ദര്‍സിന്റെ സാമൂഹിക സ്വാധീനങ്ങള്‍

ദര്‍സിന്റെ സാമൂഹിക സ്വാധീനങ്ങള്‍

മുദരിസുമാരെ(ദര്‍സിലെ ഗുരു) എക്കാലത്തും ഒരു മാതൃകയായി സ്വീകരിക്കാനുള്ള ത്വര മുസ്‌ലിം സമൂഹത്തിലുണ്ടായിട്ടുണ്ട്. അവരുടെ സാത്വിക വ്യക്തിത്വം തന്നെയാണ് സമൂഹത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം. എന്തേത് വിഷയത്തിനും, ഗുരുവിനോടവര്‍ അഭിപ്രായം ചോദിക്കും. അഭിപ്രായം കിട്ടിയാല്‍ അവര്‍ അനുസരിക്കുകയും ചെയ്യും. തികച്ചും ആദര്‍ശ യുക്തമായ അഭിപ്രായമായിരിക്കും ഉസ്താദിന്റേത് എന്നവര്‍ക്കറിയാം. ആദര്‍ശവഴി ചൂണ്ടിക്കാണിക്കുന്ന മുര്‍ശിദും (നേര്‍മാര്‍ഗം കാണിച്ചു തരുന്നവന്‍) നേതൃത്വവുമാണവര്‍ക്ക് ഉസ്താദ്. വെള്ളം മന്ത്രിച്ചും, മന്ത്രിച്ചൂതിയും, സാന്ത്വനം പകര്‍ന്നും, സാരോപദേശങ്ങള്‍ നല്‍കിയും ജനസേവകനായി ഉസ്താദിന്റെ തണല്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്.
ഒരു ദര്‍സിലെ/ പള്ളിയിലെ/ മദ്‌റസയിലെ ഉസ്താദാകുമ്പോള്‍ പല നിലക്കും സമൂഹവുമായി ബന്ധപ്പെടേണ്ടി വരും. മാറി നില്‍ക്കാനാകില്ല. ഇത്തരം ബന്ധങ്ങളിലൂടെ ഉസ്താദുമാര്‍ക്ക് സമൂഹത്തില്‍ വന്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകും. കുടുംബ കലഹങ്ങള്‍ പരിഹരിക്കാന്‍, ലഹരിവ്യാപനം നിര്‍ത്താന്‍, നിസ്‌കാരം നിലനിര്‍ത്താന്‍… എല്ലാത്തിനും ഉസ്താദിന്റെ ഇടപെടല്‍ കാരണമാകും. ഒരു പക്ഷേ, വ്യതിയാന ചിന്തകരും സ്ഥിരം വിമര്‍ശകരും കുഴപ്പക്കാരും വരെ മാറിച്ചിന്തിക്കും. ആ നിലയില്‍ ഉസ്താദ് പ്രവാചകന്റെ നേര്‍ അനന്തരാവകാശിതന്നെ.
വെള്ളിയാഴ്ചകളില്‍ ജുമുഅക്ക് ശേഷമുള്ള പ്രസംഗത്തില്‍, സമൂഹത്തെ ഉദ്ബുദ്ധരാക്കാം. ഏതാണ്ട് ആ നാട് മുഴുവന്‍ ഒന്നിച്ചു കിട്ടുന്നതിനാല്‍ എന്തുകൊണ്ടും പറ്റിയ അവസരമാണ് ഇത്തരം പ്രസംഗങ്ങള്‍. നാട്ടുകാര്‍ക്ക് ആത്മീയ വിചാരം പുതുക്കാനുള്ള അവസരം കൂടിയാണിത്. വെള്ളിയാഴ്ച മാത്രമല്ല, ആഴ്ചയിലോ മാസത്തിലോ പ്രത്യേക ദിവസം കണ്ട് വ്യത്യസ്ത വിഷയങ്ങളില്‍ പ്രഭാഷണ പരമ്പരകളും ക്ലാസുകളും സംഘടിപ്പിക്കാം.
