വിപ്ലവകരമായ ഒരു കാലത്തെയും എസ്.എഫ്.ഐ താണ്ടിയിട്ടില്ല ബ്രിട്ടോ ആ വിപ്ലവത്തിലെ രക്തസാക്ഷിയുമല്ല

വിപ്ലവകരമായ ഒരു കാലത്തെയും എസ്.എഫ്.ഐ താണ്ടിയിട്ടില്ല ബ്രിട്ടോ ആ വിപ്ലവത്തിലെ രക്തസാക്ഷിയുമല്ല

ഞാന്‍ മരിക്കുമ്പോള്‍ ശവം നിനക്ക് തരും
എന്റെ മസ്തിഷ്‌കം നീ പരിശോധിക്കും
ഉന്മാദത്തിന്റെ ഉറവിടം കണ്ടെത്താനാവില്ല.
എന്റെ കണ്ണുകള്‍ നീ തുരന്നുനോക്കും
ഞാന്‍ കണ്ട ലോകരൂപം അവയിലുണ്ടാവില്ല.
എന്റെ തൊണ്ട നീ മുറിച്ച് നോക്കും
എന്റെ ഗാനം വെളിപ്പെടുകയില്ല.
എന്റെ ഹൃദയം നീ കുത്തിത്തുറക്കും
അപ്പോഴേക്കും ഇടിമിന്നലുകള്‍ താമസം മാറിയിരിക്കും.
എന്റെ അരക്കെട്ട് നീ വെട്ടിപ്പൊളിക്കും
അതറിഞ്ഞ മഹോല്‍സവങ്ങളോ, ആവര്‍ത്തിക്കുകയില്ല.
എന്റെ കാലുകള്‍ നീ കീറിമുറിച്ച് പഠിക്കും
പക്ഷേ, എന്റെ കാല്‍പാടുകള്‍
നിനക്കൊരിക്കലും എണ്ണിത്തീര്‍ക്കാനാവില്ല.

– വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥിക്ക്,
ബാലചന്ദ്രന്‍ ചുള്ളിക്കാട്.

But I love your feet
only because they walked
upon the earth and upon
the wind and upon the waters,
until they found me.

þ Your Feet,
Pablo Neruda

സൈമണ്‍ ബ്രിട്ടോയുടെ ഭൗതിക സാന്നിധ്യം ഇനിയില്ല. ബ്രിട്ടോയ്ക്കുള്ള അന്ത്യാഭിവാദ്യം മറ്റൊരു കാലത്ത് തികച്ചും മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതപ്പെട്ട രണ്ട് കവിതകളില്‍ നിന്നുമായതെന്ത് എന്ന ചോദ്യം കേള്‍ക്കുന്നുണ്ട്. ഈ അഭിവാദ്യത്തിന്റെ ഒടുക്കം നമ്മള്‍ ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. ബ്രിട്ടോയ്ക്ക് പ്രിയപ്പെട്ടവരായിരുന്ന ഈ രണ്ട് കവികളുടെയും വരികള്‍ ആ തിരിച്ചറിവിനെ സംബോധനചെയ്യുന്നുണ്ട് എന്നുമാത്രം പറഞ്ഞുവെക്കാം.
