ഒന്നും സൃഷ്ടിക്കാത്തവര്‍ക്ക് ചരിത്രം മായ്ക്കാന്‍ എന്തെളുപ്പം?

ഒന്നും സൃഷ്ടിക്കാത്തവര്‍ക്ക് ചരിത്രം മായ്ക്കാന്‍ എന്തെളുപ്പം?

അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് സുഹൃത്ത് ഷമീം അഹ്മദ് ഖാന്റെ ബന്ധുവീട്ടിലേക്കുള്ള യാത്രയില്‍ അലഹബാദ് റെയില്‍വേ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍ കണ്ണില്‍ തറച്ചുനിന്നത് ഉര്‍ദുവിലെഴുതിയ സ്ഥലപ്പേരാണ്: ഇലാഹബാദ്. ദൈവത്തിന്റെ നഗരം. മൂന്ന് പുണ്യനദികള്‍, ഗംഗയും യമുനയും ഐതിഹ്യത്തിലെ സരസ്വതിയും ഒത്തുചേരുന്ന സംഗമഭൂമി. നെഹ്‌റു കുടുംബത്തിന്റെ ആരൂഢം ബഹുസ്വരത കളിയാടിയ ഈ മഹാനഗരത്തിലാണ്. അക്ബര്‍ ഇലാഹാബാദി, ഫിറാഖ് ഗോരഖ്പൂരി, ഹരിവംശ് റായ് ബച്ചന്‍ (അമിതാഭ് ബച്ചന്റെ പിതാവ്) തുടങ്ങിയ ലബ്ധപ്രതിഷ്ഠരായ കവികളെ രാജ്യത്തിന് നല്‍കിയ സാംസ്‌കാരികസമേകതയുടെ ഫലഭൂയിഷ്ഠ മണ്ണ്. അലഹബാദ് എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മയിലേക്കോടിവരുന്ന മറ്റു കുറെ ശ്രേഷ്ടനാമങ്ങളുണ്ട്: ജാന്‍കി ഭായ്, നിരാല, ധരംവീര്‍ ഭാരതി. കുംഭമേളകളുടെ നാട്. സംഗമവേദിയില്‍ കോട്ട കെട്ടി അതിന് ഇലാഹാബാദ് എന്ന് നാമകരണം ചെയ്തത് മുഗിളകുലത്തിലെ അക്ബറാണ്. അദ്ദേഹത്തിനു ശേഷം ഷാജഹാന്‍ ചക്രവര്‍ത്തി അലഹബാദായി അംഗീകരിച്ചുവെന്നും ചരിത്രത്തില്‍ കാണാം. പ്രയാഗ് എന്ന വിളിപ്പേരിലാണത്രെ ഗുപ്തരാജാക്കന്മാരുടെ കാലത്ത് ഈ ഭൂവിഭാഗം അറിയപ്പെട്ടിരുന്നത്. ഇന്നും അഹലബാദിന്റെ പ്രാന്തപ്രദേശത്തുള്ള റെയില്‍വേ സ്റ്റേഷന്റെ പേര് പ്രയാഗ് എന്ന് തന്നെ. പിന്നെന്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇലാഹബാദ്/അലഹബാദ് എന്ന പേരുകള്‍ തുടച്ചുനീക്കി വിശ്വപ്രശസ്തമായ ഈ നഗരത്തിന്റെ സ്ഥിരപ്രതിഷ്ഠ നേടിയ നാമം ചരിത്രത്തില്‍നിന്നും വര്‍ത്തമാനത്തില്‍നിന്നും അടര്‍ത്തിയെടുത്ത് വലിച്ചെറിയണം? ചരിത്രയാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ബുദ്ധിപരമായ ത്രാണിയില്ലായ്മക്കപ്പുറം മുസ്‌ലിംകള്‍ ഭരിച്ച കാലഘട്ടത്തോടുള്ള അന്ധമായ വിരോധം മൂലം അലഹബാദിനെ പ്രയാഗ് രാജാക്കി എന്നോ പോയി മറഞ്ഞ ഒരു കാലഘട്ടത്തിലേക്ക് തിരിച്ചുപോകാന്‍ ഹിന്ദുത്വ നടത്തുന്ന ശ്രമം എത്ര പരിഹാസ്യം!

