സമ്പത്തിന്റെ ഉടമാവകാശം: ഖുര്‍ആനിക വീക്ഷണത്തിന്റെ ദാര്‍ശനിക സമീപനം

സമ്പത്തിന്റെ ഉടമാവകാശം: ഖുര്‍ആനിക വീക്ഷണത്തിന്റെ ദാര്‍ശനിക സമീപനം

സമ്പത്തിന്റെ ഉടമസ്ഥന്‍ അല്ലാഹുവാണ്. അത് അവന്‍ മനുഷ്യന്റെ കൈവശം ഏല്‍പിച്ചു. അതുകൊണ്ടാണ് നാം അവര്‍ക്ക് നല്‍കിയതില്‍ നിന്ന് ചെലവഴിക്കണം എന്ന് ഖുര്‍ആന്‍ പറയുന്നത്. സ്വാഭാവികമായും ഇവിടെ ഒരു ചോദ്യം ഉയരുന്നു. ഒരാള്‍ കഠിനാധ്വാനം ചെയ്തു ഉണ്ടാക്കിയ സമ്പത്ത് അയാളുടേതാണ് എന്ന് അംഗീകരിച്ചു കൊടുക്കാതിരിക്കുന്നത് അത്രതന്നെ ശരിയാണോ? അഥവാ സമ്പത്ത് അല്ലാഹു മനുഷ്യന് നല്‍കിയതാണ് എന്നതിന്റെ അര്‍ത്ഥമെന്താണ്?

ഒരു സമ്പത്തിനും മനുഷ്യന് സ്വതന്ത്രമായ അധികാരമില്ല എന്നതാണ് സത്യം. ഒരു കര്‍ഷകനെ എടുക്കുക. അയാള്‍ അയാളുടെ കൃഷികൊണ്ട് വലിയ സമ്പന്നനായി എന്ന് നാം പറയുന്നു. എന്നാല്‍ ചിന്തിച്ചുനോക്കൂ. വിത്തുകള്‍ മുളപ്പിച്ചത് ആരാണ്? അവ വളര്‍ത്തിയത് ആരാണ്? അവയില്‍ കതിരുകള്‍ നിറച്ചത് ആരാണ്? ധാന്യങ്ങള്‍ കൊയ്‌തെടുക്കാനും അവ വില്‍ക്കാനും അതിന്റെ പണം ലഭിക്കാനുമെല്ലാം അവന്ന് ഭാഗ്യം നല്‍കിയതാരാണ്? എത്ര വയലുകള്‍ പൂക്കും മുമ്പ് കരിഞ്ഞു? എത്ര കൊയ്യും മുമ്പ് നശിച്ചു? എത്ര ധനാഢ്യര്‍ തങ്ങളുടെ വിളകള്‍ ആസ്വദിക്കും മുമ്പേ കാലഗതി അടഞ്ഞു?

തന്റെ ബുദ്ധിയും തന്റെ അധ്വാനവും ഉപയോഗിച്ച് താന്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയതാണെന്നൊക്കെ പറയാന്‍ വരട്ടെ. വെള്ളം ആരുടേതാണ്? വളം എവിടെ നിന്നാണ് ലഭിച്ചത്? കൃഷിയിറക്കാന്‍ ആവശ്യമായ നിലം ഒരുക്കിയത് ആരാണ്? കലപ്പയുണ്ടാക്കാന്‍ ആവശ്യമായ ചേരുവകള്‍ ഇരുമ്പ് / മരം ആരുണ്ടാക്കി? മണ്ണ് എവിടെനിന്നു കിട്ടി? ഭൂമി ആരുടേതാണ് ? എല്ലാം അല്ലാഹുവിന്റേത് മാത്രം!

ഇനി ആരോഗ്യത്തെക്കുറിച്ച് ചിന്തിച്ചുനോക്കൂ. അത് മനുഷ്യന്‍ ഉണ്ടാക്കിയതാണോ? ഒരാള്‍ മനുഷ്യന്‍ ആകുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന അനിവാര്യഘടകമാണോ ആരോഗ്യവും ഉന്മേഷവും? അങ്ങനെയാണെങ്കില്‍ ആരോഗ്യമില്ലാത്ത ഒരാള്‍ പോലും ഉണ്ടാകാന്‍ പാടില്ലായിരുന്നു! പക്ഷേ എത്ര ആളുകള്‍ രോഗവുമായി മല്ലിടുന്നു? നമ്മുടെ രോഗമോ ആരോഗ്യമോ നമുക്ക് തന്നെ നിര്‍ണയിക്കാന്‍ സാധിക്കുമോ ? ആയിരുന്നുവെങ്കില്‍ നാം ഇങ്ങനെയൊക്കെ ആകുമായിരുന്നോ?

