തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

തിരഞ്ഞെടുപ്പവലോകനം: കാലിപ്പാത്രങ്ങളുടെ കലപിലകള്‍

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള വ്യത്യസ്ത വീക്ഷണങ്ങളും, രാഷ്ട്രീയ നിരീക്ഷണങ്ങളുമായിരുന്നു ഇന്ത്യന്‍ വാര്‍ത്താലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടത്. ദൃശ്യ മാധ്യമങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലത്തോളം തിരക്കേറുന്ന സമയമില്ല. നാടകീയമായ അവതരണ രീതിയായിരുന്നു മിക്ക മുഴുനീള വാര്‍ത്താ ചാനലുകളിലും കാണാന്‍ സാധിച്ചത്. പതിവ് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ക്കൊപ്പം വോട്ട് വിവരങ്ങളെ അപക്വമായ ഗ്രാഫിക്‌സ് സംവിധാനങ്ങളിലൂടെ കാണിച്ച് തിരഞ്ഞെടുപ്പുഫലത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും. തിരഞ്ഞെടുപ്പ് വാര്‍ത്തകളെയും അതിലെ മാധ്യമ ഇടപെടലുകളെയും വിശദമായി ചര്‍ച്ച ചെയ്തത് ‘The Wire’ ഓണ്‍ലൈന്‍ പോര്‍ട്ടലാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഊര്‍മിളേഷ് നയിച്ച ‘മീഡിയ ബോല്‍’ ചര്‍ച്ച ഒരുപാട് വിവരങ്ങള്‍ ഉള്‍കൊള്ളുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തെ കുറിച്ചും അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ള മാറ്റങ്ങളും, ഭരണകൂടത്തെ പ്രീതിപ്പെടുത്തി നടത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള വിമര്‍ശനവുമെല്ലാം ചര്‍ച്ചയില്‍ കടന്ന് വന്നു. ഒരു പക്ഷേ ഇന്ത്യയിലെ മുഖ്യധാരാ ടെലിവിഷന്‍ അവതാരകരെക്കാള്‍ പക്വതയോടും, പരിജ്ഞാനത്തോടും കൂടിയാണ് ഊര്‍മിളേഷ് ചര്‍ച്ച നയിച്ചത്. എന്നാല്‍ ദൃശ്യ മാധ്യമങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ആരവത്തില്‍ പ്രാതിനിധ്യം നല്‍കാത്തതോ, ബോധപൂര്‍വം നല്‍കാതിരുന്നതോ ആയ പ്രശ്‌നങ്ങളാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ രാജിയും, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളും. സ്വതന്ത്രഇന്ത്യയുടെ ചരിത്രത്തില്‍ 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ആര്‍.ബി.ഐ ഗവര്‍ണര്‍ രാജി വെക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആര്‍.ബി.ഐക്ക് ആഗോളതലത്തിലുള്ള വിശ്വാസ്യതയും, അംഗീകാരവും വളരെ വലുതാണ്. ആര്‍.ബി.ഐ യിലേക്ക് ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങള്‍ കൊണ്ട് കൂടിയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി ഉണ്ടായത്. ഈ വിഷയങ്ങളിലൊന്നും ദൃശ്യ മാധ്യമങ്ങള്‍ തല്പരരല്ല.

ചുരുക്കം ചില ചാനലുകളൊഴിച്ച്, രാജ്യത്തിന്റെ സ്വതന്ത്ര ഭരണസ്ഥാപനങ്ങളില്‍ ഭരണകൂടം നടത്തിയ ഇടപെടലുകളും തന്മൂലം സംഭവിച്ച വിള്ളലുകളും വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നില്ല. അതോടൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ മുന്നേറ്റത്തിന് ശേഷം തങ്ങളുടെ നിലപാടുകളില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ വരുത്തിയ മാധ്യമ പ്രവര്‍ത്തകരും ഉണ്ട്. രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ തന്നെ, രാഷ്ട്രീയ നിരീക്ഷണങ്ങള്‍ നടത്താനും, മികച്ച കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കാനും കഴിയുന്നതാവണം തിരഞ്ഞെടുപ്പുകാല മാധ്യമ പ്രവര്‍ത്തനം.

