സുപ്രീം കോടതി കേള്‍ക്കെ പറയുക; പരിധിവിട്ട പച്ചക്കള്ളമാണ് മോഡി സര്‍ക്കാര്‍

സുപ്രീം കോടതി കേള്‍ക്കെ പറയുക; പരിധിവിട്ട പച്ചക്കള്ളമാണ് മോഡി സര്‍ക്കാര്‍

1988 സെപ്തംബര്‍ ഒമ്പതിന് ഇന്ത്യയില്‍ നിലവില്‍ വന്ന ഒരു നിയമം ഉണ്ട്. പേര് ദ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട്. അഴിമതി നിരോധന നിയമം. പൊതുപ്രവര്‍ത്തകരുടെ അഴിമതി സമൂലം തടയാനുള്ള പൂട്ടുകള്‍ നിരത്തിവെച്ച ആ നിയമം പാര്‍ലമെന്റ് പാസാക്കുമ്പോള്‍ രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. 1984-ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സഹതാപതരംഗത്തില്‍ 414 സീറ്റ് നേടി അധികാരത്തില്‍ വന്ന മകന്‍. ഇന്ത്യാചരിത്രത്തില്‍ ആദ്യമായി ഒരു പ്രാദേശിക കക്ഷി പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തിരഞ്ഞെടുപ്പ്. എന്‍.ടി രാമറാവുവിന്റെ തെലുഗു ദേശം പാര്‍ട്ടി. അധികാരത്തില്‍ പുതുതായിരുന്നല്ലോ ഇളമുറ ഗാന്ധി. കോണ്‍ഗ്രസിന്റെ ഓര്‍മകളില്‍ നിന്ന് പോലും ദേശീയ പ്രസ്ഥാനവും നെഹ്‌റുവും മറഞ്ഞു പോയിരുന്നല്ലോ. അടിയന്തിരാവസ്ഥാനന്തര ഇന്ദിരാഗാന്ധിയുടെ പരക്കംപാച്ചിലുകളില്‍ ആത്മാവും ശരീരവും നഷ്ടപ്പെട്ട ആള്‍ക്കൂട്ടമായി മാറിക്കഴിഞ്ഞിരുന്നു കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിനെയാണ് അന്നോളം വിമാനം പറപ്പിക്കുക മാത്രം ചെയ്തിരുന്ന രാജീവിന് ഭരിക്കാനും നയിക്കാനും കിട്ടിയത്. ഭരണം തുടങ്ങി ഒട്ടും വൈകാതെ രാജീവും കോണ്‍ഗ്രസും ചെന്ന് പെട്ട ഒരു പടുകൂറ്റന്‍ അഴിമതി ആരോപണമുണ്ട്. മറക്കരുത്; ബൊഫോഴ്‌സ്. അതും ഒരു പ്രതിരോധ അഴിമതി ആയിരുന്നു. സ്വീഡനില്‍ നിന്ന് തോക്ക് വാങ്ങാനുള്ള ഏര്‍പ്പാട്. ഇന്ദിര ഉത്തര്‍ പ്രദേശത്തിന്റെ മുഖ്യമന്ത്രിയായി അവരോധിച്ച വി.പി. സിംഗ് അവിടത്തെ കൊള്ളസംഘങ്ങളെ പൂട്ടിക്കെട്ടിയ ഖ്യാതിയുമായി നിറഞ്ഞുനില്‍പാണ്. രാജീവിന്റെ കാബിനറ്റില്‍ ധനകാര്യമന്ത്രി. അക്കാലത്താണ് രാജീവിനെ നടുക്കിയും രാജ്യത്തെ പുളകം കൊള്ളിച്ചും രണ്ട് റെയ്ഡുകള്‍ വി.പി സിംഗ് നടത്തിയത്. ഒന്ന് അക്കാലത്ത് രാജീവിന്റെ വിശ്വസ്തനായിരുന്ന ആത്മസുഹൃത്ത് അമിതാഭ് ബച്ചനെ. അന്നും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ചങ്ങാത്ത മുതലാളി അംബാനി. സഹികെട്ടാണ് രാജീവ് ഗാന്ധി ധനവകുപ്പില്‍ നിന്ന് സിംഗിനെ പ്രതിരോധത്തിലേക്ക് തട്ടിയത്. ബൊഫോഴ്‌സ് അഴിമതിയുടെ തുമ്പും തുരുമ്പും അവിടെയിരുന്ന് വി. പി. സിംഗ് ചുരണ്ടിയെടുത്തത് ചരിത്രം. അതേത്തുടര്‍ന്നാണ് വി.പി. സിംഗ് എന്ന അതിശക്തനും ജനകീയനുമായ നേതാവിനെ സ്വന്തം ഇച്ഛ ഒന്നിനാല്‍ മാത്രം രാജീവ് പുറംതള്ളുന്നത്. പുറത്തിറങ്ങിയ വി. പി. സിംഗ് സര്‍വ പൊട്ടും പൊടിയും തടുത്തുകൂട്ടി ദേശീയ മുന്നണി ഉണ്ടാക്കാന്‍ പാഞ്ഞുനടന്ന കാലത്താണ് രാജ്യത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ അഴിമതി നിരോധന നിയമം കൊണ്ടുവന്നത്. നോക്കൂ അഴിമതിക്കെതിരായ എന്റെ സമര്‍പ്പണം നോക്കൂ, എന്ന അടിക്കുറിപ്പുമായാണ് നിയമം പാസായത്