സാംസ്‌കാരിക ചൈതന്യം നിറഞ്ഞൊഴുകുന്ന കുറെ സ്ഥലനാമങ്ങള്‍ തിരുത്തി എഴുതുന്ന തിരക്കിലാണ് ഹിന്ദുത്വവാദികള്‍. ഫൈസാബാദ് ജില്ല അയോധ്യ ജില്ലയായി തിരുത്തിക്കഴിഞ്ഞു. അയോധ്യയുടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ നീക്കമെന്ന് വാദിക്കുന്നുമുണ്ട്. സുപ്രസിദ്ധമായ മുഗള്‍സരായി റെയില്‍വേ സ്റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷനാക്കി മാറ്റിയത് മുഗള്‍ എന്ന പദത്തോടുള്ള വിരോധം കൊണ്ടാണ്. പകരം വെച്ചതോ വിഭാഗീയ രാഷ്ട്രീയത്തിന്റെ ആചാര്യനായ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേരും. ആഗ്ര, ബറേലി, കാണ്‍പൂര്‍ വിമാനത്താവളങ്ങളുടെ പേര് മാറ്റാനും അണിയറയില്‍ നീക്കങ്ങള്‍ തകൃതി. മുസഫര്‍ നഗറിന്റെ പേര് ലക്ഷ്മി നഗറാക്കാനാണ് മറ്റൊരു നീക്കം. പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാണിച്ചതു പോലെ, പച്ചയായ വര്‍ഗീയതയാണ് ഇതിനു പിന്നില്‍. ചക്രവര്‍ത്തി ഷാജഹാന്റെ കാലഘട്ടത്തിലെ വിശിഷ്ട വ്യക്തിത്വമായിരുന്ന സയ്യിദ് മുസഫര്‍ ഖാനാണ് ആ സ്ഥലനാമത്തിനു പിന്നില്‍. മുസഫര്‍ നഗര്‍ കലാപത്തിനു പിന്നിലെ മുഖ്യപ്രതിയായി പൊലീസ് പോലും കണ്ടെത്തിയ ബി.ജെ.പി നേതാവ് സംഗീത് സോമിന്റെ കുടിലബുദ്ധിയില്‍ ഉദിച്ച ആശയമാണത്രെ ഈ പേരുമാറ്റം. അഹ്മദാബാദ് കര്‍ണാവതിയാക്കാനും ഹൈദരാബാദ് തരംകിട്ടിയാല്‍ ഭാഗ്യനഗറാക്കാനും ആര്‍.എസ്.എസ് നേതൃത്വം ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. അറുപതുകളില്‍ ശിവസേന നേതാവ് ബാല്‍താക്കറെ തുടങ്ങിവെച്ചതാണ് പേരുമാറ്റത്തിന്റെ വൃത്തികെട്ട രാഷ്ട്രീയക്കളി. കൊളോണിയല്‍ ചരിത്രഭാരം കുടഞ്ഞുമാറ്റി മറാത്തി, ഹൈന്ദവ സ്വത്വം ഉയര്‍ത്തിക്കാട്ടാനുള്ള താക്കറെയുടെ നീക്കങ്ങളെ ആരും ഫലപ്രദമായി അന്ന് തടഞ്ഞില്ല. അങ്ങനെയാണ് സാന്താക്രൂസ് വിമാനത്താവളം ഛത്രപതി ശിവജി വിമാനത്താവളമായി മാറുന്നത്. ബോബെ മുംബൈ ആയും പരിണമിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം പേരുമാറ്റല്‍ പദ്ധതി തകൃതിയായി നടക്കുകയാണ്. ആറേഴ് നൂറ്റാണ്ടുകാലത്തെ മുസ്‌ലിം ഭരണകാലത്ത് കൈമാറ്റപ്പെട്ട സാംസ്‌കാരിക സമേകതയുടെ അടയാളങ്ങള്‍ ചുരുണ്ടിക്കളഞ്ഞ് ഇന്നാട് ഹിന്ദുക്കള്‍ മാത്രമേ ഭരിച്ചിട്ടുള്ളുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള വങ്കത്തമാണ് യോഗി ആദിത്യനാഥും സമാനബുദ്ധികളും ഏറ്റെടുത്തിരിക്കുന്ന ദൗത്യം. കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഇരുപത്തഞ്ച് സ്ഥലനാമങ്ങള്‍ക്കാണെത്ര ഈ ഭര്‍ത്സനം ഏല്‍ക്കേണ്ടിവന്നത്. എന്‍.ഡി.എ സഖ്യകക്ഷിയായ സുഹല്‍ദേവ് ബഹുജന്‍ സമാജ് പാര്‍ട്ടി (എസ്.ബി.എസ്.പി) നേതാവും മുന്‍മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭര്‍, യോഗിയുടെ നീക്കത്തെ പരിഹസിച്ചുകൊണ്ട് പറഞ്ഞത്, ഇങ്ങനെയെങ്കില്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെയും യു.പി ബി.ജെ.പി മന്ത്രി മുഹ്‌സിന്‍ റാസയുടെയും ഷാനവാസ് ഹുസൈന്റെയും പേര്കൂടി സംഘ്പരിവാര്‍ മാറ്റിയെടുക്കട്ടേ എന്നാണ്.