പണ്ഡിതന്മാരുടെ എഴുത്തിനും സമൂഹത്തില്‍ കാതലായ സ്വാധീനമാണ്. അധിനിവേശത്തിനെതിരെ ശക്തിയുക്തം പ്രതികരിച്ച പണ്ഡിതനാണ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍(റ). അദ്ദേഹത്തിന്റെ ‘തഹ്‌രീളു അഹ്‌ലില്‍ ഈമാല്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍’ എന്ന കൃതി, പേര് സൂചിപ്പിക്കുന്നത് പോലെ അധിനിവേശ ശക്തികള്‍ക്കെതിരെ മുഅ്മിനീങ്ങളെ പ്രേരിപ്പിച്ച് നിര്‍ത്തുന്നതില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ഒരു വന്‍ ജനകീയ മുന്നേറ്റത്തിന് ഇത് ഹേതുവായി. മമ്പുറം തങ്ങളുടെ ‘സൈഫുല്‍ ബത്താറും’ ഖാളി മുഹമ്മദിന്റെ ‘ഫത്ഹുല്‍ മുബീനും’ മുഹ്‌യിദ്ദീന്‍ മാലയും സയ്യിദ് ഫസല്‍ തങ്ങളുടെ ‘തന്‍ബീഹുല്‍ ഗാഫിലീനും’ ഈ ഗണത്തില്‍ പെടുത്താം.

ദര്‍സുകള്‍ നിലനില്‍ക്കുന്ന നാടും സമൂഹവും സംസ്‌കാര സമ്പന്നമാവുന്നുണ്ട്. നാട്ടുകാര്‍ പലരും പലപ്പോഴും മുദരിസെടുക്കുന്ന സബ്ഖുകള്‍ കേള്‍ക്കാനെത്തും. അലി ബാഖവി ആറ്റുപുറം ഉസ്താദ് സബ്‌ഖെടുത്ത് തരുന്നത് കേള്‍ക്കാന്‍ പലരും വന്നിരിക്കാറുണ്ട്. കേള്‍ക്കുന്നത് മിക്കപ്പോഴും അറബിയാണെങ്കിലും ഇടക്കിടെ വരുന്ന മാതൃഭാഷാ വാക്കുകളും ഉസ്താദിന്റെ ശരീരഭാഷയും കൂടിയാവുമ്പോള്‍ നാട്ടുകാര്‍ക്ക് പലതും അതിലൂടെ കിട്ടും. എന്തോ ഒരു തരം ആത്മാനുഭൂതിയും ആവേശവും അവര്‍ സ്വായത്തമാക്കുന്നുണ്ട്.

മനുഷ്യ സംസ്‌കരണമാണ് അറിവിന്റെ ലക്ഷ്യം. അറിവ് വെളിച്ചമാണ്. ആ വെളിച്ചം വ്യക്തികള്‍ക്ക് (വിദ്യാര്‍ത്ഥികള്‍ക്ക്) നല്‍കുമ്പോള്‍ അവര്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും നടക്കുന്ന വഴികളിലും അതിന്റെ കിരണങ്ങളെത്തുന്നു. സാമൂഹിക മാറ്റം സാധ്യമാകുന്നു. ആദര്‍ശശിക്ഷണത്തോട് പ്രത്യേക ആദരവ് സമൂഹത്തിനുണ്ട്. ‘മൊയ്‌ല്യാരുട്ടിക്ക്’ വേണ്ട ഭക്ഷണമെല്ലാം സമൂഹം നല്‍കും. മുതഅല്ലിമീങ്ങള്‍ക്ക്, ഭക്ഷണം നല്‍കുന്ന വീടുകള്‍ ‘ചെലവ്കുടി’കളാകും. ശാശ്വത സുഖലോക സ്വര്‍ഗത്തിലേക്ക് നല്ലൊരു മുതല്‍ക്കൂട്ടാണ് അല്ലാഹുവിന്റെ ആദര്‍ശം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അന്നം നല്‍കുന്നത് എന്നുതന്നെയാണവരുടെ മനസുകളില്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടുനടത്താന്‍ നല്ല ചെലവ് വരും. എന്നാല്‍ പള്ളിദര്‍സാകട്ടെ ഒരു ചിലവും വരാതെ ശരാശരി ജനം നടത്തിക്കൊണ്ടുപോവുന്ന ഒന്നാംകിട വിജ്ഞാന വിപ്ലവ പദ്ധതിയാണ്. ഓഫീസിന്റെയോ ക്ലാസ് മുറിയുടെയോ വൈദ്യുതിയുടെയോ ഭക്ഷണത്തിന്റെയോ ഒരു ചെലവും അധിക ബാധ്യതയായി കാണുന്നില്ല. എല്ലാം മുറക്ക് നടക്കുന്ന ഒരേയൊരു വിദ്യാനികേതനമാണത്.

