ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ ഹിന്ദുത്വ പകര്‍ച്ചകള്‍

‘നീതിന്യായ ഭീകരത’ (Judicial Terrorism) എന്ന പ്രയോഗത്തോട് വിയോജിപ്പുള്ളവര്‍ ഉണ്ടാവാമെങ്കിലും യശ്ശശരീരനായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ ജുഡീഷ്യറി അകപ്പെട്ട പ്രതിസന്ധി പ്രതിപാദിക്കുന്നിടത്ത് അതിരുവിടുന്ന ന്യായാധിപന്മാരോടുള്ള രോഷം പ്രകടിപ്പിക്കാന്‍ അത്തരമൊരു വിശേഷണം പ്രയോഗിക്കുന്നുണ്ട്. രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കാന്‍ ശ്രമിക്കുന്ന നിയമപാലകരെയും ഭരണകൂട വിചാരഗതി സ്വാംശീകരിക്കുന്നതിന് അരുതായ്മകള്‍ നീന്തിക്കടക്കുന്ന ന്യായാധിപന്മാരെയും ‘ജുഡീഷ്യല്‍ ടെററിസത്തിന്റെ’ വക്താക്കളായാണ് കൃഷ്ണയ്യര്‍ എണ്ണുന്നത്. ഭരണഘടനക്ക് ജൈവികമായ ഒരു സ്വഭാവവിശേഷമുണ്ടെന്നും ഒരു ‘പുരോഗമന സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനാവശ്യമായ തരത്തില്‍ അത് വ്യാഖ്യാനിക്കണമെന്നു’മുള്ള ഒലീവര്‍ ഹോംസിന്റെ ഉപദേശം പ്രഗത്ഭ നിയമജ്ഞനും നിയമകമ്മീഷന്റെ പ്രഥമ ചെയര്‍മാനുമായ എം.സി. സെതവല്‍വാദ് ന്യായാധിപസമൂഹത്തെ എപ്പോഴും ഓര്‍മപ്പെടുത്താറുണ്ട്. മതേതരത്വത്തിന് ഭരണഘടന നിര്‍വചനം നല്‍കാത്ത സ്ഥിതിക്ക്, ഒരു മതത്തോടും മമതയോ പകയോ വിധേയത്വമോ കാണിക്കാതെ, ബഹുസ്വരസമൂഹത്തിലെ വൈവിധ്യമാര്‍ന്ന സംസ്‌കൃതികളെ മാനിച്ചുകൊണ്ടുള്ള തീര്‍പ്പുകളും ഉത്തരവുകളുമാണ് ന്യായാസനങ്ങളില്‍നിന്ന് നിഷ്പക്ഷമതികള്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ, നമ്മുടെ കാലഘട്ടത്തിലെ ഏതെങ്കിലും രാഷ്ട്രീയ ചിന്താധാരയോട് താദാത്മ്യം പ്രാപിച്ച് അവയുടെ പ്രചാരകരും പ്രയോക്താക്കളുമായി മാറുന്നത് ജുഡീഷ്യറിക്ക് യോജിച്ചതല്ല. പരിധി ലംഘിച്ചുള്ള നിരീക്ഷണങ്ങളും ഭരണകൂടത്തിന്റെ പ്രതിലോമചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായപ്രകടനങ്ങളും നീതിപീഠത്തില്‍നിന്ന് ഉണ്ടാകുമ്പോള്‍ തകരുന്നത് ജുഡീഷ്യറിക്ക് ഉണ്ടെന്ന് നാം വിശ്വസിക്കുന്ന നിഷ്പക്ഷതയും നീതിബോധവും സത്യസന്ധതയുമാണ്. മേഘാലയ ഹൈകോടതി ജഡ്ജി ജസ്റ്റിസ് സുധീപ് രഞ്ജന്‍ സെന്‍ കഴിഞ്ഞ ദിവസം തയാറാക്കിയ ഒരു വിധിന്യായം ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ തന്നെ ഒരു കളങ്കമായി രേഖപ്പെടുത്തുന്നത് അതുകൊണ്ടാണ്.