ആധിപത്യമനോഗതിയുടെ ദുഷ്ടപദ്ധതി
ഹിന്ദുത്വയുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യമനോഭാവമാണ് പൗരാണിക പേരുകള്‍ക്ക് പകരം മതപരമോ സ്വത്വപരമോ ആയ മേധാവിത്തം കിട്ടുന്ന പേരുകള്‍ നല്‍കാന്‍ പില്‍ക്കാല ഭരണകര്‍ത്താക്കളെ പ്രേരിപ്പിച്ചത്. ചരിത്രത്തിന്റെ തെറ്റായ വ്യാഖ്യാനങ്ങളില്‍ കുടുങ്ങിയാണ് ആര്‍.എസ്.എസുകാര്‍ അറബി, ഉര്‍ദു, പേര്‍ഷ്യന്‍ ചുവയുള്ള, അല്ലെങ്കില്‍ മുസ്‌ലിം സാംസ്‌കാരിക ധ്വനിയുള്ള നാമങ്ങളെ മായ്ച്ചുകളഞ്ഞ് കാലഹരണപ്പെട്ട സംസ്‌കൃത പദങ്ങളെ കുഴിമാടത്തില്‍നിന്ന് പുറത്തെടുക്കുന്നത്. ‘സുവര്‍ണകാലഘട്ടത്തി’ലേക്ക് തിരിച്ചുചെല്ലാനും ചരിത്രത്തിന്റെ വക്രീകരണം, അല്ലെങ്കില്‍ വ്യതിചലനം തിരുത്താനുമാണ് ശ്രമമെന്ന വാദം അസംബന്ധമാണ്. ആധുനിക ഇന്ത്യയൂടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അടിത്തറ കെട്ടിപ്പൊക്കിയത് മധ്യകാല മുസ്‌ലിം ഭരണാധികാരികളുടെ ദീര്‍ഘദൃഷ്ടിയും സമര്‍പ്പണബോധവുമാണ്. ഖുത്ബുദ്ദീന്‍ ഐബക് തൊട്ട് അവസാന മുഗള്‍ രാജാവ് ബഹദൂര്‍ഷാ സഫര്‍ വരെയുള്ള മുസ്‌ലിം ഭരണകര്‍ത്താക്കളുടെ ശൃംഖല കാണ്ടഹാര്‍ മുതല്‍ ഡെക്കാന്‍ വരെ പടുത്തുയര്‍ത്തിയ പ്രവിശാലമായ സാമ്രാജ്യമാണ് ഇന്ത്യ എന്ന ആശയത്തെ തന്നെ കരുപ്പിടിപ്പിച്ചത്. മുസ്‌ലിം ഭരണാധികാരികള്‍ ഇവിടെ കാലെടുത്തുവെക്കുന്നതിന് മുമ്പ് ഇന്ത്യ എന്ന ഒരു രാജ്യം ഉണ്ടായിരുന്നില്ല. തമ്മില്‍തല്ലുന്ന, യുദ്ധം ചെയ്തു മരിച്ചുവീഴുന്ന കുറെ നാട്ടുരാജ്യങ്ങളേ ഉണ്ടായിരുന്നുള്ളു. ഇന്ദ്രപ്രസ്ഥത്തിനപ്പുറം ഡല്‍ഹി ഭരിച്ചവരുടെ ചെങ്കോല്‍ നീണ്ടിരുന്നില്ല. 12ാം നൂറ്റാണ്ട് മുതല്‍ ഒമ്പതാം നൂറ്റാണ്ട് വരെ ഇന്നാടിന്റെ ഹൃദയധമനികളെ സാംസ്‌കാരിക ആദാനപ്രദാനങ്ങളാല്‍ ചൈതന്യവത്താക്കിയ നാഗരികശക്തികളെ ഇകഴ്ത്തിക്കെട്ടാനും, ചാതുര്‍വര്‍ണ്യ മൂല്യവ്യവസ്ഥിതിയില്‍ കെട്ടിപ്പൊക്കിയ ജീര്‍ണ സംസ്‌കൃതിക്കുമേല്‍ ഔജ്വല്യം പകരാനുമുള്ള വൃഥാശ്രമങ്ങളിലേര്‍പ്പെട്ട അല്‍പബുദ്ധികളുടെ അഭ്യാസങ്ങളാണ് ഈ പേരുമാറ്റ ആഭാസങ്ങള്‍. പ്രധാനമന്ത്രി മോഡി ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, ‘വിദേശ ആധിപത്യത്തിന്റെ കാല’മെന്ന് പലവുരു തള്ളിപ്പറഞ്ഞ സുല്‍ത്താന്‍മാരുടെയും