വാങ്കുവിളിക്കാന്‍ ആരും ആഗ്രഹിച്ചുപോവും

വാങ്കുവിളിക്കാന്‍ ആരും ആഗ്രഹിച്ചുപോവും

‘കിത്താബ്’ ചൂടുപിടിക്കവെയാണ് വാങ്ക് സംബന്ധിയായി ഒരാളുടെ അഭിപ്രായം സമൂഹമാധ്യമത്തില്‍ വരുന്നത്. വാങ്കിന്റെ മാഹാത്മ്യത്തെയാണ് പ്രധാനമായും അദ്ദേഹം പ്രശ്‌നവത്കരിക്കുന്നത്. നിലവില്‍ വാങ്ക് വിളിക്കുന്ന മുഅദ്ദിനുമാരുടെ ‘ജീവിതപ്രാരാബ്ധങ്ങള്‍’ മുന്‍നിറുത്തി, ഇത്തരമൊരു നവോത്ഥാന വിപ്ലവത്തിന് പെണ്ണുങ്ങള്‍ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത് ശുദ്ധഭോഷ്‌കാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. മോഹിക്കേണ്ട പെണ്ണുങ്ങളേ, വാങ്ക് മാത്രമല്ല മുഅദ്ദിന്‍ ചെയ്യുന്ന പണി. ശുചിമുറികള്‍ വൃത്തിയാക്കുന്നു. ജലസംഭരണികളില്‍ വെള്ളം നിറക്കുന്നു. ഈ പണികളെ തോട്ടിപ്പണി, വെള്ളം കോരി എന്നിങ്ങനെയാണ് അദ്ദേഹം കാണുന്നത്. താഴ്ന്ന പണിയായിട്ട്. അതുമല്ല വാങ്കുവിളിക്കുന്നവരുടെ ദരിദ്ര ജീവിതം പോലും അദ്ദേഹം പുഛത്തോടെ കാണുന്നുണ്ട്. എല്ലാം തുറന്നും ഒളിച്ചും പറഞ്ഞശേഷം, ഒടുക്കം അദ്ദേഹം ഇങ്ങനെ കുറിച്ചിടുന്നുണ്ട്: ”അല്ലെങ്കിലും ഓര്‍ത്തുനോക്കൂ, കറുത്തവനും അടിമവര്‍ഗത്തില്‍ പെട്ടവനുമായ ബിലാലിനെയാണ് മക്ക കീഴടക്കിയ മുഹമ്മദ് ആദ്യം ബാങ്ക് വിളിക്കാന്‍ കഅ്ബയുടെ മുകളിലേക്ക് കയറ്റിയത്. അന്നവിടെ ഖുറൈശി പ്രമുഖര്‍ ഇല്ലാഞ്ഞിട്ടല്ല. അതൊരു കുറഞ്ഞ പണിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. അല്ലാതെ, ബിലാലിനെ ആദരിച്ചായിരുന്നുവെന്ന് തോന്നുന്നില്ല.”
ഇസ്‌ലാം വാങ്ക് എന്ന കര്‍മത്തെ പരിഗണിക്കുന്നത് എപ്രകാരമെന്ന് അറിയാത്തതുകൊണ്ട് അദ്ദേഹം വിനയാന്വിതനാവുകയല്ല ചെയ്യുന്നത്, കൂടുതല്‍ പൊങ്ങച്ചം കാണിക്കുകയാണ് ചെയ്യുന്നത്. നമുക്ക് വാങ്കിന്റെ മഹത്വത്തിലേക്ക് പോവുന്നതിന് മുമ്പ് വാങ്ക് മുന്നോട്ട് വെക്കുന്ന പ്രമേയത്തെച്ചൊല്ലി ചില ആലോചനകള്‍ പ്രസക്തമായിരിക്കും. നമസ്‌കാര സമയങ്ങളില്‍ വിളംബരപ്പെടുത്തുന്ന വാക്യങ്ങളില്‍ ആദ്യത്തേത് അല്ലാഹു അക്ബര്‍- അല്ലാഹു മഹോന്നതന്‍- എന്നാണ്. ഇത് ഉത്പാദിപ്പിക്കുന്ന ആശയതലം വിശ്വാസിയുടെ ബോധത്തെ തൊട്ടുണര്‍ത്താന്‍ പോന്നതാണ്. അത് ഹൃദയത്തില്‍ ആഴ്ന്നിറങ്ങിച്ചെല്ലുമ്പോള്‍ വിശ്വാസി വിനയാന്വിതനാകും. ഏകശക്തി സ്രഷ്ടാവ് അല്ലാഹു മാത്രമാണെന്ന ബോധം അഹങ്കാരത്തെ കത്രിച്ചുകളയുന്നു. അല്ലാഹുവാണ് മഹാന്‍ എന്ന ബോധ്യത്തില്‍ നിന്നാണ് ശേഷം സാക്ഷ്യപ്പെടുത്തുന്നത്. അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാ- അല്ലാഹുവല്ലാതെ ഒരു ആരാധ്യനില്ലെന്ന് ഞാന്‍ സാക്ഷി. ഇത് പകര്‍ന്ന ദൂതനെയും അവന്‍ അംഗീകരിക്കുകയാണ്. അശ്ഹദു അന്ന മുഹമ്മദര്‍റസൂലുള്ളാ. മുഹമ്മദ് നബി (സ) അല്ലാഹുവിന്റെ ദൂതനാണന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ വാക്യങ്ങളോടെ അവന്‍ തൗഹീദിനെ അംഗീകരിച്ചു. തൗഹീദിനെ അരക്കിട്ടുറപ്പിക്കുക എന്നത് മാനവികതയുടെ ഏറ്റവും ഉദാത്തമായ തലമാണ്. ഏകശക്തിയായ് അല്ലാഹുവിനെ അംഗീകരിക്കുമ്പോള്‍ മറ്റെല്ലാ അധീശ വ്യവസ്ഥകളെയും പിഴുതെറിയുകയാണ്. പിന്നീട് പരമപ്രധാന ഉപാസനയായ നമസ്‌കാരത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഹയ്യ അലസ്സലാ. പിന്നീട് വിജയത്തിലേക്ക് വരൂ എന്ന ആഹ്വാനമുണ്ട്- ഹയ്യ അലല്‍ ഫലാഹ്… ഉച്ചനീചത്വത്തേയും വിവേചനത്തേയും വിപാടനം ചെയ്യുന്ന, ഐക്യ-സാഹോദര്യ പാഠങ്ങളെ പ്രസരണം ചെയ്യുന്ന ജമാഅത്ത് നമസ്‌കാരത്തില്‍ സാന്നിധ്യമുറപ്പിച്ചവന്‍ വിജയിച്ചു എന്നത് ഈ വാക്യത്തിന്റെ താത്പര്യങ്ങളില്‍ പ്രധാനമാണ്. ഒരിക്കല്‍ കൂടി, സ്രഷ്ടാവിന്റെ മാഹാത്മ്യത്തേയും ഏകദൈവത്വമെന്ന സത്യത്തേയും ഉണര്‍ത്തി വാങ്ക് പര്യവസാനം കൊള്ളുന്നു.