അമോണ്‍ റാണ എന്ന സൈനികന് താമസസര്‍ട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നല്‍കിയ അപ്പീലില്‍ മൂന്നുദിവസത്തിനകം തീര്‍പ്പുകല്‍പിച്ചുകൊണ്ട് നടത്തിയ വിധിപ്രസ്താവം മാധ്യമങ്ങളില്‍ സവിശേഷ ഇടം പിടിച്ചത് ജസ്റ്റിസ് സെന്‍ നടത്തിയ അനാവശ്യവും വിവേകശൂന്യവും തീര്‍ത്തും പ്രതിലോമപരവുമായ നിരീക്ഷണങ്ങള്‍ കൊണ്ടാണ്. ഒരു ന്യായാധിപന്റെ ഭാഗത്തുനിന്ന് ഒരിക്കലും രാജ്യം പ്രതീക്ഷിക്കാത്ത വെള്ളം ചേര്‍ക്കാത്ത വര്‍ഗീയതയും ആര്‍.എസ്.എസ് പോലും പരസ്യമായി പറയാന്‍ ധൈര്യപ്പെടാത്ത വിചിത്രവാദങ്ങളുമാണ് വിധിന്യായത്തിലൂടനീളം കുത്തിനിറച്ചിരിക്കുന്നത്. ഈ വിധി കേന്ദ്രസര്‍ക്കാര്‍ അതിന്റെ ചരിത്ര പശ്ചത്താത്തലത്തില്‍ ഗൗരവമായി കാണുമെന്നും ഈ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുമെന്നുമുള്ള പ്രതീക്ഷയോടെയാണ് വിധിന്യായം അവസാനിപ്പിക്കുന്നത്. ഇന്ത്യയെ ഒരു ഇസ്‌ലാമിക രാജ്യമാക്കാന്‍ ആരും ശ്രമിക്കരുതെന്നും മറിച്ച് സംഭവിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തിനും ലോകത്തിനും അത് അന്ത്യദിനമായിരിക്കുമെന്നുമാണ് ഈ ന്യായാധിപന് പറയാനുള്ളത്. ”നരേന്ദ്രമോഡിജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനു മാത്രമേ വിഷയത്തിന്റെ ഗൗരവം മനസിലാക്കാനും അത് തടയാന്‍ വേണ്ടത് ചെയ്യാന്‍ കഴിയുകയുള്ളൂവെന്നും എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ മുഖ്യമന്ത്രി മമത ബാനര്‍ജി എല്ലാ തരത്തിലുള്ള ദേശീയ പിന്തുണയും നല്‍കുമെന്ന് എനിക്കു പ്രതീക്ഷയുണ്ട്”. ഇന്ത്യന്‍ ഭരണഘടനയെയും നിയമത്തെയും എതിര്‍ക്കുന്നവരെ ഈ രാജ്യത്തെ പൗരന്മാരായി പരിഗണിക്കാന്‍ സാധ്യമല്ല. പാകിസ്താന്‍, ബംഗ്ലാദേശ് , അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നു വരുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനമതക്കാര്‍, പാര്‍സികള്‍, ക്രിസ്ത്യാനികള്‍, ഖാസികള്‍, ഗരോസ് എന്നിവര്‍ക്ക് ഒരുതരത്തിലുള്ള സാക്ഷ്യപത്രവും കൂടാതെ പൗരത്വം നല്‍കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നാണ് ഈ ന്യായാധിപന്റെ ആവശ്യം. എത്രയും വേഗം ഇങ്ങനെയൊരു നിയമനിര്‍മാണം സാധ്യമാക്കുന്നതിനു വേണ്ടി വിധിയുടെ കോപ്പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിയമമന്ത്രിക്കും എത്തിച്ചുകൊടുക്കാന്‍ ജസ്റ്റിസ് സെന്‍ അഡി. സോളിസിറ്റര്‍ ജനറല്‍, എ. പോളിനോട് പ്രത്യേകം ഉണര്‍ത്തുന്നുണ്ട്.