ചരിത്രം പറഞ്ഞെന്നേയുള്ളൂ. പ്രതിരോധ ഇടപാടുകള്‍ കാലങ്ങളായി അഴിമതിയുടെ പെരുങ്കളിയാട്ടം നടക്കുന്ന ഇടങ്ങളാണെന്ന് പറഞ്ഞെന്ന് മാത്രം. ഈ ചരിത്രം ഇവിടെ കിടന്നോട്ടെ. ആ നിയമത്തിലെ പതിമൂന്നാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് ഡി ഇങ്ങനെ ഉദ്ധരിക്കാം.

if he,- എന്നാല്‍ ഏത് പൊതുപ്രവര്‍ത്തകനും;

(i) by corrupt or illegal means, obtains for himself or for any other person any valuable thing or pecuniary advantage; or
(ii) by abusing his position as a public servant, obtains for himself or for any other person any valuable thing or pecuniary advantage; or
(iii) while holding office as a public servant, obtains for any person any valuable thing or pecuniary advantage without any public interest.

പോയന്റ് (ശശ) വീണ്ടും വായിക്കുക. ഒരു പൊതുസേവകന്‍; പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെ എന്നര്‍ഥം, തന്റെ പദവി ദുര്‍വിനിയോഗം ചെയ്തുകൊണ്ട് തനിക്കോ, മറ്റാര്‍ക്കെങ്കിലുമോ എന്തെങ്കിലും പ്രത്യേക നേട്ടം ഉണ്ടാക്കിയാല്‍ എന്നാണ് പരിഭാഷ. അങ്ങനെയുണ്ടാക്കിയാല്‍ ഈ നിയമപ്രകാരം അഴിമതിയാണ്. ശിക്ഷിക്കപ്പെടും. അങ്ങനെയാണെങ്കില്‍, ഇന്ത്യന്‍ നിയമസംവിധാനം നീതിയുക്തമായി, സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുമെങ്കില്‍ റാഫേല്‍ വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനെന്ന് വിധിക്കപ്പെടും. ശിക്ഷിക്കപ്പെടും. കാരണം ലളിതമാണ്.
1. റാഫേല്‍ ഇടപാടില്‍ അനില്‍ അംബാനിക്ക് നേട്ടമുണ്ടായിട്ടുണ്ട്.
2. ആ നേട്ടത്തിലേക്ക് നയിച്ചത് പ്രധാനമന്ത്രി എന്ന പദവി ഉപയോഗിച്ച് നരേന്ദ്ര മോഡി നടത്തിയ ഇടപെടലാണ്.
3. സി.ബി.ഐ മേധാവി അലോക് വര്‍മക്കെതിരായ അസഹിഷ്ണുതക്കും സി.പി.സി സംബന്ധിച്ച് സുപ്രീംകോടതിയില്‍ നടത്തിയ ചരിത്രത്തില്‍ സമാനതകളില്ലാത്ത നാടകത്തിനും പിന്നില്‍ എന്തോ ഒളിച്ചുവെക്കാനുള്ള വ്യഗ്രതയാണ്. ആ എന്തോ ഒന്നിനെയാണ് നമ്മള്‍ അഴിമതിയെന്നും അധികാര ദുര്‍വിനിയോഗമെന്നും വിളിക്കാറ്.