മൂന്ന് കാലങ്ങളില്‍ നാമിപ്പോള്‍ ബ്രിട്ടോയെ വായിക്കാനൊരുങ്ങുകയാണ്. സമാനതകളില്ലാത്ത സഹനങ്ങളാല്‍ മനുഷ്യര്‍ക്ക് ്രപിയപ്പെട്ടവനായി മാറിയ ബ്രിട്ടോയെ അദ്ദേഹം ജീവിച്ചതും ചലിച്ചതുമായ ചരിത്രസന്ദര്‍ഭങ്ങളിലേക്ക് നാം കൊണ്ടുപോവുകയാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍, പ്രത്യേകിച്ച് വിദ്യര്‍ത്ഥി രാഷ്ട്രീയത്തിന്റെ നെടുനാളത്തെ ചരിത്രത്തില്‍ ബ്രിട്ടോയും ആ മനുഷ്യന്റെ സഹനങ്ങളും പ്രതിരോധങ്ങളും എങ്ങനെ രേഖപ്പെടണമെന്ന ആലോചനയാണ് ഇത്തരമൊരു വായനയുടെ താല്‍പര്യം. ചരിത്രത്തില്‍ ഇടപെട്ട മനുഷ്യരെ അഭിവാദ്യം ചെയ്യേണ്ടത് നിശ്ചയമായും അവരുടെ കാലത്തെ അവരിലേക്ക് ചേര്‍ത്തുനിര്‍ത്തിയാവണമല്ലോ? അല്ലാതുള്ളതെല്ലാം അതിവായനകളോ, അതിവാഴ്ത്തുകളോ ആയി പരിണമിക്കും. കേരളത്തില്‍ ഇ.എം.എസും എ.കെ.ജിയും ഉള്‍പ്പടെയുള്ള, ചരിത്രത്തില്‍ ഇടപെടുകയും ചരിത്രഗതിയെ സ്വാധീനിക്കുകയും ചെയ്ത മനുഷ്യര്‍ മരണാനന്തരം ചെന്നുപെട്ട അതിവാഴ്ത്തുകളുടെ വ്യജാകാശങ്ങള്‍ നമ്മുടെ നവോത്ഥാനത്തെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളെ മേഘാവൃതമാക്കിയതിന് നാം സാക്ഷികളാണ്. ബ്രിട്ടോയ്ക്ക് അത് സംഭവിച്ചുകൂടാ. കാരണം ജീവിച്ചിരുന്ന ഒരു തിരുത്തായിരുന്നു ഇടതുപക്ഷത്തിന്, അവരുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് സൈമണ്‍ ബ്രിട്ടോ. അവര്‍ക്കാകട്ടെ ഭൂതകാലത്തെ സമരവീര്യത്തെക്കുറിച്ചുള്ള വീരഗാഥവല്‍കരിക്കപ്പെട്ട, ആവേശങ്ങളെ ഉത്പാദിപ്പിക്കുന്ന തുരുത്തായിരുന്നു ബ്രിട്ടോ.
എണ്‍പതുകളിലും തൊണ്ണൂറുകളിലും എസ്.എഫ്.ഐയിലേക്ക് പ്രവേശിക്കുന്ന ഏതൊരാളും ആദ്യമായി ആവേശിതരാകുന്ന പേരാണ് ബ്രിട്ടോ. എണ്‍പതുകളുടെ രണ്ടാം പാതിയില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ, ആദ്യമായി പങ്കെടുത്ത ഒരു എസ്.എഫ്.ഐ യോഗത്തിലാണ് വ്യക്തിപരമായി ഈ ലേഖകന്‍ ബ്രിട്ടോ എന്ന് കേള്‍ക്കുന്നത്. പില്‍കാലത്ത് അതേ സംഘടനയിലേക്ക് വരുന്ന മുഴുവന്‍ പുതുതലമുറകളോടും ഞങ്ങളെല്ലാം ആദ്യമായി നടത്തുന്ന പ്രസംഗത്തില്‍ ഒഴിച്ചുകൂടാനാവാത്ത ആചാരമായിരുന്നു ജീവിക്കുന്ന രക്തസാക്ഷി എന്ന സംബോധന. ഞങ്ങളെല്ലാം തോന്നുംപടി തൊങ്ങല്‍ ചേര്‍ത്ത് ബ്രിട്ടോയെകുറിച്ച് പറഞ്ഞുകൊണ്ടിരുന്നു. തൊട്ട് മുന്‍വര്‍ഷം കാമ്പസില്‍ സമരനായകനായിരുന്ന ഒരാളെക്കുറിച്ചെന്നപോലെ. ബ്രിട്ടോയില്‍ നിന്ന് അദ്ദേഹം ജീവിച്ച കാലത്തെ, അദ്ദേഹത്തോടൊപ്പം പരിവര്‍ത്തിച്ച പതിറ്റാണ്ടുകളെ മറന്നുകൊണ്ടുള്ള പറച്ചിലുകള്‍. രക്തസാക്ഷിത്വത്തിന്റെ മ്യൂസിയം. പക്ഷേ, അതായിരുന്നില്ല ആ ജീവിതത്തിന്റെ യഥാര്‍ത്ഥ അടിക്കുറിപ്പ്. കാരണം തികഞ്ഞതും തെളിഞ്ഞതുമായ ബോധ്യങ്ങളാല്‍ നയിക്കപ്പെട്ടതായിരുന്നു ആ ജീവിതം. അതിജീവനം എന്ന ആശയത്തിന്റെ പ്രയോഗമായിരുന്നു ബ്രിട്ടോയുടെ ശരീരം. അതിനാല്‍ നമ്മള്‍ എഴുപതുകളിലേക്ക് പോകുന്നു.