മുഗളരുടെയും ഭരണമാണ് അലഹബാദും ലക്‌നോയും മുസഫര്‍നഗറുമൊക്കെ സമ്മാനിച്ചതെങ്കില്‍ ആ ചരിത്രത്തെ ഭര്‍ത്സിക്കാന്‍ 21ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും ശ്രമിക്കുന്ന വിദ്വേഷികളുടെ രാഷ്ട്രീയത്തെ കുറിച്ച് സങ്കടപ്പെടുകയേ നിവൃത്തിയുള്ളൂ. താജ്മഹലും കുത്തബ്മീനാറും ചെങ്കോട്ടയും ചാര്‍മിനാറും ഗോല്‍കൊണ്ട കോട്ടയുമൊന്നുമില്ലാത്ത ഒരിന്ത്യയെ എന്തിനു കൊള്ളും?

രാഷ്ട്രീയവും സാംസ്‌കാരികവുമായ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കാനാണ് ഇന്നാട് ഭരിക്കാന്‍ അവസരം ലഭിച്ചവര്‍ സ്ഥലങ്ങളുടെയും പ്രദേശങ്ങളുടെയും പേരുകള്‍ മാറ്റിമറിച്ചതെന്ന വിദണ്ഡവാദം ചരിത്രത്തിന്റെ അപ്രതിഹത പ്രവാഹത്തിന്റെ ഗതിവിഗതികളെ കുറിച്ച് മനസിലാക്കാനുള്ള കഴിവുകേട് കൊണ്ടാണ്. കാലം അതിദ്രുതം കടന്നു പോകുമ്പോള്‍ പട്ടണം സ്ഥാപിച്ച ഭരണാധികാരിയുടെയോ നിര്‍ലോഭം സമ്പത്തൊഴുക്കിയ സുമനസുകളുടെയോ മനുഷ്യമനസുകള്‍ക്ക് തീര്‍ഥമായി വര്‍ത്തിച്ച സാത്വികരുടെയോ പേരുകള്‍ കാലക്രമേണ വന്നുവീഴുക സ്വാഭാവികമാണ്. അഹ്മദാബാദും തുഗ്ലക്കാബാദും ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുമെല്ലാം ഉയര്‍ന്നുവന്നത് അങ്ങനെയാണ്. ആരും അടിച്ചേല്‍പിച്ചതല്ല. കാലം ഇരുകരവും നീട്ടി സ്വീകരിച്ച പവിത്ര നാമങ്ങളാണവ. ആ പേരുകള്‍ താന്‍ ഭരിക്കുന്ന ദുരന്തകാലഘട്ടത്തില്‍ ചുരണ്ടി മാറ്റാന്‍ അല്ലെങ്കില്‍ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നത് അത്തരം സംജ്ഞകളെ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച പ്രാപിക്കാത്തത് കൊണ്ടാണ്. ഓരോ സ്ഥലത്തിനും ശ്രേഷ്ഠമായ ചരിത്രപശ്ചാത്തലവും മധുരമായ ഓര്‍മകളും വര്‍ണാഭമായ സംസ്‌കാരവും ജീവിതരീതികളും ഭക്ഷണശീലങ്ങളും വസ്ത്രരീതികളും ഉണ്ടെന്ന് തിരിച്ചറിയാനുള്ള ധൈഷണിക പക്വത, വര്‍ഗീയത വിതച്ച് അധികാരം കൊയ്യുന്നവര്‍ക്ക് ലഭിക്കണമെന്നില്ല. ഭിന്നതകളെയും വൈവിധ്യങ്ങളെയും സൗഭാഗ്യങ്ങളായി വരവേറ്റ് ജനായത്ത സ്വാംശീകരണത്തിന്റെ ശക്തമായ ഉപാധിയാക്കുന്ന പ്രക്രിയയെയാണ് നാം ദേശോദ്ഗ്രഥനമായി വിശേഷിപ്പിക്കുന്നതും ബഹുസ്വരതയെന്ന വിളിപ്പേരിട്ട് സാംസ്‌കാരിക ഗരിമയില്‍ അവരോധിക്കുന്നതും.