ഈ ലേഖനത്തിന്റെ ഒടുവില്‍ പറയേണ്ട ഈ തീര്‍പ്പ് ആദ്യമേ പറഞ്ഞത് കണ്‍മുന്നില്‍ സംഭവിച്ചുകഴിഞ്ഞ വികാസങ്ങളെക്കുറിച്ച് നമുക്കിനി പുതുതായൊന്നും പറയേണ്ടതില്ല എന്ന ഉറപ്പുകൊണ്ടാണ്. സംഭവിച്ചതെന്ത് എന്ന് നാം ഓര്‍ത്തുവെക്കണം എന്നേയുള്ളൂ.
അതിനാല്‍ നിങ്ങള്‍ക്ക് സുപരിചിതമായ റാഫേലിനെ ഒന്നുകൂടി ഓര്‍മിക്കാം. നമ്മള്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ റാഫേല്‍ ഒരു പ്രതിരോധ ഇടപാടാണ്. വിദേശ രാജ്യവുമായി ആയുധങ്ങള്‍ സംബന്ധിച്ച് ഉണ്ടാക്കുന്ന കരാര്‍. പ്രതിരോധ കരാറുകള്‍ സാധാരണ വാണിജ്യ കരാറുകളില്‍ നിന്ന് വ്യത്യസ്തമാണല്ലോ? എന്തെന്നാല്‍ പ്രതിരോധമെന്നത് വലിയ തോതില്‍ രഹസ്യാത്മകമായ ഒന്നാണ്. പാര്‍ലമെന്റില്‍ പോലും പറയേണ്ടാത്ത വലിയ രഹസ്യങ്ങള്‍ പ്രതിരോധ സംവിധാനത്തിനുണ്ട്. വാര്‍ പൊട്ടന്‍ഷ്യലുള്ള രാജ്യങ്ങള്‍ക്ക് അത്തരം രഹസ്യങ്ങള്‍ അനിവാര്യവുമാണ്. ഇന്ത്യ ഒരു യുദ്ധസാധ്യതാ രാജ്യമാണോ എന്ന് ചോദിക്കാം. അങ്ങനെയല്ല എന്ന് സ്ഥാപിക്കാന്‍ നമ്മള്‍ മുന്‍കൈ എടുക്കാത്തതിനാലും യുദ്ധം എന്നത് പലപ്പോഴും ഒരു ആഭ്യന്തര രാഷ്ട്രീയ ആവശ്യംകൂടി ആയതിനാലും ഇപ്പോള്‍ അങ്ങനെ മനസിലാക്കാന്‍; അതായത് ഇന്ത്യ ഒരു യുദ്ധസാധ്യതാ രാജ്യമാണെന്ന് മനസിലാക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അതവിടെ നില്‍ക്കട്ടെ.

