മുനയൊടിഞ്ഞു; ഇനി പച്ചയായ വര്‍ഗീയക്കലി

മുനയൊടിഞ്ഞു; ഇനി പച്ചയായ വര്‍ഗീയക്കലി

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലെ മൊത്തം ജനസംഖ്യയെക്കാള്‍ വരും ഇന്ത്യയില്‍ മുസ്‌ലിംകളുടെ അംഗബലം. അറബ് ഇസ്‌ലാമിക രാജ്യങ്ങളിലെ വിശ്വാസികള്‍ക്ക് ഒരിക്കലും ഇന്ത്യന്‍ മുസ്‌ലിംകളുടെ അംഗസംഖ്യ മറി കടക്കാന്‍ സാധിച്ചിട്ടില്ല. 18-20കോടി പൗരന്മാരുടെ വിഹിതമാണ് ജനാധിപത്യമതേതര രാജ്യത്തിന് ഇസ്‌ലാം സംഭാവന ചെയ്യുന്നത്. രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ലോകമുസ്‌ലിം ജനസംഖ്യയുടെ മൂന്നിലൊന്ന്, ഏകദേശം 55കോടി, ഈ രാജ്യത്ത് അധിവസിക്കുന്നുണ്ടാകുമായിരുന്നു. 1947ല്‍ പാകിസ്താന്‍ എന്ന പുതിയൊരു മുസ്‌ലിംരാഷ്ട്രം പിറവി കൊണ്ടിട്ടും ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെടാതിരുന്നത്, അവഗണിക്കപ്പെടാനാവുന്ന ഒരു ന്യൂനപക്ഷമല്ല രാജ്യത്ത് അവശേഷിച്ചത് എന്ന ഉറച്ച ബോധ്യമാവണം. പാകിസ്താന്‍ രൂപീകൃതമായ സ്ഥിതിക്ക് ഒരു ഹിന്ദുരാഷ്ട്രത്തിനു വേണ്ടി തീവ്രവലതുപക്ഷം, ആര്‍.എസ്.എസും കോണ്‍ഗ്രസിലെ തന്നെ യാഥാസ്ഥിതിക വിഭാഗവും ശക്തമായി വാദിക്കുന്നുണ്ടായിരുന്നു. നെഹ്‌റുവിന്റെ മായം ചേര്‍ക്കാത്ത മതനിരപേക്ഷ കാഴ്ചപ്പാടും കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്ത മതമൈത്രിയിലധിഷ്ഠിതമായ രാഷ്ട്രീയ സംസ്‌കാരവും മതസങ്കുചിതത്വത്തിലൂന്നിയ ഒരു രാഷ്ട്രത്തെ കുറിച്ചുള്ള വാദങ്ങളെ തള്ളി. തദനുസൃതമായി, പൗരസമത്വവും സ്വത്വസ്വാതന്ത്ര്യവും വിഭാവന ചെയ്യുന്ന ഭരണഘടനക്ക് ആധുനിക രാഷ്ട്രശില്‍പികള്‍ രൂപഭാവം നല്‍കി. മതം പൗരന്മാരുടെ രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും സ്വകാര്യതയില്‍ ഒതുങ്ങണമെന്നും ആ ദീര്‍ഘദൃക്കുകള്‍ വാദിച്ചു. ഭരണഘടനയുടെ ആമുഖത്ത് ‘ദൈവത്തിന്റെ നാമത്തില്‍ – In the Name of God’ എന്ന് എഴുതിവെക്കണമെന്ന് എച്ച്.വി. കാമത്ത് ആവശ്യപ്പെട്ടപ്പോള്‍ ഹൃദയനാഥ് കുന്‍സ്രു എതിര്‍ത്തത്; നാം ദൈവത്തെ വിളിക്കാറുണ്ടെങ്കിലും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുമ്പോള്‍ അതിനു സങ്കുചിത വികാരം കടന്നുവന്നേക്കാമെന്നും അത് ഭരണഘടനയുടെ അന്തസ്സത്തക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ്.
ഏതെങ്കിലും ഒരു ജനവിഭാഗത്തിന് നമ്മുടെ ഭരണഘടനാ പദ്ധതിയില്‍ ഒരു പ്രാമുഖ്യവും നല്‍കുന്നില്ല. മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ഭാഷയുടെയോ പേരില്‍ ഒരു ജനതയോടും വിവേചനം കാട്ടാന്‍ ഭരണഘടന അനുവദിക്കുന്നില്ല. ഏതെങ്കിലും മതവിഭാഗത്തോട് വിധേയത്വം കാട്ടില്ല; ഒരു മതത്തോടും മമതയുമില്ല. രാജ്യം മതാധിഷ്ഠിതമല്ല. മതവിരുദ്ധവുമല്ല (Neither religious nor Irrelegious). ഒരു മതവിഭാഗത്തിനും മറ്റൊരു മതവിഭാഗത്തിനുമേല്‍ ആധിപത്യമോ മേല്‍ക്കോയ്മയോ ഉണ്ടാവില്ല. ഭരണഘടനാസ്ഥാപനങ്ങളുടെ മുന്നില്‍ എല്ലാവരും തുല്യരാണ്; താത്വികമായും പ്രായോഗികമായും. ഞങ്ങള്‍ക്ക് സുപ്രീംകോടതി വിധി ബാധകമല്ല എന്ന് പറയുവാന്‍ ആര്‍ക്കും അവകാശമില്ല. കാരണം, ഹിന്ദുത്വവാദിയാണെന്ന് വെച്ച് ഭരണഘടനക്കോ സുപ്രീംകോടതിക്കോ മുകളിലല്ല ആര്‍.എസ്.എസുകാര്‍. പക്ഷേ, ആണെന്ന ധാര്‍ഷ്ട്യത്തോടെ അവര്‍ വിളിക്കുന്ന മുദ്രാവാക്യത്തിനു പിന്നിലെ അപകടം കോണ്‍ഗ്രസുകാര്‍ പോലും ധൈര്യപൂര്‍വം എടുത്തുകാട്ടുന്നില്ല. സുപ്രീംകോടതി വിധി തങ്ങള്‍ക്ക് ബാധകമല്ലെന്നും ക്ഷേത്രം നിര്‍മിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുകയോ നിയമനിര്‍മാണം നടത്തുകയോ വേണമെന്നും വാദിക്കുന്നതിലെ ജനാധിപത്യവിരുദ്ധത ചര്‍ച്ച ചെയ്യപ്പെടാതെ പോകുമ്പോള്‍ തകരുന്നത് സ്വതന്ത്ര്യ ഇന്ത്യയുടെ ആധാരശിലകളാണ്. പള്ളി പൊളിച്ചവര്‍ക്ക് അമ്പലം പണിയാനും അറിയാം എന്ന ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഒരു ജനാധിപത്യസമൂഹത്തിന്റേതല്ല, മറിച്ച് കാടന്മാരുടേതോ അപരിഷ്‌കൃതരുടേതോ ആണ്. ഡല്‍ഹി രാംലീല മൈതാനിയില്‍ ഡിസംബര്‍ ഒമ്പതിന് വി.എച്ച്.പി സംഘടിപ്പിച്ച റാലിയില്‍ ആര്‍.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി മോഡി സര്‍ക്കാരിനു നല്‍കിയ മുന്നറിയിപ്പിലെ പൊരുള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. ‘ഇന്ന് അധികാരത്തിലിരിക്കുന്നവര്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. അവര്‍ ജനങ്ങളുടെ വാക്കുകള്‍ ശ്രദ്ധിക്കുകയും അയോധ്യയില്‍ ക്ഷേത്രം സ്ഥാപിക്കണമെന്ന ആവശ്യം നിറവേറ്റുകയും വേണം. അവര്‍ക്ക് ജനങ്ങളുടെ വികാരം അറിയാം. സുപ്രീംകോടതിയും ജനങ്ങളുടെ വികാരം കണക്കിലെടുക്കേണ്ടതുണ്ട്. ഞങ്ങള്‍ ആരോടും യാചിക്കുകയല്ല; വികാരം പ്രതിഫലിപ്പിക്കുന്നുവെന്ന് മാത്രം. വാഗ്ദാനം സഫലീകരിക്കുന്നത് വരെ ഞങ്ങള്‍ പ്രക്ഷോഭം തുടരും. സ്വരം അല്‍പം കടുപ്പിച്ച് കൊണ്ട് വി.