ആ കത്ത് മോഡിക്ക് തന്നെയായിരുന്നു

ആ കത്ത് മോഡിക്ക് തന്നെയായിരുന്നു

കിട്ടാകടവുമായി ബന്ധപ്പെട്ട് സാമ്പത്തിക രംഗങ്ങളില്‍ എന്നും ചര്‍ച്ചകള്‍ സജീവമാണ്. ആധുനിക സാഹചര്യത്തില്‍ മുതലാളിത്ത ചങ്ങാത്ത നയങ്ങളും സന്തുലിത വ്യവസ്ഥയുമെല്ലാം ചര്‍ച്ചയില്‍ കടന്നുവന്നേക്കും.

കിട്ടാകടത്തിന്റെ ഗൗരവം മുന്‍നിര്‍ത്തി കുറച്ചുവര്‍ഷങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് ഒരു കത്തയച്ചിരുന്നു. 2015 ഏപ്രില്‍ 24ന് പ്രസ്തുത കത്തിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയുമുണ്ടായി. അതിന്റെ പ്രസക്തി മനസിലാക്കിയാവണം 2018 സെപ്തംബര്‍ 12ന് The Wire  ല്‍ കത്തിന്റെ പ്രാധാന്യവും കിട്ടാകടത്തിന്റെ പ്രത്യാഘാതങ്ങളും വിശദീകരിച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായത്. ‘മോഡിക്ക് രാജന്‍ കിട്ടാകടത്തിന്റെ ലിസ്റ്റ് കൈമാറി’ എന്നതായിരുന്നു തലവാചകം. സംഗതി പുലിവാലായി. രാജന്റെ കത്തില്‍ പ്രധാനമന്ത്രിയുടെ പേരില്ലെന്നും അത് മന്‍മോഹന്‍ സിംഗിന്റെ കാലത്താവാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് ചില ദേശീയമാധ്യമങ്ങള്‍ ഒച്ചവെക്കുകയുണ്ടായി. രാജന്‍ രണ്ട് സര്‍ക്കാറിനും സേവനമനുഷ്ഠിച്ച ആളായതുകൊണ്ടുതന്നെ പ്രസ്തുത വിഷയത്തില്‍ ആശങ്കയുണ്ടെന്നും കത്ത് മോഡിക്കാവാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എസ്റ്റിമേറ്റ് കമ്മിറ്റി The Wire  നെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ തലവാചകം ചെറുതായൊന്ന് തിരുത്തി. കിട്ടാകടത്തിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പിനെ തുറന്നുകാട്ടി രഘുറാം രാജന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചെന്നും വേണ്ട നടപടികള്‍ ഉണ്ടായില്ലെന്നും തലക്കെട്ടില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആ കത്ത് മോഡിക്ക് തന്നെയായിരുന്നുവെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ സമ്മതിച്ചപ്പോള്‍ വിഷയത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച അലംഭാവം പകല്‍ പോലെ വ്യക്തമാവുകയാണ്. ഇനി കത്ത് മന്‍മോഹന്‍ സിംഗിനാണെങ്കിലും അതിന്റെ പ്രാധാന്യം ഇന്നും നിഴലിച്ചുനില്‍ക്കുന്നുവെന്ന ധാര്‍മികവശവും തള്ളിക്കളയേണ്ടതില്ല.

കത്തിന്റെ പശ്ചാത്തലം
രാജ്യത്ത് നിലവിലുള്ള പത്തോളം ബാങ്കുകളില്‍ നിന്നായി റിയല്‍ എസ്റ്റേറ്റ്, ഡയമണ്ട് തുടങ്ങിയ മേഖലകളില്‍ വ്യാപാരം നടത്തുന്ന സാമ്പത്തികലോബികള്‍ നടത്തിയ തട്ടിപ്പിനെ മുന്‍നിര്‍ത്തിയാണ് രഘുറാം രാജന്‍ കത്തയച്ചത്. 17500 കോടി രൂപയോളം വരുന്ന വെട്ടിപ്പിന്റെ ഫിലോസഫിയും ബാങ്കുകളും സി.ബി.ഐ-യും പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച സമീപനവും കത്തില്‍ സ്പഷ്ടമായി അടയാളപ്പെടുത്തുന്നുണ്ട്.

രണ്ട് ലക്ഷം കോടിയോളം വരുന്ന കിട്ടാകടത്തിന്റെ 40 ശതമാനവും 20-30 വ്യക്തികളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. വിന്‍സണ്‍ ഡയമണ്ട്, സൂം ഡെവലപ്പേഴ്സ്, ഡെക്കാന്‍ ക്രോണിക്കിള്‍ തുടങ്ങിയ കമ്പനികള്‍ അവയില്‍ പ്രഥമഗണനീയരാണ്. ഈ കത്തിനോട് പ്രധാനമന്ത്രി നല്ല രീതിയില്‍ സമീപിച്ചെന്നും കിട്ടാകടത്തിന്റെ നടപടി ക്രമത്തില്‍ ക്രിയാത്മകമായ മാറ്റം വരുത്തുന്നതിന് ഉന്നത കമ്മീഷനെ നിയോഗിക്കാന്‍ നിര്‍ദേശം നല്‍കിയെന്നുമൊക്കെ അന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് കിട്ടാകടത്തിന്റെ കാര്യത്തില്‍ യാതൊരു വ്യത്യാസവും കാണുന്നില്ല.
രണ്ട് ദിവസം മുമ്പ് കിട്ടാകടത്തിന്റെ വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും റിസര്‍വ് ബാങ്കിലേക്കും ധനവകുപ്പിലേക്കും കത്തയക്കുകയുണ്ടായി. മുമ്പ് രഘുറാം രാജന്‍ അയച്ച കത്തിന്റെ പുരോഗമനത്തെ കുറിച്ചുള്ള ഠവല ംശൃല ന്റെ ചോദ്യങ്ങള്‍ക്ക് വേണ്ട രീതിയില്‍ മറുപടി പറയാന്‍ ഒരു വിഭാഗവും മുന്നോട്ടുവന്നിരുന്നില്ല. അതിനെ കുറിച്ചുള്ള അന്വേഷണം ഉന്നതതലങ്ങളില്‍ നടന്നുവരികയാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എന്നാല്‍ പ്രസ്തുത ആവശ്യം വിവരാവകാശ നിയമത്തിന്റെ RTI) പരിധിയില്‍ വരുന്നില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചത്. ഈ സാഹചര്യത്തിലാണ് വിവരാവകാശ കമ്മീഷന്റെ ഇടപെടലുകള്‍ പ്രശംസനീയമാകുന്നതും. 2018 നവംബറിന് മുമ്പായി മൂന്ന് വിഭാഗവും കാരണം ബോധിപ്പിച്ചുകൊണ്ട് വിവരാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും 1000 കോടിയുടെ മുകളില്‍ തുകയ്ക്ക് കിട്ടാകടക്കാരായവരുടെ പേരും വിലാസവും അഞ്ച് ദിവസത്തിനുള്ളില്‍ പരസ്യമാക്കാനുമായിരുന്നു വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം. അതാത് സമയത്ത് വിവരം നല്‍കാത്തതിന്റെ പേരില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെതിരെ കാരണം കാണിക്കല്‍ നോട്ടീസും വിവരാവകാശ കമ്മീഷന്‍ പുറപ്പെടീച്ചിരുന്നു.

