിരുന്നു.

—————————————————————————————————————————————-

ഞങ്ങള്‍ അടുത്തുകണ്ട ഉസ്താദ

ബശീര്‍ സഖാഫി വയനാട്
അനസ് അമാനിയുമായി ബന്ധപ്പെട്ടാണ് ഞാന്‍ ഉസ്താദിന്റെ വീടിനടുത്തുള്ള ഉസ്താദ് തന്നെ നിര്‍മിച്ച പള്ളിയില്‍ ജോലിക്കായി വരുന്നത്. ഉസ്താദിനെ അടുത്തറിഞ്ഞ് അവിടെ സേവകനായി മാറി.
ഇടയ്ക്കിടെ അതിഥികള്‍ വരും. നാദാപുരത്ത് നിന്നും കുറച്ച് പേര്‍ വന്ന് ഉസ്താദിന് ഒരു സംഖ്യ ഹദ്‌യ കൊടുത്തു. ആ പണം എന്റെ കയ്യില്‍ തന്നിട്ട് ഉസ്താദ് ചോദിച്ചു: ‘എത്രയാ അവര്‍ തന്നത്?’ അതിഥികള്‍ മുമ്പില്‍ തന്നെ ഇരിക്കുന്നുണ്ട്. അവരുടെ മുമ്പില്‍ വെച്ച് എനിക്ക് പറയാന്‍ പ്രയാസം തോന്നി. എന്റെ പ്രയാസം ഉസ്താദിനെ അറിയിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഉസ്താദ് ചോദിച്ചു. ‘എന്താ നീ പറയാത്തെ?’ പറഞ്ഞേ തീരൂ എന്നായപ്പോള്‍ അവരുടെ മുമ്പില്‍ വെച്ച് തന്നെ പണം എണ്ണിനോക്കി ഉസ്താദിനെ അറിയിച്ചു. സംഖ്യനിര്‍ണയിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു: ‘എടോ, ഞാന്‍ എണ്ണാന്‍ പറഞ്ഞത് എന്റെ കീശയിലേക്ക് നിറക്കാനല്ല. ഇത് സാധുക്കള്‍ക്ക് കൊടുക്കാനുള്ള പൈസയാ. അത് എത്ര കൊടുക്കാനുണ്ടാകുമെന്ന് നോക്കാനാ.’ ആര് സംഭാവന തന്നാലും ഉസ്താദിന് അതെണ്ണി തിട്ടപ്പെടുത്തി കൊടുക്കണം. ഒരുപക്ഷേ, പിന്നീട് അതിനെ പറ്റി ചോദിക്കുകയൊന്നുമില്ല, എങ്കിലും ഉസ്താദിന് അറിയണം.
ചിലപ്പോള്‍ എന്നോട് തമാശയായി ‘നീ പോടാ’ എന്ന് പറയും. ഉടനെ ഞാന്‍ ‘എന്നാ ഉസ്താദേ ഞാന്‍ പോവാ’ന്ന് പറയും. അതോടെ, ഉസ്താദിന്റെ മുഖം വാടും. ‘ഏയ് ഞാനൊരു തമാശ പറഞ്ഞതല്ലേ’ എന്നും പറഞ്ഞ് എന്നെ അടുത്തേക്ക് വിളിച്ച് തമാശകള്‍ പറയും. ഒരിക്കല്‍ ഉസ്താദ് പറഞ്ഞു ‘എനിക്ക് കുളിക്കണം.’ ഞാന്‍ പറഞ്ഞു. ‘ഇപ്പോ കുളിച്ചതേയുള്ളൂ, ഇനി കുളിക്കാന്‍ പറ്റില്ല.’ ഉസ്താദ് കുളിക്കണം എന്ന വാശിയില്‍. പറ്റില്ലെന്ന് ഞാനും, ‘ഉസ്താദ് ഇപ്പോ കുളിച്ചതല്ലേയുള്ളൂ. ഇനിയും കുളിക്കാന്‍ ഉസ്താദിന് കഴിയില്ല. ആരോഗ്യ പ്രശ്‌നം ഉണ്ട്.’ ഞാന്‍ ഉസ്താദിനെ ബോധിപ്പിക്കാന്‍ നോക്കി. ഉസ്താദ് പറഞ്ഞു. ‘നീ എന്റെ ഖാദിമാണ്, ഞാന്‍ പറയുന്നത് കേള്‍ക്കണം.’