എഴുത്തും വായനയും കമ്പമുള്ള ഏതൊരു യുവാവിനെയും പോലെ ഇടതുപക്ഷ രാഷ്ട്രീയത്തിലാണ് ബ്രിട്ടോയും ചുവട് വെക്കുന്നത്. എറണാകുളത്തെ സെന്റ് ആല്‍ബര്‍ട്‌സ് കോളജിലായിരുന്നു ആദ്യകാല പഠനം. കെ.എസ്.യു-എസ്.എഫ്.ഐ എന്നിങ്ങനെ മാത്രം കാമ്പസ് രാഷ്ട്രീയം ചുറ്റിക്കറങ്ങുന്ന കാലം. കെ.എസ്.യു അന്ന് പ്രതാപികളാണ്. ഇന്നെന്ന പോലെ അന്നും മഹാരാജാസാണ് എറണാകുളത്തെ കാമ്പസ് രാഷ്ട്രീയത്തിന്റെ ശക്തികേന്ദ്രം. ഇന്നെന്ന പോലെ അന്നും ൈകക്കരുത്താണ് കാമ്പസ് രാഷ്ട്രീയത്തിന്റെ പൊതുമുദ്ര. ഇന്നെന്ന പോലെ അന്നും അസഹിഷ്ണുതകളുടെ കൂടാരമായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയം. പിന്നീടുള്ള വാഴ്ത്തുകളില്‍ നിങ്ങള്‍ വായിച്ചിരിക്കാന്‍ ഇടയുള്ളത് സര്‍ഗാത്മകത പൂമഴപെയ്യിച്ച കാമ്പസ് കാലമാണ് എഴുപതുകള്‍ എന്നാണ്. അങ്ങനെ ആയിരുന്നില്ല. അന്ന് സര്‍ഗാത്മകരായിരുന്ന, ലോകത്തിന്റെ രാഷ്ട്രീയ ചലനങ്ങളെ വായിച്ചും കേട്ടുമറിഞ്ഞ ഒരു ചെറുന്യൂനപക്ഷം കാമ്പസില്‍ ഉണ്ടായിരുന്നു എന്നത് സത്യമാണ്. ഇന്നുള്ള പോലെ തന്നെ. ആ ചെറുന്യൂനപക്ഷത്തിന്റെ കയ്യിലാണ് എന്നത്തെയും എഴുത്തധികാകരം. അഥവാ എഴുപതുകളുടെ കാമ്പസിനെക്കുറിച്ച് നിങ്ങള്‍ വായിച്ചതൊക്കെ ആ സര്‍ഗാത്മകര്‍ പിന്നീടെഴുതിയതാണ്. സ്വാഭാവികമായും അവര്‍ അക്കാലത്തെ ആകെ അവരവരുടെ ആത്മകഥയായി കണ്ടു. അതിനാല്‍തന്നെ അതെല്ലാം ചരിത്രവിരുദ്ധമായ വാഴ്ത്തുപാട്ടുകളായി മാറി. അതായിരുന്നില്ല സത്യം. എതിരാളിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത വിധം അടച്ചുകെട്ടിയ ഇടങ്ങളായിരുന്നു കൂടുതല്‍. ബ്രിട്ടോ ആല്‍ബര്‍ട്‌സില്‍ പഠിക്കുന്ന കാലത്ത് വെളിയില്‍ നിന്ന് ഒരാളെ കാമ്പസില്‍ പ്രവേശിക്കാന്‍ അനുവദിക്കാത്ത വിധം മിലിട്ടന്റായിരുന്നു മഹാരാജാസിലെ എസ്.എഫ്.ഐയും കെ.എസ്.യുവും. സൗഹൃദങ്ങളുടെ ബലത്തിലാണ് ബ്രിട്ടോ പോലും ആ കാമ്പസിനകത്ത് പ്രവേശിച്ചിരുന്നത്. ബ്രിട്ടോ മഹാരാജാസുകാരനല്ല.