ലിബറല്‍ കാലത്തെ ദര്‍സുകള്‍
ശാന്തത പൂക്കുന്ന പള്ളികളിലാണ് ദര്‍സ് നടക്കുന്നത്. അവിടെ സമരമോ ധര്‍ണയോ പ്രതിഷേധറാലിയോ ഇല്ല. ഗുരുവിനും ശിഷ്യന്മാര്‍ക്കും ഒരു അസ്വാരസ്യവുമില്ല. ശിഷ്യന്മാര്‍ക്ക് കഴിവിന്റെ പരമാവധി പ്രാപ്യനായിരിക്കുന്ന ഗുരു. ഗുരുവിന്ന് ആകാവുന്നിടത്തോളം അനുസരിക്കുന്നതില്‍ ആവേശം തോന്നി ശിഷ്യന്മാര്‍. ശാസനകള്‍ തന്റെ നന്മക്കാണെന്ന് വിചാരിക്കുന്ന ശിഷ്യന്മാര്‍. ഗുരുശാസനയുടെ സന്ദര്‍ഭത്തില്‍ വേദനിപ്പിച്ച ഭാഗം സ്വര്‍ഗത്തിലാണൊണ് ഇസ്‌ലാമികാധ്യാപനം. ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി(റ) പറയുന്നതിങ്ങനെ: ‘ഉസ്താദിന്റെ പിണക്കവും ദുഃസ്വഭാവവും മുതഅല്ലിം(ശിഷ്യന്‍) ക്ഷമാപൂര്‍വം സഹിക്കണം. ഉസ്താദുമായുള്ള നിരന്തര സഹവാസത്തില്‍ നിന്നോ, അദ്ദേഹത്തിന്റെ പൂര്‍ണതയെ കുറിച്ചുള്ള വിശ്വാസത്തില്‍ നിന്നോ, അതവനെ പിന്തിരിപ്പിക്കാനിടയാകരുത്. പുറമേ നല്ലതല്ലെന്ന് തോന്നുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ വ്യാഖ്യാനങ്ങള്‍ കണ്ടെത്തണം. ഇതിന് സാധിക്കാത്തവന്‍ അല്ലാഹുവിന്റെ സഹായം കുറഞ്ഞവനാണ്. ഗുരു അവനോട് പിണങ്ങിയാല്‍, പിണക്കം മാറ്റാന്‍ അവന്‍ ഉസ്താദിന്റടുത്തെത്തണം. താനാണ് കുറ്റക്കാരനെന്ന് പ്രകടിപ്പിക്കണം. ശിഷ്യന് അതാണ് ഇങ്ങ് ഇഹത്തിലും അങ്ങ് പരത്തിലും ഏറ്റം ഗുണകരവും ഗുരു മനസ് നിലനിര്‍ത്താന്‍ സഹായകവും.'(ശറഹുല്‍മുഹദ്ദബ് 1/37) ദര്‍സുകളുടെ നിലനില്‍പ്പ് തന്നെ ഇത്തരം ഗുരുശിഷ്യ ബന്ധങ്ങളുടെ ഊഷ്മളതയിലാണ്. തന്നേക്കാള്‍ അറിവും അനുഭവ സമ്പത്തും കൂടുതലാണ് ഗുരുവിന് എന്നോരോരുത്തര്‍ക്കും ബോധ്യമുണ്ട്. ഇവിടെ, ഉസ്താദിന്റെ വസ്ത്രങ്ങളലക്കാന്‍ കിട്ടണമെന്നത് ഒരാഗ്രഹമാണ്. ചെരുപ്പ് കഴുകി വെടിപ്പാക്കാനാകുന്നത് ഒരംഗീകാരമാണ്. ഇതൊക്കെയാണ് ശിഷ്യന്മാര്‍ തമ്മില്‍ നടക്കുന്ന മത്സരം. അടിപിടി കൂടി ‘ദാദ’യാകാനല്ല.