കിട്ടാകടത്തിന്റെ സാമ്പത്തിക പരിസരം
2006 – 2008 കാലയളവില്‍ രാജ്യം സാമ്പത്തിക രംഗത്ത് പുരോഗതി പ്രാപിച്ച സമയത്താണ് ബാങ്ക് വായ്പകള്‍ സജീവമാകുന്നത്. വൈദ്യുതിയുടെയും, മറ്റു അടിസ്ഥാന സൗകര്യങ്ങളുടെയും വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ചതും സാമ്പത്തിക നിലവാരം ഇരട്ടിക്കാന്‍ കാരണമായി. ഇത്തരം സമയങ്ങളിലാണ് ബാങ്കുകള്‍ അബദ്ധങ്ങളില്‍ ചെന്നു ചാടുന്നതും. കഴിഞ്ഞ കാലത്തെ വികസനം അടിസ്ഥാനമാക്കി ഭാവിയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ശുഭാപ്തിവിശ്വാസത്തിന്റെ വാഹകരായി ബാങ്കുകള്‍ മാറുന്ന പതിവ് ലോകമൊന്നാകെ വ്യാപകമാണ്. എന്നാല്‍ 2008 ലെ സാമ്പത്തിക പ്രതിസന്ധി കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചുകളയാന്‍ മാത്രം പ്രാപ്തമായിരുന്നു. കിട്ടാകടത്തിന്റെ നടപടി ക്രമങ്ങളിലുണ്ടാവേണ്ട ക്രിയാത്മകമായ മാറ്റങ്ങളുടെ അഭാവം അന്ന് നിഴലിച്ചു നിന്നു. ഇന്നേവരെ ഒരൊറ്റ കിടയറ്റ തട്ടിപ്പുകാരനെയും പിടിക്കാന്‍ സാധിക്കാത്തത് സാമ്പത്തിക ലോബികള്‍ക്ക് ഉത്തേജനം നല്‍കി. ഇത്തരം കേസുകള്‍ സി ബി ഐക്കെത്തിക്കാന്‍ ബാങ്കുകള്‍ മടിക്കുന്നതും ആശങ്കയുണ്ടാക്കുന്നു. ഇതിനൊരു പരിഹാരമെന്നോണം റിസര്‍വ് ബാങ്ക് ഒരു സ്വതന്ത്ര ഏജന്‍സി രൂപീകരിക്കുകയും പ്രാധാന്യമര്‍ഹിക്കുന്ന ഇരുപതോളം കേസുകള്‍ പ്രധാനമന്ത്രിക്ക് നേരിട്ടയക്കുകയും അന്വേഷണം ആവശ്യമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തതായി കത്തില്‍ രഘുറാം രാജന്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്.
കിട്ടാകടത്തിന്റെ കാരണങ്ങള്‍ പറയുന്ന സമയത്ത് ബാങ്കുകളെ പ്രതിക്കൂട്ടില്‍ നിന്നൊഴിവാക്കാനും രഘുറാം രാജന്‍ ശ്രമിക്കുന്നുണ്ട്. കിട്ടാകടം എഴുതിത്തള്ളുന്നതിലൂടെ ബാങ്കുകള്‍ക്ക് ഒന്നും ലഭിക്കുന്നില്ലെന്നും അവര്‍ അതിന് നിര്‍ബന്ധിതരാവുകയാണെന്നും രാജന്‍ കത്തില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