എച്ച്.പി പ്രസിഡന്റ് വിഷ്ണു സദാശിവ കോക്‌ജെ, പറഞ്ഞതിങ്ങനെ: ‘ജനാധിപത്യത്തില്‍ പൊതുജനമാണ് ഏറ്റവും ഔന്നത്യത്തില്‍; കോടതിയല്ല’. കോടതിയില്‍ 1949തൊട്ട് കിടക്കുന്ന കേസ് തങ്ങള്‍ക്ക് പ്രശ്‌നമേ അല്ല; ഹിന്ദുത്വവാദികളുടെ ആവശ്യം മുന്‍നിറുത്തി അമ്പലം പണിയുന്ന ജോലി തുടങ്ങിയേ പറ്റു എന്ന ധ്വനി. നീതിന്യായ വ്യവസ്ഥയും നിയമവാഴ്ചയും തങ്ങള്‍ക്ക് ബാധകമല്ല എന്ന ആത്മഹത്യാപരമായ കാഴ്ചപ്പാട്! അതായത്, തങ്ങള്‍ ഭൂരിപക്ഷസമൂഹം എന്താണോ ഇച്ഛിക്കുന്നത് അത് നടപ്പാക്കാന്‍ കോടതിയും പൊലീസും ബാധ്യസ്ഥരാണ് എന്ന വ്യക്തമായ മുന്നറിയിപ്പ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കേരളത്തിലെ ബി.ജെ.പിക്കാരെ കൊണ്ട് ദേശീയ പ്രസിഡന്റ് അമിത് ഷാ ചെയ്യിച്ചത് ഇതേ ധിക്കാരമായിരുന്നു. ജനാധിപത്യ മതേതര സമൂഹത്തെ ഈ ധിക്കാരം എത്രമാത്രം ശിഥിലമാക്കുന്നുവെന്നതിനപ്പുറം, ഹൈന്ദവ ഭൂരിപക്ഷത്തിന് ഇവിടെ എന്തുമാകാം എന്ന ദുരന്താവസ്ഥ വന്നുചേരുമ്പോള്‍ കഷ്ടനഷ്ടങ്ങള്‍ മുഴുവന്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് ന്യൂനപക്ഷങ്ങളാണ്. മാത്രമല്ല, ദേശീയ രാഷ്ട്രീയ പരിസരത്തിന്റെ അലകും പിടിയും മാറുന്നത് മതേതര ജനാധിപത്യ ഇന്ത്യ എന്ന ആശയത്തെ തന്നെ അട്ടിമറിക്കുന്നതിലേക്കാണ് നയിക്കുക. അതോടെ വഴിയാധാരമാവുന്നത് ന്യൂനപക്ഷങ്ങളാണ്. ആര്‍.എസ്.എസിന്റെ സങ്കല്‍പത്തിലുള്ള ഹിന്ദുരാഷ്ട്രം ഏതാണ്ട് പൂര്‍ത്തിയായി വരുമ്പോള്‍ മുസ്‌ലിംകളുടെയും ക്രിസ്ത്യാനികളുടെയും മൗലികാവകാശങ്ങള്‍ പോലും ആരുടെയൊക്കെയോ ഔദാര്യമായി മാറുന്ന, ഭൂരിപക്ഷത്തിന്റെ ഭീകരവാഴ്ച (Tyranny of majority) ഭീതിതമായ അവസ്ഥയെ കുറിച്ച് അഗാധമായ ചര്‍ച്ചകള്‍ പോലും നടക്കുന്നില്ല. മുമ്പ് ആര്‍.എസ്.എസിന്റെ പ്രാദേശിക നേതാക്കള്‍ വി.എച്ച്.പിയുടെയോ ബജ്‌റംഗദളിന്റെയോ മറവില്‍, ന്യൂനപക്ഷങ്ങള്‍ക്കും തങ്ങളുടെ പ്രത്യയശാസ്ത്ര വൈരികള്‍ക്കും എതിരെ ഭീഷണി മുഴക്കുകയോ ആേക്രാശിക്കുകയോ ആണ് രീതി. ഇപ്പോള്‍ മുന്‍നിര നേതാക്കള്‍ തന്നെ മറനീക്കി പുറത്തുവന്ന് മുസ്‌ലിംകളുടെയും ഇതര ഹൈന്ദവേതര വിഭാഗങ്ങളുടെയും മുന്നില്‍ വന്ന് കുരച്ചുചാടുകയാണ്.

