നബിയുടെ മദീന ആധുനിക നാഗരികതയെ ചിലതോര്‍മിപ്പിക്കുന്നുണ്ട്

നബിയുടെ മദീന ആധുനിക നാഗരികതയെ ചിലതോര്‍മിപ്പിക്കുന്നുണ്ട്

മാനവീയന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന അമൂല്യങ്ങളായ അനന്തരങ്ങളിലൊന്നാണ് ഇസ്‌ലാമും പ്രവാചകനായ മുഹമ്മദും(സ്വ). വിവേകപൂര്‍ണമായ ഒരു വിലയിരുത്തല്‍ ഇസ്‌ലാമിനോ മുഹമ്മദ് നബിക്കോ സാമാന്യചരിത്രം പൊതുവില്‍ അനുവദിച്ചിട്ടില്ല (അപവാദങ്ങള്‍ ഇല്ലെന്നിരിക്കിലും). ഇസ്‌ലാംവിശ്വാസികള്‍ക്ക് പ്രവാചകന്‍ പ്രണയാര്‍ദ്രമായൊരു വികാരമാണ്. വിമതര്‍ക്കോ, ഒരാസുരമൂര്‍ത്തിയും.

എഴുതപ്പെട്ട ചരിത്രങ്ങളില്‍ ബഹുഭൂരിഭാഗവുമാകട്ടെ ഈ വിടവ് നികത്താന്‍ കാര്യമായെന്തെങ്കിലും ചെയ്തിട്ടില്ല. ഇവിടെയാണ് പ്രവാചകന്റെ നഗരത്തെക്കുറിച്ച് പുറത്തിറങ്ങാനിരിക്കുന്ന ‘പ്രാവചകന്റെ മദീന: രാഷ്ട്രം, സമൂഹം, സമ്പദ് വ്യവസ്ഥ’ എന്ന പുസ്തകത്തിന്റെ പ്രസക്തി. അക്കാദമിക മലയാളത്തില്‍ ഇസ്‌ലാം സംബന്ധിയായി ഇതുപോലെ ഏറെ പുസ്തകങ്ങളില്ല. രേഖകളും വിശകലനങ്ങളുമുപയോഗിച്ച് നിഗമനങ്ങളിലെത്തുന്നതാണ് ശാസ്ത്രീയമായ സമീപനം. അക്കാദമിക മാനദണ്ഡങ്ങളിലെ ഈ അളവുകോല്‍ ഏതാണ്ട് പൂര്‍ണമായും തന്നെ ഈ പുസ്തകം പൂര്‍ത്തിയാക്കുന്നുണ്ട്.

അനുകൂലികളും പ്രതികൂലികളും ഒരുപോലെ പരിക്കേല്‍പ്പിച്ച ശരീരമാണ് ഇസ്‌ലാമിന്റേത്. മാനവികതയുടെ ഒരു പൊതുസ്വത്ത് ചിലര്‍ മാത്രമായി പതിച്ചെടുത്തു. നമ്മുടെ ദൈവവും വേദവും പ്രവാചകനും മദീനയും ഞങ്ങളുടെ ദൈവവും വേദവും പ്രവാചകനും മദീനയുമായി മതില്‍ കെട്ടിത്തിരിച്ച് ‘അക്രമിച്ചുകടക്കുന്നവന്‍’ പ്രോസിക്യൂട്ട് ചെയ്യപ്പെടുമെന്നൊരു ബോര്‍ഡും പതിച്ചു വെച്ചു. ‘ലിന്നാസ്’ – ജനപദങ്ങള്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെട്ട ഉമ്മത്ത് അങ്ങനെ ഒരു സാമുദായിക സംവര്‍ഗമായി, പ്രകോപനപരമായ സംജ്ഞയും. സ്വാഭാവികമായും മദീനക്കും പഴിയുടെ ഒരു പങ്ക് കിട്ടി.