പരിശുദ്ധ വാക്യങ്ങള്‍ മിനാരങ്ങളില്‍ നിന്ന് അഞ്ച് നേരവും മുഴങ്ങുമ്പോള്‍ നാടെങ്ങും ശാന്തത പരന്നൊഴുകുന്നു. ശാരീരിര- മാനസിക ചലനങ്ങള്‍ ഒരേയൊരു കേന്ദ്ര ബിന്ദുവിലേക്ക് സഞ്ചരിക്കുന്നു. തിരക്കേറിയ ജോലികള്‍ക്ക് താത്ക്കാലിക വിശ്രമം നല്‍കുന്നു. ഒരേസമയം, വിശ്വാസി സമൂഹം സ്രഷ്ടാവില്‍ ആനന്ദം തേടിയലയുകയാണ്. മനുഷ്യവൃന്ദം മാത്രമല്ല, വാങ്കൊലി മുഴങ്ങുമ്പോള്‍ കല്ലും മണ്ണും നിശ്ശബ്ദതയിലാവുമത്രെ. അന്നേരം ഒരു ശബ്ദം മാത്രമാണ് അന്തരീക്ഷത്തില്‍ നിലയുറപ്പിക്കുന്നത്. തൗഹീദിന്റെ പ്രഖ്യാപനം. ആ ശബ്ദത്തിനുടമയാകാന്‍ സാധിക്കുകയെന്ന് ജീവിതത്തിലെ മഹത്തരമായ സന്ദര്‍ഭങ്ങളിലൊന്നാണ്. വിശുദ്ധ ഖുര്‍ആന്‍ ചോദിക്കുന്നുണ്ട്, അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നവനേക്കാള്‍ അത്യുത്കൃഷ്ടന്‍ ആരാണ്? ഈ ആയത്ത് വാങ്കൊലിക്കാരെയാണ് പരാമര്‍ശിച്ചതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നുണ്ട്.

നിസ്‌കാരമെന്ന സ്രഷ്ടാവിനോടുള്ള അഭിമുഖ സംഭാഷണത്തിലേക്ക്(മുനാജാത്ത്) സ്വാഗതം ചെയ്യുമ്പോള്‍ നന്മയുടെ, ധര്‍മത്തിന്റെ ഉത്തമവഴികളിലേക്കാണ് വിളിക്കുന്നത്. ഒരു വിമോചന പ്രഖ്യാപനമാണത്. അത് നടത്തുന്നവരെ സമൂഹത്തിന്റെ ഉന്നത ശ്രേണിയിലാണ് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ സുവര്‍ണാധ്യയമായ മക്കാ വിജയദിനത്തില്‍ കഅ്ബയുടെ മുകളില്‍ കയറി ആഹ്ലാദ സൂചകമായി വാങ്ക് വിളിച്ചതിനെ നേരത്തെ പറഞ്ഞ അദ്ദേഹം മാത്രമല്ല വംശീയമായി സമീപിക്കുന്നത്. ഈ സംഭവത്തോട് ശത്രുപ്രമുഖന്‍ ഹാരിസുബ്‌നു ഹിശാം പ്രതികരിച്ചതും ഇങ്ങനെയായിരുന്നു; കരിങ്കാക്കയെയല്ലാതെ വാങ്ക് വിളിക്കാന്‍ ഈ കഅ്ബക്ക് മുകളില്‍ കയറ്റാന്‍ മറ്റാരുമില്ലേ?
ഉള്ളിലുറഞ്ഞു കിടക്കുന്ന ഒരേ വംശീയ ബോധത്തില്‍ നിന്ന് തന്നെയാണ് ഇത്തരം ചോദ്യങ്ങള്‍ ഉരുവം പ്രാപിക്കുന്നത്. വാങ്ക് തരംതാഴ്ന്ന കര്‍മമെന്ന് ഇവരൊക്കെ മനസിലാക്കുന്നത് ബിലാലിന്റെ(റ) നിറവും വര്‍ഗവും മുന്‍നിറുത്തിയാണല്ലോ. ഹാരിസിന്റെ ഈ പ്രതികരണത്തിന്റെ പാശ്ചാത്തലത്തിലാണ് വിശുദ്ധ ഖൂര്‍ആന്‍ സൂക്തം അവതരിക്കുന്നത്: ‘മനുഷ്യരേ, ഒരേ ആണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് അല്ലാഹു നിങ്ങളെ മുഴുവന്‍ സൃഷ്ടിച്ചിരിക്കുന്നത്. അവന്‍ നിങ്ങളെ വ്യത്യസ്ത വര്‍ഗങ്ങളും സമൂഹങ്ങളുമാക്കി വെച്ചിട്ടുള്ളത് പരസ്പരം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും സമാദരണീയര്‍ സര്‍വജ്ഞനും സൂക്ഷമജ്ഞാനിയുമാണ്’. വംശീയ- ജാതി ബോധത്തിന്റെ അടിവേരറുക്കാന്‍ പര്യാപ്തമാണ് ഈ സൂക്തത്തിന്റെ സാരാംശം. കഅ്ബയുടെ മുകളില്‍ കയറ്റുക എന്നത് തന്നെ ചിന്തനീയമാണ്. ആദം നബി(സ) മുതല്‍ക്കേ സര്‍വമനുഷ്യരും അതിശ്രേഷ്ഠമായ ആരാധനാലയമായി വിശ്വസിച്ച് പോരുന്ന വിശുദ്ധ മന്ദിരത്തിന്റെ ഉത്തുംഗതയില്‍ ബിലാലിനെ കയറ്റാനുള്ള പ്രവാചക താത്പര്യം ഇസ്‌ലാമിന്റെ മഹിതസുന്ദരമായ ഏകമാനവികത വെളിപ്പെടുത്തുക എന്നതാണ്. ഇത്രമേല്‍ മാനവീയവും കൃത്യമായി മതപ്രമാണങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നതുമായ ഒരു ചരിത്ര സംഭവത്തെ കൃത്രിമമായി അപനിര്‍മിക്കുന്നതിന്റെ ശരിതെറ്റുകളെ പ്രതി ഗൗരവ ആലോചനകള്‍ക്ക് വിധേയമാകേണ്ടതുണ്ട്.