യോഗി ആദിത്യനാഥിന് അലഹബാദ് എന്ന പേര് റെയില്‍വേ സ്റ്റേഷനിലെയും റോഡരികിലെയും പലകകളില്‍നിന്ന് മായ്ച്ചുകളയാന്‍ സാധിച്ചേക്കാം. എന്നാല്‍ അലഹബാദ് എന്ന ഇലാഹാബാദിനെ നല്ല മനുഷ്യര്‍ക്ക് ഒരിക്കലും തലച്ചോറില്‍നിന്ന് മായ്ച്ചുകളയാന്‍ കഴിയില്ല. പുസ്തകങ്ങളില്‍, രേഖകളില്‍, ലിഖിതങ്ങളില്‍, അന്തരീക്ഷത്തില്‍ എക്കാലവും അത് ബാക്കിനില്‍ക്കും. യോഗി ആദിത്യമാര്‍ മരിച്ചുമണ്ണടിഞ്ഞാലും. ഹൈദരാബാദ് ബിരിയാണിയുടെ രുചിയറിഞ്ഞ ഏത് ഹിന്ദുവിനും ആ സ്ഥലനാമത്തിന് പകരം വെക്കാന്‍ മറ്റൊന്ന് കൊണ്ടും സാധിക്കില്ല. മുസഫര്‍ നഗര്‍ ഈ ഭൂമുഖത്ത് ഒന്നേയുള്ളൂ. സയ്യിദ് മുസഫര്‍ ഖാന്‍ കെട്ടിപ്പൊക്കിയ പട്ടണമാണത്. കരിമ്പിന്‍ തണ്ടിന്റെ മാധുര്യമുള്ള ഒരു സംസ്‌കൃതിയുടെ വിളനിലം. അവിടെ ആര്‍.എസ്.എസിന്റെ കുടില വര്‍ഗീയതക്ക് സ്ഥാനമില്ല. ജനാധിപത്യത്തെ മലീമസമാക്കുന്ന ശക്തികള്‍ക്ക് പേര് പോലും പേടിസ്വപ്‌നമായി മാറുമ്പോഴാണ് അതിനോട് പ്രതികാരം ചെയ്യാനൊരുങ്ങുന്നത്. ഒരു ഗുണവും ചെയ്യാന്‍ സാധിക്കുന്നില്ലല്ലോ എന്ന വെപ്രാളത്തില്‍ പ്രജകളുടെ ആകുലതകളെ മറച്ചുപിടിക്കാന്‍ ശ്രദ്ധ മറ്റൊരു വഴിക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്നത് ജനം തിരിച്ചറിയുന്നുണ്ട്. അയോധ്യയില്‍ പരാജയപ്പെട്ട, ഗോരഖ്പൂരില്‍ ജനങ്ങളാല്‍ പുറന്തള്ളപ്പെട്ട ആദിത്യനാഥ് എന്ന അമ്പലപൂജാരിക്ക് അറിയുന്ന ഏക കല വിദ്വേഷത്തിന്റെയും വെറുപ്പിന്റെതുമാണെന്ന് സമര്‍ത്ഥിക്കാന്‍ പേരുമാറ്റം ഒരവസരം ഒരുക്കിക്കൊടുന്നുവെന്നേ വിലയിരുത്തേണ്ടതുള്ളൂ.