അന്നത്തെ വിദ്യാര്‍ത്ഥിനേതാക്കള്‍ ആവരണമായി അണിഞ്ഞിരുന്ന കണിശത ബ്രിട്ടോയില്‍ ഉണ്ടായിരുന്നു. ഹൃദ്യനായ കണിശക്കാരന്‍ എന്ന് സുഹൃത്തുക്കള്‍. ജില്ലയിലെ എസ്.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു ൈസമണ്‍ ബ്രിട്ടോ. ആല്‍ബര്‍ട്‌സില്‍ ബ്രിട്ടോ പഠിച്ചിരുന്ന കാലത്ത് മഹാരാജാസിലെ കെ.എസ്.യുവിന്റെ താരം പി.ടി തോമസാണ്. വലിയൊരു നിരയുണ്ട് എസ്.എഫ്.ഐയില്‍. സംവാദസാന്ദ്രമെന്ന് പില്‍കാല നൊസ്റ്റാള്‍ജിയകള്‍ പറയുമെങ്കിലും സംഘര്‍ഷത്തിനായിരുന്നു മേല്‍ക്കൈ. കാലം നിങ്ങള്‍ക്കറിയാം എഴുപതുകളാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാതൃകാമാറ്റങ്ങള്‍ മണക്കുന്ന കാലം. സര്‍വ പ്രതാപിയായ ഇന്ദിര ഉലഞ്ഞുതുടങ്ങുന്നു. കോണ്‍ഗ്രസ്‌വിരുദ്ധ രാഷ്ട്രീയം ശക്തമാകുന്നു. ഇന്ദിര കോണ്‍ഗ്രസിനുള്ളില്‍ പോലും ദുര്‍ബലയാവാന്‍ തുടങ്ങുന്നു. ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ മുഖ്യകേന്ദ്രമായ സി.പി.എം രാഷ്ട്രീയ പ്രതിസന്ധികളുടെ കയത്തില്‍ പെടുന്നു. അറുപതുകളില്‍ തുടങ്ങിയ തീവ്ര ഇടതിന്റെ തലപൊക്കലുകള്‍ തുടരുന്നു. അറുപത്തിയേഴില്‍ നക്‌സല്‍ബാരിയിലുണ്ടായ കര്‍ഷക മുന്നേറ്റങ്ങളുടെ ചൂടില്‍ സി.പി.എം കേരളത്തിലും വിയര്‍ക്കുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളെ മനസിലാക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ല എന്ന വിമര്‍ശനം ശക്തമാകുന്നു. പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോകലുകള്‍ ഉണ്ടാകുന്നു. അക്ഷരാര്‍ത്ഥത്തില്‍ കലങ്ങിമറിഞ്ഞ രാഷ്ട്രീയന്തരീക്ഷം. കാമ്പസുകളിലാണല്ലോ അതിന്റെ അനുരണനങ്ങള്‍ ആദ്യമുണ്ടാകേണ്ടത്. ലോകത്ത് എല്ലായിടത്തും എല്ലാത്തരം വിമത ചിന്തകളുടെയും പ്രഭവകേന്ദ്രം കാമ്പസ് ആയിരുന്നുവല്ലോ? ഫ്രാന്‍സ് മുതല്‍ ചിലി വരെ എത്രയോ ഉദാഹരണങ്ങള്‍. അവിടെയെല്ലാം കാമ്പസുകള്‍ പുറത്തേക്ക് വിട്ട ചോദ്യങ്ങള്‍ യാഥാസ്ഥിതികമായ എല്ലാറ്റിനെയും കടപുഴക്കിയത് നാം ചരിത്രത്തില്‍ കണ്ടിട്ടുണ്ട്. ഭരണകൂട അഴിമതികളുടെ കൊത്തളങ്ങള്‍ ആ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങില്‍ കടപുഴകിയതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ കേരളത്തിലോ?