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദ പ്രിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സ്ഥാപകനുമായ ശേഖര്‍ ഗുപ്ത ഹിന്ദുസ്ഥാന്‍ ടൈംസിന് വേണ്ടി എഴുതിയ ലേഖനത്തില്‍ തിരഞ്ഞെടുപ്പും ബി.ജെ.പിയുടെ പിഴവുകളുമായിരുന്നു മുഖ്യവിഷയം. ലേഖനത്തിന്റെ തലവാചകം തന്നെ നോട്ട് നിരോധനത്തെക്കാളും യോഗി ആദിത്യനാഥാണ് ബി.ജെ.പി യുടെ വീഴ്ചക്ക് കാരണം എന്നാണ്. ശേഖര്‍ ഗുപ്തയുടെ നിരീക്ഷണത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനപ്പുറത്തേക്ക് യോഗി ആദിത്യനാഥിന് പാര്‍ട്ടിക്ക് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ യു.പി യിലെ പ്രകടനത്തെ കുറിച്ചുള്ള ഉത്കണ്ഠയായിരുന്നു ലേഖനത്തില്‍ ചര്‍ച്ച ചെയ്ത മറ്റൊരു വിഷയം. യഥാര്‍ത്ഥത്തില്‍ ശേഖര്‍ ഗുപ്ത എന്താണ് സംവദിക്കാന്‍ ഉദ്ദേശിച്ചതെന്ന് അവ്യക്തമാണ്. ഒരുതരത്തില്‍ ബി.ജെ.പിക്ക് തങ്ങളുടെ അപകടങ്ങള്‍ പറഞ്ഞുകൊടുത്ത് ഗുണദോഷിക്കുന്നു എന്ന് തോന്നുംവിധമാണ് അദ്ദേഹം വിശകലനങ്ങള്‍ നടത്തുന്നത്. ദ പ്രിന്റില്‍ നിന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പ്രത്യേകമായി പുന:പ്രസിദ്ധീകരിക്കാന്‍ തക്കതായ എന്ത് നിരീക്ഷണങ്ങളാണ് ലേഖനത്തിലുള്ളതെന്ന് മനസിലാവുന്നില്ല. രാഷ്ട്രീയ നിലപാടുകള്‍ ദ്രുതഗതിയില്‍ മാറ്റുന്ന ഗുപ്തയുടെ നിരീക്ഷണങ്ങളുടെ ലക്ഷ്യം പൊതുവില്‍ മാധ്യമപ്രവര്‍ത്തനത്തിന് അനുയോജ്യകരമല്ല.

കാശ്മീരിലെ കണ്‍കെട്ടുകള്‍
ഇന്ത്യന്‍ മാധ്യമങ്ങളെക്കാള്‍ കശ്മീര്‍ സംഘര്‍ഷത്തില്‍ സൂക്ഷ്മത പുലര്‍ത്തുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളെണെന്ന് വാര്‍ത്തകളില്‍ കൂടി മനസിലാക്കാവുന്നതാണ്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ ദൈനംദിന സംഭവങ്ങളില്‍ ഉള്‍പെടുത്തി, അവയെ ലഘൂകരിച്ച് കാണാനുള്ള പ്രവണത ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുണ്ട്. പലപ്പോഴും കശ്മീര്‍ എന്ന രാഷ്ട്രീയ പ്രശ്‌നത്തിന്റെ ചരിത്ര സാമൂഹിക പരിസരങ്ങള്‍ വിസ്മരിക്കുന്നതിന് തുല്യമാണിത്. കശ്മീരില്‍ നടക്കുന്ന കാര്യങ്ങളില്‍ ആ ജനതയുടെ ചെറുത്തുനില്‍പുകള്‍ക്ക് ഒരിക്കലും മുന്‍തൂക്കം ലഭിക്കാറില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ രാജ്യത്തെ സൈനിക ശക്തിയെ കുറിച്ചും അജിത് ഡോവലിനെ പോലുള്ള സുരക്ഷാമേധാവികള്‍ മോഡിയുടെ ഭരണപാടവത്തെ കുറിച്ച് നടത്തുന്ന പ്രശംസകളിലേക്കുമാണ് ശ്രദ്ധതിരിക്കാറുളളത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കശ്മീര്‍ വിഷയത്തില്‍ തങ്ങളുടെ ഇടപെടലുകള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈയിടെ സൗത്ത് കശ്മീരിലെ പുല്‍വാമയില്‍ 7 പൗരന്മാര്‍ കൊല്ലപ്പെടുകയുണ്ടായി. സുരക്ഷാഭടന്മാരുടെ വെടിയേറ്റ് മരിക്കുന്ന കശ്മീരിലെ നിരവധി സാധാരണക്കാരില്‍ ചിലരായി അവരും മാധ്യമങ്ങളിലൂടെ കാറ്റായി പോയി. ഓണ്‍ലൈന്‍ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഒഴികെയുള്ളവര്‍ പ്രശ്‌നത്തിന്റെ ഗൗരവം ചര്‍ച്ച ചെയ്തില്ല. കശ്മീരില്‍ ഭരണകൂടം മറുപടി പറയേണ്ട സാഹചര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുമില്ല. കശ്മീരിലെ തെരുവുകളില്‍ നഷ്ടപ്പെടുന്ന ജീവനുകളോട് തങ്ങള്‍ക്ക് യാതൊരു പ്രതിബദ്ധതയും ഇല്ലെന്ന് പറഞ്ഞൊഴിയാന്‍ ഭരണകൂടത്തിന് സാധിക്കുന്നത് എന്തുകൊണ്ടാണ്? മാധ്യമങ്ങളുടെ ശക്തമായ ചോദ്യം ചെയ്യലുകള്‍ക്ക് ഇവിടെ പ്രസക്തിയുണ്ട്. എന്നാല്‍ അതിനു വിപരീതമായി മാധ്യമങ്ങള്‍ സംഘര്‍ഷങ്ങളെയും അത് പൊതുജന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുമ്പോള്‍, ആഘോഷിക്കപ്പെടുന്നത് വാര്‍ത്താപ്രാധാന്യമില്ലാത്ത വിഷയങ്ങളാണ്. ഡല്‍ഹിയിലെ രാഷ്ട്രീയ ജീവിതങ്ങളെ കശ്മീരിലെ സംഘര്‍ഷങ്ങള്‍ ബാധിക്കുന്നില്ല. പക്ഷേ ദുസ്സഹമാവുന്ന ജനജീവിതവും, വെടിയുണ്ടയില്‍ തീര്‍ന്ന് പോകുന്ന ഒരുപാട് യൗവനങ്ങളുമൊക്കെ ചെറുത്തുനില്‍പിന്റെ പ്രതീകങ്ങളായി വാര്‍ത്തകളില്‍ ഉണ്ടാവണം. അത്തരം വാര്‍ത്തകള്‍ ഭരണകേന്ദ്രങ്ങളിലിരിക്കുന്നവരെ അസ്വസ്ഥപ്പെടുത്തും വിധം അവതരിപ്പിക്കുക എന്നത് മാധ്യമ പ്രവര്‍ത്തകന്റെ ബാധ്യതയാണ്. കശ്മീരിലെ ജനതയെ കുറച്ചുകൂടെ ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അതിനൊന്നും സമയം തികയാറില്ല. കശ്മീരില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ തരം ചെറുത്ത്‌നില്‍പുമായി പോരാട്ട വീര്യമുള്ള ഒട്ടനവധി ചെറുപ്പക്കാരുടെ മിലിറ്റന്റ് സംഘം രൂപീകരിക്കപ്പെടുന്നുണ്ട്. ഒരുപാട് കഴിവുകളും സാങ്കേതിക പരിജ്ഞാനവും ഉള്ള ഇത്തരം ആളുകള്‍, പ്രതിരോധത്തിന്റെ രാഷ്ട്രീയത്തിലേക്ക് ചുവടുമാറുമ്പോള്‍ അത് രാജ്യത്തെയും കശ്മീരിലെ ജനങ്ങളുടെയും ഭാവിയെ കൂടുതല്‍ അനിശ്ചിത്വത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്. അത്തരം വഴികളിലേക്ക് അവര്‍ എത്തിച്ചേരുന്നതിലെ സാഹചര്യങ്ങളെ കൂടി മാധ്യമങ്ങള്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ പത്രപ്രവര്‍ത്തനം നടത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ ഉള്ള പ്രദേശമാണ് കശ്മീര്‍. പുറംലോകമറിയാത്ത വാര്‍ത്തകളുടെ താഴ്‌വര. കശ്മീരിലെ രാഷ്ട്രീയം മുതല്‍ക്ക് അവിടുത്തെ ആണ്‍ പെണ്‍ ജീവിതങ്ങള്‍, അവരുടെ മാനസികതലങ്ങള്‍ ഇവയൊക്കെ എഴുതപ്പെടുന്നതും, വായിക്കപ്പെടുന്നതും വലിയൊരു ചരിത്രരേഖയാവും. പത്രമാധ്യമങ്ങള്‍ക്ക് ഒരിക്കലും അവഗണിക്കാന്‍ സാധിക്കുന്നതല്ല അവയൊന്നും തന്നെ. എന്നാല്‍ കുറച്ചുകൂടെ ആധികാരികതയും, നേരുമുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങള്‍ പുറത്തുവിടണം. കശ്മീര്‍ വിഷയത്തില്‍ ‘മാറ്റമില്ലാത്ത സ്ഥിതി'(status quo) എന്നതിനപ്പുറത്തേക്കുള്ള പ്രശ്‌നപരിഹാരത്തിലേക്ക് ഭരണകൂടവും, അത് നിരന്തരം ഓര്‍മിപ്പിക്കുവാന്‍ മാധ്യമങ്ങളും ഉണ്ടാവേണ്ടതാണ്. ബുര്‍ഹാന്‍ വാനിയുടെ സംസ്‌കാര ചടങ്ങിലേക്ക് ഒഴുകിയെത്തിയ വന്‍ജനാവലിയാണ് കശ്മീരിന്റെ സത്യം എന്താണെന്ന് കാട്ടി തരുന്നത്. ഭരണകൂടം അടിച്ചമര്‍ത്തുമ്പോഴും, ‘നിശബ്ദരാക്കുമ്പോഴും’ മാധ്യമങ്ങള്‍ കാവല്‍ക്കാരാവുകയാണോ വേണ്ടത്?

വെനിസ്വേലയിലെ വേദന
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയിലെ രാഷ്ട്രീയാന്തരീക്ഷവും, എണ്ണമറ്റ പലായനത്തിന്റെ കണക്കുകളും രാജ്യം തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ വലിയ സൂചനകളാണ്. രാജ്യത്ത് ഭയാനകമായ രീതിയിലുള്ള ഭക്ഷ്യ, തൊഴില്‍ ക്ഷാമങ്ങള്‍ നേരിട്ടിട്ടും സാമ്പത്തിക കണക്കുകള്‍ പുറത്തു വിടാതിരിക്കുകയാണ് ഭരണകൂടം. ജനങ്ങള്‍ക്ക് നിരവധി പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലേറിയ നിക്കോളാസ് മദുറോയുടെ ഭരണം രാജ്യത്തെ കൂടുതല്‍ അപകടത്തിലാക്കിയിരിക്കുകയാണ്. ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജനങ്ങള്‍ കേടായ മാംസാവശിഷ്ടങ്ങള്‍ പണം കൊടുത്തു വാങ്ങുന്ന സ്ഥിതിയില്‍ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് രാജ്യം എത്തിച്ചേര്‍ന്നിരിക്കുന്നു. സ്ഥിതി സമത്വവാദത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിരവധി സ്ഥാപനങ്ങള്‍ ദേശീയവത്കരിച്ച്, ഒടുക്കം ജനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സാമൂഹിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ കൂടി ഭരണകൂടത്തിന് പിഴവ് സംഭവിച്ചിരിക്കുകയാണ്. രാജ്യത്തിന് റഷ്യയില്‍ നിന്ന് ലഭിക്കുന്ന നേരിയ സാമ്പത്തിക സഹായമാണ് ചുരുക്കം ചില പിന്തുണകളിലൊന്ന്. എന്നാല്‍ പോലും റഷ്യക്ക് ഇക്കാരണത്താല്‍ തങ്ങളുടെ സൈനികകേന്ദ്രം വെനിസ്വേലയില്‍ സ്ഥപിക്കാനുള്ള സമ്മതം നല്‍കേണ്ടിവരുന്നു. ഇവിടെ ഏറ്റവും സങ്കീര്‍ണമായ പ്രശ്‌നം ജനങ്ങള്‍ അവരകപ്പെട്ട പ്രതിസന്ധിയെ കുറിച്ച് ഒച്ച