ഇസ്‌ലാം അറിയപ്പെടുന്ന അര്‍ത്ഥത്തില്‍ പരിമിതമായ ഒരു മതമോ മുഹമ്മദ്(സ്വ) അറിയപ്പെടുന്ന അര്‍ത്ഥത്തില്‍ പരിമിതമായ ഒരു പ്രവാചകനോ ആയിരുന്നില്ല. മനുഷ്യനെ മയക്കുന്ന കറുപ്പ് എന്ന് മതത്തെ മാര്‍ക്‌സ് നിരീക്ഷിച്ചതിനെ തീര്‍ത്തും മതനിരാസപരമായ ഒരു വിലയിരുത്തലായി കാണേണ്ടതില്ല. അതൊരു സമൂഹപക്ഷ നിരീക്ഷണമായിരുന്നു. യൂറോപ്പിലെ മതമേല്‍ക്കോയ്മ സാധാരണ മനുഷ്യരെ എങ്ങനെ ഉപയോഗിക്കുന്നുവെന്നായിരുന്നു (സ്വന്തം വിശ്വാസമെന്തായിരുന്നാലും) മാര്‍ക്‌സ് വിശദീകരിച്ചത്. മനുഷ്യന് അവന്റെ ഭൗതികലോകം വിലക്കുകയും ആകാശത്തെ ചൂണ്ടി, ആത്മാവിനെച്ചൊല്ലി മാത്രം വ്യാകുലപ്പെടുകയും ചെയ്ത ഒരു മതമായിരുന്നല്ലോ മാര്‍ക്‌സിന് പരിചിതം. ആകാശത്തിനും ആത്മാവിനും ഒപ്പം ഈ ഭൂമിയിലെ ജന്മസാക്ഷാത്കാരത്തെക്കുറിച്ച് കൂടി പറഞ്ഞ പ്രവാചകനോടും മതത്തോടും മാര്‍ക്‌സും യൂറോപ്പും അറിഞ്ഞോ അറിയാതെയോ എടുത്ത നിലപാട് ഒട്ടും നീതിപൂര്‍വകമായിരുന്നില്ല. (തന്റെ ചരിത്ര വിശകലനങ്ങളില്‍ ഇന്ത്യയെയും, ഇന്ത്യയിലെ സാമൂഹ്യശ്രേണി വിഭജനങ്ങളെയും മാര്‍ക്‌സ് വേണ്ടത്ര പരിഗണിച്ചില്ലെന്ന പരാതിയുണ്ട്. ഇത് തന്നെയാണ് ഇസ്‌ലാമിന്റെ കാര്യത്തിലും അദ്ദേഹത്തിന് സംഭവിച്ചത്). പൗരസ്ത്യപഠനങ്ങള്‍ പലതും ഇതിന്റെ കാരണങ്ങള്‍ അക്കമിട്ട് നിരത്തിയിട്ടുമുണ്ട്.

തുടര്‍ചരിത്രത്തില്‍ മതാത്മകരും ഒറ്റക്കണ്ണുകൊണ്ട് തന്നെയാണ് പ്രവാചകനെയും ഇസ്‌ലാമിനെയും കണ്ടത്. അരമനുഷ്യനായ സ്ത്രീയും ആരാച്ചാരന്മാരായ നിയമങ്ങളും കുറെ തന്ത്രിശുശ്രൂഷകളുമായി ഇസ്‌ലാമിനെ ലഘൂകരിക്കുന്ന രാജാക്കന്മാരെയും കൊട്ടാരം പണ്ഡിതന്മാരെയും ചരിത്രം കണ്ടു. മതഭൗതികതകളുടെ സമന്വയവും ഭൂമിയില്‍ ദൈവത്തിന്റെ കൈയൊപ്പുമായി എത്തിയ, മനുഷ്യന് ദൈവിക സമ്മാനങ്ങളുടെ പൂര്‍ത്തിയായ ഇസ്‌ലാം കാലക്രമത്തില്‍ അതിന്റെ ആത്മാവ് ചോര്‍ന്ന്, പരമ്പരാഗതമായ ‘മതമൂശയില്‍’ തന്നെ വാര്‍ക്കപ്പെട്ടു. വിഷയാസക്തനായ ഗോത്രപരമ്പരയിലെ രക്തദാഹിയായ ഒരാരാച്ചാരായി പ്രവാചകനും. ഇതില്‍ തങ്ങള്‍ക്കും ഒരു പങ്കുണ്ടായിരുന്നുവെന്ന കാര്യം വിശ്വാസികളും മറന്നുപോയി.