ഉസ്താദിന് വേണ്ടി ശിഷ്യന്മാരും ശിഷ്യന്മാര്‍ക്ക് വേണ്ടി ഉസ്താദുമാരും പ്രാര്‍ത്ഥിക്കുന്നു. ഒന്നാം ദര്‍സ് ആരംഭിക്കുന്നതിന് മുമ്പ് ദര്‍സ് ബൈത്ത് ചൊല്ലുന്ന പതിവുണ്ട്. അഞ്ച് നേരത്തിനും പുറമെ അതില്‍ രണ്ട് മൂന്ന് വരികളില്‍ ഉസ്താദിന്റെ ക്ഷേമത്തിനും മോക്ഷത്തിനും വേണ്ടിയുള്ള പ്രാര്‍ത്ഥനയുമുണ്ടാകും. ഉസ്താദുമാര്‍ അവരുടെ സമ്പത്തായാണ് ശിഷ്യന്മാരെ കാണാറ്. അവരുടെ ജീവിതം തന്നെ ശിഷ്യന്മാര്‍ക്കായി ഉഴിഞ്ഞു വെച്ചതായിരിക്കും. ഉസ്താദ് പിതൃതുല്യന്മാരായിരിക്കും. ഒ.കെ ഉസ്താദിന്റടുത്ത് ശിഷ്യന്മാര്‍ ‘ദുആ ചെയ്യണം’ എന്നും പറഞ്ഞ് പോയാല്‍ ദേഷ്യപ്പെടുമായിരുന്നു എന്ന് അലി ബാഖവി ആറ്റുപുറം ഉസ്താദ് പറഞ്ഞതോര്‍ക്കുന്നു. ദേഷ്യപ്പെടുന്നത് വെറുപ്പുണ്ടായിട്ടല്ല. മറിച്ച്, ‘നിങ്ങള്‍ക്ക് വേണ്ടിയല്ലാതെ വേറെ ആര്‍ക്കാ ഞാന്‍ ദുആര്‍ക്കാ’ എന്ന് കരുതിയാണ്. അതാണ് ബന്ധം. ദര്‍സിലല്ലാതെ മറ്റെവിടെ കാണും ഈ ഊഷ്മള ബന്ധം.

ആഫ്രിക്കയിലെ ‘ദാറ’കള്‍
മദീന പള്ളിദര്‍സ് മാതൃക കേരളത്തില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ കോണുകളിലും കാണാനാകും. വെസ്റ്റ് ആഫ്രിക്കയിലെ പാരമ്പര്യ ദര്‍സ് സംവിധാനത്തെ പറ്റി 12 വര്‍ഷക്കാലം അവരിലൊരാളായി പഠിച്ചയാളാണ് റുഡോള്‍ഫ് വേര്‍. അദ്ദേഹത്തിന്റെ ണമഹസശിഴ ഝൗൃമി (സഞ്ചരിക്കുന്ന ഖുര്‍ആന്‍) എന്ന പുസ്തകം അവിടത്തെ പാരമ്പര്യ ദര്‍സ് സംവിധാനത്തെയും അതിന്റെ ജ്ഞാന രീതിശാസ്ത്ര (ലുശേെലാീഹീഴ്യ) പ്രത്യേകതകളെയും പരിശോധിക്കുന്നുണ്ട്.