വിഭജനത്തിന്റെ കഥ പറഞ്ഞ് ആര്‍.എസ്.എസ് പാതയിലൂടെ
അതിര്‍ത്തി സംസ്ഥാനങ്ങളായ മേഘാലയയിലും അസമിലും താമസ സര്‍ട്ടിഫിക്കറ്റും (ഡൊമൈസില്‍ സര്‍ട്ടിഫിക്കറ്റ് ) സ്ഥിരം താമസ സര്‍ട്ടിഫിക്കറ്റും (പെര്‍മെനന്റ് റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് ) കിട്ടാനുള്ള പ്രയാസങ്ങള്‍ വിവരിക്കവെ, വിഷയത്തിന്റെ വിവിധ വശങ്ങള്‍ ഗ്രഹിക്കണമെങ്കില്‍ യഥാര്‍ത്ഥ ഇന്ത്യയെ കുറിച്ചും വിഭജനത്തെ കുറിച്ചും പ്രതിപാദിക്കേണ്ടതുണ്ട് എന്നുപറഞ്ഞ്, ജസ്റ്റിസ് സെന്‍ കാട് കയറുന്നത് ആര്‍.എസ്.എസിന്റെ അഖണ്ഡഭാരത സിദ്ധാന്തത്തിലേക്കാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ കുറിച്ചുള്ള സങ്കല്‍പം പോലും ഉണ്ടായിരുന്നില്ല. ഹിന്ദുരാജാക്കന്മാര്‍ ഭരിച്ച ഈ രാജ്യങ്ങള്‍ ഇന്ത്യ എന്ന ഒരൊറ്റ രാജ്യമായിരുന്നു. പിന്നീട് മുഗിളന്മാര്‍ വന്ന് വിവിധ ഭാഗങ്ങള്‍ പിടിച്ചെടുക്കുകയും ഏറെ നാള്‍ ഭരിക്കുകയും ആയുധബലം കൊണ്ട് മതംമാറ്റുകയും ചെയ്തു. അതിനു ശേഷം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരില്‍ ബ്രിട്ടീഷുകാര്‍ ഇവിടെ വന്ന് ഭരിക്കുകയും ഇന്ത്യക്കാരെ പീഡിപ്പിക്കുകയും ചെയ്തു. എല്ലാറ്റിനുമൊടുവില്‍ 1947ല്‍ മതത്തിന്റെ പേരില്‍ ഇന്ത്യ വിഭജിക്കപ്പെട്ടു. വിഭജനവേളയില്‍ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും കൊല ചെയ്യപ്പെടുകയും ബലാല്‍സംഗത്തിനിരയാവുകയും അവരുടെ പിതൃഭൂമിയില്‍നിന്ന് പുറന്തള്ളപ്പെടുകയും ചെയ്തു. അതിനു ശേഷം അന്തസോടെ ജീവിക്കാനുള്ള ആഗ്രഹവുമായി ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാകിസ്താന്‍ ഇസ്‌ലാമികരാഷ്ട്രമായി സ്വയം പ്രഖ്യാപിച്ചു. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടത് കൊണ്ട് ഇന്ത്യ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നു; പക്ഷേ, മതേതര രാജ്യമായി നിലകൊള്ളുകയാണ് ചെയ്തത്. ഇപ്പോഴും പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ ഹിന്ദുക്കളും സിഖുകാരും ബുദ്ധമതക്കാരും ജൈനരുമെല്ലാം കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുന്നുണ്ട്. അവര്‍ക്ക് പോകാന്‍ ഒരു ഇടമില്ല. വിഭജനകാലത്ത് ഇന്ത്യയില്‍ അഭയം തേടിയവരെ വിദേശികളായാണ് കണക്കാക്കുന്നത്. എന്റെ അഭിപ്രായത്തില്‍ അത് യുക്തിരഹിതവും നിയമവിരുദ്ധവും സാമാന്യനീതിക്കു നിരക്കാത്തതുമാണ്. ഇപ്പോഴത്തെ മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയി എഴുതിയ ‘പിഴുതെറിയപ്പെട്ട എന്റെ ജനത: കിഴക്കന്‍ പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള കൂട്ടപലായനം’ ( My Poeople Uprooted: The Exodus of Hindus from East Pakistan and Bangladesh) എന്ന പുസ്തകം ഞാന്‍ വായിച്ചു. അതുപോലെ എഡ്മണ്ട് കോളജ് പ്രഫസര്‍, ഡോ. ദിലീപ് ലാഹിരി എഴുതിയ ‘നിര്‍ബഷിത ശ്രീഭൂമി 1, സുന്ദോരി ശ്രീഭൂമി ശ്രീഹോട്ടോ 11 ഉം മറ്റു ചരിത്രപ്രമാണങ്ങളും വായിച്ചുനോക്കി. ഇവയെല്ലാം വായിച്ചുതീര്‍ത്തപ്പോള്‍ എന്റെ ഉള്ളകം നീറിപ്പുകഞ്ഞു; സാമാന്യജനത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നില്ലെങ്കില്‍ എന്റെ കര്‍ത്തവ്യം നിറവേറ്റുന്നതില്‍ പരാജയപ്പെടുമെന്ന് എനിക്കു തോന്നി ജസ്റ്റിസ് സെന്‍ പറയുന്നു.
റോയിയുടെ ‘എന്റെ ജനതയെ’ കുറിച്ചുള്ള പുസ്തകത്തില്‍ പാകിസ്താനിലും ബംഗ്ലാദേശിലും അങ്ങേയറ്റം പരിതാപകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഹിന്ദുക്കളെയും സിഖുകാരെയും കുറിച്ചുള്ള ഭാഗങ്ങള്‍ വിധിന്യായത്തില്‍ ജസ്റ്റിസ് സെന്‍ അപ്പടി പകര്‍ത്തിവെച്ചിട്ടുണ്ട്. മുസ്‌ലിം ഭൂരിപക്ഷ അയല്‍രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ കടുത്ത പീഡനങ്ങള്‍ക്ക് ഇരയാവുകയാണെന്ന് വിഭജനം തൊട്ട് സംഘ്പരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രചാരണങ്ങള്‍ കൂടുതല്‍ ബീഭല്‍സതയോടെ അവതരിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. പൗരാണിക കാലം മുതല്‍ക്കേ അസം ഇന്ത്യയുടെ ഭാഗമായിരുന്നുവത്രെ. അസമിലെ സില്‍ഹട്ട് ജില്ല അസാധാരണമായ ഒരു ജനഹിതപരിശോധനക്ക് വിധേയമാവുകയും നാല് ജില്ലകളൊഴികെ പാകിസ്താന്റെ ഭാഗമാവുകയും ചെയ്തതോടെയാണ് ബംഗാളി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളുടെ കഷ്ടകാലം തുടങ്ങിയത്. കഠിനമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ കിഴക്കന്‍ പാകിസ്താനില്‍നിന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഹിന്ദുക്കളുടെ ദുരവസ്ഥ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടിനു ശേഷവും തുടരുകയാണ്. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ നടത്തപ്പെടുന്ന ഹോളോകാസ്റ്റായി (വംശഹത്യ ) പരിണമിക്കുകയാണെന്ന് റോയിയുടെ പുസ്തകത്തിലെ വരികള്‍ മഹദ്വചനമായി ജസ്റ്റിസ് സെന്‍ എടുത്തുദ്ധരിക്കുന്നുണ്ട്.