ബുദ്ധിയെക്കുറിച്ച് പറഞ്ഞല്ലോ. ആരാണ് നമുക്ക് ബുദ്ധി നല്‍കിയത്? നാം തന്നെയാന്നോ? അപ്പോള്‍ ബുദ്ധിയില്ലാത്ത മനുഷ്യനാണോ അതോ ബുദ്ധിയുള്ള മനുഷ്യനാണോ ബുദ്ധിയെ സൃഷ്ടിച്ചത്? ബുദ്ധിയില്ലാത്തവന് ബുദ്ധിയെ നല്‍കാനാവുമോ? ബുദ്ധിയുള്ളവന് പിന്നീട് അത് ഉണ്ടാക്കേണ്ട ആവശ്യവുമില്ലോ. മാത്രവുമല്ല ഉള്ളതിനെ വീണ്ടും ഉണ്ടാക്കാന്‍ കഴിയുകയും ഇല്ലല്ലോ.

ബുദ്ധി ശരീരത്തിലേക്ക് പുറമെ നിന്ന് വന്നതാണോ? എങ്കില്‍ എവിടെനിന്നാണ് അത് നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടത്? നമ്മള്‍ കഴിക്കുന്ന കോവക്കയിലും വെണ്ടക്കയിലും പോത്തിറച്ചിയിലും ചിക്കന്‍ ഫ്രൈയിലും ബുദ്ധി ഒളിഞ്ഞിരിപ്പുണ്ടായിരുന്നോ?
പ്രപഞ്ചത്തിന് ബുദ്ധി ഉണ്ടായിരുന്നു എന്ന് യുക്തന്മാര്‍ പോലും വാദിക്കുന്നില്ലല്ലോ. എനിക്ക് താഴെ കുറച്ചു മനുഷ്യന്മാര്‍ താമസിക്കാന്‍ വരുന്നുണ്ട്; അവര്‍ക്ക് വെള്ളം വേണ്ടേ എന്ന് കരുതിയാണ് ആകാശം മഴപെയ്തത് എന്ന് പറയാമോ? എന്റെ മക്കള്‍ക്ക് കുളിക്കാനും കുടിക്കാനും വെള്ളം വേണം. സൂക്ഷിച്ചില്ലെങ്കില്‍ അപകടകരമാണ്. ഇത് മനസിലാക്കിയാണ് ഭൂമി ജലാശയങ്ങള്‍ പിടിച്ചുനിര്‍ത്തിയത് എന്നാണോ?

ബുദ്ധി പുതിയതാണെന്ന് ആര്‍ക്കുമറിയാം. ഇല്ലായ്മ ഒന്നും ഉണ്ടാക്കില്ല എന്നുമറിയാം. എങ്കില്‍ പിന്നെ ആരാണ് ബുദ്ധിയെ സൃഷ്ടിച്ചത്?
ബുദ്ധി പോവട്ടെ. മനുഷ്യന്‍ തന്നെ ആരുടേതാണ്? അവനെ ഉണ്ടാക്കിയത് ആരാണ്?
യാദൃഛികതയോ?
കോടിക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാദൃഛികതക്ക് ഒരു മൊട്ടുസൂചി ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടല്ലേ മഹാദ്ഭുതങ്ങളുടെ കലവറയായ മനുഷ്യന്‍!
പിന്നെയാര്?
പ്രപഞ്ചേതരമായ ശക്തി തന്നെ. അവനാണ് ലോകരക്ഷിതാവായ അല്ലാഹു.
അവന്‍ ചോദിച്ചു:

അവര്‍ ഒന്നുമില്ലാതെ സൃഷ്ടിക്കപ്പെട്ടവരാണോ? അതല്ല അവര്‍ തന്നെയാണോ സ്രഷ്ടാക്കള്‍? ആകാശ ഭൂമികളെ സൃഷ്ടിച്ചത് അവരാണോ?( ത്വൂര്‍ 35,36).
നിങ്ങള്‍ കൃഷി ചെയ്യുന്നവയെ കുറിച്ച് പറഞ്ഞു തരൂ.
ആരാണ് അവ ഉല്‍പാദിപ്പിക്കുന്നത്? നിങ്ങളോ നാമോ?
നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെ കുറിച്ച് പറയൂ.
മേഘത്തില്‍ നിന്ന് നിങ്ങളാണോ അത് ഇറക്കുന്നത് അതല്ല നാമോ?
ചുരുക്കത്തില്‍ ഭൂമി അല്ലാഹുവിന്റേതാണ്. അതില്‍ വെള്ളവും വളവും ചെടിയും വിത്തും ആരോഗ്യവും ബുദ്ധിയും അവന്‍ നല്‍കിയതാണ്.