ഒന്നുമുണ്ടായില്ല. നെറ്റി ചുളിച്ചിട്ട് കാര്യമില്ല. സത്യം അതാണ്. പാര്‍ട്ടിയാഥാസ്ഥിതികതയെ കൈക്കരുത്ത് കൊണ്ട് ഉറപ്പിച്ചെടുക്കുന്ന കൂലിത്തല്ലായിരുന്നു ഇക്കാലത്തെ പോലെ അക്കാലത്തെയും മുഖ്യധാരാ വിദ്യാര്‍ത്ഥിരാഷ്ട്രീയം. പ്രതിശബ്ദങ്ങളോട് അന്നത്തെ എസ്.എഫ്.ഐ കരുണ കാട്ടിയില്ല. സഹിഷ്ണുതയും കാട്ടിയില്ല. പുറത്തെ പാര്‍ട്ടി ക്ലാസുകളുടെ മിനിയേച്ചറുകള്‍ കാമ്പസില്‍ അവതരിപ്പിക്കപ്പെട്ടു. പുറത്തെ സംഘര്‍ഷങ്ങളുടെ വിദ്യാര്‍ത്ഥി പതിപ്പുകള്‍ കാമ്പസിലും അരങ്ങേറി. നാട്ടില്‍ കോണ്‍ഗ്രസുകാരന്‍ സി.പി.എംകാരനെ തല്ലിയാല്‍ കാമ്പസില്‍ എസ്.എഫ്.ഐക്കാരന്‍ കെ.എസ്.യുക്കാരനെ ഓടിച്ചിട്ട് തല്ലുമെന്ന് ലളിതമായി പറയാം. തിരിച്ചും അങ്ങനെ തന്നെ. പില്‍കാല ൈപങ്കിളികള്‍ പാടിപ്പരത്തിയ സര്‍ഗാത്മകതയൊന്നും ഇന്നെന്ന പോലെ അന്നത്തെയും വിദ്യാര്‍ത്ഥി രാഷ്ട്രീയം കേരളത്തില്‍ കാണിച്ചിട്ടില്ല. പുതിയ ഒരു രാഷ്ട്രീയചിന്തയും അന്നത്തെ ഈ രണ്ട് പ്രബല സംഘടനകളില്‍ നിന്ന് പുറത്തുവന്നിട്ടില്ല. മറിച്ചോ, എന്തിനുവേണ്ടി എന്ന് ഒരു നിശ്ചയവുമില്ലാത്ത സംഘര്‍ഷങ്ങളുടെ കഥകള്‍ വേണ്ടുവോളം ഉണ്ട് താനും. ഓര്‍ക്കുക അക്കാലത്തായിരുന്നു സൈമണ്‍ ബ്രിട്ടോയുടെ എസ്.എഫ്.ഐ ജീവിതം. കറകളഞ്ഞ കണിശതയുള്ള ടിപിക്കല്‍ എസ്.എഫ്.ഐ ആയിരുന്നു ബ്രിട്ടോയും.
ആ ഘട്ടത്തിലാണ് പില്‍കാല ബ്രിട്ടോയെ രൂപപ്പെടുത്തിയ കൂടുമാറ്റം സംഭവിക്കുന്നത്. ബ്രിട്ടോ ബീഹാറിലേക്ക് പോകുന്നു. നിങ്ങള്‍ക്കറിയും പോലെ ബീഹാര്‍ അന്ന് ഇന്ത്യയാകെ പടര്‍ന്നുതുടങ്ങിയ കോണ്‍ഗ്രസ് വിരുദ്ധ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന്റെ പ്രബല കേന്ദ്രമാണ്. ബീഹാറിലെ മിഥിലാ സര്‍വകലാശാലയില്‍ ചേര്‍ന്ന ബ്രിട്ടോ ബീഹാര്‍ ജീവിതത്തെ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആ പഠനങ്ങളുടെ സാഹിത്യപാഠമാണ് സൈമണ്‍ ബ്രിട്ടോയുടെ ആദ്യ നോവലായ അഗ്രഗാമി. മിഥിലയില്‍ നിന്ന് മടങ്ങിയെത്തിയ ബ്രിട്ടോ എസ്.എഫ്.ഐയുടെ സജീവ നേതൃത്വത്തിലേക്ക് വരുന്നു. എണ്‍പതുകളാണ്. അടിയന്തിരാവസ്ഥ കഴിഞ്ഞു. ഹോസ്റ്റല്‍ ഉള്‍പ്പടെയുള്ള കാമ്പസ് സംവിധാനങ്ങളുടെ അധികാരത്തര്‍ക്കങ്ങള്‍ തല്ലിത്തീര്‍ക്കുന്ന കാമ്പസ് കാലമാണത്. മഹാരാജാസിന് തൊട്ടടുത്ത ലോകോളജിലാണ് ബ്രിട്ടോ. ഒരു കാലത്തും കാമ്പസ് രാഷ്ട്രീയത്തിന് ലോകോളജില്‍ വലിയ വേരോട്ടങ്ങള്‍ ഉണ്ടായിട്ടില്ലല്ലോ? നേതാക്കളുടെ പഠനയിടം മാത്രമാണത്. ബ്രിട്ടോ മഹാരാജാസിലെ എസ്.എഫ്.ഐ സംഘാടനത്തില്‍ സജീവമാണ്. സൗഹൃദങ്ങളുടെ തണലില്‍ ആ കാമ്പസില്‍ പ്രവേശനമുള്ള അന്യന്‍. കാമ്പസിലെ പതിവ് അടിപിടികളില്‍ ഒന്നില്‍ കുറച്ച് എസ്.എഫ്.