1971ല്‍ ബംഗ്ലാദേശിന്റെ രൂപീകരണത്തോടെയും 1992 ഡിസംബര്‍ ആറിലെ ബാബരി ധ്വംസനത്തോടെയും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര ക്രൂരതകള്‍ ഹൈന്ദവ സമൂഹത്തിനെതിരെ അഴിച്ചുവിട്ടതായി ഈ ന്യായാധിപന്‍ ആരോപിക്കുന്നു. കണ്ണും കാതും തുറന്നുവെച്ച ലോകക്രമത്തില്‍ ഒരു മനുഷ്യാവകാശപ്രവര്‍ത്തകനോ സംഘടനയോ തൊട്ടുകാണിക്കാത്ത ഈ ക്രൂരതകളുടെ കഥ ഈ ന്യായാധിപനു എവിടെനിന്നു കിട്ടി എന്ന് ചോദിക്കരുത്. ആര്‍.എസ്.എസ് ‘ശാഖകളിലൂടെ ‘ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഹൈന്ദവ പീഡന വ്യാജ കഥകളുടെ ഒരു മാതൃകയാണ് നീതിപീഠം അണ്ണാക്ക് തൊടാതെ വിഴുങ്ങുകയും രാജ്യത്തിന്റെ മുന്നില്‍ ഛര്‍ദിക്കുകയും ചെയ്യുന്നത്. രണ്ടാം ലോകയുദ്ധകാലഘട്ടത്തില്‍ യഹൂദസമൂഹത്തിനെതിരെ നടന്ന ഹോളോകാസ്റ്റ് നിരവധി പുസ്തകങ്ങളിലും ‘ഷിേന്റഴ്‌സ് ലിസ്റ്റ്’ പോലുള്ള സിനിമകളിലും വിപുലമായ തോതില്‍ ഡോകുമെന്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കിഴക്കന്‍ പാകിസ്താനിലെ ഹിന്ദുക്കളുടെ കാര്യത്തില്‍ ഒന്നുമുണ്ടായില്ല എന്ന് രാഷ്ട്രീയക്കാരന്റെ വേഷമിട്ട ഈ ന്യായാധിപന്‍ തട്ടിവിടുകയാണ്.

മുന്‍ ത്രിപുര ഗവര്‍ണര്‍ കൂടിയായ തഥാഗത് റായ് കടുത്ത മുസ്‌ലിംവിരോധിയും ഹിന്ദുത്വ ആശയങ്ങളുടെ അറിയപ്പെടുന്ന പ്രചാരകനുമാണ്. അതുകൊണ്ട് പലവട്ടം അദ്ദേഹത്തിന്റെ വാക്കുകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ശബ്ദമലിനീകരണത്തിനായുള്ള നടപടികളെ അദ്ദേഹം ചെയ്തത് അഞ്ചുനേരം ഉയരുന്ന വാങ്കുവിളി ചോദ്യം ചെയ്താണ്. മുംബൈ ഭീകരാക്രമണത്തില്‍ ഹിന്ദുക്കള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും മുസ്‌ലിംകളാരും ഇരകളിലില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തത് വിവാദമാവുകയുണ്ടായി. നിരവധി മുസ്‌ലിംകള്‍ക്ക് ആ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു എന്ന് ഉടന്‍ ചൂണ്ടിക്കാണിപ്പോള്‍ ക്ഷമാപണം നടത്തേണ്ടിവന്നു. സമീപകാല സംഭവത്തെ പോലും വസ്തുനിഷ്ഠമായും സത്യസന്ധമായും അവതരിപ്പിക്കാന്‍ ധൈഷണിക ശേഷി ഇല്ലാത്ത ഒരു മനുഷ്യന്റെ മഞ്ഞളിച്ച കണ്ണുകളോടെ രചിച്ച ചരിത്രപുസ്‌കമാണ് ജസ്റ്റിസ് സെന്‍ ആധികാരിക പ്രമാണമായി വിധിന്യായത്തില്‍ ഉദ്ധരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ തന്നെ ഹൈന്ദവരുടെ പേരില്‍ ഗാലന്‍ കണക്കിന് കണ്ണീരൊഴുക്കുന്നതും. ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഹിന്ദുക്കള്‍ക്കും ബുദ്ധമതക്കാര്‍ക്കും ജൈനര്‍ക്കും ഇന്ത്യയില്‍ അഭയം നല്‍കുക മാത്രമല്ല, ഒരു രേഖയുമില്ലെങ്കില്‍ പോലും പൗരത്വവും താമസരേഖയും നല്‍കേണ്ടത് ഹിന്ദുരാഷ്ട്രമായ ഇന്ത്യയുടെ ധാര്‍മിക കടമയാണെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇത്തരമൊരു വിതണ്ഠവാദത്തിന്റെ അടിസ്ഥാനത്തിലാണ് പൗരത്വനിയമത്തില്‍ മാറ്റം വരുത്താനും മുസ്‌ലിംകള്‍ അല്ലാത്ത മുഴുവന്‍ അഭയാര്‍ഥികള്‍ക്കും കുടിയേറാന്‍ നിയമാനുമതി നല്‍കാനും മോഡി സര്‍ക്കാര്‍ ഭരണഘടന ഭേദഗതി കൊണ്ടുവരുന്നത്. അസമിലെ 50ലക്ഷത്തോളം വരുന്ന ‘നിയമവിരുദ്ധ’ കുടയേറ്റക്കാരെ കണ്ടെത്താനുള്ള ദേശീയ പൗരത്വ റജിസ്റ്റര്‍ തയാറാക്കുന്നതിന്റെ പിന്നിലെ ഗൂഢഅജണ്ട, മുസ്‌ലിംകളെ ആട്ടിയോടിച്ച് മറ്റു വിഭാഗങ്ങളെ നിയമാനുസൃത പൗരന്മാരായി പ്രഖ്യാപിക്കുക എന്നതാണ്.

‘റൂബിക്കോണ്‍’ കടന്ന് കോടതികള്‍ എത്തുന്നത്
തങ്ങളുടെ കര്‍മമണ്ഡലത്തിന്റെ നിര്‍ണിത അതിര് ലംഘിച്ച് അരുതായ്മകളുടെ മറുകര പറ്റുന്ന അവിവേകത്തെ സൂചിപ്പിക്കുന്ന ഒരു പ്രയോഗമാണ് ‘ക്രോസ് ദി റൂബിക്കോണ്‍’ എന്നത്. ഇവിടെ മേഘാലയ ഹൈകോടതി ആ പൂഴയും കടന്ന് ബഹുദൂരം മുന്നോട്ട് ചലിക്കുമ്പോള്‍ എത്തിപ്പെടുന്നത് ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന ഒരു ലോകത്താണ്. ജുഡീഷ്യറിയുടെ പാവനതയും നിഷ്പക്ഷതയും കളഞ്ഞുകുളിക്കുന്ന ‘രാഷ്ട്രീയ വേഷം’ വാസ്തവത്തില്‍ വര്‍ത്തമാനകാല ചിന്താകാലുഷ്യത്തില്‍നിന്ന് ഊര്‍ജം സ്വാംശീകരിച്ചാണെന്നതില്‍ സംശയമില്ല. ജസ്റ്റിസ് സെന്നിന്റെ വിധിന്യായത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെ, തനിക്ക് രാഷ്ട്രീയ കാഴ്ചപ്പാട് ഇല്ലെന്നും നീതിന്യായ ചുമതലയില്‍നിന്ന് വിരമിച്ചാലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. താന്‍ മതേതരത്വത്തിന് എതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചരിത്രമാണ് വിവരിച്ചതെന്നും