2007 ആണ് കാലം. എ.കെ. ആന്റണി പ്രതിരോധമന്ത്രി. ഇന്ത്യന്‍ വ്യോമസേനക്ക് യുദ്ധവിമാനങ്ങളുടെ കാര്യത്തില്‍ കമ്മി ഉണ്ടെന്ന് പരാതി ലഭിക്കുന്നു. എസ്.പി ത്യാഗി വ്യോമസേനാ മേധാവി ആയിരിക്കുമ്പോള്‍ മുതല്‍ ഉള്ള പരാതിയാണ്. 126 വിമാനങ്ങള്‍ വാങ്ങാന്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ തീരുമാനിക്കുന്നു. അതിനുള്ള ആദ്യനടപടി സുതാര്യമായ ടെണ്ടര്‍ ആണ്. ആഗോള ടെണ്ടര്‍ വിളിക്കുന്നു. നടപടിക്രമങ്ങള്‍ പതിവ് പോലെ നീണ്ടുപോയി. ഏറ്റവും കുറഞ്ഞ ടെണ്ടര്‍ നല്‍കിയത് ഫ്രഞ്ച് കമ്പനിയായ ഡെസോള്‍ട്ട് ആണ്. 2012-ല്‍ അവര്‍ക്ക് കരാര്‍ നല്‍കി. 126 പോര്‍ വിമാനങ്ങളും അതിന്റെ സാങ്കേതികവിദ്യയും 54000 കോടി രൂപക്ക്. സാങ്കേതികവിദ്യ എന്നത് ചില്ലറക്കാര്യമല്ല. അത് കിട്ടിയാല്‍ ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനത്തിന്, എച്ച്. എ.എല്ലിന് ബാക്കി വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാം. കരാറുമായി ഡെസോള്‍ട്ട് മുന്നോട്ട് പോയി. 90 ശതമാനത്തിന് മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെന്ന് ഡെസോള്‍ട്ട്. അതങ്ങനെ തുടര്‍ന്നു.

2014-ല്‍ ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നു. 1984-ലെ കോണ്‍ഗ്രസ് വിജയത്തെ അനുസ്മരിപ്പിക്കുന്ന മിന്നും വിജയം. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി. ദേശസ്‌നേഹം, ദേശ സുരക്ഷ എന്നീ പ്രമേയങ്ങള്‍ ഹിന്ദുത്വയില്‍ ആസൂത്രിതമായി ലയിപ്പിച്ചെടുത്ത പ്രചാരണത്തിനൊടുവിലെ തിരഞ്ഞെടുപ്പ് വിജയം. 2014 അവസാനിക്കുമ്പോഴേക്കും ആ വിജയത്തിലെ കോര്‍പറേറ്റ് ആസൂത്രണങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നു. അതത്ര ഭീകര കുറ്റമൊന്നുമല്ല. ലോകത്ത് മൂലധനശക്തികള്‍ എല്ലായ്‌പ്പോഴും നടത്തുന്ന ഇടപെടല്‍. ഇന്ത്യയില്‍ പക്ഷേ, കുറേക്കൂടി കടന്ന് തിരഞ്ഞെടുപ്പിനെ സമ്പൂര്‍ണമായി നിയന്ത്രിക്കുന്ന തലത്തിലേക്ക് അത് വളര്‍ന്നിരുന്നു എന്ന് മാത്രം. 2015-ല്‍ നരേന്ദ്രമോഡി ഫ്രാന്‍സിലെത്തുന്നു. യു.പി.എ ഏര്‍പ്പെട്ട കരാര്‍ മാറ്റുന്നു. എങ്ങനെയാണ് മാറ്റിയത്? 126 വിമാനങ്ങള്‍ 54000 കോടി രൂപക്ക് എന്ന കാതലായ വ്യവസ്ഥ മാറ്റുന്നു. സാങ്കേതിക വിദ്യാ കൈമാറ്റം എന്ന ഇന്ത്യന്‍ ദേശസുരക്ഷയെ സംബന്ധിച്ച് അതിപ്രധാനമായ വ്യവസ്ഥ മാറ്റുന്നു. പകരം 36 വിമാനങ്ങള്‍. സാങ്കേതികവിദ്യ കൈമാറണ്ട. അപ്പോഴേക്കും അക്ഷരാര്‍ഥത്തില്‍ പാപ്പരായിരുന്ന അനില്‍ അംബാനിയുടെ കമ്പനി ഇടയില്‍ വരുന്നു. ശ്രദ്ധിക്കണം മുകേഷ് അംബാനിയുടെയല്ല; അനില്‍ അംബാനിയുടെ. വിമാനം പോയിട്ട് ഓട്ടോറിക്ഷ പോലും ഉണ്ടാക്കിയതായി ചരിത്രത്തിലില്ലാത്ത കമ്പനി ഇന്ത്യക്ക് യുദ്ധവിമാനമുണ്ടാക്കാനുള്ള കരാറില്‍ എത്തുന്നു. ലാഭമുണ്ടാക്കുന്നു.