ദക്കാര്‍, സെനഗല്‍, സെനഗാംബിയ തുടങ്ങി വെസ്റ്റ് ആഫ്രിക്കയിലെ പ്രദേശങ്ങളെ മുന്‍നിര്‍ത്തിയാണ് പഠനം. ദര്‍സ് എന്നതിനു പകരം ‘ദാറാ’ എന്നാണവിടെ പ്രയോഗിക്കാറ്. ‘ഖുര്‍ആന്‍ സ്‌കൂള്‍’ എന്നാണ് റുഡോള്‍ഫ് അതിനെ പരിചയപ്പെടുത്തുന്നത്. ഖുര്‍ആനും മറ്റു അനുബന്ധ വിഷയങ്ങള്‍ക്കും പുറമെ ഓരോ വിദ്യാര്‍ത്ഥിയുടെയും സ്വഭാവ രൂപീകരണത്തില്‍ ഉസ്താദ് കാതലായ ഇടപെടല്‍ നടത്തുന്നു. ധാര്‍മിക മൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കാന്‍ ചില പ്രയാസ മുറകള്‍ ചെയ്യിപ്പിക്കും. യല്‍വാന്‍ സിസ്റ്റം (പിരിവ് സമ്പ്രദായം) സെനഗാംബിയയില്‍ കാണുന്ന ഒരു മുറയാണ്. എല്ലാ വിദ്യാര്‍ത്ഥികളും പാത്രങ്ങളുമായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് പണം, ഭക്ഷണം, വസ്ത്രം മുതലായവ ശേഖരിക്കാന്‍ പോയിരിക്കണം. ഇതുകാരണം വിദ്യാര്‍ത്ഥികള്‍ക്ക് എളിമയും വിനയവും കരഗതമാകുന്നു. നമ്മുടെ നാട്ടിലും കണ്ട് വരുന്ന മറ്റൊന്നാണ് ഖിദ്മത്ത്(സേവനം). ഗുരുവിന്റെ വസ്ത്രം അലക്കുക, ഭക്ഷണം എത്തിക്കുക, സുപ്ര വൃത്തിയാക്കുക, എന്നിവയെല്ലാം ഖിദ്മത്തില്‍ പെടുന്നു. ഇതിലൂടെ എന്തിനും സന്നദ്ധനായ നല്ലൊരു വിദ്യാര്‍ത്ഥി സമൂഹത്തെയാണ് അവിടത്തുകാര്‍ക്ക് കിട്ടുന്നത്. ഗുരു ശിഷ്യ ബന്ധം പുഷ്‌കലമാവുകയും ചെയ്യും.

അക്ഷരങ്ങളല്ല ഗുരുമുഖം തന്നെ
പാരമ്പര്യ സംബന്ധിയായി അക്കാദമിക് രംഗങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ട്. കേവലം വരികളെ ഗുരുക്കളാക്കാതെ ‘ഉസ്താദ്’ തന്നെയാകണം ഗുരുവെന്നും അതാണ് അടിസ്ഥാനമെന്നും വ്യത്യസ്ത പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇസ്‌ലാമിലെ പാരമ്പര്യത്തെ (ൃേമറശശേീിമഹശാെ) പറ്റി പഠനം നടത്തിയ വില്ല്യം ഗ്രഹാം അവതരിപ്പിച്ച സനദിന്റെ മാതൃക (ശിെമറ ുമൃമറശഴാ) ഇവിടെ ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു: ‘സത്യം നില കൊള്ളുന്നത് രേഖകളില്‍ (റീരൗാലിെേ) അല്ല. ആധികാരികമായ മനുഷ്യരിലും അവര്‍ പരസ്പരമുള്ള തുടര്‍ച്ചയിലും സമ്പര്‍ക്കത്തിലുമാണ്. സമാഅ് (കേള്‍വി) ആണ് പുസ്തകം വായിക്കുന്നതിനേക്കാള്‍ ആധികാരികം. നിഷ്‌കളങ്കരായ മുസ്‌ലിംകളുടെ സുവര്‍ണ ശൃംഖലയാണിത്. മനുഷ്യ സ്പര്‍ശമില്ലാത്ത വരികള്‍ നിഷ്ഫലമാണ്.’