ഐക്കാര്‍ക്ക് പരിക്കേല്‍ക്കുന്നു. ഇന്നോര്‍ക്കുമ്പോള്‍ സവിശേഷതകള്‍ ഒന്നുമില്ലാത്ത അക്കാല അടിപിടികളില്‍ ഒന്ന്. ചരിത്രം ആവശ്യപ്പെടുന്ന സന്ദര്‍ഭത്തില്‍ നടത്തപ്പെടുന്ന, ൈസദ്ധാന്തികമായി ന്യായീകരണമുള്ള ബലപ്രയോഗത്തിന്റെ പരിധിയില്‍ വരുന്ന ഒന്നുമല്ല. പതിവുള്ള തര്‍ക്കങ്ങള്‍, ഉപരിപ്ലവമായ കാമ്പസ് അധികാര തര്‍ക്കങ്ങള്‍. അതിലൊന്നിലാണ് ആ പ്രവര്‍ത്തകര്‍ പരിക്കേറ്റ് വീണത്. പരീക്ഷയുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് അവധിയിലായിരുന്ന ബ്രിട്ടോ പരിക്കേറ്റ സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലെത്തുന്നു. വിദ്വേഷം കനത്ത് നില്‍ക്കുന്ന അന്തരീക്ഷമുണ്ട്. സമ്മതനും ധീരനുമായിരുന്നു വ്യക്തിപരമായി സൈമണ്‍ ബ്രിട്ടോ. അതാണ് മുന്‍ കരുതലുകളില്ലാതെ ആശുപത്രിയിലേക്ക് ബ്രിട്ടോയെ വഴി നടത്തിയത്. തെറ്റിപ്പോയി. സഹജീവിയെ കൊന്നു തള്ളാന്‍ പോന്ന വൈരം കെ.എസ്.യുവിന് ഉണ്ടായിരുന്നു. കാമ്പസ് അധികാരങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ ഇച്ഛാഭംഗം കൂടിയായപ്പോള്‍ അവരുടെ കത്തിക്ക് മൂര്‍ച്ച കൂടി. ഒറ്റക്കായിരുന്ന ബ്രിട്ടോയെ പിടിച്ച് വെച്ച് പിന്നില്‍ കുത്തി. ആഴത്തില്‍ മുറിവേറ്റു. മരണം മാത്രം ഒഴിഞ്ഞു നിന്നു. ബ്രിട്ടോ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ ശരീരം ചലനമറ്റു. 1983 ഒക്‌ടോബര്‍ പതിനാലിനായിരുന്നു അത്. രണ്ടാം ബ്രിട്ടോയുടെ ചരിത്രം അവിടെ തീരുന്നു.

ആ ചരിത്രത്തില്‍ നിങ്ങള്‍ മറക്കരുതാത്ത ഒന്നുണ്ട്. ബ്രിട്ടോയെ വീഴ്ത്തിയത്, അഥവാ ബ്രിട്ടോ വീണത് ഐതിഹാസികമെന്ന് പില്‍കാലം രേഖപ്പെടുത്തേണ്ട ചരിത്രപരമായ സാംഗത്യമുള്ള പോരാട്ടത്തിന്റെ വഴിയില്‍ അല്ല എന്നതാണത്. തികച്ചും ഉപരിപ്ലവമായി മാറിയിരുന്ന കാമ്പസ് രാഷ്ട്രീയത്തിലെ അനാവശ്യ രക്തസാക്ഷിത്വത്തിലേക്കാണ് വിവേകിയായ ആ ചെറുപ്പക്കാരന്‍ വന്നു പതിച്ചത്. കേരളീയ ജീവിതത്തെയോ, കേരളത്തിന്റെ വിദ്യാഭ്യാസ പരിസരത്തെയോ ഉടച്ചു വാര്‍ക്കാനുള്ള ഏതെങ്കിലും പരിശ്രമങ്ങള്‍ എണ്‍പതുകളില്‍ എസ്.എഫ്.ഐയോ വെറും ആള്‍ക്കൂട്ടം മാത്രമായി അപ്പോഴേക്കും മാറിത്തീര്‍ന്ന കെ.എസ്.യുവോ ഏറ്റെടുത്തിട്ടില്ല. കാമ്പസിനകത്തെ ബദല്‍ പരിശ്രമങ്ങളെ അപ്പാടെ മുളയിലേ നുള്ളാന്‍ വ്യഗ്രത കാട്ടിയിരുന്നു താനും. അക്കാല മഹാരാജാസിനെക്കുറിച്ചുള്ള പില്‍കാല ദളിത് ആഖ്യാനങ്ങള്‍ നിങ്ങള്‍ ്രശദ്ധിക്കണം. കെ.കെ. കൊച്ചും ബാബുരാജും പലവട്ടം എഴുതിയിട്ടുണ്ട്. രക്തസാക്ഷി എന്ന പ്രയോഗത്തിന്റെ കേരളീയ സന്ദര്‍ഭങ്ങള്‍ ദുര്‍ബലമാണ് എന്ന് ഉറപ്പിച്ച് പറയുകയാണ്. മഹിതമായ സമരങ്ങളില്‍ ജീവന്‍ വെടിയുന്നവരെ വിളിക്കാന്‍ ചരിത്രം മാറ്റിവെക്കുന്ന പേരാണത്. അഥവാ മാറ്റിവെക്കേണ്ട പേരാണ്. ബ്രിട്ടോയാകട്ടെ ക്യാമ്പുകളില്‍ നിന്ന് തെറിച്ച് പോയിരുന്ന, കേവലം ഉപരിപ്ലവമായി പരിണമിച്ചിരുന്ന അക്രമങ്ങളിലെ ഇരയായി മാറുകയായിരുന്നു. മൂന്നാം ഘട്ട ബ്രിട്ടോയില്‍ നിങ്ങള്‍ക്ക് ഈ തിരിച്ചറിവ് കാണാം.