ബിപിന്‍ ചന്ദ്ര തൊട്ടുകാണിക്കുന്നത്
അമേരിക്കന്‍ രാഷ്ട്രമീമാംസകനായ മൈറോണ്‍ വീനര്‍ (Myron Weiner) മണ്ണിന്റെ മക്കള്‍ വാദത്തെ കുറിച്ച് പഠിച്ചെഴുതിയ Sons of the Soil, Migration and Ethnic Conflict in India എന്ന പുസ്തകത്തില്‍ സ്ഥലനാമം മാറ്റാനുള്ള താക്കറെയെ പോലുള്ളവരുടെ നീക്കത്തിന്റെ പിന്നിലെ രാഷ്ട്രീയം ചികഞ്ഞ് പരിശോധിക്കുന്നുണ്ട്. ‘New names are cultural tools to overcome the fears of economic subordination by adventurous immigrants’ സാഹിസകരായ കുടിയേറ്റക്കാരുടെ സാമ്പത്തിക കീഴ്‌പ്പെടുത്തലിനെ കുറിച്ചുള്ള ഭയം മറികടക്കാനുള്ള സാംസ്‌കാരിക ഉപകരണമാണ് പുതിയ പേരുകള്‍ എന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ വസ്തുനിഷ്ഠമായ അപഗ്രഥനമല്ല. വിഭാഗീയതയുടെയും വര്‍ഗീയതയുടെയും രാഷ്ട്രീയത്തെ പോഷിപ്പിക്കാനുള്ള ശക്തമായ ആയുധമായ ഈ പേരുമാറ്റല്‍ സംസ്‌കാരത്തെ രാഷ്ട്രശില്‍പികള്‍ വിഭാവന ചെയ്ത ജനാധിപത്യ-മതേതര സങ്കല്‍പങ്ങള്‍ ഒരിക്കലും അംഗീകരിക്കുന്നില്ല. വിഭിന്നമായ സംഘര്‍ഷങ്ങളെയും താല്‍പര്യങ്ങളെയും സമവായത്തിലെത്തിക്കുന്ന അരിസ്റ്റോട്ടലീയന്‍ സിദ്ധാന്തങ്ങളെ അംഗീകരിക്കാന്‍ തയാറാവുമ്പോഴാണ് ആധുനിക പുരോഗമന രാഷ്ട്രം മുന്നോട്ടുപോകുന്നത്. അതല്ല, കൈയുക്കുള്ളവന്‍ കാര്യക്കാരന്‍ അല്ലെങ്കില്‍ ചെങ്കോലേന്തുന്നവന്‍ സര്‍വശക്തന്‍ എന്ന മാക്യവെല്ലിയന്‍ മുഷ്‌കിന്റെ രാഷ്ട്രീയത്തെ അനുധാവനം ചെയ്യുന്നവരാണ് ഒരു വിഭാഗം ജനതയെ ശത്രുപക്ഷത്തുനിറുത്തി, അവരോടും അവരുടെ സ്വത്വചിഹ്നങ്ങളോടും അവരുടെ ചരിത്രത്തോടും യുദ്ധത്തിലേര്‍പ്പെടുന്നത്; യോഗി ആദിത്യനാഥ് ചെയ്യുന്നത് പോലെ. പേരുമാറ്റത്തിന്റെ രാഷ്ട്രീയത്തെ എഴുത്തുകാരനും രാഷ്ട്രീയനിരീക്ഷകനുമായ ദീപക് ഭാസ്‌കര്‍ വിലയിരുത്തുന്നത്, ഏക കാഴ്ചപ്പാട് അടിച്ചേല്‍പിച്ച് അതിലൂടെ മേല്‍ക്കോയ്മ (ഹെജിമൊണൈസേഷന്‍) സ്ഥാപിച്ചെടുക്കാനുള്ള ശ്രമമായിട്ടാണ്. നമ്മള്‍ ഒന്ന്, അവര്‍ ഒന്ന് എന്ന ചിന്ത വളര്‍ത്താന്‍ അവരുടെ സാംസ്‌കാരിക ചിഹ്നത്തെ തച്ചുടക്കുകയാണ്. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ അതിനു സാധിക്കും. ഏത് കഴിവുകെട്ട വര്‍ഗീയവാദിക്കും എളുപ്പത്തില്‍ സാധിക്കാവുന്നതാണ് യോഗി ആദിത്യനാഥും അനുവര്‍ത്തിക്കുന്നത്.