കിട്ടാകടത്തിന്റെ നടപടിക്രമങ്ങളില്‍ സക്രിയമായ മാറ്റം അനിവാര്യമാണെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കള്ളപ്പണത്തിന്റെ കാര്യത്തിലെന്നപോലെയുള്ള ശുഷ്‌കാന്തി കിട്ടാകടത്തിലും കാണിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. സര്‍ക്കാറിന്റെ രാഷ്ട്രീയ നയങ്ങള്‍ക്ക് ചരടുവലിക്കാന്‍ പാകത്തിലുള്ള ഭരണകര്‍ത്താക്കളെയാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യത്തെ പറ്റി മുന്‍ഗവര്‍ണര്‍ വൈ.വി റെഡ്ഡി പറഞ്ഞ വാക്കുകള്‍ ഓര്‍മ വരികയാണ്. ”ഞാന്‍ സന്തോഷവാനാണ്. റിസര്‍വ് ബാങ്ക് സ്വതന്ത്രമാണെന്നതാണ് കാരണം. ഇങ്ങനെ പറയാന്‍ എനിക്ക് ധനമന്ത്രാലയം അനുമതി നല്‍കിയതിലും ഞാന്‍ സന്തോഷവാനാണ്.” റിസര്‍വ് ബാങ്കിന്റെ അടിമത്തത്തെയാണ് പ്രസ്തുത പ്രസ്താവന സൂചിപ്പിക്കുന്നത്. കിട്ടാകടത്തിന്റെ വിഷയത്തില്‍ ഉപദേശിക്കേണ്ടത് റിസര്‍വ് ബാങ്കിന്റെ കടമയായിരുന്നു. അതവര്‍ ഭംഗിയായി നിര്‍വഹിച്ചു. നോട്ടു നിരോധനത്തിന്റെ വിഷയത്തിലും ഇത്തരം ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ മോഡി-ഉര്‍ജിത് കാലഘട്ടം ഉപദേശങ്ങളാലും ശൂന്യമാണ്. അവിടെയാണ് മുതലാളിത്ത ചങ്ങാത്ത വ്യവസ്ഥയുടെ ഭീകരരൂപം പ്രകടമാകുന്നതും.
2016 സെപ്തംബര്‍ മാസത്തിലാണ് ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധി പോലും പ്രവചിച്ച രഘുറാം രാജന്റെ സ്ഥാനത്തേക്കാണ് പട്ടേല്‍ അവരോധിക്കപ്പെടുന്നതും. രഘുറാം രാജന്റെ കീഴില്‍ മൂന്ന് വര്‍ഷത്തോളം ഡെപ്യൂട്ടി ഗവര്‍ണറായി ജോലി ചെയ്ത അനുഭവപാടവം പട്ടേലിനുണ്ട്. മാത്രവുമല്ല, പണപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് കൊണ്ടുവന്ന സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രൂപീകരിക്കുന്നതില്‍ പട്ടേലിന്റെ അഭിപ്രായങ്ങള്‍ക്കുള്ള സ്വാധീനം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ പട്ടേലിന്റെ വരവില്‍ രാജ്യത്തിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, സുബ്രഹ്മണ്യ സ്വാമിയുടെ നേതൃത്വത്തില്‍ രഘുറാം രാജന് നേരെയുണ്ടായ കാമ്പയിനും തുടര്‍ന്നുണ്ടായ രാജിയുമായിരുന്നു അന്നത്തെ ചര്‍ച്ചാ വിഷയം. അതുകൊണ്ട് തന്നെ പട്ടേലിനെ ചൊല്ലി കൂടുതല്‍ ചര്‍ച്ചകളൊന്നും സജീവമായില്ല.

കേന്ദ്ര ബാങ്കിന്റെ പദ്ധതികള്‍ ജനകീയമാക്കാനുള്ള മുഴുവന്‍ മാര്‍ഗങ്ങളും രഘുറാം രാജന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, പട്ടേല്‍ നിശബ്ദനായിരുന്നു. നോട്ടു നിരോധനം, ജി.എസ്.ടി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരം നല്‍കാന്‍ വൈകിയതും പട്ടേലിന്റെ ഈ പ്രകൃതം കാരണത്താലാവണം. തിരികെയെത്തിയ നോട്ടുകളെണ്ണാന്‍ മാസങ്ങളെടുക്കേണ്ടി വന്നത് ഇന്നും ചോദ്യം ചെയ്യപ്പെടുന്നത് നാം കാണുന്നുണ്ടല്ലോ.