എസ്.എഫ്.ഐ തരിമ്പും മാറിയില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടക്ക് സംഘടനാപരമായി വളര്‍ന്നു. കെ.എസ്.യു നിങ്ങള്‍ക്ക് അറിയുന്നതുപോലെ നാമവശേഷമായി. എസ്.എഫ്.ഐക്ക് മറ്റ് പലതരം ബദലുകള്‍ വന്നു. തീവ്ര ഹിന്ദുത്വവും പൊളിറ്റിക്കല്‍ ഇസ്‌ലാമും കാമ്പസില്‍ വന്നു. ഇത് രണ്ടും എസ്.എഫ്.ഐയാല്‍ ചെറുക്കപ്പെടുന്നുണ്ട് എന്നത് കാണാതിരിക്കുന്നില്ല. പക്ഷേ, നമ്മുടെ കാമ്പസുകളെ രാഷ്ട്രീയവല്‍കരിക്കുന്നതിനോ കാലം ആവശ്യപ്പെടുന്ന ചരിത്രപരമായ ഏറ്റെടുക്കലുകള്‍ നടത്തുന്നതിനോ എസ്.എഫ്.ഐക്ക് കഴിഞ്ഞിട്ടില്ല. നവരാഷ്ട്രീയത്തിന്റെ പൊടിപ്പുകളെ ഏറ്റവും വൈകി മാത്രം അവര്‍ തിരിച്ചറിയുന്നു. പൊതുരാഷ്ട്രീയത്തിലേക്ക് നേതാക്കളെ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറി ആയിപ്പോലും അത് മാറി. ആ ഫാക്ടറിയുടെ പ്രചരണബിംബമായി സൈമണ്‍ ബ്രിട്ടോയുടെ കഥകള്‍ പരന്നു. മറ്റൊരു രാജ്യത്ത് തികച്ചും മറ്റൊരു സന്ദര്‍ഭത്തില്‍ പോരാടിയ ഇന്ത്യന്‍ സാഹചര്യവുമായി പുലബന്ധമില്ലാത്ത ചെഗുവേര കാമ്പസ് ഹീറോ ആയി മാറിയത് ശ്രദ്ധിക്കുക. വേഷഭൂഷകളില്‍ ഉള്‍പ്പടെയുള്ള ദൃശ്യസാധ്യതകള്‍ക്കപ്പുറം അതിന് ഇടത് രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്നും ഓര്‍ക്കുക. സമാനമായിരുന്നു തൊണ്ണൂറുകളില്‍ കാമ്പസുകളിലെ ബ്രിട്ടോ ആഘോഷം. ബ്രിട്ടോയുടെ കൊടുംവേദനകളുടെ ചെലവില്‍ ഒരു ഉപരിപ്ലവ കാലത്തെ, അക്കാലത്തെ ഉപരിപ്ലവമായ ഏറ്റുമുട്ടലുകളെ എസ്.എഫ്.ഐ വിപ്ലവകാലമാക്കി മാറ്റി. ബോധപൂര്‍വം അല്ലെങ്കിലും ഫലത്തില്‍ സംഭവിച്ചത് അതാണ്. അത്തരത്തില്‍ വിപ്ലവകരമായ ഒരു കാലെത്തയും കേരളത്തിലെ എസ്.എഫ്.ഐ താണ്ടിയിട്ടില്ല. ഈ സത്യം മനസിലാക്കേണ്ടത് അവര്‍ തന്നെയാണ്. ഇങ്ങനെയൊന്നുമല്ല സഖാക്കളെ കാലത്തിന്റെ ചലനങ്ങളെ മനസിലാക്കേണ്ടതും ഏറ്റെടുക്കേണ്ടതും. ലോകത്തെ മാറ്റിത്തീര്‍ക്കുന്നത് മൂപ്പിളമ തര്‍ക്കത്തിലെ ചേകവന്മാരായിക്കൊണ്ടല്ല. വിപ്ലവകാരിയായല്ല, വിപ്ലവത്തെ സംബന്ധിച്ച നിങ്ങളുടെ ധാരണകളുടെ തിരുത്തലായാണ് ബ്രിട്ടോയെ വായിക്കേണ്ടത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ആ മനുഷ്യന്റെ ജീവിതം നിങ്ങളെ തിരുത്താനുള്ള കൈചൂണ്ടികളായി കാണണം.