വെക്കുമ്പോള്‍ അത് രാജ്യത്തോടുള്ള വഞ്ചനയായാണ് ഭരണകൂടം കാണുന്നത് എന്നതാണ്. തങ്ങളുടെ ദുരവസ്ഥയില്‍ പ്രതികരിക്കുന്നവരെ ‘Traitors of fatherland’ എന്നാണ് Washington Post ന്റെ റിപ്പോര്‍ട്ട് പ്രകാരം മദുറോ വിശേഷിപ്പിച്ചത്. ആരോഗ്യരംഗത്തെ പ്രതിസന്ധിയും ചെറുതല്ല. ജനങ്ങള്‍ക്ക് ആശുപത്രികളില്‍ രോഗങ്ങളെ കുറിച്ചും, ആരോഗ്യപരമായ ആഹാരങ്ങളെ കുറിച്ചും വിവരം നല്‍കുന്നതും ഉള്‍പ്പടെയുള്ള അസാധാരണ വിലക്കുകളാണ് ഭരണകൂടം ഏര്‍പെടുത്തിയിരിക്കുന്നത്. എയ്ഡ്‌സ്, മലേറിയ, ടി.ബി തുടങ്ങി രാജ്യം നേരിടാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നുപറയാം. കണക്കുകള്‍ പ്രകാരം 2014 മുതല്‍ 3 മില്യണ്‍ ആളുകളാണ് വെനിസ്വേലയില്‍ നിന്നും പലായനം നടത്തിയത്. തങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് തുറന്നുസംസാരിക്കാത്ത മദുറോ, അമേരിക്ക ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങള്‍ ചുമത്തിയ ഉടമ്പടി കരാറുകള്‍ മൂലമാണ് രാജ്യം തകര്‍ച്ചയിലേക്ക് പോകുന്നത് എന്നാണ് വാദിക്കുന്നത്. എന്നാല്‍ ഇത്തരം ഉടമ്പടികളൊന്നും തന്നെ വെനിസ്വേലയെ സാമ്പത്തിക പ്രതിസന്ധികളിലേക്ക് എത്തിക്കുന്നവയല്ല. തന്റെ ഭരണപിഴവുകളെ ലോകത്തോട് തുറന്നു സമ്മതിക്കാനും എന്‍.ജി.ഒകള്‍ ഉള്‍പെടുന്ന ആഗോള കൂട്ടായ്മയില്‍ നിന്ന് സഹായങ്ങള്‍ സ്വീകരിക്കാനോ മദുറോ തയാറാവുന്നില്ല. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ യു.എസ് ഉള്‍പ്പെടുന്ന ലോകശക്തികള്‍ നടത്തുന്ന അതിക്രമങ്ങളും ചൂഷണങ്ങളും ഒട്ടനവധിയാണ്. എന്നാല്‍പോലും രാജ്യം ഏറ്റവും വെല്ലുവിളി നേരിട്ടു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആശയപരമായ ശത്രുതകള്‍ മാറ്റിനിര്‍ത്താനും, ജനങ്ങളുടെ ആരോഗ്യ, സാമൂഹികഭദ്രത ഉറപ്പ് വരുത്താനും ഒരു ഭരണാധികാരിക്ക് കഴിയണമെന്ന കാര്യം മദുറോ മറന്നുപോകുന്നു. രാജ്യത്തിന്റെ ശോചനീയസ്ഥയെ പറ്റി യാതൊരു വിവരങ്ങളും പുറത്തുവിട്ടില്ല എന്നു ശഠിക്കുമ്പോഴും ലക്ഷക്കണക്കിനാളുകള്‍ വെനിസ്വേലയില്‍ നിന്നും, കൊളമ്പിയയിലും ബ്രസീലിലുമായി പ്രാഥമിക ചികിത്സാസൗകര്യങ്ങള്‍ക്ക് വേണ്ടി പലായനം ചെയ്‌തെത്തുകയാണ്. ലോകരാഷ്ട്രങ്ങളും മാധ്യമങ്ങളുമൊക്കെ വെനിസ്വേലയെയും ജനങ്ങളെയും വിസ്മരിച്ചു കൊണ്ടിരിക്കുകയാണ്. മദുറോയുടെ അപകടകരമായ പിടിവാശികളിലും, ദുരഭിമാനത്തിലും വെനിസ്വേലന്‍ ജനത യുദ്ധസമാനമോ അതിനെക്കാള്‍ തീവ്രമോ ആയ ദുരിതജീവിതത്തിലൂടെ കടന്നുപോവുകയാണ്.

നബീല പാനിയത്ത്‌

You must be logged in to post a comment Login