മദീന പറയുന്ന രാഷ്ട്രീയം

മദീന പറയുന്ന രാഷ്ട്രീയം

ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുക എബ്രഹാം ലിങ്കന്റെ റൈം സ്‌കീമൊത്ത നിര്‍വചനം ഉരുവിട്ടു കൊണ്ടായിരിക്കും. ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി… ജനാധിപത്യത്തെ ഒരു ഭരണക്രമമായി മാത്രം കാണാനാണ് ഇത്തരം നിര്‍വചനങ്ങള്‍ ശ്രമിക്കുന്നത്. അത് പ്രാതിനിധ്യ പങ്കാളിത്തത്തെ മുന്നോട്ട് വെക്കുന്നു. ഭൂരിപക്ഷത്തിന്റെയോ എണ്ണത്തിന്റെയോ കളിയാണത്. നമ്പറാണ് പ്രശ്‌നം. നമ്പറൊത്താല്‍ ഏത് അനീതിയും ആധികാരികമാകും, നിയമപരമാകും. ജര്‍മനിയിലും ഇറ്റലിയിലും ഹിറ്റ്‌ലറും മുസോളിനിയും ആഘോഷിച്ചതും ഭൂരിപക്ഷത്തിന്റെ യുക്തിയായിരുന്നുവല്ലോ. അതില്‍ നിന്ന് ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ജനാധിപത്യം വ്യത്യസ്തമാകുന്നത് തിരുത്തല്‍ ശക്തിയാകാന്‍ ഈ ഭരണക്രമത്തിന് കെല്‍പുണ്ട് എന്ന വിശ്വാസത്തില്‍ മാത്രമാണ്. വിയോജിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടുന്നുവെന്നതായിരുന്നു ഇന്ത്യയെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാക്കിയത്. ഫാഷിസ്റ്റ് പ്രവണതകള്‍ അതിവേഗം ശക്തിയാര്‍ജിക്കുമ്പോള്‍ ജനകീയ പ്രതിസന്ധികള്‍ താഴേക്ക് പോകുകയും ഭൂരിപക്ഷത്തെ ആകര്‍ഷിക്കാവുന്ന വൈകാരിക വിഷയങ്ങള്‍ കത്തിപ്പടരുകയും ചെയ്യും. അപ്പോള്‍ തിരുത്തല്‍ ശക്തിയാകാനുള്ള ജനാധിപത്യത്തിന്റെ ജനിതക ശേഷിയും അസ്തമിക്കും. അക്ഷരാര്‍ത്ഥത്തില്‍ അത് ഭൂരിപക്ഷ വൈകാരികതയെ മാത്രം പ്രതിഫലിപ്പിക്കും. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആ യുക്തിക്ക് കീഴ്‌പ്പെടും. ആരാകും ആ വൈകാരികതയെ നന്നായി പ്രതിനിധാനം ചെയ്യുന്നത്, അവര്‍ ജയിച്ചു വരും. ഇന്ത്യന്‍ ജനാധിപത്യം ഇന്ന് അനുഭവിക്കുന്ന യഥാര്‍ത്ഥ പ്രതിസന്ധിയിതാണ്.

ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജനാധിപത്യ സങ്കല്‍പം ഒരു ജീവിതക്രമമാണ്. എല്ലാതരം ചിന്തകള്‍ക്കും ഇടമുള്ള ബഹുസ്വരമായ ജീവിത മൂല്യങ്ങളിലാണ് അത് അധിഷ്ഠിതമായിട്ടുള്ളത്. ഭരിക്കുന്നവര്‍ ഉടമകളല്ല, ഭരണീയര്‍ അടിമകളുമല്ല എന്നതാണ് അടിസ്ഥാന തത്വം. അത്‌കൊണ്ട് അമീറിനെ നിങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ അദ്ദേഹം തിരുത്തലിന് അന്യനല്ല. വിമര്‍ശനത്തിന് അച്ചടക്കം വേണമെന്നേയുള്ളൂ. വിമര്‍ശനമേ വേണ്ടെന്നല്ല. തെരുവിലും കുടുംബത്തിലും വാഹനത്തിലും ക്ലാസ് മുറിയിലും യുദ്ധമുഖത്തും തൊഴിലിടത്തിലുമെല്ലാം സ്വാഭാവികമായും നേതാവ് ഉയര്‍ന്നു വരും. അദ്ദേഹം സര്‍വാംഗീകൃതനായിരിക്കും. അദ്ദേഹത്തെ അങ്ങനെ അംഗീകൃതനാക്കുന്നത് അദ്ദേഹത്തിന്റെ ഗുണങ്ങളാണ്. കുലമല്ല. എന്നാല്‍ ഒരിക്കല്‍ നേതാവായി കഴിഞ്ഞാല്‍ അദ്ദേഹം സ്വന്തം യുക്തിക്ക് മാത്രം ചെവികൊടുക്കുന്നവനല്ല. അവന്‍ അനുയായികളെ കേള്‍ക്കാത്തത്ര ഉയരത്തിലുമല്ല. നിരന്തരം അനുയായികളെ അനുധാവനം ചെയ്യുന്നു നേതാവ്. അവരില്‍ നിന്ന് പഠിക്കുന്നു. പകര്‍ത്തുന്നു. നേതാവ് ഏത് നിലയിലും അനുയായികളുടെ സേവകനാണെന്നാണ് തിരുനബി പഠിപ്പിച്ചത്. ഇസ്‌ലാമിക ഖിലാഫത്തിനെ കുറിച്ച് നിഷ്പക്ഷമായി പഠിച്ചവരെല്ലാം ഈ സത്യം തുറന്നുപറഞ്ഞിട്ടുണ്ട്. അത്തരം സാക്ഷ്യങ്ങളുള്ളത് കൊണ്ടാണ് ഇസില്‍ പോലുള്ള തീവ്രവാദി സംഘങ്ങള്‍ അനിവാര്യമാണെന്ന് സയണിസ്റ്റ്, സാമ്രാജ്യത്വ മേലാളന്‍മാര്‍ തീരുമാനിക്കുന്നത്. ടണ്‍ കണക്കിന് അച്ചടി മഷി ചെലവാക്കിയിട്ടും ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണത്തെ രാക്ഷസവത്കരിക്കുന്നതില്‍ സയണിസം പൂര്‍ണമായി വിജയിച്ചില്ല. ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്ത്- ഇസില്‍, ദായിശ് മറ്റ് തീവ്രവാദ ഗ്രൂപ്പുകളെക്കാള്‍ അപകടകരമാകുന്നത് അത് ഇസ്‌ലാമിക് ഖിലാഫത്ത് എന്ന ആശയത്തെ ദുരുപയോഗം ചെയ്തത് കൊണ്ടാണ്.
ഇസ്‌ലാമിന്റെ രാഷ്ട്രീയ പ്രയോഗത്തിന് ഏറ്റവും ആധുനികമായ ഉദാഹരണമായി നിക്ഷിപ്ത താത്പര്യം പുലര്‍ത്തുന്ന ബുദ്ധിജീവികള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഇസില്‍ തീവ്രവാദികള്‍ പ്രഖ്യാപിച്ച ഖിലാഫത്തിനെയാണ്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സംജ്ഞ ഉപയോഗിക്കുക വഴി തീവ്രവാദികള്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ ക്രൂരമായി അപഹസിക്കുകയാണ് ചെയ്തത്. ഇതല്ല ഇസ്‌ലാമിന്റെ ഭരണവ്യവസ്ഥയെന്ന് അറിയാത്തവരല്ല ഇസില്‍ സംഘത്തെ ഉദാഹരിച്ചത്. ചരിത്രത്തില്‍ വേരുകളുള്ള ഇസ്‌ലാമിക മൂല്യങ്ങളെ വര്‍ത്തമാന കാലത്ത് നിരാകരിക്കാന്‍ ഇസിലടക്കമുള്ള ഇസ്‌ലാമിസ്റ്റ്, സലഫീ ഗ്രൂപ്പുകളെ കൃത്യമായി ഉപയോഗിക്കുകയാണ് ഈ പ്രൊപഗാണ്ടക്കാര്‍ ചെയ്തത്. ഇസ്‌ലാമിക നവോത്ഥാനം സാധ്യമാകേണ്ടത് നിരപരാധികളുടെ ചോരയില്‍ നിന്നാകണമെന്ന് ഇബ്‌നു അബ്ദുല്‍ വഹാബ് കാണിച്ചു കൊടുത്തു. ഇസ്‌ലാമിക ഭരണക്രമമായി ആഘോഷിക്കാന്‍ യസീദികളുടെ ചോര ഒഴുക്കിക്കൊടുത്തു ഇസില്‍ സംഘം.