‘എന്തു പറഞ്ഞാലും ഇപ്പോള്‍ കുളിക്കാന്‍ പറ്റൂല.’ അപ്പോള്‍ ഉസ്താദിന്റെ വാശിമാറും. എന്നിട്ട് പറയും. ‘ഉം, ഞാനായത് കൊണ്ട് തരക്കേടില്ല. നീയൊക്കെ കണ്ണിയത്തിന്റെ അടുത്ത് ഖിദ്മതിന് പോയാല്‍ പിറ്റേന്ന് നിര്‍ത്തിപ്പോന്നിട്ടുണ്ടാകും.’ ആരോഗ്യത്തിന് ക്ഷീണം വരുന്നത് ഞാന്‍ കല്‍പിച്ചാല്‍ നീ ചെയ്യരുതെന്ന് ആദ്യമേ എന്നോട് പറഞ്ഞത് ഞാനുസ്താദിനെ ഓര്‍മിപ്പിക്കും. അപ്പോഴേക്കും വാശിയൊക്കെ തീര്‍ന്നിട്ടുണ്ടാകും.
അവസാന സമയത്ത് സംസാരിക്കാന്‍ പ്രയാസം അനുഭവിക്കുമ്പോള്‍ പോലും കിതാബിന്റെ ഇബാറതുകളോ മറ്റോ തെറ്റായി വായിച്ചാല്‍ ഉടനെ തിരുത്തിപ്പറയുമായിരുന്നു. ഖുര്‍ആന്‍ ഓതുമ്പോഴൊക്കെ അക്ഷരം പിഴച്ചാല്‍ ഉസ്താദ് തിരുത്തി ഓതിപ്പിക്കും. ശരിക്കും സുബോധം ഇല്ലാത്ത അവസ്ഥയിലാണിതെന്നോര്‍ക്കണം. ഖുര്‍ആനുമായുള്ള അഭേദ്യബന്ധമായിരുന്നു കാരണം.
കുടുംബം നോക്കുന്നത് ഉസ്താദിനൊരു ഹരമായിരുന്നു. പലപ്പോഴും മിഠായികളും തണ്ണിമത്തനുമൊക്കെ വാങ്ങിക്കൊണ്ട് വരും. വീട്ടിലെ കുട്ടികള്‍ ഉസ്താദ് വരുന്നത് കാത്തിരിക്കും. എല്ലാവര്‍ക്കും മുറിച്ച് കൊടുക്കും. സാമ്പത്തികമായി വലിയ കണിശതയായിരുന്നു. ചെലവാകുന്നതെല്ലാം എത്ര ചെറുതാണെങ്കിലും ഡയറിയില്‍ എഴുതി വെക്കും. 15 രൂപക്ക് പെട്രോളടിച്ചതും കടല വാങ്ങിയതുമെല്ലാം ആ ഡയറിയിലുണ്ടാകും. ഗള്‍ഫിലേക്ക് പോകുന്നുവെങ്കില്‍ ആ മാസത്തെ പേജുകള്‍ ഒഴിഞ്ഞു കിടക്കും. വന്നതിന് ശേഷം കിട്ടിയ സംഖ്യകളും കൊടുത്ത സംഖ്യകളും കൃത്യമായി എഴുതി വെക്കും. എല്ലാത്തിനും കണിശത വേണമെന്ന് ഉസ്താദിന് നിര്‍ബന്ധമായിരുന്നു.
കല്യാണത്തെ കുറിച്ച് പറയുമ്പോഴൊക്കെ നല്ല ഒരു ഭാര്യയെ കിട്ടാന്‍ ഉസ്താദ് ദുആ ചെയ്യുമായിരുന്നു. കല്യാണം ശരിയായപ്പോള്‍ ഉസ്താദിനോട് വിവരം പറഞ്ഞു. ഉസ്താദിന് സന്തോഷമായി. ശവ്വാല്‍ മാസം, നല്ല മാസമാണല്ലോ, അപ്പോഴാക്കിയാലോ എന്ന് ചോദിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു: ‘ശവ്വാലില്‍ വേണ്ട, സഫറിലാക്കാം.’ ഉസ്താദ് അങ്ങനെ പറഞ്ഞപ്പോള്‍ ഞാനതംഗീകരിച്ചു. എന്തെങ്കിലും കാരണമില്ലാതെ ഉസ്താദ് അങ്ങനെ പറയില്ലെന്ന് എനിക്കറിയാമായിരുന്നു.
ആ വാക്കുകളുടെ പൊരുള്‍ എനിക്കിപ്പോള്‍ മനസിലായി. സഫര്‍ മാസം ഉസ്താദ് യാത്രയായി. ഉസ്താദിന്റെ സേവകനായിരിക്കെ കല്യാണം കഴിഞ്ഞാല്‍ എനിക്കിടയ്ക്കിടെ നാട്ടിലേക്ക് പോവേണ്ടി വരുന്നത് ഉസ്താദിനെ പ്രയാസപ്പെടുത്തും. അതുകൊണ്ട് എന്റെ സഫറിലേക്ക് മാറ്റുകയായിരുന്നു.