ചരിത്രം ആര്‍ക്കും തിരുത്താനാവില്ലെന്നും വാദിച്ചുകൊണ്ട് ജനരോഷം തണുപ്പിക്കാന്‍ ജഡ്ജി വിഫലശ്രമം തുടരുന്നുണ്ട്. എന്നാല്‍, ഇദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും അല്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. രാജ്യത്തെ നീതന്യായ വ്യവസ്ഥ എത്രമാത്രം വര്‍ഗീയവത്കരിക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ നിദര്‍ശനമായാണ് ജസ്റ്റിസ് സെന്നിന്റെ വിധിന്യായത്തെ നിഷ്പക്ഷമതികള്‍ കാണുന്നത്. ‘ജുഡീഷ്യല്‍ ആക്ടിവിസം’ ഏറെ പ്രോല്‍സാഹിപ്പിക്കപ്പെട്ട ഒരു പ്രവണതയായിരുന്നുവെങ്കിലും പിന്നീട് അത് വഴിതെറ്റി സഞ്ചരിച്ച് താന്നോന്നിത്തമായി അധഃപതിച്ചു. കോടതികള്‍ എഴുതാപ്പുറം വായിക്കാന്‍ തുടങ്ങിയതോടെ, രാജ്യം ഭരിക്കാനും നിയമം ഉണ്ടാക്കാനും സ്വയം കച്ചകെട്ടി ഇറങ്ങുന്ന കാഴ്ച കണ്ട് പലരും ഞെട്ടി. ഈ അപഥസഞ്ചാരത്തിനെതിരെ നിയമജ്ഞരുടെ ഭാഗത്തുനിന്ന് പോലും താക്കീതുകളുണ്ടായി. പക്ഷേ, വിശ്വാസ്യത നഷ്ടപ്പെട്ട ന്യായാസനങ്ങളില്‍നിന്ന് കൂടുതല്‍ അപകടകരമായ നീക്കങ്ങളാണുണ്ടായത്. സമീപകാലത്ത്, വിശിഷ്യാ ദീപക് മിശ്ര ചീഫ് ജസ്റ്റിസായി വാണരുളിയ കാലയളവില്‍ രാജ്യം ഭരിക്കുന്നവരുടെ വിചാരഗതിക്കും രാഷ്ട്രീയപ്രത്യയശാസ്ത്രത്തിനും അനുസൃതമായി ഭരണഘടന വ്യാഖ്യാനിക്കാനും ഉത്തരവുകള്‍ ഇറക്കാനും ഉന്നതനീതിപീഠം ശ്രമങ്ങളിലേര്‍പ്പെട്ടപ്പോള്‍ പൗരന്മാരെ ദേശസ്‌നേഹികളും ദേശേദ്രാഹികളുമായി വേര്‍തിരിക്കാനുള്ള ഉപാധികള്‍ പെട്ടെന്ന് കണ്ടുപിടിക്കപ്പെട്ടു. അങ്ങനെയാണ് സിനിമ തിയേറ്ററില്‍ ഷോ തുടങ്ങുന്നത് ദേശീയഗാനാലാപത്തോടെയാവണമെന്ന നിര്‍ദേശം വന്നത്. ഒടുവില്‍ സുപ്രീംകോടതിക്കു തന്നെ അത് തിരുത്തേണ്ടിവന്നു. തമിഴ്‌നാട്ടില്‍ സ്‌കുള്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും തിരുക്കുറള്‍ പഠിക്കണമെന്ന് കോടതി ശഠിച്ചത് കടുത്ത എതിര്‍പ്പ് വിളിച്ചുവരുത്തി. അത്തരമൊരു നിര്‍ദേശം നല്‍കാന്‍ കോടതിക്കു ആര് അധികാരം നല്‍കി എന്ന് ചോദിക്കാന്‍ ജനം ഭയപ്പെടുന്നത് ജനായത്ത വ്യവസ്ഥിതിയില്‍ ജുഡീഷ്യറിയുടെ റോള്‍ എന്താണെന്ന് വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ട് മാത്രം.