കൊളോണിയല്‍ ശക്തികള്‍ അവര്‍ നടത്തിയ ക്രൂരമായ അധിനിവേശങ്ങളുടെ അടിസ്ഥാന പ്രത്യയ ശാസ്ത്രമായി സ്വയം സ്വീകരിക്കാറുള്ളത് ദൈവദത്ത അധികാര സിദ്ധാന്തമാണ്. സ്വയം ഭരിക്കാന്‍ ശേഷിയില്ലാത്ത രാഷ്ട്രങ്ങളെ പരിപാലിച്ചു കൊള്ളാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ വിശ്വസിക്കുന്നു. ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലും ഏഷ്യയിലെ ദുര്‍ബല രാഷ്ട്രങ്ങളിലും ഇന്നും നടക്കുന്ന ഇടപെടലുകള്‍ക്ക് അവര്‍ കണ്ടെത്തുന്ന ന്യായം ഇത് തന്നെയാണ്. പാശ്ചാത്യ ഉത്കൃഷ്ടതാവാദത്തിന്റെയും അടിത്തറ അത് തന്നെ. താന്‍ ദൈവത്താല്‍ നിയുക്തനാണെന്ന് വാദിക്കുന്നവരാണ് സ്വേച്ഛാധിപതികളില്‍ മിക്കവരും. പാശ്ചാത്യ ശക്തികള്‍ അധിനിവേശത്തോടൊപ്പം ക്രിസ്ത്യന്‍ മതപ്രചാരണത്തിനും അവസരമൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് മതത്തിന്റെ പിന്‍ബലം സിദ്ധിക്കാന്‍ വേണ്ടിയാണ്. സഭാ നേതൃത്വം രാഷ്ട്രീയ യന്ത്രം തിരിച്ചിടത്തെല്ലാം രക്തപ്പുഴകള്‍ ഒഴുകിയെന്നതും ചരിത്രമാണ്. സയണിസ്റ്റ് രാഷ്ട്രം പടച്ചതും പരിപാലിക്കുന്നതും കുരുതികളിലൂടെയാണല്ലോ. ഈ ചരിത്രത്തോടാണ് ഇസിലിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തിന് സാമ്യം. തങ്ങളുടെ അധികാര മോഹത്തിന് മതത്തിന്റെ ചട്ടക്കൂടും ചരിത്രവും തത്വങ്ങളും ഉപയോഗിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്തത്. തിരുനബിയുടെ അനുചരന്മാരാല്‍ സ്ഥാപിക്കപ്പെട്ട ഇസ്‌ലാമിക ഖിലാഫത്തില്‍ അന്യമതവിദ്വേഷവും മനുഷ്യക്കുരുതിയും നിര്‍ബന്ധിത മതപരിവര്‍ത്തനവും അധിനിവേശവും ഇല്ല. ഇത് ദായിശ് സംഘത്തിനും അറിയാം. അതറിയുമ്പോഴും അവര്‍ക്ക് മതത്തിന്റെ സംജ്ഞകള്‍ ഉപേക്ഷിക്കാനാകില്ല. വംശീയവും മതപരവുമായ അലകും പിടിയുമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന് അവര്‍ക്കറിയാം. അപ്പോള്‍ പിന്നെ അവര്‍ മതത്തെ വക്രീകരിച്ചവരുടെ ആശയ സംഹിതകളില്‍ ആശ്രയം കണ്ടെത്തുന്നു.