ജീവിതത്തിന്റെ അര്‍ധം ആകാശത്തിനും ബാക്കി ഭൂമിക്കും സമര്‍പ്പിച്ച ‘ഉമ്മതുന്‍ വസത്വ’യുടെ ഗുരുവും കാര്യസ്ഥനുമായ അതേ പ്രവാചകജീവിതം തന്നെയാണ് ‘അന്നം തിന്നുകയും അങ്ങാടിയില്‍ കൂടി നടക്കുകയും ചെയ്തതിന്’ തന്റെ ജനതയിലെ വിമതരില്‍ നിന്ന് ആക്ഷേപങ്ങള്‍ ഏറ്റുവാങ്ങിയത്. മദീനയെ കുറിച്ചുള്ള ഈ ഗ്രന്ഥം യഥാര്‍ത്ഥത്തില്‍ മദീനയുടെ സാമൂഹിക ജീവിതത്തിന്റെ അന്തര്‍ധാരയായി നിന്ന ഇസ്‌ലാമിക ചിന്തകളുടെ ഒരു വിശകലനമാണ്. അക്കാദമിക സത്യസന്ധതയില്‍ മലയാളത്തിലെ മതരചനകള്‍ക്ക് പരിചിതമല്ലാത്ത നിര്‍ബന്ധ ബുദ്ധി ഡോ. സക്കീര്‍ ഹുസൈന്‍ കാണിച്ചിരിക്കുന്നു. ഒരാധുനിക സിവില്‍ സമൂഹത്തിന്റെ ഉത്ഭവവും പരിണാമങ്ങളും അതിന്റെ പ്രചോദനമായി നിന്ന ദര്‍ശനങ്ങളും ഈ ഗ്രന്ഥത്തില്‍ നമുക്ക് വായിച്ചെടുക്കാം.

ഭൂരിപക്ഷചരിത്രം മനപ്പൂര്‍വം തമസ്‌കരിച്ച, ഒന്നര സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും ആധുനിക രാഷ്ട്രമീമാംസയുടെ വര്‍ത്തമാന പരിണാമങ്ങളോട് കിടപിടിക്കുന്ന സമൂഹവീക്ഷണം അവതരിപ്പിച്ച പ്രവാചകനെ/ മദീനയെ അജണ്ടകളില്ലാത്ത ചരിത്രകാരന്മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് നാം വളരെ പ്രാധാന്യത്തോടെ മനസിലാക്കുന്ന ജനാധിപത്യം, ബഹുസ്വരത, സ്വയംനിര്‍ണയാവകാശം, ആനുപാതിക പ്രാതിനിധ്യം, ഭരണഘടന, ഉടമ്പടികള്‍, നികുതി, സൈനിക ശേഖരണം, സന്ധി സംഭാഷണങ്ങള്‍, കരാറുകള്‍, നീതിന്യായം, പരിസ്ഥിതി തുടങ്ങി ആധുനിക നാഗരിക സംവിധാനങ്ങള്‍ക്ക് പരിചിതമായ സങ്കേതങ്ങളെല്ലാം തന്നെ ലക്ഷണമൊത്ത വിധം പ്രയോഗവത്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിന്റെ പരിശോധന കൂടിയാണ് ഈ ഗ്രന്ഥം. (ഏഥന്‍സിലെയും ഗ്രീസിലെയും നഗരങ്ങളെ ഓര്‍ത്തെടുക്കാന്‍ കഴിയുന്ന ആധുനിക ചരിത്രത്തിന്റെ അല്‍ഷിമേഴ്‌സ് ന്യൂറോണുകള്‍ മദീനയെ മറവിയിലേക്ക് മാറ്റിയതിന് മരുന്നില്ലായെങ്കിലും).