ഇതാദ്യമല്ല നീതിന്യായ വ്യവസ്ഥിതി ഹിന്ദുത്വക്ക് പാദസേവ ചെയ്യാന്‍ തുനിയുന്നത്. സെക്കുലറിസത്തെ വ്യാഖ്യാനിക്കുന്നിടത്ത് പലപ്പോഴും പരമോന്നത നീതിപീഠം ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാറുകളെ കേന്ദ്രഗവണ്‍മെന്റ് പിരിച്ചുവിട്ടപ്പോള്‍ ആ നടപടിയെ സുപ്രീംകോടതി ശരിവെച്ചത് മതത്തെയും ജാതിയെയും രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധ കൃത്യമാണെന്നും ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടിയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തെ നിരാകരിക്കുന്നതും മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേറിട്ട് നിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ഓര്‍മിപ്പിക്കുന്നതുമാണ് ബൊമ്മെ കേസില്‍ ( S.R Bommai Vs Union of India ) ഒമ്പതംഗ ബെഞ്ചിന്റെ ഈ വിധി. എന്നാല്‍, മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന വിധിക്ക് കൂടുതല്‍ ആയുസുണ്ടായിരുന്നില്ല. ഇസ്മാഈല്‍ ഫാറൂഖി കേസിലും രാമജന്മഭൂമി കേസിലും സുപ്രീംകോടതി മേല്‍പറഞ്ഞ കാഴ്ചപ്പാട് മുറുകെ പിടിച്ചില്ല. ജസ്റ്റിസ് വര്‍മ, സെക്കുലറിസത്തിന്റെ അടിത്തറ കണ്ടെത്തിയത് ‘സര്‍വധര്‍മസമഭാവന’യിലാണ്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലും ഋഗ്വേദത്തിലും അക്ബറിന്റെ ദീന്‍ ഇലാഹിയിലുമൊക്കെ മുങ്ങിത്തപ്പിയാണ് മതേതര കാഴ്ചപ്പാടിന് കോടതി അംഗീകാരം കണ്ടെത്തിയത്. പിന്നീട് മനോഹര്‍ ജോഷിയുടെ തിരഞ്ഞെടുപ്പ് കേസില്‍ സുപ്രീംകോടതി പറഞ്ഞത്, മഹാരാഷ്ട്രയില്‍ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്യുക വഴി മതത്തിന്റെ പേരിലാണ് വോട്ട് പിടിക്കുന്നതെന്ന് പറയാനാവില്ല എന്നാണ്. ഹിന്ദുത്വ എന്നത് ഒരു ജീവിത വ്യവസ്ഥയാണെന്ന് വരെ കോടതി വ്യാഖ്യാനിച്ചതോടെ, സെക്കുലറിസത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം രൂപപ്പെടുത്താന്‍ നിയമനിര്‍മാണം തന്നെ വേണ്ടിവരുമെന്ന അഭിപ്രായങ്ങളുയര്‍ന്നു.

മേഘാലയ ഹൈകോടതി ജഡ്ജി നടത്തിയ വിചിത്രമായ ജല്‍പനങ്ങള്‍ രാജ്യം അകപ്പെട്ട ചിന്താപരമായ പ്രതിസന്ധിയെയാണ് തൊട്ട് കാണിക്കുന്നത്. ഇന്ത്യ ഭൂരിപക്ഷസമുദായമായ ഹിന്ദുക്കളുടേതാണെന്നും രാജ്യം ഇസ്‌ലാമിക സ്വഭാവത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നത് വന്‍ ദുരന്തത്തിലേക്കുള്ള കുതിപ്പായിരിക്കുമെന്നൊക്കെ ഒരു ന്യായാധിപന്‍ ആേക്രാശിക്കുമ്പോള്‍ നിസ്സംഗമായി കേട്ടിരിക്കുന്നത് തന്നെ ജനാധിപത്യ അപരാധമായി മാറുമെന്നുറപ്പാണ്. ആ മനുഷ്യനെ കൊണ്ട് തെറ്റ് തിരുത്തിപ്പിക്കാന്‍ ആര് മുന്നോട്ടുവരും എന്നതാണ് പ്രസക്തമായ ചോദ്യം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login