എന്നാല്‍ ഈയടുത്ത് ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ പട്ടേല്‍ നടത്തിയ പ്രഭാഷണം വേറിട്ട അനുഭവമായി മാറി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കൊള്ളക്ക് റിസര്‍വ് ബാങ്ക് ഉത്തരവാദിയല്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ നയമാണ് പ്രശ്‌നമെന്നും പട്ടേല്‍ തുറന്നടിച്ചു. ഏഴോളം ഇടങ്ങളില്‍ പൊതുമേഖല ബാങ്കുകളുടെ മേല്‍ റിസര്‍വ് ബാങ്കിന് അധികാരമില്ലെന്നും പട്ടേല്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വിഷയത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പട്ടേല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
എന്നാല്‍ റിസര്‍വ് ബാങ്കിന് ഇടപെടാന്‍ സാധിക്കുന്ന ക്ലോസുകള്‍ നിരത്തി കേന്ദ്രസര്‍ക്കാറും രംഗത്തുവന്നു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായ അരവിന്ദ് സുബ്രഹ്മണ്യന്റെ മൂന്ന് ചോദ്യങ്ങള്‍ പ്രസക്തമാണ്. റിസര്‍വ് ബാങ്കിന് പഞ്ചാബ് നാഷണല്‍ ബാങ്കിന് മുകളില്‍ അധികാരമില്ലെന്ന് പറയുന്നു. അത് വസ്തുതാപരമെങ്കില്‍, പ്രസ്തുത വിഷയം പരാതിയെന്നോണം ബോധിപ്പിക്കാന്‍ 18 മാസം എന്തിന് വേണ്ടി വന്നു എന്നതാണ് പ്രഥമ ചോദ്യം. തട്ടിപ്പുകളെ കാത്തിരുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകള്‍ പരിശോധിക്കാനുള്ള അവകാശം റിസര്‍വ് ബാങ്കിനുണ്ട്. 7 വര്‍ഷം വ്യാജരേഖകളിലൂടെ പണം തട്ടിയ നീരവ് മോഡിയെ പട്ടേല്‍ കാണാതെ പോയത് എന്തുകൊണ്ടെന്ന രണ്ടാമത്തെ ചോദ്യവും പ്രസക്തമാണ്. നടപടിക്രമങ്ങളുടെ ഭാഗമായി ഇറക്കുമതിക്ക് ഉപയോഗിക്കുന്ന ഘീൗ എടുത്തുകളയുകയുണ്ടായി. ഇത് ചെറുകിട വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ നീക്കം എത്രത്തോളം നീതിപരമാണെന്ന മൂന്നാമത്തെ ചോദ്യവും ഉത്തരങ്ങളില്ലാതെ ബാക്കി.

ഇതൊരുതരം പൊറാട്ടുനാടകമാണ്. റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാറും തമ്മിലുള്ള ഈ തര്‍ക്കങ്ങള്‍ക്കപ്പുറം യഥാര്‍ത്ഥ പ്രതി ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് നാം കണ്ടെത്തേണ്ടത്. അതിന്റെ ഉത്തരം ഇരു വിഭാഗങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നുമുണ്ട്. പരസ്പരം കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം ഉത്തരവാദിത്വങ്ങള്‍ യഥാവിധി നിര്‍വഹിക്കുകയാണ് ഇരുകൂട്ടരും ചേയ്യേണ്ടിയിരുന്നത്.

ഫ്രഞ്ച് സാഹിത്യകാരനായ ഫ്രാന്‍ഞ്ചോയിസ് റാബേലിയാസിന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. ”കടവും കളവും പലപ്പോഴും സമ്മേളിക്കുന്ന രണ്ട് സംജ്ഞകളാണ്”. കടമുള്ളിടത്തൊക്കെ വഞ്ചനയുമുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ ബാക്കിപത്രമാണ് കിട്ടാകടത്തിലെ തട്ടിപ്പുകള്‍. അവ രാജ്യത്ത് സാമ്പത്തിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്. ഇപ്പോള്‍ ഫയല്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ ഒതുങ്ങിക്കൂടാതെ ഇനി ഇത്തരം സംഭവങ്ങള്‍ ഇല്ലാതിരിക്കാനുള്ള നടപടിയും ശക്തമാക്കേണ്ടതുണ്ട്. മൂല്യമുള്ള സ്രോതസുകള്‍ക്ക് പകരമായി വായ്പ നല്‍കുന്ന സംവിധാനം നിലവില്‍ വരണം. മാത്രവുമല്ല, പ്രസ്തുത വായ്പകള്‍ ക്രിയാത്മകമായി നിക്ഷേപിക്കപ്പെടുന്നുണ്ടെന്ന് ബാങ്കുകള്‍ ഉറപ്പുവരുത്തുകയും വേണം. കിട്ടാകടം എഴുതിത്തള്ളുന്നതിലൂടെ പാവപ്പെട്ടവന്റെ പണം സമ്പന്നര്‍ക്ക് തീറെഴുതി കൊടുക്കുകയാണെന്ന മിനിമം തിരിച്ചറിവെങ്കിലും നമുക്കുണ്ടാവേണ്ടതുണ്ട്.

മുഹമ്മദ് ശഫീഖ് സി.എം നാദാപുരം

You must be logged in to post a comment Login