ഇസ്‌ലാമിന്റെ ഖിലാഫത്തിന് പതിനാല് നൂറ്റാണ്ടിന്റെ തുടര്‍ച്ചയുണ്ടായിരുന്നു. ഓരോ നൂറ്റാണ്ടിലൂടെയും കടന്ന് വരുമ്പോള്‍ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് അത് വികസിച്ചത്. അത് എല്ലാ വൈജാത്യങ്ങളെയും അംഗീകരിക്കുമ്പോള്‍ തന്നെ ഇസ്‌ലാമിന്റെ മഹത്തായ സാഹോദര്യത്തെ ഉദ്‌ഘോഷിച്ചിരുന്നു. മുസ്‌ലിം ഉമ്മത്തിനെ അത് കോര്‍ത്തിണക്കി. രണ്ടാം ലോകമഹായുദ്ധത്തിന്റെ തേര്‍വാഴ്ചയില്‍ ആ ഖിലാഫത്ത് അസ്തമിക്കുമ്പോള്‍ വല്ലാത്തൊരു ഇരുട്ടില്‍ മുസ്‌ലിംകള്‍ അകപ്പെട്ടു. ഈ അന്ധതയും മാലക്കണ്ണും മുതലെടുത്ത് ഇസ്‌ലാമിക അധ്യാപനങ്ങളെ വളച്ചൊടിക്കുന്നവരുടെ നിര തന്നെ മുളച്ച് വന്നു. അതില്‍ ഏറ്റവും അപകടകരമായ ഒന്നായിരുന്നു മൗദൂദിസം. രാഷ്ട്രത്തെ ദൈവത്തിന്റെ ഏല്‍പ്പനയായി പ്രഖ്യാപിക്കുന്ന പാശ്ചാത്യ ഫാഷിസ്റ്റ് ദര്‍ശനങ്ങളുടെ നേര്‍പതിപ്പാണ് മൗദൂദിസം. ഹെഗല്‍ പറയുന്നത് രാഷ്ട്രത്തിന്റെ കീഴിലാണ് എല്ലാമെന്നാണ്. വ്യക്തിയുടെ എല്ലാ വ്യവഹാരങ്ങളും രാഷ്ട്രത്തിന് വേണ്ടിയുള്ളതാകണം. രാഷ്ട്രത്തിന്റെ സംസ്ഥാപനവും പാലനവുമായിരിക്കണം വ്യക്തിജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം. രാഷ്ട്രത്തിന്റെ ഈ അതിവൈകാരിക, അതിശക്ത പ്രതിച്ഛായയാണ് ഹെഗല്യന്‍ ഫിലോസഫി മുന്നോട്ട് വെക്കുന്നത്. ഹിറ്റ്‌ലര്‍ അടക്കമുള്ള എല്ലാ ഫാഷിസ്റ്റുകളും അത് തന്നെ ആവര്‍ത്തിക്കുന്നു.

മൗദൂദിയുടെ ഹുകൂമത്തെ ഇലാഹിയടക്കമുള്ള സിദ്ധാന്തങ്ങളുടെയും പൊരുള്‍ ഇതു തന്നെയാണല്ലോ. അദ്ദേഹം പറയുന്നത് ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ണമാകുന്നത് രാഷ്ട്ര സംസ്ഥാപനത്തോടെ മാത്രമാണെന്നാണ്. ദീന്‍ എന്നതിന് രാഷ്ട്രം എന്ന് മൗദൂദി അര്‍ത്ഥം വെക്കുന്നു. ‘ദീന്‍ (രാഷ്ട്രം) സത്യമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ സര്‍വശക്തിയുമപയോഗിച്ച് അതിനെ ഭൂമുഖത്ത് സുസ്ഥാപിക്കുകയോ അല്ലാത്ത പക്ഷം അതേ പരിശ്രമത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കുകയോ അല്ലാതെ നിങ്ങള്‍ക്ക് ഗത്യന്തരമില്ല’ എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. യഥാര്‍ത്ഥ ഖിലാഫത്തിന്റെ പതനം ഒഴിച്ചിട്ട രാഷ്ട്രീയ ശൂന്യതയിലേക്ക് കയറി നിന്ന എല്ലാ തീവ്രവാദ ഗ്രൂപ്പുകളും മൗദൂദിയുടെ ഈ ആഹ്വാനം പിന്‍പറ്റിയവരാണ്. മൗദൂദിയാണ് അവരുടെ ആശയ ആശ്രയം. ഇതാകട്ടെ ജനാധിപത്യത്തിന്റെയോ ഉള്‍ക്കൊള്ളലിന്റെയോ ബഹുസ്വരതയുടെയോ രാഷ്ട്രീയമല്ല. മറിച്ച് അടിച്ചേല്‍പ്പിക്കലിന്റെയും പിടിച്ചടക്കലിന്റെയും