മൂന്നാംഘട്ട ബ്രിട്ടോയാണ് വിപ്ലവകാരിയായ ബ്രിട്ടോ. ആ ബ്രിട്ടോയാണ് കാലത്തെ തിരുത്തിയ ബ്രിട്ടോ. വീണിടത്ത് നിന്ന് ബ്രിട്ടോ ഉയര്‍ത്തിയ ശിരസിനെ കാലം നമിച്ചേ പറ്റൂ. കൊടും ദുരന്തത്തില്‍ നിന്നുള്ള അതിജീവനം എത്രമേല്‍ സര്‍ഗാത്മകമാക്കാം എന്ന് അദ്ദേഹം പഠിപ്പിച്ചു. ചലിക്കാത്ത ദേഹത്തെ തോല്‍പിച്ചു. നിശ്ചലതയില്‍ നിന്ന് ചലനത്തെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലുതായി എന്ത് വിപ്ലവമാണുള്ളത്? രാജ്യമെമ്പാടും ആ മനുഷ്യന്‍ യാത്ര ചെയ്തു. ജീവിതം കണ്ടു പഠിക്കണമെന്ന് എഴുതി. കണ്ടതൊന്നുമായിരുന്നില്ല കാഴ്ചകളെന്ന് തിരിച്ചറിഞ്ഞു. കൊലപാതകം രാഷ്ട്രീയമല്ലെന്നും കൊന്നുതള്ളുന്നത് വിപ്ലവമല്ലെന്നും വിളിച്ചുപറഞ്ഞു. സി.പി.എമ്മിന്റെ ഭൗതികമായ തണലില്‍ ആണ് ജീവിതം കെട്ടിയെടുത്തത് എന്ന് തിരിച്ചറിഞ്ഞിട്ടും ടി.പി ചന്ദ്രശേഖരനെ കൊന്നുതള്ളിയ കൊടും ക്രൂരതയെ തള്ളിപ്പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ നെഞ്ചുപൊട്ടിക്കരഞ്ഞു. അക്രമങ്ങളുടെ അര്‍ത്ഥശൂന്യതയെക്കുറിച്ചാണ് ആ മനുഷ്യന്‍ പറയുന്നതെന്ന് ആരും മനസിലാക്കിയില്ല. അര്‍ത്ഥശൂന്യമായ ഒരക്രമത്തിന്റെ ഇരയായിരുന്നല്ലോ സൈമണ്‍ ബ്രിട്ടോ? അതിനാലാണ് ഭൂതകാല വീരസ്യത്തിന്റെ തുരുത്തല്ല, രാഷ്ട്രീയത്തിന്റെ തിരുത്താണ് ബ്രിട്ടോ എന്ന് തുടക്കത്തില്‍ പറഞ്ഞത്.
ശരീരത്തെ ജയിച്ച ആ വിപ്ലവകാരിയുടെ ശരീരം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ പഠിക്കും. ഇച്ഛാശക്തിയും തിരിച്ചറിവുകളും ഒരു പ്രത്യക്ഷ അവയവമല്ല. അതിനാല്‍ അവര്‍ പഠിക്കുന്ന ശരീരത്തിനകത്ത് അവര്‍ കാണാനിടയില്ലാത്ത കൊടുങ്കാറ്റുകള്‍ ഉറങ്ങിക്കിടപ്പുണ്ടെന്ന് നമ്മള്‍ ഓര്‍ക്കണം. ശരീരമായിരുന്നില്ല, നമ്മള്‍ കണ്ടതും കേട്ടതും ഒന്നുമായിരുന്നില്ല സൈമണ്‍ ബ്രിട്ടോ. അത് അതിജീവനം എന്ന മഹിതമായ വാക്കിന്റെ പര്യായമായിരുന്നു.

കെ കെ ജോഷി

You must be logged in to post a comment Login