നാശത്തിന്റെ ത്രിമൂര്‍ത്തികള്‍
മുമ്പ് നരേന്ദ്രമോഡി – അമിത് ഷാ കൂട്ടുകെട്ടിനെ കുറിച്ചാണ് എടുത്തുപറയാറ്. ഇപ്പോളത് മോഡി -യോഗി- അമിത് ഷാ ത്രിമൂര്‍ത്തികളായി മാറിയതോടെ, വിദ്വേഷധൂളികള്‍ പരത്തുന്നതിലും മുസ്‌ലിംകളെ ഭീഷണിപ്പെടുത്തുന്നതിലും ഒരു തരത്തിലുള്ള മത്സരമാണ് നടക്കുന്നത്. അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ നാം കണ്ടതും കേട്ടതും മുമ്പൊരിക്കലുമില്ലാത്ത അനുഭവങ്ങളാണ്. മോഡിയെക്കാള്‍ ബി.ജെ.പിക്കു വേണ്ടി സംസ്ഥാനങ്ങളില്‍ അലഞ്ഞത് യോഗിയാണ്. മധ്യപ്രദേശിലും തെലുങ്കാനയിലും രാജസ്ഥാനിലുമെല്ലാം മുഖ്യമന്ത്രി പട്ടമണിഞ്ഞ പൂജാരി നടത്തിയ അതിരുകടന്ന പ്രസ്താവ്യങ്ങള്‍ ജനാധിപത്യമര്യാദയുടെ സകല സീമകളും ലംഘിച്ചുവെന്നല്ല, മുസ്‌ലിംകളെ പരസ്യമായി വെല്ലുവിളിക്കുന്ന ജല്‍പനങ്ങള്‍ രാജ്യത്തിന് കേള്‍ക്കേണ്ടിവന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മുസ്‌ലിംകള്‍ ഏകോപിതമായി പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞതില്‍ പ്രകോപിതനായ യോഗി, പൊതുയോഗങ്ങളില്‍ വിളമ്പിയ വിഷയം താമരപ്പാര്‍ട്ടിയില്‍ പച്ചപ്പ് തേടിപ്പോയ മുസ്‌ലിം നേതാക്കളെ പോലും ഞെട്ടിച്ചു. ‘കോണ്‍ഗ്രസിന് പട്ടിക ജാതി പട്ടികവര്‍ഗത്തിന്റെ വോട്ട് വേണ്ട എന്ന് കമല്‍നാഥിന്റെ പ്രസ്താവന ഞാന്‍ വായിച്ചു. കോണ്‍ഗ്രസിന് മുസ്‌ലിം വോട്ടേ ആവശ്യമുള്ളൂ. അദ്ദേഹത്തോട് എനിക്കു പറയാനുള്ളത് ഇതാണ്. അലിയെ നിങ്ങളെടുത്തോളൂ; ഞങ്ങളുടെ ബജ്‌റംഗ ബാലി മതി ഞങ്ങള്‍ക്ക്’. ഹിന്ദുമുസ്‌ലിം ധ്രുവീകരണം പാരമ്യതയിലെത്തിക്കാനുള്ള വര്‍ഗീയ ഭാഷ്യം കേട്ടതോടെ, ഇന്‍ഡോറിലെ ബി.ജെ.പി നേതാവ് ഹാജി അമന്‍ മേമന്‍, മൈനോരിറ്റി സെല്‍ ഭാരവാഹി ഇര്‍ഫാന്‍ മന്‍സൂരി, ഡാനിഷ് അന്‍സാരി തുടങ്ങി 20ഓളം മുസ്‌ലിം നേതാക്കള്‍ കാവിരാഷ്ട്രീയംവിട്ടു. ആദിത്യനാഥ് നടത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകള്‍ ന്യൂനപക്ഷത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയിരിക്കയാണെന്നും ബി.ജെ.പിക്കു വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ഇനി ഒന്നും കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അമന്‍ മേമന് തുറന്നുപറയേണ്ടിവന്നു. തെലുങ്കാനയിലെത്തിയ യു.