വിവാദം കൊഴുക്കുന്നു. എന്‍.ഡി.എ യുടെ രാപ്പനി അസ്സലായി അറിയാവുന്ന അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ക്കൊപ്പം നിയമേതിഹാസം പ്രശാന്ത് ഭൂഷണ്‍ കൂടി രംഗത്തുവരുന്നു. റാഫേല്‍ കോടതി കയറുന്നു. റാഫേലില്‍ കള്ളച്ചൂതുണ്ടെന്ന് ഇതേ സംഘം സി.ബി.ഐയെ രേഖാമൂലം അറിയിച്ചത് നമ്മള്‍ കണ്ടു. മോഡി പരിഭ്രാന്തനായി. സി.ബി.ഐ ഓടിച്ചിട്ട് വെട്ടി. റാഫേലില്‍ എന്ത് നടന്നുവെന്ന് സമഗ്രമായി ചര്‍ച്ചചെയ്ത ദ വയര്‍ എന്ന പോര്‍ട്ടലിനെതിരെ അംബാനി കലിതുള്ളി. കേന്ദ്രം പലവഴിയില്‍ കലി പുറത്തെടുത്തു. സുപ്രീം കോടതിയില്‍ കേസെത്തി. കേസെടുത്തു. അപ്പോഴേക്കും നമുക്കറിയാം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞിരുന്നു.

രാഷ്ട്രീയമായി പ്രതിസന്ധിയിലായ മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയിലെ റാഫേല്‍ നടപടികളിലേക്ക് കണ്ണും കാതുമയച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ്. കരാറില്‍ അസ്വാഭാവികത ഇല്ലെന്ന് കണ്ടെത്തല്‍. തിരഞ്ഞെടുപ്പ് ഫലം ശോകമൂകമാക്കിയ ബി.ജെ.പി ആസ്ഥാനത്ത് പടക്കം പൊട്ടി. ആരോപണത്തില്‍ ഒരന്വേഷണവും വേണ്ടെന്നായിരുന്നു വിധി. ഇതില്‍പരം കേന്ദ്രസര്‍ക്കാരിന് ഒരു പിടിവള്ളി വേറെന്ത്? രാഹുല്‍ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണം എന്ന ഇണ്ടാസും പൊട്ടിച്ചു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ഒറ്റനോട്ടത്തില്‍ സുപ്രീംകോടതി വിധിയില്‍ തെറ്റില്ല. കാരണം പ്രതിരോധമായാലും എന്തായാലും എന്ത് കരാറുകള്‍ ഉണ്ടാക്കണം എന്ന് തീരുമാനിക്കുന്നത് അതാത് കാലത്തെ സര്‍ക്കാറാണ്. അതിനുള്ളത് കൂടിയാണ് അവര്‍ക്ക് ലഭിച്ച ജനവിധി. യു.പി.എയുടെ കരാര്‍ വേണ്ട എന്നുവെക്കാന്‍ ബി.ജെ.പിക്ക് സര്‍വഥാ അധികാരമുണ്ട്. പുതിയ കരാറുണ്ടാക്കാനും അധികാരമുണ്ട്. അതിലൊന്നും ഇടപെടാന്‍ കോടതിക്ക് അധികാരവുമില്ല. അതെല്ലാം നാട്ടുനടപ്പാണ്. പിന്നെ എപ്പോഴാണ് ഇടപെടാന്‍ കഴിയുക? നമ്മള്‍ ഈ ലേഖനത്തിന്റെ പടിക്കല്‍ തൂക്കിയ ആ വകുപ്പുണ്ടല്ലോ.? അഴിമതി നിരോധന വകുപ്പ്. അമ്മാതിരി എന്തെങ്കിലും ഉണ്ടെങ്കില്‍ ഇടപെടാം.