അറബി ഭാഷയില്‍ അവഗാഹം നേടി, ഗുരു സഹായമില്ലാതെ പഠിച്ചത് അറിവല്ല, അതില്‍ അബദ്ധവും പിണഞ്ഞേക്കാം. ആശയങ്ങളുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ ഗുരുമുഖങ്ങളില്‍ നിന്ന് തലമുറ തലമുറയായി, കേട്ടുവരുന്ന രീതി അനിവാര്യമാണ്. ഇമാം നവവി (റ) പറയുന്നതിങ്ങനെ: ‘വിദഗ്ധരായ ഗുരുവര്യന്മാരില്‍ നിന്ന് പഠിക്കാതെ ഗ്രന്ഥത്താളുകളില്‍ നിന്ന് അറിവ് സമ്പാദിച്ചയാളുടെ അടുത്തുനിന്ന് നീ വിദ്യ അഭ്യസിക്കരുത്. അങ്ങനെ സ്വന്തമായി പഠിക്കുന്നവന്‍ അബദ്ധത്തില്‍ വീഴാം. അവന്റെ തെറ്റും അബദ്ധ വ്യാഖ്യാനവും വര്‍ധിക്കും.'(ശറഹുല്‍മുഹദ്ദബ് 1/36)

ഉസ്താദാണ് കേന്ദ്രബിന്ദു. ഉസ്താദിന്റെ നടത്തം, സംസാരം, ശൈലി, അനക്കം, അടക്കം, തുടങ്ങി അവരുടെ സാത്വിക ജീവിതം കഴിയുന്നത്ര സ്വജീവിതത്തിലേക്ക് ശിഷ്യന്മാര്‍ പകര്‍ത്തും. കൈപറ്റ ഉസ്താദ്, ഒ.കെ ഉസ്താദ് എന്നിവരുടെ ജീവിതം അതേ പോലെ റഈസുല്‍ ഉലമ സുലൈമാന്‍ ഉസ്താദില്‍ ദര്‍ശിക്കാനാവുന്നത് ഇത് കൊണ്ടാണ്. എന്തിനും ഏതിനും ഉസ്താദാണ് മാതൃക. ഉസ്താദിനോ ഉസ്താദിന്റെ ഉസ്താദ്… അങ്ങനെ നബി(സ്വ)യിലേക്കെത്തുന്ന പാവന പാരമ്പര്യം.

ഉപസംഹാരം
സംസ്‌കാര സമ്പുഷ്ടമായ സമൂഹ നിര്‍മിതിയില്‍ ദര്‍സുകളുടെ പങ്ക് ഒഴിച്ചു കൂടാനാകാത്തതാണ്. അവ പ്രത്യക്ഷമായോ പരോക്ഷമായോ ഈ നിര്‍മിതിയില്‍ ഭാഗവാക്കാകുന്നുണ്ട്. ഇങ്ങ് കേരളത്തില്‍ മാത്രമല്ല, മദീനയിലെ പ്രകാശ കിരണങ്ങള്‍ എവിടെയെല്ലാമെത്തിയോ അവിടെയെല്ലാം ദര്‍സ് സംവിധാനം വ്യത്യസ്ഥങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹ നിര്‍മിതി സാധ്യമാക്കുന്നു. നബി(സ്വ) പഠിപ്പിച്ച സംസ്‌കാരമാണല്ലോ ദര്‍സുകളിലേത്. നബി(സ്വ)യെ സംസ്‌കാരം പഠിപ്പിച്ചതോ ലോകരക്ഷിതാവ് അല്ലാഹുവും. ഇസ്‌ലാം സമാധാനത്തിന്റെ, സംസ്‌കാര സമ്പന്നതയുടെ ആദര്‍ശമാണ്. ഇസ്‌ലാം പറഞ്ഞത് മുഴുവനും ധാര്‍മികതയാണ്, മാനവികതയാണ്. ആ ഇസ്‌ലാമിന്റെ പ്രഭ പരത്തുന്ന പ്രകാശ ഗോപുരങ്ങളാണ് ദര്‍സുകള്‍. മാനവ സംസ്‌കരണത്തിന്റെ പണിപ്പുരകളായ ദര്‍സുകള്‍ മാഞ്ഞു പോകരുതൊരിക്കലും.

കുറിപ്പുകള്‍
1) മുല്ല പണ്ഡിതന്‍ എന്നര്‍ത്ഥമുള്ള പേര്‍ഷ്യന്‍ പദം.
2) മൊല്ലാക്ക മുല്ല എന്ന പേരിന്റെ കൂടെ മാപ്പിളമാര്‍ ആദര സൂചകമായ ‘കാക്ക’ എന്ന വാക്ക് കൂട്ടിയത്.
3) മുസ്‌ലിയാര്‍ മൂലരൂപം മുസ്വല്ലിയാര്‍. അഥവാ നിസ്‌കാരക്കാരന്‍. പണ്ട് കാലത്ത് പണ്ഡിതര്‍ നിസ്‌കാരം വര്‍ധിച്ചവരും മുറ പോലെ നിസ്‌കരിക്കുവരുമായിരുന്നു എന്നത് കൊണ്ട്.
4) മക്കയിലെ ദാറുല്‍ അര്‍ഖമില്‍ വെച്ച് മദീന കാലഘട്ടത്തിലേക്ക് പ്രവേശിക്കും മുമ്പ് പതിമൂന്ന് വര്‍ഷക്കാലം പ്രായോഗിക ജീവിത പാഠങ്ങളാണ് റസൂല്‍(സ്വ) പഠിപ്പിച്ചിരുന്നത്.
5) അഹ്‌ലുസ്സുഫ്ഫ തിണ്ണവാസികള്‍ എന്നര്‍ത്ഥം. സൂഫി എന്ന പേര് വന്നത് അഹ്‌ലുസ്സുഫ്ഫ എന്നതില്‍ നിന്നാണെന്ന് പറയപ്പെടുന്നുണ്ട്.
6) പത്ത് ചെറിയ കിതാബുകളുടെ സമാഹാരമാണ് പത്ത് കിതാബ്. മുതഫരിദ്, അര്‍ബഈന ഹദീസ്, ഫത്ഹുല്‍ ഖയ്യൂം എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്.
7) വിളക്കത്തിരിക്കുക എന്നത് പണ്ട് കാലത്ത് ബിരുദം കൊടുത്തിരുന്ന ഒരു രൂപമാണ്. രണ്ട് തരം ബിരുദങ്ങളാണ് അന്ന് ഉണ്ടായിരുന്നത്. മൗലവി ബിരുദം ബാഖിയാത്തില്‍ നിന്നും മുസ്‌ലിയാര്‍ ബിരുദം പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ നിന്നും. മഖ്ദൂം(റ)ന്റെ ഗുരു ഇബ്‌ന് ഹജര്‍ അല്‍ ഹൈതമി(റ) കറാമത്ത് കാട്ടി കടലിലൂടെ ഒരു കല്ലിന്മേല്‍ വന്നു. ആ കല്ലാണേ്രത ഇപ്പോള്‍ പൊന്നാനി പള്ളിയിലുള്ളത്. അതിന്റെ മുകള്‍ ഭാഗത്ത് നാലുകാലില്‍ സ്ഥാപിച്ചിരിക്കുന്ന മരപ്പലകയില്‍ വെച്ച ഒരു തൂക്കുവിളക്കുണ്ട്. അതിന്റെ വെട്ടത്തിരുന്ന് ഓതുന്ന സമ്പ്രദായമാണ് ‘വിളക്കത്തിരിക്കല്‍.’