കൊന്നൊടുക്കലിന്റെയും ആസുരതയാണ്. ഇസില്‍ സംഘം കാണിച്ചു കൂട്ടിയ ക്രൂരതകള്‍ പരിശോധിച്ചാല്‍ ഇത് മനസിലാകും. അവര്‍ക്ക് സൈനിക ആധിപത്യം കിട്ടിയ ഇടങ്ങളിലെല്ലാം ഇതരമതസ്ഥരെയും വംശങ്ങളെയും ഉന്‍മൂലനം ചെയ്യാനാണ് മുതിര്‍ന്നത്. യസീദികള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ഉദാഹരണം. ഒരു ദാക്ഷിണ്യവുമില്ലാതെ അവരുടെ കാഴ്ചപ്പാടുകള്‍ നിഗ്രഹാത്മകമായി അടിച്ചേല്‍പ്പിക്കുന്നു. അവര്‍ നിഷ്‌കര്‍ഷിക്കുന്ന മതാനുഷ്ഠാനങ്ങള്‍ ഇസ്‌ലാമിന് തികച്ചും അന്യമായ നിലയില്‍ സ്ഥാപിക്കുന്നു. ഇക്കാര്യത്തില്‍ ഇസിലും മറ്റെല്ലാം ഇസ്‌ലാമിസ്റ്റ് ഭീകര സംഘങ്ങളും അങ്ങേയറ്റത്തെ സമാനത പുലര്‍ത്തുന്നു. ബോക്കോ ഹറാം ഉദാഹരണം. ജിഹാദ് എന്ന വിശാലമായ കാഴ്ചപ്പാടിന്റെ അങ്ങേയറ്റം കുടുസ്സും മനുഷ്യത്വവിരുദ്ധവുമായ പ്രയോഗമാണ് മൗദൂദി ആഹ്വാനം ചെയ്തതും ഇസില്‍ സംഘം നടപ്പാക്കുന്നതും. ഇത് ഇസ്‌ലാമിന് അന്യമാണെന്ന് വ്യക്തമാക്കുന്ന നിരവധി ഖുര്‍ആന്‍ അധ്യാപനങ്ങള്‍ കാണാന്‍ സാധിക്കും. മതത്തില്‍ യാതൊരു ബലാല്‍ക്കാരവും ഇല്ല, സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നാണ് ഖുര്‍ആന്‍ പറയുന്നത്. നിങ്ങള്‍ ഉപദേശിക്കുന്നവനാണ്, അധികാരം പ്രയോഗിക്കുന്നവനല്ലെന്ന് നബിതിരുമേനിയോട് ഖര്‍ആന്‍ പറയുന്നുണ്ട്. ഇസ്‌ലാമിക ഖിലാഫത്ത് മതത്തില്‍ തന്നെയുള്ള ചിന്താധാരകളെ ഉള്‍ക്കൊള്ളുന്നതായിരുന്നു. എന്നാല്‍ അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ ഒന്നാം നമ്പര്‍ ശത്രു സൂഫി, പാരമ്പര്യ വിശ്വാസികളാണ്.

തികഞ്ഞ രാഷ്ട്രീയമുള്ള മതമാണ് ഇസ്‌ലാം. രാഷ്ട്ര സംസ്ഥാപനത്തിന്റെയും രാഷ്ട്രപരിപാലനത്തിന്റെയും രാഷ്ട്ര സംവിധാനത്തിന്റെയും പ്രായോഗിക പാഠങ്ങളാല്‍ സമ്പന്നമാണ് ഇസ്‌ലാമിക ചരിത്രം. രാഷ്ട്രീയത്തില്‍ നിന്ന് അടര്‍ത്തി ഇസ്‌ലാമിനെ കാണുന്നത് തന്നെ അപരാധമായിരിക്കും. ഭരണ വ്യവസ്ഥ, നികുതി വ്യവസ്ഥ, സാമ്പത്തിക പ്രത്യയശാസ്ത്രം തുടങ്ങി ആധുനിക ദേശരാഷ്ട്രങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തത്വസംഹിതകള്‍ അവിടെയുണ്ട്. അത്‌കൊണ്ടാണ് ഇസ്‌ലാം സമ്പൂര്‍ണമായ പ്രത്യയശാസ്ത്രമാകുന്നത്. സമഭാവനയുടെ സാമൂഹിക ശാസ്ത്രത്തില്‍ അധിഷ്ഠിതമാണ് ഇസ്‌ലാമിക രാഷ്ട്രീയം. ഉമ്മത്ത് അഥവാ ജനതയെന്ന് ഖുര്‍ആനും തിരുനബിയും പറയുന്നത് വിശാലമായ അര്‍ത്ഥത്തില്‍ തന്നെയാണെന്ന് കാണാനാകും. അതില്‍ വിശ്വാസിയും അവിശ്വാസിയും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഖുര്‍ആനും ഹദീസും വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ജനതയിലെ അവിശ്വാസി പൗരാവകാശങ്ങള്‍ നിഷിദ്ധമാക്കപ്പെട്ട, നിഗ്രഹിക്കപ്പെടേണ്ടവനല്ല. മക്കാ വിജയത്തിന്റെ ഘട്ടത്തില്‍ ഇത്രകാലം തന്നെയും അനുയായികളെയും വേട്ടയാടിയവരോട് നിങ്ങള്‍ സ്വതന്ത്രരാണ് എന്നാണ് തിരുനബി പറയുന്നത്. ഭരണചക്രം കൈയില്‍ വരുന്നതോടെ ഇസ്‌ലാമിക നേതാവ് കൂടുതല്‍ കാരുണ്യവാനും ജനാധിപത്യവാദിയും സ്വാതന്ത്ര്യത്തിന്റെ ഉപാസകനുമാകണമെന്ന സന്ദേശമാണ് പ്രവാചകന്‍ നല്‍കുന്നത്. സര്‍വ കുത്തിത്തിരിപ്പുകള്‍ക്കും നേതൃത്വം കൊടുത്ത ജൂതരോടു പോലും മദീനയില്‍ വെച്ച് എത്ര വലിയ ഉള്‍ക്കൊള്ളല്‍ ശേഷിയാണ് തിരുനബി പുറത്തെടുത്തത്. പലപ്പോഴും ആ നിലപാടുകള്‍ അനുയായികളോട് പ്രത്യേകം വിശദീകരിച്ച് കൊടുക്കേണ്ടി വന്നു പ്രവാചകന്. കാരണം കേവല യുക്തിക്ക് നിരക്കാത്ത ഇന്‍ക്ലൂസീവ്‌നസ്സാണ് പ്രവാചകനുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ ജനാധിപത്യ മൂല്യം എന്തായിരിക്കണമെന്ന് പഠിപ്പിക്കുകയായിരുന്നു പ്രവാചകര്‍. മദീനയിലെ മതപാഠശാലയുടെ പ്രവര്‍ത്തനത്തെ കുറിച്ച് കര്‍ഷകര്‍ ആവലാതി പറയുന്ന ഒരു രംഗമുണ്ട്. ‘പ്രവാചകരേ, ഞങ്ങള്‍ കൃഷീവലര്‍. ഞങ്ങള്‍ക്ക് പകല്‍ നേരത്തെ സബ്ഖില്‍ വരാനൊക്കില്ലല്ലോ. ഞങ്ങള്‍ക്കും പഠിക്കണം.’ സായാഹ്ന ക്ലാസ് വെച്ചാണ് പ്രവാചകര്‍ ഈ ആവലാതിക്ക് ചെവി കൊടുത്തത്. വയോജന വിദ്യാഭ്യാസത്തിന്റെ ജനാധിപത്യ മൂല്യമായിരുന്നു അത്.
ഇസ്‌ലാമിലെ ഖിലാഫത്ത് ഒരിക്കലും അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നല്ല. അത് സാധാരണജനങ്ങള്‍ ആയുധമെടുത്തോ തെരുവിലിറങ്ങിയോ സ്ഥാപിക്കേണ്ടതുമല്ല. തീര്‍പ്പ് കല്‍പിക്കാന്‍ ശേഷിയുള്ള മുസ്‌ലിം പൊതുകാര്യ പ്രസക്തരും പണ്ഡിതന്മാരും നേതാവാകാന്‍ കെല്‍പുള്ളവരും തമ്മിലുള്ള സംവാദങ്ങളില്‍ നിന്നാണ് ഖലീഫ ഉയര്‍ന്നു വരുന്നത്. തീര്‍ച്ചയായും എല്ലാവരും ആ പ്രക്രിയയില്‍ പങ്കാളിയല്ല. എന്നാല്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ അവിടെ പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ട്. സര്‍വാംഗീകാരമാണ് ഖലീഫയുടെ മുഖമുദ്ര. അങ്ങനെയൊന്ന് രൂപപ്പെടുന്നില്ലെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കാന്‍ കൃത്രിമമായി ആരും ഇറങ്ങിപ്പുറപ്പെടേണ്ടതില്ല. അത്തരം അക്രമാസക്ത ശ്രമങ്ങള്‍ കലഹത്തിനും ശിഥിലീകരണത്തിനും മാത്രമേ വഴി വെക്കൂ. ഇവിടെയാണ് ഇസ്‌ലാമിസവും ഇസ്‌ലാമും വഴിപിരിയുന്നത് .

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login