പി മുഖ്യമന്ത്രി മുസ്‌ലിം മജ്‌ലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെയാണ് കുരച്ചുചാടിയത്. ഉവൈസിയെ പാകിസ്ഥാനിലേക്ക് നാട് കടത്തണമെന്നും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്നും തുറന്നടിച്ചപ്പോള്‍ കേട്ടുനിന്ന് ഹിന്ദുത്വ ‘സ്റ്റോം ട്രൂപ്പേഴ്‌സ്’ കൈയടിച്ച് ആവേശം പങ്കിട്ടു. ഹൈദരാബാദിന്റെ പേര് മാറ്റുന്നതോടെ ഭീകരവാദത്തിന്റെ ആസ്ഥാനമായ നഗരത്തെ രക്ഷിക്കാന്‍ കഴിയുമെന്നും രാജ്യത്ത് എവിടെ സ്‌ഫോടനം നടന്നാലും അതിനു പിന്നില്‍ ഒരു ഹൈദരാബാദിയുടെ കരങ്ങള്‍ കാണാമെന്നും ഗോരക്പൂരിലെ പൂജാരി തട്ടിവിട്ടു. താനിരിക്കുന്ന കസേരയുടെ മഹത്വം അദ്ദേഹം ഓര്‍ത്തില്ല.

രാജ്യതലസ്ഥാന നഗരിയില്‍നിന്ന് നൂറു കി.മീറ്റര്‍ മാത്രം അകലെ കിടക്കുന്ന ബുലന്ദഷഹര്‍ പട്ടണം ഇന്ന് ലോകശ്രദ്ധയിലേക്ക് തുറന്നിട്ടത് സുബോധ്കുമാര്‍ സിംഗ് എന്ന പൊലീസ് ഓഫീസറുടെ ദാരുണമായ കൊല പടര്‍ത്തിയ അങ്കലാപ്പ് മൂലമാണ്. ഇതുവരെ പശുവിന്റെ പേരില്‍ മുസ്‌ലിംകളെ മാത്രമാണ് ‘ഗോരക്ഷക് ഗുണ്ടകള്‍ അറുകൊല ചെയ്തിരുന്നത്. മുഹമ്മദ് അഖ്‌ലാഖ്, പെഹ്‌ലുഖാന്‍, ഉമര്‍ഖാന്‍, രക്ബാര്‍ ഖാന്‍ … നീളുന്ന ഈ പേരുകള്‍ക്കിടയിലേക്കാണ് സുബോധ് കുമാര്‍ സിംഗ് എന്ന ഉയര്‍ന്ന ജാതിയില്‍പെട്ട ഒരു നല്ല മനുഷ്യന്റെ പേരും കടന്നുവരുന്നത്. ഒരു പെരുന്നാള്‍ പിറ്റേന്ന് വീട്ടിലെ ഫ്രീസറില്‍ പശുവിറച്ചി സൂക്ഷിച്ചുവെന്നാരോപിച്ച് സംഘ്പരിവാര്‍ ഗുണ്ടകള്‍ വീട്ടില്‍നിന്നിറക്കി മുഹമ്മദ് അഖ്‌ലാഖ് എന്ന ഗൃഹനാഥനെ തല്ലിക്കൊന്ന കേസ് സത്യസന്ധമായി അന്വേഷിച്ചതാണ് സുബോധ്കുമാര്‍ ചെയ്ത അപരാധം. തന്നെ ഏല്‍പിച്ച കൃത്യം ഉത്തരവാദിത്തബോധത്തോടെ നിറവേറ്റിയതിന് സുബോധിനെ യോഗിസര്‍ക്കാര്‍ വാരാണസിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ദുരന്തം നടന്ന ദാദ്രിയിലെ ബിസാറ ഗ്രാമത്തില്‍ ചെന്ന് ഹിന്ദുമുസ്‌ലിംകള്‍ക്കിടയിലെ വൈരം കെടുത്താന്‍ ശ്രമിച്ചതും ആര്‍.എസ്.എസുകാരെ പ്രകോപിപ്പിച്ചിരുന്നു. ബുലന്ദഷഹറില്‍ നടന്നത് ആസൂത്രിത കൊലയാണ്. 