ശിവലിംഗത്തിലെ തേള്

ശിവലിംഗത്തിലെ തേള്

അമ്പത്താറ് ഇഞ്ചുള്ള നെഞ്ചിന്റെ പേരില്‍ ആഘോഷിക്കപ്പെട്ടയാളാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ മോഡി തന്നെയാണ് സ്വന്തം നെഞ്ചളവ് വെളിപ്പെടുത്തിയത്. ‘ഇന്ത്യയെ ഗുജറാത്തിനെപ്പോലെ വികസിപ്പിക്കാന്‍ എന്താണു വേണ്ടത് എന്നറിയാമോ? അമ്പത്താറ് ഇഞ്ചുള്ള നെഞ്ച്.’ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അദ്ദേഹം പ്രഖ്യാപിച്ചു. ആരാധകര്‍ പറഞ്ഞു പറഞ്ഞ് അമ്പത്താറിഞ്ച് എന്നത് നരേന്ദ്രമോഡിയുടെ പര്യായമായി മാറി.

നെഞ്ചളവുകൊണ്ട് മാത്രം കാര്യമില്ലെന്ന് പലരും പറഞ്ഞെങ്കിലും യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ നെഞ്ചിന് 56 ഇഞ്ച് ചുറ്റളവുണ്ടോ എന്ന് ആരും അന്വേഷിച്ചുപോയില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് ലഖ്‌നൗവിലെ ബാബാസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാനച്ചടങ്ങിന് പ്രധാനമന്ത്രി മോഡിയെത്തി. ചടങ്ങില്‍ പ്രധാനമന്ത്രിക്കു ധരിക്കാനുള്ള നീളന്‍ കുപ്പായം തുന്നാന്‍ സര്‍വകലാശാലാ അധികൃതര്‍ അളവു ചോദിച്ചു. തുന്നല്‍ക്കാരന് നല്‍കിയ കുറിപ്പില്‍ മോഡിയുടെ നെഞ്ചളവായി കാണിച്ചിരുന്നത് 50 ഇഞ്ച് ആണ്. പറഞ്ഞുകേട്ടതിലും ആറ് ഇഞ്ച് കുറവ്.

പറയുന്നത് ഒന്ന്, യാഥാര്‍ത്ഥ്യം മറ്റൊന്ന് അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നാണ് ‘ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന പുസ്തകത്തില്‍ ശശി തരൂര്‍ സ്ഥാപിക്കുന്നത്. മോഡിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നെഞ്ചളവിലെ അതിശയോക്തി തീര്‍ത്തും നിസാരമാണെന്ന് തരൂര്‍ പറയുന്നു. വര്‍ഷംതോറും രണ്ടുകോടിയാളുകള്‍ക്ക് പുതുതായി ജോലി നല്‍കുമെന്നാണ് മോഡി പറഞ്ഞിരുന്നത്. കണക്കെടുത്തു നോക്കിയപ്പോള്‍ എണ്ണം 40 ലക്ഷം പോലും തികഞ്ഞില്ല. കള്ളപ്പണം തിരിച്ചെത്തുന്നതോടെ ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം എത്തുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. അതു കിട്ടിയില്ലെന്നതോ പോകട്ടെ, അധ്വാനിച്ചുണ്ടാക്കി ബാങ്കിലിട്ട പണം ആവശ്യത്തിന് തിരിച്ചെടുക്കാന്‍ പോലുമാകാതെ നോട്ടുനിരോധനക്കാലത്ത് സാധാരണക്കാര്‍ വലഞ്ഞു. ‘നല്ല നാളുകള്‍ വരുന്നു’ എന്നവകാശപ്പെട്ടവരുടെ ഭരണം നാലു വര്‍ഷം തികയുംമുമ്പ് ആത്മഹത്യ ചെയ്തത് 40,000ഓളം കര്‍ഷകരാണ്.

പരാജിതനായ ഒരു പ്രധാനമന്ത്രിയുടെ കഥയാണ് എഴുത്തുകാരനും നയതന്ത്രജ്ഞനും എന്നതിലുപരി പ്രതിപക്ഷ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗം കൂടിയായ ശശി തരൂരിന്റെ പുതിയ പുസ്തകം. അത്ഭുതാവഹമായ നിശ്ചയദാര്‍ഢ്യം മാത്രം കൈമുതലാക്കി എളിമയില്‍നിന്ന് ഉന്നതിയിലേക്കുയര്‍ന്ന നരേന്ദ്രമോഡിയെന്ന നേതാവ് വൈരുധ്യങ്ങളുടെ ആള്‍രൂപമാണെന്ന് തരൂര്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ഹിന്ദുത്വവാദിയായിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം ഹിന്ദുത്വത്തിന് പുറത്തുകടന്ന് മഹാത്മാഗാന്ധിയുടെ അനുയായിയായി നടിക്കുന്നു. ഹിന്ദുത്വത്തിനുമപ്പുറത്ത് മോഡിത്വം എന്ന പുതിയ പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താവായി മാറുന്നു. ആര്‍.എസ്.എസിന്റെ അനുഗ്രഹാശിസുകളോടെ അധികാരത്തിലേറിയ നേതാവ് ആ സംഘടനയെയും മറികടന്ന് വളരുന്നു.

ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണ് നരേന്ദ്രമോഡിയെന്ന് ഉന്നത ആര്‍.എസ്.എസ് നേതാവ് പറഞ്ഞിട്ടുള്ളതായി തരൂര്‍ വെളിപ്പെടുത്തുന്നുണ്ട്. കൈകൊണ്ട് എടുത്തു കളയാന്‍ ശ്രമിച്ചാല്‍ തേളിന്റെ കുത്ത് ഏല്‍ക്കും. ചെരിപ്പുകൊണ്ട് അടിച്ചുകൊല്ലാമെന്നു വെച്ചാല്‍ അത് ശിവനിന്ദയായി മാറുകയും ചെയ്യും. ഇഷ്ടമില്ലെങ്കിലും അത് അവിടെ നിന്നോട്ടെ എന്നു കരുതകയേ വഴിയുള്ളൂ.

ആത്മരതിയില്‍ അഭിരമിക്കുന്ന നരേന്ദ്രമോഡിയുടെ വ്യക്തിത്വം പരിശോധിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. മോഡി സര്‍ക്കാറിന്റെ സാമൂഹിക, സാമ്പത്തിക, വിദേശ നയങ്ങളെയും അടിസ്ഥാന മൂല്യങ്ങളെയും പരിശോധിച്ച് അവയിലെ വൈരുധ്യങ്ങളെ അക്കമിട്ടു നിരത്തുകയാണ് പിന്നീടദ്ദേഹം. ‘കുറഞ്ഞ ആധിപത്യം ഏറിയ രക്ഷക ഭരണം’ എന്ന മോഡിയുടെ വാഗ്ദാനത്തില്‍ ആകൃഷ്ടനായ ആളായിരുന്നു താനെന്ന് തരൂര്‍ പറയുന്നു. എന്നാല്‍ ആ വാഗ്ദാനവും നേര്‍വിപരീതമായി പരിണമിച്ചു. മോഡി സര്‍ക്കാറിന്റെ നയങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷ, ബഹുസ്വര പാരമ്പര്യത്തെ തകര്‍ക്കുകയും ചെയ്തു. ഇതിനെല്ലാം അവലംബിക്കുന്ന രേഖകള്‍ അടിക്കുറിപ്പുകളായി തരൂര്‍ സൂചിപ്പിക്കുന്നുണ്ട്. 50 അധ്യായങ്ങളുള്ള പുസ്തകത്തില്‍ മൊത്തം 747 അടിക്കുറിപ്പുകളുണ്ട്.

ബി.ജെ.പി. സര്‍ക്കാറിന്റെ നയപരിപാടികളെ ഗൗരവതരമായ വിമര്‍ശനത്തിന് വിധേയമാക്കുന്ന തരൂര്‍ മോഡിയുടെ പ്രഖ്യാപനങ്ങളുടെ കാര്യം വരുമ്പോള്‍ പരിഹാസത്തിനാണ് ഊന്നല്‍ നല്‍കുന്നത്. തനിക്ക് 600 കോടി ആളുകള്‍ വോട്ട് ചെയ്തുവെന്ന് ഒരിക്കല്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇന്ത്യയിലാകെ 133 കോടി ജനങ്ങളേയുള്ളൂ എന്ന് അറിയാത്തയാളല്ല മോഡി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 31 ശതമാനം വോട്ട് ആണ്. അതായത് പരമാവധി 18 കോടിയാളുകളേ അദ്ദേഹത്തിന് വോട്ടു ചെയ്തിട്ടുള്ളൂ എന്നര്‍ത്ഥം. പുരാണഭാരതത്തില്‍ അവയവമാറ്റ ശസ്ത്രക്രിയ പതിവായിരുന്നൂ എന്നതിന്റെ തെളിവാണ് ഗണപതിയെന്ന് മോഡി പറഞ്ഞിരുന്നു. ഏറ്റവും ചെറിയ ആനയുടെ തലപോലും ഏറ്റവും വലിയ മനുഷ്യന്റെ കഴുത്തിന് പാകമാവില്ലെന്ന് തരൂര്‍ ചൂണ്ടിക്കാണിക്കുന്നു. ചരിത്രവസ്തുതകള്‍ വളച്ചൊടിക്കുന്ന, തനിക്കിഷ്ടമില്ലാത്ത പത്രപ്രവര്‍ത്തകരെ തമസ്‌കരിക്കുന്ന, പത്രസമ്മേളനങ്ങള്‍ ഒഴിവാക്കി പ്രഭാഷണങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഏകപക്ഷീയമായി സംസാരിക്കുന്നയാളാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയെന്ന് തരൂര്‍ തെളിവുകള്‍ നിരത്തി സ്ഥാപിക്കുന്നു.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക മാത്രമല്ല മോഡി ചെയ്യുന്നത്. വസ്തുതകള്‍ അപ്രധാനമാക്കിക്കളയുകയും വികാരപരതയും തങ്ങള്‍ക്കു താത്പര്യമുള്ള വാദമുഖങ്ങളും മാത്രം ഉയര്‍ത്തിക്കാട്ടി പൊതുവായ അഭിപ്രായ രൂപീകരണം നടത്തുകയും സംവാദങ്ങളെ തള്ളിക്കളയുകയും ചെയ്യുന്ന സത്യാനന്തര ലോകത്തിന്റെ പ്രതീകമാണദ്ദേഹം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അതിന്റെ ഉത്തമോദാഹരണമാണ്. എന്തിനായിരുന്നു നോട്ട് നിരോധനം എന്നതിന്റെ ഉത്തരങ്ങള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുമ്പോഴും അതിനെ ദേശീയതയുടെയും സമ്പന്നര്‍ക്കെതിരായ നീക്കത്തിന്റെയും ഒക്കെ ഉദാത്ത മാതൃകയായി നിരന്തരം സമര്‍ത്ഥിച്ചു കൊണ്ടേയിരിക്കാന്‍ മോഡി ഭരണകൂടത്തിനു കഴിഞ്ഞു. എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുകയും നൂറിലേറെ പേര്‍ അവിടെ മരിക്കുകയും ചെയ്തപ്പോഴും സാധാരണക്കാരായ വലിയൊരു വിഭാഗം ആളുകളും വിചാരിച്ചത് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തല്‍ക്കാലത്തേക്കുള്ളതും പണക്കാരുടെ ബുദ്ധിമുട്ടുകള്‍ ദീര്‍ഘകാലത്തേക്കുള്ളതുമാണ് എന്നായിരുന്നു.