തുടക്കം മുതല്‍ക്കേ തന്റെ വാദമുഖങ്ങള്‍ കൃത്യമായ ആധാരങ്ങളില്‍ കെട്ടിപ്പടുക്കുവാന്‍ ഈ പുസ്തകത്തില്‍ ഡോ. സക്കീര്‍ ഹുസൈന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മദീനത്തുന്നബി എന്നതിന്റെ ചുരുക്കപ്പേരായ മദീന, നബിയോടൊപ്പം പിറന്നൊരു നഗരം എന്ന് കരുതിപ്പോരുന്നവര്‍ക്ക് വേണ്ടിയാണ് ലാത്രിബ, യസ്‌രിബ്, ഹീറ എന്നീ പേരുകളില്‍ മുമ്പേ പ്രശസ്തമായ, 2600 വര്‍ഷത്തെ പഴക്കമുള്ള ആ നഗരത്തിന്റെ പ്രാക്തന ചരിത്രം അദ്ദേഹം സൂചിപ്പിക്കുന്നത്. തറവാടിയായ നഗരം തന്നെയായിരുന്നു യസ്‌രിബ്. നിരവധി ആശയങ്ങളുടെയും പാരമ്പര്യങ്ങളുടെയും നിറഭൂമിയായിരുന്നു മദീന. പില്‍ക്കാലം മായിക്കാനിടയില്ലാത്തവിധം പ്രവാചകസ്പര്‍ശം ആ നഗരത്തിന്റെ ഉള്ളും പുറവും മാറ്റിയെടുക്കുകയായിരുന്നു.

മദീന ഇസ്‌ലാമിന്റെ/ പ്രവാചകന്റെ നഗരമാകുന്നതിന് തുടക്കം ഹിജ്‌റക്ക് മുമ്പേ ആരംഭിക്കുന്നു. അഖബയില്‍ നടന്ന രണ്ട് ഉടമ്പടികള്‍, ഹിജ്‌റ കഴിഞ്ഞെത്തും മുന്നെ തന്നെ മദീനയെ മദീനത്തുന്നബ വിയായി പ്രവാചകര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്. മദീനയിലെ നഗരത്തിന് പ്രവാചകന്‍ നല്‍കിയ വ്യവസ്ഥാപിതത്വത്തിന്റെ ചില തലനീട്ടലുകള്‍ മക്കയില്‍ വെച്ച് തന്നെ നമുക്ക് ലഭിക്കുന്നുണ്ട്. വ്യവഹാരങ്ങളില്‍ സത്യസന്ധനും (അല്‍ അമീന്‍) നീതിനിഷ്ഠനും (ആദില്‍) ആയിരുന്നു മുഹമ്മദ്(സ). ആ നബിയെ ഖുറൈശികള്‍ വിളിച്ച ചെല്ലപ്പേരാണ് അല്‍അമീന്‍. പ്രവാചകത്വത്തിനും എത്രയോ മുന്നെയാണ് അബ്ദുല്ലാഹിബ്‌നു ജുദ്ആന്റെ വസതിയില്‍ നീതിക്കായി ഒരു പറ്റം യുവാക്കള്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അതിലൊരാളായി നബി പങ്കെടുത്തത്. ‘പകരം ഒരുപറ്റം ചുവന്ന ഒട്ടകങ്ങള്‍ കിട്ടിയാല്‍ പോലും ഞാനതില്‍ നിന്ന് വിട്ട് നില്‍ക്കുമായിരുന്നില്ലെന്ന്’ പില്‍ക്കാലം നീതിയോടുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിച്ച് തിരുമേനി(സ്വ) പ്രഖ്യാപിക്കുന്നുണ്ട്. ആ നീതിബോധം, പൊളിച്ചുപണിത കഅ്ബയില്‍ ഹജറുല്‍ അസ്‌വദ് ഏറ്റിവെക്കുന്നിടത്ത് പ്രവര്‍ത്തിച്ചു കാണിച്ചുകൊടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മദീനയുടെ അര്‍ധ അരാജകത്വത്തെ പൊളിച്ചടക്കി ഒരു വ്യവസ്ഥ സ്ഥാപിക്കുകയെന്നത് ഒരു സ്വാഭാവിക ദൗത്യം മാത്രമായിരുന്നു.