10ലക്ഷത്തോളം തബ്‌ലീഗ് ജമാഅത്തുകാര്‍ മൂന്നുദിവസത്തെ സമ്മേളനത്തിന് എത്തിയ ഘട്ടത്തില്‍ എവിടെനിന്നോ ചത്ത പശുവിന്റെ പഴകിയ അവശിഷ്ടങ്ങള്‍ ആളുകള്‍ കാണത്തക്ക വിധം കാട്ടിനരികെ കെട്ടിത്തൂക്കി പ്രകോപനം സൃഷ്ടിക്കുകയും മുസ്‌ലിംകള്‍ പശുവിനെ അറുത്തുവെന്ന് പ്രചരിപ്പിച്ച് ആളെ കൂട്ടുകയുമായിരുന്നു. ട്രാക്ടറില്‍ പശുവിന്റെ അവശിഷ്ടവുമായി എത്തിയവര്‍ ദേശീയ പാത ഉപരോധിച്ചപ്പോള്‍ അവരെ സമാധാനിപ്പിക്കാന്‍ എത്തിയതായിരുന്നു സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുബോധ് സിംഗ്. യോഗേഷ് രാജ് എന്ന ബജ്‌റംഗദള്‍ നേതാവിന്റെ നേതൃത്വത്തില്‍ പൊലീസിന് നേരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ നിയന്ത്രണവിധേയമാക്കാന്‍ ലാത്തിച്ചാര്‍ജിന് ആജ്ഞാപിച്ച സുബോധിനെ പിന്നീട് നാം കാണുന്നത് പൊലീസ് വാഹനത്തില്‍ ക്രൂരമായി വെടിയേറ്റ് മരിച്ചതാണ്. തലക്കേറ്റ വെടി ആരാണ് ഉതിര്‍ത്തതെന്ന ചോദ്യം നാലഞ്ചുദിവസം ഉത്തരം കിട്ടാതെ കിടന്നപ്പോള്‍ ഒടുവിലാണ് അവധിയില്‍ വന്ന ഒരു സൈനികനാണെന്ന് കണ്ടെത്തുന്നത്. സൈന്യത്തിന്റെ വര്‍ഗീയവത്കരണത്തെ കുറിച്ച് പലവട്ടം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. വെടിയേറ്റ് പൊലീസ് വാഹനത്തിലേക്ക് മാറ്റിയ സുബോധിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അനുവദിച്ചില്ല എന്ന യാഥാര്‍ത്ഥ്യം, ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി വല്ലതും ചെയ്യുന്നവരെ കാത്തിരിക്കുന്ന വിധി ഇതായിരിക്കുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് ദാരുണമരണം വരിച്ചിട്ടും നിഷ്പക്ഷമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതിനു പകരം, പശുവിനെ കൊന്നതാരെന്ന് കണ്ടുപിടിക്കാനാണ് മുഖ്യമന്ത്രി യോഗി പൊലീസ് മേധാവിക്ക് ആജ്ഞ നല്‍കിയത്. എത്ര മനുഷ്യരെ കൊന്നിട്ടാലും സാരമില്ല, ഗോമാതാവിന് ഒന്നും സംഭവിക്കാന്‍ പാടില്ല എന്ന ആര്‍.എസ്.എസ് ദുശ്ശാഠ്യം രാജ്യത്തെ എവിടെ എത്തിക്കുമെന്ന ചോദ്യം നാടിന്റെ ഇരുളുറഞ്ഞ ഭാവിയിലേക്കാണ് സൂചന നല്‍കുന്നത്. ബുലന്ദഷഹറില്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ തബ്‌ലീഗ് ജമാഅത്ത് ‘ഇജ്തിമ’ (സംഗമം) നടക്കുന്നിടത്ത് ചുമതലയുള്ള റൂറല്‍ എസ്.പി റഈസ് അഖ്തറിനെ സ്ഥലം മാറ്റിയതാണ് ഈ ദുരന്തത്തിലെ മറ്റൊരു എപ്പിസോഡ്. ആറുദിവസം മുമ്പ് മാത്രം ചാര്‍ജെടുത്ത തന്നെ, സമ്മേളനം ശാന്തമായി പര്യവസാനിച്ചിട്ടും നാട് കടത്തിയത് തന്റെ പേര് നോക്കിയാണ് എന്ന ഈ പൊലീസ് ഉദ്യോഗസ്ഥന് വെട്ടിത്തുറന്നു പറയേണ്ടിവന്നു.