ബിലാലിനെ(റ) മുഅദ്ദിനായ് തിരഞ്ഞെടുക്കാന്‍ പ്രവാചകരെ പ്രേരിപ്പിച്ച ഘടകം മധുരോദാരമായ ശബ്ദമത്രെ. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ നമസ്‌കാരം വിളംബരം ചെയ്യാന്‍ വാങ്ക് വിളിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ പ്രവാചകര്‍ ബിലാലിനോട് വാങ്കൊലി ധ്വനി മുഴക്കാനാവശ്യപ്പെട്ട് പറഞ്ഞു: അന്‍ദാ സൗതന്‍ മിന്‍ക. നിങ്ങളുടേത് ഉയര്‍ന്ന ശബ്ദമാണ്. അന്‍ദാ എന്ന ശബ്ദം അര്‍ത്ഥമാക്കുന്നത് മനോഹരമായ ഉയര്‍ന്നശബ്ദം എന്നാണ്. നിറമോ വര്‍ഗമോ അല്ല ഉപാധിയെന്ന് വ്യക്തം.

വാങ്കൊലി മുഴക്കുന്നവന്റെ മഹത്വത്തെ തിരുവചനങ്ങളിലും ദര്‍ശിക്കാം. മനുഷ്യനും ജിന്നിനുമൊപ്പം കല്ലും മണ്ണും വാങ്ക് മുഴക്കിയവന് വേണ്ടി മഹ്ശറയില്‍ സാക്ഷി പറയും. വാങ്കൊലി സന്ദര്‍ഭത്തില്‍ പിശാച് ഓടുന്നത് ഏകത്വത്തിന്റെ പ്രഖ്യാപനത്തില്‍ നിന്നുമാണ്. താനും സാക്ഷി പറയേണ്ടി വരുമോ എന്ന ഉള്‍ക്കിടിലത്തോടെയാണവന്‍ പരിഭ്രാന്തനാവുന്നത്. നീതി സുവ്യക്തമായി നടപ്പിലാക്കുന്ന വിചാരണ നാളില്‍ സര്‍വരും കനത്ത ദാഹം കൊണ്ട് തൊണ്ട കീറുമ്പോള്‍ വാങ്കൊലി ശബ്ദിച്ച കണ്ഠങ്ങള്‍ സൗഖ്യം പ്രാപിക്കുമത്രെ. ഇമാമിനേക്കാളും ഉന്നതപദവിയിലാണ് മുഅദ്ദിന്റെ സ്ഥാനമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെട്ടിട്ടുണ്ട്. തിരുനബി കുടുംബാംഗമാണ് വാങ്കൊലിക്ക് അഭികാമ്യരെന്ന് ധര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം. സകാതിലും സ്വദഖയിലും മ്ലേഛത മുഴച്ചു നില്‍ക്കുന്നത് കൊണ്ടാണ് അഹ്‌ലു ബൈത്തിന്നവ വിലക്കപ്പെട്ടത്. അപ്പോള്‍ വാങ്ക് മൂല്യമേറിയ കര്‍മം തന്നെയാണെന്ന് മനസിലാക്കാം. സമൂഹമാധ്യമ എഴുത്തുകാരന്റെ വാദത്തെ മുന്‍നിര്‍ത്തി വിശകലനം ചെയ്യുമ്പോള്‍ തിരുനബി കുടുംബം മതസാമൂഹിക ശ്രേണിയില്‍ തരംതാഴ്ന്നവരാണെന്ന് കരുതേണ്ടി വരും. ഒരു ജനതയെ നന്മയിലേക്ക് ക്ഷണിക്കുന്നത് എങ്ങനെയാണ് നിലവാരത്തകര്‍ച്ചയാകുന്നത്?