8) അര്‍ധ വൃത്താകൃതിയില്‍ ഒരിടത്ത് മുതഅല്ലിമീങ്ങള്‍ ഇരിക്കും. അതിന്റെ മധ്യത്തിലായി മുദരിസും. ഇങ്ങനെയാണ് ദര്‍സുകളില്‍ ക്ലാസുകള്‍ നടക്കാറ്. ഇതാണ് സബ്ഖുകള്‍.
9) ഒരു വിഷയത്തിലുണ്ടാകുന്ന വാദങ്ങള്‍ക്കും പ്രതിവാദങ്ങള്‍ക്കും മറുപടി പറയത്തക്ക വിധം സ്വയം ഉണ്ടാക്കിയെടുത്ത നിലപാട് തഹ്ഖീഖ്.
10) നാടന്മാര്‍ എന്നത് ദര്‍സീ ഭാഷയിലെ ഒരു പദമാണ്. മുതഅല്ലിമീങ്ങളും ഉസ്താദുമരും അല്ലാത്ത സാധാരണക്കാരാണ് നാടന്മാര്‍.
11) മുതഅല്ലിമീങ്ങള്‍ക്കും ഉസ്താദുമാര്‍ക്കും ഭക്ഷണം നല്‍കുന്ന വീടുകളാണ് ‘ചെലവ്കുടികള്‍’
12) മൊയ്‌ല്യാരുട്ടി മുസ്‌ലിയാര്‍ കുട്ടി എന്നത് ലോപിച്ചുണ്ടായത്.
13) മഗ്‌രിബിന്റെ ശേഷം മുതഅല്ലിമീങ്ങള്‍ കൂട്ടമായിരുന്ന് (സാധാരണ വൃത്താകൃതിയിലോ ചതുരാകൃതിയിലോ) കിതാബിലെ പാഠങ്ങള്‍ ഓതുന്ന രീതിയാണ് ഒന്നാം ദര്‍സ്. ഭക്ഷണം കഴിച്ചു വന്ന് പിന്നീട് ഓതാനിരിക്കുന്നതിനെ രണ്ടാം ദര്‍സെന്നും പറയും.
14) ഒന്നാം ദര്‍സ് ആരംഭിക്കുന്നതിനു മുമ്പ് വിദ്യാര്‍ത്ഥികള്‍ കൂട്ടമായി പദ്യരൂപത്തില്‍ പ്രാര്‍ത്ഥിക്കുന്ന തിനെയാണ് ദര്‍സ് ബൈത്തെന്ന് വിളിക്കുന്നത്.

നിസാം തങ്ങള്‍ മുതുതല
References
1. മിശ്കാത്തുല്‍ മസ്വാബീഹ് ഇമാം മുഹമ്മദ് ബ്‌നു അബ്ദുല്ല തിബ്‌രീസി
2. Walking Quran Rudolph Ware
3. Educational Empowerment of Kerala Muslims: A SocioHistorical Perspective Prof. U. Muhammed
4. മലബാര്‍ മാന്വല്‍ വില്ല്യം ലോഗണ്‍
5. ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍: ജീവിതം, ദര്‍ശനം
6. ദര്‍സുകള്‍ എന്തിന് പ്രചരിപ്പിക്കണം ഡോ. എന്‍. കെ മുസ്തഫാ കമാല്‍ പാഷ
7. മര്‍കസ് റൂബി ജൂബിലി സുവനീര്‍
8.രിസാല വാരിക പ്രത്യേക പതിപ്പ് 2007 ഫെബ്രുവരി 23
9. രിസാല വാരിക 2018 ഏപ്രില്‍ 04
10.സുന്നിവോയ്‌സ് 2018 ജൂലൈ 01

You must be logged in to post a comment Login