പക്ഷേ, അഴിമതി ഉണ്ടെന്ന് ആരാണ് കണ്ടെത്തേണ്ടത്? മാധ്യമങ്ങളോ പ്രതിപക്ഷമോ അല്ല. അതിന് ഇന്ത്യയില്‍ ഒരു സംവിധാനമുണ്ട്. സി. എ. ജി യും പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയും. സര്‍ക്കാര്‍ വകുപ്പുകളുടെ കണക്കുകള്‍ നോക്കി ഓഡിറ്റ് നടത്തി ക്രമക്കേടോ പിഴവുകളോ ഉണ്ടെങ്കില്‍ അവര്‍ കണ്ടെത്തും. സി.എ.ജി പരിശോധന നടത്തി തയാറാക്കുന്ന കരട് പരിശോധനക്ക് വിധേയമായ വകുപ്പുകള്‍ക്ക് അയക്കും. അവരുടെ മറുപടി വാങ്ങും. അതും കൂടി പരിഗണിച്ചാണ് സി.എ.ജി റിപ്പോര്‍ട്ട് ഉണ്ടാക്കുക. ഈ റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. ഈ കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രതിപക്ഷത്ത് നിന്നാണ്. ഇപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സി.എ.ജി റിപ്പോര്‍ട്ട് പരിശോധിക്കേണ്ട പണിയാണ് ഈ കമ്മിറ്റിയുടേത്. പ്രതിപക്ഷത്ത് നിന്ന് ഒരാള്‍ അധ്യക്ഷനാവുക എന്നത് ജനാധിപത്യത്തിന്റെ രാഷ്ട്രീയ സൗന്ദര്യവുമാണ്. കള്ളന് കഞ്ഞി വെക്കല്‍ ഉണ്ടാവില്ലല്ലോ?

ഇനി സുപ്രീം കോടതി വിധിയിലെ ഈ ഭാഗം കേള്‍ക്കുക; ‘The pricing details have, however, been shared with the Comtproller and Auditor General and the report of the CAG has been examined by the Public Accounts Committee Only a redacted portion of the report was placed before the Parliament, and is in public domain.’ റാഫേല്‍ ഇടപാടിലെ സാമ്പത്തിക കാര്യങ്ങള്‍; അതായത് വില; അതായത് 54000 കോടിക്ക് 126 വിമാനങ്ങളും സാങ്കേതിക വിദ്യയും എന്ന നിലയില്‍ നിന്ന് അതിലും കൂടിയ തുകക്ക് 36 വിമാനങ്ങള്‍ മാത്രം എന്നും മാറ്റിയതില്‍ ക്രമക്കേടുണ്ടോ എന്ന്, സി.എ.ജി യും കോണ്‍ഗ്രസ് നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും പരിശോധിച്ചു എന്ന്. ആ പരിശോധനാ ഫലം പാര്‍ലമെന്റില്‍ വെച്ചിട്ടുണ്ട് എന്ന്. കോടതി ഇതെങ്ങനെ അറിഞ്ഞുവെന്നോ? സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ അങ്ങനെയുണ്ടെന്ന്.