മദീനയില്‍ തന്റെ അനുയായികള്‍ക്കിടയിലും അവര്‍ക്കും മദീനയിലെ പൊതുസമൂഹത്തിനുമിടയിലും പരസ്പരാശ്രിതത്വവും സ്വയം നിര്‍ണയവും നിര്‍മിക്കുന്ന ഒരു ചാര്‍ട്ടര്‍ ഏറെ വൈകാതെ തന്നെ പ്രവാചകന്‍ നടപ്പില്‍ വരുത്തി. മക്കയില്‍ നിന്ന് അഭയാര്‍ഥികളായെത്തിയ ഒരു വലിയ ജനത്തിന്റെ പുനരധിവാസം പൂര്‍വ മാതൃകകളില്ലാത്തവിധം സാധിച്ചുകൊണ്ട് തനിക്കതിനുള്ള അര്‍ഹത മുമ്പ് തന്നെ പ്രവാചകന്‍ സ്ഥാപിച്ചുകഴിഞ്ഞിരുന്നു. മദീനയില്‍ ആദ്യത്തെ ദേവാലയം പണിയാന്‍ സ്ഥലം കണ്ടെത്തുവാനും അതിന് ധനസമാഹരണം നടത്തുവാനും പ്രവാചകനനുവദിച്ച രീതിക്കുസാക്ഷികളായ ഒരു സമൂഹത്തിന് ആ ചാര്‍ട്ടര്‍ അംഗീകരിക്കാന്‍ ഒട്ടും ആലോചിക്കേണ്ടിയിരുന്നില്ല. നേതൃത്വം പ്രവാചകന്‍ പിടിച്ചെടുക്കുകയായിരുന്നില്ല, നേതൃത്വത്തിനവിടെ പകരക്കാരുണ്ടായിരുന്നില്ല. അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂലിന്റെ കിരീട ധാരണയജ്ഞങ്ങള്‍ അകാലമരണത്തിലേക്ക് പോകുന്നത് അങ്ങനെയാണ്. കാര്‍ക്കശ്യവും അധികാര ലഹരിയും ഉപയോഗിച്ച് ജനപദങ്ങളെ വരുതിയിലാക്കി ഭയപ്പെടുത്തി ഭരിക്കുന്ന കുലപതിമാരുടെയും ‘തിരഞ്ഞെടുക്കപ്പെട്ട’ ചക്രവര്‍ത്തിമാരുടെയും കാലത്തിരുന്നുകൊണ്ട് ഇത്തരത്തില്‍ ഒരു താരതമ്യം നടത്താന്‍ സുഖമുണ്ട്!