1949ല്‍ ബാബരി മസ്ജിദിനകത്ത് രാമവിഗ്രഹം കൊണ്ടിട്ട ഗോരഖ്പൂര്‍ മഠാധിപതിയുടെ പിന്‍ഗാമിയായി വാഴുന്ന യോഗി ആദിത്യനാഥ് എന്ന കൊടും വര്‍ഗീയവാദി യു പി മുഖ്യമന്ത്രി പദത്തിലെത്തിയതോടെ സംസ്ഥാനത്ത് മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന ഭീഷണി സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്തതാണ്. ഹിന്ദുത്വഗുണ്ടകളെ ഭയന്ന് ഗ്രാമങ്ങളില്‍നിന്ന് മുസ്‌ലിംകള്‍ നാടുവിടുകയാണ്; ലക്ഷ്യമില്ലാതെ. മുഹമ്മദ് അഖ്‌ലാഖിന്റെ കൊല നടന്ന ബസാറ ഗ്രാമത്തില്‍ ഇപ്പോള്‍ ഒരൊറ്റ മുസ്‌ലിം കുടുംബമില്ല. ഏറ്റവും ഒടുവിലത്തെ സെന്‍സസ് അനുസരിച്ച് യു.പിയില്‍ 38,483,968 മുസ്‌ലിംകള്‍ ജീവിക്കുന്നുണ്ട്. സഊദി അറേബ്യയിലെ മൊത്തം ജനസംഖ്യയെക്കാള്‍ വരുമിത്. പക്ഷേ, ഇവിടെ ഓരോ മുസ്‌ലിമിന്റെയും ദിനരാത്രങ്ങള്‍ ഉത്ക്കണ്ഠാജനകമാണ്. ഏത് നിമിഷവും വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെടാവുന്ന അവസ്ഥ. മോഡി ഭരിച്ച കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ പൊലീസിലെ മുസ്‌ലിം പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞതോടൊപ്പം ജയിലുകളില്‍ ന്യൂനപക്ഷത്തിന്റെയും ദലിത് ആദിവാസികളുടെയും അംഗസംഖ്യ അഭൂതപൂര്‍വമായി വര്‍ധിക്കുകയും ചെയ്തു. പൊലീസ് മേധാവികളും മുന്‍ ന്യായാധിപന്മാരും മനുഷ്യാവകാശസാമൂഹിക പ്രവര്‍ത്തകരുമുള്‍ക്കൊള്ളുന്ന വിദഗ്ധസമിതി തയാറാക്കി അടുത്ത കാലത്ത് പുറത്തുവന്ന റിപ്പോര്‍ട്ട് (‘Status of Policing in India Report 2018: A Study of Performance and Perceptions) സി.എസ്.ഡി.എസ് (Centre for the Study of Developing Societies (CSDS)) ജനങ്ങളിലെത്തിച്ചപ്പോള്‍ പലരും ഞെട്ടിത്തരിച്ചത്, വര്‍ഷം കഴിയുന്തോറും പൊലീസിലെ മുസ്‌ലിം പ്രാതിനിധ്യം കുറയുന്ന പ്രവണത തുടരുന്നു എന്നതാണ്. അതേസമയം, ഇന്ത്യന്‍ ജയിലുകള്‍ നിറക്കാന്‍ ദുര്‍ബല വിഭാഗങ്ങളെയാണ് ഭരണകൂടം കണ്ടെത്തിയിരിക്കുന്നതെന്നും പഠനത്തില്‍ തെളിയുന്നു. മുസ്‌ലിംകളോട് കാണിക്കുന്ന വിവേചനത്തെ കുറിച്ചും റിപ്പോര്‍ട്ട് ഉത്ക്കണ്ഠ രേഖപ്പെടുത്തുന്നുണ്ട്. നിരപരാധികളായ മുസ്‌ലിം യുവാക്കളെ തീവ്രവാദ കേസുകളില്‍പെടുത്തി ജയിലലടക്കുന്ന പ്രവണത കൂടിക്കൂടി വരുന്നു. അതേസമയം, രാജ്യം കണ്ട ഏറ്റവും നാശകാരികളായ ഭീകരാക്രമണ സംഭവങ്ങളിലെല്ലാം മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ ശരീഫ്, സംജോത എക്പ്രസ് ഹിന്ദുത്വ ഭീകരവാദികളുടെ കറുത്ത കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്ന് തെളിഞ്ഞിട്ടും ആ ദിശയിലേക്ക് അന്വേഷണത്തിന്റെ മുന തിരിക്കാന്‍ പോലും കേന്ദ്ര- സംസ്ഥാന ഭരണകൂടം തയാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഇത്തരം വിവേചനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളും തയാറാവുന്നില്ല എന്നിടത്താണ് നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഇരുളുറഞ്ഞ മുഖം തുറന്നുകാട്ടപ്പെടുന്നത്.

അനിവാര്യമായ രാഷ്ട്രീയമാറ്റം
ആഗതമായ പൊതുതിരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തില്‍ സമൂലമായൊരു മാറ്റം സംഭവിക്കുന്നില്ലെങ്കില്‍ മതേതര ജനാധിപത്യ ഇന്ത്യയുടെ പകലറുതി കാണേണ്ടിവരും. ശിഥിലീഭവനം നേരിട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ പരിണാമങ്ങളിലൂടെ കടന്നുപോാകുമ്പോള്‍ അതിന്റെ അന്തസ്സത്ത നഷ്ടപ്പെടുന്നതിന്റെ കെടുതി അനുഭവിച്ചുതീര്‍ക്കേണ്ടത് ദുര്‍ബല വിഭാഗങ്ങളായിരിക്കും. നീതിന്യായ വ്യവസ്ഥ സമീപകാലത്ത് ഏറ്റവും കൂടുതല്‍ വെല്ലുവിളികള്‍ നേരിട്ടത് ഭരണകൂടത്തില്‍നിന്നാണ്. ജുഡീഷ്യറിയുടെ വര്‍ഗീയവത്കരണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരുമ്പെട്ടപ്പോഴാണ് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് പരസ്യമായി ഇടപെടേണ്ടിവന്നത്. റിസര്‍വ് ബാങ്ക് പോലും ഹിന്ദുത്വ താല്‍പര്യസംരക്ഷണത്തിനായി ദുരുപയോഗപ്പെടുത്താന്‍ നീക്കങ്ങളുണ്ടായി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് ആര്‍. ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയിലൂടെ പുറത്തേക്ക് വന്നത്. നിഖില മേഖലകളിലും പരാജയപ്പെട്ട മോഡി- യോഗി സര്‍ക്കാരിന്റെ കൈയില്‍ ഇനി ഒരായുധമേയുള്ളൂ. അത് വര്‍ഗീയതയുടേതാണ്. രാഷ്ട്രീയ നിലനില്‍പ് അവതാളത്തിലാണെന്ന് കാണുമ്പോള്‍ ആഭ്യന്തരകലാപത്തിലൂടെ അധികാരം പിടിച്ചുനിര്‍ത്താന്‍ ശ്രമങ്ങള്‍ ഉണ്ടായിക്കൂടായ്കയില്ല. സിവില്‍ സമൂഹം ജാഗ്രത പാലിച്ചേ പറ്റൂ. രാഷ്ട്രത്തിന്റെ ആധാരശിലകള്‍ തകര്‍ത്തെറിഞ്ഞേ ആര്‍.എസ്.എസിനെ അധികാരരാഷ്ട്രീയം നിലനിര്‍ത്താന്‍ സാധിക്കൂ. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള തന്ത്രങ്ങള്‍ മെനയാന്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് ത്രാണിയുണ്ടോ എന്നതാണ് കാതലയായ ചോദ്യം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login