പച്ചക്കള്ളം! നൂറ്റി ഇരുപത്തഞ്ചില്‍പരം കോടി ജനങ്ങളോട് അവരുടെ സര്‍ക്കാര്‍ ചെയ്ത കൊടും കളവ്. പാര്‍ലമെന്റിനെക്കുറിച്ച് പരമോന്നത കോടതിയോട് കളവ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചു. കാരണം അങ്ങനെ ഒന്ന് സംഭവിച്ചിട്ടില്ല. കേള്‍ക്കൂ. റാഫേല്‍ അഴിമതിയുടെ മര്‍മം വിമാനങ്ങളോ പണമോ അംബാനിയോ അല്ല. സര്‍ക്കാര്‍ പാര്‍ലമെന്റിനെക്കുറിച്ച് കോടതിയോട് കള്ളം പറഞ്ഞു എന്നതാണ്. സി.എ.ജി പരിശോധിച്ചിട്ടുണ്ട് എന്നതിനാല്‍ ഞങ്ങള്‍ ഒന്നും പറയുന്നില്ല എന്നാണ് കോടതി പറഞ്ഞത്. സി.എ.ജി പരിശോധിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ പറഞ്ഞേനെ എന്നും അര്‍ഥമുണ്ട്.

കോടതിയെ കബളിപ്പിച്ചു എന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല. കോടതി പരിഗണിക്കാതെ പോയ ഒമ്പത് കാര്യങ്ങള്‍ ‘ദ വയര്‍’ അക്കമിട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ ഒമ്പത് കാര്യങ്ങളിലേക്കും നോക്കുന്നതില്‍നിന്ന് സുപ്രീം കോടതിയെ പിന്തിരിപ്പിച്ച പ്രധാന ശക്തി സര്‍ക്കാര്‍ പറഞ്ഞ കള്ളമാണ്. പാര്‍ലമെന്റ് കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട് എന്ന പച്ചക്കള്ളം.
126 പോര്‍ വിമാനങ്ങളും സാങ്കേതികവിദ്യയും 54000 കോടി രൂപക്ക് എന്ന കരാര്‍ എങ്ങനെ 36 വിമാനങ്ങള്‍ മാത്രം 59262 കോടി രൂപക്ക് എന്ന നിലയിലേക്ക് മാറി എന്ന് കോടതി പരിശോധിച്ചില്ല. എന്താ കാരണം? സി.എ.ജി റിപ്പോര്‍ട്ടും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയും സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