————————————————————————————————————————————–

സകരിയ്യ അമാനി
മൂന്ന് വര്‍ഷത്തോളം സേവകനായ സകരിയ്യ അമാനിക്കു പറയാനുണ്ടായിരുന്നത് ഉസ്താദിന്റെ ജീവിത രീതിയെ കുറിച്ചാണ്. എന്നും സുബ്ഹിക്ക് മുമ്പേ എഴുന്നേറ്റ് ഒരു ജുസ്അ് ഖുര്‍ആനും മൂവായിരം ദിക്‌റും ചൊല്ലിത്തീര്‍ക്കും. സുബ്ഹി നിസ്‌കാരത്തിനു സ്ഥാപനം ഉണരും മുമ്പേ ഉസ്താദ് മഖറിലെത്തും. സുബ്ഹി നിസ്‌കാരശേഷം ദലാഇലുല്‍ ഖൈറാതും മറ്റു ദിക്‌റുകളും ചൊല്ലും. പ്രത്യേകിച്ച് പരിപാടികളൊന്നുമില്ലെങ്കില്‍ പത്തുമണിക്ക് തന്നെ ഉസ്താദ് കിടന്നുറങ്ങാറുമുണ്ട്. ചിട്ടയായ ജീവിതം. ഏത് സമയത്തും ഖുര്‍ആന്‍ പാരായണം ചെയ്യും. ഹാഫിളായിട്ടുണ്ടോ എന്നറിയില്ല, പക്ഷേ, മിക്കതും ഹിഫ്‌ളാണ്. ഖുര്‍ആന്‍ ഓതുന്നതിനിടയില്‍ ചിരിക്കുന്നതായും കരയുന്നതായും കണ്ടിട്ടുണ്ട്. യാത്ര പോകുമ്പോള്‍ ഖുര്‍ആന്‍ എടുക്കാന്‍ മറന്നുപോയാല്‍ കഠിനമായ വിഷമമാണ്.

അഞ്ച് കാര്യങ്ങള്‍ ഉസ്താദിന്റെ കയ്യില്‍ എപ്പോഴുമുണ്ടാകും, മോതിരം, രിസാല ഡയറി, പേന, മുസ്ഹഫ്, വാച്ച്. വീട്ടിലെത്തിയാല്‍ ഇവ വെക്കാനുള്ള പ്രത്യേകം സ്ഥലങ്ങളുണ്ട്. ആ സ്ഥലത്ത് തന്നെ വെക്കും. ഉസ്താദ് തന്നെയാണ് അത് അവിടെ വെക്കുക. സ്ഥലം മാറ്റി വെച്ചാല്‍ ദേഷ്യപ്പെടും. ഒരു സാധനം വെക്കേണ്ടിടത്ത് വെച്ചില്ലെങ്കില്‍ അത് അക്രമമാണെന്ന് പറയും. എപ്പോഴും ശുദ്ധിയിലായിരിക്കും. വല്ലപ്പോഴും അശുദ്ധിയായാല്‍ ഉടനെ അംഗശുദ്ധി വരുത്തും. വീട്ടിലായാലും മറ്റെവിടെയായാലും ദിനചര്യകളില്‍ മാറ്റമുണ്ടാവാറില്ല. ഇല്‍മ് കിട്ടണമെങ്കില്‍ എപ്പോഴും ശുദ്ധി വേണമെന്ന് ഇടക്കിടെ പറയുമായിരുന്നു.