എന്നാല്‍, ആധുനിക ഇന്ത്യയില്‍ വര്‍ഗീയതയുടെ വേരുകള്‍ അന്വേഷിച്ചിറങ്ങിയ പ്രഗല്‍ഭനായ ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര ആഴത്തിലുള്ള പഠനത്തിനു ശേഷം നിരത്തിവെക്കുന്ന വസ്തുതകളില്‍ പ്രധാനപ്പെട്ട ഒന്ന്, വര്‍ഗീയത പോയകാലത്തിന്റെ അവശിഷ്ടമല്ല എന്നതാണ്. പൗരാണിക ഭരണകാലത്തോ അല്ലെങ്കില്‍ മുസ്‌ലിംകള്‍ ഭരിച്ച മധ്യകാലത്തിലോ തുറന്നുവിട്ട പ്രേതമല്ല നമ്മുടെ കാലഘട്ടത്തെ വേട്ടയാടുന്ന വര്‍ഗീയതയെന്നതാണ്. ആര്‍.എസ്.എസ് അടക്കം മുന്നോട്ടുവെക്കുന്ന വര്‍ഗീയ പ്രത്യയശാസ്ത്രം പോയകാലത്തെ ചില സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ആധുനികമായ ഒരു പ്രത്യയശാസ്ത്രമാണ്. മധ്യകാലത്തേക്ക് അതിന്റെ വേരുകള്‍ അന്വേഷിക്കാന്‍ മെനക്കെടുന്നത് കടുത്ത മുന്‍വിധിയോടെയാണ്.

അക്ബര്‍ ചക്രവര്‍ത്തി ഇലാഹബാദ് നഗരത്തിന് ബീജാവാപം നല്‍കിയത് വര്‍ഗീയ മനസോടെയല്ല. പ്രത്യുത സമന്വയത്തിന്റെ ഉയര്‍ന്ന ചിന്തയോട് കൂടിയാണ്. സംഗമസ്ഥാനത്ത് സന്ധിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുഭക്തര്‍ക്ക് സര്‍വ സൗകര്യങ്ങളും ഒരുക്കിക്കൊടുത്തിനോടൊപ്പം രാജ്യത്തിന്റെ കീര്‍ത്തി പ്രപഞ്ചത്തിന്റെ അഷ്ടദിക്കുകളിലും എത്തണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നുവെത്ര. അക്ബറില്‍ ആദ്യത്യനാഥിന് എങ്ങനെ വര്‍ഗീയത ചാര്‍ത്തിക്കൊടുക്കാന്‍ സാധിക്കും? ഹിന്ദുവും മുസ്‌ലിമും ഒന്നിച്ചു ജീവിക്കുന്ന ഇന്ത്യ എന്ന സങ്കല്‍പം വിട്ട് ഹിന്ദുവിനെതിരെ മുസ്‌ലിം അല്ലെങ്കില്‍ മുസ്‌ലിമിന് എതിരെ ഹിന്ദു എന്ന നിഷേധാത്കമസൂത്രവാക്യം രൂപപ്പെടുത്തുമ്പോഴാണ് വര്‍ഗീയത ഉറവ പൊട്ടുന്നത്. അതുകൊണ്ടാണ് അന്തരീക്ഷം പൂര്‍ണമായും വര്‍ഗീയവത്കരിച്ച്, മലീമസമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ക്ഷുദ്രരാഷ്ട്രീയക്കാര്‍ക്ക് പേരില്‍ പോലും മതാംശവും സാംസ്‌കാരികാംശവും പറ്റിപ്പിടിച്ചതായി അനുഭവപ്പെടുന്നതും ആ അവസ്ഥക്ക് പരിഹാരമായി വില്ലുകുലക്കുന്നതും. ഇതിനെതിരെ കരുത്തുറ്റ പ്രതിരോധ മുറയാണ് ആവശ്യം. എല്ലാം തുറന്നുകാട്ടി, ഇക്കൂട്ടര്‍ ഇന്ത്യ എന്ന ആശയത്തെ തന്നെ നശിപ്പിക്കുകയാണെന്ന് വിളിച്ചുപറയേണ്ട സമയമാണെന്ന് പറഞ്ഞാല്‍ പോരാ, ബഹുസ്വരതയുടെ സംസ്‌കൃതിയെ പോഷിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടത്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login