പക്ഷേ, മദീന ചാര്‍ട്ടര്‍ ചരിത്രം വേണ്ടവിധം പഠിച്ചുവോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണുത്തരം. മുന്‍വിധികളും പക്ഷപാതിത്വപരമായ സമീപനവും ഇതിന് കാരണമാണ്. പറഞ്ഞുവെച്ചതുപോലെ സാമ്പ്രദായികാര്‍ത്ഥത്തില്‍ ഒരു മതമാകാനുള്ള നിയോഗമായിരുന്നില്ല ഇസ്‌ലാമിന്റേത്. അതൊരു ജീവിത രീതിയായിരുന്നു, മാനവികമായൊരു സാമൂഹിക ശാസ്ത്രം, ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞത്. പക്ഷേ, അതിന്റെ പില്‍ക്കാല വികാസ പരിണാമങ്ങള്‍ ഒരു പ്രത്യേക വിഭാഗം ജനങ്ങളുടെ സാമുദായിക വ്യവസ്ഥയാക്കി അതിനെ മാറ്റിക്കളഞ്ഞു. സ്വാഭാവികമായും അക്കൂട്ടരോട് എതിര്‍പ്പുള്ള/ അനുകൂലിക്കാത്ത ആര്‍ക്കും അതിലെ വ്യതിചലനങ്ങളെ പൊതുവത്കരിച്ച് അതിനെ ഇകഴ്ത്താനും കഴിഞ്ഞു. നീതിയെകുറിച്ചുള്ള ഖുര്‍ആന്റെ നിര്‍ബന്ധം പ്രഖ്യാപിതമാണ്: ‘നിങ്ങള്‍ നീതിയുടെ സാക്ഷികളാവുക, നിങ്ങളുടെ വ്യക്തിതാത്പര്യങ്ങള്‍ക്കെതിരായാല്‍ പോലും, ജനങ്ങളോടുള്ള വിരോധം അവര്‍ക്ക് നീതി നിഷേധിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്, ദൈവം നീതിമാനാണ്. നിങ്ങള്‍ ദൈവത്തിന്റെ വര്‍ണമണിയുക, വിവാഹം പോലെയുള്ള സാമൂഹിക ബന്ധങ്ങള്‍ നീതിപൂര്‍വം നിര്‍വഹിക്കാന്‍ കഴിയില്ലെങ്കില്‍ നിങ്ങളുടെ അവകാശങ്ങള്‍ (ഉദാ: ബഹുഭാര്യത്വം) വേണ്ടെന്ന് വെക്കണം, ആദര്‍ശപരമായ വിയോജിപ്പുകള്‍ കാരണം വിവാഹബന്ധം പിരിയാന്‍ തീരുമാനിച്ചാല്‍ നഷ്ടപരിഹാരം നല്‍കുന്നിടത്ത് വ്യക്തികള്‍ക്ക് സാമ്പത്തിക പരാധീനതയുണ്ടെങ്കില്‍ മറുകക്ഷിക്ക് സമൂഹ കൂട്ടായ്മ അത് വകവെച്ച് കൊടുക്കണം’ (സൂറത്തു മുംതഹിന). അത്ര പോലും അവരോട് അനീതി പാടില്ല. ഇസ്‌ലാമിക ആദര്‍ശത്തില്‍ ഒരു രാഷ്ട്രം നിലവില്‍ വരുമ്പോള്‍ അതിലെ അമുസ്‌ലിം പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കണം. യുദ്ധമോ ധനത്തിന്റെ നിശ്ചിത വിഹിതം സകാത്തായോ നല്‍കാന്‍ അവര്‍ക്ക് ബാധ്യതയില്ല. പകരം അവരുടെ കൂടി പങ്കാളിത്തം ഉറപ്പ് വരുത്താന്‍ മുസ്‌ലിംകള്‍ക്ക് നിര്‍ന്ധമാക്കിയതിലും എത്രയോ കുറഞ്ഞ അളവില്‍ ഒരു സംഖ്യ സംരക്ഷണ നികുതിയായി അവര്‍ നല്‍കിയാല്‍ മതിയാകും. (മദീന രാഷ്ട്രം സമൂഹം)
ഒരു രാഷ്ട്രമായിരിക്കുവാന്‍ പിറന്ന ആശയമല്ല ഇസ്‌ലാം. എന്നാല്‍ ഒരു രാഷ്ട്രമായിരിക്കാന്‍ അവസരം ലഭിച്ചാല്‍ അതില്‍ നിന്ന് ഒഴിഞ്ഞു മാറാനും ഇസ്‌ലാം സന്നദ്ധമല്ല. ജ്ഞാനാര്‍ത്തിയും സംഘാടനവും സേനാനീക്കവും ആയോധനവും സമ്പദ്ശാസ്ത്രവും സംഗീതവും കലയും നിയമനിര്‍മാണവും നീതിനിര്‍വഹണവും വിപണിമാനേജ്‌മെന്റും കാര്‍ഷികവൃത്തിയും തൊഴില്‍നിര്‍മാണവും ആരോഗ്യപരിപാലനവും കാലഗണനയും ഉത്സവങ്ങളും വ്രതവും തീര്‍ഥാടനങ്ങളും പ്രാതിനിധ്യ നിയോഗങ്ങളും ഭരണസംവിധാനവും. ഒരാധുനിക രാഷ്ട്രത്തിന് പരിചിതമായ ഒന്നും ഇസ്‌ലാമിന് അന്യമാവുന്നില്ലെന്നതാണ് ആധുനിക അധികാരകേന്ദ്രങ്ങള്‍ക്ക് ഇസ്‌ലാമിനെ ഒരു പ്രതിയോഗിയായി കാണുവാനുള്ള പ്രേരണ.