രാത്രി സമയത്ത് ബാത്‌റൂമില്‍ പോവാനെഴുന്നേല്‍ക്കും. പെട്ടെന്നെന്നോട് അല്‍ഫിയ്യയിലെ വരിയോ കര്‍മശാസ്ത്ര പ്രശ്‌നമോ ചോദിക്കും. ഉത്തരം കിട്ടിയില്ലെങ്കില്‍ പറയും, പഠിക്കണമെടോ എന്നാലേ ഉത്തരം കിട്ടൂ. ഇനി വല്ലപ്പോഴും ഉത്തരം പറഞ്ഞാല്‍ പറയും; ഓ നീ ഭയങ്കര പഠിപ്പുകാരന്‍. ആ സമയത്തുള്ള സംസാരമൊക്കെ രസമായിട്ടാണ് അനുഭവപ്പെടാറ്. രാത്രി എപ്പോഴും ഉസ്താദിന്റെ സേവനത്തിനായി ഉറങ്ങാതെ കാത്തിരിക്കും. എങ്കിലും പകലിലുള്ള ഒരു സബ്ഖില്‍ പോലും അതിന്റെ പേരില്‍ ഉറങ്ങിയതായി ഓര്‍മയില്ല. കുട്ടികളായാലും ഖാദിമുകളായാലും ഉസ്താദിന് നല്ല സ്‌നേഹമായിരുന്നു. വഴക്ക് പറയുകയോ ദേഷ്യപ്പെടുകയോ ചെയ്താല്‍ അടുത്ത് വിളിച്ച് നമ്മുടെ ദുനിയാവിനും ആഖിറത്തിനും വേണ്ടി ദുആ ചെയ്യും.

രാത്രി ഉറക്കൊഴിച്ച് ഇരിക്കുന്ന ഒരു സമയത്ത് ഉസ്താദ് എന്നോട് ചോദിച്ചു. ‘നിനക്കെന്താ വേണ്ടത്?’ ഞാന്‍ പറഞ്ഞു, ‘ഉസ്താദേ ഇവിടെ എന്നെ സകരിയ്യ എന്ന് വിളിക്കുന്നത് പോലെ നാളെ സ്വര്‍ഗത്തില്‍ വെച്ചും എന്നെ സകരിയ്യ എന്ന് വിളിക്കാന്‍ ഞാന്‍ അടുത്തുണ്ടാവണം.’ ഉസ്താദ് എന്റെ കൈ പിടിച്ചിട്ട് പറഞ്ഞു. ‘ഞാന്‍ സ്വര്‍ഗത്തിലുണ്ടെങ്കില്‍ സകരിയ്യ നീയും അവിടെയുണ്ടാവും.’ ആ വാക്കുകള്‍ മതിയായിരുന്നെനിക്ക്.

മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്
പ്രഥമ അമാനി ബാച്ചിലെ റാങ്ക് ജേതാവും മഖറിലെ മുദരിസുമാണ് മുഹമ്മദ് കുഞ്ഞി അമാനി. ‘ഉസ്താദിന്റെ ക്ലാസിന്റെ ശൈലി വളരെ രസകരമായിരുന്നു. കണ്ണിയത്തുസ്താദിനെ കണ്ണ്യന്‍ മോല്യാര് എന്നാണ് പറയാറ്. കണ്ണിയത്തുസ്താദിനെ ക്ലാസില്‍ സ്മരിക്കുമ്പോള്‍ പലപ്പോഴും കരയാറുണ്ട്. ആ ശൈലിയാണ് ഉസ്താദിന് എന്ന് ഉസ്താദ് തന്നെ ഇടയ്ക്കിടെ പറയും. ഹദീസിന്റെ ക്ലാസുകളില്‍ ആയത്തുകള്‍ വരുമ്പോള്‍ കിതാബിലുള്ളതിന്റെ മൂന്ന് ആയത്ത് മുമ്പുമുതല്‍ മൂന്ന് ആയത്ത് ശേഷം വരെ ഓതും. കിതാബ് ഹദീസായിരിക്കും എടുക്കുന്നതെങ്കിലും മീസാന്‍ മുതലുള്ള കിതാബുകളുടെ ആശയങ്ങള്‍ കടന്നു വരും. നഹ്‌വ്, സ്വര്‍ഫ്, മന്‍ത്വിഖ്, മആനി തുടങ്ങിയ എല്ലാ ഫന്നുകളിലൂടെയും ക്ലാസ് സഞ്ചരിക്കും. എല്ലാം അല്‍പമെങ്കിലും തിരിയുന്നവര്‍ക്കേ ക്ലാസിലിരിക്കാന്‍ ഒരു സുഖമുണ്ടാവൂ.