അതാണ് അല്ലാഹു പറഞ്ഞത് : നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുക. അങ്ങനെ പറയാന്‍ അവന് അധികാരമുണ്ട്. അവന്റെ കല്‍പന ധിക്കരിക്കാന്‍ നമുക്ക് എന്തധികാരം? ഖുര്‍ആന്‍ പത്ത് സ്ഥലങ്ങളിലെങ്കിലും ഇതേ രീതിയില്‍ മനുഷ്യനോട് സംവദിച്ചിട്ടുണ്ട്.( 2:254, 4:39,5: 88, 13:22, 6:142, 14:31,65:7)
എന്നാല്‍ ഒരിടത്ത് പറയുന്നത് ഇങ്ങനെ:

”നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. നിങ്ങളെ പ്രതിനിധികള്‍ ആക്കി നിശ്ചയിച്ച നിങ്ങളുടെ സമ്പത്തില്‍നിന്നും നിങ്ങള്‍ ചെലവഴിക്കുക. നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് വിശ്വസിക്കുകയും ചെലവഴിക്കുകയും ചെയ്തവര്‍ക്ക് വലിയ പ്രതിഫലമുണ്ട്.”
ഇവിടെ സമ്പത്തിനെക്കുറിച്ച് നിങ്ങളെ പ്രതിനിധികളായി അല്ലാഹു നിശ്ചയിച്ചത് എന്നാണ് പറഞ്ഞിട്ടുള്ളത് അപ്പോള്‍ അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ സമ്പത്ത് കൈകാര്യം ചെയ്യുന്ന അവന്റെ പ്രതിനിധികള്‍ മാത്രമാണ് മനുഷ്യന്‍ എന്നാണ് താല്പര്യം. ഇനി മറ്റൊരാള്‍ക്ക് പിറകിലായി നിങ്ങള്‍ക്ക് ലഭിച്ചതാണ് എന്ന് വിശദീകരിച്ചവരുമുണ്ട്. അഥവാ സമ്പത്ത് ആദ്യം മറ്റൊരാളുടെ കയ്യില്‍ ആയിരുന്നു. അദ്ദേഹം മരണപ്പെട്ടപ്പോള്‍ നിങ്ങളുടെ കയ്യില്‍ എത്തി. നിങ്ങളും മരിക്കും. അപ്പോള്‍ അതല്ല മറ്റൊരാള്‍ക്ക് ലഭിക്കും. സമ്പത്തിന്റെ ക്ഷണഭംഗുരതയെയാണ് അപ്പോള്‍ സൂക്തം ആവിഷ്‌ക്കരിക്കുന്നത്. ഒപ്പം ഒരു സൂചനയും. ഒന്നുകില്‍ അവന്‍ ഇത് നന്മയില്‍ ചെലവഴിക്കും. അപ്പോള്‍ നിന്റെ സമ്പത്ത് കൊണ്ടാണ് നിനക്ക് സ്വര്‍ഗം വാങ്ങാനാകാതെ മറ്റൊരാള്‍ വാങ്ങുന്നത് നീ കാണേണ്ടി വരും. അല്ലെങ്കില്‍ അവന്‍ തിന്മയില്‍ ചെലവഴിക്കും. അപ്പോള്‍ നിന്റെ സമ്പത്ത് കൊണ്ട് നീ ഒരാളെ തിന്മയില്‍ സഹായിച്ചത് പോലെയായി. വേഗം നന്മയുടെ വഴിയില്‍ ചെലവഴിച്ചാല്‍ അത്രയും നല്ലത്!
ഉം, വേഗമാവട്ടേ എന്നാണ് ഈ സൂക്തം നമ്മോട് പറയുന്നത്.

ഡോ. ഫൈസല്‍ അഹ്‌സനി രണ്ടത്താണി

You must be logged in to post a comment Login