സാമ്പ്രദായികാര്‍ത്ഥത്തില്‍ ആത്മാവിന് നീക്കിവെച്ച ഓഹരികളില്‍ തൃപ്തിപ്പെട്ട് ഒരു ‘മത’മായൊതുങ്ങിയില്ലെന്നതാണ് ഇസ്‌ലാം നേരിട്ടുകൊണ്ടിരിക്കുന്ന ആക്ഷേപങ്ങളിലൊന്ന്. മനുഷ്യന്റെ നിയോഗങ്ങളിലൊന്നിനെയും ഇസ്‌ലാം അന്യമായി കാണുന്നില്ലെന്നത് ഒരു കുറ്റമാകാവുന്നതല്ലല്ലോ.

നൂറ്റിഅമ്പതോളം പുറങ്ങളില്‍ മദീനയെന്ന രൂപകത്തെയും പ്രതിനിധാനത്തെയും വിശകലനം ചെയ്ത്‌കൊണ്ട് ഇസ്‌ലാമിന്റെ ഭാഗധേയം ഡോ. സക്കീര്‍ ഹുസൈന്‍ രേഖാമൂലം സമര്‍ഥിക്കുന്നു. മതത്തിന്റെയും മതേതരതയുടെയും മധ്യേയുള്ള സമന്വയ പാതയാണ് ഇസ്‌ലാം എന്ന് അലിജാ ഇസ്സത്ത് ബെഗോവിച്ച് നിരീക്ഷിച്ചത് മദീനയുടെ പ്രതിനിധാനത്തെ ആഴത്തില്‍ പഠിച്ചു കൊണ്ടാണ്. ഏതര്‍ത്ഥത്തിലും അക്കാദമികര്‍ക്ക് ഒരാഹ്ലാദമായി ശേഷിക്കാനുള്ള കാതല്‍ ഇതിന്റെ പുറങ്ങളില്‍ ഉണ്ട്. അത്രത്തോളം വിജയിച്ച ഒരു യജ്ഞമാണിത്. വരുംകാല യുവ അക്കാദമികര്‍ക്ക് മുമ്പില്‍ തെളിക്കപ്പെട്ട ഒരുവഴിയും.
അബ്ദുല്ല മണിമ

(ഡോ. പി സക്കീര്‍ ഹുസൈന്‍ എഴുതി ഐ പി ബി പ്രസിദ്ധീകരിക്കുന്ന ‘പ്രവാചകന്റെ മദീന: രാഷ്ട്രം, സമൂഹം, സമ്പദ്‌വ്യവസ്ഥ’ എന്ന പുസ്തകത്തെ കുറിച്ച്)

You must be logged in to post a comment Login