ജീവിതത്തിന്റെ ചിട്ടകള്‍ പാലിക്കാന്‍ സദാശ്രദ്ധനായിരിക്കും. ഒരു ചായ കുടിച്ചാല്‍ ഉടനെ വായ കഴുകും. ചായ കുടിച്ചാല്‍ വായ കഴുകണമെന്നും ഗ്ലാസ് എങ്ങനെ പിടിക്കണമെന്നും പ്രത്യേകം പഠിപ്പിക്കുകയും ചെയ്യും.

ധനസമാഹരണത്തിനുവേണ്ടി എവിടെയെങ്കിലും പോയാല്‍ അവിടെയുള്ള മഹാന്മാര്‍ക്ക് വേണ്ടി ഫാതിഹ ഓതും. അവരുടെയൊക്കെ മദദ് എപ്പോഴും ജീവിതത്തിലുണ്ടാവണമെങ്കില്‍ അവര്‍ക്കൊരു ഫാതിഹയെങ്കിലും ഓതണമെന്ന് പറയും. പരീക്ഷകളിലെ ചോദ്യങ്ങളൊക്കെ വളരെ എളുപ്പമാക്കിയേ ഇടൂ. ആരെയും പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങള്‍ ചോദിക്കാറില്ല. മന്‍ത്വിഖിന്റെ ചര്‍ച്ചകളിലാണ് കൂടുതല്‍ ആഭിമുഖ്യം. ക്ലാസുകളില്‍ ശക്‌ലുകളുടെ ഒരു നിര തന്നെയുണ്ടാകും. ക്ലാസിലാരെങ്കിലും ഉറങ്ങിയാല്‍ വലിയ ശബ്ദത്തില്‍ ഉറുദുവില്‍ പറയും: ‘ഹോതാഹെ വോ സോനാ വാലാ ഹെ’ അതോടെ അവന്റെ ഉറക്കം മാത്രമല്ല, ക്ലാസിലെ എല്ലാവരുടെയും ഉറക്കം പോകും. സംശയങ്ങള്‍ ചോദിക്കുന്നവരോട് വല്ലാത്ത താത്പര്യമായിരുന്നു. വിശദീകരിച്ച് മനസിലാവുന്ന രൂപത്തില്‍ സംശയങ്ങള്‍ നിവൃത്തിച്ചുതരും.
കണ്ണിയത്തുസ്താദിന്റെ ശൈലിയാണ്, തെറ്റു കണ്ടാല്‍ ഉടന്‍ തിരുത്തും. പിന്നെ ആളെ വിളിച്ച് നല്ല രീതിയില്‍ പറഞ്ഞുകൊടുക്കും. വടിയെടുത്ത് പഠിപ്പിക്കാറില്ല, വാക്കുകള്‍ കൊണ്ടായിരുന്നു ശിക്ഷാരീതികള്‍. ആദ്യമൊക്കെ ചെവിക്ക് പിടിക്കലായിരുന്നു വലിയ ശിക്ഷാരീതി.
നന്നായി ആനുകാലികങ്ങള്‍ വായിക്കുമായിരുന്നു. സിറാജും മനോരമയുമായിരുന്നുസ്ഥിരമായി വായിക്കുന്ന പത്രങ്ങള്‍. സിറാജിന്റെ കണ്ണൂര്‍ എഡിഷന്‍ തന്നെ ചിത്താരി ഉസ്താദിന്റെ മുന്‍കയ്യിലായിരുന്നല്ലോ. ക്ലാസുകളില്‍ മനോരമയില്‍ വന്ന വാര്‍ത്തയെ പറ്റിയും എഡിറ്റോറിയലുകളെ പറ്റിയും പറയാറുണ്ട്. പ്രസംഗങ്ങളില്‍ ഉസ്താദിന്റെ വായന നിഴലിച്ചു കാണാം.

You must be logged in to post a comment Login