നോട്ടുനിരോധനത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന രണ്ട് അധ്യായങ്ങളുണ്ട് പുസ്തകത്തില്‍. വേണ്ടത്ര തയാറെടുപ്പില്ലാതെയുള്ള നോട്ടുനിരോധനം വന്‍കിട കമ്പനികള്‍ക്കോ വിദേശബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കോ വിശേഷിച്ചു കഷ്ടപ്പാടൊന്നും ഉണ്ടാക്കിയില്ല. ഇടത്തരക്കാരും പാവങ്ങളുമാണ് ദുരിതക്കയത്തിലേക്കെറിയപ്പെട്ടത്. ബാങ്കില്‍നിന്ന് സ്വന്തം പണം എടുക്കാന്‍ പൗരനെ അനുവദിക്കാത്ത മറ്റേതെങ്കിലും രാജ്യത്തിന്റെ പേരു പറയാമോ എന്ന് ശശി തരൂര്‍ പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. അതിന് ധനമന്ത്രിയില്‍നിന്ന് ഉത്തരം കിട്ടിയില്ലെന്ന് പുസ്തകത്തില്‍ പറയുന്നു.

വമ്പന്‍ സാമ്പത്തികതട്ടിപ്പുകള്‍ നടത്തി വിദേശങ്ങളിലേക്കു കടന്നവരെപ്പറ്റിയും റാഫേല്‍ ഇടപാടിലെ അഴിമതിയെപ്പറ്റിയും ചര്‍ച്ച ചെയ്യുന്ന പുസ്തകം പ്രതിപക്ഷ കക്ഷിയുടെ നേതാവ് പൊതുതിരഞ്ഞെടുപ്പിന് മുമ്പ് പ്രചാരണവേലയുടെ ഒരു ഭാഗമായി എഴുതിയതാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ വായിക്കുമ്പോള്‍ ആ സംശയം മാറിക്കിട്ടും. രാഷ്ട്രീയക്കാരനായല്ല, കേവല നിരീക്ഷകനായി വസ്തുതകളുടെ ആധികാരികതയോടെയാണ് ശശി തരൂര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.
വ്യക്തിത്വ ഘടകങ്ങളുടെ സവിശേഷത വിവരിക്കുമ്പോള്‍ തുര്‍ക്കി ഭരണകര്‍ത്താവായ ഉര്‍ദുഗാനോടാണ് മോഡിക്കു സാമ്യം എന്ന് തരൂര്‍ പറയുന്നു. ഉര്‍ദുഗാന് ‘കുര്‍ദു’കളോടുള്ള മനോഭാവം തന്നെയാണ് മോഡിക്ക് മുസ്‌ലിംകളോട്. കഴിഞ്ഞ തിരഞ്ഞെടുപ്പു വേളയില്‍ കുട്ടികളുടെ മനസില്‍ ഐശ്വര്യപ്രഭാവത്തോടെ പ്രധാനമന്ത്രിയെ വാഴിക്കാന്‍ ‘ബാല നരേന്ദ്ര’ എന്ന പുസ്തകം ഇറങ്ങിയിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ രക്ഷിക്കാന്‍ ബാല നരേന്ദ്രന്‍ മതിയാവില്ല. മോഡിയെ നായകനാക്കി തിരഞ്ഞെടുപ്പിനു മുമ്പ് ഒരു സൂപ്പര്‍മാന്‍ കോമിക്ക് രചിക്കപ്പെട്ടേക്കുമെന്നാണ് തരൂരിന്റെ ഊഹം.

വി ടി സന്തോഷ്‌

You must be logged in to post a comment Login