ആകയാല്‍ വാങ്ക് എന്നത് മനുഷ്യവര്‍ഗത്തെ സന്മാര്‍ഗത്തിലേക്ക് വഴിതെളിക്കാനുള്ള, ഏകദൈവത്വത്തേയും പ്രവാചകത്വത്തേയും സമൂഹ മധ്യേ പ്രഖ്യാപിക്കാനുള്ള നാദമാണ്. ആ ശബ്ദമുയര്‍ത്തുന്ന കണ്ഠങ്ങള്‍ പരിശുദ്ധമാണ്. ഉദാത്തമായ കര്‍മ നിര്‍വഹണത്തിന് അവസരം ലഭിക്കുക എന്നത് സ്രഷ്ടാവിന്റെ അനുഗ്രഹങ്ങളില്‍ പരമപ്രധാനമാണ്. മുഅദ്ദിന്‍ വിലകുറഞ്ഞ കര്‍മിയെന്ന് ധരിക്കുന്നത് മതനിലപാടുകളോടുള്ള പുഛമാണ്.

ഇനി ഒന്നുകൂടെ ചേര്‍ത്തിവായിക്കാം, തിരുനബിയുടെ വേര്‍പാടില്‍ മനംനൊന്ത് മദീന വിട്ടകന്ന് ദേശം പറിച്ചുമാറ്റിയ ബിലാലുബ്‌നു റബാഹ് (റ) മറ്റൊരിക്കല്‍ തിരിച്ചുവന്നപ്പോള്‍ മദീനയിലെ ബഹുജനം തടിച്ചുകൂടി വാങ്ക് കൊടുക്കാന്‍ സ്‌നേഹാഭ്യര്‍ത്ഥന നടത്തിയ സംഭവം വിശ്വപ്രസിദ്ധമാണ്. ആത്മീയതയില്‍ ചാലിച്ച മധുരമൂറുന്ന ശബ്ദത്തോടുള്ള അത്യാര്‍ത്തിയാണ് മദീനാ നിവാസികളുടെ ഈ താത്പര്യത്തിന് ഹേതുകം. മാസ്മരികമായ ധ്വനിയാണ് ബിലാലിനെ(റ) ഈ സൗഭാഗ്യ പദവിയിലേക്ക് ആനയിച്ചത്. അശ്ഹദു അന്ന മുഹമ്മദുര്‍റസൂലുള്ളാ എന്ന വാക്യം ഉച്ചരിക്കാനാകാതെ കണ്ഠമിടറിപ്പോയ ബിലാലിന്റെ കഥ മുത്ത്‌നബിയുമായുള്ള സുദൃഢ സ്‌നേഹ ബന്ധത്തിന്റെ ആഴം വിളിച്ചറിയിക്കുന്നുണ്ട്.
ചരിത്ര വായനകളെ സമീപിക്കുന്നിടത്തെ ജാഗ്രതക്കുറവാണ് അത്യന്തം അപകടകരമായ നിലപാടുകളിലേക്ക് ആനയിക്കുന്നത്. കേരളീയമുസ്‌ലിംകള്‍ മുക്രി സമൂഹത്തെ(മുഅദ്ദിന്‍) തിരസ്‌കരിക്കുന്നുവെന്ന എഴുത്തുകാരന്റെ നിരീക്ഷണത്തെ നമ്മള്‍ ഇതേസമയംതന്നെ മുഖവിലക്കെടുത്ത് അങ്ങനെയുള്ള ധാരണ പരക്കാനിടയായ കാരണങ്ങള്‍ ഇല്ലാതെയാക്കണം.

സൈദ് അബ്ദുൽമജീദ് ചൊക്ലി
റഫറന്‍സ്
* സ്വഹീഹുല്‍ ബുഖാരി
* മിശ്കാത്തുല്‍ മസ്വാബീഹ്
* കശ്ഫുല്‍ ഖഫാഅ്
* ഖുലാസത്തുല്‍ ഫിഖ്ഹില്‍ ഇസ്ലാമിയ്യ
* മതത്തിന്റെ സൗഷ്ഠവം / ഇഎംഎ ആരിഫ് ബുഖാരി, ഹിദാ പബ്ലിക്കേഷന്‍
* ഇസ്‌ലാം ഒരു പുനര്‍ വായന /അസ്ഗറലി എഞ്ചിനിയര്‍ (മൊഴിമാറ്റം: എം.എ കാരപ്പഞ്ചേരി), മാതൃഭൂമി ബുക്‌സ്‌

You must be logged in to post a comment Login