വിമാനങ്ങളുടെ എണ്ണം 126-ല്‍ നിന്ന് ഒറ്റയടിക്ക് 36 ആയി മാറിയതെങ്ങനെ എന്ന് പക്ഷേ, കോടതിക്ക് ചോദിക്കാമായിരുന്നു. അതുണ്ടായില്ല. വിദേശ കരാര്‍ ഉണ്ടാക്കുമ്പോള്‍ ഒരു സോവറിന്‍ ഗാരണ്ടി അനിവാര്യമാണ്. കരാര്‍ പാലിക്കുന്നതിന് കക്ഷിരാജ്യങ്ങളെ ബാധ്യതപ്പെടുത്തുന്ന സംഗതിയാണത്. മോഡി സര്‍ക്കാര്‍ അത് ചെയ്തില്ല. രാജ്യത്തിന്റെ പരമാധികാര സ്വഭാവത്തെ അടിയറവെക്കുന്ന ഒന്നാണ് ഈ വീഴ്ച. ആ വീഴ്ച മനപൂര്‍വമാണെന്നും റിലയന്‍സിനെ, അനില്‍ അംബാനിയെ തിരുകി കയറ്റാനുള്ള തിടുക്കമാണെന്നും ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ കുറ്റം പറയുക സാധ്യമല്ല. പക്ഷേ, സുപ്രീം കോടതി അക്കാര്യം പരാമര്‍ശിച്ചിട്ടില്ല. അനില്‍ അംബാനിക്ക് വേണ്ടി മോഡി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി എന്ന ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്‍ഡിന്റെ പ്രസ്താവനയും കോടതി മുഖവിലക്കെടുത്തില്ല. വിവാദമൂല്യം മാത്രം കല്‍പിച്ച് ഒരു മുന്‍രാഷ്ട്രത്തലവന്റെ വാക്കുകളെ അവഗണിച്ചു. മുകേഷ് അംബാനിയും അനില്‍ അംബാനിയും രണ്ട് വ്യാപാര വ്യക്തിത്വങ്ങള്‍ ആണെന്ന സുപരിചിത വസ്തുതയെ കോടതി കണക്കിലെടുത്തില്ല എന്നും കാണാം. ഇങ്ങനെ ഇന്ത്യന്‍ സ്വതന്ത്ര മാധ്യമങ്ങള്‍ അക്കമിട്ട് തുറന്നുകാട്ടുന്നുണ്ട് ഓരോ കള്ളക്കളികളും.
ഫാഷിസ്റ്റുകളുടെ ദേശസ്‌നേഹമെന്നത് കോര്‍പറേറ്റുകള്‍ക്കുള്ള വിപണിയൊരുക്കല്‍ മാത്രമാണെന്ന് ഇനി പറയേണ്ടതില്ല. ഫാഷിസം അടിസ്ഥാനപരമായി കോര്‍പറേറ്റിസത്തിന്റെ ഭരണകൂടരൂപമാണ്. അതിനാല്‍ ജനാധിപത്യം എന്നത് ഫാഷിസ്റ്റുകള്‍ക്ക് വാചകമടിക്കാനുള്ള ഇടത്താവളം മാത്രമാണ്. അവര്‍ ജനാധിപത്യം എന്ന് പറയുമ്പോള്‍ നമ്മള്‍ ജനാധിപത്യമെന്നാണ് കേള്‍ക്കുന്നതെങ്കില്‍ കേള്‍വിയെ അരിച്ചെടുക്കാനുള്ള കഴിവ് നഷ്ടമായി എന്ന് കരുതണം. അതിനാല്‍ റാഫേല്‍ എന്നത് ഒരു പുതുമയല്ല. ആവര്‍ത്തിക്കാനിരിക്കുന്ന ഒന്നാണ്.
പക്ഷേ, അവര്‍ ഫാഷിസ്റ്റുകളാണെങ്കിലും ഇന്ത്യ ഫാഷിസ്റ്റ് രാജ്യമല്ല. അവരുടേത് കോര്‍പറേറ്റിസമാണെങ്കിലും ഇന്ത്യന്‍ ഭരണഘടനയുടെ പേര് വെല്‍ത്ത് ഓഫ് നേഷനെന്നോ മെയിന്‍ കാംഫ് എന്നോ അല്ല. അതിനാല്‍ നമുക്ക് ഈ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാവില്ല. അവര്‍ ഉത്തരം പറയാതെ ഒഴിഞ്ഞേക്കാം. അങ്ങനെ ഒഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളില്‍ അവര്‍ തൂത്തെറിയപ്പെട്ടത് അവരെങ്കിലും മറക്കില്ല.

അവസാനിപ്പിക്കും മുമ്പ് രാജീവ് ഗാന്ധിയെ ഓര്‍ക്കാം. അഴിമതി നിരോധന നിയമം കൊണ്ടുവന്ന ഇളമുറ ഗാന്ധിയെ. ബൊഫോഴ്‌സ് ഒരു പ്രതിരോധ അഴിമതി ആയിരുന്നു. ബൊഫോഴ്‌സിന് ശേഷം രാജീവ് തിരിച്ച് വന്നില്ല. കോണ്‍ഗ്രസ് നേരെ നിന്നതുമില്ല.

കെ കെ ജോഷി

You must be logged in to post a comment Login